“ഡാഡിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം”
“ഡാഡിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം”
അലെക്‌സിസിന് അഞ്ചു വയസ്സേ ഉള്ളൂ. മെക്‌സിക്കോയിലെ മൊറേല്യ നഗരത്തിലാണ് അവൻ താമസിക്കുന്നത്. അവന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നുണ്ട്. തന്റെ കുടുംബാംഗങ്ങളോടൊത്ത് ഒരു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കുമ്പോൾ, വീടുതോറും പ്രസംഗിക്കുന്നതു സംബന്ധിച്ച ഒരു പ്രകടനം അവൻ കണ്ടു. പെട്ടെന്ന് പിതാവിന്റെ നേരെ തിരിഞ്ഞ് അവൻ ഇങ്ങനെ ചോദിച്ചു: “ഡാഡീ, ഡാഡി എന്താ വീടുതോറും പ്രസംഗിക്കാൻ പോകാത്തത്?” അദ്ദേഹം പറഞ്ഞു: “ഡാഡി അതിനു വേണ്ടി തയ്യാറാകുന്നതല്ലേയുള്ളൂ.” അലെക്‌സിസ് ഉത്സാഹത്തോടെ പ്രതികരിച്ചു, “ഡാഡിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് അത്.”
യഹോവയെ കുറിച്ചുള്ള തന്റെ പരിജ്ഞാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഈ കൊച്ചുകുട്ടി തിരിച്ചറിഞ്ഞു. അവന്റെ മാതൃസഹോദരിയുടെ മക്കൾ അവരോടൊപ്പമാണു താമസിച്ചിരുന്നത്. യഹോവയോടു പ്രാർഥിച്ചതിനു ശേഷം എന്റെ ബൈബിൾ കഥാപുസ്‌തകത്തിൽനിന്നു മാതാപിതാക്കൾ പഠിപ്പിച്ച കാര്യങ്ങൾ അവൻ അവരോടു സംസാരിച്ചു. വായിക്കാൻ അറിയില്ലെങ്കിലും പുസ്‌തകത്തിലെ ചിത്രങ്ങൾ നോക്കി ഓരോ കഥയും നന്നായി വിശദീകരിക്കാൻ അവന് അറിയാമായിരുന്നു. ദൈവോദ്ദേശ്യങ്ങളെ കുറിച്ചു താൻ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു വീടുതോറും പോകാൻ ആഗ്രഹിക്കുന്നെന്നുപോലും അവൻ പറഞ്ഞു.
പ്രായം കുറഞ്ഞവർക്കും കൂടിയവർക്കും ഒരുപോലെ, “പരിശുദ്ധ” ദൈവം തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതിനു ചേർച്ചയിൽ ജീവിതം കൊണ്ടുവരാൻ കഴിയും. അങ്ങനെ, ജനതകൾക്കിടയിൽ അവനു സാക്ഷ്യം വഹിക്കാനുള്ള അതിശ്രേഷ്‌ഠ പദവി അവർക്കു ലഭിക്കും. (യെശയ്യാവു 43:3; മത്തായി 21:16) സംശയലേശമെന്യേ ഒരുവനു ചെയ്യാൻ കഴിയുന്നതിലേക്കും ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അത്.