വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെക്‌സിക്കോയിലെ തദ്ദേശ സമൂഹങ്ങൾ സുവാർത്ത കേൾക്കുന്നു

മെക്‌സിക്കോയിലെ തദ്ദേശ സമൂഹങ്ങൾ സുവാർത്ത കേൾക്കുന്നു

മെക്‌സിക്കോയിലെ തദ്ദേശ സമൂഹങ്ങൾ സുവാർത്ത കേൾക്കുന്നു

വർഷം 2002, നവംബർ 10-ാം തീയതി. മീഹി എന്ന മെക്‌സിക്കൻ തദ്ദേശ സമൂഹത്തിൽപ്പെട്ട ഒരു കൂട്ടം ആളുകൾ കെറ്റ്‌സാൽറ്റെപെക്കിലെ സാൻ മിഗെലിൽ കൂടിവന്നിരിക്കുകയായിരുന്നു. മെക്‌സിക്കോയിലെ മനോഹരമായ ഒരു തെക്കൻ സംസ്ഥാനമായ വാഹാക്കയിലെ ഒരു പട്ടണമാണ്‌ സാൻ മിഗെൽ. യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ ആണ്‌ അവിടെ നടന്നുകൊണ്ടിരുന്നത്‌. അന്നു രാവിലെ നടന്ന പരിപാടികളിലെ മുഖ്യ സവിശേഷത ഒരു ബൈബിൾ നാടകമായിരുന്നു.

നാടകത്തിലെ ആദ്യ വാക്കുകൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേട്ടപ്പോൾ സദസ്സ്യർ ആശ്ചര്യഭരിതരായി. തുടർന്ന്‌ വലിയ കരഘോഷം ഉയർന്നു, പലരും സന്തോഷംകൊണ്ടു കരയുന്നുണ്ടായിരുന്നു. കാരണം? ആ നാടകം അവതരിപ്പിച്ചത്‌ മീഹി ഭാഷയിലായിരുന്നു! പരിപാടി കഴിഞ്ഞപ്പോൾ പലരും, തങ്ങൾക്ക്‌ അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനത്തിനായി ആഴമായ കൃതജ്ഞത പ്രകടമാക്കി. ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “അങ്ങനെ ആദ്യമായി എനിക്കു നാടകം മനസ്സിലാക്കാൻ കഴിഞ്ഞു. അതിലെ സന്ദേശം എന്റെ ഹൃദയത്തിൽ പതിഞ്ഞു.” “സ്വന്ത ഭാഷയിൽ നാടകം കേൾക്കാനുള്ള അവസരമാണ്‌ യഹോവ എനിക്കു നൽകിയത്‌, ഇനി എനിക്കു മരിച്ചാലും വേണ്ടില്ല,” മറ്റൊരു വ്യക്തി പറഞ്ഞു.

തദ്ദേശീയരുടെ പക്കൽ സുവാർത്ത എത്തിക്കാൻ മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികൾ സമീപ കാലത്തായി നടത്തിവരുന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായിരുന്നു അന്നു രാവിലത്തെ ആ ബൈബിൾ നാടകം.​—⁠മത്തായി 24:14; 28:19, 20.

യഹോവ പ്രാർഥന കേട്ടു

മെക്‌സിക്കോയിൽ 60,00,000-ത്തിലധികം തദ്ദേശീയരുണ്ട്‌​—⁠അതായത്‌ 62 വ്യത്യസ്‌ത ഭാഷക്കാരുള്ള ഒരു ബഹുസാംസ്‌കാരിക രാഷ്‌ട്രംതന്നെ സ്വന്തമായി രൂപവത്‌കരിക്കാൻ ആവശ്യമായത്ര ആളുകൾ. ഇവയിൽ പതിനഞ്ചു ഭാഷകൾ വളരെയേറെ പേർ സംസാരിക്കുന്നു, ഓരോ ഭാഷക്കാരുടെയും എണ്ണം 1,00,000-ത്തിലധികം വരും. തദ്ദേശീയരിൽ 10,00,000-ത്തിലധികം പേരും മെക്‌സിക്കോയുടെ ഔദ്യോഗിക ഭാഷയായ സ്‌പാനീഷ്‌ വശമില്ലാത്തവരാണ്‌. സ്‌പാനീഷ്‌ സംസാരിക്കാൻ അറിയാവുന്നവരുടെ കാര്യത്തിൽപ്പോലും ബൈബിൾ സത്യം സ്വന്തഭാഷയിൽ പഠിക്കാൻ കഴിഞ്ഞാൽ പലർക്കും അത്‌ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനാകും. (പ്രവൃത്തികൾ 2:6; 22:2) ചിലർ ബൈബിൾ പഠിക്കുകയും വർഷങ്ങളായി വിശ്വസ്‌തതയോടെ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌തിട്ടുണ്ട്‌, എങ്കിലും അവർക്ക്‌ കാര്യങ്ങൾ പൂർണമായി ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ സത്യത്തിന്റെ സന്ദേശം സ്വന്ത ഭാഷയിൽ ലഭിക്കാനായി അവർ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈ വെല്ലുവിളി കൈകാര്യം ചെയ്യാനായി മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ 1999-ൽ, തദ്ദേശ ഭാഷകളിൽ സഭായോഗങ്ങൾ നടത്താൻ വേണ്ട ക്രമീകരണങ്ങൾ ആരംഭിച്ചു. പരിഭാഷാസംഘങ്ങൾക്കു രൂപം നൽകി. 2000-ാം ആണ്ടോടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നാടകം മായാ ഭാഷയിലും തുടർന്ന്‌ മറ്റു നിരവധി ഭാഷകളിലും അവതരിപ്പിക്കപ്പെട്ടു.

യഹോവയുടെ സാക്ഷികളുടെ ബൈബിൾ പഠനസഹായികളുടെ പരിഭാഷ ആരംഭിക്കുക എന്നതായിരുന്നു അടുത്ത പടി. ആദ്യമായി, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക മാസാറ്റെക്കോ, മായാ, വാവെ, റ്റോറ്റോനാക്ക്‌, റ്റ്‌സോറ്റ്‌സിൽ, റ്റ്‌സെൽറ്റാൽ എന്നീ ഭാഷകളിലേക്കു വിവർത്തനം ചെയ്‌തു. തുടർന്ന്‌ കൂടുതൽ സാഹിത്യങ്ങളുടെ പരിഭാഷ നടന്നു, മായാ ഭാഷയിൽ നമ്മുടെ രാജ്യ ശുശ്രൂഷ ക്രമമായി അച്ചടിക്കാൻ തുടങ്ങി. ചില സാഹിത്യങ്ങളുടെ ഓഡിയോ കാസെറ്റുകളും പുറത്തിറക്കിയിട്ടുണ്ട്‌. തദ്ദേശീയരെ സ്വന്ത ഭാഷ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനായി എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക എന്ന ലഘുപത്രിക ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും ചെയ്‌തുവരുന്നു. ബൈബിൾ സാഹിത്യങ്ങൾ ഇപ്പോൾ 15 തദ്ദേശ ഭാഷകളിൽ അച്ചടിക്കുന്നുണ്ട്‌. കൂടുതൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്‌.

“സകല ശ്രമവും ചെയ്യുന്നുണ്ട്‌”

പരിഭാഷാവേല എളുപ്പമുള്ള ഒന്നായിരുന്നിട്ടില്ല. ഒരു കാരണം, മെക്‌സിക്കോയിലെ തദ്ദേശ ഭാഷകളിൽ വളരെ കുറച്ചു ലൗകിക സാഹിത്യങ്ങളേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ എന്നതാണ്‌. പല ഭാഷകളിലും നിഘണ്ടുക്കൾ കണ്ടെത്തുന്നത്‌ ഒരു വെല്ലുവിളിയായിരുന്നിട്ടുണ്ട്‌. കൂടാതെ ചില ഭാഷകൾക്ക്‌ പ്രാദേശികമായ ഭാഷാഭേദങ്ങൾ നിരവധിയുണ്ട്‌. ഉദാഹരണത്തിന്‌ സാപോറ്റെക്ക്‌ ഭാഷയുടെതന്നെ ചുരുങ്ങിയത്‌ അഞ്ചു ഭാഷാഭേദങ്ങളെങ്കിലും ഉപയോഗത്തിലുണ്ട്‌. ഇവയെല്ലാംതന്നെ വളരെ വ്യതിരിക്തങ്ങളായിത്തീർന്നിരിക്കുന്നതുകൊണ്ട്‌ ഒരു സ്ഥലത്തുള്ള സാപോറ്റെക്കുകാരന്‌ വേറൊരു സ്ഥലത്തുള്ള സാപോറ്റെക്കുകാരന്റെ ഭാഷ മനസ്സിലാകുകയില്ല.

ഇതിനു പുറമേ, ഒരു ഭാഷയ്‌ക്ക്‌ വ്യവസ്ഥാപിത പ്രമാണങ്ങൾ ഇല്ലെങ്കിൽ പരിഭാഷകർ സ്വന്തമായി ചിലത്‌ ഉണ്ടാക്കേണ്ടിവരും. വളരെയധികം ഗവേഷണങ്ങളും ചർച്ചകളുംകൊണ്ടേ അതു സാധ്യമാകൂ. വാവെ പരിഭാഷാസംഘത്തിലെ എലീഡയെപ്പോലെ പലർക്കും തോന്നിയതിൽ അതിശയമില്ല! അവർ അനുസ്‌മരിക്കുന്നു: “പരിഭാഷാവേല നിർവഹിക്കാനായി മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ എന്നെ ക്ഷണിച്ചപ്പോൾ രണ്ടുതരം വികാരങ്ങളാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌​—⁠സന്തോഷവും പേടിയും.”

പരിഭാഷകർ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിക്കേണ്ടതുണ്ട്‌. അതുപോലെ സമയപട്ടിക അനുസരിച്ച്‌ ജോലി തീർക്കാൻ അവർ ശീലിക്കണം. കൂടാതെ ചില പരിഭാഷാവിദ്യകളും സ്വായത്തമാക്കേണ്ടതുണ്ട്‌. അതേ, ആ ദൗത്യം അവരെ സംബന്ധിച്ചിടത്തോളം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതേക്കുറിച്ച്‌ അവർക്ക്‌ എന്താണു തോന്നുന്നത്‌? മായാ പരിഭാഷാസംഘത്തിലെ ഗ്ലോറിയ പറയുന്നു: “സ്വന്തഭാഷയായ മായായിലേക്കു ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യുന്നതിൽ ഒരു പങ്കു ലഭിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.” പരിഭാഷാ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഒരു സഹോദരൻ പരിഭാഷകരെ കുറിച്ചു പറയുന്നത്‌ ഇങ്ങനെയാണ്‌: “സ്വന്ത ഭാഷയിൽ ബൈബിൾ പ്രസിദ്ധീകരണങ്ങൾ വേണമെന്ന അവരുടെ ആഗ്രഹം അത്ര ശക്തമായതിനാൽ വെല്ലുവിളികളെ തരണം ചെയ്യാൻ അവർ സകല ശ്രമവും ചെയ്യുന്നുണ്ട്‌.” അവരുടെ ശ്രമങ്ങൾ തക്ക മൂല്യമുള്ളവ ആയിരുന്നിട്ടുണ്ടോ?

“നന്ദി യഹോവേ!”

തദ്ദേശ വയലിനോടു ബന്ധപ്പെട്ട വേലയിന്മേലുള്ള യഹോവയുടെ അനുഗ്രഹം വളരെ പ്രകടമായിരുന്നിട്ടുണ്ട്‌. ക്രിസ്‌തീയ യോഗങ്ങളിലെയും സമ്മേളനങ്ങളിലെയും ഹാജർ വളരെ വർധിച്ചിട്ടുണ്ട്‌. 2001-ലെ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണംതന്നെ അതിനൊരു ഉദാഹരണമാണ്‌. മിഹി സംസാരിക്കുന്ന സാക്ഷികളുടെ എണ്ണം 223 മാത്രമേയുള്ളൂ. എന്നാൽ അവിടെ സ്‌മാരകത്തിനു കൂടിവന്നവരുടെ മൊത്തം ഹാജർ 1,674 ആയിരുന്നു​—⁠സാക്ഷികളുടെ എണ്ണത്തിന്റെ ഏഴര ഇരട്ടി!

സത്യം സ്വീകരിക്കുന്ന ആളുകളിൽ ചിലർക്ക്‌ ഇപ്പോൾ ആരംഭം മുതൽത്തന്നെ അതു ശരിയായി ഗ്രഹിക്കാൻ സാധിക്കുന്നു. മായാ ഭാഷയിൽ യോഗങ്ങൾ ക്രമീകരിക്കുന്നതിനു മുമ്പുള്ള അനുഭവം മിർനാ സ്‌മരിക്കുന്നു. “ബൈബിളധ്യയനം തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോൾ ഞാൻ സ്‌നാപനമേറ്റു,” അവർ പറയുന്നു. “സ്‌നാപനമേൽക്കണമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു, എന്നാൽ ബൈബിൾ സത്യങ്ങൾ വേണ്ടവിധത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നില്ല എന്നതാണു വാസ്‌തവം. അത്‌ മിക്കവാറും എനിക്ക്‌ സ്‌പാനീഷ്‌ അത്ര വശമില്ലാത്തതിനാലായിരിക്കാം. കാരണം എന്റെ മാതൃഭാഷ മായാ ആണ്‌. സത്യത്തിന്റെ ശരിയായ ഗ്രാഹ്യം നേടാൻ എനിക്കു കുറച്ചു കാലം വേണ്ടിവന്നു.” ഇന്ന്‌ അവരും ഭർത്താവും സന്തോഷത്തോടെ മായാ പരിഭാഷാവിഭാഗത്തിൽ സേവനം അനുഷ്‌ഠിക്കുന്നു.

സ്വന്ത ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നത്‌ എല്ലാവർക്കും വളരെ സന്തോഷമുള്ള കാര്യമാണ്‌. റ്റ്‌സോറ്റ്‌സിൽ ഭാഷയിൽ പുതുതായി പരിഭാഷ ചെയ്യപ്പെട്ട ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! ലഘുപത്രിക നൽകിയപ്പോൾ, ക്രിസ്‌തീയ യോഗങ്ങൾക്കു വന്നുതുടങ്ങിയിരുന്ന ഒരു സ്‌ത്രീ അതു മാറോടുചേർത്തുകൊണ്ടു പറഞ്ഞു: “നന്ദി യഹോവേ!” ഒട്ടനവധി ബൈബിൾ വിദ്യാർഥികളും കൂടുതൽ വേഗത്തിൽ സ്‌നാപനത്തിന്റെ പടിയിലേക്കു പുരോഗമിക്കുന്നതായും നിഷ്‌ക്രിയരായ പ്രസാധകർ പുനഃക്രിയരാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ സഭയിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തങ്ങൾ യോഗ്യത പ്രാപിച്ചിരിക്കുന്നതായി നിരവധി ക്രിസ്‌തീയ സഹോദരന്മാർക്ക്‌ ഇപ്പോൾ തോന്നുന്നുണ്ട്‌. സ്വന്ത ഭാഷയിൽ ബൈബിൾ സാഹിത്യങ്ങൾ ലഭിക്കുമ്പോൾ അതു സ്വീകരിക്കാനും പഠിക്കാനും ചില വീട്ടുകാർ കൂടുതൽ സന്നദ്ധത കാണിക്കുന്നു.

ഉദാഹരണത്തിന്‌, ഒരു സഹോദരി ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്ന വീട്ടിൽ ചെന്നപ്പോൾ പഠിപ്പിച്ചുകൊണ്ടിരുന്ന സ്‌ത്രീ അവിടെ ഇല്ലായിരുന്നു. ഭർത്താവാണ്‌ വാതിൽ തുറന്നത്‌. അവർ അദ്ദേഹത്തെ ഒരു ലഘുപത്രിക കാണിച്ചിട്ട്‌ അതിൽനിന്നു വായിച്ചുകേൾപ്പിക്കട്ടേ എന്നു ചോദിച്ചു. “ഇതൊന്നും ഇവിടെ വേണ്ട,” അദ്ദേഹം പറഞ്ഞു. ലഘുപത്രിക അദ്ദേഹത്തിന്റെ സ്വന്തഭാഷയിലുള്ളതാണെന്ന്‌ സഹോദരി റ്റോറ്റോനാക്കിൽ അറിയിച്ചു. അതു കേട്ടയുടനെ അദ്ദേഹം ബഞ്ചു വലിച്ചിട്ട്‌ ഇരുന്നു. സഹോദരി ലഘുപത്രികയിലെ ചില വിവരങ്ങൾ വായിച്ചുകേൾപ്പിക്കവേ, “അതു ശരിയാണ്‌, വളരെ ശരിയാണ്‌” എന്ന്‌ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം ഇപ്പോൾ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്‌.

യൂകറ്റാനിൽ ഒരു സഹോദരിയുടെ ഭർത്താവിന്‌ സത്യത്തോടു വളരെ വിരോധമായിരുന്നു. യോഗങ്ങൾ കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ അദ്ദേഹം ചിലപ്പോഴൊക്കെ അവരെ അടിക്കുമായിരുന്നു. എന്നാൽ മായാ ഭാഷയിൽ യോഗങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ അദ്ദേഹത്തെ അതിനു ക്ഷണിക്കാൻ സഹോദരി തീരുമാനിച്ചു. അദ്ദേഹം അതിൽ സംബന്ധിക്കുകയും പരിപാടികൾ ആസ്വദിക്കുകയും ചെയ്‌തു. ഇപ്പോൾ അദ്ദേഹം പതിവായി യോഗങ്ങളിൽ സംബന്ധിക്കുന്നു, ബൈബിൾ പഠിക്കാനും തുടങ്ങിയിരിക്കുന്നു. ഭാര്യയെ തല്ലുന്ന സ്വഭാവം അദ്ദേഹം ഉപേക്ഷിച്ചു എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.

റ്റോറ്റോനാക്ക്‌ സംസാരിക്കുന്ന ഒരു മനുഷ്യൻ താൻ പ്രാർഥിക്കാറേയില്ലെന്നു രണ്ടു സാക്ഷികളോടു പറഞ്ഞു. സ്‌പാനീഷിലുള്ള പ്രാർഥനകൾ മാത്രമേ ദൈവം കേൾക്കൂ എന്ന്‌ ഒരു കത്തോലിക്കാ പുരോഹിതൻ അദ്ദേഹത്തോടു പറഞ്ഞിരുന്നുവത്രേ. റ്റോറ്റോനാക്ക്‌ ഭാഷക്കാർക്കായി പ്രാർഥിക്കാൻ പുരോഹിതനു പണം കൊടുക്കേണ്ടി വന്ന അനുഭവവും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. ദൈവം എല്ലാ ഭാഷയിലുമുള്ള പ്രാർഥനകൾ കേൾക്കുമെന്ന്‌ സാക്ഷികൾ വിശദീകരിച്ചു. റ്റോറ്റോനാക്കിലുള്ള ഒരു ലഘുപത്രിക അവർ അദ്ദേഹത്തിനു നൽകി. അദ്ദേഹം അതു സന്തോഷപൂർവം സ്വീകരിച്ചു.​—⁠2 ദിനവൃത്താന്തം 6:32, 33; സങ്കീർത്തനം 65:⁠2.

“കൂവാൽറ്റ്‌സിൻ റ്റാഹ്‌റ്റോയൂവാ”

ഈ പുരോഗതികൾ പല രാജ്യഘോഷകരെയും ആവേശഭരിതരാക്കിയിരിക്കുന്നു, ഏതെങ്കിലും ഒരു തദ്ദേശഭാഷ പഠിച്ചെടുക്കാൻ അല്ലെങ്കിൽ അതിലുള്ള അറിവു മെച്ചപ്പെടുത്താൻ ഉള്ള കഠിനശ്രമത്തിലാണ്‌ അവർ. വടക്കൻ പ്‌വെബ്ലയിലുള്ള അഞ്ച്‌ നാവാറ്റ്‌ൽ സഭകളെ സേവിക്കുന്ന ഒരു സർക്കിട്ട്‌ മേൽവിചാരകൻ ചെയ്യുന്നത്‌ അതാണ്‌. അദ്ദേഹം പറയുന്നു: “യോഗങ്ങൾക്കിരിക്കുമ്പോൾ ഉറങ്ങുന്ന സ്വഭാവമുള്ള കുട്ടികൾ, ഞാൻ നാവാറ്റ്‌ൽ ഭാഷയിൽ സംസാരിക്കുമ്പോൾ ഉറങ്ങാതെ ശ്രദ്ധയോടെ കേട്ടിരിക്കും. ഒരു യോഗത്തിനു ശേഷം ഒരു നാലു വയസ്സുകാരൻ എന്റെയടുത്തേക്കു വന്ന്‌ ‘കൂവാൽറ്റ്‌സിൻ റ്റാഹ്‌റ്റോയൂവാ’ (നല്ല രസമായിരുന്നു) എന്നു പറഞ്ഞു. എന്റെ ശ്രമം തക്ക മൂല്യമുള്ളതായിരുന്നു എന്ന്‌ എനിക്കപ്പോൾ തോന്നി.”

അതേ, തദ്ദേശഭാഷാവയലുകൾ ‘കൊയ്‌ത്തിന്നു വെളുത്തിരിക്കുന്നു.’ കൊയ്‌ത്തിൽ പങ്കെടുക്കുന്ന ഏവർക്കും വലിയ പ്രോത്സാഹനം അനുഭവപ്പെടുന്നു. (യോഹന്നാൻ 4:35) പരിഭാഷാ കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിനായി പ്രവർത്തിച്ച റോബെർട്ടോ അത്‌ ഈ വാക്കുകളിൽ സംഗ്രഹിക്കുന്നു: “സത്യം സ്വന്ത ഭാഷയിൽ ശ്രദ്ധിച്ചുകേൾക്കവേ സഹോദരങ്ങളുടെ കവിളിലൂടെ സന്തോഷാശ്രുക്കൾ ഒഴുകുന്നതു കണ്ടത്‌ ഒരു അവിസ്‌മരണീയ അനുഭവമാണ്‌. സത്യത്തിന്റെ പൂർണമായ അർഥം അവർ ഉൾക്കൊള്ളുകയായിരുന്നു. അതേക്കുറിച്ച്‌ ആലോചിക്കുമ്പോൾ ഞാൻ വികാരാർദ്രനാവും.” നിസ്സംശയമായും, രാജ്യത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കാൻ ആത്മാർഥതയുള്ള ഈ ആളുകളെ സഹായിക്കുന്നത്‌ യഹോവയുടെ ഹൃദയത്തെയും സന്തോഷിപ്പിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 27:11.

[10, 11 പേജുകളിലെ ചതുരം]

പരിഭാഷകരിൽ ചിലരെ പരിചയപ്പെടാം

● “ഓർമവെച്ച നാൾ മുതൽത്തന്നെ എന്റെ മാതാപിതാക്കൾ എന്നെ സത്യം പഠിപ്പിച്ചിരുന്നു. എന്നാൽ എനിക്കു 11 വയസ്സുള്ളപ്പോൾ ദുഃഖകരമായ ഒരു സംഗതി ഉണ്ടായി, അച്ഛൻ ക്രിസ്‌തീയ സഭ വിട്ടു. രണ്ടു വർഷത്തിനു ശേഷം അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയി. സ്‌കൂളിൽ പോകേണ്ടതുണ്ടായിരുന്നെങ്കിലും അഞ്ചു മക്കളിൽ മൂത്തവളെന്ന നിലയിൽ എനിക്ക്‌ അമ്മയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവന്നു.

“ഞങ്ങളുടെ ആത്മീയ സഹോദരങ്ങളിൽനിന്ന്‌ സ്‌നേഹപൂർവകമായ പിന്തുണ ലഭിച്ചിരുന്നെങ്കിലും ജീവിതം ദുഷ്‌കരമായിരുന്നു. ചിലപ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു, ‘ഇത്ര ചെറുപ്പത്തിലേ എന്തുകൊണ്ടാണ്‌ എനിക്ക്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌?’ യഹോവയുടെ സഹായത്താൽ മാത്രമാണ്‌ എനിക്കു പിടിച്ചുനിൽക്കാനായത്‌. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം ഞാൻ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. അത്‌ എന്നെ വളരെ സഹായിച്ചു. നാവാറ്റ്‌ൽ പരിഭാഷാസംഘത്തിനു രൂപം നൽകിയപ്പോൾ അതിൽ ഒരംഗം ആകാൻ എന്നെയും ക്ഷണിച്ചു.

“അച്ഛൻ സഭയിലേക്കു തിരിച്ചുവന്നിരിക്കുന്നു, എന്റെ ഇളയ സഹോദരങ്ങൾ യഹോവയെ സേവിക്കുന്നു. യഹോവയോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിച്ചതിന്‌ തക്ക പ്രതിഫലം ലഭിച്ചിരിക്കുന്നു. അവൻ ഞങ്ങളുടെ കുടുംബത്തെ വളരെയധികം അനുഗ്രഹിച്ചിരിക്കുന്നു.”​—⁠ആലിസ്യ.

● “എന്നോടൊപ്പം പഠിച്ചിരുന്ന ഒരു സാക്ഷിപ്പെൺകുട്ടി ജീവന്റെ ഉത്‌പത്തിയെ കുറിച്ച്‌ ക്ലാസ്സിൽ ഒരു പ്രസംഗം നടത്തി. എന്നാൽ അന്നത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. പരീക്ഷയ്‌ക്ക്‌ ആ വിഷയത്തെ കുറിച്ച്‌ എന്തെങ്കിലും ചോദ്യം വന്നാലോ എന്ന്‌ എനിക്കു പേടിയുണ്ടായിരുന്നു. അതുകൊണ്ട്‌ ഞാൻ ആ കുട്ടിയോട്‌ അതൊന്നു വിശദീകരിച്ചുതരാൻ ആവശ്യപ്പെട്ടു. ആളുകൾ മരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അവൾ എനിക്ക്‌ സൃഷ്ടി * പുസ്‌തകം തന്നു, ഞാൻ അതു സ്വീകരിച്ചു. കൂടാതെ ഒരു ബൈബിളധ്യയനത്തിനും ഞാൻ സമ്മതിച്ചു. സ്രഷ്ടാവിന്റെ ഉദ്ദേശ്യവും സ്‌നേഹവും എന്റെ മനസ്സിനെ ആഴത്തിൽ സ്‌പർശിച്ചു.

“സ്‌കൂൾ പഠനം പൂർത്തിയായപ്പോൾ സ്‌പാനീഷും റ്റ്‌സോറ്റ്‌സിലും പഠിപ്പിക്കുന്ന ഒരധ്യാപകനായി ജോലി നോക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ അതിനായി വളരെ അകലെയുള്ള ഒരു സ്ഥലത്തേക്കു താമസം മാറണമായിരുന്നു. വാരാന്തങ്ങളിലും എനിക്കു ക്ലാസ്സുകൾ എടുക്കേണ്ടി വരുമായിരുന്നു. മാത്രമല്ല ക്രിസ്‌തീയ യോഗങ്ങളും നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട്‌ ഞാൻ ആ ജോലിക്കു പോയില്ല, പകരം കൽപ്പണിയിൽ ഏർപ്പെട്ടു. എന്റെ അച്ഛൻ ഒരു സാക്ഷിയല്ലായിരുന്നു, അദ്ദേഹത്തിന്‌ എന്റെ തീരുമാനം ഒട്ടും ഇഷ്ടമായില്ല. പിന്നീട്‌ ഞാൻ ഒരു പയനിയർ ശുശ്രൂഷകനായി സേവിക്കവേ, റ്റ്‌സോറ്റ്‌സിൽ ഭാഷയിലേക്കു ബൈബിൾ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്താനായി ഒരു പരിഭാഷാസംഘത്തിനു രൂപം നൽകപ്പെട്ടു. അതിൽ ഒരു പങ്കുണ്ടായിരിക്കാൻ ഞാൻ പ്രേരിതനായി.

“സ്വന്ത ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ലഭിക്കുമ്പോൾ സഹോദരങ്ങൾക്ക്‌ തങ്ങൾ വിലമതിക്കപ്പെടുന്നതായും ആദരിക്കപ്പെടുന്നതായും തോന്നുന്നു. അതു കാണുമ്പോൾ എനിക്കു വളരെ സംതൃപ്‌തി അനുഭവപ്പെടുന്നു. എന്റെ നിയമനത്തെ വലിയൊരു പദവിയായിട്ടാണു ഞാൻ വീക്ഷിക്കുന്നത്‌.”​—⁠ഊമ്പെർട്ടോ.

● “ആറു വയസ്സുള്ളപ്പോൾ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഞാൻ കൗമാരപ്രായത്തിലായിരിക്കെ അച്ഛൻ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു സഹോദരി എനിക്കു ബൈബിൾ പഠിക്കാൻ താത്‌പര്യമുണ്ടോ എന്നു ചോദിച്ചു, യുവജനങ്ങൾക്കുള്ള ബുദ്ധിയുപദേശം ഈ അധ്യയനത്തിൽ ഉൾപ്പെടുന്നുണ്ടെന്ന്‌ സഹോദരി പറഞ്ഞു. അമ്മയില്ലാത്ത ഒരു കൗമാരപ്രായക്കാരിയായ എനിക്ക്‌ അതു തികച്ചും ആവശ്യമാണെന്ന്‌ എനിക്കു തോന്നി. 15-ാം വയസ്സിൽ ഞാൻ സ്‌നാപനമേറ്റു.

“1999-ൽ ചില ദുഷ്ടന്മാർ എന്റെ അച്ഛനെ കൊലപ്പെടുത്തി, ഞങ്ങളുടെ ഭൂമി കൈക്കലാക്കാനായിരുന്നു അത്‌. ഞാൻ ആകെ തകർന്നുപോയി. കടുത്ത വിഷാദം എന്നെ പിടികൂടി. എനിക്കു ജീവിതം തുടരാനാവില്ലെന്നു പോലും തോന്നിപ്പോയി. എങ്കിലും ശക്തിക്കായി ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടിരുന്നു. സഞ്ചാരമേൽവിചാരകനും ഭാര്യയും എനിക്കു വളരെയധികം പ്രോത്സാഹനം നൽകി. താമസിയാതെ ഞാൻ ഒരു സാധാരണ പയനിയറായി.

“ഒരിക്കൽ, റ്റോറ്റോനാക്ക്‌ ഭാഷയിലുള്ള 20 മിനിട്ടു നേരത്തെ ഒരു പ്രസംഗം കേൾക്കാനായി മാത്രം ആറു മണിക്കൂർ നടന്ന്‌ എത്തിയ ചിലരെ ഞാൻ കണ്ടു. യോഗത്തിലെ ബാക്കി പരിപാടികളെല്ലാം സ്‌പാനീഷ്‌ ഭാഷയിലായിരുന്നു, അവർക്കാകട്ടെ സ്‌പാനീഷ്‌ മനസ്സിലാവുകയുമില്ലായിരുന്നു. അതുകൊണ്ട്‌ റ്റോറ്റോനാക്കിലേക്ക്‌ ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നതിൽ സഹായിക്കാനായി ക്ഷണം ലഭിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

“യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുക എന്നത്‌ എന്റെ ഒരു സ്വപ്‌നമാണെന്ന്‌ ഞാൻ അച്ഛനോടു പറയുമായിരുന്നു. പക്ഷേ എന്റെ പ്രായത്തിലുള്ള അവിവാഹിതയായ ഒരു പെൺകുട്ടിയെ അവിടേക്കു ക്ഷണിക്കാൻ സാധ്യതയില്ലെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. പുനരുത്ഥാനത്തിൽ അദ്ദേഹം തിരികെ വരുമ്പോൾ, എനിക്ക്‌ അതിനു കഴിഞ്ഞതായും ബൈബിൾ സാഹിത്യങ്ങൾ ഞങ്ങളുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ എനിക്ക്‌ അവസരം ലഭിച്ചതായും അറിയുമ്പോൾ അദ്ദേഹത്തിന്‌ എത്ര സന്തോഷമായിരിക്കും!”​—⁠എഡിറ്റ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 28 1985-ൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവൻ​—⁠അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകം.

[9-ാം പേജിലെ ചിത്രം]

റ്റ്‌സോറ്റ്‌സിൽ പരിഭാഷാസംഘം വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു പദം സംബന്ധിച്ച്‌ ചർച്ച ചെയ്യുന്നു