ക്ഷീണിതർ എങ്കിലും തളർന്നുപോകുന്നില്ല
ക്ഷീണിതർ എങ്കിലും തളർന്നുപോകുന്നില്ല
‘യഹോവ ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്‌കുന്നു; ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു.’—യെശയ്യാവു 40:28, 29.
1, 2. (എ) സത്യാരാധകർ ആയിരിക്കാൻ ആഗ്രഹിക്കുന്ന സകലർക്കും ഹൃദ്യമായ ഏത് ക്ഷണം നൽകപ്പെടുന്നു? (ബി) നമ്മുടെ ആത്മീയതയ്‌ക്കു ഗുരുതരമായ ഒരു ഭീഷണി ആയിത്തീർന്നേക്കാവുന്നത് എന്ത്?
യേശുവിന്റെ ശിഷ്യരെന്ന നിലയിൽ നമുക്കെല്ലാം അവന്റെ പിൻവരുന്ന ഹൃദ്യമായ ക്ഷണം സുപരിചിതമാണ്: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. . . . എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28-30) ‘[യഹോവയുടെ] സമ്മുഖത്തുനിന്നുള്ള ആശ്വാസകാലങ്ങളും’ ക്രിസ്‌ത്യാനികൾക്കു വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. (പ്രവൃത്തികൾ 3:19) ബൈബിൾ സത്യങ്ങൾ പഠിക്കുന്നതിന്റെയും ഭാവി സംബന്ധിച്ച് ശോഭനമായ ഒരു പ്രത്യാശ ഉണ്ടായിരിക്കുന്നതിന്റെയും ജീവിതത്തിൽ യഹോവയുടെ തത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെയും ആശ്വാസദായകമായ അഥവാ നവോന്മേഷം പകരുന്ന ഫലങ്ങൾ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്നതിനു സംശയമില്ല.
2 എങ്കിലും, യഹോവയുടെ ആരാധകരിൽ ചിലർക്ക് വൈകാരികമായ ക്ഷീണം അനുഭവപ്പെടുന്ന സമയങ്ങളുണ്ടാകാം. ചിലപ്പോൾ ഈ നിരുത്സാഹം കുറച്ചുസമയത്തേക്കേ കാണുകയുള്ളൂ. മറ്റു ചിലപ്പോഴാകട്ടെ അതു ദീർഘകാലം നീണ്ടുനിന്നേക്കാം. കാലം കഴിയുന്നതോടെ, ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ യേശു വാഗ്‌ദാനം ചെയ്‌തതുപോലെ നവോന്മേഷദായകമല്ല മറിച്ച് ഒരു ഭാരമാണ് എന്ന് ചിലർക്കു തോന്നിത്തുടങ്ങിയേക്കാം. അത്തരം നിഷേധാത്മക വികാരങ്ങൾ യഹോവയുമായുള്ള ഒരു ക്രിസ്‌ത്യാനിയുടെ ബന്ധത്തെ അപകടപ്പെടുത്തുന്ന ഗുരുതരമായ ഒരു ഭീഷണിയായിത്തീർന്നേക്കാം.
3. യേശു യോഹന്നാൻ 14:1-ലെ ബുദ്ധിയുപദേശം നൽകിയത് എന്തുകൊണ്ട്?
3 തന്നെ അറസ്റ്റ് ചെയ്‌തു വധിക്കുന്നതിനു കുറച്ചുനാൾ മുമ്പ് യേശു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു: ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹന്നാൻ 14:1) അപ്പൊസ്‌തലന്മാർ ദുഃഖകരമായ സംഭവങ്ങൾ നേരിടാനിരിക്കുകയായിരുന്നതിനാലാണ് യേശു അങ്ങനെ പറഞ്ഞത്. അതേത്തുടർന്നു പീഡനം പൊട്ടിപ്പുറപ്പെടുമായിരുന്നു. അങ്ങേയറ്റത്തെ നിരുത്സാഹം തന്റെ അപ്പൊസ്‌തലന്മാരെ ഇടറിച്ചേക്കാമെന്ന് യേശുവിന് അറിയാമായിരുന്നു. (യോഹന്നാൻ 16:1) അപ്പൊസ്‌തലന്മാർ തങ്ങളുടെ ദുഃഖത്തിന്റേതായ വികാരങ്ങളെ നിയന്ത്രിക്കാത്തപക്ഷം അത് അവരെ ആത്മീയമായി ദുർബലരാക്കുകയും യഹോവയിലുള്ള അവരുടെ ആശ്രയത്തെ കവർന്നുകളയുകയും ചെയ്യുമായിരുന്നു. ഇക്കാലത്തെ ക്രിസ്‌ത്യാനികളെ സംബന്ധിച്ചും ഇതു സത്യമാണ്. നീണ്ടുനിൽക്കുന്ന നിരുത്സാഹം വർധിച്ച മനോവ്യഥയ്‌ക്ക് ഇടയാക്കുകയും നമ്മുടെ ഹൃദയത്തെ ഭാരപ്പെടുത്തുകയും ചെയ്‌തേക്കാം. (യിരെമ്യാവു 8:18) നമ്മുടെ ആന്തരിക വ്യക്തിയും ദുർബലമായേക്കാം. ഇത്തരം സമ്മർദത്തിൽ ആയിരിക്കെ, നാം വൈകാരികവും ആത്മീയവുമായി തളർന്ന് യഹോവയെ ആരാധിക്കാനുള്ള നമ്മുടെ ആഗ്രഹം നഷ്ടപ്പെടാൻ പോലും ഇടയുണ്ട്.
4. നമ്മുടെ ആലങ്കാരിക ഹൃദയം തളർന്നുപോകാതിരിക്കാൻ എന്തു സഹായിക്കും?
4 ആ സ്ഥിതിക്ക് ബൈബിൾ നൽകുന്ന പിൻവരുന്ന ബുദ്ധിയുപദേശം എത്ര ഉചിതമാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” (സദൃശവാക്യങ്ങൾ 4:23) നിരുത്സാഹത്തിൽനിന്നും ആത്മീയ ക്ഷീണത്തിൽനിന്നും നമ്മുടെ പ്രതീകാത്മക ഹൃദയത്തെ സംരക്ഷിക്കാൻ ഉതകുന്ന പ്രായോഗിക ബുദ്ധിയുപദേശം ബൈബിൾ നമുക്കു നൽകുന്നുണ്ട്. എന്നാൽ ആദ്യമായി, നമ്മെ ക്ഷീണിതരാക്കുന്നത് എന്താണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
ക്രിസ്‌ത്യാനിത്വം മർദകമല്ല
5. ക്രിസ്‌തീയ ശിഷ്യത്വം സംബന്ധിച്ച് ഏതു വൈരുദ്ധ്യം ഉള്ളതായി തോന്നിയേക്കാം?
5 ഒരു ക്രിസ്‌ത്യാനി ആയിരിക്കുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിരിക്കുന്നു എന്നതു ശരിതന്നെ. (ലൂക്കൊസ് 13:24) ‘തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’ എന്നു പോലും യേശു പ്രസ്‌താവിച്ചു. (ലൂക്കൊസ് 14:27) ഈ വാക്കുകൾ, തന്റെ ചുമട് ലഘുവും ആശ്വാസദായകവുമാണെന്ന അവന്റെതന്നെ പ്രസ്‌താവനയ്‌ക്കു വിരുദ്ധമാണെന്നു പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാൽ യഥാർഥത്തിൽ ഇതിൽ യാതൊരു വൈരുദ്ധ്യവുമില്ല.
6, 7. നമ്മുടെ ആരാധനാരീതി ക്ഷീണിപ്പിക്കുന്നതല്ലെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
6 കഠിനാധ്വാനവും ശ്രമവും ശാരീരികമായി ക്ഷീണിപ്പിക്കുന്നതാണെങ്കിലും ഒരു നല്ല കാര്യത്തിനുവേണ്ടി ആകുമ്പോൾ അവയ്‌ക്കു സംതൃപ്‌തികരവും നവോന്മേഷദായകവും ആയിരിക്കാനാകും. (സഭാപ്രസംഗി 3:13, 22) നമ്മുടെ അയൽക്കാരുമായി മഹത്തായ ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതിനെക്കാൾ മെച്ചമായ ഏതു കാര്യമാണുള്ളത്? മാത്രമല്ല, ദൈവത്തിന്റെ ഉയർന്ന ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനായി ചെയ്യേണ്ടിവരുന്ന കഠിനശ്രമം അതിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളോടുള്ള താരതമ്യത്തിൽ നിസ്സാരമാണ്. (സദൃശവാക്യങ്ങൾ 2:10-20) പീഡിപ്പിക്കപ്പെടുമ്പോൾപോലും, ദൈവരാജ്യത്തിനുവേണ്ടി കഷ്ടം സഹിക്കുന്നതിനെ നാം ഒരു പദവിയായി വീക്ഷിക്കുന്നു.—1 പത്രൊസ് 4:14.
7 യേശുവിന്റെ നുകം നവോന്മേഷദായകംതന്നെയാണ്. വ്യാജമതത്തിന്റെ നുകത്തിൻ കീഴിൽ കഴിയുന്നവരുടെ ആത്മീയ അന്ധകാരത്തോടു താരതമ്യപ്പെടുത്തുമ്പോൾ ആ സത്യം വിശേഷിച്ചും വ്യക്തമായിത്തീരുന്നു. നമ്മോട് സ്‌നേഹവും വാത്സല്യവുമുള്ളവനാണ് ദൈവം. നമുക്കു ന്യായമായും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവൻ നമ്മോട് ആവശ്യപ്പെടുന്നില്ല. “അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള സത്യക്രിസ്‌ത്യാനിത്വം മർദകമല്ല. നമ്മുടെ ആരാധനാരീതി ഒരിക്കലും നമ്മെ ക്ഷീണിതരോ നിരുത്സാഹിതരോ ആക്കുന്നില്ല.
‘സകല ഭാരവും വിടുക’
8. പലപ്പോഴും ആത്മീയ ക്ഷീണത്തിന്റെ കാരണം എന്താണ്?
8 നമുക്കുണ്ടാകുന്ന ഏതൊരു ആത്മീയ ക്ഷീണവും പലപ്പോഴും ഈ ദുഷിച്ച വ്യവസ്ഥിതി നമ്മുടെമേൽ വരുത്തുന്ന അധിക ഭാരത്തിന്റെ ഫലമാണ്. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന”തിനാൽ നമ്മെ ക്ഷീണിപ്പിക്കുകയും നമ്മുടെ ക്രിസ്‌തീയ സമനിലയെ ദുർബലമാക്കുകയും ചെയ്യുന്ന വിരുദ്ധ ശക്തികളാണ് നമുക്കു ചുറ്റുമുള്ളത്. (1 യോഹന്നാൻ 5:19) അത്യാവശ്യമല്ലാത്ത കാര്യങ്ങൾ നമ്മുടെ ജീവിതത്തെ സങ്കീർണമാക്കുകയും ക്രിസ്‌തീയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്‌തേക്കാം. കൂടുതലായ ഈ ചുമടുകൾ നമ്മെ ഭാരപ്പെടുത്തുകയും ഞെരിച്ചുകളയുകപോലും ചെയ്‌തേക്കാം. അതിനാൽ ഉചിതമായും, ‘സകല ഭാരവും വിടാൻ’ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.—എബ്രായർ 12:1-3.
9. ഭൗതിക കാര്യങ്ങൾ നമ്മെ ഭാരപ്പെടുത്തിയേക്കാവുന്നത് എങ്ങനെ?
9 ഉദാഹരണത്തിന്, സ്ഥാനമാനങ്ങൾക്കും പണത്തിനും വിനോദത്തിനും ഉല്ലാസയാത്രകൾക്കും മറ്റു ഭൗതിക കാര്യങ്ങൾക്കും പിന്നാലെയുള്ള ഈ ലോകത്തിന്റെ പരക്കംപാച്ചൽ നമ്മുടെ ചിന്താഗതിയെയും സ്വാധീനിച്ചേക്കാം. (1 യോഹന്നാൻ 2:15-17) സമ്പത്തിനു പിന്നാലെ പോയിക്കൊണ്ട് ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾ തങ്ങളുടെ ജീവിതത്തെ അതിസങ്കീർണമാക്കി. അപ്പൊസ്‌തലനായ പൗലൊസ് ഇങ്ങനെ വിശദീകരിച്ചു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:9, 10.
10. വിതകാരനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ധനത്തെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
10 ദൈവസേവനത്തിൽ നമുക്കുണ്ടാകുന്ന ക്ഷീണവും നിരുത്സാഹവും ഒരുപക്ഷേ ഭൗതികകാര്യങ്ങൾ നമ്മുടെ ആത്മീയതയെ ഞെരുക്കിക്കളയുന്നതിന്റെ ഫലമാണോ? വിതകാരനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നതുപോലെ, ഇതിനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല. യേശു ‘ഇഹലോകത്തിന്റെ ചിന്തകളെയും ധനത്തിന്റെ വഞ്ചനയെയും മററു വിഷയ മോഹങ്ങളെയും’ നമ്മുടെ ഹൃദയത്തിലുള്ള ദൈവവചനമാകുന്ന വിത്തിനെ “ഞെരുക്കി നിഷ്‌ഫലമാക്കിതീർക്കുന്ന” മുള്ളുകളോട് ഉപമിച്ചു. (മർക്കൊസ് 4:18, 19) അക്കാരണത്താൽ, ബൈബിൾ നമുക്ക് ഈ ബുദ്ധിയുപദേശം തരുന്നു: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ.’—എബ്രായർ 13:5.
11. നമ്മെ ഭാരപ്പെടുത്തിയേക്കാവുന്ന കാര്യങ്ങൾ എങ്ങനെ ഒഴിവാക്കാനായേക്കും?
11 ചിലപ്പോൾ നമ്മുടെ ജീവിതത്തെ സങ്കീർണമാക്കുന്നത് കൂടുതൽ വസ്‌തുക്കൾ വാരിക്കൂട്ടാനുള്ള ശ്രമമല്ല, മറിച്ച് ഉള്ള വസ്‌തുക്കൾകൊണ്ട് നാം എന്തു ചെയ്യുന്നു എന്നതാണ്. ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ ഉറ്റവരുടെ മരണമോ അസ്വസ്ഥജനകമായ മറ്റ് പ്രശ്‌നങ്ങളോ നിമിത്തം വൈകാരികമായ ക്ഷീണം അനുഭവപ്പെട്ടേക്കാം. ഇടയ്‌ക്കിടെ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതിന്റെ ആവശ്യം അങ്ങനെയുള്ളവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു ദമ്പതികൾ അവർക്കുണ്ടായിരുന്ന ചില ഹോബികളും അത്യാവശ്യമല്ലാത്ത വ്യക്തിഗത പദ്ധതികളും വെട്ടിച്ചുരുക്കി. അവർ കൈവശമുള്ള സാധനങ്ങൾ പരിശോധിച്ച് അത്തരം പദ്ധതികളുമായി ബന്ധപ്പെട്ട സാമഗ്രികളെല്ലാം പൊതിഞ്ഞുകെട്ടി കണ്ണു ചെല്ലാത്ത ഒരിടത്ത് കൊണ്ടുപോയിവെച്ചു. ഇടയ്‌ക്കിടെ നമ്മുടെ ശീലങ്ങളും വസ്‌തുവകകളും പരിശോധിച്ചുകൊണ്ട് ക്ഷീണിച്ചുതളർന്നുപോകാൻ ഇടയാക്കിയേക്കാവുന്ന അനാവശ്യമായ ഭാരം വിട്ടുകളയുന്നതിൽനിന്നു നമുക്കേവർക്കും പ്രയോജനം നേടാനാകും.
ന്യായയുക്തതയും എളിമയും അനിവാര്യം
12. നമ്മുടെതന്നെ തെറ്റുകൾ സംബന്ധിച്ച് നാം എന്തു തിരിച്ചറിയണം?
12 ചെറിയ കാര്യങ്ങളിൽപ്പോലുമുള്ള നമ്മുടെ സ്വന്തം തെറ്റുകൾക്ക് ക്രമേണ നമ്മുടെ ജീവിതത്തെ സങ്കീർണമാക്കിത്തീർക്കാനാകും. “എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു” എന്ന ദാവീദിന്റെ വാക്കുകൾ എത്ര സത്യമാണ്. (സങ്കീർത്തനം 38:4) മിക്കപ്പോഴും, പ്രായോഗികമായ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത് വലിയ ഭാരങ്ങൾ ഇറക്കിവെക്കാൻ നമ്മെ സഹായിക്കും.
13. ശുശ്രൂഷയോടു ബന്ധപ്പെട്ട് സമനിലയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ ന്യായയുക്തത നമ്മെ സഹായിക്കുന്നത് എങ്ങനെ?
13 “ജ്ഞാനവും [“പ്രായോഗിക ജ്ഞാനവും,” NW] വകതിരിവും” വളർത്തിയെടുക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:21, 22) “ഉയരത്തിൽനിന്നുള്ള ജ്ഞാനം ന്യായയുക്തമാണ്’ എന്ന് അതു പറയുന്നു. (യാക്കോബ് 3:17, NW) ചിലർ ക്രിസ്‌തീയ ശുശ്രൂഷയിൽ മറ്റുള്ളവർ ചെയ്യുന്നതിനൊപ്പം ചെയ്യാനുള്ള സമ്മർദത്തിലായിരിക്കുന്നു. എന്നിരുന്നാലും, ബൈബിൾ നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറെറാരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും. ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:4, 5) യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ സഹക്രിസ്‌ത്യാനികളുടെ നല്ല മാതൃക സഹായകമാണെങ്കിലും വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസൃതമായി കൈവരിക്കാനാകുന്ന ലക്ഷ്യങ്ങൾ വെക്കാൻ പ്രായോഗിക ജ്ഞാനവും ന്യായയുക്തതയും നമ്മെ പ്രാപ്‌തരാക്കും.
14, 15. നമ്മുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കായി കരുതുന്നതിൽ നമുക്ക് എപ്രകാരം പ്രായോഗിക ജ്ഞാനം പ്രകടമാക്കാനാകും?
14 പ്രാധാന്യം കുറഞ്ഞതെന്നു തോന്നിയേക്കാവുന്ന കാര്യങ്ങളിൽപ്പോലുമുള്ള നമ്മുടെ ന്യായയുക്തത ക്ഷീണിച്ചുപോകുന്നതിൽനിന്നു നമ്മെ സംരക്ഷിക്കും. ഉദാഹരണത്തിന്, നല്ല ആരോഗ്യം നിലനിറുത്തുന്നതിനു സഹായിക്കുന്ന സമനിലയോടു കൂടിയ ശീലങ്ങൾ നാം വളർത്തിയെടുക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിലൊന്നിൽ സേവിക്കുന്ന ഒരു ദമ്പതികളുടെ കാര്യമെടുക്കുക. ക്ഷീണത്തെ തടുക്കുന്നതിൽ പ്രായോഗിക ജ്ഞാനത്തിന്റെ മൂല്യം ഇവർ മനസ്സിലാക്കിയിരിക്കുന്നു. ഭാര്യ ഇങ്ങനെ പറയുന്നു: “എത്രമാത്രം ജോലി ഉണ്ടായിരുന്നാലും ഓരോ രാത്രിയിലും ഏതാണ്ട് ഒരേസമയത്തുതന്നെ ഞങ്ങൾ കിടക്കാൻ ശ്രമിക്കുന്നു. ക്രമമായ വ്യായാമവും
ഞങ്ങൾക്കുണ്ട്. ഇതു ഞങ്ങളെ വളരെയേറെ സഹായിച്ചിരിക്കുന്നു. ഞങ്ങളുടെ പരിമിതികൾ മനസ്സിലാക്കി അതിനു ചേർച്ചയിലാണ് ഞങ്ങൾ കാര്യങ്ങൾ ചെയ്യുന്നത്. വറ്റാത്ത ഊർജമുണ്ടെന്നു തോന്നുന്നവരുമായി ഞങ്ങളെത്തന്നെ താരതമ്യം ചെയ്യാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.” പോഷകപ്രദമായ ഭക്ഷണം കഴിക്കാനും ആവശ്യത്തിന് വിശ്രമിക്കാനും നാം എപ്പോഴും ശ്രദ്ധിക്കാറുണ്ടോ? ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നത് പൊതുവേ വൈകാരികവും ആത്മീയവുമായ ക്ഷീണം കുറയ്‌ക്കാൻ സഹായിക്കും.15 നമ്മിൽ ചിലർ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്‌തമായ ആവശ്യങ്ങൾ ഉള്ളവരാണ്. ഉദാഹരണത്തിന്, ഒരു ക്രിസ്‌തീയ സഹോദരിയുടെ മുഴുസമയ ശുശ്രൂഷ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കൂടാതെ കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായും അവർക്കു മല്ലിടേണ്ടിവന്നിരിക്കുന്നു. സമ്മർദപൂരിതമായ സാഹചര്യങ്ങൾ വിജയകരമായി തരണം ചെയ്യാൻ അവരെ എന്താണു സഹായിക്കുന്നത്? അവർ പറയുന്നു: “തികച്ചും ഏകാന്തമായ സമയങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സമ്മർദവും ക്ഷീണവും വർധിക്കുന്നതിനനുസരിച്ച് പ്രശാന്തതയും ഏകാന്തതയും എനിക്ക് അത്യാവശ്യമായി വരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എന്തെങ്കിലും വായിക്കുകയോ വിശ്രമിക്കുകയോ ഒക്കെയാണ് ചെയ്യാറ്.” വ്യക്തിപരമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതു തൃപ്‌തിപ്പെടുത്താനും അങ്ങനെ ആത്മീയ ക്ഷീണം ഒഴിവാക്കാനും പ്രായോഗിക ജ്ഞാനവും വകതിരിവും നമ്മെ സഹായിക്കുന്നു.
യഹോവയാം ദൈവം നമ്മെ ശക്തീകരിക്കുന്നു
16, 17. (എ) നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കേണ്ടതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ ദിനചര്യയിൽ എന്ത് ഉൾപ്പെടുത്തണം?
16 നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കേണ്ടതു തീർച്ചയായും അതിപ്രധാനമാണ്. യഹോവയാം ദൈവവുമായി നമുക്ക് ഒരു ഉറ്റ ബന്ധമുണ്ടെങ്കിൽ, ശാരീരിക ക്ഷീണം തോന്നിയേക്കാമെങ്കിലും, അവനെ ആരാധിക്കുന്നതിൽ നാം ഒരിക്കലും മടുത്തുപോകില്ല. ‘ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുകയും ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുകയും’ ചെയ്യുന്നവനാണ് യഹോവ. (യെശയ്യാവു 40:28, 29) ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞ പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.”—2 കൊരിന്ത്യർ 4:16.
17 “നാൾക്കുനാൾ” എന്ന പ്രയോഗം ശ്രദ്ധിക്കുക. നാം ദൈനംദിനം യഹോവയുടെ കരുതലുകൾ പ്രയോജനപ്പെടുത്തണമെന്നാണ് ഇതിനർഥം. 43 വർഷം വിശ്വസ്‌തമായി സേവിച്ച ഒരു മിഷനറിക്ക് ശാരീരിക ക്ഷീണവും നിരുത്സാഹവും അനുഭവപ്പെട്ട സമയങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. എങ്കിലും അവർ തളർന്നുപോയില്ല. അവർ ഇപ്രകാരം പറയുന്നു: “എന്തെങ്കിലും ജോലി തുടങ്ങുന്നതിനു മുമ്പ് യഹോവയോട് പ്രാർഥിക്കാനും അവന്റെ വചനം വായിക്കാനും ഉള്ള സമയം ലഭിക്കത്തക്കവിധം നേരത്തെ ഉണരുന്ന ഒരു ശീലം ഞാൻ വളർത്തിയെടുത്തിരിക്കുന്നു. ഈ ദിനചര്യയാണ് ഇന്നോളം പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചിരിക്കുന്നത്.” ക്രമമായി, അതേ, “നാൾക്കുനാൾ” യഹോവയോടു പ്രാർഥിക്കുകയും അവന്റെ വാഗ്‌ദാനങ്ങളെയും ശ്രേഷ്‌ഠ ഗുണങ്ങളെയും കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നപക്ഷം, നമുക്കു വേണ്ട ശക്തി നൽകി യഹോവ നമ്മെ പുലർത്തുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
18. പ്രായാധിക്യമോ മോശമായ ആരോഗ്യസ്ഥിതിയോ ഉള്ള വിശ്വസ്‌തർക്കു ബൈബിൾ നൽകുന്ന ആശ്വാസമെന്ത്?
18 പ്രായാധിക്യവും മോശമായ ആരോഗ്യസ്ഥിതിയും നിമിത്തം നിരുത്സാഹം തോന്നുന്നവർക്ക് ഇതു പ്രത്യേകാൽ സഹായകമാണ്. തങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതായിരിക്കില്ല ചിലപ്പോൾ അവരെ നിരാശരാക്കുന്നത്, മറിച്ച് ഇപ്പോഴത്തെ തങ്ങളുടെ സേവനത്തെ മുമ്പ് ചെയ്‌തുകൊണ്ടിരുന്നതുമായി താരതമ്യപ്പെടുത്തുന്നതായിരിക്കാം. പ്രായാധിക്യമുള്ളവരെ യഹോവ ആദരിക്കുന്നു എന്നറിയുന്നത് എത്രയോ ആശ്വാസകരമാണ്! ബൈബിൾ ഇപ്രകാരം പറയുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” (സദൃശവാക്യങ്ങൾ 16:31) യഹോവ നമ്മുടെ പരിമിതികൾ തിരിച്ചറിയുന്നുവെന്നു മാത്രമല്ല ദുർബലരെങ്കിലും മുഴുഹൃദയത്തോടെ നാം അവനു നൽകുന്ന ആരാധനയെ അവൻ അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു. അതുപോലെ നാം ഇതുവരെ ചെയ്‌തിട്ടുള്ള സത്‌പ്രവൃത്തികൾ ദൈവം ഒരിക്കലും മറന്നുകളയുകയില്ല. തിരുവെഴുത്തുകൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) അനേക ദശകങ്ങളായി യഹോവയോടു വിശ്വസ്‌തത തെളിയിച്ചിട്ടുള്ളവർ നമുക്കിടയിൽ ഉള്ളതിൽ നാമെല്ലാം എത്ര സന്തുഷ്ടരാണ്!
മടുത്തുപോകരുത്
19. നന്മ ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെടുന്നതുകൊണ്ട് നമുക്കുള്ള പ്രയോജനമെന്ത്?
19 ക്രമമായുള്ള നല്ല വ്യായാമം ശാരീരിക ക്ഷീണം അകറ്റുമെന്ന് അനേകർക്കും അറിയാം. സമാനമായി, ക്രമമായുള്ള ആത്മീയ വ്യായാമം വൈകാരികമോ ആത്മീയമോ ആയ ഏതൊരു ക്ഷീണവും അകറ്റാൻ നമ്മെ സഹായിക്കുന്നു. ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുതു; ഗലാത്യർ 6:9, 10) “നന്മ ചെയ്‌ക” എന്ന പ്രയോഗം ശ്രദ്ധിക്കുക. നമ്മുടെ ഭാഗത്തു പ്രവർത്തനം ആവശ്യമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. വാസ്‌തവത്തിൽ, മറ്റുള്ളവർക്കു നന്മ ചെയ്യുന്നത് യഹോവയ്‌ക്കുള്ള സേവനത്തിൽ തളർന്നുപോകുന്നതിൽനിന്നു നമ്മെ തടയും.
തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.” (20. നിരുത്സാഹത്തെ അകറ്റിനിറുത്താനായി നാം ആരോടൊത്തുള്ള കൂട്ടുകെട്ട് ഒഴിവാക്കണം?
20 നേരെ മറിച്ച്, ദൈവനിയമങ്ങളെ കാറ്റിൽപറത്തുന്നവരോടൊത്തുള്ള സഹവാസവും പ്രവർത്തനങ്ങളും മടുപ്പിക്കുന്ന ഒരു ഭാരമായിത്തീരാം. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.” (സദൃശവാക്യങ്ങൾ 27:3) നിരുത്സാഹത്തെയും ക്ഷീണത്തെയും അകറ്റിനിറുത്തുന്നതിന്, നിഷേധാത്മക ചിന്തകൾ വെച്ചുപുലർത്തുകയോ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനോ വിമർശിക്കാനോ ചായ്‌വു കാട്ടുകയോ ചെയ്യുന്നവരുമൊത്തുള്ള കൂട്ടുകെട്ടു നാം ഒഴിവാക്കേണ്ടതുണ്ട്.
21. ക്രിസ്‌തീയ യോഗങ്ങളിൽ മറ്റുള്ളവർക്കു പ്രോത്സാഹനമായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
21 നമ്മിലേക്ക് ആത്മീയ ഊർജം പകരാനുള്ള യഹോവയുടെ ഒരു കരുതലാണ് ക്രിസ്‌തീയ യോഗങ്ങൾ. ഉന്മേഷദായകമായ പ്രബോധനത്താലും സഹവാസത്താലും അന്യോന്യം പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് നമുക്ക് അവിടെ ലഭിക്കുന്നത്. (എബ്രായർ 10:25) യോഗങ്ങളിൽ ഉത്തരം പറയുമ്പോഴോ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോഴോ കെട്ടുപണി ചെയ്യുന്നവരായിരിക്കാൻ സഭയിലെ എല്ലാവരും ശ്രമിക്കണം. ഉപദേഷ്ടാക്കന്മാർ എന്ന നിലയിൽ സഭയിൽ നേതൃത്വമെടുക്കുന്നവർക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക ഉത്തരവാദിത്വമുണ്ട്. (യെശയ്യാവു 32:1, 2) തിരുത്തലിന്റെയോ ശാസനയുടെയോ ആവശ്യമുള്ളപ്പോൾപ്പോലും നവോന്മേഷം തോന്നത്തക്ക വിധത്തിലായിരിക്കണം ബുദ്ധിയുപദേശം നൽകേണ്ടത്. (ഗലാത്യർ 6:1, 2) തീർച്ചയായും, തളർന്നുപോകാതെ യഹോവയെ സേവിക്കാൻ മറ്റുള്ളവരോടുള്ള സ്‌നേഹം നമ്മെ സഹായിക്കും.—സങ്കീർത്തനം 133:1; യോഹന്നാൻ 13:35.
22. അപൂർണരാണെങ്കിലും നമുക്കു നല്ല ധൈര്യമുള്ളവർ ആയിരിക്കാവുന്നത് എന്തുകൊണ്ട്?
22 ഈ അന്ത്യകാലത്ത് യഹോവയെ ആരാധിക്കാൻ ശ്രമം ആവശ്യമാണ്. മാനസികമായ ക്ഷീണത്തിൽനിന്നും വൈകാരിക വേദനയിൽനിന്നും സമ്മർദപൂരിതമായ സാഹചര്യങ്ങളിൽനിന്നും ക്രിസ്‌ത്യാനികൾ ഒഴിവുള്ളവരല്ല. മൺപാത്രംപോലെ ദുർബലമായ പ്രകൃതമാണ് അപൂർണ മനുഷ്യരെന്ന നിലയിൽ നമുക്കുള്ളത്. “എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു” എന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 4:7) അതേ, നമുക്കു ക്ഷീണം അനുഭവപ്പെടും. എന്നാൽ നമുക്ക് ഒരിക്കലും തളർന്നുപോകുകയോ മടുത്തുപിന്മാറുകയോ ചെയ്യാതിരിക്കാം. മറിച്ച്, ‘“കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല” എന്നു നമുക്കു ധൈര്യത്തോടെ പറയാം.’—എബ്രായർ 13:6.
ഒരു ഹ്രസ്വാവലോകനം
• നമുക്ക് ഇറക്കിവെക്കാൻ കഴിഞ്ഞേക്കാവുന്ന ഭാരമേറിയ ചില ചുമടുകൾ ഏവ?
• സഹക്രിസ്‌ത്യാനികൾക്ക് “നന്മ” ചെയ്യുന്നതിൽ നമുക്കു പങ്കുപറ്റാവുന്നത് എങ്ങനെ?
• ക്ഷീണമോ നിരുത്സാഹമോ തോന്നുമ്പോൾ യഹോവ നമ്മെ താങ്ങുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
നീണ്ടുനിൽക്കുന്ന നിരുത്സാഹം തന്റെ അപ്പൊസ്‌തലന്മാരെ കുഴപ്പത്തിലാക്കുമെന്ന് യേശുവിന് അറിയാമായിരുന്നു
[24-ാം പേജിലെ ചിത്രം]
ചില ഹോബികളും അത്യാവശ്യമല്ലാത്ത വ്യക്തിഗത പദ്ധതികളും ചിലർ ഒഴിവാക്കിയിരിക്കുന്നു
[26-ാം പേജിലെ ചിത്രം]
പരിമിതികൾ ഉള്ളവരെങ്കിലും മുഴുഹൃദയത്തോടെയുള്ള നമ്മുടെ ആരാധനയെ യഹോവ അങ്ങേയറ്റം വിലമതിക്കുന്നു