വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു” എന്ന്‌ ശിഷ്യന്മാരോടു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?

യേശു 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത്‌, “താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു.” ആ 70 പേർ തങ്ങളുടെ ദൗത്യം വിജയിച്ചതിന്റെ സന്തോഷത്തോടെയാണ്‌ തിരിച്ചുവന്നത്‌. “കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്ന്‌ അവർ പറഞ്ഞു. ആ സന്ദർഭത്തിലാണ്‌, “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു” എന്ന്‌ യേശു പറഞ്ഞത്‌. ​—⁠ലൂക്കൊസ്‌ 10:⁠1, 17, 18.

നേരത്തേ സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെ കുറിച്ചാണ്‌ യേശു പറയുന്നതെന്ന്‌ പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാൽ യേശു ഇതു പറഞ്ഞ്‌ 60 വർഷങ്ങൾക്കു ശേഷം, വയോധികനായ യോഹന്നാൻ അപ്പൊസ്‌തലൻ പിൻവരുന്ന പ്രകാരം എഴുതവേ സമാനമായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം: “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.”​—⁠വെളിപ്പാടു 12:⁠9.

യോഹന്നാൻ ആ വാക്കുകൾ രേഖപ്പെടുത്തുന്ന സമയത്തും സാത്താൻ സ്വർഗത്തിൽ തന്നെയായിരുന്നു. നമുക്ക്‌ ഇത്‌ എങ്ങനെ അറിയാം? കാരണം വെളിപ്പാട്‌ ഒരു ചരിത്ര പുസ്‌തകമല്ല, മറിച്ച്‌ ഭാവി സംഭവങ്ങൾ രേഖപ്പെടുത്തിയ ഒരു പ്രവചന പുസ്‌തകമാണ്‌. (വെളിപ്പാടു 1:⁠1) അതുകൊണ്ട്‌, യോഹന്നാൻ ജീവിച്ചിരുന്ന സമയത്ത്‌ സാത്താനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞിട്ടില്ലായിരുന്നു. 1914-ൽ ദൈവരാജ്യത്തിന്റെ രാജാവായി യേശുക്രിസ്‌തു അവരോധിക്കപ്പെട്ടതിനുശേഷമാണ്‌ ഇതു സംഭവിച്ചതെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു. *​—⁠വെളിപ്പാടു 12:⁠1-10.

അങ്ങനെയെങ്കിൽ സാത്താനെ സ്വർഗത്തിൽനിന്നു പുറന്തള്ളുന്നതിനെ കുറിച്ചു പറഞ്ഞപ്പോൾ, അത്‌ നടന്നുകഴിഞ്ഞതു പോലെ യേശു സംസാരിച്ചത്‌ എന്തുകൊണ്ടായിരുന്നു? അഹങ്കരിക്കുന്നതിനെതിരെ യേശു തന്റെ ശിഷ്യന്മാർക്കു താക്കീതു നൽകുകയായിരുന്നെന്ന്‌ ചില പണ്ഡിതന്മാർ പറയുന്നു. ഫലത്തിൽ അവൻ പിൻവരുന്നപ്രകാരം പറയുകയായിരുന്നെന്ന്‌ അവർ വിശ്വസിക്കുന്നു: ‘നിങ്ങൾ ഭൂതങ്ങളുടെമേൽ ജയം വരിച്ചതു ശരിതന്നെ, പക്ഷേ അതിൽ വമ്പുപറയരുത്‌. സാത്താൻ അഹങ്കരിച്ചു, അതാണ്‌ അവന്റെ വീഴ്‌ചയിലേക്കു നയിച്ചത്‌.’

ഈ സന്ദർഭത്തിൽ ശരി ഏതാണ്‌ എന്ന്‌ ഉറപ്പിച്ചു പറയാൻ നമുക്കു കഴിയില്ല. എന്നിരുന്നാലും, യേശു തന്റെ ശിഷ്യന്മാരോടൊത്തു സന്തോഷിക്കുകയും സാത്താന്റെ ഭാവി പതനത്തെ കുറിച്ചു പരാമർശിക്കുകയും ചെയ്‌തിരിക്കാനാണു കൂടുതൽ സാധ്യതയെന്നു തോന്നുന്നു. സാത്താന്റെ കൊടിയ ശത്രുതയെ കുറിച്ചു തന്റെ ശിഷ്യന്മാരെക്കാൾ നന്നായി യേശുവിന്‌ അറിയാമായിരുന്നു. അപൂർണരായ തന്റെ ശിഷ്യന്മാരുടെ മുമ്പിൽ ശക്തരായ ഭൂതങ്ങൾ അടിയറവു പറയുന്നതായി കേട്ടപ്പോൾ യേശുവിനുണ്ടായ സന്തോഷത്തെ കുറിച്ച്‌ ഒന്നു ചിന്തിക്കുക! ഭൂതങ്ങളെ കീഴടക്കിയ ഈ സംഭവം, പ്രധാന ദൂതനായ മീഖായേൽ എന്ന നിലയിൽ യേശു, ഭാവിയിൽ സാത്താനുമായി യുദ്ധം ചെയ്‌ത്‌ അവനെ സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു വലിച്ചെറിയും എന്നതിന്റെ ഒരു പൂർവ വീക്ഷണമായിരുന്നു.

സാത്താൻ “വീഴുന്നതു ഞാൻ കണ്ടു” എന്ന്‌ യേശു പറഞ്ഞപ്പോൾ തെളിവനുസരിച്ച്‌, സാത്താന്റെ വീഴ്‌ച എത്ര സുനിശ്ചിതമാണ്‌ എന്നതിന്‌ അവൻ അടിവരയിടുകയായിരുന്നു. ഇത്‌ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ ഭൂതകാലക്രിയയിൽ പറഞ്ഞിരിക്കുന്ന മറ്റു ചില ബൈബിൾ പ്രവചനങ്ങൾ പോലെയാണ്‌. ഉദാഹരണത്തിന്‌, യെശയ്യാവു 52:⁠13-53:⁠12 വരെയുള്ള വാക്യങ്ങളിൽ ഭാവികാലവും ഭൂതകാലവും ഇടകലർത്തി ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. തന്റെ പിതാവിന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ സ്വർഗത്തിൽനിന്നു സാത്താൻ ബഹിഷ്‌കരിക്കപ്പെടും എന്നതിലുള്ള ഉറപ്പ്‌ യേശു പ്രകടിപ്പിക്കുകയായിരുന്നിരിക്കണം. അതുപോലെ, ദൈവത്തിന്റെ നിയമിത സമയത്ത്‌, സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിൽ അടയ്‌ക്കപ്പെടുകയും പിന്നീട്‌ എന്നേക്കുമായി നശിപ്പിക്കപ്പെടുകയും ചെയ്യും എന്നതിലും യേശുവിനു പൂർണ നിശ്ചയം ഉണ്ടായിരുന്നു.—റോമർ 16:⁠20; എബ്രായർ 2:⁠14; വെളിപ്പാടു 20:⁠1-3, 7-10.

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായവും വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 27-ാം അധ്യായവും കാണുക.