വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അപരിചിതരുടെ സ്വര’ത്തിനെതിരെ ജാഗ്രത പാലിക്കുക

‘അപരിചിതരുടെ സ്വര’ത്തിനെതിരെ ജാഗ്രത പാലിക്കുക

‘അപരിചിതരുടെ സ്വര’ത്തിനെതിരെ ജാഗ്രത പാലിക്കുക

“അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാൽ അവ അവരിൽ നിന്ന്‌ ഓടിയകലും.”​—⁠യോഹന്നാൻ 10:⁠5, പി.ഒ.സി. ബൈബിൾ.

1, 2. (എ) യേശു മറിയയെ പേരു ചൊല്ലി വിളിക്കുമ്പോൾ അവൾ പ്രതികരിക്കുന്നത്‌ എങ്ങനെ, ഈ സംഭവം യേശുവിന്റെ ഏതു മുൻ പ്രസ്‌താവനയെ ദൃഷ്ടാന്തീകരിക്കുന്നു? (ബി) യേശുവിനോടു പറ്റിനിൽക്കാൻ നമ്മെ എന്തു പ്രാപ്‌തരാക്കും?

പുനരുത്ഥാനം പ്രാപിച്ച യേശു, തന്റെ ശൂന്യമായ കല്ലറയ്‌ക്കൽ നിൽക്കുന്ന സ്‌ത്രീയെ കാണുന്നു. യേശുവിന്‌ അവളെ നന്നായി അറിയാം. മഗ്‌ദലക്കാരത്തി മറിയയാണ്‌ അവൾ. ഏതാണ്ട്‌ രണ്ടു വർഷം മുമ്പ്‌ അവൻ അവളിൽനിന്ന്‌ ദുരാത്മാക്കളെ നീക്കി അവൾക്കു സൗഖ്യം വരുത്തിയിരുന്നു. അന്നുമുതൽ അവൾ അവനെയും അപ്പൊസ്‌തലന്മാരെയും ശുശ്രൂഷിച്ചുകൊണ്ട്‌ അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 8:1-3) എന്നാൽ ഇപ്പോൾ മറിയ കരയുകയാണ്‌. യേശു മരിച്ച ദുഃഖംതന്നെ അവൾക്കു താങ്ങാവുന്നതിലധികമാണ്‌, ഇപ്പോൾ അവന്റെ ശരീരവും അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ട്‌ യേശു അവളോട്‌, “സ്‌ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു” എന്നു ചോദിക്കുന്നു. അവൻ അവിടത്തെ തോട്ടക്കാരനാണ്‌ എന്നു ധരിച്ചുകൊണ്ട്‌ അവൾ ഇപ്രകാരം പറയുന്നു: “യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്‌ക്കൊള്ളാം.” അപ്പോൾ യേശു അവളെ “മറിയയേ” എന്നു വിളിക്കുന്നു. പരിചിതമായ ആ സംബോധന കേട്ട ഉടനെ അവൾ അവനെ തിരിച്ചറിയുന്നു. സന്തോഷം അടക്കാനാവാതെ, ‘ഗുരോ’ എന്നു വിളിച്ചുകൊണ്ട്‌ അവൾ അവനെ കെട്ടിപ്പിടിക്കുന്നു.​—⁠യോഹന്നാൻ 20:11-18.

2 ഈ വിവരണം, ഇതിന്‌ ഏതാനും നാളുകൾക്കു മുമ്പ്‌ യേശു പ്രസ്‌താവിച്ച ഒരു കാര്യത്തെ ഹൃദയസ്‌പർശിയായ ഒരു വിധത്തിൽ ദൃഷ്ടാന്തീകരിക്കുന്നു. തന്നെ ഒരു ഇടയനോടും തന്റെ അനുഗാമികളെ ചെമ്മരിയാടുകളോടും തുലനം ചെയ്‌തുകൊണ്ട്‌, ഇടയൻ തന്റെ സ്വന്തം ആടുകളെ പേരു ചൊല്ലി വിളിക്കുന്നുവെന്നും അവ അവന്റെ ശബ്ദം തിരിച്ചറിയുന്നുവെന്നും അവൻ പറഞ്ഞു. (യോഹന്നാൻ 10:3, 4, 14, 27, 28) അതേ, ഒരു ആട്‌ അതിന്റെ ഇടയനെ തിരിച്ചറിയുന്നതു പോലെ മറിയ അവളുടെ ഇടയനായ ക്രിസ്‌തുവിനെ തിരിച്ചറിഞ്ഞു. യേശുവിന്റെ ഇന്നത്തെ അനുഗാമികളുടെ കാര്യത്തിലും അതു സത്യമാണ്‌. (യോഹന്നാൻ 10:16) ഇടയന്റെ സ്വരം കൃത്യമായി തിരിച്ചറിയാൻ കഴിവുള്ള ആടിന്റെ കാതുകൾ ഇടയനോടു പറ്റിനിൽക്കാൻ അതിനെ സഹായിക്കുന്നതുപോലെ, നമുക്കുള്ള ആത്മീയ തിരിച്ചറിവ്‌ നല്ല ഇടയനായ യേശുക്രിസ്‌തുവിന്റെ കാലടികളെ അടുത്തു പിൻപറ്റാൻ നമ്മെ പ്രാപ്‌തരാക്കും.​—⁠യോഹന്നാൻ 13:15; 1 യോഹന്നാൻ 2:6; 5:20.

3. ആട്ടിൻപറ്റത്തെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?

3 ആ ദൃഷ്ടാന്തപ്രകാരം, മനുഷ്യസ്വരം തിരിച്ചറിയാനുള്ള ആടിന്റെ കഴിവ്‌ മിത്രത്തെ മാത്രമല്ല ശത്രുവിനെയും തിരിച്ചറിയാൻ അതിനെ സഹായിക്കുന്നു. തന്ത്രശാലികളായ വിരോധികൾ നമുക്ക്‌ ഉള്ളതുകൊണ്ട്‌ ഇതു ജീവത്‌പ്രധാനമാണ്‌. ഈ വിരോധികൾ ആരാണ്‌? അവരുടെ പ്രവർത്തന രീതി എന്താണ്‌? നമുക്ക്‌ നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാൻ കഴിയും? അതു കണ്ടുപിടിക്കാനായി നമുക്ക്‌ ആട്ടിൻപറ്റത്തിന്റെ ദൃഷ്ടാന്തത്തിൽ യേശു മറ്റെന്തുകൂടെ പറയുന്നു എന്നു നോക്കാം.

‘വാതിലിലൂടെ കടക്കാതിരിക്കുന്നവൻ’

4. ഇടയനെ കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ അടുകൾ ആരെ അനുഗമിക്കുന്നു, ആരെ അനുഗമിക്കുന്നില്ല?

4 യേശു ഇങ്ങനെ പ്രസ്‌താവിക്കുന്നു: “വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്‌. കാവൽക്കാരൻ അവനു വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ സ്വരം കേൾക്കുന്നു. അവൻ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു. തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട്‌ അവൻ അവയ്‌ക്കു മുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട്‌ ആടുകൾ അവനെ അനുഗമിക്കുന്നു. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാൽ അവ അവരിൽ നിന്ന്‌ ഓടിയകലും.” (യോഹന്നാൻ 10:2-5, പി.ഒ.സി. ബൈ.) “സ്വരം” എന്ന പദം യേശു മൂന്നു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതായി ശ്രദ്ധിക്കുക. രണ്ടു പ്രാവശ്യം അവൻ ഇടയന്റെ സ്വരത്തെ കുറിച്ചാണു സംസാരിക്കുന്നത്‌. എന്നാൽ മൂന്നാമത്തെ പ്രാവശ്യം ‘അപരിചിതരുടെ സ്വരത്തെ’ കുറിച്ച്‌ അവൻ പറയുന്നു. ഇവിടെ ഏതുതരം അപരിചിതനെയാണ്‌ യേശു പരാമർശിക്കുന്നത്‌?

5. യോഹന്നാൻ 10-ാം അധ്യായത്തിൽ പരാമർശിക്കുന്ന തരത്തിലുള്ള അപരിചിതനോട്‌ നാം അതിഥിപ്രിയം കാണിക്കുകയില്ലാത്തത്‌ എന്തുകൊണ്ട്‌?

5 മൂല ബൈബിൾ ഭാഷയിൽ അതിഥിപ്രിയം എന്ന പദത്തിന്റെ അർഥം “അപരിചിതരോടുള്ള സ്‌നേഹം” എന്നാണ്‌. എന്നാൽ അതിഥിപ്രിയം കാണിക്കാൻ നാം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു അപരിചിതനെയല്ല യേശു ഇവിടെ പരാമർശിക്കുന്നത്‌. (എബ്രായർ 13:​1, 2) യേശുവിന്റെ ദൃഷ്ടാന്തത്തിലെ അപരിചിതന്‌ അതിഥിയായിരിക്കാനുള്ള ക്ഷണം ലഭിച്ചിട്ടില്ല. “ആട്ടിൻതൊഴുത്തിൽ വാതി[ലി]ലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ” ആണ്‌ ഈ വ്യക്തി. ഇയാൾ ഒരു “കള്ളനും കവർച്ചക്കാരനും” ആണ്‌. (യോഹന്നാൻ 10:1) ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം, കള്ളനും കവർച്ചക്കാരനും ആയിത്തീർന്ന ആദ്യത്തെ വ്യക്തി ആരാണ്‌? പിശാചായ സാത്താൻ ആണ്‌ അത്‌. ഉല്‌പത്തി പുസ്‌തകത്തിൽ നാം അതിനുള്ള തെളിവു കാണുന്നു.

അപരിചിതന്റെ സ്വരം ആദ്യമായി കേട്ടത്‌

6, 7. സാത്താനെ അപരിചിതൻ എന്നും കള്ളൻ എന്നും വിശേഷിപ്പിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ഭൂമിയിൽ ആദ്യമായി ഒരു അപരിചിതന്റെ സ്വരം കേട്ടത്‌ എങ്ങനെയെന്ന്‌ ഉല്‌പത്തി 3:1-5 വിവരിക്കുന്നു. സാത്താൻ ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ട്‌ ആദ്യസ്‌ത്രീയായ ഹവ്വായെ സമീപിച്ച്‌, വഴിതെറ്റിക്കുന്ന വിധത്തിൽ അവളോടു സംസാരിച്ചതായി വിവരണം പറയുന്നു. ഈ വിവരണത്തിൽ സാത്താനെ അക്ഷരാർഥത്തിൽ ‘അപരിചിതൻ’ എന്നു വിശേഷിപ്പിച്ചിട്ടില്ല എന്നതു ശരിയാണ്‌. എന്നിരുന്നാലും അവൻ പലവിധങ്ങളിലും യോഹന്നാൻ 10-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തത്തിലെ അപരിചിതനെ പോലെയാണ്‌ എന്ന്‌ അവന്റെ പ്രവർത്തനങ്ങൾ പ്രകടമാക്കുന്നു. ചില സമാനതകൾ പരിചിന്തിക്കുക.

7 അപരിചിതൻ ആട്ടിൻപറ്റത്തിലെ തന്റെ ഇരകളെ വളഞ്ഞ വഴിയിലൂടെ ആയിരിക്കും സമീപിക്കുക എന്ന്‌ യേശു പറയുന്നു. സമാനമായി, സാത്താൻ തന്റെ ഇരയെ ഒരു സർപ്പത്തെ ഉപയോഗിച്ച്‌ വളഞ്ഞ വഴിയിലൂടെയാണു സമീപിച്ചത്‌. കൗശലപൂർവകമായ ഈ സമീപനം തന്ത്രശാലിയും വഞ്ചകനുമായ ഒരു അതിക്രമി എന്ന നിലയിലുള്ള സാത്താന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. കൂടാതെ, ആട്ടിൻപറ്റത്തിൽ കടന്നുകൂടിയിരിക്കുന്ന അപരിചിതന്റെ ഉദ്ദേശ്യം ആടുകളുടെ യഥാർഥ ഉടമസ്ഥനിൽനിന്ന്‌ അവയെ കവർന്നെടുക്കുക എന്നതാണ്‌. വാസ്‌തവത്തിൽ, അയാൾ ഒരു കള്ളനെക്കാൾ നീചനാണ്‌. കാരണം ആടുകളെ ‘അറുക്കുകയും മുടിക്കുകയും’ ചെയ്യുക എന്നതുംകൂടെയാണ്‌ അയാളുടെ ഉദ്ദേശ്യം. (യോഹന്നാൻ 10:10) സമാനമായി, സാത്താൻ ഒരു കള്ളനായിരുന്നു. ഹവ്വായെ വഞ്ചിച്ചുകൊണ്ട്‌, ദൈവത്തിന്‌ അർഹതപ്പെട്ട അവളുടെ വിശ്വസ്‌തത അവൻ കവർന്നെടുത്തു. കൂടാതെ സാത്താൻ മനുഷ്യരുടെമേൽ മരണവും വരുത്തിവെച്ചു. അതുകൊണ്ട്‌ അവൻ ഒരു കൊലപാതകിയും ആണ്‌.

8. സാത്താൻ യഹോവയുടെ വാക്കുകളെയും ആന്തരത്തെയും വളച്ചൊടിച്ചത്‌ എങ്ങനെ?

8 സാത്താൻ യഹോവയുടെ വാക്കുകളെയും ആന്തരത്തെയും വളച്ചൊടിച്ചതിൽ അവന്റെ വഞ്ചന പ്രകടമാണ്‌. “യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്‌തവമായി കല്‌പിച്ചിട്ടുണ്ടോ” എന്ന്‌ ഒരു ഞെട്ടലോടെ എന്നവണ്ണം അവൻ ഹവ്വായോടു ചോദിച്ചു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ‘ഇത്രയ്‌ക്ക്‌ യുക്തിബോധമില്ലാതെ പെരുമാറാൻ ദൈവത്തിന്‌ എങ്ങനെ കഴിയുന്നു’ എന്നു ചോദിക്കുന്നതു പോലെയായിരുന്നു അത്‌. ‘അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കും എന്നു ദൈവം അറിയുന്നു’ എന്ന്‌ അവൻ കൂട്ടിച്ചേർത്തു. ‘ദൈവം അറിയുന്നു’ എന്ന അവന്റെ വാക്കുകൾ ശ്രദ്ധിക്കുക. ‘ദൈവത്തിന്റെ മനസ്സിലുള്ളത്‌ എനിക്കറിയാം. അവന്റെ ആന്തരം ഒട്ടും നല്ലതല്ല’ എന്നായിരുന്നു അവൻ പറഞ്ഞതിന്റെ അർഥം. (ഉല്‌പത്തി 2:16, 17; 3:1, 5) ദുഃഖകരമെന്നു പറയട്ടെ, ഹവ്വായും പിന്നീട്‌ ആദാമും ഈ അപരിചിതന്റെ സ്വരം തള്ളിക്കളയുന്നതിൽ പരാജയപ്പെട്ടു. പകരം അവർ അതിനു ചെവികൊടുക്കുകയും തങ്ങളുടെയും സന്തതികളുടെയും മേൽ ദുരിതം വരുത്തിവെക്കുകയും ചെയ്‌തു.​—⁠റോമർ 5:12, 14.

9. അപരിചിതരുടെ സ്വരം നാം ഇന്നു പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 ഇന്ന്‌ ദൈവജനത്തെ വഴിതെറ്റിക്കാൻ സാത്താൻ സമാനമായ മാർഗങ്ങൾ ഉപയോഗിക്കുന്നു. (വെളിപ്പാടു 12:9) അവൻ ‘ഭോഷ്‌ക്കിന്റെ അപ്പനാണ്‌.’ അവനെപ്പോലെ ദൈവദാസരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർ അവന്റെ മക്കളാണ്‌. (യോഹന്നാൻ 8:44) ഏതെല്ലാം സരണികളിലൂടെയാണ്‌ ഈ അപരിചിതരുടെ സ്വരം ഇന്ന്‌ മുഴങ്ങിക്കേൾക്കുന്നത്‌ എന്നു നമുക്കു നോക്കാം.

അപരിചിതരുടെ സ്വരം ഇന്നു മുഴങ്ങിക്കേൾക്കുന്ന ചില വിധങ്ങൾ

10. അപരിചിതരുടെ സ്വരം മുഴങ്ങിക്കേൾക്കുന്ന ഒരു വിധം ഏത്‌?

10 വഞ്ചനാത്മകമായ ന്യായവാദങ്ങൾ. അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു: “വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്‌.” (എബ്രായർ 13:9) ഏതുതരം ഉപദേശങ്ങളാണ്‌ ഇവ? അവയ്‌ക്കു നമ്മെ ‘വലിച്ചുകൊണ്ടുപോകാൻ’ കഴിയും എന്നതിനാൽ നമ്മുടെ ആത്മീയ സമനിലയെ തകർക്കുന്നതരം ഉപദേശങ്ങളെയാണ്‌ പൗലൊസ്‌ ഇവിടെ പരാമർശിക്കുന്നത്‌ എന്നു വ്യക്തം. ഈ അന്യോപദേശങ്ങൾ പ്രസ്‌താവിക്കുന്നത്‌ ആരാണ്‌? പൗലൊസ്‌ ഒരു കൂട്ടം ക്രിസ്‌തീയ മൂപ്പന്മാരോടു പറഞ്ഞു: “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.” (പ്രവൃത്തികൾ 20:30) അതേ, പൗലൊസിന്റെ നാളുകളിലെ പോലെതന്നെ ഇന്നും, ഒരിക്കൽ ക്രിസ്‌തീയ സഭയുടെ ഭാഗമായിരുന്ന ചില വ്യക്തികൾ “വിപരീതോപദേശം”​—⁠അർധസത്യങ്ങളും കല്ലുവെച്ച നുണകളും​—⁠പ്രസ്‌താവിച്ചുകൊണ്ട്‌ ആടുകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. പത്രൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞപ്രകാരം അവർ ‘കൗശലവാക്കുകൾ’ ഉപയോഗിക്കുന്നു, കള്ളനോട്ടുകളുടെ കാര്യത്തിലെന്ന പോലെ, സത്യമായതിനോടു സാമ്യമുള്ളതെങ്കിലും യാതൊരു മൂല്യവുമില്ലാത്തവയാണ്‌ ഈ വാക്കുകൾ.​—⁠2 പത്രൊസ്‌ 2:⁠3.

11. വിശ്വാസത്യാഗികൾ അവലംബിക്കുന്ന രീതിയെയും അവരുടെ ഉദ്ദേശ്യത്തെയും 2 പത്രൊസ്‌ 2:1, 3 വാക്യങ്ങൾ തുറന്നുകാട്ടുന്നത്‌ എങ്ങനെ?

11 വിശ്വാസത്യാഗികൾ “നാശകരമായ മതഭേദങ്ങളെ നുഴയിച്ചു”കൊണ്ടുവരും എന്നു പറഞ്ഞുകൊണ്ട്‌ പത്രൊസ്‌ അവർ അവലംബിക്കുന്ന രീതികൾ തുറന്നുകാട്ടുന്നു. (2 പത്രൊസ്‌ 2:1, 3) ആട്ടിൻപറ്റത്തെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിലെ കള്ളൻ “വാതി[ലി]ലൂടെ കടക്കാതെ വേറെ വഴിയായി കയറു”ന്നതുപോലെ വിശ്വാസത്യാഗികൾ തന്ത്രപരമായ മാർഗങ്ങളിലൂടെ ആയിരിക്കും നമ്മെ സമീപിക്കുക. (ഗലാത്യർ 2:4; യൂദാ 4) അവരുടെ ഉദ്ദേശ്യം എന്താണ്‌? ‘അവർ നിങ്ങളെ വാണിഭം ആക്കും’ അഥവാ ചൂഷണം ചെയ്യും എന്നു പത്രൊസ്‌ കൂട്ടിച്ചേർക്കുന്നു. തങ്ങളെ ന്യായീകരിക്കാനായി വിശ്വാസത്യാഗികൾ എന്തു പറഞ്ഞാലും സത്യത്തിന്മേൽ കടന്നാക്രമണം നടത്തുന്നവരുടെ യഥാർഥ ലക്ഷ്യം ആടുകളെ ‘മോഷ്ടിക്കുകയും അറുക്കുകയും മുടിക്കുകയും’ ചെയ്യുക എന്നതാണ്‌. (യോഹന്നാൻ 10:10) അത്തരം അപരിചിതർക്കെതിരെ ജാഗ്രത പാലിക്കുക!

12. (എ) നാം സഹവസിക്കുന്ന വ്യക്തികളിലൂടെ അപരിചിതരുടെ സ്വരം കേൾക്കാൻ ഇടയായേക്കാവുന്നത്‌ എങ്ങനെ? (ബി) സാത്താന്റെയും ഇന്നത്തെ അപരിചിതരുടെയും തന്ത്രങ്ങൾ തമ്മിൽ എന്തു സമാനതയുണ്ട്‌?

12 ഹാനികരമായ സഹവാസങ്ങൾ. നാം സഹവസിക്കുന്ന വ്യക്തികളിലൂടെ അപരിചിതരുടെ സ്വരം കേൾക്കാൻ ഇടയായേക്കാം. ഹാനികരമായ സഹവാസങ്ങൾ വിശേഷിച്ചും യുവാക്കളെ അപകടപ്പെടുത്തുന്നു. (1 കൊരിന്ത്യർ 15:​33) ആദ്യത്തെ മനുഷ്യജോഡിയിൽ സാത്താൻ പ്രായവും അനുഭവപരിചയവും കുറവായിരുന്ന ഹവ്വായെയാണ്‌ ലക്ഷ്യമിട്ടത്‌ എന്ന്‌ ഓർക്കുക. യഹോവ അവളുടെമേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന്‌ അവൻ അവളെ ബോധ്യപ്പെടുത്തി. എന്നാൽ വസ്‌തുത അതിൽനിന്ന്‌ എത്ര വ്യത്യസ്‌തമായിരുന്നു! യഹോവ തന്റെ മാനവസൃഷ്ടിയോട്‌ സ്‌നേഹവും കരുതലും ഉള്ളവനായിരുന്നു. (യെശയ്യാവു 48:17) സമാനമായി ഇന്ന്‌, യുവജനങ്ങളായ നിങ്ങളുടെമേൽ നിങ്ങളുടെ ക്രിസ്‌തീയ മാതാപിതാക്കൾ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്‌ എന്നു തോന്നിപ്പിക്കാൻ അപരിചിതർ ശ്രമിക്കുന്നു. ഈ അപരിചിതർ എങ്ങനെയായിരിക്കും നിങ്ങളെ സ്വാധീനിക്കുക? ക്രിസ്‌ത്യാനിയായ ഒരു പെൺകുട്ടി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “കുറച്ചു കാലത്തേക്കെങ്കിലും ഒരു പരിധിവരെ എന്റെ വിശ്വാസത്തെ ദുർബലമാക്കാൻ എന്റെ സഹപാഠികൾക്കു കഴിഞ്ഞു. എന്റെ മതം ന്യായബോധമില്ലാത്ത ഒന്നാണെന്നും അനാവശ്യമായി അത്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും അവർ പറഞ്ഞുകൊണ്ടിരുന്നു.” എന്നാൽ, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്‌ എന്നതാണു സത്യം. അതുകൊണ്ട്‌ മാതാപിതാക്കളെ അവിശ്വസിക്കാൻ സഹപാഠികൾ നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ ഹവ്വായെ പോലെ വഴിതെറ്റിക്കപ്പെടരുത്‌.

13. ദാവീദ്‌ ജ്ഞാനപൂർവകമായ ഏതു ഗതി തിരഞ്ഞെടുത്തു, നമുക്ക്‌ അവനെ അനുകരിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

13 ഹാനികരമായ സഹവാസത്തെ പറ്റി സങ്കീർത്തനക്കാരനായ ദാവീദ്‌ പറയുന്നു: “വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.” (സങ്കീർത്തനം 26:4) വീണ്ടും, അപരിചിതരുടെ ആ പ്രത്യേകത നിങ്ങൾ ശ്രദ്ധിച്ചുവോ? അവർ കപടക്കാരാണ്‌, തങ്ങൾ ആരാണെന്ന്‌ അവർ മറച്ചുപിടിക്കുന്നു​—⁠സർപ്പത്തെ ഉപയോഗിച്ച്‌ സാത്താൻ തന്നെത്തന്നെ മറച്ചുപിടിച്ചതുപോലെ. ഇന്ന്‌, ഇന്റർനെറ്റ്‌ ഉപയോഗിച്ചുകൊണ്ട്‌ ചില അധാർമിക വ്യക്തികൾ തങ്ങൾ ആരാണെന്നും തങ്ങളുടെ ഉദ്ദേശ്യം എന്താണെന്നും മറച്ചുപിടിക്കുന്നു. ദുർമാർഗികളായ ചില മുതിർന്ന വ്യക്തികൾ നിങ്ങളെ കെണിയിൽ അകപ്പെടുത്താൻ ചാറ്റ്‌ റൂമുകളിൽ യുവപ്രായക്കാരായി നടിക്കുകപോലും ചെയ്‌തേക്കാം. യുവജനങ്ങളേ, ദയവായി നിങ്ങൾ ഇത്തരം കാര്യങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തുക, അല്ലാത്തപക്ഷം, ആത്മീയമായി നിങ്ങൾ അപകടത്തിലാകും.​—⁠സങ്കീർത്തനം 119:101; സദൃശവാക്യങ്ങൾ 22:⁠3.

14. മാധ്യമങ്ങൾ ചിലപ്പോൾ അപരിചിതരുടെ സ്വരം പ്രസിദ്ധമാക്കുന്നത്‌ എങ്ങനെ?

14 വ്യാജാരോപണങ്ങൾ. യഹോവയുടെ സാക്ഷികളെ കുറിച്ച്‌ വാർത്താ മാധ്യമങ്ങൾ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ടു ചെയ്യാറുണ്ടെങ്കിലും ചിലപ്പോൾ അടിസ്ഥാനരഹിതമായ പ്രസ്‌താവനകൾ നിറഞ്ഞ അപരിചിതരുടെ സ്വരവും അവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഉദാഹരണത്തിന്‌ ഒരു രാജ്യത്തു വന്ന വാർത്തയിൽ, സാക്ഷികൾ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഹിറ്റ്‌ലറുടെ ഭരണകൂടത്തെ പിന്താങ്ങിയതായി വ്യാജമായി ആരോപിക്കപ്പെട്ടു. മറ്റൊരു രാജ്യത്ത്‌, സാക്ഷികൾ പള്ളിക്കെട്ടിടങ്ങൾ നശിപ്പിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. നിരവധി രാജ്യങ്ങളിൽ വാർത്താ മാധ്യമങ്ങൾ സാക്ഷികൾ തങ്ങളുടെ മക്കൾക്ക്‌ വൈദ്യചികിത്സ നിഷേധിക്കുന്നതായും സഹവിശ്വാസികൾ ചെയ്യുന്ന ഗുരുതരമായ പാപങ്ങൾക്കുനേരെ കണ്ണടയ്‌ക്കുന്നതായും ആരോപിച്ചു. (മത്തായി 10:22) എങ്കിൽപ്പോലും, നമ്മെ വ്യക്തിപരമായി അറിയാവുന്ന ആത്മാർഥതയുള്ള ആളുകൾ അത്തരം ആരോപണങ്ങൾ വ്യാജമാണെന്നു തിരിച്ചറിയുന്നു.

15. മാധ്യമങ്ങൾ അവതരിപ്പിക്കുന്നതെന്തും വിശ്വസിക്കുന്നത്‌ ജ്ഞാനപൂർവകമല്ലാത്തത്‌ എന്തുകൊണ്ട്‌?

15 ഇത്തരം അപരിചിതരുടെ സ്വരത്താൽ പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങളെ നേരിടേണ്ടിവരുമ്പോൾ നാം എന്തു ചെയ്യണം? സദൃശവാക്യങ്ങൾ 14:​15-ലെ ഈ ബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കണം: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” മാധ്യമങ്ങൾ സത്യം എന്ന മട്ടിൽ അവതരിപ്പിക്കുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്നത്‌ ജ്ഞാനപൂർവകമായ സംഗതിയല്ല. ലൗകികമായ എല്ലാ വിവരങ്ങളെയും നാം അവിശ്വസിക്കുന്നില്ലെങ്കിലും ‘സർവ്വ ലോകവും ദുഷ്ടന്റെ അധീനതയിലാണ്‌’ എന്ന വസ്‌തുത നാം തിരിച്ചറിയുന്നു.​—⁠1 യോഹന്നാൻ 5:19.

‘നിശ്വസ്‌തമൊഴികൾ പരിശോധിക്കുക’

16. (എ) അക്ഷരാർഥത്തിലുള്ള ആടുകളുടെ പെരുമാറ്റം യോഹന്നാൻ 10:​4-ലെ യേശുവിന്റെ വാക്കുകളുടെ സത്യതയെ ദൃഷ്ടാന്തീകരിക്കുന്നത്‌ എങ്ങനെ? (ബി) ബൈബിൾ നമ്മെ എന്തിനു പ്രോത്സാഹിപ്പിക്കുന്നു?

16 എന്നാൽ നാം ശത്രുവുമായാണോ മിത്രവുമായാണോ ഇടപെടുന്നത്‌ എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? ആടുകൾ ഇടയന്റെ “സ്വരം തിരിച്ചറിയുന്ന”തുകൊണ്ടാണ്‌ അവ അയാളെ അനുഗമിക്കുന്നത്‌ എന്ന്‌ യേശു പറയുന്നു. (യോഹന്നാൻ 10:​4, പി.ഒ.സി. ബൈ.) അക്ഷരാർഥത്തിലുള്ള ഒരു ഇടയന്റെ കാര്യമെടുത്താൽ അയാളുടെ രൂപമോ വസ്‌ത്രധാരണമോ ഒന്നുമല്ല അയാളെ അനുഗമിക്കാൻ ആടുകളെ പ്രേരിപ്പിക്കുന്നത്‌, പിന്നെയോ അയാളുടെ സ്വരമാണ്‌. ബൈബിൾ ദേശങ്ങളെ കുറിച്ചുള്ള ഒരു പുസ്‌തകത്തിൽ ഒരിക്കൽ ഒരു സന്ദർശകൻ, ആടുകൾ അവയുടെ ഇടയനെ തിരിച്ചറിയുന്നത്‌ അയാളുടെ വസ്‌ത്രധാരണത്താൽ ആണെന്നും സ്വരത്താൽ അല്ലെന്നും അവകാശപ്പെട്ടതിനെ കുറിച്ചു പറയുന്നു. എന്നാൽ സ്വരമാണ്‌ അവ വാസ്‌തവത്തിൽ തിരിച്ചറിയുന്നത്‌ എന്ന്‌ ഒരു ഇടയൻ പറഞ്ഞു. അതു തെളിയിക്കാൻ അയാൾ സന്ദർശകനുമായി വസ്‌ത്രങ്ങൾ വെച്ചുമാറി. ഇടയന്റെ വേഷം ധരിച്ച സന്ദർശകൻ ആടുകളെ വിളിച്ചു, പക്ഷേ അവ പ്രതികരിച്ചതേയില്ല. അയാളുടെ സ്വരം അവയ്‌ക്ക്‌ പരിചിതമല്ലായിരുന്നു. എന്നാൽ ഇടയൻ മറ്റൊരു വേഷത്തിൽ ആയിരുന്നെങ്കിലും അയാളുടെ വിളികേട്ട മാത്രയിൽ ആടുകൾ അയാളുടെ അരികിലേക്കു വന്നു. അതുകൊണ്ട്‌, ഒരു അപരിചിതൻ ഇടയന്റെ വേഷത്തിൽ വന്നാലുടൻ ആടുകൾ അയാൾ യഥാർഥ ഇടയനാണെന്നു വിശ്വസിച്ച്‌ പുറകെ പോകുകയില്ല. ആടുകൾ അവയെ വിളിക്കുന്ന ആളുടെ സ്വരം ശ്രദ്ധിക്കുന്നു. ഫലത്തിൽ, ആ സ്വരത്തെ ഇടയന്റേതുമായി താരതമ്യം ചെയ്‌തുകൊണ്ട്‌ അവ അതു പരിശോധിച്ചു നോക്കുന്നു. സമാനമായ ഒരു കാര്യം ചെയ്യാനാണ്‌ ദൈവവചനം നമ്മോടും ആവശ്യപ്പെടുന്നത്‌: “നിശ്വസ്‌തമൊഴികൾ ദൈവത്തിൽനിന്ന്‌ ഉദ്‌ഭൂതമാകുന്നുവോയെന്നു പരിശോധിക്കുക.” (1 യോഹന്നാൻ 4:⁠1, NW; 2 തിമൊഥെയൊസ്‌ 1:13) അപ്രകാരം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?

17. (എ) നാം യഹോവയുടെ സ്വരവുമായി പരിചിതരാകുന്നത്‌ എങ്ങനെ? (ബി) യഹോവയെ കുറിച്ചുള്ള പരിജ്ഞാനം എന്തു ചെയ്യാൻ നമ്മെ പ്രാപ്‌തരാക്കുന്നു?

17 യഹോവയുടെ സ്വരം അഥവാ സന്ദേശം എത്ര നന്നായി അറിഞ്ഞിരിക്കുന്നുവോ അത്ര നന്നായി ഒരു അപരിചിതന്റെ സ്വരം വേർതിരിച്ചറിയാൻ നമുക്കു സാധിക്കും. അത്തരം അറിവ്‌ അഥവാ പരിജ്ഞാനം നമുക്ക്‌ എങ്ങനെ ആർജിക്കാൻ കഴിയുമെന്ന്‌ ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. അത്‌ ഇങ്ങനെ പറയുന്നു: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു [നിങ്ങൾ] കേൾക്കും.” (യെശയ്യാവു 30:21) പിറകിൽനിന്നുള്ള ആ ‘വാക്ക്‌’ നാം കേൾക്കുന്നത്‌ ദൈവവചനത്തിലൂടെയാണ്‌. ദൈവവചനം വായിക്കുന്ന ഓരോ തവണയും നമ്മുടെ വലിയ ഇടയനായ യഹോവയുടെ സ്വരം ആലങ്കാരികമായ ഒരർഥത്തിൽ നാം കേൾക്കുന്നു. (സങ്കീർത്തനം 23:1) അതുകൊണ്ട്‌ ബൈബിൾ നാം എത്രയധികം പഠിക്കുന്നുവോ അത്രയധികം നാം ദൈവത്തിന്റെ സ്വരവുമായി പരിചിതരായിത്തീരും. അത്തരം സൂക്ഷ്‌മമായ പരിജ്ഞാനം അപരിചിതരുടെ സ്വരം തത്‌ക്ഷണം തിരിച്ചറിയാൻ നമ്മെ പ്രാപ്‌തരാക്കുന്നു.​—⁠ഗലാത്യർ 1:⁠8.

18. (എ) യഹോവയുടെ സ്വരം അറിയുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? (ബി) മത്തായി 17:​5 പ്രകാരം നാം യേശുവിന്റെ സ്വരത്തിനു ചെവികൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

18 യഹോവയുടെ സ്വരം അറിയുന്നതിൽ മറ്റെന്തു കൂടെ ഉൾപ്പെട്ടിരിക്കുന്നു? ആ സ്വരം ശ്രവിക്കുന്നതിനു പുറമേ അതനുസരിച്ചു പ്രവർത്തിക്കുന്നതും അതിൽ ഉൾപ്പെടുന്നു. യെശയ്യാവു 30:21 പറയുന്നത്‌ ഒന്നുകൂടെ ശ്രദ്ധിക്കുക. “വഴി ഇതാകുന്നു” എന്ന്‌ ദൈവവചനം പറയുന്നു. അതേ, ബൈബിൾ പഠിക്കുകവഴി നാം യഹോവയുടെ നിർദേശങ്ങൾ ശ്രവിക്കുന്നു. അടുത്തതായി അവൻ, “ഇതിൽ നടന്നുകൊൾവിൻ” എന്ന കൽപ്പന നൽകുന്നു. കേൾക്കുന്ന കാര്യങ്ങൾ നാം പ്രാവർത്തികമാക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ പഠിക്കുന്ന കാര്യങ്ങൾ പിൻപറ്റുമ്പോൾ, യഹോവയുടെ സ്വരം കേവലം ശ്രവിക്കുക മാത്രമല്ല അതു പ്രമാണിക്കുകയും ചെയ്‌തിരിക്കുന്നു എന്നു നാം പ്രകടമാക്കുന്നു. (ആവർത്തനപുസ്‌തകം 28:1) യഹോവയുടെ സ്വരം കേട്ടനുസരിക്കുന്നതിൽ യേശുവിന്റെ സ്വരത്തിനു ചെവികൊടുക്കുന്നതും ഉൾപ്പെടുന്നു. കാരണം അപ്രകാരം ചെയ്യാൻ യഹോവതന്നെയാണ്‌ നമ്മോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. (മത്തായി 17:5) നല്ല ഇടയനായ യേശു എന്തു ചെയ്യാനാണ്‌ നമ്മോടു പറയുന്നത്‌? ശിഷ്യരെ ഉളവാക്കാനും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിൽ വിശ്വാസം അർപ്പിക്കാനും അവൻ നമ്മെ പഠിപ്പിക്കുന്നു. (മത്തായി 24:​45, NW; 28:18-20) അവന്റെ സ്വരത്തിനു ചെവികൊടുക്കുന്നത്‌ നമുക്ക്‌ നിത്യജീവനെ അർഥമാക്കുന്നു.​—⁠പ്രവൃത്തികൾ 3:23.

“അവ അവരിൽ നിന്ന്‌ ഓടിയകലും”

19. അപരിചിതരുടെ സ്വരത്തോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം?

19 ഇനി, അപരിചിതരുടെ സ്വരത്തോടു നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്‌? ആടുകൾ ചെയ്യുന്ന അതേവിധത്തിൽത്തന്നെ. യേശു പറയുന്നു: “അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാൽ അവ അവരിൽനിന്ന്‌ ഓടിയകലും.” (യോഹന്നാൻ 10:​5, പി.ഒ.സി. ബൈ.) നമ്മുടെ പ്രതികരണത്തിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഒന്നാമതായി നാം ‘ഒരിക്കലും’ ഒരു അപരിചിതനെ അനുഗമിക്കുകയില്ല. അതേ, ഒരു അപരിചിതനെ നാം ദൃഢചിത്തതയോടെ തള്ളിക്കളയും. ബൈബിൾ എഴുതാൻ ഉപയോഗിച്ച ഗ്രീക്കിൽ, ‘ഒരിക്കലും’ എന്നതിന്റെ തത്തുല്യ പദം തള്ളിക്കളയുക എന്ന ആശയത്തെ ഏറ്റവും ശക്തമായി ദ്യോതിപ്പിക്കുന്ന ഒന്നാണ്‌. (മത്തായി 24:​35, NW; എബ്രായർ 13:​5, പി.ഒ.സി. ബൈ.) രണ്ടാമതായി നാം അയാളിൽനിന്ന്‌ “ഓടിയകലും” അല്ലെങ്കിൽ അയാൾക്കുനേരെ പുറംതിരിയും. നല്ല ഇടയന്റെ സ്വരത്തിനു ചേർച്ചയിൽ അല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നവരോടു പ്രതികരിക്കാനുള്ള ശരിയായ ഏക വഴി ഇതാണ്‌.

20. (എ) വഞ്ചകരായ വിശ്വാസത്യാഗികളോട്‌, (ബി) ഹാനികരമായ സഹവാസത്തോട്‌, (സി) അടിസ്ഥാനരഹിതമായ മാധ്യമ വാർത്തകളോട്‌ നാം എങ്ങനെ പ്രതികരിക്കും?

20 അതുകൊണ്ട്‌ വിശ്വാസത്യാഗപരമായ ആശയങ്ങൾ പ്രസ്‌താവിക്കുന്നവരെ അഭിമുഖീകരിക്കാൻ ഇടയായാൽ ദൈവവചനത്തിലെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നാം ആഗ്രഹിക്കും: “നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (റോമർ 16:17; തീത്തൊസ്‌ 3:10) സമാനമായി, ഹാനികരമായ സഹവാസം നിമിത്തമുള്ള അപകടത്തെ അഭിമുഖീകരിക്കുന്ന ക്രിസ്‌തീയ യുവജനങ്ങൾ യുവാവായിരുന്ന തിമൊഥെയൊസിന്‌ പൗലൊസ്‌ നൽകിയ ഈ ബുദ്ധിയുപദേശം പിൻപറ്റാൻ ആഗ്രഹിക്കും: ‘യൌവനമോഹങ്ങളെ വിട്ടോടുവിൻ.’ മാധ്യമങ്ങളിലൂടെയുള്ള വ്യാജാരോപണങ്ങൾ ശ്രവിക്കാൻ ഇടയായാൽ തിമൊഥെയൊസിനുള്ള പൗലൊസിന്റെ കൂടുതലായ ഈ ബുദ്ധിയുപദേശം നാം ഓർമിക്കും: ‘അവർ [അപരിചിതരുടെ സ്വരത്തിനു ചെവികൊടുക്കുന്നവർ] കെട്ടുകഥ കേൾപ്പാൻ തിരിയും. നീയോ സകലത്തിലും നിർമ്മദൻ [അഥവാ സുബോധമുള്ളവൻ] ആയിരിക്ക.’ (2 തിമൊഥെയൊസ്‌ 2:22; 4:3-5) അപരിചിതരുടെ സ്വരം പ്രത്യക്ഷത്തിൽ എത്ര ഹൃദ്യമായിരുന്നാലും നമ്മുടെ വിശ്വാസത്തെ തകർത്തേക്കാവുന്ന എന്തിൽനിന്നും നാം ഓടിയകലും.​—⁠സങ്കീർത്തനം 26:5; സദൃശവാക്യങ്ങൾ 7:5, 21; വെളിപ്പാടു 18:2, 4.

21. അപരിചിതരുടെ സ്വരം തള്ളിക്കളയുന്നവരെ എന്തു പ്രതിഫലമാണ്‌ കാത്തിരിക്കുന്നത്‌?

21 അപരിചിതരുടെ സ്വരം തള്ളിക്കളഞ്ഞുകൊണ്ട്‌ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ ലൂക്കൊസ്‌ 12:​32-ലെ നല്ല ഇടയന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നു. യേശു അവിടെ അവരോട്‌ ഇങ്ങനെ പറയുന്നു: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്‌കുവാൻ പ്രസാദിച്ചിരിക്കുന്നു.” സമാനമായി, “വേറെ ആടുകൾ” യേശുവിന്റെ ഈ വാക്കുകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.” (യോഹന്നാൻ 10:16; മത്തായി 25:34) ‘അപരിചിതരുടെ സ്വര’ത്തെ തള്ളിക്കളയുന്നപക്ഷം എത്ര ഹൃദയോഷ്‌മളമായ പ്രതിഫലമാണു നമ്മെ കാത്തിരിക്കുന്നത്‌!

നിങ്ങൾ ഓർമിക്കുന്നുവോ?

• യേശു നൽകിയ, ആട്ടിൻപറ്റത്തിന്റെ ദൃഷ്ടാന്തത്തിലെ അപരിചിതനെ കുറിച്ചുള്ള വർണന സാത്താനു നന്നായി ചേരുന്നത്‌ എന്തുകൊണ്ട്‌?

• അപരിചിതരുടെ സ്വരം ഇന്നു മുഴങ്ങിക്കേൾക്കുന്നത്‌ എങ്ങനെ?

• അപരിചിതരുടെ സ്വരം നമുക്ക്‌ എങ്ങനെ തിരിച്ചറിയാൻ കഴിയും?

• അപരിചിതരുടെ സ്വരത്തോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

മറിയ ക്രിസ്‌തുവിനെ തിരിച്ചറിഞ്ഞു

[16-ാം പേജിലെ ചിത്രം]

അപരിചിതൻ ആടുകളെ സമീപിക്കുന്നതു നേരായ മാർഗത്തിലൂടെയല്ല

[18-ാം പേജിലെ ചിത്രം]

അപരിചിതരുടെ സ്വരത്തോട്‌ നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌?