യഹോവ, ‘കഷ്ടകാലത്തു നമ്മുടെ ദുർഗം’
യഹോവ, ‘കഷ്ടകാലത്തു നമ്മുടെ ദുർഗം’
“നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.”—സങ്കീർത്തനം 37:39.
1, 2. (എ) ശിഷ്യർക്കുവേണ്ടി യേശു എന്താണ് പ്രാർഥിച്ചത്? (ബി) തന്റെ ജനത്തെ സംബന്ധിച്ചുള്ള ദൈവഹിതം എന്താണ്?
യഹോവ സർവശക്തനാണ്. തന്റെ വിശ്വസ്‌ത ആരാധകരെ താൻ ആഗ്രഹിക്കുന്ന ഏതു വിധത്തിലും സംരക്ഷിക്കാനുള്ള ശക്തി അവനുണ്ട്. തന്റെ ജനത്തെ ഈ ലോകത്തിൽനിന്ന് അക്ഷരാർഥത്തിൽ വേർപെടുത്തി സുരക്ഷിതവും സമാധാനപൂർണവുമായ ഒരു ചുറ്റുപാടിൽ ആക്കിവെക്കാൻപോലും അവനു കഴിയും. എന്നിരുന്നാലും, തന്റെ ശിഷ്യന്മാരെ കുറിച്ച് യേശു സ്വർഗീയ പിതാവിനോട് ഇപ്രകാരം പ്രാർഥിച്ചു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.”—യോഹന്നാൻ 17:15.
2 നമ്മെ ‘ലോകത്തിൽനിന്ന് എടുക്കേണ്ട’തില്ലെന്ന് യഹോവ തീരുമാനിച്ചിരിക്കുന്നു. മറിച്ച്, മറ്റുള്ളവരോട് പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ദൂത് ഘോഷിക്കാനായി നാം ഈ ലോകത്തിലെ ജനങ്ങൾക്കിടയിൽ ജീവിക്കണം എന്നതാണ് നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം. (റോമർ 10:13-15) എങ്കിലും, പ്രാർഥനയിൽ യേശു സൂചിപ്പിച്ചതുപോലെ ഈ ലോകത്തിൽ ജീവിക്കുമ്പോൾ നാം “ദുഷ്ടന്റെ” സ്വാധീനങ്ങൾക്കു വിധേയരാണ്. അനുസരണംകെട്ട മനുഷ്യവർഗവും ദുഷ്ടാത്മശക്തികളും ലോകത്തിൽ വളരെയധികം വേദനയും ദുഃഖവും വരുത്തിക്കൂട്ടുന്നു, ക്രിസ്‌ത്യാനികളും അത്തരം കഷ്ടതകളിൽനിന്ന് ഒഴിവുള്ളവരല്ല.—1 പത്രൊസ് 5:9.
3. യഹോവയുടെ വിശ്വസ്‌ത ആരാധകർ പോലും ഏതു യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്, എന്നാൽ ദൈവവചനം നമുക്ക് ഏത് ആശ്വാസം നൽകുന്നു?
3 അത്തരം പരിശോധനകൾ നേരിടുമ്പോൾ ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നുക സ്വാഭാവികമാണ്. (സദൃശവാക്യങ്ങൾ 24:10) കഷ്ടപ്പാട് അനുഭവിച്ച വിശ്വസ്‌തരെ കുറിച്ചുള്ള നിരവധി വിവരണങ്ങൾ ബൈബിളിലുണ്ട്. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.” (സങ്കീർത്തനം 34:19) അതേ, ‘നീതിമാന്മാർക്കു’പോലും അനർഥങ്ങൾ വന്നുഭവിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ ചിലപ്പോഴൊക്കെ നാം ‘ക്ഷീണിച്ച് അത്യന്തം തകർന്നു’പോകുകപോലും ചെയ്‌തേക്കാം. (സങ്കീർത്തനം 38:8) എങ്കിലും, “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്നറിയുന്നത് ആശ്വാസപ്രദമാണ്.—സങ്കീർത്തനം 34:18; 94:19.
4, 5. (എ) സദൃശവാക്യങ്ങൾ 18:10-നു ചേർച്ചയിൽ ദൈവത്തിൽനിന്നു സംരക്ഷണം ലഭിക്കണമെങ്കിൽ നാം എന്തു ചെയ്യണം? (ബി) ദൈവസഹായം നേടാനായി നമുക്ക് അവലംബിക്കാൻ കഴിയുന്ന ചില പടികൾ ഏവ?
4 യേശുവിന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ, യഹോവ നമ്മെ കാത്തുകൊള്ളുകതന്നെ ചെയ്യുന്നു. ‘കഷ്ടകാലത്തു അവൻ നമ്മുടെ ദുർഗ്ഗം’ ആണ്. (സങ്കീർത്തനം 37:39) സദൃശവാക്യങ്ങൾ എന്ന പുസ്‌തകത്തിലും സമാനമായ പ്രയോഗം നമുക്കു കാണാൻ കഴിയും. അവിടെ ഇപ്രകാരം പറയുന്നു: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” (സദൃശവാക്യങ്ങൾ 18:10) തന്റെ സൃഷ്ടികളോടുള്ള യഹോവയുടെ ആർദ്രമായ താത്‌പര്യം സംബന്ധിച്ച ഒരു അടിസ്ഥാന സത്യമാണ് ഈ തിരുവെഴുത്ത് വെളിപ്പെടുത്തുന്നത്. തന്നെ തീക്ഷ്‌ണതയോടെ അന്വേഷിക്കുന്ന നീതിമാന്മാരെ അവൻ പ്രത്യേകം സംരക്ഷിക്കുന്നു. അഭയത്തിനായി ബലമുള്ള ഒരു ഗോപുരത്തിലേക്ക് നാം ഓടിച്ചെല്ലുന്നതുപോലെയാണ് ഇത്.
5 വേദനാജനകമായ പ്രശ്‌നങ്ങളെ നേരിടുമ്പോൾ, സംരക്ഷണത്തിനായി നമുക്ക് എങ്ങനെയാണ് യഹോവയുടെ അടുത്തേക്ക് ഓടിച്ചെല്ലാനാകുക? യഹോവയിൽനിന്നുള്ള സഹായം ലഭിക്കുന്നതിന് നമുക്ക് സ്വീകരിക്കാനാവുന്ന മൂന്നു സുപ്രധാന പടികളെ കുറിച്ച് നമുക്കിപ്പോൾ പരിചിന്തിക്കാം. ഒന്നാമത്, സ്വർഗീയ പിതാവായ യഹോവയോടു നാം പ്രാർഥിക്കണം. രണ്ടാമതായി, അവന്റെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കണം. മൂന്നാമത്, നാം അനുഭവിക്കുന്ന ക്ലേശങ്ങളുടെ രൂക്ഷത കുറയ്‌ക്കാൻ നമ്മെ സഹായിക്കാനാകുന്ന സഹക്രിസ്‌ത്യാനികളുമായി സഹവസിച്ചുകൊണ്ട് യഹോവയുടെ ക്രമീകരണത്തിനു നാം കീഴ്‌പെടണം.
പ്രാർഥനയുടെ ശക്തി
6. സത്യ ക്രിസ്‌ത്യാനികൾ പ്രാർഥനയെ എങ്ങനെ വീക്ഷിക്കുന്നു?
6 വിഷാദവും പിരിമുറുക്കവും ലഘൂകരിക്കാനുള്ള ഒരു ചികിത്സയായി ചില ആരോഗ്യവിദഗ്‌ധർ പ്രാർഥനയെ ശുപാർശ ചെയ്യാറുണ്ട്. പ്രാർഥിക്കുമ്പോഴത്തേതുപോലുള്ള പ്രശാന്ത നിമിഷങ്ങൾ ഒരുപക്ഷേ പിരിമുറുക്കം കുറച്ചേക്കാം എന്നതു ശരിതന്നെ. എന്നാൽ മറ്റു പല കാര്യങ്ങളെ കുറിച്ചും അതുതന്നെ പറയാവുന്നതാണ്. ഉദാഹരണത്തിന് പ്രകൃതിയിലെ ചില ശബ്ദങ്ങളോ, എന്തിന് നമ്മുടെ പുറം ആരെങ്കിലുമൊന്ന് നന്നായി തിരുമ്മുന്നതുപോലുമോ സമ്മർദം ലഘൂകരിക്കാൻ സഹായിച്ചേക്കാം. എന്നാൽ സത്യ ക്രിസ്‌ത്യാനികൾ പ്രാർഥനയെ ഒരു മാനസിക ചികിത്സാവിധിയായി മാത്രം വീക്ഷിച്ചുകൊണ്ട് വിലകുറച്ചു കാണുന്നില്ല. സ്രഷ്ടാവുമായുള്ള ഭക്തിനിർഭരമായ ആശയവിനിമയം എന്ന നിലയിലാണ് നാം പ്രാർഥനയെ വീക്ഷിക്കുന്നത്. ദൈവത്തോടുള്ള ഭക്തിയും അവൻ വേണ്ടത് ചെയ്‌തുകൊള്ളുമെന്ന ദൃഢമായ വിശ്വാസവും പ്രാർഥനയിൽ ഉൾപ്പെട്ടിരിക്കുന്നു. അതേ, നമ്മുടെ ആരാധനയുടെ ഭാഗമാണ് പ്രാർഥന.
7. ഉറപ്പോടെ പ്രാർഥിക്കുക എന്നതിന്റെ അർഥമെന്ത്, പ്രയാസങ്ങളെ വിജയകരമായി തരണം ചെയ്യാൻ അത്തരം പ്രാർഥനകൾ നമ്മെ സഹായിക്കുന്നത് എങ്ങനെ?
7 യഹോവയിലുള്ള പൂർണമായ വിശ്വാസത്തോടെ അഥവാ ഉറപ്പോടെ ഉള്ളതായിരിക്കണം നമ്മുടെ പ്രാർഥനകൾ. അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.” (1 യോഹന്നാൻ 5:14) ഏകസത്യദൈവവും സർവശക്തനും പരമോന്നതനുമായ യഹോവ തന്റെ ആരാധകരുടെ ആത്മാർഥമായ പ്രാർഥനകൾക്ക് പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. നമ്മുടെ ഉത്‌കണ്‌ഠകളും പ്രശ്‌നങ്ങളും സ്‌നേഹനിധിയായ നമ്മുടെ ദൈവത്തിന്റെ മുമ്പാകെ പകരുമ്പോൾ അവൻ നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്ന അറിവുതന്നെ ആശ്വാസദായകമാണ്.—ഫിലിപ്പിയർ 4:6.
8. പ്രാർഥനയിൽ യഹോവയെ സമീപിക്കുമ്പോൾ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്കു ഭയമോ, പ്രാർഥിക്കാൻ തങ്ങൾ അയോഗ്യരാണ് എന്ന തോന്നലോ ഒരിക്കലും ഉണ്ടായിരിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
8 പ്രാർഥനയിൽ യഹോവയെ സമീപിക്കുന്ന വിശ്വസ്‌തനായ ഒരു ക്രിസ്‌ത്യാനിക്ക് ഭയമോ ശങ്കയോ താൻ പ്രാർഥിക്കാൻ അയോഗ്യനാണ് എന്ന തോന്നലോ ഒരിക്കലും ഉണ്ടാകേണ്ടതില്ല. സ്വന്തം പ്രവൃത്തികൾതന്നെ നമ്മെ നിരാശപ്പെടുത്തുമ്പോഴോ മറ്റു പ്രശ്‌നങ്ങളാൽ വീർപ്പുമുട്ടുമ്പോഴോ ഒക്കെ പ്രാർഥനയിൽ യഹോവയെ സമീപിക്കാൻ നമുക്ക് എല്ലായ്‌പോഴും തോന്നിയെന്നു വരില്ല എന്നതു ശരിയാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ, യെശയ്യാവു 49:13; 2 കൊരിന്ത്യർ 7:6) പ്രത്യേകിച്ചും, യാതനയും കഷ്ടപ്പാടും നേരിടുന്ന സമയത്താണ് ഒരു ദുർഗമെന്ന നിലയിൽ ഉറച്ച വിശ്വാസത്തോടെ നമ്മുടെ സ്വർഗീയ പിതാവിലേക്കു നാം തിരിയേണ്ടത്.
‘യഹോവ തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു’വെന്നും അവൻ ‘എളിയവരെ ആശ്വസിപ്പിക്കുന്നു’വെന്നും നമുക്ക് ഓർക്കാം. (9. പ്രാർഥനയിൽ ദൈവത്തെ സമീപിക്കുന്നതിൽ വിശ്വാസത്തിനുള്ള പങ്കെന്ത്?
9 പ്രാർഥന എന്ന പദവിയിൽനിന്നു പൂർണ പ്രയോജനം നേടാൻ നമുക്കു യഥാർഥ വിശ്വാസമുണ്ടായിരിക്കണം. “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (എബ്രായർ 11:6) ദൈവം ‘ഉണ്ട്’ എന്ന ബോധ്യമുണ്ടായിരിക്കുന്നതിലധികം വിശ്വാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. യഥാർഥ വിശ്വാസം ഉണ്ടെങ്കിൽ, അനുസരണത്തോടു കൂടിയ നമ്മുടെ ജീവിതഗതിക്കു പ്രതിഫലം നൽകാനുള്ള ദൈവത്തിന്റെ പ്രാപ്‌തിയിലും ആഗ്രഹത്തിലുമുള്ള ശക്തമായ ബോധ്യവും നമുക്ക് ഉണ്ടായിരിക്കും. “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1 പത്രൊസ് 3:12) യഹോവയ്‌ക്കു നമ്മോടുള്ള സ്‌നേഹനിർഭരമായ താത്‌പര്യം നമ്മുടെ മനസ്സിൽ എല്ലായ്‌പോഴും അടുപ്പിച്ചുനിറുത്തുന്നത് നമ്മുടെ പ്രാർഥനകൾക്ക് പ്രത്യേക അർഥം പകരും.
10. യഹോവയിൽനിന്ന് ആത്മീയ സഹായം ലഭിക്കണമെങ്കിൽ നമ്മുടെ പ്രാർഥന എങ്ങനെയുള്ളതായിരിക്കണം?
10 പൂർണ ഹൃദയത്തോടെയുള്ള നമ്മുടെ പ്രാർഥനകൾ യഹോവ കേൾക്കുന്നു. സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ.” (സങ്കീർത്തനം 119:145) അനേക മതങ്ങളിലും വെറുമൊരു അനുഷ്‌ഠാനമെന്ന നിലയിൽ നിർവഹിക്കപ്പെടുന്ന പ്രാർഥനകളിൽനിന്നു വ്യത്യസ്‌തമായി നമ്മുടെ പ്രാർഥനകൾ ഒരിക്കലും യാന്ത്രികമോ അർധഹൃദയത്തോടെയുള്ളതോ അല്ല. നാം “പൂർണ്ണഹൃദയത്തോടെ” യഹോവയോടു പ്രാർഥിക്കുമ്പോൾ നമ്മുടെ വാക്കുകൾക്കു വലിയ അർഥവും ഉദ്ദേശ്യവും കൈവരും. ആ വിധത്തിൽ ആത്മാർഥമായി പ്രാർഥിക്കുമ്പോൾ, നമ്മുടെ ‘ഭാരം യഹോവയുടെമേൽ വെക്കുന്നതിൽ’നിന്നു ലഭിക്കുന്ന ആശ്വാസം നമുക്ക് അനുഭവവേദ്യമാകുന്നു. ബൈബിൾ വാഗ്‌ദാനം ചെയ്യുന്നതുപോലെ, ‘അവൻ നമ്മെ പുലർത്തും.’—സങ്കീർത്തനം 55:22; 1 പത്രൊസ് 5:6, 7.
ദൈവാത്മാവ് നമ്മുടെ സഹായി
11. യഹോവയോടു സഹായത്തിനായി ‘യാചിക്കുമ്പോൾ’ അവൻ നമുക്ക് ഉത്തരമരുളുന്ന ഒരു വിധം ഏത്?
11 യഹോവ പ്രാർഥന കേൾക്കുന്നവൻ മാത്രമല്ല ഉത്തരമരുളുന്നവനുമാണ്. (സങ്കീർത്തനം 65:2) ദാവീദ് ഇപ്രകാരം എഴുതി: “നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.” (സങ്കീർത്തനം 86:7) സമാനമായി, “സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ . . . കൊടുക്കും” എന്നതിനാൽ സഹായത്തിനായി യഹോവയോടു ‘യാചിക്കാൻ’ യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (ലൂക്കൊസ് 11:9-13) അതേ, ദൈവത്തിന്റെ ജനത്തിനുവേണ്ടി അവന്റെ കർമനിരതമായ ശക്തി ഒരു സഹായിയായി, അല്ലെങ്കിൽ ആശ്വാസകനായി വർത്തിക്കുന്നു.—യോഹന്നാൻ 14:16.
12. പ്രശ്‌നങ്ങൾ അങ്ങേയറ്റം ഭാരപ്പെടുത്തുന്നതായി തോന്നുമ്പോൾ ദൈവാത്മാവിനു നമ്മെ സഹായിക്കാനാകുന്നത് എങ്ങനെ?
12 പരിശോധനകൾ നേരിടുമ്പോൾപോലും നമുക്ക് “അത്യന്തശക്തി” നൽകാൻ ദൈവാത്മാവിനു കഴിയും. (2 കൊരിന്ത്യർ 4:7) സമ്മർദപൂരിതമായ നിരവധി സാഹചര്യങ്ങളിലൂടെ കടന്നുപോയ പൗലൊസ് അപ്പൊസ്‌തലൻ ഉറച്ച ബോധ്യത്തോടെ ഇപ്രകാരം പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:13) അതുപോലെതന്നെ ഇന്നും, പ്രാർഥനയിൽ ദൈവത്തോട് അപേക്ഷിച്ചതിന്റെ ഫലമായി തങ്ങളുടെ ആത്മീയവും വൈകാരികവുമായ ശക്തി പുതുക്കം പ്രാപിച്ചിരിക്കുന്നതായി അനേകർ മനസ്സിലാക്കിയിരിക്കുന്നു. പലപ്പോഴും, ദൈവാത്മാവിന്റെ സഹായം ലഭിക്കുമ്പോൾ സമ്മർദപൂരിതമായ പല പ്രശ്‌നങ്ങളുടെയും ഭാരം ലഘൂകരിക്കപ്പെടുന്നതായി നമുക്കു തോന്നും. ദൈവദത്തമായ ഈ ശക്തിയുള്ളതിനാൽ അപ്പൊസ്‌തലനെപ്പോലെ നമുക്കും ഇപ്രകാരം പറയാം: “ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല.”—2 കൊരിന്ത്യർ 4:8, 9.
13, 14. (എ) തന്റെ ലിഖിത വചനത്തിലൂടെ യഹോവ നമ്മുടെ ദുർഗം ആയിത്തീരുന്നത് എങ്ങനെ? (ബി) ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കൽ നിങ്ങളെ വ്യക്തിപരമായി സഹായിച്ചിരിക്കുന്നത് എങ്ങനെ?
13 നമ്മുടെ പ്രയോജനത്തിനായി പരിശുദ്ധാത്മാവ്, ദൈവത്തിന്റെ ലിഖിത വചനം നിശ്വസ്‌തമാക്കപ്പെടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനുംകൂടെ ഇടയാക്കിയിരിക്കുന്നു. നമ്മുടെ കഷ്ടകാലത്തു ദൈവം തന്റെ വചനത്തിലൂടെ നമുക്ക് ഒരു ദുർഗമായിത്തീരുന്നത് എങ്ങനെയാണ്? ഒരു വിധം, നമുക്കു പ്രായോഗിക ജ്ഞാനവും വകതിരിവും നൽകിക്കൊണ്ടാണ്. (സദൃശവാക്യങ്ങൾ 3:21-24) ബൈബിൾ നമ്മുടെ മാനസിക പ്രാപ്‌തികളെ പരിശീലിപ്പിക്കുകയും നമ്മുടെ ബുദ്ധി അല്ലെങ്കിൽ ന്യായബോധം വർധിപ്പിക്കുകയും ചെയ്യുന്നു. (റോമർ 12:1) ദൈവവചനം ക്രമമായി വായിക്കുകയും പഠിക്കുകയും ഒപ്പം അതു ബാധകമാക്കുകയും ചെയ്യുന്നതിലൂടെ ‘നന്മതിന്മകളെ തിരിച്ചറിയാനായി നമ്മുടെ ഇന്ദ്രിയങ്ങളെ അഭ്യസിപ്പിക്കാൻ’ നമുക്കു കഴിയും. (എബ്രായർ 5:14) പ്രയാസങ്ങൾ നേരിട്ട സാഹചര്യങ്ങളിൽ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ബൈബിൾ തത്ത്വങ്ങൾ സഹായിച്ച വിധം നിങ്ങൾ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുണ്ടാകാം. സമ്മർദപൂരിതമായ പ്രശ്‌നങ്ങൾക്കുള്ള പ്രായോഗിക പരിഹാരമാർഗങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന സൂക്ഷ്‌മബുദ്ധി ബൈബിൾ നമുക്കു നൽകുന്നു.—സദൃശവാക്യങ്ങൾ 1:4.
14 ശക്തിയുടെ മറ്റൊരു ഉറവും ദൈവവചനം നമുക്കു പ്രദാനം ചെയ്യുന്നു—രക്ഷയുടെ പ്രത്യാശ. (റോമർ 15:4) മോശമായ കാര്യങ്ങൾ എക്കാലത്തേക്കും തുടരുകയില്ലെന്നു ബൈബിൾ നമ്മോടു പറയുന്നു. നാം അനുഭവിക്കുന്ന ഏതൊരു കഷ്ടപ്പാടും താത്‌കാലികമാണ്. (2 കൊരിന്ത്യർ 4:16-18) “ഭോഷ്‌കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്‌ദത്തം ചെയ്‌ത നിത്യജീവന്റെ പ്രത്യാശ” നമുക്കുണ്ട്. (തീത്തൊസ് 1:2) യഹോവ വാഗ്‌ദാനം ചെയ്യുന്ന ശോഭനമായ ഭാവി സദാ മനസ്സിൽ അടുപ്പിച്ചുനിറുത്തിക്കൊണ്ട് നാം ആ പ്രത്യാശയിൽ സന്തോഷിക്കുന്നെങ്കിൽ, കഷ്ടപ്പാടുകൾ സഹിച്ചുനിൽക്കാൻ നമുക്കു കഴിയും.—റോമർ 12:12, 13; 1 തെസ്സലൊനീക്യർ 1:3.
സഭ—ദൈവസ്‌നേഹത്തിന്റെ ഒരു പ്രകടനം
15. ക്രിസ്‌ത്യാനികൾക്ക് പരസ്‌പരം ഒരു സഹായമായിരിക്കാൻ എങ്ങനെ കഴിയും?
15 കഷ്ടകാലത്തു നമ്മെ സഹായിക്കാൻ യഹോവ പ്രദാനം ചെയ്‌തിട്ടുള്ള മറ്റൊരു കരുതലാണ് ക്രിസ്‌തീയ സഭയിൽ നാം ആസ്വദിക്കുന്ന സഖിത്വം. ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) അന്യോന്യം ബഹുമാനിക്കാനും സ്‌നേഹിക്കാനും ദൈവവചനം സഭയിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:10) “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ” എന്ന് അപ്പൊസ്‌തലനായ പൗലൊസ് എഴുതുകയുണ്ടായി. (1 കൊരിന്ത്യർ 10:24) അത്തരമൊരു മനോഭാവം, നമുക്കുണ്ടാകുന്ന പരിശോധനകളിലല്ല മറിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. മറ്റുള്ളവർക്ക് സഹായഹസ്‌തം നീട്ടുമ്പോൾ അവർക്കു മാത്രമല്ല അതുകൊണ്ടു പ്രയോജനം ഉണ്ടാകുന്നത്. അതിലൂടെ നമ്മുടെ ഭാരങ്ങളെ കൂടുതൽ ലഘുവാക്കിത്തീർക്കുന്ന സന്തോഷവും സംതൃപ്‌തിയും ഒരളവോളം ആസ്വദിക്കാനും നമുക്കു കഴിയും.—പ്രവൃത്തികൾ 20:35, NW..
16. ഓരോ ക്രിസ്‌ത്യാനിക്കും പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാൻ കഴിയുന്നതെങ്ങനെ?
16 മറ്റുള്ളവരെ ശക്തീകരിക്കുന്നതിൽ ആത്മീയ പക്വതയുള്ള സ്‌ത്രീപുരുഷന്മാർ ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. തങ്ങളെത്തന്നെ ലഭ്യരും മറ്റുള്ളവർക്കു സമീപിക്കാവുന്നവരും ആക്കിത്തീർത്തുകൊണ്ടാണ് അവർ അതു ചെയ്യുന്നത്. (2 കൊരിന്ത്യർ 6:11-13) ചെറുപ്പക്കാരെ അഭിനന്ദിക്കാനും പുതുതായി വിശ്വാസത്തിൽ വന്നിട്ടുള്ളവരെ കെട്ടുപണി ചെയ്യാനും വിഷാദചിത്തരെ പ്രോത്സാഹിപ്പിക്കാനുമായി എല്ലാവരും സമയം കണ്ടെത്തുമ്പോൾ സഭയ്‌ക്ക് അതു യഥാർഥത്തിൽ പ്രയോജനം ചെയ്യുന്നു. (റോമർ 15:7) പരസ്‌പരം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് ഒഴിവാക്കാനും സഹോദരസ്‌നേഹം നമ്മെ സഹായിക്കും. വ്യക്തിപരമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആത്മീയ ബലഹീനതയുടെ ലക്ഷണമാണെന്നു നാം തിടുക്കത്തിൽ നിഗമനം ചെയ്യരുത്. “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ” എന്ന് അപ്പൊസ്‌തലനായ പൗലൊസ് ഉചിതമായി ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:14) വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾക്കുപോലും കഷ്ടപ്പാടുകൾ ഉണ്ടാകുന്നുവെന്നു ബൈബിൾ വ്യക്തമാക്കുന്നു.—പ്രവൃത്തികൾ 14:15.
17. ക്രിസ്‌തീയ സാഹോദര്യത്തിന്റെ ബന്ധം ശക്തമാക്കാൻ നമുക്ക് ഏത് അവസരങ്ങൾ ഉണ്ട്?
17 പരസ്‌പരം ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്കു ലഭിക്കുന്ന നല്ലൊരു അവസരമാണ് ക്രിസ്‌തീയ യോഗങ്ങൾ. (എബ്രായർ 10:24, 25) ക്രിസ്‌ത്യാനികളുടെ സ്‌നേഹപുരസ്സരമുള്ള ഇടപഴകൽ സഭായോഗങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. മറിച്ച്, അനൗപചാരികമായ വേളകളിലെ ആരോഗ്യാവഹമായ സഹവാസത്തിനുള്ള അവസരങ്ങളും അവർ പ്രയോജനപ്പെടുത്തുന്നു. നമുക്കിടയിൽ ശക്തമായ സുഹൃദ്‌ബന്ധം ഉള്ളതിനാൽ, സമ്മർദപൂരിതമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നാം മനസ്സോടെ അന്യോന്യം സഹായിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ് ഇപ്രകാരം എഴുതി: ‘ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണം. അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.’—1 കൊരിന്ത്യർ 12:25, 26.
18. നിരാശ തോന്നുമ്പോൾ നാം ഏതു പ്രവണത ഒഴിവാക്കണം?
18 ചിലപ്പോഴൊക്കെ സഹ ക്രിസ്‌ത്യാനികളുമായി സഹവസിക്കാൻ തോന്നാത്ത വിധത്തിൽ നമുക്കു നിരാശ അനുഭവപ്പെട്ടേക്കാം. സഹവിശ്വാസികളിൽനിന്നുള്ള ആശ്വാസവും പിന്തുണയും ലഭിക്കണമെങ്കിൽ, നാം അത്തരം വികാരങ്ങളെ ചെറുത്തുനിൽക്കേണ്ടത് ആവശ്യമാണ്. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു” എന്നു ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 18:1) ദൈവത്തിനു നമ്മോടുള്ള കരുതലിന്റെ ഒരു പ്രകടനമാണ് നമ്മുടെ സഹോദരീസഹോദരന്മാർ. സ്‌നേഹനിർഭരമായ ആ ക്രമീകരണത്തെ തിരിച്ചറിയുന്നെങ്കിൽ, കഷ്ടകാലങ്ങളിൽ നമുക്ക് ആശ്വാസം ലഭിക്കും.
ക്രിയാത്മക മനോഭാവം നിലനിറുത്തുക
19, 20. നിഷേധാത്മക ചിന്തകളെ ചെറുക്കാൻ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നത് എങ്ങനെ?
19 നിരുത്സാഹവും ദുഃഖവും തോന്നുമ്പോൾ നിഷേധാത്മക ചിന്തകൾ തലപൊക്കുക സ്വാഭാവികമാണ്. ഉദാഹരണമായി, പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, അത് ദൈവാംഗീകാരം ഇല്ലാത്തതിന്റെ തെളിവാണെന്ന് അനുമാനിച്ചുകൊണ്ട് ചിലർ സ്വന്തം ആത്മീയതയെ സംശയിച്ചു തുടങ്ങിയേക്കാം. എന്നാൽ ഓർക്കുക, യഹോവ “ദോഷങ്ങളാൽ” ആരെയും പരീക്ഷിക്കുന്നില്ല. (യാക്കോബ് 1:13) ‘മനസ്സോടെയല്ലല്ലോ അവൻ [ദൈവം] മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു’ എന്നു ബൈബിൾ പറയുന്നു. (വിലാപങ്ങൾ 3:33) നേരെ മറിച്ച്, തന്റെ ദാസരുടെ കഷ്ടപ്പാട് യഹോവയെ അഗാധ ദുഃഖത്തിലാഴ്‌ത്തുന്നു.—യെശയ്യാവു 63:8, 9; സെഖര്യാവു 2:8.
20 യഹോവ, “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവ”വുമാണ്. (2 കൊരിന്ത്യർ 1:3) അവൻ നമുക്കായി കരുതുന്നു, അവൻ തക്കസമയത്തു നമ്മെ ഉയർത്തും. (1 പത്രൊസ് 5:6, 7) ദൈവത്തിന്റെ പ്രീതിവാത്സല്യം എല്ലായ്‌പോഴും മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നത് ഒരു ക്രിയാത്മക മനോഭാവം നിലനിറുത്താൻ, ആനന്ദിക്കാൻപോലും, നമ്മെ സഹായിക്കും. യാക്കോബ് ഇങ്ങനെ എഴുതി: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ . . . അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” (യാക്കോബ് 1:2, 3) എന്തുകൊണ്ട്? അവൻതന്നെ ഉത്തരം നൽകുന്നു: “അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്‌നേഹിക്കുന്നവർക്കു വാഗ്‌ദത്തം ചെയ്‌ത ജീവകിരീടം പ്രാപിക്കും.”—യാക്കോബ് 1:12.
21. നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നാലും, ദൈവത്തോടു വിശ്വസ്‌തരായിരിക്കുന്നവർക്ക് അവൻ എന്ത് ഉറപ്പു നൽകുന്നു?
21 യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ലോകത്തിൽ നമുക്കു കഷ്ടം ഉണ്ടാകും. (യോഹന്നാൻ 16:33) എന്നാൽ, യഹോവയുടെയും അവന്റെ പുത്രന്റെയും സ്‌നേഹത്തിൽനിന്ന് “കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ” നമ്മെ വേർപിരിക്കുകയില്ലെന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. (റോമർ 8:35, 39) നാം അനുഭവിക്കുന്ന ഏതൊരു കഷ്ടപ്പാടും താത്‌കാലികമാണെന്ന് അറിയുന്നത് എത്ര ആശ്വാസപ്രദമാണ്! മനുഷ്യന്റെ കഷ്ടപ്പാടുകൾ അവസാനിച്ചു കാണാൻ നാം കാത്തിരിക്കുന്ന ഈ സമയത്ത്, സ്‌നേഹവാനാം പിതാവായ യഹോവ നമ്മെ കാത്തുകൊള്ളുന്നു. സംരക്ഷണത്തിനായി നാം അവന്റെ അടുക്കലേക്ക് ഓടിച്ചെല്ലുന്നെങ്കിൽ അവൻ ‘പീഡിതന്നു ഒരു അഭയസ്ഥാനം, കഷ്ടകാലത്തു ഒരഭയസ്ഥാനം’ ആയിത്തീരും.—സങ്കീർത്തനം 9:9.
നാം എന്തു പഠിച്ചു?
• ഈ ദുഷ്ടലോകത്തിൽ ജീവിക്കെ ക്രിസ്‌ത്യാനികൾ എന്തു പ്രതീക്ഷിക്കണം?
• പരിശോധനകൾ നേരിടുമ്പോൾ തീക്ഷ്‌ണമായ പ്രാർഥനകൾ നമ്മെ ശക്തീകരിക്കുന്നത് എങ്ങനെ?
• ദൈവാത്മാവ് ഒരു സഹായി ആയിരിക്കുന്നതെങ്ങനെ?
• അന്യോന്യം സഹായമേകാനായി നമുക്ക് എന്തു ചെയ്യാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
ബലമുള്ള ഒരു ഗോപുരത്തിലേക്ക് ഓടിച്ചെല്ലുന്നതുപോലെ നാം യഹോവയെ അന്വേഷിക്കണം
[20-ാം പേജിലെ ചിത്രങ്ങൾ]
ആത്മീയ പക്വതയുള്ളവർ മറ്റുള്ളവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തുന്നു