വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർഭയം “സുവിശേഷ പ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച സഞ്ചാരി”

നിർഭയം “സുവിശേഷ പ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച സഞ്ചാരി”

നിർഭയം “സുവിശേഷ പ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച സഞ്ചാരി”

പതിനെട്ടു വയസ്സായപ്പോൾ ജോർജ്‌ ബറോയ്‌ക്ക്‌ 12 ഭാഷ വശമുണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ടു വർഷംകൂടി കഴിഞ്ഞപ്പോഴേക്കും, “മനോഹരവും സരളവുമായ ശൈലിയിൽ, അനായാസമായി” 20 വ്യത്യസ്‌ത ഭാഷകളിൽ പരിഭാഷ നിർവഹിക്കാനുള്ള കഴിവ്‌ അദ്ദേഹം സ്വായത്തമാക്കി.

1833-ൽ ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ‘ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റി’ അസാധാരണ കഴിവുള്ള ഈ വ്യക്തിയെ ഒരു ഇന്റർവ്യൂവിനു ക്ഷണിച്ചു. ബറോയുടെ കയ്യിൽ യാത്രയ്‌ക്ക്‌ ആവശ്യമായ പണം ഉണ്ടായിരുന്നില്ല. എന്നാൽ ലഭ്യമായ ഈ നല്ല അവസരം പാഴാക്കാൻ ദൃഢചിത്തനായ ആ മുപ്പതുകാരൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ നോർവിച്ചിലുള്ള തന്റെ ഭവനത്തിൽനിന്ന്‌ 180 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക്‌ അദ്ദേഹം കാൽനടയായി യാത്ര പുറപ്പെട്ടു. വെറും 28 മണിക്കൂറുകൊണ്ട്‌ അദ്ദേഹം അവിടെയെത്തി!

ബൈബിൾ സൊസൈറ്റി അദ്ദേഹത്തിന്‌ വെല്ലുവിളി നിറഞ്ഞ ഒരു നിയമനമാണു നൽകിയത്‌​—⁠ആറു മാസംകൊണ്ട്‌, ചൈനയുടെ ചില ഭാഗങ്ങളിൽ ഉപയോഗത്തിലുള്ള മാഞ്ചു ഭാഷ പഠിക്കുക. അദ്ദേഹം ഒരു വ്യാകരണ പുസ്‌തകം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹത്തിനു നൽകാൻ അവരുടെ കൈവശം മത്തായിയുടെ സുവിശേഷത്തിന്റെ മാഞ്ചുവിലുള്ള ഒരു പ്രതിയും ഒരു മാഞ്ചു-ഫ്രഞ്ച്‌ നിഘണ്ടുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും 19 ആഴ്‌ചയ്‌ക്കുള്ളിൽ, “ദൈവത്തിന്റെ സഹായത്താൽ” താൻ “മാഞ്ചു ഭാഷയിൽ പ്രാവീണ്യം നേടിയിരിക്കു”ന്നതായി ബറോ ലണ്ടനിലേക്ക്‌ എഴുതി. ആ സമയത്ത്‌ അദ്ദേഹം നാവാറ്റ്‌ൽ എന്ന മെക്‌സിക്കൻ തദ്ദേശ ഭാഷയിലുള്ള ലൂക്കൊസിന്റെ സുവിശേഷത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നത്‌ ഈ നേട്ടത്തെ ഒന്നുകൂടെ ശ്രദ്ധേയമാക്കുന്നു.

ബൈബിൾ മാഞ്ചു ഭാഷയിൽ

17-ാം നൂറ്റാണ്ടിൽ, മംഗോളിയൻ വിഗൂർ ലിപിയിൽനിന്നു കടമെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ മാഞ്ചു ആദ്യമായി ലിഖിതരൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അത്‌ ചൈനയിലെ ഔദ്യോഗിക വൃന്ദത്തിന്റെ ഭാഷയായിത്തീർന്നു. കാലാന്തരത്തിൽ അതിന്റെ ഉപയോഗം ക്ഷയിച്ചെങ്കിലും മാഞ്ചുവിൽ ബൈബിൾ അച്ചടിച്ചു വിതരണം ചെയ്യാൻ ‘ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റി’യിലെ അംഗങ്ങൾക്ക്‌ വലിയ ഉത്സാഹമായിരുന്നു. 1822 ആയപ്പോഴേക്കും മത്തായിയുടെ സുവിശേഷത്തിന്റെ 550 പ്രതികൾ പ്രസിദ്ധീകരിക്കാൻ വേണ്ട ധനസഹായം അവർ നൽകിയിരുന്നു. സ്റ്റൈപ്പൻ വി. ലിപോഫ്‌റ്റ്‌സഫ്‌ ആണ്‌ അതിന്റെ പരിഭാഷ നിർവഹിച്ചത്‌. റഷ്യൻ വിദേശ വകുപ്പിലെ ഒരു അംഗമായിരുന്ന അദ്ദേഹം 20 വർഷം ചൈനയിൽ താമസിച്ചിട്ടുണ്ടായിരുന്നു. ഈ ബൈബിളുകൾ അച്ചടിക്കപ്പെട്ടത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ ആയിരുന്നു. എന്നാൽ അതിന്റെ ഏതാനും പ്രതികൾ മാത്രമേ വിതരണം ചെയ്യാനായുള്ളൂ, ബാക്കിയുള്ളവ ഒരു വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി.

തുടർന്ന്‌ മുഴു ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെയും പരിഭാഷ നടന്നു. 1834-ൽ എബ്രായ തിരുവെഴുത്തുകളുടെ മിക്ക ഭാഗങ്ങളുടെയും ഒരു പുരാതന കയ്യെഴുത്തു പ്രതി കണ്ടെത്തപ്പെട്ടതോടെ ബൈബിളിനോടുള്ള പൊതുജന താത്‌പര്യം വർധിച്ചു. നിലവിലുള്ള മാഞ്ചു ബൈബിളിന്റെ പരിഷ്‌കരണവും ശേഷിക്കുന്ന ഭാഗത്തിന്റെ പരിഭാഷയും നിർവഹിക്കാൻ ആർക്കു കഴിയുമായിരുന്നു? തങ്ങൾക്കുവേണ്ടി ഈ ദൗത്യം ഏറ്റെടുക്കാൻ ‘ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റി’ ജോർജ്‌ ബറോയെയാണ്‌ അയച്ചത്‌.

റഷ്യയിലേക്ക്‌

സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ എത്തിയശേഷം ബറോ, മാഞ്ചുവിലെ ബൈബിൾ പാഠത്തിന്റെ പ്രൂഫ്‌ വായനയും തിരുത്തലുകളും കൂടുതൽ കൃത്യതയോടെ നിർവഹിക്കേണ്ടതിന്‌ ആ ഭാഷയിൽ ആഴമായ പരിജ്ഞാനം നേടാൻ കഠിനശ്രമം ചെയ്‌തു. എങ്കിലും നിയമനം ദുഷ്‌കരമായിരുന്നു. കാരണം പുതിയനിയമത്തിന്റെ അച്ചടിക്കുള്ള അച്ചുകൾ നിരത്തുന്നതിൽ സഹായിക്കുന്നതിനായി ദിവസത്തിൽ 13 മണിക്കൂർ വരെ അദ്ദേഹത്തിന്‌ ജോലി ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. “ഒരു പൗരസ്‌ത്യ കൃതിയുടെ മനോഹരമായ പതിപ്പ്‌” എന്നാണ്‌ അതു വിശേഷിപ്പിക്കപ്പെട്ടത്‌. 1835-ൽ അതിന്റെ ആയിരം പതിപ്പുകൾ അച്ചടിക്കപ്പെട്ടു. എന്നാൽ അവ ചൈനയിൽ കൊണ്ടുപോയി വിതരണം ചെയ്യുക എന്ന ബറോയുടെ തീവ്രാഭിലാഷം സഫലമായില്ല. കാരണം ബറോ അങ്ങനെ ചെയ്യുന്നത്‌ ഒരു മിഷനറി ദൗത്യമായി വീക്ഷിക്കപ്പെടുകയും അങ്ങനെ അയൽരാജ്യമായ ചൈനയുമായുള്ള തങ്ങളുടെ സൗഹൃദത്തിന്‌ ഉലച്ചിൽ തട്ടുകയും ചെയ്‌തേക്കുമെന്ന്‌ റഷ്യൻ ഗവൺമെന്റ്‌ ഭയന്നു. “ഒരു മാഞ്ചു ബൈബിളെങ്കിലും” കൊണ്ടുപോകാൻ തുനിയുന്നപക്ഷം ബറോയ്‌ക്ക്‌ ചൈനീസ്‌ അതിർത്തിയിലേക്കു സഞ്ചരിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന്‌ ഗവൺമെന്റ്‌ അറിയിച്ചു.

ഏതാണ്ട്‌ പത്തു വർഷത്തിനു ശേഷം ഏതാനും പ്രതികൾ വിതരണം ചെയ്യപ്പെട്ടു. 1859-ൽ, മാഞ്ചു ഭാഷയിലും ചൈനീസ്‌ ഭാഷയിലും സമാന്തര കോളങ്ങളിലായി ക്രമീകരിച്ച മത്തായിയുടെയും മർക്കൊസിന്റെയും സുവിശേഷങ്ങളുടെ പരിഭാഷകൾ ലഭ്യമായി. എന്നാൽ അപ്പോഴേക്കും മാഞ്ചു വായിച്ചിരുന്ന മിക്കവരുംതന്നെ ചൈനീസ്‌ വായിക്കാനാണ്‌ താത്‌പര്യപ്പെട്ടത്‌. മാഞ്ചുവിലുള്ള ബൈബിളിന്റെ സമ്പൂർണ പ്രതി പുറത്തിറക്കുക എന്ന ലക്ഷ്യത്തിനു മങ്ങലേൽക്കാൻ തുടങ്ങി. മാഞ്ചു ഒരു മൃതഭാഷയായി മാറുകയായിരുന്നു, താമസിയാതെ അതിന്റെ സ്ഥാനം ചൈനീസ്‌ കയ്യടക്കുമായിരുന്നു. 1912-ൽ ചൈന ഒരു റിപ്പബ്ലിക്ക്‌ ആയതോടെ ഈ മാറ്റം സമ്പൂർണമായി.

ഐബീരിയൻ ഉപദ്വീപ്‌

ഇതിനെല്ലാം ശേഷം തികഞ്ഞ ഉത്സാഹത്തോടെ ജോർജ്‌ ബറോ ലണ്ടനിലേക്കു മടങ്ങി. 1835-ൽ അദ്ദേഹത്തിന്‌ പോർച്ചുഗലിലേക്കും സ്‌പെയിനിലേക്കും നിയമനം ലഭിച്ചു. “ക്രിസ്‌തീയ സത്യങ്ങൾ സ്വീകരിക്കാൻ ആളുകളുടെ മനസ്സ്‌ എത്രത്തോളം പാകമായിട്ടുണ്ട്‌” എന്നു നിർണയിക്കാനായിരുന്നു അതെന്ന്‌ അദ്ദേഹം പിന്നീട്‌ എഴുതി. ആ സമയത്ത്‌, വ്യാപകമായ രാഷ്‌ട്രീയ, സാമൂഹിക കലാപങ്ങൾ നിമിത്തം ‘ബ്രിട്ടീഷ്‌ ആൻഡ്‌ ഫോറിൻ ബൈബിൾ സൊസൈറ്റി’ ഈ രാജ്യങ്ങളുടെ മിക്ക ഭാഗങ്ങളിലും യാതൊരുവിധ പ്രവർത്തനവും നടത്തിയിരുന്നില്ല. പോർച്ചുഗീസ്‌ ഗ്രാമങ്ങളിലെ ആളുകളുമായി ബൈബിളിനെ പറ്റിയുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാൻ ബറോയ്‌ക്ക്‌ അതീവ സന്തോഷമായിരുന്നു. എന്നാൽ അധികം കഴിയുന്നതിനു മുമ്പുതന്നെ, അവരുടെ മതപരമായ നിസ്സംഗതയും താത്‌പര്യമില്ലായ്‌മയും നിമിത്തം അദ്ദേഹം സ്‌പെയിനിലേക്കു യാത്രയായി.

സ്‌പെയിനിൽ മറ്റൊരു വെല്ലുവിളിയാണ്‌ അദ്ദേഹത്തിന്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌. ബറോയ്‌ക്ക്‌ അവിടുത്തെ നാടോടികളുടെ ഭാഷ അറിയാമായിരുന്നതിനാൽ അവരുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ അദ്ദേഹത്തിനു പെട്ടെന്നുതന്നെ കഴിഞ്ഞു. അവിടെ എത്തി അധികമാകുന്നതിനു മുമ്പുതന്നെ അദ്ദേഹം സ്‌പെയിനിലെ നാടോടികളുടെ ഭാഷയായ ഹിറ്റാനോയിലേക്ക്‌ “പുതിയ നിയമം” വിവർത്തനം ചെയ്യാൻ തുടങ്ങി. ഈ ദൗത്യത്തിൽ തന്നെ സഹായിക്കാനായി ഒരു കാലയളവിൽ അദ്ദേഹം രണ്ടു നാടോടിസ്‌ത്രീകളുടെ സഹായം തേടിയിരുന്നു. അദ്ദേഹം സ്‌പാനീഷ്‌ ഭാഷയിൽ പാഠം വായിച്ചു കേൾപ്പിച്ചിട്ട്‌ അതു പരിഭാഷപ്പെടുത്താൻ അവരോട്‌ ആവശ്യപ്പെടും. ഈ വിധത്തിൽ നാടോടി ഭാഷയിലുള്ള ചില ചൊല്ലുകളുടെ കൃത്യമായ ഉപയോഗം അദ്ദേഹത്തിനു പഠിച്ചെടുക്കാൻ കഴിഞ്ഞു. ഈ ശ്രമഫലമായി 1838-ലെ വസന്തത്തിൽ ലൂക്കൊസിന്റെ സുവിശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന്‌ ഒരു ബിഷപ്പ്‌ ഇങ്ങനെ പറയുകയുണ്ടായി: “ഈ നാടോടി ഭാഷ ഉപയോഗിച്ച്‌ അവൻ സ്‌പെയിൻകാരെ മുഴുവൻ മതം മാറ്റും.”

“തിരുവെഴുത്തുകൾ ബാസ്‌ക്കിലേക്ക്‌ വിവർത്തനം ചെയ്യാൻ യോഗ്യതയുള്ള ഒരു വ്യക്തിയെ” കണ്ടെത്താനുള്ള ചുമതല ജോർജ്‌ ബറോയ്‌ക്കു ലഭിച്ചിരുന്നു. അതിനു തിരഞ്ഞെടുത്തത്‌ ഓറ്റേസാ എന്ന ഒരു ഡോക്ടറെ ആയിരുന്നു. “എനിക്ക്‌ ഒരുവിധം അറിയാവുന്ന ആ ഭാഷാരൂപത്തിൽ അദ്ദേഹത്തിന്‌ നല്ല പ്രാവീണ്യം ഉണ്ട്‌” എന്ന്‌ ബറോ എഴുതി. 1838-ൽ സ്‌പാനീഷ്‌ ബാസ്‌ക്കിലെ ആദ്യത്തെ ബൈബിൾ പതിപ്പായ ലൂക്കൊസിന്റെ സുവിശേഷം പുറത്തിറങ്ങി.

സാധാരണക്കാരെ പ്രബുദ്ധരാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താൽ ബറോ, ഗ്രാമീണ സമൂഹങ്ങളിലെ ദരിദ്രർക്കിടയിൽ ബൈബിൾ പുസ്‌തകങ്ങൾ വിതരണം ചെയ്യാനായി നീണ്ട യാത്രകൾ നടത്തി. പലപ്പോഴും ഈ യാത്രകൾ അപകടം നിറഞ്ഞതായിരുന്നു. മതപരമായ അജ്ഞതയിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും അവരെ മോചിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഉദാഹരണത്തിന്‌, അവർ വാങ്ങിക്കൂട്ടിയിരുന്ന ദണ്ഡവിമോചനങ്ങളുടെ മൂല്യമില്ലായ്‌മയെ തുറന്നുകാണിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ ന്യായവാദം ചെയ്യുമായിരുന്നു: “നല്ലവനായ ദൈവം പാപത്തെ ഒരു കച്ചവടച്ചരക്ക്‌ ആക്കുന്നത്‌ അംഗീകരിക്കുമെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ?” എന്നാൽ വ്യവസ്ഥാപിത വിശ്വാസങ്ങളുടെമേലുള്ള അത്തരമൊരു കടന്നാക്രമണം തങ്ങളുടെ പ്രവർത്തനങ്ങൾ നിരോധിക്കപ്പെടുന്നതിലേക്കു നയിക്കുമെന്നു ഭയന്ന ബൈബിൾ സൊസൈറ്റി തിരുവെഴുത്തുകളുടെ വിതരണത്തിനു മാത്രം ശ്രദ്ധ നൽകിയാൽ മതിയെന്ന്‌ ബറോയോട്‌ നിർദേശിച്ചു.

റോമൻ കത്തോലിക്കാ വിശ്വാസങ്ങളുടെ കുറിപ്പുകളില്ലാത്ത എൽ നുയിവോ റ്റെസ്‌റ്റാമെന്റോ എന്ന സ്‌പാനീഷിലുള്ള പുതിയ നിയമം അച്ചടിക്കാനുള്ള വാചികമായ അനുവാദം ബറോ നേടിയെടുത്തു. ഈ അനുമതി ലഭിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തിനു പ്രധാനമന്ത്രിയുടെ എതിർപ്പു നേരിടേണ്ടിവന്നിരുന്നു. അപകടം വരുത്തിവെക്കുന്ന “കൊള്ളരുതാത്ത ഗ്രന്ഥം” എന്നാണ്‌ ഈ ഭാഷാന്തരത്തെ മന്ത്രി പരാമർശിച്ചിരുന്നത്‌. സ്‌പാനീഷിലുള്ള ഈ പുതിയ നിയമം വിൽക്കാനായി ബറോ മാഡ്രിഡിൽ ഒരു ഡിപ്പോ തുറന്നു. ഈ നടപടി നിമിത്തം അദ്ദേഹം മതനേതാക്കളുടെയും ലൗകിക അധികാരികളുടെയും വിരോധത്തിനു പാത്രമായി. അദ്ദേഹത്തിന്‌ 12 ദിവസം തടവിൽ കഴിയേണ്ടിവന്നു. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയപ്പോൾ നിശ്ശബ്ദം നാടുവിടാനുള്ള ഉത്തരവു വന്നു. തനിക്കു ലഭിച്ച തടവുശിക്ഷ നിയമവിരുദ്ധമായിരുന്നു എന്ന്‌ വ്യക്തമായി അറിയാമായിരുന്നതിനാൽ പൗലൊസ്‌ അപ്പൊസ്‌തലനെ ദൃഷ്ടാന്തമായി പരാമർശിച്ചുകൊണ്ട്‌, നീതി ലഭിക്കുകയും തന്റെ പേരിന്‌ യാതൊരു കളങ്കവുമില്ലാത്ത വിധം പൂർണമായി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുന്നതുവരെ അവിടെത്തന്നെ തുടരാൻ അദ്ദേഹം തീരുമാനിച്ചു.​—⁠പ്രവൃത്തികൾ 16:37.

1840-ൽ, തങ്ങളുടെ തീക്ഷ്‌ണതയുള്ള പ്രതിനിധി സ്‌പെയിൻ വിട്ടപ്പോൾ ബൈബിൾ സൊസൈറ്റിക്ക്‌ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യാൻ സാധിച്ചു: “കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്‌ തിരുവെഴുത്തുകളുടെ 14,000-ത്തോളം പ്രതികൾ സ്‌പെയിനിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.” ഇതിൽ വലിയൊരു പങ്കുവഹിച്ച ബറോ സ്‌പെയിനിലെ തന്റെ അനുഭവങ്ങളെ “എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷങ്ങൾ” എന്നു സംഗ്രഹിച്ചുപറയുന്നു.

ആദ്യമായി 1842-ൽ അച്ചടിക്കപ്പെട്ടതും ഇപ്പോഴും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ ദ ബൈബിൾ ഇൻ സ്‌പെയിൻ ജോർജ്‌ ബറോയുടെ യാത്രകളെയും വ്യക്തിപരമായ സാഹസിക അനുഭവങ്ങളെയും കുറിച്ചുള്ള ജീവസ്സുറ്റ ഒരു വിവരണമാണ്‌. നൊടിയിടകൊണ്ട്‌ ജനപ്രീതി നേടിയ ഈ പുസ്‌തകത്തിൽ അദ്ദേഹം തന്നെത്തന്നെ “സുവിശേഷ പ്രചാരണത്തിനായി ഇറങ്ങിത്തിരിച്ച സഞ്ചാരി” എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. അദ്ദേഹം എഴുതി: “ചെങ്കുത്തായ മലനിരകൾക്കും കുന്നുകൾക്കുമിടയിലെ ഒറ്റപ്പെട്ടു കിടക്കുന്ന നിഗൂഢ സ്ഥലങ്ങൾ സന്ദർശിക്കാനും ക്രിസ്‌തുവിനെ കുറിച്ച്‌ എന്റേതായ രീതിയിൽ ആളുകളുമായി സംസാരിക്കാനും ഞാൻ ആഗ്രഹിച്ചു.”

അത്ര ഉത്സാഹത്തോടെ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്‌തുകൊണ്ട്‌ ജോർജ്‌ ബറോ മറ്റുള്ളവർക്കായി ഒരു അടിസ്ഥാനമിട്ടു. എത്ര ആദരണീയമായ പദവി!

[29-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ബൈബിൾ പരിഭാഷപ്പെടുത്താനും വിതരണം ചെയ്യാനുമുള്ള ജോർജ്‌ ബറോയുടെ ശ്രമങ്ങൾ അദ്ദേഹത്തെ ഈ സ്ഥലങ്ങളിലേക്കു കൊണ്ടുപോയി (1ഇംഗ്ലണ്ടിൽനിന്ന്‌ (2റഷ്യയിലേക്ക്‌, (3പോർച്ചുഗലിലേക്ക്‌ (4സ്‌പെയിനിലേക്ക്‌

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[28-ാം പേജിലെ ചിത്രം]

1835-ൽ അച്ചടിക്കപ്പെട്ട, മാഞ്ചുവിലുള്ള യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രാരംഭ വാക്കുകൾ, താഴേക്ക്‌ ഇടത്തുനിന്നു വലത്തോട്ട്‌ വായിക്കപ്പെടുന്നു

[കടപ്പാട്‌]

1860-ൽ എഴുതപ്പെട്ട ദ ബൈബിൾ ഓഫ്‌ എവ്‌രി ലാൻഡ്‌ എന്ന പുസ്‌തകത്തിൽനിന്ന്‌

[27-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

1919-ൽ ക്ലമന്റ്‌ കെ. ഷോർട്ടർ എഴുതിയ ദ ലൈഫ്‌ ഓഫ്‌ ജോർജ്‌ ബറോ എന്ന പുസ്‌തകത്തിൽനിന്ന്‌