ബുദ്ധിയുപദേശത്തിന്റെ ആവശ്യമുണ്ടോ?
ബുദ്ധിയുപദേശത്തിന്റെ ആവശ്യമുണ്ടോ?
തങ്ങൾക്കു നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള കഴിവും ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള അവകാശവും ഉണ്ടെന്ന് ഇന്ന് അനേകരും കരുതുന്നു. മറ്റുചിലരാകട്ടെ, ഒരു വ്യക്തിക്കു സന്തോഷം തോന്നാൻ ഇടയാക്കുന്ന എന്തുംതന്നെ സ്വീകാര്യമാണ് എന്ന പക്ഷക്കാരാണ്. മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പണ്ടുമുതലേ കരുതിപ്പോരുന്ന ദാമ്പത്യത്തെയും കുടുംബജീവിതത്തെയും ഈ വീക്ഷണങ്ങൾ വലുതായി ബാധിച്ചിരിക്കുന്നു.—ഉല്‌പത്തി 3:5.
മെക്‌സിക്കോയിൽ താമസിക്കുന്ന വെറോനിക്കായുടെ * കാര്യമെടുക്കുക. അവർ പറയുന്നു: “ഞങ്ങളുടെ 15-ാം വിവാഹവാർഷികം അടുത്തിരുന്ന സമയം, തനിക്കു മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്ന കാര്യം എന്റെ ഭർത്താവ് വെളിപ്പെടുത്തി. ഈ സ്‌ത്രീ എന്നെക്കാൾ ചെറുപ്പമായിരുന്നതിനാലും കൂടുതൽ സന്തോഷം തരാൻ കഴിയുന്നതിനാലും താൻ അവളെ ഉപേക്ഷിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തമ സുഹൃത്തായി ഞാൻ കണ്ടിരുന്നയാൾ മേലാൽ കൂട്ടിന് എന്നോടൊപ്പം ഉണ്ടായിരിക്കുകയില്ല എന്ന് ഓർത്തപ്പോൾ ഞാൻ നടുങ്ങിപ്പോയി. മനസ്സിനെ ഏറ്റവും അധികം നോവിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം ആണെന്നാണ് അതുവരെ ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതിനെക്കാൾ വേദന ഉളവാക്കുന്ന ഒന്നായിരുന്നു വ്യഭിചാരം. കാരണം ഞാൻ വളരെയേറെ സ്‌നേഹിച്ചിരുന്ന ഒരാളെ എനിക്കു നഷ്ടമായെന്നു മാത്രമല്ല, എന്നെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ അദ്ദേഹം തുടർന്നു ചെയ്‌തുകൊണ്ടുമിരുന്നു.”
വിവാഹമോചിതനായ ഒരു 22 വയസ്സുകാരന്റെ സാഹചര്യമാണ് മറ്റൊന്ന്. ഒരു മകനുണ്ടെങ്കിലും ഒരു പിതാവിന്റെ ചുമതലകൾ തോളിലേറ്റാൻ അയാൾ ഒരുക്കമല്ല. തന്റെയും മകന്റെയും കാര്യങ്ങൾ തന്റെ അമ്മ നോക്കാനാണ് അയാൾ പ്രതീക്ഷിക്കുന്നത്. പറയുന്നതെല്ലാം സമ്മതിച്ചുകൊടുത്തില്ലെങ്കിൽ പിന്നെ കടിച്ചുകീറാനുള്ള ദേഷ്യമായിരിക്കും. അയാൾ അമ്മയുടെ നേരെ തട്ടിക്കയറും. ദുർവാശിക്കാരനായ ഒരു കുട്ടിയുടെ സ്വഭാവമാണ് അയാൾക്കപ്പോൾ. അത്തരം ദുഷ്‌പെരുമാറ്റത്തിനു മുമ്പിൽ അയാളുടെ അമ്മ തികച്ചും നിസ്സഹായയായിത്തീരുന്നു.
ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. നിയമപരമായ വേർപെടലും വിവാഹമോചനവും എല്ലായിടത്തും വർധിച്ചുവരികയാണ്. ഒരു പുതിയ ജീവിതം തുടങ്ങാനായി മാതാപിതാക്കളിൽ ഒരാൾ വീടു വിട്ടുപോകുന്നതു പല കുട്ടികൾക്കും കാണേണ്ടിവരുന്നു. ചില കുട്ടികൾക്ക് മാതാപിതാക്കൾ ഉൾപ്പെടെ സകലരോടുമുള്ള ആദരവു നഷ്ടമായിരിക്കുന്നു. കൂടാതെ, മുൻ തലമുറകൾക്കു സങ്കൽപ്പിക്കാൻപോലും കഴിയാതിരുന്ന തരം നടത്തയിൽ അവർ ഏർപ്പെടുകയും ചെയ്യുന്നു. വിവിധ തരത്തിലുള്ള ലൈംഗിക
നടപടികൾ ഒരുപക്ഷേ വ്യത്യസ്‌ത പങ്കാളികളോടൊപ്പം പരീക്ഷിച്ചുനോക്കൽ, മയക്കുമരുന്നു ദുരുപയോഗം, യുവജനങ്ങൾ നടത്തുന്ന ആക്രമണങ്ങൾ, അധ്യാപകരെയും മാതാപിതാക്കളെയും കുട്ടികൾ കൊല്ലുന്നതുപോലെയുള്ള സംഭവങ്ങൾ, ഇവയൊക്കെ പല നാടുകളിലും ഏറെക്കുറെ സാധാരണമായിത്തീർന്നിരിക്കുന്നു. കൂടാതെ, കുട്ടികളെ വളർത്തുന്നതിനോടുള്ള ബന്ധത്തിലും ദാമ്പത്യത്തിലും മാത്രമല്ല ആളുകൾ ഇന്ന് വിഷമസന്ധിയെ നേരിടുന്നതെന്നും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും.ഈ സംഭവവികാസങ്ങൾ നിരീക്ഷിക്കവേ, സമൂഹത്തിന് എന്താണു സംഭവിച്ചിരിക്കുന്നതെന്ന് നാം അതിശയിച്ചേക്കാം. ആളുകൾക്ക് യഥാർഥത്തിൽ നന്മയും തിന്മയും വേർതിരിച്ചറിയാൻ കഴിയുമെങ്കിൽപ്പിന്നെ ഇത്രയേറെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നത് എന്തുകൊണ്ടാണ്? ബുദ്ധിയുപദേശത്തിന്റെ ആവശ്യമുണ്ടോ? പ്രയോജനകരമായ ബുദ്ധിയുപദേശം തരാൻ പറ്റിയ, ആശ്രയയോഗ്യമെന്നു തെളിഞ്ഞിരിക്കുന്ന ഒരു ഉറവുണ്ടോ? ദൈവത്തിലും അവന്റെ ലിഖിത വചനത്തിലും വിശ്വസിക്കുന്നതായി പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതായി കാണുന്നില്ല. എന്നാൽ ദൈവത്തിൽനിന്നുള്ള ബുദ്ധിയുപദേശം തേടുകയും സ്വായത്തമാക്കുകയും ചെയ്യുമ്പോൾ നമുക്ക് എന്തെല്ലാം പ്രയോജനങ്ങളാണു ലഭിക്കുക? അടുത്ത ലേഖനത്തിൽ നമുക്ക് അതു പരിചിന്തിക്കാം.
[അടിക്കുറിപ്പ്]
^ ഖ. 3 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.