മക്കൾക്ക് പൈതൃകമായി എന്തു നൽകാൻ നിങ്ങൾ കടപ്പെട്ടിരിക്കുന്നു?
മക്കൾക്ക് പൈതൃകമായി എന്തു നൽകാൻ നിങ്ങൾ കടപ്പെട്ടിരിക്കുന്നു?
തെക്കൻ യൂറോപ്പിലുള്ള ഒരു കുടുംബനാഥനായ പാവ്‌ലോസ് വളരെ അപൂർവമായി മാത്രമേ വീട്ടിൽ ഭാര്യയും മക്കളുമൊത്ത് സമയം ചെലവഴിക്കാറുള്ളൂ. അദ്ദേഹത്തിന് മൂന്നു മക്കളാണുള്ളത്, 13-ഉം 11-ഉം വയസ്സുള്ള പെൺമക്കളും 7 വയസ്സുള്ള മകനും. തന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന് ആവശ്യമായ പണമുണ്ടാക്കാൻ രണ്ടു ഷിഫ്‌റ്റുകളിലായി പാവ്‌ലോസ് ആഴ്‌ചയിൽ ഏഴു ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. തന്റെ പെൺമക്കൾക്ക് ഓരോരുത്തർക്കും സ്വന്തം ഫ്‌ളാറ്റ് വാങ്ങുക, പുത്രനുവേണ്ടി ഒരു ചെറിയ ബിസിനസ് തുടങ്ങുക എന്നിവയാണ് അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ. പാവ്‌ലോസിന്റെ ഭാര്യ സോഫീയാ, തങ്ങളുടെ മക്കൾ മാറിത്താമസിക്കുമ്പോൾ അവർക്ക് ആവശ്യമായി വന്നേക്കാവുന്ന തുണിത്തരങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ മുതലായവ സ്വരുക്കൂട്ടുന്നതിനായി അധ്വാനിക്കുന്നു. ഇത്ര കഠിനമായി അധ്വാനിക്കുന്നതെന്തിന് എന്നു ചോദിച്ചപ്പോൾ അവർ ഏകസ്വരത്തിൽ പറഞ്ഞു: “ഞങ്ങളുടെ മക്കൾക്കുവേണ്ടി!”
പാവ്‌ലോസിനെയും സോഫീയായെയും പോലെ ലോകമെമ്പാടുമുള്ള നിരവധി മാതാപിതാക്കൾ തങ്ങളുടെ മക്കൾ നല്ല നിലയിൽ ജീവിതത്തിനു തുടക്കം കുറിക്കേണ്ടതിന് തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. ചിലർ മക്കളുടെ ഭാവി ഉപയോഗത്തിനു വേണ്ടി പണം നീക്കിവെക്കുന്നു. മറ്റുള്ളവർ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അവർക്കു മതിയായ വിദ്യാഭ്യാസവും വൈദഗ്‌ധ്യങ്ങളും ആർജിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. ഭൂരിഭാഗം മാതാപിതാക്കളും മക്കളോടുള്ള സ്‌നേഹം നിമിത്തമാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും പലപ്പോഴും അവർക്ക് ബന്ധുമിത്രാദികളുടെയും സമൂഹത്തിലെ മറ്റുള്ളവരുടെയും പ്രതീക്ഷകൾക്കൊത്തു പ്രവർത്തിക്കാനുള്ള ശക്തമായ സമ്മർദവും അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് മക്കളെക്കുറിച്ചു കരുതലുള്ള മാതാപിതാക്കൾ ഉചിതമായും ഇങ്ങനെ ചോദിച്ചേക്കാം, “ഞങ്ങൾ മക്കൾക്കുവേണ്ടി എത്രത്തോളം കരുതേണ്ടതുണ്ട്?”
ഭാവിക്കായി മുന്നമേ കരുതിവെക്കൽ
തങ്ങളുടെ മക്കൾക്കു വേണ്ടി കരുതുക എന്നത് ക്രിസ്‌തീയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സ്വാഭാവികം മാത്രമല്ല, തിരുവെഴുത്തുപരമായ ഒരു സംഗതി കൂടെയാണ്. അപ്പൊസ്‌തലനായ പൗലൊസ് തന്റെ നാളിലെ ക്രിസ്‌ത്യാനികളോട് ഇപ്രകാരം പറഞ്ഞു: “മക്കൾ മാതാപിതാക്കൻമാർക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച് മാതാപിതാക്കൻമാർ മക്കൾക്കുവേണ്ടിയാണ്.” (2 കൊരിന്ത്യർ 12:14, പി.ഒ.സി. ബൈബിൾ) മക്കളുടെ ആവശ്യങ്ങൾക്കായി കരുതുക എന്നത് മാതാപിതാക്കൾ ഗൗരവമായി എടുക്കേണ്ട ഒരു ഉത്തരവാദിത്വമാണെന്ന് പൗലൊസ് തുടർന്നു പറഞ്ഞു. അവൻ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) ബൈബിൾ കാലങ്ങളിൽ പിതൃസ്വത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ദൈവജനത്തിനിടയിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് നിരവധി ബൈബിൾ വിവരണങ്ങൾ കാണിക്കുന്നുണ്ട്.—രൂത്ത് 2:19, 20; 3:9-13; 4:1-22; ഇയ്യോബ് 42:15.
എന്നിരുന്നാലും ചിലപ്പോൾ മാതാപിതാക്കൾ മക്കൾക്കുവേണ്ടി വലിയ സമ്പാദ്യം സ്വരുക്കൂട്ടുന്നതിൽ മുഴുകുന്നു. എന്തുകൊണ്ട്? തെക്കൻ യൂറോപ്പിൽനിന്ന് ഐക്യനാടുകളിലേക്കു താമസംമാറിയ മാനൊലീസ് എന്ന പിതാവ് ഒരു കാരണം ചൂണ്ടിക്കാണിക്കുന്നു:
“രണ്ടാം ലോകമഹായുദ്ധകാലത്ത് ക്ഷാമവും ദാരിദ്ര്യവും ഉൾപ്പെടെയുള്ള കെടുതികൾ അനുഭവിച്ച മാതാപിതാക്കൾ തങ്ങളുടെ മക്കൾ അതൊന്നും അനുഭവിക്കാൻ ഇടവരരുതെന്ന നിർബന്ധം ഉള്ളവരാണ്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “അവരുടെ അങ്ങേയറ്റത്തെ ഉത്തരവാദിത്വബോധവും മക്കളുടെ ജീവിതത്തിന് ഏറ്റവും നല്ല തുടക്കം നൽകാനുള്ള ആഗ്രഹവും നിമിത്തം ചിലപ്പോൾ മാതാപിതാക്കൾ തങ്ങൾക്കുതന്നെ ദ്രോഹം വരുത്തിവെക്കുന്നു.” ചില മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കു വേണ്ടി ഭൗതികമായി കുന്നുകൂട്ടാൻ ശ്രമിക്കവേ, ജീവിതത്തിലെ ചില അവശ്യകാര്യങ്ങൾ പോലും വേണ്ടെന്നുവെക്കുന്നു. എന്നാൽ അത്തരമൊരു ഗതി മാതാപിതാക്കളുടെ പക്ഷത്ത് ജ്ഞാനമാണോ?‘വ്യർഥം, ഒരു വലിയ അനർഥം’
പുരാതന ഇസ്രായേലിൽ രാജാവായിരുന്ന ശലോമോൻ സ്വത്തവകാശങ്ങളെ കുറിച്ച് ഒരു മുന്നറിയിപ്പു നൽകുന്നു. അവൻ എഴുതി: “സൂര്യന്നു കീഴെ ഞാൻ പ്രയത്‌നിച്ച പ്രയത്‌നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്‌നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്‌നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ. . . . ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടെ പ്രയത്‌നിക്കുന്നു; എങ്കിലും അതിൽ പ്രയത്‌നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു.” “ഇതും വ്യർത്ഥം; ഒരു വലിയ അനർഥം.” (ഓശാന ബൈബിൾ)—സഭാപ്രസംഗി 2:18-21.
ശലോമോൻ വിശദീകരിക്കുന്നതു പോലെ, ഒരു വ്യക്തി തനിക്ക് അവകാശമായി ലഭിക്കുന്ന സ്വത്തിന്റെ മൂല്യം പൂർണമായി വിലമതിക്കണമെന്നില്ല, കാരണം അതു സ്വരുക്കൂട്ടുന്നതിനുവേണ്ടി അയാൾ ഒട്ടുംതന്നെ അധ്വാനിച്ചിട്ടില്ല. തത്‌ഫലമായി മാതാപിതാക്കൾ രാവും പകലും വിയർപ്പൊഴുക്കി സമ്പാദിച്ചതെല്ലാം മക്കൾ ബുദ്ധിശൂന്യമായി പ്രവർത്തിച്ചുകൊണ്ട് കളഞ്ഞുകുളിച്ചേക്കാം. (ലൂക്കൊസ് 15:11-16) എന്തൊരു ‘വ്യർഥത, എത്ര വലിയ അനർഥം!’
സ്വത്തവകാശവും അത്യാഗ്രഹവും
മാതാപിതാക്കൾ പരിഗണിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. പിതൃസ്വത്തിനും സ്‌ത്രീധനത്തിനുമൊക്കെ അമിത പ്രാധാന്യം നൽകുന്ന സംസ്‌കാരങ്ങളിൽ, മക്കൾ ദുരാഗ്രഹികൾ ആയിത്തീരാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കൾക്കു ന്യായമായി കൊടുക്കാൻ കഴിയുന്നതിലുമധികം വസ്‌തുവകകളോ സ്‌ത്രീധനമോ അവർ ആവശ്യപ്പെട്ടേക്കാം. ഗ്രീസിൽനിന്നുള്ള ഒരു പിതാവായ ലൂക്കാസ് പറയുന്നു: “രണ്ടോ മൂന്നോ പെൺമക്കൾ ഉള്ള പിതാവിന് ഹാ കഷ്ടം.” അദ്ദേഹം ഇങ്ങനെ തുടരുന്നു: “സ്വന്തം പിതാവ് തങ്ങൾക്കു തരുന്നതിനെ പെൺമക്കൾ, മറ്റു മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കുവേണ്ടി ‘ഉദാരമായി’ കുന്നുകൂട്ടിയിട്ടുള്ള സമ്പത്തുമായി താരതമ്യപ്പെടുത്തിയേക്കാം. തൃപ്‌തികരമായ വിധത്തിൽ സ്‌ത്രീധനം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തങ്ങളുടെ വിവാഹം നടക്കാനുള്ള സാധ്യത കുറവാണെന്ന് അവർ ചൂണ്ടിക്കാട്ടിയേക്കാം.”
മുമ്പു പരാമർശിച്ച മനൊലീസ് പ്രസ്‌താവിക്കുന്നു: “വസ്‌തുവായോ വലിയൊരു തുകയായോ മകൾക്ക് എന്തെങ്കിലും കൊടുക്കുന്ന കാര്യം പ്രതിശ്രുത വധുവിന്റെ പിതാവ് സൂചിപ്പിക്കുന്നതുവരെ ഒരു യുവാവ് വിവാഹം നീട്ടിക്കൊണ്ടുപോയേക്കാം. അത് ഒരുതരം ഭീഷണി പോലെയാണ്.”
സദൃശവാക്യങ്ങൾ 20:21) അപ്പൊസ്‌തലനായ പൗലൊസ് ഇത് ഊന്നിപ്പറയുന്നു: “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.”—1 തിമൊഥെയൊസ് 6:10; എഫെസ്യർ 5:5.
ബൈബിൾ എല്ലാത്തരം അത്യാഗ്രഹത്തിനും എതിരെ മുന്നറിയിപ്പു നൽകുന്നു. ശലോമോൻ എഴുതി: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.” (“ജ്ഞാനം ഒരു അവകാശംപോലെ”
സമ്പാദ്യത്തിന് അതിന്റേതായ മൂല്യമുണ്ട് എന്നതു സമ്മതിക്കുന്നു. എന്നാൽ ജ്ഞാനത്തിന് ഏതു ഭൗതിക സമ്പത്തിനെക്കാളും ഉയർന്ന മൂല്യമുണ്ട്. ശലോമോൻ രാജാവ് എഴുതി: “ജ്ഞാനം ഒരു അവകാശംപോലെ നല്ലതു . . . ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” (സഭാപ്രസംഗി 7:11, 12; സദൃശവാക്യങ്ങൾ 2:7; 3:21) പണം ഒരളവോളം സംരക്ഷണം നൽകുകയും ആവശ്യമുള്ള വസ്‌തുവകകൾ വാങ്ങാൻ ഉപകരിക്കുകയും ചെയ്യുമെങ്കിലും അതു നഷ്ടപ്പെട്ടു പോയേക്കാം. മറിച്ച് ജ്ഞാനം—പ്രശ്‌നപരിഹാരത്തിനും ലക്ഷ്യപ്രാപ്‌തിക്കുമായി അറിവ് ഉപയുക്തമാക്കാനുള്ള കഴിവ്—അപകടഗതി കൈക്കൊള്ളുന്നതിൽനിന്ന് ഒരുവനെ തടയുന്നു. ഉചിതമായ ദൈവിക ഭയത്തിൽ അധിഷ്‌ഠിതമായിരിക്കുമ്പോൾ ജ്ഞാനത്തിന്, പെട്ടെന്നുതന്നെ വരാനിരിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിൽ നിത്യജീവൻ പ്രാപിക്കാൻ അയാളെ സഹായിക്കാനാകും—ഒരു അമൂല്യ സമ്പത്തു തന്നെ!—2 പത്രൊസ് 3:13.
തങ്ങൾക്കും മക്കൾക്കും ഉചിതമായ മുൻഗണനകൾ വെച്ചുകൊണ്ടാണ് ക്രിസ്‌തീയ മാതാപിതാക്കൾ അത്തരം ജ്ഞാനം പ്രകടിപ്പിക്കുന്നത്. (ഫിലിപ്പിയർ 1:10, NW) മക്കൾക്കുവേണ്ടി ഭൗതിക വസ്‌തുക്കൾ സമ്പാദിക്കുന്നതിന് ആത്മീയ കാര്യങ്ങളെക്കാൾ പ്രാധാന്യം കൊടുക്കരുത്. യേശു തന്റെ ശിഷ്യന്മാരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: ‘മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.’ (മത്തായി 6:33) തങ്ങളുടെ ക്രിസ്‌തീയ കുടുംബത്തിനായി ആത്മീയ ലാക്കുകൾ വെക്കുന്ന മാതാപിതാക്കൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി: “നീതിമാന്റെ അപ്പൻ ഏററവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:24, 25.
നിലനിൽക്കുന്ന പൈതൃകം
പുരാതന ഇസ്രായേല്യർ പിതൃസ്വത്തു സംബന്ധിച്ച കാര്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്നു. (1 രാജാക്കന്മാർ 21:2-6) എന്നിരുന്നാലും യഹോവ അവരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്‌തകം 6:6, 7) ക്രിസ്‌തീയ മാതാപിതാക്കൾക്കും സമാനമായ പ്രബോധനം നൽകപ്പെട്ടിരിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”—എഫെസ്യർ 6:4.
തങ്ങളുടെ കുടുംബത്തിനു വേണ്ടി കരുതുന്നതിൽ തിരുവെഴുത്തു പ്രബോധനം കൊടുക്കുന്നത് ഉൾപ്പെടുന്നുണ്ടെന്ന് ആത്മീയ കാഴ്‌ചപ്പാടുള്ള മാതാപിതാക്കൾ തിരിച്ചറിയുന്നു. മൂന്നു മക്കളുടെ പിതാവായ ആന്ത്രിയാസ് പറയുന്നു: “ജീവിതത്തിൽ ദൈവിക തത്ത്വങ്ങൾ ബാധകമാക്കാൻ പഠിച്ചുകഴിഞ്ഞാൽ ഭാവിയെ മെച്ചപ്പെട്ട വിധത്തിൽ നേരിടാൻ കുട്ടികൾ തയ്യാറായിക്കഴിഞ്ഞു.” അത്തരം പൈതൃകം, സ്രഷ്ടാവുമായി വ്യക്തിപരമായി ഒരു നല്ല ബന്ധം നേടിയെടുക്കാനും നിലനിറുത്താനും സഹായിക്കുന്നതിനും ഊന്നൽ നൽകുന്നു.—1 തിമൊഥെയൊസ് 6:19.
നിങ്ങളുടെ കുട്ടിയുടെ ആത്മീയ ഭാവി കരുപ്പിടിപ്പിക്കാൻ ആവശ്യമായതു കരുതുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ദൃഷ്ടാന്തത്തിന്, കുട്ടി മുഴുസമയ സേവനമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും? ഒരു മുഴുസമയ സേവകൻ സാമ്പത്തിക സഹായം ആവശ്യപ്പെടാനോ പ്രതീക്ഷിക്കാനോ പാടില്ലെങ്കിലും സ്‌നേഹനിധികളായ മാതാപിതാക്കൾ, മുഴുസമയ സേവനത്തിൽ നിലനിൽക്കാൻ അവരെ സഹായിക്കുമാറ് ‘ആവശ്യങ്ങളിൽ കൂട്ടായ്‌മ കാണിക്കാൻ’ അഥവാ സഹായിക്കാൻ തീരുമാനിച്ചേക്കാം. (റോമർ 12:13; 1 ശമൂവേൽ 2:18, 19; ഫിലിപ്പിയർ 4:14-18) അത്തരത്തിലുള്ള പിന്തുണ നൽകുന്നത് തീർച്ചയായും യഹോവയ്‌ക്കു പ്രസാദകരമായിരിക്കും.
അപ്പോൾ, മാതാപിതാക്കൾ മക്കൾക്ക് എന്താണ് കടപ്പെട്ടിരിക്കുന്നത്? അവരുടെ ഭൗതിക ആവശ്യങ്ങൾക്കായി കരുതുന്നതിനു പുറമേ, നിത്യകാലം അവർക്കു പ്രയോജനം ചെയ്യുന്ന സമൃദ്ധമായ ആത്മീയ പൈതൃകം അവർക്കു ലഭിക്കുന്നു എന്നും ക്രിസ്‌തീയ മാതാപിതാക്കൾ ഉറപ്പുവരുത്തും. ആ വിധത്തിൽ സങ്കീർത്തനം 37:18-ലെ വാക്കുകൾ സത്യമായി ഭവിക്കും: “യഹോവ നിഷ്‌കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.”
[26, 27 പേജുകളിലെ ചിത്രങ്ങൾ]
നിങ്ങളുടെ മക്കൾക്ക് എന്തു ഭാവിയാണ് നിങ്ങൾ വിഭാവന ചെയ്യുന്നത്?