വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നട്ടുവളർത്തുക

മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നട്ടുവളർത്തുക

മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നട്ടുവളർത്തുക

“നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”​—⁠മത്തായി 20:⁠26.

1. മഹത്ത്വം സംബന്ധിച്ച്‌ ലോകത്തിന്റെ വീക്ഷണം എന്താണ്‌?

കെയ്‌റോയ്‌ക്ക്‌ ഏകദേശം 500 കിലോമീറ്റർ തെക്ക്‌, പുരാതന ഈജിപ്‌ഷ്യൻ നഗരമായ തിബ്‌സിന്‌ (ആധുനിക കാർനാക്‌) അടുത്തായി ആമെൻഹോറ്റെപ്‌ മൂന്നാമൻ ഫറവോന്റെ 18 മീറ്റർ ഉയരമുള്ള അതികായപ്രതിമ തലയുയർത്തി നിൽക്കുന്നു. അതിനോടുള്ള താരതമ്യത്തിൽ താനെത്ര ചെറുതാണെന്ന്‌ അതിനെ നോക്കിനിൽക്കുമ്പോൾ ആരും ചിന്തിച്ചുപോകും. ആ ഭരണാധികാരിയോടുള്ള ഭയാദരവു ജനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പണികഴിപ്പിച്ച ഈ സ്‌മാരകം മഹത്ത്വത്തെ കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണത്തിന്റെ ഒരു പ്രതീകമാണ്‌. തന്നെത്തന്നെ സാധ്യമായത്ര വലിയവനും ശ്രേഷ്‌ഠനും ആയി ആളുകളുടെ മുമ്പാകെ അവതരിപ്പിക്കാനും മറ്റുള്ളവരെല്ലാം തന്റെ മുമ്പിൽ വെറും നിസ്സാരരാണ്‌ എന്ന പ്രതീതി ജനിപ്പിക്കാനുമാണ്‌ ലൗകിക വീക്ഷണമുള്ളവർ ശ്രമിക്കുന്നത്‌.

2. യേശു തന്റെ അനുഗാമികൾക്കായി എന്തു മാതൃക വെച്ചു, നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്‌?

2 മഹത്ത്വത്തെ കുറിച്ച്‌ യേശു പഠിപ്പിച്ച വീക്ഷണവുമായി ലോകത്തിന്റെ വീക്ഷണത്തെ തട്ടിച്ചുനോക്കുക. യേശു തന്റെ അനുഗാമികളുടെ “കർത്താവും ഗുരുവു”മായിരുന്നെങ്കിലും, മറ്റുള്ളവരെ സേവിക്കുന്നതിൽനിന്നാണ്‌ മഹത്ത്വം കൈവരുന്നത്‌ എന്ന്‌ അവൻ അവരെ പഠിപ്പിച്ചു. ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാന ദിനത്തിൽ തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിക്കൊണ്ട്‌, താൻ പഠിപ്പിച്ചതിന്റെ അർഥം എന്താണെന്ന്‌ യേശു പ്രവൃത്തിയിലൂടെ വ്യക്തമാക്കി. എത്ര താഴ്‌മയോടുകൂടിയ ഒരു സേവന പ്രവൃത്തി! (യോഹന്നാൻ 13:⁠4, 5, 14) മറ്റുള്ളവരെ സേവിക്കുക അല്ലെങ്കിൽ മറ്റുള്ളവരിൽനിന്നു സേവനം സ്വീകരിക്കുക​—⁠ഇതിൽ ഏതാണ്‌ നിങ്ങൾക്കു കൂടുതൽ അഭികാമ്യമായി തോന്നുന്നത്‌? യേശുവിന്റെ മാതൃക, അവനെപ്പോലെതന്നെ താഴ്‌മയുള്ളവനായിരിക്കാനുള്ള ഒരു ആഗ്രഹം നിങ്ങളിൽ അങ്കുരിപ്പിക്കുന്നുണ്ടോ? മഹത്ത്വം സംബന്ധിച്ച ലോകത്തിന്റെ പൊതു വീക്ഷണത്തോടുള്ള താരതമ്യത്തിൽ ക്രിസ്‌തുവിന്റെ വീക്ഷണത്തെ നമുക്ക്‌ അടുത്തു പരിശോധിക്കാം.

മഹത്ത്വം സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം തള്ളിക്കളയുക

3. മനുഷ്യരിൽനിന്നു മഹത്ത്വം നേടാൻ വാഞ്‌ഛിക്കുന്നവർക്ക്‌ ഉണ്ടാകുന്ന സങ്കടകരമായ പരിണതഫലങ്ങൾ സംബന്ധിച്ച്‌ ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നു?

3 മഹത്ത്വം സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം നാശത്തിലേക്കു നയിക്കുന്നു എന്നതിന്‌ ഒട്ടനവധി ബൈബിൾ ദൃഷ്ടാന്തങ്ങളുണ്ട്‌. ശക്തനായ ഹാമാനെ കുറിച്ചു ചിന്തിക്കുക. എസ്ഥേറിന്റെയും മൊർദ്ദെഖായിയുടെയും കാലത്ത്‌ പേർഷ്യൻ രാജസദസ്സിലെ ഒരു പ്രമുഖനായിരുന്നു അവൻ. മഹത്ത്വത്തിനായുള്ള ഹാമാന്റെ അടങ്ങാത്ത ത്വര അവനെ അപമാനത്തിലേക്കും മരണത്തിലേക്കും നയിച്ചു. (എസ്ഥേർ 3:⁠5; 6:⁠10-12; 7:⁠9, 10) തന്റെ അധികാരത്തിന്റെ ഔന്നത്യത്തിൽ മാനസിക വിഭ്രാന്തി പിടിപെട്ട അഹങ്കാരിയായ നെബൂഖദ്‌നേസറിന്റെ കാര്യമെടുക്കുക. മഹത്ത്വത്തെ കുറിച്ചുള്ള അവന്റെ വികലമായ വീക്ഷണം ഈ വാക്കുകളിൽ പ്രതിഫലിക്കുന്നതു കാണാം: “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ?” (ദാനീയേൽ 4:⁠30) മറ്റൊരു ഉദാഹരണമാണ്‌ ഹെരോദാവ്‌ അഗ്രിപ്പാ ഒന്നാമൻ. ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിനു പകരം അവൻ തനിക്കായിത്തന്നെ അനർഹമായ മഹത്ത്വം സ്വീകരിച്ചു. “അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.” (പ്രവൃത്തികൾ 12:⁠21-23) മഹത്ത്വം സംബന്ധിച്ച്‌ യഹോവയുടെ വീക്ഷണം മനസ്സിലാക്കുന്നതിലുള്ള പരാജയം ഈ മനുഷ്യരെയെല്ലാം അപമാനത്തിലേക്കും പതനത്തിലേക്കും നയിച്ചു.

4. ലോകത്തിന്റെ അഹങ്കാര മനോഭാവത്തിനു പിന്നിൽ ആരാണുള്ളത്‌?

4 ആദരവും ബഹുമാനവും കൈവരുന്ന വിധത്തിൽ ജീവിതം വിനിയോഗിക്കാനുള്ള ആഗ്രഹം ഉചിതമാണ്‌. എന്നാൽ അഹംഭാവം ഊട്ടിവളർത്തിക്കൊണ്ട്‌ നമ്മുടെ ഈ ആഗ്രഹത്തെ മുതലെടുക്കാൻ പിശാച്‌ ശ്രമിക്കുന്നു. ആ മനോഭാവമാകട്ടെ അവന്റെതന്നെ ദുരാഗ്രഹത്തിന്റെ ഒരു പ്രതിഫലനമാണ്‌. (മത്തായി 4:⁠8, 9) അവൻ “ഈ ലോകത്തിന്റെ ദൈവം” ആണെന്നും തന്റെ ചിന്താഗതി ഭൂമിയിൽ ഉന്നമിപ്പിക്കാൻ അവൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും നാം ഒരിക്കലും മറന്നുകളയരുത്‌. (2 കൊരിന്ത്യർ 4:⁠4; എഫെസ്യർ 2:⁠2; വെളിപ്പാടു 12:⁠9) അത്തരം ചിന്താഗതികളുടെ ഉറവിടം തിരിച്ചറിഞ്ഞുകൊണ്ട്‌ ക്രിസ്‌ത്യാനികൾ മഹത്ത്വം സംബന്ധിച്ച ലോകത്തിന്റെ വീക്ഷണം തള്ളിക്കളയുന്നു.

5. നേട്ടവും അംഗീകാരവും ധനവും നിലനിൽക്കുന്ന സംതൃപ്‌തി ഉറപ്പു നൽകുന്നുണ്ടോ? വിശദീകരിക്കുക.

5 പേരും പെരുമയും കീശനിറയെ കാശും ഒരു സന്തുഷ്ട ജീവിതം പ്രദാനം ചെയ്യും എന്നതാണ്‌ സാത്താൻ ഉന്നമിപ്പിക്കുന്ന ഒരു ചിന്താഗതി. അതു സത്യമാണോ? നേട്ടവും അംഗീകാരവും ധനവും സംതൃപ്‌തി നിറഞ്ഞ ഒരു ജീവിതം ഉറപ്പു നൽകുന്നുണ്ടോ? അത്തരം ചിന്താഗതിയാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇപ്രകാരം എഴുതി: “സകലപ്രയത്‌നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മററവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്‌നവും അത്രേ.” (സഭാപ്രസംഗി 4:⁠4) ഈ ലോകത്തിൽ പ്രാമുഖ്യത നേടാനായി പണിപ്പെട്ടിട്ടുള്ള പലർക്കും ആ ബൈബിൾ ബുദ്ധിയുപദേശത്തിന്റെ സത്യതയ്‌ക്കു സാക്ഷ്യം പറയാൻ കഴിയും. ഉദാഹരണത്തിന്‌, മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ വാഹനത്തിന്റെ രൂപകൽപ്പനയിലും നിർമാണത്തിലും പരീക്ഷണപരിശോധനകളിലും സഹായിച്ച ഒരു മനുഷ്യൻ ഇങ്ങനെ ഓർമിക്കുന്നു: “ഞാൻ അഹോരാത്രം അധ്വാനിച്ചു, ചെയ്‌തിരുന്ന ജോലിയിൽ അതീവ സമർഥനും ആയിത്തീർന്നു. എങ്കിലും അതെല്ലാം വ്യർഥവും നിഷ്‌പ്രയോജനകരവും ആയിരുന്നു, എനിക്കു നിലനിൽക്കുന്ന സന്തോഷവും മനസ്സമാധാനവും നേടിത്തരാൻ അതിനു കഴിഞ്ഞില്ല.” * വാണിജ്യരംഗത്തോ സ്‌പോർട്‌സിലോ വിനോദരംഗത്തോ ആയാലും മഹത്ത്വത്തെ കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം നിലനിൽക്കുന്ന സംതൃപ്‌തി ഉറപ്പുനൽകുന്നില്ല.

സ്‌നേഹപ്രേരിതമായ സേവനത്തിൽനിന്ന്‌ ഉത്ഭൂതമാകുന്ന മഹത്ത്വം

6. യാക്കോബിനും യോഹന്നാനും മഹത്ത്വം സംബന്ധിച്ച്‌ തെറ്റായ ഒരു വീക്ഷണമാണ്‌ ഉണ്ടായിരുന്നതെന്ന്‌ എന്തു കാണിക്കുന്നു?

6 യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവം യഥാർഥ മഹത്ത്വത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നു വെളിപ്പെടുത്തുന്നു. പൊ.യു. 33-ലെ പെസഹാ ആചരിക്കുന്നതിനായി യേശുവും അവന്റെ അപ്പൊസ്‌തലന്മാരും യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. വഴിയിൽവെച്ച്‌ യേശുവിന്റെ മച്ചുനന്മാരായ യാക്കോബും യോഹന്നാനും മഹത്ത്വം സംബന്ധിച്ചുള്ള ഒരു തെറ്റായ വീക്ഷണം പ്രകടമാക്കി. ഞങ്ങൾ “ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്ന്‌ തങ്ങളുടെ അമ്മ മുഖാന്തരം അവർ യേശുവിനോട്‌ അഭ്യർഥിച്ചു. (മത്തായി 20:⁠21) ഇടത്തും വലത്തും ഇരിക്കുന്നത്‌ വലിയ ബഹുമതിയായി യഹൂദന്മാരുടെ ഇടയിൽ കരുതപ്പെട്ടിരുന്നു. (1 രാജാക്കന്മാർ 2:⁠19) തങ്ങൾക്ക്‌ ഇരുവർക്കും ഏറ്റവും ശ്രേഷ്‌ഠമായ സ്ഥാനങ്ങൾ തരപ്പെടുത്തിയെടുക്കാൻ യാക്കോബും യോഹന്നാനും അതിമോഹത്തോടെ ഒരു ശ്രമം നടത്തി. ഈ അധികാര സ്ഥാനങ്ങൾ തങ്ങളുടെ അവകാശമാക്കാൻ അവർ ആഗ്രഹിച്ചു. അവരുടെ മനോവ്യാപാരം എന്താണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ മഹത്ത്വം സംബന്ധിച്ച അവരുടെ തെറ്റായ കാഴ്‌ചപ്പാടിനെ തിരുത്താൻ യേശു ആ അവസരം ഉപയോഗപ്പെടുത്തി.

7. യഥാർഥ ക്രിസ്‌തീയ മഹത്ത്വത്തിലേക്കു നയിക്കുന്നത്‌ എന്താണെന്ന്‌ യേശു വിശദമാക്കിയത്‌ എങ്ങനെ?

7 മറ്റുള്ളവരെ നിയന്ത്രിക്കുകയും അവരോടു കൽപ്പിക്കുകയും ചെയ്യുന്ന, വിരലൊന്നു ഞൊടിച്ചാൽ തന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയുന്ന ഒരു വ്യക്തിയെയാണ്‌ അഹംഭാവം നിറഞ്ഞുനിൽക്കുന്ന ഈ ലോകത്തിൽ ആളുകൾ പൊതുവേ മഹാനായി കരുതിപ്പോരുന്നത്‌ എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. എന്നാൽ യേശുവിന്റെ അനുഗാമികളുടെ ഇടയിൽ താഴ്‌മയോടെയുള്ള സേവനമാണ്‌ മഹത്ത്വത്തിന്റെ മാനദണ്ഡം. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.”​—⁠മത്തായി 20:⁠26, 27.

8. ഒരു ശുശ്രൂഷകൻ ആയിരിക്കുക എന്നതിന്റെ അർഥം എന്ത്‌, നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?

8 ബൈബിളിൽ “ശുശ്രൂഷക്കാരൻ” അഥവാ ശുശ്രൂഷകൻ എന്നു പരിഭാഷ ചെയ്‌തിരിക്കുന്ന ഗ്രീക്കുപദം മറ്റുള്ളവർക്കു സേവനം ചെയ്യാൻ സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കുന്ന ഒരു വ്യക്തിയെയാണ്‌ അർഥമാക്കുന്നത്‌. യേശു തന്റെ ശിഷ്യന്മാരെ ഒരു സുപ്രധാന പാഠം പഠിപ്പിക്കുകയായിരുന്നു: കാര്യങ്ങൾ ചെയ്യാൻ കൽപ്പന പുറപ്പെടുവിക്കുന്നതല്ല, പ്രത്യുത സ്‌നേഹത്താൽ പ്രേരിതനായി മറ്റുള്ളവരെ സേവിക്കുന്നതാണ്‌ ഒരുവനെ മഹാനാക്കുന്നത്‌. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘യാക്കോബിന്റെയോ യോഹന്നാന്റെയോ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു? സ്‌നേഹത്താൽ പ്രേരിതനായിത്തീർന്നുകൊണ്ട്‌ സേവനം ചെയ്യുന്നതിലൂടെയാണ്‌ യഥാർഥ മഹത്ത്വം കൈവരുന്നത്‌ എന്ന വസ്‌തുത ഞാൻ മനസ്സിലാക്കുമായിരുന്നോ?’​—⁠1 കൊരിന്ത്യർ 13:⁠3.

9. മറ്റുള്ളവരോടുള്ള തന്റെ ഇടപെടലുകളിൽ യേശു എന്തു മാതൃക വെച്ചു?

9 ലോകത്തിന്റെ ദൃഷ്ടിയിലെ മഹത്ത്വത്തിന്റെ നിലവാരമല്ല ക്രിസ്‌തുസമാന മഹത്ത്വത്തിന്റേത്‌ എന്ന്‌ യേശു തന്റെ ശിഷ്യന്മാർക്കു കാണിച്ചുകൊടുത്തു. താൻ സേവിച്ച ആളുകളോടുള്ള ബന്ധത്തിൽ അവൻ ഒരിക്കലും ഒരു മേധാവിത്വ മനോഭാവം വെച്ചുപുലർത്തിയില്ല, അതുപോലെ തങ്ങൾ വിലകുറഞ്ഞവരാണെന്നുള്ള ധാരണ അവൻ അവരിൽ ഉളവാക്കിയില്ല. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ദരിദ്രരും അധികാരപദവികൾ വഹിച്ചിരുന്നവരും പാപികളായി മുദ്രകുത്തപ്പെട്ടിരുന്നവരും, അങ്ങനെ എല്ലാത്തരത്തിലുള്ള ആളുകളും അവനെ സമീപിക്കാൻ കഴിയുന്നവനായി കണ്ടെത്തി. (മർക്കൊസ്‌ 10:⁠13-16; ലൂക്കൊസ്‌ 7:⁠37-50) പരിമിതികൾ ഉള്ളവരോട്‌ ആളുകൾ പലപ്പോഴും അക്ഷമയോടെയാണ്‌ പെരുമാറുന്നത്‌. യേശു വ്യത്യസ്‌തനായിരുന്നു. തന്റെ ശിഷ്യന്മാർ ഇടയ്‌ക്കൊക്കെ ചിന്താശൂന്യമായി പെരുമാറുകയും വഴക്കടിക്കുകയും ചെയ്‌തെങ്കിലും അവൻ ക്ഷമയോടെ അവരെ ബുദ്ധിയുപദേശിച്ചു. അങ്ങനെ, താൻ യഥാർഥത്തിൽ താഴ്‌മയും സൗമ്യതയും ഉള്ളവനാണെന്ന്‌ അവൻ തെളിയിച്ചു.​—⁠സെഖര്യാവു 9:⁠9; മത്തായി 11:⁠29; ലൂക്കൊസ്‌ 22:⁠24-27.

10. യേശുവിന്റെ മുഴു ജീവിതത്തിലും മറ്റുള്ളവർക്കായുള്ള നിസ്സ്വാർഥ സേവനം നിറഞ്ഞുനിൽക്കുന്നത്‌ എങ്ങനെ?

10 ദൈവത്തിന്റെ പുത്രന്മാരിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നവനായ യേശു വെച്ച ഈ നിസ്സ്വാർഥ മാതൃക യഥാർഥ മഹത്ത്വം എന്നാൽ എന്താണെന്നു വരച്ചുകാട്ടി. അവൻ ഭൂമിയിലേക്കു വന്നത്‌ ശുശ്രൂഷ സ്വീകരിക്കാനല്ല പിന്നെയോ, ‘നാനാവ്യാധികൾ’ സൗഖ്യമാക്കിക്കൊണ്ടും ഭൂതങ്ങളുടെ നിയന്ത്രണത്തിൽനിന്ന്‌ ആളുകളെ വിമുക്തരാക്കിക്കൊണ്ടും മറ്റുള്ളവർക്കുവേണ്ടി ശുശ്രൂഷ ചെയ്യാനാണ്‌. മറ്റേവരെയും പോലെ അവനും ക്ഷീണം അനുഭവപ്പെട്ടിരുന്നു, അവനും വിശ്രമം ആവശ്യമായിരുന്നു. എങ്കിലും അവൻ എല്ലായ്‌പോഴും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു തന്റേതിനെക്കാൾ മുൻതൂക്കം നൽകി, അവരെ ആശ്വസിപ്പിക്കാനായി അവൻ തന്റെ വ്യക്തിപരമായ സൗകര്യങ്ങൾ മാറ്റിവെച്ചു. (മർക്കൊസ്‌ 1:⁠32-34; 6:⁠30-34; യോഹന്നാൻ 11:⁠11, 17, 33) ആളുകളെ ആത്മീയമായി സഹായിക്കാൻ അവന്റെ സ്‌നേഹം അവനെ പ്രചോദിപ്പിച്ചു, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനായി പൊടിനിറഞ്ഞ വഴികളിലൂടെ അവൻ കാതങ്ങൾ സഞ്ചരിച്ചു. (മർക്കൊസ്‌ 1:⁠38, 39) നിസ്സംശയമായും മറ്റുള്ളവരെ സേവിക്കുന്നത്‌ അതിപ്രധാനമായി യേശു വീക്ഷിച്ചു.

ക്രിസ്‌തുവിന്റെ താഴ്‌മ അനുകരിക്കുക

11. സഭയിൽ മേൽവിചാരകന്മാരായി നിയമിതരാകുന്ന സഹോദരന്മാർക്ക്‌ ഏതു ഗുണങ്ങൾ ഉണ്ടായിരിക്കണം?

11 പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ, ദൈവജനത്തിന്റെ ആവശ്യങ്ങൾ നിർവഹിച്ചുകൊണ്ട്‌ സേവനം അനുഷ്‌ഠിക്കുന്നതിനായി സഞ്ചാര പ്രതിനിധികളെ തിരഞ്ഞെടുക്കവേ, ക്രിസ്‌തീയ മേൽവിചാരകന്മാർ നട്ടുവളർത്തേണ്ട ഉചിതമായ മനോഭാവം സംബന്ധിച്ച്‌ സംഘടന എടുത്തുപറയുകയുണ്ടായി. “സൗമ്യതയുള്ള, അതായത്‌ അഹങ്കാരത്താൽ ചീർക്കാത്ത . . . , തങ്ങളുടെ മാഹാത്മ്യം പൊലിപ്പിച്ചു കാണിക്കാതെ ക്രിസ്‌തുവിനെ പ്രസംഗിക്കുന്ന, തങ്ങളുടെ പരിജ്ഞാനം കൊട്ടിഘോഷിക്കാതെ ക്രിസ്‌തുവിന്റെ വചനം ലാളിത്യത്തോടും ശക്തിയോടുംകൂടെ ഉദ്‌ഘോഷിക്കുന്ന” പുരുഷന്മാരെയാണ്‌ ആവശ്യമായിരിക്കുന്നത്‌ എന്ന്‌ 1894 സെപ്‌റ്റംബർ 1 ലക്കം സീയോന്റെ വീക്ഷാഗോപുരം പ്രസ്‌താവിച്ചു. വ്യക്തമായും, വ്യക്തിപരമായ മോഹങ്ങളെ തൃപ്‌തിപ്പെടുത്താനോ പ്രാമുഖ്യതയും അധികാരവും മറ്റുള്ളവരുടെമേൽ നിയന്ത്രണവും നേടാനോ ഉള്ള ലക്ഷ്യത്തിൽ സത്യക്രിസ്‌ത്യാനികൾ ഒരിക്കലും ഉത്തരവാദിത്വസ്ഥാനങ്ങൾ തേടരുത്‌. തനിക്കു ലഭിക്കുന്ന ഉത്തരവാദിത്വസ്ഥാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ ഒരു “നല്ലവേല”യാണെന്നും, അല്ലാതെ തനിക്കുതന്നെ മഹത്ത്വം കൈവരുത്താനുള്ള ഒരു ഉന്നതപദവിയല്ല അതെന്നും താഴ്‌മയുള്ള ഒരു മേൽവിചാരകൻ മനസ്സിൽ പിടിക്കുന്നു. (1 തിമൊഥെയൊസ്‌ 3:⁠1, 2) താഴ്‌മയോടെ മറ്റുള്ളവർക്കായി സേവനം ചെയ്യാനും വിശുദ്ധ സേവനത്തിൽ നേതൃത്വം എടുക്കാനും മറ്റുള്ളവർക്കു പകർത്താൻ അനുകരണീയമായ ഒരു മാതൃക വെക്കാനും എല്ലാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും തങ്ങളുടെ പരമാവധി പരിശ്രമിക്കണം.​—⁠1 കൊരിന്ത്യർ 9:⁠19; ഗലാത്യർ 5:⁠13; 2 തിമൊഥെയൊസ്‌ 4:⁠5.

12. സഭയിൽ പദവികൾ കാംക്ഷിക്കുന്നവർ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?

12 സഭയിൽ പദവികൾ കാംക്ഷിക്കുന്ന ഏതൊരു സഹോദരനും തന്നോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘മറ്റുള്ളവരെ സേവിക്കാനുള്ള അവസരങ്ങൾ ഞാൻ അന്വേഷിക്കുന്നുണ്ടോ? അതോ മറ്റുള്ളവർ എന്നെ സേവിക്കണം എന്ന്‌ ആഗ്രഹിക്കുന്ന ഒരു പ്രവണതയാണോ എനിക്കുള്ളത്‌? മറ്റുള്ളവർക്കു പെട്ടെന്നു കാണാൻ കഴിയാത്ത തരം സഹായ പ്രവൃത്തികൾ ചെയ്യാൻ ഞാൻ സന്നദ്ധനാണോ?’ ഉദാഹരണത്തിന്‌ ഒരു യുവാവ്‌ ക്രിസ്‌തീയ സഭയിൽ പ്രസംഗങ്ങൾ നടത്താൻ സന്നദ്ധനായിരുന്നേക്കാമെങ്കിലും പ്രായമായവരെ സഹായിക്കുന്നതിൽ വിമുഖത കാട്ടിയേക്കാം. സഭയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തികളുമായുള്ള സഹവാസം അദ്ദേഹം ആസ്വദിച്ചേക്കാമെങ്കിലും പ്രസംഗവേലയിൽ പങ്കെടുക്കാൻ താത്‌പര്യക്കുറവ്‌ കാണിച്ചേക്കാം. അങ്ങനെയുള്ള ഒരു യുവാവ്‌ തന്നോടുതന്നെ ഇപ്രകാരം ചോദിക്കുന്നത്‌ നല്ലതായിരിക്കും: ‘ദൈവസേവനത്തിൽ അംഗീകാരവും പുകഴ്‌ചയും ലഭിക്കാൻ ഇടയുള്ള മണ്ഡലങ്ങളിലാണോ ഞാൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌? മറ്റുള്ളവരുടെ മുമ്പിൽ ആളാകാൻ ഞാൻ ശ്രമിക്കാറുണ്ടോ?’ വ്യക്തിപരമായ മഹത്ത്വം തേടുന്നത്‌ ക്രിസ്‌തുവിനെ അനുകരിക്കുന്നവർക്കു യോജിച്ചതല്ല.​—⁠യോഹന്നാൻ 5:⁠41.

13. (എ) ഒരു മേൽവിചാരകന്റെ താഴ്‌മ മറ്റുള്ളവരിൽ പ്രഭാവം ചെലുത്തുന്നത്‌ എങ്ങനെ? (ബി) താഴ്‌മ അഥവാ വിനയം ധരിക്കുന്നത്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന ഒന്നല്ലാത്തത്‌ എന്തുകൊണ്ട്‌?

13 ക്രിസ്‌തുവിന്റെ താഴ്‌മ അനുകരിക്കാൻ നാം കഠിനമായി പ്രയത്‌നിക്കുമ്പോൾ മറ്റുള്ളവരെ സേവിക്കാൻ നാം പ്രചോദിതരാകുന്നു. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസുകളിൽ ഒന്നിന്റെ പ്രവർത്തനം വിലയിരുത്താനെത്തിയ ഒരു മേഖലാമേൽവിചാരകന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. ജോലിത്തിരക്കും ഭാരിച്ച ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നിട്ടും, മാസിക കുത്തിക്കെട്ടുന്ന ഒരു യന്ത്രത്തിന്റെ സെറ്റിങ്‌ ക്രമീകരിക്കാൻ പാടുപെടുന്ന ഒരു യുവ സഹോദരനെ സഹായിക്കാനായി ഈ മേൽവിചാരകൻ അടുത്തുചെന്നു. “എനിക്ക്‌ അതു വിശ്വസിക്കാനായില്ല,” ആ സഹോദരൻ പറയുന്നു. “ബെഥേലിൽ ഇത്തരത്തിലുള്ള ഒരു യന്ത്രം ചെറുപ്പകാലത്ത്‌ താനും പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും ശരിയായ സെറ്റിങ്‌ ക്രമീകരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നത്‌ താൻ ഓർക്കുന്നുവെന്നും അദ്ദേഹം എന്നോടു പറഞ്ഞു. പ്രധാനപ്പെട്ട മറ്റു പലതും ചെയ്യാനുണ്ടായിരുന്നെങ്കിലും സെറ്റിങ്‌ ശരിയാക്കിക്കൊണ്ട്‌ അദ്ദേഹം എന്നോടൊപ്പം കുറേനേരം ചെലവഴിച്ചു. ആ അനുഭവം ശരിക്കും എന്റെ മനസ്സിൽ തട്ടി.” ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ മേൽവിചാരകനായ ആ സഹോദരൻ താഴ്‌മയോടെയുള്ള ആ പ്രവൃത്തി ഇന്നും ഓർമിക്കുന്നു. ‘നിസ്സാര ജോലികൾ ചെയ്യുന്നത്‌ എന്റെ നിലയ്‌ക്കും വിലയ്‌ക്കും ഒട്ടും ചേർന്നതല്ല’ അല്ലെങ്കിൽ ‘മാന്യനായ ഞാൻ ഇതൊക്കെ ചെയ്യുകയോ!’ എന്നൊക്കെയുള്ള മനോഭാവം നമുക്ക്‌ ഒരിക്കലും ഉണ്ടായിരിക്കാൻ പാടില്ല. പകരം നാം “താഴ്‌മ” ധരിക്കേണ്ടതാണ്‌. അത്‌ നമ്മുടെ ഇഷ്ടത്തിനു വിട്ടിരിക്കുന്ന ഒരു സംഗതിയല്ല. ഒരു ക്രിസ്‌ത്യാനി അവശ്യം ധരിക്കേണ്ട “പുതിയ മനുഷ്യ”ന്റെ അഥവാ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌ അത്‌.​—⁠ഫിലിപ്പിയർ 2:⁠3; കൊലൊസ്സ്യർ 3:⁠10, 12; റോമർ 12:⁠16.

മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം ആർജിക്കാനാവുന്ന വിധം

14. ദൈവവും സഹമനുഷ്യരുമായുമുള്ള നമ്മുടെ ബന്ധത്തെ കുറിച്ചു ധ്യാനിക്കുന്നത്‌ മഹത്ത്വം സംബന്ധിച്ച്‌ ഉചിതമായ കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കുന്നതിനു നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

14 മഹത്ത്വം സംബന്ധിച്ച്‌ ഉചിതമായ വീക്ഷണം നമുക്ക്‌ എങ്ങനെ ആർജിക്കാനാവും? യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ചു ധ്യാനിക്കുകയാണ്‌ ഒരു വഴി. അവന്റെ മഹത്ത്വവും ശക്തിയും ജ്ഞാനവും, നിസ്സാരരായ മനുഷ്യർക്കു മീതെ അവനെ അത്യന്തം ഉന്നതനാക്കുന്നു. (യെശയ്യാവു 40:⁠22) സഹമനുഷ്യരുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ചു ചിന്തിക്കുന്നതും വിനയം നട്ടുവളർത്താൻ നമ്മെ സഹായിക്കും. ദൃഷ്ടാന്തത്തിന്‌, ചില മണ്ഡലങ്ങളിൽ നാം മറ്റുള്ളവരെക്കാൾ മുമ്പിലായിരുന്നേക്കാം. എന്നാൽ ജീവിതത്തിന്റെ ഏറെ പ്രാധാന്യമുള്ള ചില വശങ്ങളിൽ അവരായിരുന്നേക്കാം മികച്ചുനിൽക്കുന്നത്‌, അല്ലെങ്കിൽ നമുക്കില്ലാത്ത ചില ഗുണങ്ങൾ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾക്ക്‌ ഉണ്ടായിരുന്നേക്കാം. ദൈവദൃഷ്ടിയിൽ വിലപ്പെട്ടവരായ അനേകം വ്യക്തികൾ തങ്ങളുടെ സൗമ്യതയും താഴ്‌മയും മൂലം മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാനുള്ള തത്രപ്പാട്‌ ഒഴിവാക്കുന്നു.​—⁠സദൃശവാക്യങ്ങൾ 3:⁠34; യാക്കോബ്‌ 4:⁠6.

15. ദൈവജനത്തിന്റെ ദൃഢവിശ്വസ്‌തത, താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണ്‌ എന്നു കരുതാൻ ആർക്കും ഒരടിസ്ഥാനവുമില്ല എന്ന വസ്‌തുത വ്യക്തമാക്കുന്നത്‌ എങ്ങനെ?

15 തങ്ങളുടെ വിശ്വാസം നിമിത്തം പരിശോധനകൾ സഹിക്കേണ്ടിവന്ന യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു. വെറും സാധാരണക്കാർ എന്ന നിലയിൽ ലോകം വീക്ഷിക്കുന്ന വ്യക്തികളാണ്‌ മിക്കപ്പോഴുംതന്നെ കഠിനമായ പരിശോധനകളിൻകീഴിൽ ദൈവത്തോടുള്ള തങ്ങളുടെ ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിച്ചിട്ടുള്ളത്‌. അത്തരം മാതൃകകളെ കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മെത്തന്നെ താഴ്‌ത്തുന്നതിനും ‘ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതിരിക്കാൻ’ സ്വയം പരിശീലിപ്പിക്കുന്നതിനും നമ്മെ സഹായിക്കും.​—⁠റോമർ 12:⁠3. *

16. യേശുക്രിസ്‌തു വെച്ച മാതൃക അനുകരിച്ചുകൊണ്ട്‌ സഭയിലുള്ള എല്ലാവർക്കും യഥാർഥ മഹത്ത്വം എങ്ങനെ നട്ടുവളർത്താൻ കഴിയും?

16 ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാനികളും മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നട്ടുവളർത്താൻ പരിശ്രമിക്കണം. സഭയിൽ വ്യത്യസ്‌ത തരത്തിലുള്ള നിരവധി വേലകൾ ചെയ്യാനുണ്ട്‌. താഴ്‌ന്ന തരത്തിലുള്ളവ എന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരിക്കലും നീരസം വിചാരിക്കരുത്‌. (1 ശമൂവേൽ 25:⁠41; 2 രാജാക്കന്മാർ 3:⁠11) മാതാപിതാക്കളേ, രാജ്യഹാളിലോ സമ്മേളനഹാളിലോ കൺവെൻഷൻ സ്ഥലത്തോ നൽകപ്പെടുന്ന ഏതു നിയമനവും സന്തോഷപൂർവം ചെയ്യാൻ നിങ്ങളുടെ കുട്ടികളെയും കൗമാരപ്രായക്കാരെയും നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവോ? നിങ്ങൾതന്നെ എളിയ വേലകൾ ചെയ്യുന്നത്‌ അവർ കാണുന്നുണ്ടോ? യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തു സേവിക്കുന്ന ഒരു സഹോദരൻ തന്റെ മാതാപിതാക്കൾ വെച്ച മാതൃക വ്യക്തമായി ഓർക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രാജ്യഹാളും കൺവെൻഷൻ സ്ഥലവും വൃത്തിയാക്കുന്ന വേല അവർ ചെയ്‌ത വിധം നിരീക്ഷിച്ചതിൽനിന്ന്‌ അവർ അതിനെ വളരെ പ്രധാനപ്പെട്ട കാര്യമായി കരുതിയിരുന്നു എന്ന്‌ എനിക്കു മനസ്സിലായി. സഭയുടെയും സഹോദരവർഗത്തിന്റെയും നന്മയ്‌ക്ക്‌ ഉതകുന്ന ഏതു ജോലി ചെയ്യാനും അവർ എല്ലായ്‌പോഴും സന്നദ്ധരായിരുന്നു, താഴ്‌ന്ന തരത്തിലുള്ളത്‌ എന്നു മറ്റുള്ളവർ കരുതിയേക്കാവുന്നവ പോലും. ബെഥേലിലെ ഏതു ജോലി നിയമനവും മനസ്സോടെ സ്വീകരിക്കാൻ ഈ മനോഭാവം എന്നെ സഹായിച്ചിരിക്കുന്നു.”

17. താഴ്‌മയുള്ള സഹോദരിമാർക്ക്‌ ഏതു വിധങ്ങളിൽ സഭയ്‌ക്ക്‌ ഒരു അനുഗ്രഹമായിരിക്കാൻ കഴിയും?

17 മറ്റുള്ളവരുടെ താത്‌പര്യങ്ങളെ നമ്മുടേതിനുമേൽ വെക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു ഉത്തമ മാതൃകയാണ്‌ എസ്ഥേർ. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ അവൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജ്ഞി ആയിത്തീർന്നു. രാജകൊട്ടാരത്തിലാണു ജീവിച്ചിരുന്നതെങ്കിലും ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ ദൈവജനത്തിനു വേണ്ടി തന്റെ ജീവൻപോലും അപകടപ്പെടുത്താൻ അവൾ തയ്യാറായിരുന്നു. (എസ്ഥേർ 1:⁠5, 6; 4:⁠14-16) തങ്ങളുടെ സാമ്പത്തിക പശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും, വിഷാദമഗ്നരെ പ്രോത്സാഹിപ്പിച്ചും രോഗികളെ സന്ദർശിച്ചും പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്തും മൂപ്പന്മാരോടു സഹകരിച്ചുംകൊണ്ട്‌ ഇന്നത്തെ ക്രിസ്‌തീയ സ്‌ത്രീകൾക്കും എസ്ഥേറിന്റേതു പോലുള്ള ഒരു മനോഭാവം പ്രകടിപ്പിക്കാൻ കഴിയും. അത്തരം താഴ്‌മയുള്ള സഹോദരിമാർ ക്രിസ്‌തീയ സഭയ്‌ക്ക്‌ എന്തൊരു അനുഗ്രഹമാണ്‌!

ക്രിസ്‌തുസമാന മഹത്ത്വത്തിന്റെ അനുഗ്രഹങ്ങൾ

18. ക്രിസ്‌തുസമാന മഹത്ത്വം പ്രകടമാക്കുന്നതു മുഖാന്തരം എന്ത്‌ അനുഗ്രഹങ്ങൾ കൈവരുന്നു?

18 മഹത്ത്വം സംബന്ധിച്ച്‌ ക്രിസ്‌തുസമാന വീക്ഷണം നിലനിറുത്തുമ്പോൾ നിങ്ങൾ നിരവധി അനുഗ്രഹങ്ങൾ കൊയ്യും. മറ്റുള്ളവരെ നിസ്സ്വാർഥമായി സേവിക്കുന്നത്‌ അവർക്കും നിങ്ങൾക്കും സന്തോഷം കൈവരുത്തും. (പ്രവൃത്തികൾ 20:⁠35) മനസ്സോടെയും ഉത്സാഹത്തോടെയും സഹോദരങ്ങൾക്കായി വേല ചെയ്യുമ്പോൾ നിങ്ങൾ അവർക്കു പ്രിയങ്കരർ ആയിത്തീരുന്നു. (പ്രവൃത്തികൾ 20:⁠37, 38) സർവോപരി, സഹക്രിസ്‌ത്യാനികളുടെ ക്ഷേമം ഉന്നമിപ്പിച്ചുകൊണ്ട്‌ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ തനിക്കുള്ള പ്രസാദകരമായ സ്‌തുതിയാഗമായി യഹോവ വീക്ഷിക്കുന്നു.​—⁠ഫിലിപ്പിയർ 2:⁠17.

19. മഹത്ത്വം സംബന്ധിച്ച ക്രിസ്‌തുസമാന വീക്ഷണത്തോടുള്ള ബന്ധത്തിൽ എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?

19 നാം ഓരോരുത്തരും സ്വന്തം ഹൃദയം പരിശോധിച്ചുകൊണ്ട്‌ ഇങ്ങനെ ചോദിക്കണം: ‘മഹത്ത്വം സംബന്ധിച്ച ക്രിസ്‌തുവിന്റെ വീക്ഷണം നട്ടുവളർത്തുന്നതിനെ കുറിച്ച്‌ ഞാൻ കേവലം പറയുക മാത്രമേ ചെയ്യുന്നുള്ളോ അതോ അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഞാൻ ഉത്സാഹപൂർവം യത്‌നിക്കുന്നുണ്ടോ?’ അഹങ്കാരികളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നതിൽ രണ്ടഭിപ്രായമില്ല. (സദൃശവാക്യങ്ങൾ 16:⁠5; 1 പത്രൊസ്‌ 5:⁠5) ക്രിസ്‌തീയ സഭയിലോ കുടുംബത്തിലോ സഹമനുഷ്യരോടുള്ള നമ്മുടെ ദൈനംദിന ഇടപെടലിലോ ആയിക്കൊള്ളട്ടെ, സകലവും ദൈവമഹത്ത്വത്തിനും സ്‌തുതിക്കും ആയി ചെയ്‌തുകൊണ്ട്‌ മഹത്ത്വം സംബന്ധിച്ച ക്രിസ്‌തുസമാന വീക്ഷണത്തിൽ നാം സന്തോഷിക്കുന്നു എന്ന്‌ നമ്മുടെ പ്രവർത്തനങ്ങൾ തെളിയിക്കട്ടെ.​—⁠1 കൊരിന്ത്യർ 10:⁠31.

[അടിക്കുറിപ്പുകൾ]

^ ഖ. 5 1982 മേയ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 3-6 പേജുകളിലെ “വിജയത്തിനായുള്ള നെട്ടോട്ടം” എന്ന ലേഖനം കാണുക.

^ ഖ. 15 ദൃഷ്ടാന്തങ്ങൾക്കായി, 1992 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിന്റെ (ഇംഗ്ലീഷ്‌) 181-2 പേജുകളും 1993 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകളും കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• മഹത്ത്വത്തെ കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം നാം തള്ളിക്കളയേണ്ടത്‌ എന്തുകൊണ്ട്‌?

• യേശു മഹത്ത്വത്തെ അളന്നത്‌ എങ്ങനെ?

• മേൽവിചാരകന്മാർക്ക്‌ ക്രിസ്‌തുവിന്റെ താഴ്‌മയെ എങ്ങനെ പകർത്താം?

• ക്രിസ്‌തുസമാന മഹത്ത്വം നട്ടുവളർത്താൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചതുരം]

ക്രിസ്‌തുസമാന മഹത്ത്വം ഉള്ളത്‌ ആർക്കാണ്‌?

മറ്റുള്ളവരിൽനിന്നു സേവനം പ്രതീക്ഷിക്കുന്ന വ്യക്തിക്കോ മറ്റുള്ളവരെ സേവിക്കുന്ന വ്യക്തിക്കോ?

ആളുകളുടെ ശ്രദ്ധാകേന്ദ്രം ആയിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കോ എളിയ വേലകൾ സ്വീകരിക്കുന്ന വ്യക്തിക്കോ?

തന്നെത്തന്നെ ഉയർത്തുന്ന വ്യക്തിക്കോ മറ്റുള്ളവരെ ഉയർത്തുന്ന വ്യക്തിക്കോ?

[14-ാം പേജിലെ ചിത്രം]

ആമെൻഹോറ്റെപ്‌ മൂന്നാമൻ ഫറവോന്റെ അതികായപ്രതിമ

[15-ാം പേജിലെ ചിത്രം]

ഹാമാന്റെ പതനത്തിലേക്കു നയിച്ചത്‌ എന്താണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?

[16-ാം പേജിലെ ചിത്രങ്ങൾ]

മറ്റുള്ളവരെ സേവിക്കാൻ നിങ്ങൾ അവസരങ്ങൾ അന്വേഷിക്കുന്നുണ്ടോ?