വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കർത്താവിന്റെ പ്രാർഥന നിങ്ങളെ സംബന്ധിച്ച്‌ അതിനുള്ള പ്രാധാന്യം

കർത്താവിന്റെ പ്രാർഥന നിങ്ങളെ സംബന്ധിച്ച്‌ അതിനുള്ള പ്രാധാന്യം

കർത്താവിന്റെ പ്രാർഥന നിങ്ങളെ സംബന്ധിച്ച്‌ അതിനുള്ള പ്രാധാന്യം

ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്‌തു നൽകിയ കർത്താവിന്റെ പ്രാർഥന ബൈബിളിൽ മത്തായി 6-ാം അധ്യായത്തിന്റെ 9 മുതൽ 13 വരെയുള്ള വാക്യങ്ങളിലാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. ഈ പ്രാർഥന നൽകുന്നതിനു തൊട്ടുമുമ്പ്‌ യേശു ഇപ്രകാരം പറഞ്ഞു: “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്‌പനം ചെയ്യരുതു [അതായത്‌, ഒരേ കാര്യങ്ങൾത്തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കരുത്‌]; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്‌.”​—⁠മത്തായി 6:⁠7.

അതുകൊണ്ട്‌, കർത്താവിന്റെ പ്രാർഥന ആളുകൾ അതേപടി ചൊല്ലാൻ യേശു ഉദ്ദേശിച്ചില്ലെന്നു വ്യക്തം. മറ്റൊരു കൂട്ടം ശ്രോതാക്കളുടെ പ്രയോജനാർഥം അവൻ പിന്നീട്‌ ഈ പ്രാർഥന ആവർത്തിച്ചു എന്നതു ശരിയാണ്‌. (ലൂക്കൊസ്‌ 11:⁠2-4) എന്നാൽ ലൂക്കൊസിന്റെ സുവിശേഷ വിവരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനയുടെ വാക്കുകൾക്ക്‌ മത്തായിയുടെ സുവിശേഷ വിവരണത്തിലേതിൽനിന്നു കുറച്ചു വ്യത്യാസമുണ്ട്‌. തന്നെയുമല്ല, യേശുവും ശിഷ്യന്മാരും പിന്നീട്‌ പ്രാർഥിച്ചപ്പോഴൊന്നും മാതൃകാപ്രാർഥന അതേപടി ഉരുവിട്ടുമില്ല.

കർത്താവിന്റെ പ്രാർഥന ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഈ മാതൃകാപ്രാർഥനയിലൂടെ, ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ എങ്ങനെ പ്രാർഥിക്കാമെന്ന്‌ യേശു നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിലെ ചില അടിസ്ഥാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നാം ഈ പ്രാർഥനയിൽ കാണുന്നു. അതുകൊണ്ട്‌ കർത്താവിന്റെ പ്രാർഥനയുടെ ഓരോ ഭാഗവും നമുക്കു പരിചിന്തിക്കാം.

ദൈവത്തിന്റെ നാമം എന്താണ്‌?

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:⁠9) മാതൃകാപ്രാർഥനയിലെ ഈ പ്രാരംഭ വാക്കുകൾ, “ഞങ്ങളുടെ പിതാവേ” എന്നു ദൈവത്തെ സംബോധന ചെയ്‌തുകൊണ്ട്‌ അവനോട്‌ അടുത്തു ചെല്ലാൻ നമ്മെ സഹായിക്കുന്നു. സ്‌നേഹവും കരുതലും ഉള്ള ഒരു പിതാവിനെ സമീപിക്കാൻ ഒരു കുട്ടിക്കു സ്വാതന്ത്ര്യം തോന്നുക സ്വാഭാവികമാണ്‌. അതുപോലെ, നമ്മുടെ സ്വർഗീയ പിതാവ്‌ നാം പറയുന്നതു കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന ബോധ്യത്തോടെ നമുക്ക്‌ അവനെ സമീപിക്കാൻ കഴിയും. “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു” എന്ന്‌ ദാവീദ്‌ രാജാവു പാടി.​—⁠സങ്കീർത്തനം 65:⁠2.

ദൈവനാമം വിശുദ്ധീകരിക്കപ്പെടേണ്ടതിനായി പ്രാർഥിക്കാൻ യേശു നമ്മെ പ്രബോധിപ്പിക്കുന്നു. എന്നാൽ ദൈവത്തിന്റെ നാമം എന്താണ്‌? ബൈബിൾ ഈ വാക്കുകളിൽ അതിനുള്ള ഉത്തരം നൽകുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” (സങ്കീർത്തനം 83:⁠18) യഹോവ എന്ന പേര്‌ നിങ്ങൾ എപ്പോഴെങ്കിലും ബൈബിളിൽ വായിച്ചിട്ടുണ്ടോ?

വാസ്‌തവത്തിൽ, യഹോവ എന്ന ദൈവനാമം പുരാതന ബൈബിൾ കയ്യെഴുത്തുപ്രതികളിൽ 7,000-ത്തിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌. എന്നാൽ ചില പരിഭാഷകർ തങ്ങളുടെ ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന്‌ ആ നാമം നീക്കം ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ നമ്മുടെ സ്രഷ്ടാവ്‌ തന്റെ നാമം വിശുദ്ധീകരിക്കുന്നതിനായി നാം പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌. (യെഹെസ്‌കേൽ 36:⁠23) അത്തരമൊരു പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരു മാർഗം നാം ദൈവത്തോടു പ്രാർഥിക്കുമ്പോൾ യഹോവ എന്ന നാമം ഉപയോഗിക്കുക എന്നതാണ്‌.

കത്തോലിക്ക വിശ്വാസിയായി വളർന്നുവന്ന പട്രിഷ എന്ന സ്‌ത്രീക്ക്‌ കർത്താവിന്റെ പ്രാർഥന നന്നായി അറിയാമായിരുന്നു. യഹോവയുടെ സാക്ഷികളിൽ ഒരാൾ അവർക്ക്‌ ബൈബിളിൽനിന്നു ദൈവനാമം കാണിച്ചുകൊടുത്തപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നു? “എനിക്ക്‌ അതു വിശ്വസിക്കാനേ ആയില്ല!” അവർ പറഞ്ഞു. “അതുകൊണ്ട്‌ ഞാൻ എന്റെ സ്വന്തം ബൈബിൾ എടുത്തുനോക്കി, അതിലും ആ നാമം ഉണ്ടായിരുന്നു. അതിനുശേഷം, യഹോവയുടെ സാക്ഷിയായ ആ സ്‌ത്രീ മത്തായി 6:⁠9, 10 വാക്യങ്ങൾ എടുത്ത്‌ ദൈവനാമത്തെ കുറിച്ചു കർത്താവിന്റെ പ്രാർഥനയിൽ പരാമർശിച്ചിട്ടുള്ളതായി കാണിച്ചുതന്നു. എനിക്ക്‌ ആവേശം അടക്കാനായില്ല, ബൈബിൾ പഠിക്കാൻ എന്നെ സഹായിക്കാൻ ഞാൻ അവരോട്‌ അഭ്യർഥിച്ചു.”

ദൈവേഷ്ടം ഭൂമിയിൽ നടപ്പാകുന്നതിനുവേണ്ടി

“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:⁠10) യേശുവിന്റെ മാതൃകാപ്രാർഥനയിലെ ഈ ഭാഗം എങ്ങനെ ആയിരിക്കും നിവൃത്തിയേറുക? മിക്ക ആളുകളുടെയും സങ്കൽപ്പത്തിൽ സ്വർഗം ശാന്തിയും സമാധാനവും കളിയാടുന്ന ഒരു മണ്ഡലമാണ്‌. തിരുവെഴുത്തുകൾ സ്വർഗത്തെ യഹോവയുടെ ‘വിശുദ്ധിയും മഹത്വവുമുള്ള വാസസ്ഥല’മായി പരാമർശിക്കുന്നു. (യെശയ്യാവു 63:⁠15) അതുകൊണ്ടാണ്‌ ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ” ഭൂമിയിൽ ആകാനായി നാം പ്രാർഥിക്കുന്നത്‌! എന്നാൽ ഇത്‌ എന്നെങ്കിലും സംഭവിക്കുമോ?

യഹോവയുടെ പ്രവാചകനായ ദാനീയേൽ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ [ഭൗമിക] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീയേൽ 2:⁠44) ഈ സ്വർഗീയ രാജ്യം അഥവാ ഗവൺമെന്റ്‌ താമസിയാതെ, ഒരു നീതിനിഷ്‌ഠമായ ഭരണം മുഖാന്തരം ആഗോള സമാധാനം കൊണ്ടുവരുന്നതിനു നടപടി സ്വീകരിക്കും.​—⁠2 പത്രൊസ്‌ 3:⁠13.

ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഹിതം ഭൂമിയിൽ നടക്കാനും പ്രാർഥിക്കുന്നത്‌ വിശ്വാസത്തിന്റെ ഒരു പ്രകടനമാണ്‌, ആ വിശ്വാസമാകട്ടെ നമ്മെ നിരാശയിലേക്കു നയിക്കുകയുമില്ല. ക്രിസ്‌തീയ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” എന്നിട്ട്‌ യോഹന്നാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘സിംഹാസനത്തിൽ ഇരിക്കുന്നവൻ: എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും കല്‌പിച്ചു.’​—⁠വെളിപ്പാടു 21:⁠3-5.

പ്രാർഥനയും നമ്മുടെ ഭൗതിക ആവശ്യങ്ങളും

പ്രാർഥനയിൽ ദൈവത്തിന്റെ നാമത്തോടും ഇഷ്ടത്തോടും ബന്ധപ്പെട്ട കാര്യങ്ങൾക്കായിരിക്കണം നാം ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്ന്‌ മാതൃകാപ്രാർഥനയിലൂടെ യേശു കാണിച്ചുതന്നു. എന്നിരുന്നാലും മാതൃകാപ്രാർഥനയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ഉചിതമായ അപേക്ഷകളും അടങ്ങിയിട്ടുണ്ട്‌.

ഇതിൽ ആദ്യത്തെ അപേക്ഷ ഇതാണ്‌: “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ.” (മത്തായി 6:⁠11) ഭൗതിക സമ്പത്തിനു വേണ്ടിയുള്ള ഒരു അപേക്ഷയല്ല ഇത്‌. “അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്കു നല്‌കണമേ” എന്നു പ്രാർഥിക്കാൻ യേശു നമ്മെ പ്രോത്സാഹിപ്പിച്ചു. (ലൂക്കൊസ്‌ 11:⁠3, പി.ഒ.സി. ബൈബിൾ) നാം ദൈവത്തെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നെങ്കിൽ ദൈനംദിനം ആവശ്യമായിരിക്കുന്ന സംഗതികൾ അവൻ പ്രദാനം ചെയ്യും എന്ന വിശ്വാസത്തോടെ, കർത്താവിന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ നമുക്ക്‌ അവനോടു പ്രാർഥിക്കാൻ കഴിയും.

സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നത്‌ നാം ആത്മീയ ആവശ്യങ്ങൾ അവഗണിക്കാനും അങ്ങനെ ദൈവം നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്ന സംഗതികൾ ചെയ്യുന്നതിൽ പരാജയപ്പെടാനും ഇടയാക്കിയേക്കാം. എന്നാൽ ദൈവത്തിന്റെ ആരാധനയ്‌ക്ക്‌ നാം ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുന്നെങ്കിൽ ആഹാരവും വസ്‌ത്രവും പോലുള്ള ഭൗതിക കാര്യങ്ങൾക്കായുള്ള നമ്മുടെ യാചനകൾക്ക്‌ ദൈവം ചെവിചായ്‌ക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. യേശു ഇങ്ങനെ പറഞ്ഞു: ‘മുമ്പെ രാജ്യവും [ദൈവത്തിന്റെ] നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.’ (മത്തായി 6:⁠26-33) ദൈവത്തിന്റെ നീതി അന്വേഷിക്കുന്നത്‌ ഒരു വെല്ലുവിളിയാണ്‌. കാരണം, നാം എല്ലാവരും പാപികളും ദൈവത്തിൽനിന്നു ക്ഷമ ആവശ്യമുള്ളവരും ആണ്‌. (റോമർ 5:⁠12) കർത്താവിന്റെ പ്രാർഥനയിൽ ഇക്കാര്യവും ഉൾപ്പെടുന്നുണ്ട്‌.

നമ്മുടെ പ്രാർഥനകളും പാപമോചനവും

“ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ.” (മത്തായി 6:⁠12) ലൂക്കൊസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കർത്താവിന്റെ പ്രാർഥനയിൽ ഈ “കടങ്ങളെ” ‘പാപങ്ങൾ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. (ലൂക്കൊസ്‌ 11:⁠4) യഹോവയാം ദൈവം വാസ്‌തവമായും നമ്മുടെ പാപങ്ങൾ ക്ഷമിക്കുമോ?

പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ ഗുരുതരമായ പാപങ്ങൾ ചെയ്‌തെങ്കിലും അവൻ അനുതപിക്കുകയും ഉറച്ച വിശ്വാസത്തോടെ ഇങ്ങനെ പ്രാർഥിക്കുകയും ചെയ്‌തു: “കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.” (സങ്കീർത്തനം 86:⁠5) എത്ര ആശ്വാസദായകമായ ആശയം! അനുതാപത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവരുടെ പാപങ്ങൾ ‘ക്ഷമിക്കുന്നവൻ’ ആണ്‌ നമ്മുടെ സ്വർഗീയ പിതാവ്‌. ഒരു കടം പൂർണമായും റദ്ദാക്കാൻ കഴിയുന്നതുപോലെതന്നെ, നമ്മുടെ പാപങ്ങൾ പൂർണമായും ക്ഷമിക്കാൻ യഹോവയാം ദൈവത്തിനു കഴിയും.

എന്നിരുന്നാലും യേശു ഇവിടെ ഒരു വ്യവസ്ഥയെ കുറിച്ചു പറഞ്ഞു: ദൈവത്തിൽനിന്നു ക്ഷമ ലഭിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കണം. (മത്തായി6:⁠14, 15) ഇയ്യോബ്‌ എന്ന നീതിമാനായ മനുഷ്യനോട്‌ അവന്റെ മൂന്നു സഹകാരികൾ വളരെയധികം വിഷമിപ്പിക്കുന്ന വിധത്തിൽ പെരുമാറിയെങ്കിലും അവൻ അവരോടു ക്ഷമിച്ചു, അവൻ അവർക്കുവേണ്ടി പ്രാർഥിക്കുക പോലും ചെയ്‌തു. (ഇയ്യോബ്‌ 42:⁠10) നമ്മോടു പാപം ചെയ്യുന്നവരോടു നാം ക്ഷമിക്കുന്നെങ്കിൽ നാം ദൈവത്തെ പ്രസാദിപ്പിക്കുകയും അവന്റെ കരുണയ്‌ക്കു പാത്രമാകുകയും ചെയ്യും.

നമ്മുടെ യാചനകൾ കേൾക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കം അവന്റെ അംഗീകാരം തേടാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌. നാം അപൂർണരാണെങ്കിലും നമുക്ക്‌ അതിനു കഴിയും. (മത്തായി 26:⁠41) ഇവിടെയും യഹോവയ്‌ക്കു നമ്മെ സഹായിക്കാനാകും. യേശുവിന്റെ മാതൃകാപ്രാർഥനയുടെ ഒടുവിലുള്ള മർമപ്രധാനമായ അപേക്ഷയിൽ നമുക്ക്‌ അതു കാണാൻ കഴിയുന്നു.

നീതിനിഷ്‌ഠമായ ഗതി പിന്തുടരാൻ സഹായം

“ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.” (മത്തായി 6:⁠13) നാം പ്രലോഭനങ്ങളെ നേരിടുമ്പോൾ യഹോവ നമ്മെ നിസ്സഹായരായി വിടുകയോ നാം പാപത്തിലേക്കു വീഴാൻ ഇടയാക്കുകയോ ചെയ്യുകയില്ല. അവന്റെ വചനം ഇപ്രകാരം പറയുന്നു: “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ്‌ 1:⁠13) നാം പ്രലോഭിപ്പിക്കപ്പെടാൻ ദൈവം അനുവദിക്കുമെന്നുള്ളതു ശരിയാണ്‌, എന്നാൽ മുഖ്യ പ്രലോഭകനിൽനിന്ന്‌​—⁠പിശാചായ സാത്താൻ എന്നറിയപ്പെടുന്ന ‘ദുഷ്ടനിൽ’നിന്ന്‌​—⁠നമ്മെ വിടുവിക്കാൻ അവനു സാധിക്കും.

പത്രൊസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു.” (1 പത്രൊസ്‌ 5:⁠8) എന്തിന്‌, പൂർണ മനുഷ്യനായിരുന്ന യേശുക്രിസ്‌തുവിനെ പോലും സാത്താൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു! പിശാചിന്റെ ലക്ഷ്യം എന്തായിരുന്നു? യഹോവയാം ദൈവത്തിന്റെ നിർമലാരാധനയിൽനിന്ന്‌ യേശുവിനെ അകറ്റിക്കൊണ്ടുപോവുക എന്നതുതന്നെ. (മത്തായി 4:⁠1-11) ദൈവത്തെ സേവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, സാത്താൻ നിങ്ങളെയും വിഴുങ്ങിക്കളയാൻ ലക്ഷ്യമിട്ടിട്ടുണ്ട്‌!

തന്റെ അധീനതയിലുള്ള ഈ ലോകത്തെ ഉപയോഗിച്ചുകൊണ്ട്‌, ദൈവം അംഗീകരിക്കാത്ത കാര്യങ്ങളിൽ ഏർപ്പെടാൻ നമ്മെ പ്രലോഭിപ്പിക്കുന്നതിനു പിശാചിനു കഴിയും. (1 യോഹന്നാൻ 5:⁠19) അതുകൊണ്ട്‌ സഹായത്തിനുവേണ്ടി പതിവായി ദൈവത്തിലേക്കു തിരിയുന്നതു ജീവത്‌പ്രധാനമാണ്‌, വിശേഷിച്ചും നാം തുടർച്ചയായ ഒരു പ്രലോഭനത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിൽ. നാം യഹോവയെ അവന്റെ നിശ്വസ്‌ത വചനമായ ബൈബിളിനു ചേർച്ചയിൽ ആരാധിക്കുന്നെങ്കിൽ പിശാചിനെ ചെറുക്കാൻ നമ്മെ സഹായിച്ചുകൊണ്ട്‌ അവൻ നമ്മെ വിടുവിക്കും. ബൈബിൾ നമ്മോട്‌ ഇപ്രകാരം പറയുന്നു: ‘ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ [അവൻ] സമ്മതിക്കയില്ല.’​—⁠1 കൊരിന്ത്യർ 10:⁠13.

ദൈവത്തിലുള്ള വിശ്വാസം അനിവാര്യം

നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ തത്‌പരനാണ്‌ എന്ന്‌ അറിയുന്നത്‌ എത്ര ഹൃദയോഷ്‌മളമാണ്‌! തന്റെ പുത്രനായ യേശുക്രിസ്‌തുവിലൂടെ അവൻ നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുക പോലും ചെയ്‌തിരിക്കുന്നു. തീർച്ചയായും ഇത്‌ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം നമ്മിൽ ഉളവാക്കുന്നു. നമുക്ക്‌ ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാൻ കഴിയും?

ബൈബിൾ ഇപ്രകാരം പറയുന്നു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ [ആത്മാർഥമായി] അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:⁠6) അത്തരം വിശ്വാസം നമുക്ക്‌ എങ്ങനെ ആർജിക്കാനാകും? ‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്ന്‌ ബൈബിൾ പ്രസ്‌താവിക്കുന്നു. (റോമർ 10:⁠17) യഥാർഥ വിശ്വാസത്തോടെ ദൈവത്തെ സേവിക്കാൻ വാഞ്‌ഛിക്കുന്ന ഏവരുമായും തിരുവെഴുത്തു വിഷയങ്ങൾ ചർച്ച ചെയ്യാൻ യഹോവയുടെ സാക്ഷികൾ അതീവ സന്തോഷമുള്ളവരാണ്‌.

കർത്താവിന്റെ പ്രാർഥനയെ കുറിച്ചുള്ള ഈ ചർച്ച അതിന്റെ അർഥം സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യം വർധിപ്പിച്ചുവെന്നു പ്രതീക്ഷിക്കുന്നു. യഹോവയെയും ‘അവനെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കായി’ അവൻ കരുതിവെച്ചിരിക്കുന്ന പ്രതിഫലങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം കൂടുതലായി ഉൾക്കൊള്ളുകവഴി ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ നിങ്ങൾക്കു ശക്തിപ്പെടുത്താൻ കഴിയും. നിങ്ങളുടെ സ്വർഗീയ പിതാവുമായി എന്നേക്കും ഒരടുത്ത ബന്ധം ആസ്വദിക്കാൻ കഴിയേണ്ടതിന്‌ അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ നിങ്ങൾക്കു സാധിക്കട്ടെ.​—⁠യോഹന്നാൻ 17:⁠⁠3.

[5-ാം പേജിലെ ആകർഷകവാക്യം]

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.”​—⁠മത്തായി 6:⁠9-13

[7-ാം പേജിലെ ചിത്രം]

തന്നെ സ്‌നേഹിക്കുന്നവരുടെ ആവശ്യങ്ങൾക്കായി യഹോവ കരുതുന്നു

[7-ാം പേജിലെ ചിത്രം]

പിശാചിനെ ചെറുക്കാനും ദൈവം നമ്മെ സഹായിക്കുന്നു

[7-ാം പേജിലെ ചിത്രം]

നമ്മോടു പാപം ചെയ്യുന്നവരോട്‌ ഇയ്യോബിനെ പോലെ നാം ക്ഷമിക്കുന്നെങ്കിൽ ദൈവത്തിന്റെ കരുണയ്‌ക്കു നാം പാത്രമാകും