വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടിക്ക്‌ യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത്‌

സന്തുഷ്ടിക്ക്‌ യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത്‌

സന്തുഷ്ടിക്ക്‌ യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത്‌

സന്തുഷ്ടിക്ക്‌ എന്താണ്‌ ആവശ്യമായിരിക്കുന്നതെന്ന്‌ “സന്തുഷ്ട ദൈവ”മായ യഹോവയ്‌ക്കും “സന്തുഷ്ടനും ഏക അധിപനുമായ” യേശുക്രിസ്‌തുവിനും മറ്റാരെക്കാളും നന്നായി അറിയാം. (1 തിമൊഥെയൊസ്‌ 1:11, NW; 6:⁠15, NW) അപ്പോൾ സന്തുഷ്ടിയുടെ താക്കോൽ ദൈവവചനമായ ബൈബിളിൽ കണ്ടെത്താൻ കഴിയും എന്നതിൽ അതിശയിക്കാനില്ല.​—⁠വെളിപ്പാടു 1:⁠3NW; 22:⁠7, NW.

സന്തുഷ്ടിക്ക്‌ ആവശ്യമായിരിക്കുന്നത്‌ എന്താണെന്ന്‌ തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു വിശദീകരിക്കുന്നു: (1) തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവർ (NW), (2) ദുഃഖിക്കുന്നവർ, (3) സൗമ്യതയുള്ളവർ, (4) നീതിക്കു വിശന്നു ദാഹിക്കുന്നവർ, (5) കരുണയുള്ളവർ, (6) ഹൃദയശുദ്ധിയുള്ളവർ, (7) സമാധാനം ഉണ്ടാക്കുന്നവർ, (8) നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ, (9) യേശുവിനെ പ്രതി പഴിക്കപ്പെടുകയും (അഥവാ നിന്ദിക്കപ്പെടുകയും) ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നവർ എന്നിവരെല്ലാം “ഭാഗ്യവാന്മാർ” ആയിരിക്കും എന്ന്‌ യേശു പ്രസ്‌താവിക്കുന്നു.​—⁠മത്തായി 5:⁠3-11. *

യേശുവിന്റെ പ്രസ്‌താവനകൾ ശരിയാണോ?

യേശുവിന്റെ ചില പ്രസ്‌താവനകളുടെ സത്യത സംബന്ധിച്ച്‌ വിശദീകരണത്തിന്റെ ആവശ്യമേയില്ല. ഹൃദയശുദ്ധിയുള്ള, സൗമ്യനും കാരുണ്യവാനും സമാധാനപ്രിയനും ആയ ഒരു വ്യക്തി, കോപിഷ്‌ഠനും വഴക്കാളിയും കരുണയില്ലാത്തവനുമായ ഒരുവനെക്കാൾ സന്തുഷ്ടൻ ആയിരിക്കും എന്ന വസ്‌തുത നിഷേധിക്കാൻ ആർക്കെങ്കിലും കഴിയുമോ?

നീതിക്കു വിശന്നു ദാഹിക്കുന്നവരെയോ അല്ലെങ്കിൽ ദുഃഖിക്കുന്നവരെയോ എങ്ങനെയാണ്‌ സന്തുഷ്ടർ എന്നു വിളിക്കാനാവുക എന്നു നാം അത്ഭുതപ്പെട്ടേക്കാം. അത്തരം വ്യക്തികൾക്ക്‌ ലോകാവസ്ഥകളെ കുറിച്ച്‌ യാഥാർഥ്യബോധമുള്ള വീക്ഷണമുണ്ട്‌. നമ്മുടെ നാളിൽ “നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരാണ്‌ അവർ. (യെഹെസ്‌കേൽ 9:⁠4) അത്‌ അതിൽത്തന്നെ അവരെ സന്തുഷ്ടരാക്കുന്നില്ല. എന്നാൽ ഭൂമിയിൽ നീതിനിഷ്‌ഠമായ അവസ്ഥകൾ ആനയിക്കാനും അടിച്ചമർത്തപ്പെട്ടവനു ന്യായം പാലിച്ചുകൊടുക്കാനുമുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു മനസ്സിലാക്കുമ്പോൾ അവരുടെ സന്തുഷ്ടി കരകവിഞ്ഞൊഴുകുന്നു.​—⁠യെശയ്യാവു 11:⁠4.

നീതിയോടുള്ള സ്‌നേഹം, ശരിയായതു ചെയ്യുന്നതിൽ കൂടെക്കൂടെ തങ്ങൾ വരുത്തുന്ന വീഴ്‌ചകളെപ്രതി ദുഃഖിക്കാനും വ്യക്തികളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട്‌ അവർ തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധമുള്ളവർ ആണെന്നു പറയാൻ കഴിയും. അത്തരം ആളുകൾ മാർഗനിർദേശത്തിനായി ദൈവത്തിലേക്കു നോക്കാൻ മനസ്സൊരുക്കം കാണിക്കുന്നു. എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ ബലഹീനതകളെ അതിജീവിക്കാൻ അവനു മാത്രമേ സഹായിക്കാനാകൂ എന്ന്‌ അവർ തിരിച്ചറിയുന്നു.​—⁠സദൃശവാക്യങ്ങൾ 16:⁠3, 9; 20:⁠24.

ദുഃഖിക്കുന്നവർക്കും നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കും തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധമുള്ളവർക്കും സ്രഷ്ടാവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ അറിയാം. മനുഷ്യരുമായുള്ള നല്ല ബന്ധം സന്തുഷ്ടിദായകമാണ്‌, ദൈവവുമായുള്ള നല്ല ബന്ധം അതിലുമെത്രയോ അധികം സന്തുഷ്ടി പകരുന്നു! ഉവ്വ്‌, ശരിയായതിനെ ഗൗരവമായി സ്‌നേഹിക്കുകയും ദിവ്യ മാർഗനിർദേശം സ്വീകരിക്കാൻ മനസ്സൊരുക്കം കാണിക്കുകയും ചെയ്യുന്ന വ്യക്തികളെ യഥാർഥത്തിൽ സന്തുഷ്ടർ എന്നു വിളിക്കാനാകും.

എന്നിരുന്നാലും ഉപദ്രവിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന ആർക്കെങ്കിലും സന്തുഷ്ടനായിരിക്കാൻ കഴിയും എന്നത്‌ നിങ്ങൾക്ക്‌ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നേക്കാം. പക്ഷേ, അതു തീർച്ചയായും സത്യമായിരിക്കണം, കാരണം യേശുവാണ്‌ അതു പറഞ്ഞത്‌. അവന്റെ ആ വാക്കുകൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്‌?

പീഡിപ്പിക്കപ്പെടുന്നവർ എങ്കിലും സന്തുഷ്ടർ​—⁠എങ്ങനെ?

നിന്ദയും ഉപദ്രവവും അതിൽത്തന്നെ സന്തുഷ്ടിദായകമാണ്‌ എന്ന്‌ യേശു പറഞ്ഞില്ല എന്നതു കുറിക്കൊള്ളുക. അവൻ വെക്കുന്ന വ്യവസ്ഥ നോക്കൂ: “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ . . . എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും . . . ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.” (മത്തായി 5:⁠10, 11) അപ്പോൾ ഒരുവൻ ക്രിസ്‌തുവിന്റെ അനുയായി ആയിരിക്കുകയും അവൻ പഠിപ്പിച്ച നീതിയുള്ള തത്ത്വങ്ങൾക്കു ചേർച്ചയിൽ തന്റെ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്നതു നിമിത്തം പഴിക്കപ്പെടുന്നെങ്കിൽ അല്ലെങ്കിൽ നിന്ദിക്കപ്പെടുന്നെങ്കിൽ മാത്രമേ അത്‌ സന്തുഷ്ടിയിൽ കലാശിക്കുകയുള്ളൂ.

ആദിമ ക്രിസ്‌ത്യാനികൾക്കു സംഭവിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌. യഹൂദന്മാരുടെ ഉന്നതാധികാര കോടതിയായ സൻഹെദ്രീമിലെ അംഗങ്ങൾ, “അപ്പൊസ്‌തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്‌പിച്ചു അവരെ വിട്ടയച്ചു.” അപ്പൊസ്‌തലന്മാരുടെ പ്രതികരണം എന്തായിരുന്നു? “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)​—⁠പ്രവൃത്തികൾ 5:⁠40-42; 13:⁠50-52.

അപ്പൊസ്‌തലനായ പത്രൊസ്‌ നിന്ദിക്കപ്പെടുന്നതും സന്തുഷ്ടിയും തമ്മിലുള്ള ബന്ധത്തിന്മേൽ കൂടുതലായ വെളിച്ചം വീശി. അവൻ എഴുതി: “ക്രിസ്‌തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1 പത്രൊസ്‌ 4:⁠14) ഉവ്വ്‌, ശരിയായതു ചെയ്യുന്നതിനു വേണ്ടി ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ പീഡ അനുഭവിക്കുന്നത്‌ അസുഖകരം ആണെങ്കിൽ പോലും, ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ലഭിക്കും എന്നറിയുന്നത്‌ സന്തുഷ്ടിദായകമാണ്‌. ദൈവാത്മാവ്‌ സന്തുഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

ജഡത്തിന്റെ പ്രവൃത്തികളോ ആത്മാവിന്റെ ഫലമോ?

ഭരണാധികാരി എന്ന നിലയിൽ ദൈവത്തെ അനുസരിക്കുന്നവരിൽ മാത്രമേ ദൈവാത്മാവ്‌ വസിക്കുകയുള്ളൂ. (പ്രവൃത്തികൾ 5:⁠32) “ജഡത്തിന്റെ പ്രവൃത്തികൾ” ചെയ്യുന്നവർക്ക്‌ യഹോവ തന്റെ ആത്മാവിനെ നൽകുകയില്ല. “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ” ആണ്‌. (ഗലാത്യർ 5:⁠19-21) ഇന്നത്തെ ലോകത്തിൽ “ജഡത്തിന്റെ പ്രവൃത്തികൾ” സർവത്ര പ്രകടമാണ്‌ എന്നതു ശരിയാണ്‌. എന്നാൽ അവ ചെയ്യുന്നവർ സ്ഥായിയായ യഥാർഥ സന്തുഷ്ടി ആസ്വദിക്കുന്നില്ല. മറിച്ച്‌ ഈ പ്രവൃത്തികൾമൂലം ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരുമായുള്ള നല്ല ബന്ധം നഷ്ടമാകുന്നു. കൂടുതലായി “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു ദൈവവചനം പ്രസ്‌താവിക്കുന്നു.

എന്നാൽ “ആത്മാവിന്റെ ഫലം” നട്ടുവളർത്തുന്നവർക്ക്‌ ദൈവം തന്റെ ആത്മാവിനെ നൽകുന്നു. “ആത്മാവിന്റെ ഫലമോ: സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ഗുണങ്ങൾ അടങ്ങുന്നതാണ്‌. (ഗലാത്യർ 5:⁠22, 23) ഈ ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ നാം മറ്റുള്ളവരുമായും ദൈവവുമായും സമാധാനപരമായ ഒരു ബന്ധം ആസ്വദിക്കുന്നതിനുള്ള അവസ്ഥ സൃഷ്ടിക്കുകയാണു ചെയ്യുന്നത്‌. അത്‌ യഥാർഥ സന്തുഷ്ടിയിലേക്കു നയിക്കുന്നു. (ചതുരം കാണുക.) ഏറെ പ്രധാനമായി സ്‌നേഹം, ദയ, പരോപകാരം എന്നിവയും മറ്റു ദൈവിക ഗുണങ്ങളും കാണിക്കുക വഴി നാം യഹോവയെ പ്രസാദിപ്പിക്കും. അപ്പോൾ നമുക്ക്‌ ദൈവത്തിന്റെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കും.

സന്തുഷ്ടി​—⁠ഒരു തിരഞ്ഞെടുപ്പ്‌

ദമ്പതികളായ വോൾഫ്‌ഗാങ്ങും ബ്രിജിറ്റും ജർമനിയിലാണ്‌ ജീവിക്കുന്നത്‌. അവർ ബൈബിൾ പഠിച്ചു തുടങ്ങുമ്പോൾ സന്തുഷ്ടിക്ക്‌ അനിവാര്യമെന്ന്‌ ആളുകൾ കരുതുന്ന ധാരാളം ഭൗതികവസ്‌തുക്കൾ അവർക്ക്‌ ഉണ്ടായിരുന്നു. അവർ നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരായിരുന്നു. വിലപിടിച്ച വസ്‌ത്രങ്ങളാണ്‌ അവർ ധരിച്ചിരുന്നത്‌, ആഡംബരപൂർണമായ വീടായിരുന്നു അവരുടേത്‌, അവരുടെ ബിസിനസ്സാകട്ടെ വിജയകരവും. സമയത്തിന്റെ സിംഹഭാഗവും കൂടുതൽക്കൂടുതൽ ഭൗതിക വസ്‌തുക്കൾ വാരിക്കൂട്ടുന്നതിനാണ്‌ അവർ ചെലവിട്ടിരുന്നത്‌. പക്ഷേ ഇതൊന്നും അവർക്ക്‌ യഥാർഥ സന്തുഷ്ടി നൽകിയില്ല. എന്നാൽ, കാലാന്തരത്തിൽ വോൾഫ്‌ഗാങ്ങും ബ്രിജിറ്റും നിർണായകമായ ഒരു തിരഞ്ഞെടുപ്പ്‌ നടത്തി. അവർ ആത്മീയ മൂല്യമുള്ള കാര്യങ്ങൾക്കായി കൂടുതൽ സമയവും ശ്രമവും ചെലവിടുകയും യഹോവയോട്‌ അടുത്തു ചെല്ലുന്നതിനുള്ള വഴികൾ തേടുകയും ചെയ്‌തു. ആ തിരഞ്ഞെടുപ്പ്‌ അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തി. ക്രമത്തിൽ അത്‌ ജീവിതം ലളിതമാക്കാനും പയനിയർമാരായി അഥവാ മുഴുസമയ രാജ്യ പ്രസംഗകരായി പ്രവർത്തിക്കാനും അവരെ പ്രേരിപ്പിച്ചു. ഇന്ന്‌ അവർ യഹോവയുടെ സാക്ഷികളുടെ ജർമനിയിലെ ബ്രാഞ്ച്‌ ഓഫീസിൽ സ്വമേധയാ സേവകരായി പ്രവർത്തിക്കുന്നു. കൂടാതെ, ദൈവവചനമായ ബൈബിളിലുള്ള സത്യം മനസ്സിലാക്കാൻ വിദേശികളെ സഹായിക്കുന്നതിന്‌ അവർ ഇപ്പോൾ ഒരു ഏഷ്യൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയുമാണ്‌.

ഈ ദമ്പതികൾ യഥാർഥ സന്തുഷ്ടി കണ്ടെത്തിയോ? വോൾഫ്‌ഗാങ്‌ പറയുന്നു: “ഞങ്ങൾ ആത്മീയ കാര്യങ്ങളിൽ കൂടുതലായി ഏർപ്പെടാൻ തുടങ്ങിയതിനുശേഷം വർധിച്ച സന്തുഷ്ടിയും ഏറെ സംതൃപ്‌തിയും ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നത്‌ ഞങ്ങളുടെ വിവാഹബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ഞങ്ങളുടെ വിവാഹബന്ധം മുമ്പും സന്തുഷ്ടമായിരുന്നു, എന്നാൽ വ്യത്യസ്‌ത ദിശകളിലേക്കു ഞങ്ങളെ പിടിച്ചു വലിച്ചിരുന്ന കടപ്പാടുകളും താത്‌പര്യങ്ങളും ഞങ്ങൾക്ക്‌ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ ഐക്യത്തോടെ ഒരേ ലക്ഷ്യത്തിൽ മുന്നേറുന്നു.”

സന്തുഷ്ടിക്ക്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ‘ജഡത്തിന്റെ പ്രവൃത്തികൾ’ ഒഴിവാക്കുക, ‘ദൈവാത്മാവിന്റെ ഫലങ്ങൾ’ നട്ടുവളർത്തുക. സന്തുഷ്ടനായിരിക്കുന്നതിന്‌ ഒരുവൻ ദൈവവുമായി അടുത്ത ബന്ധം ഉണ്ടായിരിക്കാൻ വാഞ്‌ഛിക്കേണ്ടതുണ്ട്‌. ഈ ഉദ്ദേശ്യം നിവർത്തിക്കാൻ യത്‌നിക്കുന്ന ഒരു വ്യക്തി സന്തുഷ്ട മനുഷ്യനെ കുറിച്ചുള്ള യേശുവിന്റെ വിവരണത്തോട്‌ അനുരൂപപ്പെടുന്നു.

അതുകൊണ്ട്‌, സന്തുഷ്ടി നിങ്ങളുടെ എത്തുപാടിലല്ലെന്ന്‌ തെറ്റായി നിഗമനം ചെയ്യാതിരിക്കുക. ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്ക്‌ നല്ല ആരോഗ്യം ഇല്ലായിരിക്കാം, ദാമ്പത്യ പ്രശ്‌നങ്ങൾ പോലും ഉണ്ടായിരുന്നേക്കാം. നിങ്ങൾക്കു മക്കൾ ഇല്ലായിരിക്കാം, വിജയകരമായ ഒരു തൊഴിൽ കണ്ടെത്താൻ നിങ്ങൾക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലായിരിക്കാം. മുമ്പ്‌ ഉണ്ടായിരുന്നത്ര പണം ഇപ്പോൾ ഇല്ലായിരിക്കാം. എന്നിരുന്നാലും ധൈര്യപ്പെടുക, നിരാശപ്പെടേണ്ട യാതൊരു കാര്യവുമില്ല! ദൈവരാജ്യ ഭരണം ഇവയും മറ്റു നൂറുകണക്കിനു പ്രശ്‌നങ്ങളും പരിഹരിക്കും. സംശയലേശമെന്യേ യഹോവ, പെട്ടെന്നുതന്നെ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ നിവർത്തിക്കും: “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു . . . നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്‌തിവരുത്തുന്നു.” (സങ്കീർത്തനം 145:⁠13, 16) ഗോളമെമ്പാടുമുള്ള യഹോവയുടെ ലക്ഷക്കണക്കിനു ദാസർക്ക്‌ സാക്ഷ്യപ്പെടുത്താൻ കഴിയുന്നതുപോലെ, യഹോവയുടെ ഈ പ്രോത്സാഹജനകമായ വാഗ്‌ദാനം മനസ്സിൽ അടുപ്പിച്ചു നിറുത്തുന്നത്‌ ഇന്ന്‌ നിങ്ങളുടെ സന്തുഷ്ടിക്കു വളരെയേറെ സംഭാവന ചെയ്യും.—⁠വെളിപ്പാടു 21:⁠3.

[അടിക്കുറിപ്പ്‌]

^ ഖ. 3 സുവിശേഷ ഭാഗ്യങ്ങൾ എന്ന്‌ അറിയപ്പെടുന്ന ഈ ഒമ്പതു പ്രസ്‌താവനകളിലും മകാരീ എന്ന ഗ്രീക്കു പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. “ഭാഗ്യവാന്മാർ” എന്നു പരിഭാഷപ്പെടുത്തുന്നതിനു പകരം പുതിയലോക ഭാഷാന്തരവും യെരൂശലേം ബൈബിൾ, റ്റുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം തുടങ്ങിയ ഭാഷാന്തരങ്ങളും കൂടുതൽ കൃത്യതയുള്ള “സന്തുഷ്ടർ” എന്ന പദം ഉപയോഗിക്കുന്നു.

[6-ാം പേജിലെ ചതുരം/ചിത്രം]

സന്തുഷ്ടിക്കു സംഭാവന ചെയ്യുന്ന ഘടകങ്ങൾ

സ്‌നേഹം തിരിച്ചു നിങ്ങളെയും സ്‌നേഹിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു.

സന്തോഷം വെല്ലുവിളികളിന്മധ്യേ സഹിച്ചുനിൽക്കാൻ നിങ്ങൾക്കു ശക്തി നൽകുന്നു.

സമാധാനം നിങ്ങളുടെ ബന്ധങ്ങൾ കലഹമുക്തമായി നിലനിറുത്താൻ സഹായിക്കുന്നു.

ദീർഘക്ഷമ പരിശോധനകൾ ഉണ്ടാകുമ്പോൾ പോലും സന്തുഷ്ടരായിരിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കുന്നു.

ദയ മറ്റുള്ളവരെ നിങ്ങളിലേക്ക്‌ അടുപ്പിക്കുന്നു.

പരോപകാരം പ്രകടമാക്കുകയാണെങ്കിൽ നിങ്ങൾക്കു സഹായം ആവശ്യമുള്ളപ്പോൾ മറ്റുള്ളവർ സന്തോഷത്തോടെ അതു നൽകും.

വിശ്വാസം ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ മാർഗനിർദേശം സംബന്ധിച്ച ഉറപ്പ്‌ നിങ്ങൾക്കു നൽകുന്നു.

സൗമ്യത നിങ്ങളുടെ ഹൃദയത്തിനും മനസ്സിനും ശരീരത്തിനും ശാന്തത പ്രദാനം ചെയ്യുന്നു.

ഇന്ദ്രിയജയം അഥവാ ആത്മനിയന്ത്രണം ഉണ്ടെങ്കിൽ നിങ്ങളുടെ പിഴവുകളുടെ എണ്ണം കുറയും.

[7-ാം പേജിലെ ചിത്രങ്ങൾ]

സന്തുഷ്ടി കൈവരിക്കുന്നതിന്‌ നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തേണ്ടതുണ്ട്‌