വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാരണം കൂടാതെ പകയ്‌ക്കപ്പെടുന്നു

കാരണം കൂടാതെ പകയ്‌ക്കപ്പെടുന്നു

കാരണം കൂടാതെ പകയ്‌ക്കപ്പെടുന്നു

“അവർ വെറുതെ എന്നെ പകെച്ചു.”​—⁠യോഹന്നാൻ 15:25.

1, 2. (എ) ക്രിസ്‌ത്യാനികൾക്കെതിരെയുള്ള അധിക്ഷേപവാക്കുകൾ ചിലരെ ആശയക്കുഴപ്പത്തിലാക്കുന്നത്‌ എന്തുകൊണ്ട്‌, എന്നാൽ അത്തരം സംസാരം നമ്മെ ആശ്ചര്യപ്പെടുത്തരുതാത്തതിന്റെ കാരണമെന്ത്‌? (ബി) “പകയ്‌ക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്റെ ഏത്‌ അർഥമാണ്‌ നാം ഈ ലേഖനത്തിൽ പരിചിന്തിക്കുന്നത്‌? (അടിക്കുറിപ്പ്‌ കാണുക.)

യഹോവയുടെ സാക്ഷികൾ ദൈവവചനത്തിലെ തത്ത്വങ്ങളനുസരിച്ചു ജീവിക്കാൻ കഠിന ശ്രമം ചെയ്യുന്നു. തത്‌ഫലമായി, അനേകം രാജ്യങ്ങളിലും അവർക്കു സത്‌പേരുണ്ട്‌. എന്നിരുന്നാലും, ചിലപ്പോഴൊക്കെ അവർ തെറ്റായി ചിത്രീകരിക്കപ്പെടുന്നു. ഉദാഹരണത്തിന്‌, റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലുള്ള ഒരു ഗവൺമെന്റ്‌ ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “രഹസ്യത്തിൽ കുട്ടികളെ കുരുതി കൊടുക്കുന്ന, സ്വയം ജീവനൊടുക്കുന്ന ആളുകളടങ്ങിയ ഒരുതരം അധോലോക മതഭേദമാണ്‌ യഹോവയുടെ സാക്ഷികൾ എന്നാണ്‌ ഞങ്ങൾ കേട്ടിട്ടുള്ളത്‌.” എന്നാൽ, ഒരു അന്താരാഷ്‌ട്ര കൺവെൻഷനോട്‌ അനുബന്ധിച്ച്‌ യഹോവയുടെ സാക്ഷികളോടുകൂടെ പ്രവർത്തിച്ചശേഷം അതേ ഉദ്യോഗസ്ഥൻതന്നെ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “സാധാരണക്കാരായ, പുഞ്ചിരിതൂകുന്ന ആളുകളെയാണ്‌ എനിക്കിപ്പോൾ കാണാനാകുന്നത്‌ . . . അവർ ശാന്തരും സമാധാനപ്രിയരും അന്യോന്യം ഉറ്റു സ്‌നേഹിക്കുന്നവരുമാണ്‌.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “അവരെ കുറിച്ച്‌ ആളുകൾ എന്തിനാണ്‌ ഇത്തരം നുണകൾ പറഞ്ഞുപരത്തുന്നതെന്ന്‌ എനിക്കു മനസ്സിലാകുന്നതേയില്ല.”​—⁠1 പത്രൊസ്‌ 3:16.

2 ദുഷ്‌പ്രവൃത്തിക്കാരെന്ന അപകീർത്തിക്ക്‌ ഇരയാകുന്നതിൽ ദൈവദാസർ സന്തോഷിക്കുന്നില്ല. എങ്കിലും, ആളുകൾ തങ്ങൾക്കെതിരായി സംസാരിക്കുമ്പോൾ അവർ ആശ്ചര്യപ്പെടുന്നില്ല. യേശു തന്റെ അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: ‘ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. . . . “അവർ വെറുതെ എന്നെ പകെച്ചു” എന്ന്‌ അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.’ * (യോഹന്നാൻ 15:18-20, 25; സങ്കീർത്തനം 35:19; 69:4) അതിനു മുമ്പ്‌ അവൻ തന്റെ ശിഷ്യരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “അവർ വീട്ടുടയവനെ ബെയെൽസെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?” (മത്തായി 10:25) ഇത്തരം നിന്ദ, ക്രിസ്‌തുവിന്റെ അനുഗാമികൾ ആയിത്തീർന്നപ്പോൾ തങ്ങൾ ഏറ്റെടുത്ത ദണ്ഡനസ്‌തംഭത്തിന്റെ അഥവാ ‘ക്രൂശിന്റെ’ ഭാഗമാണ്‌ എന്ന്‌ ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു.​—⁠മത്തായി 16:24.

3. സത്യാരാധകർ ഏതളവോളം പീഡിപ്പിക്കപ്പെട്ടിരിക്കുന്നു?

3 സത്യാരാധകരുടെ പീഡനത്തിന്‌ ‘നീതിമാനായ ഹാബേൽ’ വരെ ചെന്നെത്തുന്ന ഒരു ദീർഘകാല ചരിത്രമുണ്ട്‌. (മത്തായി 23:34, 35) അത്‌ ഒറ്റപ്പെട്ട ഏതാനും സംഭവങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും” എന്ന്‌ യേശു തന്റെ അനുഗാമികളോടു പറയുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 10:22) മാത്രമല്ല, നാം ഓരോരുത്തരും ഉൾപ്പെടെ ദൈവദാസരായിരിക്കുന്ന സകലരും പീഡനം അഥവാ ഉപദ്രവം പ്രതീക്ഷിക്കണമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസും എഴുതി. (2 തിമൊഥെയൊസ്‌ 3:12) പീഡനത്തിന്റെ കാരണം എന്താണ്‌?

അന്യായമായ പകയുടെ ഉറവ്‌

4. അന്യായമായ പകയുടെ ഉറവിനെ ബൈബിൾ വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

4 സത്യാരാധകർക്കെതിരെ പക ഇളക്കിവിടുന്നതിനു പിന്നിൽ ആരംഭം മുതൽതന്നെ ഒരു അദൃശ്യവ്യക്തി പ്രവർത്തിച്ചിട്ടുള്ളതായി ദൈവവചനം വെളിപ്പെടുത്തുന്നു. ആദ്യത്തെ വിശ്വസ്‌ത മനുഷ്യനായ ഹാബെലിന്റെ മൃഗീയമായ കൊലപാതകത്തെ കുറിച്ചു ചിന്തിക്കുക. കൊലപാതകിയായ സഹോദരൻ, കയീൻ, “ദുഷ്ടനിൽനിന്നു” അതായത്‌ പിശാചായ സാത്താനിൽനിന്ന്‌ ഉള്ളവനായിരുന്നുവെന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (1 യോഹന്നാൻ 3:12) സാത്താന്യ മനോഭാവം പ്രകടമാക്കിയ അവനെ ഉപയോഗിച്ചുകൊണ്ട്‌ പിശാച്‌ തന്റെ ദുഷ്ടമായ ഉദ്ദേശ്യങ്ങൾ സാധിച്ചു. ഇയ്യോബിനും യേശുക്രിസ്‌തുവിനും സഹിക്കേണ്ടിവന്ന ക്രൂരമായ ആക്രമണങ്ങളിൽ സാത്താൻ വഹിച്ച പങ്കിന്മേലും ബൈബിൾ വെളിച്ചം വീശുന്നുണ്ട്‌. (ഇയ്യോബ്‌ 1:12; 2:6, 7; യോഹന്നാൻ 8:​37, 44; 13:27) യേശുവിന്റെ അനുഗാമികൾക്ക്‌ ഉണ്ടാകുന്ന പീഡനത്തിന്റെ ഉറവ്‌ സംബന്ധിച്ച്‌ വെളിപ്പാടു പുസ്‌തകം യാതൊരു സംശയത്തിനും ഇടനൽകുന്നില്ല. അത്‌ ഇങ്ങനെ പറയുന്നു: “നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (വെളിപ്പാടു 2:10) വ്യക്തമായും, ദൈവജനത്തിന്‌ അനുഭവിക്കേണ്ടി വരുന്ന അന്യായമായ പകയുടെ ഉറവ്‌ സാത്താൻ തന്നെയാണ്‌.

5. സത്യാരാധകരോടുള്ള സാത്താന്റെ പകയ്‌ക്കു കാരണം എന്ത്‌?

5 സത്യാരാധകരോടുള്ള സാത്താന്റെ പകയ്‌ക്കു കാരണം എന്താണ്‌? അങ്ങേയറ്റത്തെ അഹംഭാവം വെളിവാക്കുന്ന ഒരു പദ്ധതിയിലൂടെ സാത്താൻ “നിത്യരാജാവായ” യഹോവയാം ദൈവത്തെ വെല്ലുവിളിച്ചിരിക്കുന്നു. (1 തിമൊഥെയൊസ്‌ 1:17; 3:6) ദൈവഭരണം സൃഷ്ടികളുടെമേൽ അനാവശ്യ നിയന്ത്രണങ്ങൾ ചെലുത്തുന്ന ഒന്നാണെന്നും ശുദ്ധമായ ആന്തരത്തോടെ ആരും യഹോവയെ സേവിക്കുന്നില്ലെന്നും, ആരെങ്കിലും യഹോവയെ സേവിക്കുന്നെങ്കിൽ അത്‌ സ്വാർഥ നേട്ടങ്ങൾക്കുവേണ്ടി മാത്രമാണെന്നും അവൻ സമർഥിക്കുന്നു. മനുഷ്യരെ പരീക്ഷിക്കാൻ തന്നെ അനുവദിച്ചാൽ ദൈവത്തെ സേവിക്കുന്നതിൽനിന്നു സകലരെയും അകറ്റാൻ തനിക്കു കഴിയുമെന്ന്‌ അവൻ അവകാശപ്പെടുന്നു. (ഉല്‌പത്തി 3:1-6; ഇയ്യോബ്‌ 1:6-12; 2:1-7) യഹോവയെ മർദ്ദകനും നുണയനും പരാജിതനും എന്ന നിലയിൽ ചിത്രീകരിച്ച്‌ അപകീർത്തിപ്പെടുത്തിക്കൊണ്ട്‌ തന്നെത്തന്നെ അഖിലാണ്ഡ പരമാധികാരിയുടെ സ്ഥാനത്തേക്ക്‌ ഉയർത്താൻ സാത്താൻ ശ്രമിക്കുന്നു. ആരാധന ലഭിക്കണമെന്ന അദമ്യമായ ഈ ആഗ്രഹമാണ്‌ ദൈവദാസർക്കെതിരെയുള്ള അവന്റെ ക്രോധത്തിനു കാരണം.​—⁠മത്തായി 4:8, 9.

6. (എ) യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദപ്രശ്‌നത്തിൽ നാം വ്യക്തിപരമായി ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? (ബി) ഈ വിവാദപ്രശ്‌നത്തെ കുറിച്ചുള്ള അറിവ്‌ ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ നമ്മെ എങ്ങനെ സഹായിക്കുന്നു? (16-ാം പേജിലെ ചതുരം കാണുക.)

6 ഈ വിവാദപ്രശ്‌നം നിങ്ങളെ ബാധിക്കുന്ന വിധം നിങ്ങൾക്കു കാണാനാകുന്നുണ്ടോ? ദൈവേഷ്ടം ചെയ്യുന്നതിന്‌ ആത്മാർഥ ശ്രമം ആവശ്യമാണെങ്കിലും അതിന്റെ പ്രതിഫലം അളവറ്റതാണെന്ന്‌ യഹോവയുടെ ഒരു ദാസൻ എന്ന നിലയിൽ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്നാൽ, യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നതിൽ തുടരുന്നത്‌ ബുദ്ധിമുട്ട്‌ ആയിരിക്കുന്ന, ഒരുപക്ഷേ വേദനാകരം പോലും ആയിരിക്കുന്ന ഒരു സാഹചര്യം ഉടലെടുക്കുന്നെങ്കിലോ? യഹോവയെ സേവിച്ചതുകൊണ്ടു പ്രയോജനമൊന്നും ഇല്ലാത്തതായി കാണപ്പെടുന്നെങ്കിലോ? ദൈവത്തെ തുടർന്നു സേവിക്കുന്നതിൽ അർഥമില്ലെന്നു നിങ്ങൾ നിഗമനം ചെയ്യുമോ? അതോ എല്ലായ്‌പോഴും യഹോവയുടെ വഴികളിൽ നടക്കുന്നതിൽ തുടരാൻ അവനോടുള്ള സ്‌നേഹവും അവന്റെ മഹദ്‌ഗുണങ്ങളോടുള്ള ആഴമായ വിലമതിപ്പും നിങ്ങളെ പ്രേരിപ്പിക്കുമോ? (ആവർത്തനപുസ്‌തകം 10:12, 13) നമ്മുടെമേൽ ഒരളവിലുള്ള ബുദ്ധിമുട്ടുകൾ കൊണ്ടുവരാൻ സാത്താനെ അനുവദിക്കുകവഴി, അവന്റെ വെല്ലുവിളികൾക്ക്‌ വ്യക്തിപരമായി ഉത്തരം നൽകാനുള്ള അവസരം യഹോവ നമുക്ക്‌ ഓരോരുത്തർക്കും നൽകിയിരിക്കുകയാണ്‌.​—⁠സദൃശവാക്യങ്ങൾ 27:11.

മനുഷ്യർ ‘നിങ്ങളെ പഴിക്കുമ്പോൾ’

7. നമ്മെ യഹോവയിൽനിന്ന്‌ അകറ്റിക്കളയാൻ പിശാച്‌ ഉപയോഗിക്കുന്ന ഒരു തന്ത്രം ഏത്‌?

7 തന്റെ വാദം ശരിയാണെന്നു തെളിയിക്കാനുള്ള ശ്രമത്തിൽ സാത്താൻ അവലംബിക്കുന്ന തന്ത്രങ്ങളിലൊന്ന്‌ നമുക്കിപ്പോൾ കൂടുതൽ അടുത്തു പരിശോധിക്കാം. ദൈവജനത്തെ അടിസ്ഥാനം കൂടാതെ പഴിക്കുന്നത്‌ അല്ലെങ്കിൽ അവരെ കുറിച്ച്‌ അപവാദങ്ങൾ പ്രചരിക്കാൻ ഇടയാക്കിക്കൊണ്ട്‌ അവരെ നിന്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്‌ ആണത്‌. യേശു, സാത്താനെ ‘ഭോഷ്‌കിന്റെ അപ്പൻ’ എന്നു വിളിച്ചു. (യോഹന്നാൻ 8:44) പിശാച്‌ എന്നു വിവർത്തനം ചെയ്‌തിട്ടുള്ള മൂലപദത്തിന്റെ അർഥംതന്നെ “ദൂഷകൻ” എന്നാണ്‌. വർണനാത്മകമായ ആ പേര്‌, ദൈവത്തിനും അവന്റെ തിരുവചനത്തിനും വിശുദ്ധ നാമത്തിനും എതിരെ ആദ്യമായി അപവാദം പറഞ്ഞുണ്ടാക്കിയവൻ എന്ന നിലയിൽ അവനെ തിരിച്ചറിയിക്കുന്നു. യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിൽ പിശാച്‌ തന്ത്രപരമായ പ്രസ്‌താവനകളും വ്യാജാരോപണങ്ങളും നേരിട്ടുള്ള നുണകളും ഉപയോഗിക്കുന്നു. ദൈവത്തിന്റെ വിശ്വസ്‌ത ദാസരെ അപകീർത്തിപ്പെടുത്തുന്നതും ഇതേ തന്ത്രങ്ങളിലൂടെ തന്നെയാണ്‌. ഈ സാക്ഷികളുടെമേൽ നിന്ദ കുന്നിച്ചുകൊണ്ട്‌ കഠിനമായ ഒരു പരിശോധനയെ കൂടുതൽ കഠിനമാക്കാൻ അവനു കഴിയും.

8. ഇയ്യോബിന്റെമേൽ സാത്താൻ നിന്ദ കൊണ്ടുവന്നത്‌ എങ്ങനെ, എന്തു ഫലത്തോടെ?

8 ഇയ്യോബിന്‌ എന്തു സംഭവിച്ചുവെന്നു നോക്കുക. അവന്റെ പേരിന്റെ അർഥം “ശത്രുതയുടെ ലക്ഷ്യം” എന്നാണ്‌. ഇയ്യോബിന്റെ സമ്പത്തും മക്കളും ആരോഗ്യവും നഷ്ടപ്പെടാൻ ഇടയാക്കിയതിനു പുറമേ, ദൈവശിക്ഷ ഏറ്റുവാങ്ങുന്ന ഒരു പാപി എന്ന നിലയിൽ സാത്താൻ അവനെ ചിത്രീകരിക്കുകയും ചെയ്‌തു. മുമ്പ്‌ സമൂഹത്തിൽ വളരെ ആദരിക്കപ്പെട്ടിരുന്ന ഇയ്യോബ്‌ നിന്ദിതനായിത്തീർന്നു. അവന്റെ ബന്ധുക്കളും ഉറ്റ സ്‌നേഹിതന്മാർപോലും അവനെ വെറുത്തു. (ഇയ്യോബ്‌ 19:13-19; 29:1, 2, 7-11) മാത്രമല്ല, വ്യാജാശ്വാസകരെ ഉപയോഗിച്ചുകൊണ്ട്‌ ‘മൊഴികളാൽ അവനെ തകർക്കാനും’ സാത്താൻ ശ്രമിച്ചു. ആദ്യം, അവൻ ഗുരുതരമായ പാപം ചെയ്‌തിരിക്കുമെന്നു തന്ത്രപൂർവം സൂചിപ്പിച്ചുകൊണ്ടും പിന്നെ ഒരു തെറ്റുകാരനെന്ന നിലയിൽ നേരിട്ട്‌ അവനെ കുറ്റപ്പെടുത്തിക്കൊണ്ടുമാണ്‌ അവൻ അതു ചെയ്‌തത്‌. (ഇയ്യോബ്‌ 4:6-9; 19:2; 22:5-10) ഇയ്യോബിനെ അത്‌ എത്രമാത്രം നിരുത്സാഹിതനാക്കിയിരിക്കണം!

9. യേശുവിനെ ഒരു പാപിയായി ചിത്രീകരിച്ചത്‌ എങ്ങനെ?

9 യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവനായ ദൈവപുത്രൻ സാത്താന്റെ ശത്രുതയുടെ മുഖ്യ ലക്ഷ്യമായിത്തീർന്നു. ഭൂമിയിലേക്കു വന്ന യേശുവിനെ, ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ ഒരു പാപിയായി ചിത്രീകരിച്ചുകൊണ്ട്‌ ആത്മീയ കളങ്കമേറ്റവനായി കാണിക്കാൻ സാത്താൻ ശ്രമിച്ചു. (യെശയ്യാവു 53:2-4; യോഹന്നാൻ 9:24) ജനം അവനെ തീനിയും കുടിയനും എന്നു വിളിക്കുകയും അവന്‌ ‘ഒരു ഭൂതമുണ്ടെന്ന്‌’ ആരോപിക്കുകയും ചെയ്‌തു. (മത്തായി 11:18, 19; യോഹന്നാൻ 7:20; 8:48; 10:20) ദൈവദൂഷകൻ എന്ന വ്യാജാരോപണത്തിന്‌ അവൻ വിധേയനായി. (മത്തായി 9:2, 3; 26:63-66; യോഹന്നാൻ 10:​33-36) ഇത്‌ യേശുവിനെ വേദനിപ്പിച്ചു. കാരണം, തന്റെ പിതാവിന്റെ മേൽ ഇത്‌ നിന്ദയാണ്‌ വരുത്തിക്കൂട്ടുന്നതെന്ന്‌ അവന്‌ അറിയാമായിരുന്നു. (ലൂക്കൊസ്‌ 22:41-44) ഒടുവിൽ, ശപിക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെ യേശു ക്രൂശിതനായി. (മത്തായി 27:38-44) പൂർണ നിർമലത പാലിക്കവേ യേശു “പാപികളാൽ” വളരെ “വിരോധം” സഹിച്ചു.​—⁠എബ്രായർ 12:2, 3.

10. ആധുനിക നാളിൽ അഭിഷിക്തരുടെ ശേഷിപ്പ്‌ സാത്താന്റെ ലക്ഷ്യമായിത്തീർന്നിരിക്കുന്നത്‌ എങ്ങനെ?

10 സമാനമായി ആധുനിക നാളിൽ ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികളുടെ ശേഷിപ്പ്‌ പിശാചിന്റെ ശത്രുതയുടെ ലക്ഷ്യങ്ങൾ ആയിത്തീർന്നിട്ടുണ്ട്‌. “[ക്രിസ്‌തുവിന്റെ] സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുററം ചുമത്തുന്ന അപവാദി” എന്നാണ്‌ സാത്താനെ വിളിച്ചിരിക്കുന്നത്‌. (വെളിപ്പാടു 12:9, 10) സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട്‌ ഭൂമിയുടെ പരിസരത്തു മാത്രമായി ഒതുക്കിനിറുത്തപ്പെട്ടിരിക്കുന്ന സമയം മുതൽ, സാത്താൻ അവരെ നിന്ദ്യരും ദ്വേഷിക്കപ്പെടേണ്ടവരുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടിയിരിക്കുന്നു. (1 കൊരിന്ത്യർ 4:13) ചില രാജ്യങ്ങളിൽ അവർക്ക്‌ അപകീർത്തി വരുത്താൻ അപകടകരമായ ഒരു മതഭേദം ആയി അവരെ മുദ്രകുത്തിയിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ കാര്യത്തിലും ഇതുതന്നെ സത്യമായിരുന്നു. (പ്രവൃത്തികൾ 24:5, 14; 28:22) ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ടുകഴിഞ്ഞതുപോലെ, കുപ്രചാരണങ്ങൾ അവരെ അപകീർത്തിപ്പെടുത്തിയിരിക്കുന്നു. എങ്കിലും, “മാനാപമാനങ്ങളും ദുഷ്‌കീർത്തിസല്‌ക്കീർത്തികളും അനുഭവിച്ചു”കൊണ്ട്‌ ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരങ്ങൾ ‘വേറെ ആടുകളിൽപ്പെട്ട’ അവരുടെ സഹകാരികളുടെ പിന്തുണയോടെ ‘ദൈവകൽപ്പന പ്രമാണിക്കാനും യേശുവിന്‌ സാക്ഷ്യം’ വഹിക്കാനും താഴ്‌മയോടെ ശ്രമിച്ചിരിക്കുന്നു.​—⁠2 കൊരിന്ത്യർ 6:8; യോഹന്നാൻ 10:16; വെളിപ്പാടു 12:17.

11, 12. (എ) ക്രിസ്‌ത്യാനികൾക്കു നേരിടേണ്ടിവരുന്ന നിന്ദയ്‌ക്ക്‌ ചിലപ്പോൾ കാരണം എന്തായിരിക്കാം? (ബി) വിശ്വാസത്തെ പ്രതി ഒരു ക്രിസ്‌ത്യാനി ഏതു വിധത്തിൽ അന്യായമായി കഷ്ടം സഹിച്ചേക്കാം?

11 വ്യക്തികളെന്ന നിലയിൽ ദൈവദാസന്മാർക്കുണ്ടാകുന്ന നിന്ദകളെല്ലാം “നീതിനിമിത്ത”മല്ല. (മത്തായി 5:10) നമ്മുടെതന്നെ അപൂർണതകളായിരിക്കാം ചില പ്രശ്‌നങ്ങൾക്കു കാരണം. നാം “കുററം ചെയ്‌തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ” പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല. എന്നാൽ, ഒരു ക്രിസ്‌ത്യാനി “ദൈവത്തെക്കുറിച്ചുള്ള മനോബോധം” അല്ലെങ്കിൽ തന്റെ ദൈവിക മനസ്സാക്ഷി “നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ” യഹോവയുടെ ദൃഷ്ടിയിൽ “അതു പ്രസാദം ആകുന്നു.” (1 പത്രൊസ്‌ 2:19, 20) ഇത്‌ എങ്ങനെ സംഭവിച്ചേക്കാം?

12 തിരുവെഴുത്തു വിരുദ്ധമായ ശവസംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാത്തതിന്റെ പേരിൽ ചിലർ ദുഷ്‌പെരുമാറ്റത്തിനു വിധേയരായിട്ടുണ്ട്‌. (ആവർത്തനപുസ്‌തകം 14:1) യഹോവയുടെ ധാർമിക നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിനാൽ ക്രിസ്‌തീയ യുവജനങ്ങൾ അസഭ്യവർഷത്തിനും പരിഹാസത്തിനും ഇരകളായിരിക്കുന്നു. (1 പത്രൊസ്‌ 4:4) കുട്ടികൾക്ക്‌ രക്തരഹിത വൈദ്യസഹായം നൽകാൻ ശ്രമിച്ചതിന്റെ പേരിൽ ചില മാതാപിതാക്കളെ “അനാസ്ഥ കാട്ടുന്നവ”രോ “നിർദയ”രോ ആയി ചിത്രീകരിച്ചിട്ടുണ്ട്‌. (പ്രവൃത്തികൾ 15:29) യഹോവയുടെ ദാസരാണെന്ന ഏക കാരണത്താൽ ബന്ധുക്കളും അയൽക്കാരും ചില ക്രിസ്‌ത്യാനികൾക്ക്‌ ഭ്രഷ്ട്‌ കൽപ്പിച്ചിട്ടുണ്ട്‌. (മത്തായി 10:34-37) ഇവരെല്ലാം, അന്യായം സഹിക്കുന്നതിൽ പ്രവാചകന്മാരും യേശുവും വെച്ച മാതൃക പിൻപറ്റുന്നവരാണ്‌.​—⁠മത്തായി 5:11, 12; യാക്കോബ്‌ 5:10; 1 പത്രൊസ്‌ 2:21.

അധിക്ഷേപിക്കപ്പെടുമ്പോൾ സഹിച്ചുനിൽക്കൽ

13. രൂക്ഷമായ അധിക്ഷേപത്തിനു വിധേയരാകുമ്പോൾ ആത്മീയ സമനില പാലിക്കാൻ നമ്മെ എന്തു സഹായിക്കും?

13 വിശ്വാസത്തെ പ്രതി രൂക്ഷമായി അധിക്ഷേപിക്കപ്പെടുമ്പോൾ യിരെമ്യാ പ്രവാചകനെപോലെ നാമും നിരുത്സാഹിതരായിത്തീർന്നേക്കാം. ദൈവത്തെ സേവിക്കുന്നതിൽ തുടരാനാവില്ല എന്നു പോലും നമുക്കു തോന്നിപ്പോയേക്കാം. (യിരെമ്യാവു 20:7-9) ആത്മീയ സമനില പാലിക്കാൻ നമ്മെ എന്തു സഹായിക്കും? യഹോവയുടെ വീക്ഷണകോണിൽനിന്നു കാര്യങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുക. പരിശോധനയിൻ കീഴിൽ വിശ്വസ്‌തത പാലിക്കുന്നവരെ സാത്താന്യ ആക്രമണത്തിന്റെ നിസ്സഹായ ഇരകളായിട്ടല്ല, പിന്നെയോ വിജയികളായിട്ടാണ്‌ അവൻ വീക്ഷിക്കുന്നത്‌. (റോമർ 8:37) പിശാചിൽനിന്നുള്ള അധിക്ഷേപം നേരിട്ട ഓരോ സന്ദർഭത്തിലും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിച്ചവരെ ഭാവനയിൽ കാണാൻ ശ്രമിക്കുക. ഹാബെൽ, ഇയ്യോബ്‌, യേശുവിന്റെ അമ്മയായ മറിയ, പുരാതന കാലത്തെ മറ്റു വിശ്വസ്‌തർ, ആധുനിക കാലത്തെ നമ്മുടെ സഹദാസന്മാർ തുടങ്ങിയവരെല്ലാം അതിന്‌ ഉദാഹരണങ്ങളാണ്‌. (എബ്രായർ 11:35-37; 12:1) അവർ വിശ്വസ്‌തത പാലിച്ച വിധത്തെ കുറിച്ചു ധ്യാനിക്കുക. വിശ്വാസത്താൽ ലോകത്തെ ജയിച്ചടക്കിയവരുടെ അണികളിൽ ചേരാൻ വിശ്വസ്‌തരുടെ ആ വലിയ സമൂഹം നമ്മെ ക്ഷണിക്കുകയാണ്‌.​—⁠1 യോഹന്നാൻ 5:⁠4.

14. വിശ്വസ്‌തരായി നിലകൊള്ളാൻ ഉള്ളുരുകിയുള്ള പ്രാർഥനയ്‌ക്കു നമ്മെ സഹായിക്കാനാകുന്നത്‌ എങ്ങനെ?

14 നമ്മുടെ ‘ഹൃദയത്തിന്റെ ആകുലതകൾ വർദ്‌ധിക്കുന്നെങ്കിൽ’ നമുക്കു യഹോവയോട്‌ ഉള്ളുരുകി പ്രാർഥിക്കാം, അവൻ ആശ്വാസവും ബലവും പകരും. (സങ്കീർത്തനം 50:15; 94:​19, പി.ഒ.സി. ബൈബിൾ) പരിശോധനയെ വിജയകരമായി തരണംചെയ്യാൻ ആവശ്യമായ ജ്ഞാനം അവൻ നൽകും. കൂടാതെ തന്റെ ദാസർക്ക്‌ അന്യായമായി നേരിടേണ്ടിവരുന്ന പകയ്‌ക്ക്‌ കാരണമായ, തന്റെ പരമാധികാരം സംബന്ധിച്ച വലിയ വിവാദപ്രശ്‌നം സദാ മനസ്സിൽ അടുപ്പിച്ചുനിറുത്താൻ യഹോവ നമ്മെ സഹായിക്കുകയും ചെയ്യും. (യാക്കോബ്‌ 1:5) “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” നൽകാനും അവനു കഴിയും. (ഫിലിപ്പിയർ 4:6, 7) കടുത്ത സമ്മർദത്തിൻ കീഴിലായിരിക്കെ സംശയിക്കുകയോ ഭയപ്പെടുകയോ ചെയ്യാതെ ശാന്തരും ദൃഢചിത്തരുമായി നിലകൊള്ളാൻ ദൈവം നൽകുന്ന ഈ പ്രശാന്തത നമ്മെ പ്രാപ്‌തരാക്കും. നമുക്ക്‌ എന്തെല്ലാം നേരിടാൻ അവൻ അനുവദിച്ചാലും തന്റെ ആത്മാവ്‌ മുഖാന്തരം നമ്മെ താങ്ങാൻ അവനു സാധിക്കും.​—⁠1 കൊരിന്ത്യർ 10:13.

15. കഷ്ടപ്പാട്‌ അനുഭവിക്കേണ്ടിവരുമ്പോൾ അതിന്‌ ഇടയാക്കുന്നവരോട്‌ വിദ്വേഷം വെച്ചുപുലർത്താതിരിക്കാൻ നമ്മെ എന്തു സഹായിക്കും?

15 കാരണം കൂടാതെ നമ്മെ പകയ്‌ക്കുന്നവരോടു വിദ്വേഷം വെച്ചുപുലർത്താതിരിക്കാൻ നമ്മെ എന്തു സഹായിക്കും? നമ്മുടെ മുഖ്യ ശത്രുക്കൾ സാത്താനും ഭൂതങ്ങളുമാണെന്ന്‌ ഓർക്കുക. (എഫെസ്യർ 6:12) മനഃപൂർവം ദൈവജനത്തെ പീഡിപ്പിക്കുന്ന ചിലർ ഉണ്ടെങ്കിലും, കൂടുതൽ പേരും അങ്ങനെ ചെയ്യുന്നത്‌ അജ്ഞതയോ മറ്റുള്ളവരുടെ പ്രേരണയോ നിമിത്തമാണ്‌. (ദാനീയേൽ 6:4-16; 1 തിമൊഥെയൊസ്‌ 1:12, 13) “രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ഉള്ള അവസരം “സകലമനുഷ്യ”ർക്കും ലഭിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ്‌ 2:4) വാസ്‌തവത്തിൽ, ചില മുൻകാല പീഡകർ നമ്മുടെ കുറ്റമറ്റ നടത്ത കണ്ട്‌ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾ ആയിത്തീർന്നിട്ടുണ്ട്‌. (1 പത്രൊസ്‌ 2:12) കൂടാതെ, യാക്കോബിന്റെ പുത്രനായ യോസെഫിന്റെ ദൃഷ്ടാന്തത്തിൽനിന്നും നമുക്ക്‌ ഒരു പാഠം ഉൾക്കൊള്ളാൻ കഴിയും. തന്റെ അർധ സഹോദരന്മാർ നിമിത്തം വല്ലാതെ കഷ്ടപ്പെട്ടെങ്കിലും അവൻ അവരോടു വിദ്വേഷം വെച്ചുപുലർത്തിയില്ല. എന്തുകൊണ്ട്‌? കാരണം, ആ സംഭവത്തിൽ യഹോവയുടെ ഇടപെടൽ അവനു കാണാൻ കഴിഞ്ഞു, തന്റെ ഉദ്ദേശ്യനിവൃത്തിക്കായി യഹോവ കാര്യങ്ങളെ നയിക്കുന്നത്‌ അവൻ തിരിച്ചറിഞ്ഞു. (ഉല്‌പത്തി 45:4-8) സമാനമായി, നമുക്കു നേരിട്ടേക്കാവുന്ന അന്യായമായ ഏതൊരു കഷ്ടപ്പാടിനെയും തന്റെ നാമ മഹത്ത്വത്തിന്‌ ഇടയാകുംവിധമാക്കാൻ യഹോവയ്‌ക്കു കഴിയും.​—⁠1 പത്രൊസ്‌ 4:16.

16, 17. പ്രസംഗവേലയെ തടസ്സപ്പെടുത്താനുള്ള എതിരാളികളുടെ ശ്രമങ്ങളെ പ്രതി നാം അത്യധികം ഉത്‌കണ്‌ഠാകുലരാകേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

16 സുവാർത്തയുടെ വ്യാപനത്തെ തടയുന്നതിൽ എതിരാളികൾ കുറച്ചു കാലത്തേക്കു വിജയിക്കുന്നതായി തോന്നുന്നെങ്കിൽ നാം അത്യധികം ഉത്‌കണ്‌ഠപ്പെടേണ്ടതില്ല. ആഗോള സാക്ഷീകരണത്തിലൂടെ യഹോവ ഇപ്പോൾ രാഷ്‌ട്രങ്ങളെ ഇളക്കുകയാണ്‌, മനോഹരവസ്‌തുക്കൾ വന്നുചേർന്നുകൊണ്ടിരിക്കുന്നു. (ഹഗ്ഗായി 2:7) നല്ല ഇടയനായ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; . . . ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയും ഇല്ല.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യോഹന്നാൻ 10:26-29) വിശുദ്ധ ദൂതന്മാരും വലിയ ആത്മീയ കൊയ്‌ത്തിൽ പങ്കെടുക്കുന്നുണ്ട്‌. (മത്തായി 13:39, 41; വെളിപ്പാടു 14:6, 7) അതുകൊണ്ട്‌, എതിരാളികൾ എന്തൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്‌താലും അവർക്ക്‌ യഹോവയുടെ ഉദ്ദേശ്യത്തെ വിഫലമാക്കാനാവില്ല.​—⁠യെശയ്യാവു 54:17; പ്രവൃത്തികൾ 5:38, 39.

17 മിക്കപ്പോഴും എതിരാളികളുടെ ശ്രമങ്ങൾ വിപരീത ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്‌. ആഫ്രിക്കയിലെ ഒരു സ്ഥലത്ത്‌, യഹോവയുടെ സാക്ഷികൾ പിശാചിനെ ആരാധിക്കുന്നവരാണ്‌ എന്നതുൾപ്പെടെയുള്ള ഹീനമായ നുണകൾ പ്രചരിച്ചിരുന്നു. ഇക്കാരണത്താൽ, സാക്ഷികളെ കാണുമ്പോൾത്തന്നെ ഗ്രേസ്‌ എന്ന സ്‌ത്രീ തന്റെ വീടിന്‌ പുറകിൽ പോയി ഒളിക്കുമായിരുന്നു. ഒരു ദിവസം അവളുടെ പള്ളിയിലെ പാസ്റ്റർ നമ്മുടെ ഒരു പ്രസിദ്ധീകരണം കാണിച്ചിട്ട്‌, വിശ്വാസം വിട്ടുപോകാൻ ഇടയാക്കുമെന്നതിനാൽ അതു വായിക്കരുതെന്ന്‌ സന്നിഹിതരായിരുന്ന എല്ലാവരോടുമായി പറഞ്ഞു. ഇത്‌ ഗ്രേസിന്റെ ജിജ്ഞാസ ഉണർത്തി. അടുത്ത തവണ സാക്ഷികൾ വന്നപ്പോൾ ഒളിക്കുന്നതിനു പകരം അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും പ്രസ്‌തുത പ്രസിദ്ധീകരണം സ്വീകരിക്കുകയും ചെയ്‌തു. തുടർന്ന്‌ ഒരു ബൈബിളധ്യയനം ആരംഭിച്ചു, 1996-ൽ അവർ സ്‌നാപനവുമേറ്റു. യഹോവയുടെ സാക്ഷികളെ കുറിച്ച്‌ അബദ്ധധാരണകൾ ഉണ്ടായിരുന്നേക്കാവുന്നവരെ തിരഞ്ഞുപിടിക്കാനായി ഗ്രേസ്‌ ഇപ്പോൾ തന്റെ സമയം വിനിയോഗിക്കുന്നു.

നിങ്ങളുടെ വിശ്വാസം ഇപ്പോൾ ബലിഷ്‌ഠമാക്കുക

18. കഠിന പരിശോധനകൾ ഉണ്ടാകുന്നതിനു മുമ്പേ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കേണ്ടത്‌ എന്തുകൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

18 അന്യായമായ പക നിമിത്തം സാത്താൻ ഏതു സമയത്തും നമുക്കെതിരെ ആഞ്ഞടിച്ചേക്കാം എന്നതിനാൽ, നാം ഇപ്പോൾ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കേണ്ടത്‌ അടിയന്തിരമാണ്‌. നമുക്ക്‌ ഇത്‌ എങ്ങനെ ചെയ്യാനാകും? യഹോവയുടെ ജനം പീഡനത്തിന്‌ വിധേയരായിട്ടുള്ള ഒരു രാജ്യത്തുനിന്നുള്ള റിപ്പോർട്ട്‌ ഇപ്രകാരം പറയുന്നു: “ഒരു കാര്യം വളരെ വ്യക്തമാണ്‌: നല്ല ആത്മീയ ശീലങ്ങളും ബൈബിൾ സത്യത്തോട്‌ ആഴമായ വിലമതിപ്പും ഉള്ളവർക്ക്‌ പരിശോധനകളിന്മധ്യേ ഉറച്ചുനിൽക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ ‘അനുകൂല സമയത്ത്‌’ യോഗങ്ങൾ മുടക്കുകയും വയൽ സേവനത്തിൽ ക്രമമായി ഏർപ്പെടാതിരിക്കുകയും ചെറിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകുകയും ചെയ്യുന്നവരാണ്‌ അഗ്നിസമാന പരിശോധനകൾ ഉണ്ടാകുമ്പോൾ മിക്കപ്പോഴും വീണുപോകുന്നത്‌.” (2 തിമൊഥെയൊസ്‌ 4:2) പുരോഗതി വരുത്തേണ്ട ഏതെങ്കിലും വശം നിങ്ങൾക്കുണ്ടെന്നു കാണുന്നെങ്കിൽ താമസംവിനാ അതു ചെയ്യാൻ ശ്രമിക്കുക.​—⁠സങ്കീർത്തനം 119:60.

19. അന്യായമായ പകയ്‌ക്കു പാത്രമായിത്തീരുമ്പോഴും ദൈവദാസർ ദൃഢവിശ്വസ്‌തത പാലിക്കുന്നതിലൂടെ എന്തു സാധ്യമാകുന്നു?

19 സാത്താന്യ പകയ്‌ക്കു പാത്രമായിത്തീരുമ്പോഴും സത്യാരാധകർ പ്രകടമാക്കുന്ന ദൃഢവിശ്വസ്‌തത യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തിനും അർഹതയ്‌ക്കും നീതിക്കുമുള്ള ജീവസ്സുറ്റ തെളിവാണ്‌. അവരുടെ വിശ്വസ്‌തത ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. മറ്റാളുകൾ അവരുടെമേൽ നിന്ദ കുന്നിച്ചേക്കാമെങ്കിലും, ആകാശത്തിനും ഭൂമിക്കും മീതെ ഉന്നതനായവൻ “അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല.” വിശ്വസ്‌തരായ അത്തരം സകലരെയും കുറിച്ച്‌ “ലോകം അവർക്കു യോഗ്യമായിരുന്നില്ല” എന്ന്‌ ഉചിതമായി പറയാൻ കഴിയും.​—⁠എബ്രായർ 11:16, 38.

[അടിക്കുറിപ്പ്‌]

^ ഖ. 2 തിരുവെഴുത്തുകളിൽ “പകയ്‌ക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്‌ നിരവധി അർഥച്ഛായകളുണ്ട്‌. ചില സന്ദർഭങ്ങളിൽ, മറ്റൊന്നിനോടുള്ളതിനെക്കാൾ കുറഞ്ഞ അളവിൽ സ്‌നേഹം പ്രകടമാക്കുക എന്ന അർഥം മാത്രമേ അതിനുള്ളൂ. (ആവർത്തനപുസ്‌തകം 21:15, 16) വ്യക്തിക്കോ വസ്‌തുവിനോ ഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ അവയോടുള്ള കടുത്ത അനിഷ്ടം നിമിത്തം അവയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നതിനെ കുറിക്കാനും ഈ വാക്ക്‌ ഉപയോഗിച്ചിട്ടുണ്ട്‌. എന്നിരുന്നാലും, ആ പദത്തിന്‌ ദ്രോഹബുദ്ധ്യായുള്ള, നീണ്ടുനിൽക്കുന്ന കടുത്ത ശത്രുതയെയും അർഥമാക്കാൻ കഴിയും. ഈ അർഥത്തിലാണ്‌ “പക” എന്ന പദം ഈ ലേഖനത്തിൽ ചർച്ച ചെയ്‌തിരിക്കുന്നത്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• സത്യാരാധകരുടെ നേർക്കുള്ള അന്യായമായ പകയ്‌ക്കു കാരണമെന്ത്‌?

• ഇയ്യോബിന്റെയും യേശുവിന്റെയും ദൃഢവിശ്വസ്‌തത തകർക്കാനുള്ള ശ്രമത്തിൽ സാത്താൻ നിന്ദ ഉപയോഗിച്ചത്‌ എങ്ങനെ?

• സാത്താന്യ പകയ്‌ക്കു പാത്രമാകുമ്പോഴും ഉറച്ചുനിൽക്കാൻ യഹോവ നമ്മെ ശക്തരാക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചതുരം/ചിത്രം]

അവർ യഥാർഥ വിവാദപ്രശ്‌നം തിരിച്ചറിഞ്ഞു

ഏതാണ്ട്‌ 50 വർഷമായി രാജ്യപ്രസംഗവേല നിരോധിച്ചിരിക്കുന്ന യൂക്രെയിനിൽനിന്നുള്ള ഒരു സാക്ഷി ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്ക്‌ ഉണ്ടായ സാഹചര്യം മാനുഷ ബന്ധങ്ങളുടെ വെളിച്ചത്തിൽ മാത്രം വിലയിരുത്തരുത്‌ . . . മിക്ക ഉദ്യോഗസ്ഥരും തങ്ങളെ ഏൽപ്പിച്ച ജോലി നിർവഹിക്കുക മാത്രമാണു ചെയ്‌തത്‌. ഗവൺമെന്റ്‌ മാറിയപ്പോൾ ഉദ്യോഗസ്ഥരും കൂറുമാറി. എന്നാൽ ഞങ്ങൾക്കു മാറ്റം വന്നില്ല. ഞങ്ങളുടെ പ്രശ്‌നങ്ങളുടെ യഥാർഥ ഉറവിടം ഏതാണെന്ന്‌ ബൈബിൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നു ഞങ്ങൾക്ക്‌ അറിയാമായിരുന്നു.

“മർദകരുടെ വെറും നിഷ്‌കളങ്കരായ ഇരകളായി ഞങ്ങൾ ഞങ്ങളെത്തന്നെ വീക്ഷിച്ചില്ല. ഏദെൻ തോട്ടത്തിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയത്തിന്റെ​—⁠ദൈവത്തിന്റെ ഭരണാവകാശം ഉൾപ്പെട്ട വിവാദവിഷയത്തിന്റെ​—⁠വ്യക്തമായ ഗ്രാഹ്യമാണ്‌ സഹിച്ചുനിൽക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കിയത്‌ . . . മനുഷ്യരുടെ വ്യക്തിപരമായ താത്‌പര്യങ്ങളുമായി മാത്രമല്ല അഖിലാണ്ഡ പരമാധികാരിയുടെ താത്‌പര്യങ്ങളുമായും ബന്ധപ്പെട്ട ഒരു വിവാദവിഷയത്തിനു വേണ്ടിയാണു ഞങ്ങൾ നിലയുറപ്പിച്ചത്‌. ഉൾപ്പെട്ടിരുന്ന യഥാർഥ സംഗതികളെ കുറിച്ചു വളരെ വ്യക്തമായ ഗ്രാഹ്യം ഞങ്ങൾക്ക്‌ ഉണ്ടായിരുന്നു. അതു ഞങ്ങളെ ശക്തരാക്കി, അതികഠിന സാഹചര്യങ്ങളിൽ പോലും വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്‌തു.”

[ചിത്രം]

വിക്ടർ പോപ്പോവിച്ച്‌, 1970-ൽ അറസ്റ്റു ചെയ്യപ്പെട്ടു

[13-ാം പേജിലെ ചിത്രം]

യേശുവിന്‌ അനുഭവിക്കേണ്ടിവന്ന നിന്ദയ്‌ക്കു പിന്നിൽ ആരായിരുന്നു?

[15-ാം പേജിലെ ചിത്രങ്ങൾ]

ഇയ്യോബ്‌, മറിയ എന്നിവരും സ്റ്റാൻലി ജോൺസിനെപ്പോലുള്ള ആധുനികകാല ദൈവദാസരും യഹോവയുടെ പരമാധികാ⁠രം ഉയർത്തിപ്പിടിച്ചു