ഏറ്റവും പ്രയോജനപ്രദമായ ബുദ്ധിയുപദേശം കണ്ടെത്തൽ
ഏറ്റവും പ്രയോജനപ്രദമായ ബുദ്ധിയുപദേശം കണ്ടെത്തൽ
വിജയപ്രദമായ ഒരു ജീവിതം നയിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. സങ്കീർണമായ ഈ ലോകത്തിൽ അത്തരമൊരു ജീവിതം സ്വായത്തമാക്കാനുള്ള താക്കോലുകളാണ് പ്രയോജനപ്രദമായ ബുദ്ധിയുപദേശവും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹവും. എന്നാൽ, പ്രയോജനപ്രദമായ ബുദ്ധിയുപദേശത്തിനു ശ്രദ്ധ കൊടുക്കാൻ മനുഷ്യർ എല്ലായ്‌പോഴുമൊന്നും മനസ്സൊരുക്കം ഉള്ളവരായിരുന്നിട്ടില്ല. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം മനുഷ്യൻ തന്റെ ജീവിതം നയിക്കേണ്ടത് എന്ന് പലരും അവകാശവാദം ഉന്നയിച്ചിരിക്കുന്നു. വാസ്‌തവത്തിൽ, ദിവ്യ പരമാധികാരത്തിന്റെ ആദിമ എതിരാളിയായ സാത്താൻ ആദ്യ മനുഷ്യർക്ക് സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്‌തതായി ബൈബിൾ പറയുന്നു. അവൻ ഹവ്വായോട് ഇങ്ങനെ തറപ്പിച്ചു പറഞ്ഞതായി ഉല്‌പത്തി 3:5-ൽ നാം വായിക്കുന്നു: ‘[നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽനിന്നു] തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.’
അതിനുശേഷം ആദാമിനും ഹവ്വായ്‌ക്കും ദാരുണമായ പ്രത്യാഘാതങ്ങൾ കൂടാതെ സ്വന്തം അഭിപ്രായങ്ങളെ മാത്രം ആശ്രയിച്ച് വിജയപ്രദമായി ജീവിതം നയിക്കാൻ കഴിഞ്ഞോ? തീർച്ചയായും ഇല്ല. നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള കഴിവുള്ളതായി ഭാവിച്ചതിന്റെ ഫലങ്ങൾ പെട്ടെന്നുതന്നെ അവരെ നിരാശയിലേക്കു തള്ളിവിട്ടു. അവർ ന്യായമായും ദൈവത്തിന്റെ അപ്രീതിക്കു പാത്രമായിത്തീരുകയും അപൂർണതയിൽ ദുരിതപൂർണമായ ജീവിതം ആരംഭിക്കുകയും ചെയ്‌തു, ഒടുവിൽ അതു മരണത്തിൽ ചെന്ന് അവസാനിച്ചു. (ഉല്‌പത്തി 3:16-19, 23) മരണം നമ്മെയെല്ലാം ബാധിക്കുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “ഏകമനുഷ്യനാൽ [അതായത് ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
ആദാമിന്റെയും ഹവ്വായുടെയും തിരഞ്ഞെടുപ്പ് തിക്ത ഫലങ്ങളിലേക്കു നയിച്ചിട്ടും മനുഷ്യന്റെ നിർമാതാവിൽനിന്നുള്ള ബുദ്ധിയുപദേശം ബാധകമാക്കുന്നതിന്റെ ജ്ഞാനം സംബന്ധിച്ച് പലരും ഇപ്പോഴും ബോധ്യമുള്ളവരല്ല. എന്നിരുന്നാലും, ബൈബിൾ ‘ദൈവശ്വാസീയവും പ്രയോജനമുള്ളതും’ ആകുന്നുവെന്നും “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ” ആയിത്തീരാൻ അതിനു നമ്മെ സഹായിക്കാനാകുമെന്നും അതുതന്നെ പറയുന്നു. (2 തിമൊഥെയൊസ് 3:16, 17) ബൈബിളിലെ ബുദ്ധിയുപദേശം അനുസരിക്കുന്നെങ്കിൽ തീർച്ചയായും നാം കൂടുതൽ സന്തുഷ്ടരായിരിക്കും. ബൈബിൾ ബുദ്ധിയുപദേശം പിൻപറ്റാനും കൂടുതൽ സന്തുഷ്ടരായിരിക്കാനും സാധിക്കുന്ന ഒരു പ്രധാന മണ്ഡലമാണ് കുടുംബജീവിതം.
ദാമ്പത്യത്തിലെ വിശ്വസ്‌തത
ദാമ്പത്യം സ്ഥായിയായ ഒന്നായിരിക്കാനാണു ദൈവം ഉദ്ദേശിച്ചത് എന്ന് ബൈബിൾ പറയുന്നു. (ഉല്‌പത്തി 2:22-24; മത്തായി 19:6) കൂടാതെ, ‘[വിവാഹ] കിടക്ക നിർമ്മലം ആയിരിക്കട്ടെ’ എന്ന് തിരുവെഴുത്തുകൾ പറയുന്നു, വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധങ്ങളാൽ വിവാഹബന്ധം മലിനപ്പെടാൻ പാടില്ല എന്നാണ് അതിന്റെ അർഥം. (എബ്രായർ 13:4) എന്നാൽ, ഇന്നത്തെ പല വിവാഹജീവിതങ്ങളും ഈ നിലവാരത്തിൽ എത്തുന്നില്ല എന്ന് നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും. തങ്ങളുടെ ഇണയല്ലാത്തവരുമായി ജോലിസ്ഥലത്ത് ശൃംഗരിക്കുന്ന ശീലമുള്ളവരാണ് ചിലർ. മറ്റുചിലർ ഇണയല്ലാത്ത ഒരു വ്യക്തിയുമായി പ്രേമത്തിലാകുകയും ആ വ്യക്തിയോടൊപ്പം സമയം ചെലവിടാനായി തങ്ങളുടെ കുടുംബാംഗങ്ങളോടു നുണക്കഥകൾ പറയുകയും ചെയ്യുന്നു. ഇനിയും ചിലർ, മുൻ ലേഖനത്തിൽ പരാമർശിച്ച വെറോനിക്കായുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഇണയെ ഉപേക്ഷിച്ച് കുറേക്കൂടെ പ്രായം കുറഞ്ഞ ഒരു പങ്കാളിയോടൊത്തു ജീവിതം തുടങ്ങുകപോലും ചെയ്യുന്നു. അത് തങ്ങൾക്കുതന്നെ പ്രായം കുറവാണെന്ന തോന്നൽ ഉളവാക്കുന്നുവെന്നും കൂടുതൽ സന്തോഷം നൽകുന്നുവെന്നും ആണ് അവരുടെ വാദം.
എന്നിരുന്നാലും, എന്തു വിലകൊടുത്തും സ്വന്തം ആഗ്രഹങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള ദൃഢനിശ്ചയം നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുകയില്ല. ആ വസ്‌തുതയ്‌ക്കു സാക്ഷ്യം പറയാൻ റോണൾഡിനു കഴിയും. ആറു വർഷമായി തന്റെ രഹസ്യ കാമുകിയും തന്റെ രണ്ടു കുട്ടികളുടെ അമ്മയും ആയിരുന്ന സ്‌ത്രീയോടൊപ്പം ഒരു പുതിയ കുടുംബം തുടങ്ങാനായി അദ്ദേഹം തന്റെ ഭാര്യയെ ഉപേക്ഷിച്ചു. ഇതുവഴി തന്റെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ, അൽപ്പനാൾ കഴിഞ്ഞപ്പോൾ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി! റോണൾഡ് ഒടുവിൽ തന്റെ മാതാപിതാക്കളോടൊപ്പം താമസം തുടങ്ങി. അദ്ദേഹം തന്റെ സാഹചര്യത്തെ “അധഃപതിച്ച ഒന്ന്” എന്നു വിശേഷിപ്പിച്ചു. റോണൾഡിന്റേത് ഒരു ഉദാഹരണം മാത്രമേ ആകുന്നുള്ളൂ. സ്വാർഥ മോഹങ്ങളാൽ പ്രേരിതമായ അത്തരം പെരുമാറ്റം വിവാഹമോചനങ്ങളുടെയും കുടുംബ തകർച്ചകളുടെയും നിരക്ക് മുമ്പെന്നത്തെക്കാളും അധികമായി ഉയരാൻ ഇടയാക്കിയിരിക്കുന്നു. ഇതാണെങ്കിൽ അസംഖ്യം വ്യക്തികളെ—മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ—ദുരിതത്തിലേക്കു തള്ളിവിടുന്നു.
അതേസമയം, ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നത് യഥാർഥ സന്തുഷ്ടി കൈവരുത്തുന്നു. റോബെർട്ടോയുടെ അനുഭവം അതായിരുന്നു. അദ്ദേഹം പറയുന്നു: “ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിച്ചതിനാൽ എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടില്ല. പ്രലോഭനത്തിനു വഴിപ്പെട്ട് ഇണയല്ലാത്ത ഒരാളുടെ പുറകേ പോകുന്നതുകൊണ്ട് നമുക്ക് യഥാർഥ സന്തോഷം ലഭിക്കുന്നില്ല, ആ വ്യക്തിക്ക് ആകർഷണീയത ഉള്ളതായി തോന്നിയാൽപ്പോലും. അനേക വർഷങ്ങളായി എന്നോടൊപ്പം നിന്നിരിക്കുന്ന എന്റെ ഇണയെ വിലമതിക്കാൻ ബൈബിൾ വിദ്യാഭ്യാസം എന്നെ സഹായിച്ചിരിക്കുന്നു.” “തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്‌തത കാണിക്കരുത്” എന്ന ബൈബിൾ ബുദ്ധിയുപദേശം റോബെർട്ടോയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. (മലാഖി 2:15) വേറെ ഏതെല്ലാം കാര്യങ്ങളിൽ നമുക്ക് ദിവ്യ ബുദ്ധിയുപദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കാനാകും?
നമ്മുടെ കുട്ടികളെ വളർത്തുന്നതിനോടുള്ള ബന്ധത്തിൽ
കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ വളരെയേറെ പരിധികൾ വെക്കരുത് എന്ന ആശയത്തിന് ദശകങ്ങൾക്കു മുമ്പ് പ്രചാരം സിദ്ധിച്ചു. എങ്ങനെ ചിന്തിക്കണം, എങ്ങനെ പെരുമാറണം എന്നീ കാര്യങ്ങളിൽ കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിടുന്നത് ന്യായയുക്തമായി കാണപ്പെട്ടു. അവരുടെ
വളർച്ച മുരടിപ്പിക്കാതിരിക്കുക എന്നതായിരുന്നു ലക്ഷ്യം. ചില സ്ഥലങ്ങളിൽ, വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ പോലും അയവു വന്നു. അതനുസരിച്ച്, ക്ലാസ്സുകളിൽ പങ്കെടുക്കണമോ വേണ്ടയോ, വിനോദം എത്രമാത്രം വേണം, അധ്യാപകരിൽനിന്ന് എത്രമാത്രം പ്രബോധനം സ്വീകരിക്കണം ഈ വക കാര്യങ്ങളൊക്കെ വിദ്യാർഥികൾക്കുതന്നെ തീരുമാനിക്കാൻ കഴിയുമായിരുന്നു. “മുതിർന്ന ഒരു വ്യക്തിയുടെ വിമർശനമോ ഇടപെടലോ കൂടാതെ മുഴുവൻ വികാരങ്ങളും പ്രകടിപ്പിക്കാൻ കുട്ടികളെ അനുവദിക്കുക” എന്നതായിരുന്നു ഇത്തരത്തിലുള്ള ഒരു സ്‌കൂളിന്റെ നയം. മനുഷ്യ പെരുമാറ്റം സംബന്ധിച്ച് ഉപദേശം നൽകുന്ന ചിലർ ചിലതരം ശിക്ഷണരീതികൾ നടപ്പാക്കുന്നതിന്റെ പ്രയോജനങ്ങളെ ഇന്നും വെല്ലുവിളിക്കുന്നു, സ്‌നേഹപൂർവകമായ ശിക്ഷണം നൽകേണ്ടത് ആവശ്യമാണെന്ന് മാതാപിതാക്കൾക്കു തോന്നുന്ന സാഹചര്യങ്ങളിൽ പോലും അവരുടെ നിലപാട് ഇതാണ്.ഫലം എന്താണ്? കുട്ടികളെ വളർത്തുന്നതിലെ അനുവാദാത്മക രീതികൾ കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നുവെന്ന് അനേകം ആളുകളും വിശ്വസിക്കുന്നു. ഇത് കുറ്റകൃത്യവും മയക്കുമരുന്ന് ഉപയോഗവും വർധിക്കാൻ ഇടയാക്കിയിരിക്കുന്നുവെന്ന് അവർ കരുതുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കളിൽനിന്ന് ആവശ്യമായ അളവിൽ മാർഗനിർദേശം ലഭിക്കുന്നില്ലെന്ന് ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 70 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടു. “മാതാപിതാക്കൾ കുട്ടികളെ കയറൂരി വിടുന്നതാണ്” സ്‌കൂളുകളിലെ വെടിവെപ്പുകളുടെയും കൗമാരപ്രായക്കാർ ചെയ്‌തുകൂട്ടുന്ന ഘോരമായ മറ്റു കുറ്റകൃത്യങ്ങളുടെയും കാരണം എന്നാണ് പലരുടെയും അഭിപ്രായം. പ്രത്യാഘാതങ്ങൾ അത്രതന്നെ ദാരുണം അല്ലാത്തപ്പോൾ പോലും, കുട്ടികളെ ശരിയായ രീതിയിൽ വളർത്താത്തതിന്റെ കയ്‌പേറിയ ഫലങ്ങൾ മാതാപിതാക്കളും കുട്ടികളും കൊയ്യുന്നു.
ഇക്കാര്യത്തിൽ ബൈബിളിന് എന്താണ് പറയാനുള്ളത്? മാതാപിതാക്കൾ അധികാരം പ്രയോഗിക്കേണ്ടത് സ്‌നേഹത്തോടും ദൃഢതയോടും കൂടി ആയിരിക്കണമെന്നാണ് തിരുവെഴുത്തുകൾ പറയുന്നത്. ബൈബിൾ ഇങ്ങനെ പറയുന്നു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകററിക്കളയും.” (സദൃശവാക്യങ്ങൾ 22:15) തീർച്ചയായും, മാതാപിതാക്കൾ ശിക്ഷണം കൊടുക്കുമ്പോൾ എല്ലായ്‌പോഴും അത് സാഹചര്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. സൗമ്യതയും ആത്മനിയന്ത്രണവും പരിഗണനയും ഏതൊരു ശിക്ഷണത്തെയും ഭരിക്കേണ്ടതാണ്. ശിക്ഷണം ഈ രീതിയിൽ നൽകപ്പെടുമ്പോൾ അതു സ്‌നേഹത്തിന്റെ ഒരു ലക്ഷണമായിത്തീരുന്നു. മാതാപിതാക്കൾ തങ്ങളുടെ അധികാരം പരുഷവും മൃഗീയവുമായ വിധത്തിൽ പ്രയോഗിക്കുന്നതിനു പകരം സ്‌നേഹപൂർവമായ വിധത്തിൽ പ്രയോഗിക്കുമ്പോഴാണ് അത് നല്ല ഫലം ഉളവാക്കാനുള്ള സാധ്യത ഏറ്റവും കൂടുതൽ.
ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത് നല്ല ഫലങ്ങൾ കൈവരുത്തുന്നതായി കാണാം. മെക്‌സിക്കോയിൽ താമസിക്കുന്ന, അടുത്ത കാലത്തു വിവാഹിതനായ ആർട്ടൂറോ എന്ന 30 വയസ്സുകാരൻ പറയുന്നു: “തനിക്കും അമ്മയ്‌ക്കുമാണ് കുടുംബത്തിലെ അധികാരമെന്ന് എന്റെ പിതാവ് എനിക്കും എന്റെ ജ്യേഷ്‌ഠാനുജന്മാർക്കും വ്യക്തമാക്കി തന്നു. ഞങ്ങൾക്കു ശിക്ഷണം നൽകുന്ന കാര്യത്തിൽ അവർ ഒരിക്കലും വീഴ്‌ച വരുത്തിയില്ല. അതേസമയം, ഞങ്ങളോടു സംസാരിക്കാനും അവർ എല്ലായ്‌പോഴും സമയം കണ്ടെത്തിയിരുന്നു. ഇപ്പോൾ ഒരു മുതിർന്ന വ്യക്തിയായിരിക്കുന്ന ഞാൻ എന്റെ സുസ്ഥിരമായ ജീവിതത്തെ വിലമതിക്കുന്നു. അത് ഏറെയും, ചെറുപ്പത്തിൽ ലഭിച്ച നല്ല മാർഗനിർദേശത്തിന്റെ ഫലമാണെന്ന് എനിക്കറിയാം.”
ഏറ്റവും പ്രയോജനപ്രദമായ ബുദ്ധിയുപദേശത്തിൽനിന്നു പ്രയോജനം നേടുക
ദൈവവചനമായ ബൈബിളിൽ, മനുഷ്യവർഗത്തിന് ലഭ്യമായിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രയോജനപ്രദമായ ബുദ്ധിയുപദേശം അടങ്ങിയിരിക്കുന്നു. അതിന്റെ മാർഗനിർദേശം കുടുംബ വൃത്തത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. അത് മറ്റനേകം വിധങ്ങളിലും നമ്മെ സജ്ജരാക്കുന്നു. എന്തുകൊണ്ടെന്നാൽ ജീവിതത്തിൽ നന്മ വരണമെങ്കിൽ ജ്ഞാനത്തിന്റെ ഒരു ഉത്‌കൃഷ്ട ഉറവിൽ നിന്നുള്ള മാർഗനിർദേശത്തിന് അനുസൃതമായി ജീവിക്കേണ്ടതാണെന്ന് അംഗീകരിക്കാൻ മിക്കയാളുകളും കൂട്ടാക്കാത്ത ഒരു ലോകത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവം സങ്കീർത്തനക്കാരനായ ദാവീദിലൂടെ ഈ ഉറപ്പു നൽകി: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീർത്തനം 32:8) നമ്മെ ആപത്തുകളിൽനിന്നു കാത്തുസംരക്ഷിക്കുന്നതിനായി സ്രഷ്ടാവു നമ്മുടെമേൽ ദൃഷ്ടിവെക്കുന്നു എന്നത് എത്ര ഭയാശ്ചര്യം ഉണർത്തുന്ന സംഗതിയാണ്, അല്ലേ? എന്നാൽ, നമ്മിൽ ഓരോരുത്തരോടുമുള്ള ചോദ്യം ഇതാണ്: ‘ഞാൻ യഹോവയുടെ സംരക്ഷണാത്മക മാർഗനിർദേശം താഴ്‌മയോടുകൂടി സ്വീകരിക്കുമോ?’ അവന്റെ വചനം സ്‌നേഹപുരസ്സരം നമ്മോട് ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
യഹോവയെ അറിയുന്നതിന് ശ്രമവും അർപ്പണബോധവും ആവശ്യമാണ്. എങ്കിലും അത് നമ്മുടെ എത്തുപാടിലുള്ള കാര്യമാണ്. ബൈബിളിലൂടെ നമുക്ക് അവനെ അറിയാൻ കഴിയും. യഹോവ ശുപാർശചെയ്യുന്ന ജീവിതരീതി ‘ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാണ്.’ അതുകൊണ്ടുണ്ടാകുന്ന പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ അത് വലിയ നേട്ടം കൈവരുത്തുന്ന ഒന്നു തന്നെയാണ്.—1 തിമൊഥെയൊസ് 4:8; 6:6.
ബൈബിൾ തരുന്ന ഉൾക്കാഴ്‌ചയും അതിനു ചേർച്ചയിൽ ജീവിക്കുന്നതിൽനിന്ന് ഉണ്ടാകുന്ന അനുഗ്രഹങ്ങളും നിങ്ങൾക്ക് ആകർഷകമായി തോന്നുന്നെങ്കിൽ, ദൈവവചനത്തിന്റെ വായനയും ധ്യാനവും നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഗതിയാക്കുക. അങ്ങനെ ചെയ്യുന്നത് ഇപ്പോഴത്തെയും ഭാവിയിലെയും വെല്ലുവിളികളെ വിജയപ്രദമായി നേരിടാൻ നിങ്ങളെ സഹായിക്കും. കൂടാതെ, എല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെട്ടിരിക്കുന്ന, സമാധാനം കളിയാടുന്ന ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നതിനുള്ള പ്രത്യാശയെ കുറിച്ചു നിങ്ങൾ മനസ്സിലാക്കും.—യെശയ്യാവു 54:13.
[5-ാം പേജിലെ ചിത്രം]
ബൈബിളിന്റെ ബുദ്ധിയുപദേശത്തിന് വിവാഹബന്ധത്തെ ബലിഷ്‌ഠമാക്കാനാകും
[6-ാം പേജിലെ ചിത്രങ്ങൾ]
ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ഉത്തമ മാർഗനിർദേശത്തിനുള്ള അടിസ്ഥാനമാണ്, അതേസമയം അത് ഉല്ലാസം അനുവദിക്കുകയും ചെയ്യുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നവർക്ക് സന്തുലിതമായ ഒരു ജീവിതം ആസ്വദിക്കാൻ കഴിയും