വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഒരു വായിനാൽ” ദൈവത്തെ മഹത്ത്വീകരിക്കുക

“ഒരു വായിനാൽ” ദൈവത്തെ മഹത്ത്വീകരിക്കുക

“ഒരു വായിനാൽ” ദൈവത്തെ മഹത്ത്വീകരിക്കുക

‘നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തെ ഒരു വായിനാൽ മഹത്ത്വീകരിക്കുക.’​—⁠റോമർ 15:⁠5.

1. കാഴ്‌ചപ്പാടിലെ വ്യത്യാസങ്ങളോടുള്ള ബന്ധത്തിൽ എന്തു പാഠമാണ്‌ പൗലൊസ്‌ സഹവിശ്വാസികളുമായി പങ്കുവെച്ചത്‌?

എല്ലാ ക്രിസ്‌ത്യാനികളും ഒരേ തിരഞ്ഞെടുപ്പുകളല്ല നടത്തുന്നത്‌, അവർക്കെല്ലാം ഒരേ അഭിരുചികളുമല്ല ഉള്ളത്‌. എങ്കിലും ക്രിസ്‌ത്യാനികൾ എല്ലാവരും, ജീവനിലേക്കുള്ള പാതയിൽ ഒരുമയോടെ, തോളോടുതോൾ ചേർന്ന്‌ നടക്കണം. അതു സാധ്യമാണോ? തീർച്ചയായും. എന്നാൽ കാഴ്‌ചപ്പാടിലെ കൊച്ചുകൊച്ചു വ്യത്യാസങ്ങളെ പെരുപ്പിച്ചു കാണാതിരുന്നാൽ മാത്രമേ നമുക്ക്‌ അതിനു കഴിയൂ. ഒന്നാം നൂറ്റാണ്ടിലെ സഹവിശ്വാസികളുമായി പൗലൊസ്‌ അപ്പൊസ്‌തലൻ പങ്കുവെച്ച ഒരു പാഠമാണ്‌ അത്‌. ഈ സുപ്രധാന ആശയം അവൻ വിശദീകരിച്ചത്‌ എങ്ങനെയാണ്‌? അവന്റെ നിശ്വസ്‌ത ബുദ്ധിയുപദേശം ഇന്ന്‌ നമുക്ക്‌ എങ്ങനെ പിൻപറ്റാൻ കഴിയും?

ക്രിസ്‌തീയ ഐക്യത്തിന്റെ പ്രാധാന്യം

2. ഐക്യത്തിന്റെ ആവശ്യകത പൗലൊസ്‌ ഊന്നിപ്പറഞ്ഞത്‌ എങ്ങനെ?

2 ക്രിസ്‌തീയ ഐക്യം അതീവ പ്രാധാന്യമുള്ള ഒരു സംഗതിയാണ്‌ എന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. അതിനാൽ അന്യോന്യം ക്ഷമിച്ചും സഹിച്ചും സ്‌നേഹത്തിൽ ഒത്തുപോകുന്നതിനു ക്രിസ്‌ത്യാനികളെ സഹായിക്കാൻ അവൻ നല്ല ബുദ്ധിയുപദേശം നൽകുകയുണ്ടായി. (എഫെസ്യർ 4:1-3; കൊലൊസ്സ്യർ 3:12-14) എങ്കിലും, 20 വർഷത്തിലധികം കാലം ഒട്ടേറെ സഭകൾ സ്ഥാപിക്കുകയും സന്ദർശിക്കുകയും ചെയ്‌ത പൗലൊസിന്‌, ഐക്യം കാത്തുസൂക്ഷിക്കുന്നത്‌ ഒരു വെല്ലുവിളിയാണെന്നും അറിയാമായിരുന്നു. (1 കൊരിന്ത്യർ 1:11-13; ഗലാത്യർ 2:11-14) തന്നിമിത്തം അവൻ റോമിലെ സഹവിശ്വാസികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു സ്ഥിരതയും ആശ്വാസവും നല്‌കുന്ന ദൈവം നിങ്ങൾക്കു . . . കൃപ നല്‌കുമാറാകട്ടെ.” (റോമർ 15:5, 6) സമാനമായി ഇന്നു നാം യഹോവയാം ദൈവത്തെ, അവന്റെ ഏകീകൃത ജനം എന്ന നിലയിൽ “ഒരു വായിനാൽ” മഹത്ത്വീകരിക്കണം. ഇതു നാം ഏത്‌ അളവോളം ചെയ്യുന്നുണ്ട്‌?

3, 4. (എ) റോമിലെ ക്രിസ്‌ത്യാനികൾ ഏതു വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ളവർ ആയിരുന്നു? (ബി) കാഴ്‌ചപ്പാടുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ “ഒരു വായിനാൽ” യഹോവയെ സേവിക്കാൻ കഴിയുമായിരുന്നത്‌ എങ്ങനെ?

3 റോമിലെ ക്രിസ്‌ത്യാനികളിൽ പലരും പൗലൊസിന്റെ സുഹൃത്തുക്കളായിരുന്നു. (റോമർ 16:3-16) വ്യത്യസ്‌ത പശ്ചാത്തലങ്ങൾ ഉള്ളവരായിരുന്നെങ്കിലും പൗലൊസ്‌ തന്റെ സഹോദരങ്ങളെയെല്ലാം ‘ദൈവത്തിന്നു പ്രിയപ്പെട്ടവരായി’ വീക്ഷിച്ചു. അവൻ എഴുതി: “നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ . . . എന്റെ ദൈവത്തിന്നു യേശുക്രിസ്‌തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്‌തോത്രം ചെയ്യുന്നു.” റോമാക്കാർ പലവിധങ്ങളിൽ മാതൃകായോഗ്യരായിരുന്നു എന്നു വ്യക്തം. (റോമർ 1:3, 8; 15:14) എങ്കിലും സഭയിലെ ചില അംഗങ്ങൾക്ക്‌ ചില വിഷയങ്ങൾ സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ ക്രിസ്‌ത്യാനികൾ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നും സംസ്‌കാരങ്ങളിൽനിന്നും വരുന്നവരായതുകൊണ്ട്‌ കാഴ്‌ചപ്പാടിലെ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച പൗലൊസിന്റെ നിശ്വസ്‌ത ബുദ്ധിയുപദേശം പഠിക്കുന്നത്‌ “ഒരു വായിനാൽ” സംസാരിക്കാൻ അവരെ സഹായിക്കും.

4 റോമിൽ യഹൂദ പശ്ചാത്തലത്തിൽനിന്നും വിജാതീയ പശ്ചാത്തലത്തിൽനിന്നും ഉള്ള വിശ്വാസികൾ ഉണ്ടായിരുന്നു. (റോമർ 4:1; 11:13) ചില യഹൂദ ക്രിസ്‌ത്യാനികൾക്ക്‌ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ തങ്ങൾ പിൻപറ്റിപ്പോന്നിരുന്ന ചില ആചാരങ്ങൾ ഉപേക്ഷിക്കാൻ സാധിച്ചില്ല എന്നതുപോലെ കാണപ്പെടുന്നു, അത്തരം ആചാരങ്ങൾ രക്ഷയ്‌ക്ക്‌ അനിവാര്യമായിരുന്നില്ലെന്ന്‌ അവർ തിരിച്ചറിയേണ്ടതായിരുന്നെങ്കിലും. അതേസമയം, ക്രിസ്‌തീയ വിശ്വാസത്തിലേക്കു വരുന്നതിനു മുമ്പ്‌ തങ്ങളുടെ മേൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽനിന്ന്‌ ക്രിസ്‌തുവിന്റെ യാഗം തങ്ങളെ മോചിപ്പിച്ചിരിക്കുന്നതായി നിരവധി യഹൂദ ക്രിസ്‌ത്യാനികൾ അംഗീകരിച്ചു. തന്നിമിത്തം, അവർ തങ്ങളുടെ വ്യക്തിപരമായ ചില ശീലങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം വരുത്തി. (ഗലാത്യർ 4:8-11) എന്നിരുന്നാലും പൗലൊസ്‌ ചൂണ്ടിക്കാണിച്ചതു പോലെ എല്ലാവരും ‘ദൈവത്തിന്നു പ്രിയപ്പെട്ടവരായിരുന്നു.’ ഉചിതമായ മനോഭാവത്തോടെ അന്യോന്യം ഇടപെടുന്നപക്ഷം അവർക്കെല്ലാം “ഒരു വായിനാൽ” ദൈവത്തെ സ്‌തുതിക്കാൻ കഴിയുമായിരുന്നു. ഇന്നു നമുക്കും ചില കാര്യങ്ങൾ സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്നേക്കാം, അതുകൊണ്ട്‌ പൗലൊസ്‌ ആ സുപ്രധാന തത്ത്വം വിശദീകരിക്കവേ അതിനു സൂക്ഷ്‌മ ശ്രദ്ധ നൽകുന്നതു നന്നായിരിക്കും.​—⁠റോമർ 15:⁠4.

“അന്യോന്യം കൈക്കൊൾവിൻ”

5, 6. റോമിലെ സഭയിൽ വ്യത്യസ്‌ത വീക്ഷണങ്ങൾ ഉയർന്നുവരാൻ കാരണം എന്ത്‌?

5 റോമർക്കുള്ള ലേഖനത്തിൽ, വ്യത്യസ്‌ത അഭിപ്രായങ്ങൾ നിലനിന്നിരുന്ന ഒരു സാഹചര്യത്തെ കുറിച്ച്‌ പൗലൊസ്‌ സംസാരിക്കുന്നു. അവൻ എഴുതി: “ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.” എന്തുകൊണ്ടായിരുന്നു അത്‌? പന്നിയിറച്ചി ഭക്ഷിക്കുന്നതിനെ മോശൈക ന്യായപ്രമാണം വിലക്കിയിരുന്നു. (റോമർ 14:2; ലേവ്യപുസ്‌തകം 11:7) എന്നാൽ, യേശുവിന്റെ മരണത്തോടെ ന്യായപ്രമാണം നീങ്ങിപ്പോയി. (എഫെസ്യർ 2:​14, 15) പിന്നീട്‌, യേശു മരിച്ച്‌ മൂന്നര വർഷത്തിനു ശേഷം ഒരു ദൈവദൂതൻ അപ്പൊസ്‌തലനായ പത്രൊസിനോട്‌ ദൈവത്തിന്റെ വീക്ഷണം അനുസരിച്ച്‌ യാതൊരു ആഹാരവും അശുദ്ധമായി കരുതാൻ പാടില്ലെന്നു പറഞ്ഞു. (പ്രവൃത്തികൾ 11:7-12) ഈ കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നതിനാൽ ചില യഹൂദ ക്രിസ്‌ത്യാനികൾക്ക്‌ പന്നിയിറച്ചിയോ ന്യായപ്രമാണം വിലക്കിയിരുന്ന മറ്റ്‌ ഏതെങ്കിലും ആഹാരമോ കഴിക്കുന്നതിൽ തെറ്റില്ലെന്നു തോന്നിയിരിക്കാം.

6 എന്നാൽ, മുമ്പ്‌ അശുദ്ധമായി കരുതിയിരുന്ന ആഹാരസാധനങ്ങൾ ഭക്ഷിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതുതന്നെ മറ്റു യഹൂദ ക്രിസ്‌ത്യാനികൾക്ക്‌ അറപ്പായിരുന്നിരിക്കാം. ഇങ്ങനെയുള്ള വ്യക്തികൾക്ക്‌, ക്രിസ്‌തുവിലുള്ള തങ്ങളുടെ യഹൂദ സഹോദരന്മാർ അത്തരം ആഹാരസാധനങ്ങൾ ഭക്ഷിക്കുന്നതു കണ്ടപ്പോൾ സ്വാഭാവികമായും നീരസം തോന്നിയിരിക്കാം. അതേസമയം, തങ്ങൾ മുമ്പ്‌ പിൻപറ്റിയിരുന്ന മതത്തിൽ ആഹാരക്രമം സംബന്ധിച്ച വിലക്കുകൾക്കൊന്നും വിധേയരായിട്ടില്ലാത്തതിനാൽ വിജാതീയ ക്രിസ്‌ത്യാനികളിൽ ചിലർക്ക്‌ ഭക്ഷണകാര്യങ്ങളെ ചൊല്ലിയുള്ള ഈവക തർക്കങ്ങൾ വിചിത്രമായി തോന്നിയിരിക്കാം. ഒരു വ്യക്തി ചില ആഹാരസാധനങ്ങൾ വർജിക്കുന്നത്‌ തീർച്ചയായും തെറ്റായിരുന്നില്ല, അങ്ങനെ ചെയ്‌താലേ രക്ഷ നേടാനാകൂ എന്നു ശഠിക്കരുതായിരുന്നു എന്നു മാത്രം. എങ്കിൽത്തന്നെയും, കാഴ്‌ചപ്പാടുകളിലെ വ്യത്യാസങ്ങൾക്ക്‌ എളുപ്പത്തിൽ സഭയിൽ പ്രശ്‌നം സൃഷ്ടിക്കാൻ കഴിയുമായിരുന്നു. അത്‌, “ഒരു വായിനാൽ” ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിൽനിന്ന്‌ തങ്ങളെ തടയാതിരിക്കാൻ റോമിലെ ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കണമായിരുന്നു.

7. ഓരോ വാരത്തിലും ഒരു പ്രത്യേക ദിവസം വിശുദ്ധമായി കരുതുന്നതു സംബന്ധിച്ച്‌ ഏതു വ്യത്യസ്‌ത വീക്ഷണങ്ങൾ നിലനിന്നിരുന്നു?

7 പൗലൊസ്‌ രണ്ടാമതൊരു ഉദാഹരണം നൽകുന്നു: “ഒരുവൻ ഒരു ദിവസത്തെക്കാൾ മറെറാരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു.” (റോമർ 14:5എ) മോശൈക ന്യായപ്രമാണപ്രകാരം ശബ്ബത്തിൽ യാതൊരുവിധ വേലയും ചെയ്യാൻ പാടില്ലായിരുന്നു. ആ ദിവസം യാത്രകൾ പോലും കർശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. (പുറപ്പാടു 20:8-10; മത്തായി 24:20; പ്രവൃത്തികൾ 1:12) എന്നാൽ ന്യായപ്രമാണം നീക്കം ചെയ്യപ്പെട്ടപ്പോൾ അത്തരം വിലക്കുകളും നീങ്ങിപ്പോയി. എങ്കിലും, തങ്ങൾ മുമ്പ്‌ വിശുദ്ധമായി കരുതിയിരുന്ന ഒരു ദിനത്തിൽ ഏതെങ്കിലും വേല ചെയ്യുന്നതിൽ അല്ലെങ്കിൽ ദീർഘയാത്ര നടത്തുന്നതിൽ ചില യഹൂദ ക്രിസ്‌ത്യാനികൾക്ക്‌ അസ്വസ്ഥത തോന്നിയിരിക്കാം. ദൈവദൃഷ്ടിയിൽ ശബ്ബത്ത്‌ ആചരണം അസാധുവായിത്തീർന്നിരുന്നെങ്കിലും ക്രിസ്‌ത്യാനികളായ ശേഷവും അവർ ഏഴാമത്തെ ദിവസം ആത്മീയ കാര്യങ്ങൾക്കു മാത്രമായി നീക്കിവെച്ചിരിക്കാം. അവർ അങ്ങനെ ചെയ്യുന്നത്‌ തെറ്റായിരുന്നോ? ശബ്ബത്താചരണം ദൈവം അനുശാസിക്കുന്നുണ്ടെന്ന്‌ അവർ ശഠിക്കാതിരിക്കുന്നിടത്തോളം കാലം അത്‌ തെറ്റായിരുന്നില്ല. അതുകൊണ്ട്‌ തന്റെ ക്രിസ്‌തീയ സഹോദരങ്ങളുടെ മനസ്സാക്ഷിയെ കണക്കിലെടുത്തുകൊണ്ട്‌ പൗലൊസ്‌ എഴുതി: “ഓരോരുത്തർക്കും താന്താങ്ങളുടെ മനസ്‌സിൽ ഉത്തമബോദ്‌ധ്യമുണ്ടായിരിക്കട്ടെ.”​—⁠റോമർ 14:5ബി, പി.ഒ.സി. ബൈബിൾ.

8. മറ്റുള്ളവരുടെ മനസ്സാക്ഷിയോട്‌ പരിഗണന കാണിക്കാനുള്ള ബുദ്ധിയുപദേശത്തോടൊപ്പം എന്തു ചെയ്യരുത്‌ എന്നുംകൂടെ റോമിലെ ക്രിസ്‌ത്യാനികളോടു പറയപ്പെട്ടു?

8 മനസ്സാക്ഷി സംബന്ധമായ കാരണങ്ങളുമായി മല്ലിടുന്നവരോടു ക്ഷമ കാണിക്കാൻ പൗലൊസ്‌ തന്റെ സഹോദരങ്ങളെ ഊഷ്‌മളമായി പ്രോത്സാഹിപ്പിച്ചു. അതേസമയം, രക്ഷ പ്രാപിക്കാൻ മോശൈക ന്യായപ്രമാണത്തിനു കീഴ്‌പെടണമെന്നു ശഠിച്ചിരുന്നവരെ അവൻ ശക്തമായി കുറ്റംവിധിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌ പൊതുയുഗം (പൊ.യു.) 61-നോടടുത്ത്‌ പൗലൊസ്‌ യഹൂദ ക്രിസ്‌ത്യാനികൾക്ക്‌ ശക്തമായ ഭാഷയിൽ ഒരു ലേഖനം എഴുതുകയുണ്ടായി. യേശുവിന്റെ മറുവിലയാഗത്തിൽ അധിഷ്‌ഠിതമായ ശ്രേഷ്‌ഠമായ ഒരു പ്രത്യാശയാണ്‌ ക്രിസ്‌ത്യാനികൾക്ക്‌ ഉള്ളതെന്നും അതുകൊണ്ടുതന്നെ മോശൈക ന്യായപ്രമാണത്തിനു കീഴ്‌പെടുന്നത്‌ യാതൊരു പ്രയോജനവും കൈവരുത്തില്ലെന്നും എബ്രായരുടെ പുസ്‌തകം എന്ന്‌ അറിയപ്പെടുന്ന ആ ലേഖനത്തിൽ അവൻ വളരെ വ്യക്തമായി വിശദീകരിച്ചു.​—⁠ഗലാത്യർ 5:1-12; തീത്തൊസ്‌ 1:10, 11; എബ്രായർ 10:1-17.

9, 10. ക്രിസ്‌ത്യാനികൾ എന്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കണം? വിശദീകരിക്കുക.

9 നാം കണ്ടുകഴിഞ്ഞതുപോലെ, ക്രിസ്‌തീയ തത്ത്വങ്ങളുടെ വ്യക്തമായ ലംഘനം ഉൾപ്പെടാത്തപക്ഷം വ്യത്യസ്‌ത തിരഞ്ഞെടുപ്പുകൾ നടത്തുന്നത്‌ ഐക്യത്തിന്‌ ഒരു ഭീഷണി ആയിത്തീരേണ്ടതില്ലെന്ന്‌ പൗലൊസ്‌ വാദിക്കുന്നു. അതുകൊണ്ട്‌ ദുർബലമായ മനസ്സാക്ഷിയുള്ള ക്രിസ്‌ത്യാനികളോട്‌ അവൻ ചോദിക്കുന്നു: “നീ സഹോദരനെ വിധിക്കുന്നതു എന്ത്‌?” ശക്തരായവരോട്‌ (ഒരുപക്ഷേ, ന്യായപ്രമാണം വിലക്കിയിരുന്ന ചില ആഹാരസാധനങ്ങൾ ഭക്ഷിക്കാനോ ശബ്ബത്തിൽ ലൗകിക തൊഴിലിൽ ഏർപ്പെടാനോ മനസ്സാക്ഷി അനുവദിക്കുന്നവരോട്‌) അവൻ ചോദിക്കുന്നു: “അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു [“അവജ്ഞയോടെ വീക്ഷിക്കുന്നത്‌,” NW] എന്ത്‌?” (റോമർ 14:10) പൗലൊസ്‌ പറയുന്നപ്രകാരം, ദുർബലമായ മനസ്സാക്ഷിയുള്ള ക്രിസ്‌ത്യാനികൾ കൂടുതൽ വിശാലമായ വീക്ഷണമുള്ള തങ്ങളുടെ സഹോദരങ്ങളെ കുറ്റം വിധിക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കണം. അതേസമയം ശക്തരായ ക്രിസ്‌ത്യാനികൾ ചില മണ്ഡലങ്ങളിൽ മനസ്സാക്ഷി ബലഹീനമായിരിക്കുന്നവരെ അവജ്ഞയോടെ വീക്ഷിക്കുകയുമരുത്‌. “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ” എല്ലാവരും മറ്റുള്ളവരുടെ ഉചിതമായ ആന്തരങ്ങളെ ആദരിക്കണം.​—⁠റോമർ 12:3, 18.

10 സമനിലയോടു കൂടിയ വീക്ഷണം എന്താണെന്നു പൗലൊസ്‌ വ്യക്തമാക്കുന്നു: “തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുത്‌; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.” കൂടാതെ അവൻ ഇങ്ങനെ പറയുന്നു: ‘ക്രിസ്‌തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടിരിക്കുന്നു.’ ശക്തരായവരും ബലഹീനരായവരും ഒരുപോലെ ദൈവത്തിനും ക്രിസ്‌തുവിനും സ്വീകാര്യർ ആയതിനാൽ നാമും സമാനമായ വിധത്തിൽ ഹൃദയവിശാലത കാണിച്ചുകൊണ്ട്‌ ‘അന്യോന്യം കൈക്കൊള്ളണം.’ (റോമർ 14:3; 15:7) അതിനോട്‌ യോജിക്കാതിരിക്കാൻ ആർക്കാണു കഴിയുക?

സഹോദരസ്‌നേഹം ഇന്ന്‌ ഐക്യം കൈവരുത്തുന്നു

11. പൗലൊസിന്റെ നാളിൽ ഏത്‌ പ്രത്യേക സാഹചര്യം നിലനിന്നിരുന്നു?

11 റോമർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ ഒരു പ്രത്യേക സാഹചര്യത്തെ കുറിച്ചു പറയുകയായിരുന്നു. യഹോവ ഒരു ഉടമ്പടിയെ അസാധുവാക്കി പുതിയ ഒരെണ്ണം സ്ഥാപിച്ചതേ ഉണ്ടായിരുന്നുള്ളൂ. പുതിയ ഉടമ്പടിയുമായി പൊരുത്തപ്പെടുന്നതിൽ ചിലർക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടിരുന്നു. ഇന്ന്‌ കൃത്യമായും അതേവിധത്തിലുള്ള ഒരു സാഹചര്യം നിലവിലില്ലെങ്കിലും സമാന സ്വഭാവമുള്ള പ്രശ്‌നങ്ങൾ ചിലപ്പോൾ പൊന്തിവന്നേക്കാം.

12, 13. ഇന്ന്‌ ക്രിസ്‌ത്യാനികൾക്ക്‌ തങ്ങളുടെ സഹോദരങ്ങളുടെ മനസ്സാക്ഷിയെ മാനിക്കാൻ കഴിയുന്ന ചില സാഹചര്യങ്ങൾ ഏവ?

12 ഉദാഹരണത്തിന്‌, യാതൊരു തരത്തിലുള്ള അലങ്കാരങ്ങളും പാടില്ലെന്ന്‌ അനുശാസിക്കുന്ന ഒരു മതത്തിൽനിന്നാണ്‌ ഒരു സ്‌ത്രീ ക്രിസ്‌തീയ വിശ്വാസത്തിലേക്കു വന്നതെന്നിരിക്കട്ടെ. ഉചിതമായ സാഹചര്യങ്ങളിൽ, വർണാഭവും അതേസമയം മാന്യവും ആയ വസ്‌ത്രങ്ങൾ ധരിക്കുന്നതിലോ മിതമായ തോതിൽ അണിഞ്ഞൊരുങ്ങുന്നതിലോ തെറ്റില്ലെന്ന ആശയം ഉൾക്കൊള്ളാൻ അവൾക്ക്‌ ഒരുപക്ഷേ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. ബൈബിൾ തത്ത്വങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ, തന്റെ മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കാൻ ആ ക്രിസ്‌തീയ സ്‌ത്രീയെ ആരെങ്കിലും നിർബന്ധിക്കുന്നത്‌ ഉചിതമായിരിക്കില്ല. അതേസമയം, മിതമായ അലങ്കാരങ്ങൾ ഉപയോഗിക്കാൻ സഭയിലെ മറ്റു സ്‌ത്രീകളെ അവരുടെ മനസ്സാക്ഷി അനുവദിക്കുന്നെങ്കിൽ താൻ അവരെ വിമർശിക്കാൻ പാടില്ലെന്ന്‌ ആ സ്‌ത്രീയും തിരിച്ചറിയുന്നു.

13 മറ്റൊരു ഉദാഹരണം എടുക്കുക. ക്രിസ്‌തീയ സഭയിലെ ഒരു പുരുഷൻ മദ്യത്തിന്റെ ഉപയോഗം മോശമായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു ചുറ്റുപാടിലായിരിക്കാം വളർന്നുവന്നത്‌. സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വന്നപ്പോൾ, വീഞ്ഞ്‌ ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്നും മിതമായ അളവിൽ അത്‌ ഉപയോഗിക്കാമെന്നും അദ്ദേഹം മനസ്സിലാക്കുന്നു. (സങ്കീർത്തനം 104:15) ആ വീക്ഷണത്തെ അദ്ദേഹം അംഗീകരിക്കുന്നു. എന്നാൽ തന്റെ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ മദ്യം തുടർന്നും പൂർണമായി വർജിക്കാൻതന്നെ അദ്ദേഹം താത്‌പര്യപ്പെടുന്നു. അതേസമയം അത്‌ മിതമായി ഉപയോഗിക്കുന്നവരെ അദ്ദേഹം വിമർശിക്കുന്നതുമില്ല. അതുവഴി അദ്ദേഹം പൗലൊസിന്റെ ഈ വാക്കുകൾ പിൻപറ്റുന്നു: “ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.”​—⁠റോമർ 14:19.

14. റോമർക്കുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ ഉൾക്കൊണ്ടിരിക്കുന്ന തത്ത്വം ക്രിസ്‌ത്യാനികൾക്ക്‌ ബാധകമാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഏവ?

14 റോമർക്കുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ ഉൾക്കൊണ്ടിരിക്കുന്ന തത്ത്വം ബാധകമാക്കുന്നത്‌ ആവശ്യമാക്കിത്തീർക്കുന്ന വേറെ സാഹചര്യങ്ങളുമുണ്ട്‌. അനേകം വ്യക്തികൾ അടങ്ങുന്നതാണ്‌ ക്രിസ്‌തീയ സഭ, അവരുടെയെല്ലാം അഭിരുചികളും വ്യത്യസ്‌തമാണ്‌. അതുകൊണ്ട്‌ അവർ എടുക്കുന്ന തീരുമാനങ്ങളും വ്യത്യസ്‌തമായിരിക്കും. ഒരു ഉദാഹരണം വസ്‌ത്രധാരണത്തോടും ചമയത്തോടും ബന്ധപ്പെട്ടതാണ്‌. ഇക്കാര്യത്തിൽ ബൈബിൾ വ്യക്തമായ തത്ത്വങ്ങൾ നൽകുന്നുണ്ട്‌. ആത്മാർഥതയുള്ള എല്ലാ ക്രിസ്‌ത്യാനികളും അവ പിൻപറ്റുകയും ചെയ്യുന്നു. വിചിത്രമോ മാന്യതയില്ലാത്തതോ ലോകത്തിലെ അഭികാമ്യമല്ലാത്ത ഘടകങ്ങളുമായി നമ്മെ ബന്ധപ്പെടുത്തുന്നതോ ആയ വസ്‌ത്രധാരണമോ ഹെയർ സ്റ്റൈലുകളോ നമ്മിൽ ആരും പിൻപറ്റുകയില്ല. (1 യോഹന്നാൻ 2:15-17) എല്ലാ സമയത്തും, വിശ്രമവേളകളിൽ പോലും, അഖിലാണ്ഡ പരമാധികാരിയെ പ്രതിനിധാനം ചെയ്യുന്നവരാണ്‌ തങ്ങൾ എന്ന കാര്യം ക്രിസ്‌ത്യാനികൾ മനസ്സിൽ പിടിക്കുന്നു. (യെശയ്യാവു 43:10; യോഹന്നാൻ 17:16; 1 തിമൊഥെയൊസ്‌ 2:9, 10) എന്നിരുന്നാലും പലപ്പോഴും ഔചിത്യത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ക്രിസ്‌ത്യാനികൾക്ക്‌ നടത്താൻ കഴിയുന്ന ഒട്ടനവധി തിരഞ്ഞെടുപ്പുകളുണ്ട്‌. *

മറ്റുള്ളവർക്ക്‌ ഇടർച്ച വരുത്തുന്നത്‌ ഒഴിവാക്കുക

15. തന്റെ സഹോദരങ്ങളുടെ പ്രയോജനത്തിനായി ഒരു ക്രിസ്‌ത്യാനി തന്റെ അവകാശങ്ങൾ ബലികഴിച്ചേക്കാവുന്നത്‌ എപ്പോൾ?

15 അവസാനമായി, റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള ബുദ്ധിയുപദേശത്തിൽ പൗലൊസ്‌ മറ്റൊരു സുപ്രധാന തത്ത്വത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ചില സമയങ്ങളിൽ, നന്നായി പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷിയുള്ള ഒരു ക്രിസ്‌ത്യാനി തനിക്ക്‌ ഉചിതമായി തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു സംഗതിപോലും വേണ്ടെന്നു വെച്ചേക്കാം. എന്തുകൊണ്ട്‌? താൻ തിരഞ്ഞെടുക്കുന്ന ഒരു പ്രത്യേക ഗതി മറ്റുള്ളവർക്കു ദോഷം ചെയ്‌തേക്കാമെന്ന്‌ അയാൾ തിരിച്ചറിയുന്നതുകൊണ്ടുതന്നെ. അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെങ്കിൽ നാം എന്തു ചെയ്യണം? പൗലൊസ്‌ പറയുന്നു: “മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.” (റോമർ 14:14, 20, 21) അങ്ങനെ, “ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.” (റോമർ 15:1, 2) നാം ചെയ്യുന്ന ഒരു സംഗതി സഹക്രിസ്‌ത്യാനിക്ക്‌ ഇടർച്ച വരുത്തിയേക്കാമെങ്കിൽ അയാളുടെ മനസ്സാക്ഷിയെ ആദരിക്കാനും ആ പ്രവൃത്തിയിൽനിന്നു വിട്ടുനിൽക്കാനും സഹോദരസ്‌നേഹം നമ്മെ പ്രേരിപ്പിക്കും. ഇതിന്‌ ഒരു ഉദാഹരണമാണ്‌ ലഹരിപാനീയങ്ങളുടെ ഉപയോഗം. മിതമായ തോതിൽ വീഞ്ഞു കുടിക്കാൻ ഒരു ക്രിസ്‌ത്യാനിക്ക്‌ അനുവാദമുണ്ട്‌. എന്നാൽ അത്‌ തന്റെ സഹോദരന്‌ ഇടർച്ച വരുത്തുമെങ്കിൽ അയാൾ തന്റെ അവകാശങ്ങൾ മുറുകെ പിടിച്ചുകൊണ്ടിരിക്കില്ല.

16. നമ്മുടെ പ്രദേശത്തുള്ളവരോട്‌ നമുക്ക്‌ എങ്ങനെ പരിഗണന കാണിക്കാൻ സാധിക്കും?

16 ക്രിസ്‌തീയ സഭയ്‌ക്കു പുറത്തുള്ള നമ്മുടെ ഇടപെടലുകളിലും ഈ തത്ത്വം പിൻപറ്റാൻ കഴിയും. ഉദാഹരണത്തിന്‌, നാം താമസിക്കുന്ന പ്രദേശത്ത്‌ പ്രാമുഖ്യം പുലർത്തുന്ന മതം അതിന്റെ അനുയായികളെ ആഴ്‌ചയിൽ ഏതെങ്കിലും ഒരു ദിവസത്തെ വിശ്രമദിനമായി വീക്ഷിക്കാൻ പഠിപ്പിക്കുന്നുണ്ടാകാം. നമ്മുടെ അയൽക്കാർക്ക്‌ ഇടർച്ച വരുത്താതിരിക്കാനും പ്രസംഗവേലയ്‌ക്ക്‌ പ്രതിബന്ധങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടി ചുറ്റുമുള്ളവരെ നീരസപ്പെടുത്തുന്ന യാതൊരു പ്രവർത്തനങ്ങളിലും ആ ദിവസം ഏർപ്പെടാതിരിക്കാൻ നാം കഴിയുന്നത്ര ശ്രദ്ധിക്കും. മറ്റൊരു സാഹചര്യം ഇതാണ്‌: സമ്പന്നനായ ഒരു ക്രിസ്‌ത്യാനി ശുശ്രൂഷകരുടെ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാനായി ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു സ്ഥലത്തേക്കു താമസം മാറുന്നു എന്നു കരുതുക. ലളിതമായ വസ്‌ത്രങ്ങൾ ധരിക്കാൻ അല്ലെങ്കിൽ തന്റെ അയൽക്കാരെ കണക്കിലെടുത്തുകൊണ്ട്‌ ആഡംബരപൂർണമായ ഒരു ജീവിതം നയിക്കേണ്ടെന്നു വെക്കാൻ അയാൾ തീരുമാനിച്ചേക്കാം.

17. നാം തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ മറ്റുള്ളവരെ പരിഗണിക്കേണ്ടത്‌ ന്യായയുക്തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ‘ശക്തരായവർ’ അത്തരം പൊരുത്തപ്പെടുത്തലുകൾ വരുത്തണം എന്നു പ്രതീക്ഷിക്കുന്നതു ന്യായമാണോ? ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: വണ്ടിയോടിച്ചു പോകുമ്പോൾ മുന്നിലായി ചില കുട്ടികൾ റോഡിനോടു വളരെ ചേർന്ന്‌ നടക്കുന്നതായി നാം കാണുന്നു. അപ്പോഴും, വന്ന അതേ വേഗത്തിൽത്തന്നെ നാം വണ്ടി ഓടിച്ചുകൊണ്ടിരിക്കുമോ? ഇല്ല, കുട്ടികളുടെ മേൽ ചെന്നിടിക്കാതിരിക്കാൻ നാം വണ്ടിയുടെ വേഗം കുറയ്‌ക്കും. ‘ഗതാഗതനിയമം അനുവദിച്ചിരിക്കുന്ന വേഗത്തിൽ വണ്ടിയോടിക്കാൻ എനിക്ക്‌ അവകാശമുണ്ടല്ലോ, പിന്നെ ഞാൻ എന്തിനു വേഗം കുറയ്‌ക്കണം’ എന്നൊന്നും ആ സമയത്ത്‌ നമ്മൾ ന്യായവാദം ചെയ്യുകയില്ല. ചിലപ്പോൾ സഹവിശ്വാസികളോടോ മറ്റുള്ളവരോടോ ഉള്ള ബന്ധത്തിൽ നാം വേഗം അൽപ്പമൊന്നു കുറയ്‌ക്കേണ്ടത്‌ അതായത്‌ ഒന്നു വഴങ്ങിക്കൊടുക്കേണ്ടത്‌ ആവശ്യമായിരിക്കാം. നമുക്ക്‌ പൂർണ അവകാശമുള്ള ഒരു സംഗതിയായിരിക്കാം നാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ബൈബിൾ തത്ത്വങ്ങൾ ഒന്നും ലംഘിക്കപ്പെടുന്നുമില്ല. എന്നിരുന്നാലും ആ പ്രവൃത്തി മറ്റുള്ളവർക്ക്‌ ഇടർച്ച വരുത്തുകയോ ദുർബലമായ മനസ്സാക്ഷി ഉള്ളവരെ ദോഷകരമായി ബാധിക്കുകയോ ചെയ്‌തേക്കാമെന്ന്‌ മനസ്സിലാക്കുന്നെങ്കിൽ ശ്രദ്ധയോടെ പ്രവർത്തിക്കാൻ ക്രിസ്‌തീയ സ്‌നേഹം നമ്മെ പ്രേരിപ്പിക്കും. (റോമർ 14:13, 15) ഐക്യം കാത്തുസൂക്ഷിക്കുന്നതും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതുമാണ്‌ വ്യക്തിപരമായ അവകാശങ്ങൾ മുറുകെ പിടിക്കുന്നതിനെക്കാൾ പ്രധാനം.

18, 19. (എ) മറ്റുള്ളവരോടു പരിഗണന കാണിക്കുന്നതിൽ നാം യേശുവിന്റെ മാതൃക പിൻപറ്റുന്നത്‌ എങ്ങനെ? (ബി) നാം പരിപൂർണ ഐക്യത്തിൽ പ്രവർത്തിക്കുന്നത്‌ ഏതു കാര്യത്തിലാണ്‌, അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ച ചെയ്യും?

18 ഈ വിധത്തിൽ പ്രവർത്തിക്കുമ്പോൾ ഏറ്റവും ശ്രേഷ്‌ഠമായ ഒരു മാതൃക പിൻപറ്റുകയാണു നാം ചെയ്യുന്നത്‌. പൗലൊസ്‌ പറയുന്നു: “‘നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു’ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്‌തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.” തന്റെ ജീവനെ നമുക്കുവേണ്ടി ബലിയായി അർപ്പിക്കാൻ യേശു സന്നദ്ധനായിരുന്നു. അപ്പോൾ, നമ്മുടെ ചില അവകാശങ്ങൾ ബലികഴിക്കുന്നത്‌ നമ്മോടൊപ്പം ഐക്യത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ ‘ബലഹീനരായവരെ’ സഹായിക്കുമെങ്കിൽ അപ്രകാരം ചെയ്യാൻ തീർച്ചയായും നാം സന്നദ്ധരായിരിക്കും. ദുർബലമായ മനസ്സാക്ഷിയുള്ള ക്രിസ്‌ത്യാനികളോട്‌ സഹിഷ്‌ണുതയും ദയയും പ്രകടമാക്കുമ്പോൾ​—⁠അല്ലെങ്കിൽ നമ്മുടെ തിരഞ്ഞെടുപ്പുകളെ സ്വമനസ്സാലെ നിയന്ത്രിക്കുകയും അവകാശങ്ങൾ മുറുകെ പിടിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോൾ​—⁠“ക്രിസ്‌തുയേശുവിന്നു അനുരൂപമായ” ഒരു മനോഭാവം ആയിരിക്കും നാം പ്രതിഫലിപ്പിക്കുന്നത്‌.​—⁠റോമർ 15:1-6.

19 തിരുവെഴുത്തു തത്ത്വങ്ങൾ ഉൾപ്പെടാത്ത വിഷയങ്ങളിൽ നമുക്ക്‌ കുറച്ചൊക്കെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്നേക്കാമെങ്കിലും ആരാധനയോടുള്ള ബന്ധത്തിൽ നാം പരിപൂർണ ഐക്യത്തിൽ പ്രവർത്തിക്കുന്നു. (1 കൊരിന്ത്യർ 1:10) ദൃഷ്ടാന്തത്തിന്‌, സത്യാരാധനയെ എതിർക്കുന്നവരോടുള്ള നമ്മുടെ പ്രതികരണത്തിൽ അത്തരം ഐക്യം പ്രകടമാണ്‌. അങ്ങനെയുള്ള വിരോധികളെ ദൈവവചനം അപരിചിതർ എന്നാണു വിശേഷിപ്പിക്കുന്നത്‌. ‘അപരിചിതരുടെ സ്വര’ത്തിനെതിരെ ജാഗ്രത പാലിക്കാൻ ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (യോഹന്നാൻ 10:​5, പി.ഒ.സി. ബൈ.) ഈ അപരിചിതർ ആരാണ്‌ എന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? അവരോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 14 പ്രായപൂർത്തിയെത്താത്ത കുട്ടികൾ വസ്‌ത്രധാരണത്തിന്റെ കാര്യത്തിൽ മാതാപിതാക്കളുടെ താത്‌പര്യം പിൻപറ്റുന്നു.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• വ്യക്തിപരമായ വിഷയങ്ങളിൽ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടായിരിക്കുന്നത്‌ ഐക്യത്തിനു ഭീഷണി അല്ലെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം അന്യോന്യം സ്‌നേഹപൂർവകമായ പരിഗണന കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഐക്യം സംബന്ധിച്ച പൗലൊസിന്റെ ബുദ്ധിയുപദേശം നമുക്ക്‌ ഇന്ന്‌ പ്രാവർത്തികമാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ, അപ്രകാരം ചെയ്യാൻ നമ്മെ എന്തു പ്രചോദിപ്പിക്കും?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

ഐക്യം സംബന്ധിച്ച പൗലൊസിന്റെ ബുദ്ധിയു പദേശം സഭയ്‌ക്ക്‌ അനിവാര്യമായിരുന്നു

[10-ാം പേജിലെ ചിത്രം]

വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ളവർ ആണെങ്കിലും ക്രിസ്‌ത്യാനികൾ ഏകീകൃതരാണ്‌

[12-ാം പേജിലെ ചിത്രം]

ഈ ഡ്രൈവർ ഇപ്പോൾ എന്തു ചെയ്യണം?