വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ, വെളിപ്പാടു പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്ന 1,44,000 എന്ന സംഖ്യ പ്രതീകാത്മകമായി പരിഗണിക്കാതെ അക്ഷരാർഥത്തിൽത്തന്നെ കണക്കാക്കുന്നത് എന്തുകൊണ്ട്?
അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “മുദ്രയേററവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽ മക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേററവർ നൂററിനാല്‌പത്തിനാലായിരം പേർ.” (വെളിപ്പാടു 7:4) ബൈബിളിൽ “മുദ്രയേറ്റവർ” എന്ന പദപ്രയോഗം, ഭൂമി ഒരു പറുദീസ ആയിത്തീരുമ്പോൾ സ്വർഗത്തിലിരുന്നുകൊണ്ട് ക്രിസ്‌തുവിനോടുകൂടെ അതിനെ ഭരിക്കാനായി മനുഷ്യവർഗത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ കൂട്ടത്തെയാണ് അർഥമാക്കുന്നത്. (2 കൊരിന്ത്യർ 1:21, 22; വെളിപ്പാടു 5:9, 10; 20:6) അവരുടെ എണ്ണമായ 1,44,000 അക്ഷരാർഥത്തിൽത്തന്നെ കണക്കാക്കാൻ നിരവധി കാരണങ്ങളുണ്ട്. അവയിലൊന്ന് വെളിപ്പാടു 7:4-ന്റെ സന്ദർഭം പരിഗണിച്ചാൽ മനസ്സിലാക്കാം.
ദർശനത്തിൽ 1,44,000-ത്തെ കുറിച്ചു കേട്ടതിനു ശേഷം യോഹന്നാൻ മറ്റൊരു കൂട്ടത്തെ കാണുന്നു. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” എന്നാണ് ഈ രണ്ടാമത്തെ കൂട്ടത്തെ യോഹന്നാൻ വർണിക്കുന്നത്. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ഇന്നത്തെ ദുഷ്ടലോകത്തെ നശിപ്പിക്കാനിരിക്കുന്ന “മഹോപദ്രവ”ത്തെ (NW) അതിജീവിക്കുന്നവരാണ് ഈ മഹാപുരുഷാരം.—വെളിപ്പാടു 7:9, 14.
എന്നാൽ വെളിപ്പാടു 7-ാം അധ്യായത്തിന്റെ 4, 9 വാക്യങ്ങളിൽ യോഹന്നാൻ പരാമർശിച്ചിരിക്കുന്ന വ്യത്യാസം ശ്രദ്ധിക്കുക. “മുദ്രയേറ്റ”വരായ ആദ്യത്തെ കൂട്ടത്തിന് ഒരു നിശ്ചിത എണ്ണം ഉണ്ടെന്ന് അവൻ പ്രസ്‌താവിക്കുന്നു. പക്ഷേ രണ്ടാമത്തെ കൂട്ടമായ “മഹാപുരുഷാര”ത്തിന് നിശ്ചിത എണ്ണമില്ല. ഇതു പരിഗണിക്കുമ്പോൾ 1,44,000-ത്തെ അക്ഷരാർഥത്തിൽ കണക്കാക്കുന്നത് തികച്ചും യുക്തിസഹമാണ്. 1,44,000 എന്ന സംഖ്യ പ്രതീകാത്മകവും, ആ കൂട്ടത്തിൽ ഉൾപ്പെടുന്നവരുടെ എണ്ണം വാസ്‌തവത്തിൽ അനിശ്ചിതവും ആണെങ്കിൽ ആ രണ്ടു വാക്യങ്ങളിൽ വരച്ചുകാട്ടിയിട്ടുള്ള വ്യത്യസ്‌തതയ്‌ക്ക് യാതൊരു അർഥവും ഇല്ലാതാകും. അപ്പോൾ 1,44,000 എന്ന സംഖ്യ അക്ഷരാർഥത്തിൽത്തന്നെ കണക്കാക്കണമെന്ന് സന്ദർഭം ശക്തമായി സൂചിപ്പിക്കുന്നു.
ആ സംഖ്യ അക്ഷരാർഥത്തിൽത്തന്നെ കണക്കിലെടുക്കണം എന്നാണ് മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും പല ബൈബിൾ പണ്ഡിതന്മാരുടെയും നിഗമനം. ദൃഷ്ടാന്തത്തിന് ബ്രിട്ടീഷ് നിഘണ്ടു നിർമാതാവായ ഡോ. എതൽബർട്ട് ഡബ്ലിയു. ബുള്ളിങ്ങർ വെളിപ്പാടു 7:4, 9-നെ കുറിച്ച് ഏതാണ്ട് 100 വർഷം മുമ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “കാര്യം ലളിതമാണ്: ഇതേ അധ്യായത്തിൽ തന്നെയുള്ള അനിശ്ചിത എണ്ണത്തിനു വിപരീതമായി ഒരു നിശ്ചിത എണ്ണം ഉപയോഗിച്ചിരിക്കുന്നു.” (അപ്പോക്കലിപ്‌സ് അഥവാ “കർത്താവിന്റെ ദിവസം,” [ഇംഗ്ലീഷ്] പേജ് 282) കുറെക്കൂടെ അടുത്ത കാലത്ത്, ഐക്യനാടുകളിലെ ദ മാസ്റ്റേഴ്‌സ് സെമിനാരിയിൽ പുതിയനിയമ പ്രൊഫസറായ റോബർട്ട് എൽ. തോമസ്, ജൂനിയർ ഇങ്ങനെ എഴുതി: “ഈ സംഗതിയിൽ പ്രതീകാത്മകതയ്‌ക്കുള്ള സാധ്യത സ്‌പഷ്ടമായും ദുർബലമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു: “[വെളിപ്പാടു] 7:9-ലെ അനിശ്ചിതമായ എണ്ണത്തിൽനിന്നു വ്യത്യസ്‌തമായി [7:4-ൽ] ഉപയോഗിച്ചിരിക്കുന്നത് നിശ്ചിതമായ എണ്ണമാണ്. അതു പ്രതീകാത്മകമായി എടുത്താൽ വെളിപ്പാടിലെ ഒരു സംഖ്യയും അക്ഷരാർഥത്തിൽ കണക്കാക്കാൻ സാധിക്കുകയില്ല.”—വെളിപ്പാട്: ഒരു സ്‌പഷ്ടമായ വ്യാഖ്യാനം, വാല്യം 1, (ഇംഗ്ലീഷ്) പേജ് 474.
വെളിപ്പാടു പുസ്‌തകത്തിൽ പ്രതീകാത്മക ഭാഷ വളരെയധികം ഉപയോഗിച്ചിരിക്കുന്നതിനാൽ 1,44,000 ഉൾപ്പെടെ അതിലെ സംഖ്യകളെല്ലാം പ്രതീകാത്മകമായി കണക്കാക്കേണ്ടവയാണ് എന്നു ചിലർ വാദിക്കുന്നു. (വെളിപ്പാടു 1:1, 4; 2:10) എന്നാൽ ആ നിഗമനം ശരിയല്ല എന്നു വ്യക്തമാണ്. വെളിപ്പാടിൽ നിരവധി പ്രതീകാത്മക സംഖ്യകൾ ഉണ്ടെന്നുള്ളത് ശരിയാണെങ്കിലും അതിൽ അക്ഷരാർഥത്തിൽ പരിഗണിക്കേണ്ട സംഖ്യകളും ഉണ്ട്. ദൃഷ്ടാന്തത്തിന് “കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്‌തലന്മാരുടെ പന്ത്രണ്ടു പേരു”കളെ കുറിച്ച് യോഹന്നാൻ പറയുന്നു. (വെളിപ്പാടു 21:14) വ്യക്തമായും ഈ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന 12 എന്ന സംഖ്യ അക്ഷരീയമാണ്, പ്രതീകാത്മകമല്ല. കൂടുതലായി, ക്രിസ്‌തുവിന്റെ “ആയിരം ആണ്ടു” വാഴ്‌ചയെ കുറിച്ച് യോഹന്നാൻ അപ്പൊസ്‌തലൻ എഴുതുന്നു. ആ സംഖ്യയും അക്ഷരീയമായിത്തന്നെ കണക്കാക്കേണ്ടതാണെന്ന് ബൈബിളിന്റെ ശ്രദ്ധാപൂർവമായ പഠനം കാണിച്ചുതരുന്നു. * (വെളിപ്പാടു 20:3, 5-7) അതുകൊണ്ട് വെളിപ്പാടിലെ ഒരു സംഖ്യ അക്ഷരാർഥത്തിലാണോ പ്രതീകാത്മകമായാണോ എടുക്കേണ്ടത് എന്നത് അതിന്റെ പശ്ചാത്തലത്തെയും സന്ദർഭത്തെയും ആശ്രയിച്ചിരിക്കുന്നു.
1,44,000 എന്ന സംഖ്യ അക്ഷരാർഥത്തിലുള്ളതും “മഹാപുരുഷാര”ത്തോടുള്ള താരതമ്യത്തിൽ ഒരു ചെറിയ കൂട്ടത്തെ, നിശ്ചിത എണ്ണം വ്യക്തികളെ, കുറിക്കുന്നതും ആണെന്നുള്ള നിഗമനം ബൈബിളിന്റെ മറ്റു ഭാഗങ്ങളോടും ചേർച്ചയിലാണ്. ദൃഷ്ടാന്തത്തിന് യോഹന്നാന് ലഭിച്ച ദർശനത്തിൽ, 1,44,000-ത്തെ പിന്നീട് ദൈവത്തിനും കുഞ്ഞാടിനും ‘ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നവർ’ അഥവാ വിലയ്‌ക്കുവാങ്ങിയിരിക്കുന്നവർ ആയി വർണിച്ചിരിക്കുന്നു. (വെളിപ്പാടു 14:1, 4) “ആദ്യഫലം” എന്ന പദപ്രയോഗം മനുഷ്യവർഗത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന ഒരു ചെറിയ കൂട്ടത്തെയാണു പരാമർശിക്കുന്നത്. മാത്രമല്ല, യേശു ഭൂമിയിലായിരുന്നപ്പോൾ സ്വർഗീയ രാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനിരുന്നവരെ “ചെറിയ ആട്ടിൻകൂട്ടം” എന്നു വിളിക്കുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (ലൂക്കൊസ് 12:32; 22:29) ഭാവി പറുദീസാഭൂമിയിൽ വസിക്കാനിരിക്കുന്നവരോടുള്ള താരതമ്യത്തിൽ സ്വർഗത്തിൽ ഭരിക്കാനായി മനുഷ്യവർഗത്തിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ വളരെ ചുരുക്കമാണ്.
അപ്പോൾ വെളിപ്പാടു 7:4-ന്റെ സന്ദർഭവും ബന്ധപ്പെട്ട മറ്റു ബൈബിൾ ഭാഗങ്ങളും 1,44,000 എന്ന സംഖ്യ അക്ഷരാർഥത്തിൽ കണക്കാക്കേണ്ടതാണ് എന്ന വസ്‌തുതയെ ദൃഢീകരിക്കുന്നു. പറുദീസാഭൂമി അവകാശമാക്കുന്ന, യഹോവയുടെ അസംഖ്യം സന്തുഷ്ട ആരാധകരുടെമേലുള്ള ക്രിസ്‌തുവിന്റെ സ്വർഗീയ ഭരണത്തിൽ പങ്കാളികളാകുന്നവരെയാണ് ആ സംഖ്യ പരാമർശിക്കുന്നത്.—സങ്കീർത്തനം 37:29.
[അടിക്കുറിപ്പ്]
^ ഖ. 7 ക്രിസ്‌തുവിന്റെ ആയിരം വർഷ വാഴ്‌ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 289-90 പേജുകൾ കാണുക.
[31-ാം പേജിലെ ആകർഷകവാക്യം]
സ്വർഗീയ രാജ്യത്തിന്റെ അവകാശികളുടെ എണ്ണം 1,44,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു
[31-ാം പേജിലെ ചിത്രം]
“മഹാപുരുഷാര”ത്തിന്റെ എണ്ണം അനിശ്ചിതമാണ്
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
നക്ഷത്രങ്ങൾ: Courtesy of Anglo-Australian Observatory, photograph by David Malin