വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കർത്താവിൽ ശക്തിപ്പെടുവിൻ’

‘കർത്താവിൽ ശക്തിപ്പെടുവിൻ’

‘കർത്താവിൽ ശക്തിപ്പെടുവിൻ’

“കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.”​—⁠എഫെസ്യർ 6:⁠10.

1. (എ) ഏകദേശം 3,000 വർഷം മുമ്പ്‌ എന്ത്‌ അസാധാരണ പോരാട്ടമാണു നടന്നത്‌? (ബി) ദാവീദ്‌ വിജയം വരിച്ചത്‌ എന്തുകൊണ്ട്‌?

ഏകദേശം 3,000 വർഷം മുമ്പ്‌ രണ്ടു യോദ്ധാക്കൾ യുദ്ധക്കളത്തിൽ ശത്രുസൈന്യങ്ങൾക്കു മുമ്പിൽ മുഖാമുഖം നിന്നു. അതിൽ പ്രായം കുറഞ്ഞവൻ ദാവീദ്‌ എന്നു പേരായ ഒരു ഇടയബാലൻ ആയിരുന്നു, അവന്റെ എതിരാളി ഗൊല്യാത്തും. അസാധാരണമായ കരുത്തും ഉയരവുമുള്ള ഒരുവൻ. അവന്റെ പടച്ചട്ടയ്‌ക്ക്‌ ഏകദേശം 57 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നു. വളരെ വലുപ്പവും ഭാരവുമുള്ള ഒരു കുന്തവും വലിയ ഒരു വാളും അവൻ കൈയിലേന്തിയിരുന്നു. എന്നാൽ ദാവീദിന്‌ പടച്ചട്ട പോലും ഉണ്ടായിരുന്നില്ല. അവന്റെ ഏക ആയുധം ഒരു കവിണ ആയിരുന്നു. തന്നോട്‌ ഏറ്റുമുട്ടാൻ വന്നിരിക്കുന്ന ഇസ്രായേല്യൻ കേവലം ഒരു ബാലനാണെന്നു കണ്ടപ്പോൾ ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്തിന്‌ അത്‌ അപമാനമായിട്ടാണു തോന്നിയത്‌. (1 ശമൂവേൽ 17:⁠42-44) ഈ രംഗം കണ്ടുകൊണ്ട്‌ ഇരുവശത്തും നിന്നിരുന്നവർക്ക്‌ ആ പോരാട്ടത്തിൽ ഗൊല്യാത്ത്‌ വിജയിക്കുമെന്നതിൽ തെല്ലും സംശയം ഉണ്ടായിരുന്നില്ല. എന്നാൽ വീരന്മാർ എല്ലായ്‌പോഴും യുദ്ധത്തിൽ വിജയിക്കണമെന്നില്ല. (സഭാപ്രസംഗി 9:⁠11) പോരാട്ടത്തിൽ വിജയിച്ചത്‌ ദാവീദ്‌ ആയിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ യുദ്ധംചെയ്‌തത്‌ യഹോവയുടെ ശക്തിയാലാണ്‌. “യുദ്ധം യഹോവെക്കുള്ളത്‌,” അവൻ പറഞ്ഞു. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “ദാവീദ്‌ ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്‌ത്യനെ ജയിച്ചു.”​—⁠1 ശമൂവേൽ 17:⁠47, 50.

2. ക്രിസ്‌ത്യാനികൾ ഏതുതരം പോരാട്ടത്തിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌?

2 ക്രിസ്‌ത്യാനികൾ ജഡിക യുദ്ധത്തിൽ ഏർപ്പെടുന്നില്ല. സകല മനുഷ്യരുമായും അവർ സമാധാനത്തിൽ കഴിയുന്നു. എങ്കിലും അവർ ഒരു ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌, അവർ നേരിടുന്നതാകട്ടെ വളരെ ശക്തരായ എതിരാളികളെയും. (റോമർ 12:⁠18) എഫെസ്യർക്കുള്ള തന്റെ ലേഖനത്തിന്റെ അവസാന അധ്യായത്തിൽ പൗലൊസ്‌, ഓരോ ക്രിസ്‌ത്യാനിയും ഏർപ്പെട്ടിരിക്കുന്ന ഒരു യുദ്ധത്തെ കുറിച്ചു വിവരിച്ചു. അവൻ എഴുതി: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്‌ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”​—⁠എഫെസ്യർ 6:⁠12.

3. എഫെസ്യർ 6:⁠10 അനുസരിച്ച്‌, വിജയം ഉറപ്പാക്കാൻ നാം എന്തു ചെയ്യണം?

3 ആ “ദുഷ്ടാത്മസേന” സാത്താനും ഭൂതങ്ങളും ചേർന്നതാണ്‌. യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. അവർ നമ്മെക്കാൾ ശക്തരാകയാൽ നാം ദാവീദിന്റേതിനു സമാനമായ അവസ്ഥയിലാണ്‌. യഹോവയുടെ ശക്തിയിൽ ആശ്രയിക്കാതെ നമുക്കു വിജയിക്കാനാവില്ല. അതുകൊണ്ട്‌ “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” എന്ന്‌ പൗലൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എഫെസ്യർ 6:⁠10) ആ ബുദ്ധിയുപദേശം നൽകിയതിനു ശേഷം, പോരാട്ടത്തിൽ വിജയിക്കാൻ നമ്മെ സഹായിക്കുന്ന ആത്മീയ കരുതലുകളെയും ക്രിസ്‌തീയ ഗുണങ്ങളെയും കുറിച്ചു പൗലൊസ്‌ വിശദീകരിക്കുന്നു.​—⁠എഫെസ്യർ 6:⁠11-17.

4. ഈ ലേഖനത്തിൽ നാം ഏതു രണ്ടു മുഖ്യ ആശയങ്ങൾ പരിചിന്തിക്കും?

4 നമുക്ക്‌ ഇപ്പോൾ നമ്മുടെ ശത്രുവിന്റെ ശക്തിയും പ്രവർത്തന വിധങ്ങളും സംബന്ധിച്ച്‌ തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നു നോക്കാം. എന്നിട്ട്‌ നമ്മുടെ രക്ഷയ്‌ക്കായി എന്തു പ്രതിരോധ തന്ത്രമാണു കൈക്കൊള്ളേണ്ടതെന്നു നമുക്കു പരിചിന്തിക്കാം. യഹോവയുടെ നിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ, ശത്രു നമ്മെ കീഴടക്കുകയില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

ദുഷ്ടാത്മസേനയ്‌ക്ക്‌ എതിരെയുള്ള ഒരു പോരാട്ടം

5. എഫെസ്യർ 6:⁠12-ൽ വിവരിച്ചിരിക്കുന്ന പോരാട്ടത്തെ മൂലപാഠത്തിൽ ചിത്രീകരിച്ചിരിക്കുന്ന വിധം, സാത്താന്റെ തന്ത്രങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

5 ‘നമുക്കു പോരാട്ടം ഉള്ളത്‌ സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടാണ്‌’ എന്നു പൗലൊസ്‌ വിശദീകരിക്കുന്നു. തീർച്ചയായും മുഖ്യ ദുഷ്ടാത്മാവ്‌ “ഭൂതങ്ങളുടെ തലവനായ” പിശാചായ സാത്താൻ തന്നെയാണ്‌. (മത്തായി 12:⁠24-26) ബൈബിളിന്റെ മൂലപാഠത്തിൽ, നമ്മുടെ പോരാട്ടത്തെ ഗുസ്‌തി പിടിക്കുന്നതിനോട്‌ അഥവാ മൽപ്പിടുത്തത്തോട്‌ ഉപമിച്ചിരിക്കുന്നു. പുരാതന ഗ്രീസിലെ ഗുസ്‌തി മത്സരങ്ങളിൽ, ഓരോ ഗുസ്‌തിക്കാരനും എതിരാളിയെ തറപറ്റിക്കുന്നതിന്‌ അയാളുടെ നില തെറ്റിക്കാൻ പരിശ്രമിച്ചിരുന്നു. സമാനമായി പിശാച്‌ നമ്മുടെ ആത്മീയ സമനില നഷ്ടമായി കാണാൻ ആഗ്രഹിക്കുന്നു. അവന്‌ അത്‌ എങ്ങനെ ചെയ്യാനാകും?

6. നമ്മുടെ വിശ്വാസത്തെ തകർക്കാൻ ഏതെല്ലാം വ്യത്യസ്‌ത തന്ത്രങ്ങളായിരിക്കും സാത്താൻ പ്രയോഗിക്കുക എന്ന്‌ തിരുവെഴുത്തുകൾ ഉപയോഗിച്ചു വിശദീകരിക്കുക.

6 ഒരു സർപ്പത്തെയോ അലറുന്ന സിംഹത്തെയോ അല്ലെങ്കിൽ ഒരു വെളിച്ച ദൂതനെയോ പോലെ പിശാച്‌ പ്രവർത്തിച്ചേക്കാം. (2 കൊരിന്ത്യർ 11:⁠3, 14; 1 പത്രൊസ്‌ 5:⁠8) മാനുഷ പ്രതിനിധികളെ ഉപയോഗിച്ചുകൊണ്ട്‌ നമ്മെ പീഡിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ അവനു കഴിയും. (വെളിപ്പാടു 2:⁠10) മുഴുലോകവും സാത്താന്റെ അധീനതയിൽ ആയതുകൊണ്ട്‌, നമ്മെ കെണിയിൽ അകപ്പെടുത്തുന്നതിന്‌ ലോകത്തിന്റെ വാഞ്‌ഛകളും ആകർഷണങ്ങളും ഉപയോഗിക്കാൻ അവനു സാധിക്കും. (2 തിമൊഥെയൊസ്‌ 2:⁠26; 1 യോഹന്നാൻ 2:⁠16; 5:⁠19) നമ്മെ വഴിതെറ്റിക്കുന്നതിന്‌ ലൗകികമോ വിശ്വാസത്യാഗപരമോ ആയ ചിന്താഗതിയും ആയുധമായി ഉപയോഗിക്കാൻ അവനു കഴിയും, ഹവ്വായെ വഞ്ചിച്ചതുപോലെ തന്നെ.​—⁠1 തിമൊഥെയൊസ്‌ 2:⁠14.

7. ഭൂതങ്ങൾക്ക്‌ എന്തു പരിമിതികളുണ്ട്‌, എന്നാൽ നമുക്കുള്ള നേട്ടങ്ങൾ എന്തെല്ലാം?

7 സാത്താനും അവന്റെ ഭൂതങ്ങളും പ്രബലരാണെന്നുള്ളതു ശരിയാണ്‌, അവരുടെ ആയുധങ്ങളും അതുപോലെതന്നെ ശക്തമായിരിക്കാം. എങ്കിലും അവർക്കു പരിമിതികളുണ്ട്‌. നമ്മുടെ സ്വർഗീയ പിതാവിനെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ നമ്മെക്കൊണ്ട്‌ നിർബന്ധപൂർവം ചെയ്യിക്കാൻ ഈ ദുഷ്ടാത്മാക്കൾക്കു സാധിക്കില്ല. ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമുക്ക്‌ നമ്മുടെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും മേൽ നിയന്ത്രണമുണ്ട്‌. നാം പോരാടുന്നതു തനിച്ചല്ലതാനും. “നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം” എന്ന പ്രസ്‌താവന എലീശായുടെ നാളിലേതു പോലെ നമ്മുടെ നാളിലും സത്യമാണ്‌. (2 രാജാക്കന്മാർ 6:⁠16) നാം ദൈവത്തിനു കീഴ്‌പെടുകയും പിശാചിനോട്‌ എതിർത്തുനിൽക്കുകയും ചെയ്‌താൽ പിശാച്‌ നമ്മെ വിട്ട്‌ ഓടിപ്പോകും എന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു.​—⁠യാക്കോബ്‌ 4:⁠7.

സാത്താന്റെ തന്ത്രങ്ങൾ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക

8, 9. ഇയ്യോബിന്റെ നിർമലത തകർക്കുന്നതിനു വേണ്ടി സാത്താൻ എന്തു പരിശോധനകളാണു കൊണ്ടുവന്നത്‌, ഇന്നു നാം ഏതെല്ലാം ആത്മീയ അപകടങ്ങൾ നേരിടുന്നു?

8 തിരുവെഴുത്തുകൾ സാത്താന്റെ അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതിനാൽ അവന്റെ തന്ത്രങ്ങൾ സംബന്ധിച്ചു നാം അജ്ഞരല്ല. (2 കൊരിന്ത്യർ 2:⁠11) നീതിമാനായിരുന്ന ഇയ്യോബിന്‌ എതിരെ പിശാച്‌ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ, ഉറ്റവരുടെ മരണം, കുടുംബത്തിൽ നിന്നുള്ള എതിർപ്പ്‌, ശാരീരിക അരിഷ്ടത, വ്യാജ സുഹൃത്തുക്കളിൽ നിന്നുള്ള അടിസ്ഥാനരഹിതമായ വിമർശനം എന്നിവയെല്ലാം ഉപയോഗിച്ചു. ഇയ്യോബ്‌ വിഷാദത്തിന്‌ അടിപ്പെടുകയും ദൈവം തന്നെ കൈവെടിഞ്ഞു എന്നു വിചാരിക്കുകയും ചെയ്‌തു. (ഇയ്യോബ്‌ 10:⁠1, 2) ഇന്ന്‌ സാത്താൻ നേരിട്ട്‌ ഇത്തരം പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കില്ലായിരിക്കാമെങ്കിലും മിക്ക ക്രിസ്‌ത്യാനികളും ഇങ്ങനെയുള്ള കഷ്ടതകൾ അഭിമുഖീകരിക്കുന്നുണ്ട്‌. ഈ പ്രശ്‌നങ്ങളിൽനിന്നു മുതലെടുക്കാൻ പിശാചിനു കഴിയും.

9 ഈ അന്ത്യകാലത്ത്‌ ആത്മീയ അപകടങ്ങൾ പെരുകിയിരിക്കുകയാണ്‌. ലൗകിക ലാക്കുകൾ ആത്മീയ ലക്ഷ്യങ്ങളുടെ സ്ഥാനം കയ്യടക്കിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. അധാർമിക ലൈംഗികതയെ ഹൃദയവേദന ഉളവാക്കുന്ന സംഗതി എന്ന നിലയിലല്ല, മറിച്ച്‌ സന്തോഷത്തിനുള്ള ഒരു ഉപാധി എന്ന നിലയിലാണ്‌ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്‌. ഭൂരിപക്ഷം ആളുകളും “ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”ത്തീർന്നിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:⁠1-5) നാം ‘വിശ്വാസത്തിനു വേണ്ടി [കഠിനമായ] പോരാട്ടം’ നടത്തുന്നില്ലെങ്കിൽ നമ്മുടെ ആത്മീയ സമനില തെറ്റിക്കാൻ അത്തരം ചിന്താഗതിക്കു കഴിഞ്ഞേക്കാം.​—⁠യൂദാ 3.

10-12 (എ) വിതക്കാരനെ കുറിച്ചുള്ള ഉപമയിൽ യേശു നൽകിയ ഒരു മുന്നറിയിപ്പ്‌ എന്താണ്‌? (ബി) ആത്മീയ പ്രവർത്തനങ്ങൾ ഞെരുക്കപ്പെടാൻ ഇടയാകുന്നത്‌ എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.

10 സാത്താന്റെ ഏറ്റവും വിജയകരമായ ഉപായങ്ങളിലൊന്ന്‌ ഈ ലോകത്തിലും അതിന്റെ ഭൗതിക അനുധാവനങ്ങളിലും നാം ലയിച്ചുപോകാൻ ഇടയാക്കുക എന്നതാണ്‌. ചിലരുടെ കാര്യത്തിൽ, “ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും [രാജ്യത്തിന്റെ] വചനത്തെ ഞെരു”ക്കിക്കളയുമെന്ന്‌ വിതക്കാരനെ കുറിച്ചുള്ള ഉപമയിൽ യേശു മുന്നറിയിപ്പു നൽകി.​—⁠മത്തായി 13:⁠18, 22.

11 ഉഷ്‌ണമേഖലാ മഴക്കാടുകളിൽ ‘സ്‌ട്രാംഗ്ലർ ഫിഗ്‌’ എന്ന ഒരിനം അത്തിയുണ്ട്‌. വേരുകൊണ്ട്‌ ആതിഥേയ വൃക്ഷത്തിന്റെ തായ്‌ത്തടിയെ ചുറ്റിപ്പിടിച്ച്‌ അവ സാവധാനം വളരുന്നു. വളരുന്തോറും ബലിഷ്‌ഠമാകുന്ന അവയുടെ വേരുകൾ ആതിഥേയ വൃക്ഷത്തെ ചുറ്റിവരിയുന്നു. വൃക്ഷത്തിന്റെ ചുവട്ടിലുള്ള മണ്ണിലെ പോഷക ഘടകങ്ങളെല്ലാം അത്തിയുടെ വേരുകൾ വലിച്ചെടുക്കുന്നു. കൂടാതെ അതിന്റെ ഇലപ്പടർപ്പ്‌ വൃക്ഷത്തിനു പ്രകാശം ലഭിക്കുന്നതു തടയുന്നു. ഒടുവിൽ ആതിഥേയ വൃക്ഷം നശിച്ചുപോകുന്നു.

12 സമാനമായ ഒരു വിധത്തിൽ ഈ വ്യവസ്ഥിതി ഉളവാക്കുന്ന ഉത്‌കണ്‌ഠകൾ, ധനത്തിനും സുഖസൗകര്യങ്ങളോടു കൂടിയ ജീവിതത്തിനും വേണ്ടിയുള്ള അന്വേഷണം എന്നിവ പതുക്കെ പതുക്കെ നമ്മുടെ സമയത്തിന്റെയും ഊർജത്തിന്റെയും സിംഹഭാഗവും അപഹരിച്ചേക്കാം. നമ്മുടെ ശ്രദ്ധ ലൗകിക കാര്യാദികളിലേക്കു വ്യതിചലിക്കുന്നതോടെ, നാം വ്യക്തിപരമായ ബൈബിൾ പഠനം അവഗണിക്കുകയും ക്രിസ്‌തീയ യോഗങ്ങൾ മുടക്കുന്നതു പതിവാക്കുകയും ചെയ്‌തേക്കാം. അങ്ങനെ ആത്മീയ പോഷണം ലഭിക്കാത്ത അവസ്ഥയിൽ നാം ആയിത്തീർന്നേക്കാം. അപ്രകാരം സംഭവിച്ചാൽ ഭൗതികത്വ ലക്ഷ്യങ്ങൾ ആത്മീയ പ്രവർത്തനങ്ങളുടെ സ്ഥാനം കയ്യടക്കുകയും അവസാനം, സാത്താൻ എളുപ്പത്തിൽ നമ്മെ കീഴടക്കുകയും ചെയ്യും.

നാം എതിർത്തു നിൽക്കേണ്ടത്‌ ആവശ്യം

13, 14. സാത്താൻ ആക്രമിക്കുമ്പോൾ നാം എന്തു നിലപാടാണു സ്വീകരിക്കേണ്ടത്‌?

13 “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ” പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (എഫെസ്യർ 6:⁠11) നമുക്കു പിശാചിനെയും അവന്റെ ഭൂതങ്ങളെയും കീഴടക്കാൻ കഴിയില്ല എന്നതു സത്യമാണ്‌. ആ ദൗത്യം നിർവഹിക്കാൻ ദൈവം യേശുക്രിസ്‌തുവിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. (വെളിപ്പാടു 20:⁠1, 2) എന്നാൽ സാത്താൻ നീക്കം ചെയ്യപ്പെടുന്നതുവരെ, അവൻ നമ്മെ വിഴുങ്ങിക്കളയാതിരിക്കേണ്ടതിനു നാം “എതിർത്തു” നിൽക്കേണ്ടതുണ്ട്‌.

14 സാത്താനോട്‌ എതിർത്തുനിൽക്കേണ്ടതിന്റെ ആവശ്യകതയ്‌ക്ക്‌ അപ്പൊസ്‌തലനായ പത്രൊസും ഊന്നൽ നൽകി. അവൻ എഴുതി: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്‌പിൻ.” (1 പത്രൊസ്‌ 5:⁠8, 9) പിശാച്‌ അലറുന്ന സിംഹത്തെ പോലെ ആക്രമിക്കുമ്പോൾ എതിർത്തു നിൽക്കുന്നതിന്‌ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുടെ സഹായം തീർച്ചയായും അത്യന്താപേക്ഷിതമാണ്‌.

15, 16. സഹവിശ്വാസികളുടെ പിന്തുണ, സാത്താനോട്‌ എതിർത്തു നിൽക്കാൻ നമ്മെ സഹായിക്കും എന്നു കാണിക്കുന്ന ഒരു തിരുവെഴുത്തു ദൃഷ്ടാന്തം പറയുക.

15 ആഫ്രിക്കയിലെ പുൽമേടുകളിൽ, സമീപത്തുനിന്ന്‌ ഒരു സിംഹത്തിന്റെ ഗർജനം കേട്ടാൽ മാനുകൾ അതിവേഗത്തിൽ അപകടമേഖലയിൽനിന്ന്‌ ഓടിയകലും. എന്നാൽ ആനകൾ, പരസ്‌പരം പിന്തുണയ്‌ക്കുന്ന കാര്യത്തിൽ മാതൃക വെക്കുന്നു. ആനകൾ​—⁠ഏഷ്യയിലെയും ആഫ്രിക്കയിലെയും ശാന്തശീലരായ ഭീമാകാരന്മാർ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം വിശദീകരിക്കുന്നു: “വട്ടത്തിൽ നിൽക്കുക എന്നതാണ്‌ ഒരു സാധാരണ ആനക്കൂട്ടം സ്വീകരിക്കുന്ന പ്രതിരോധ നടപടി. മുതിർന്ന ആനകൾ ശത്രുവിന്‌ അഭിമുഖമായി നിൽക്കുകയും ആനക്കുട്ടികളെ വലയത്തിനുള്ളിൽ സുരക്ഷിതരായി നിറുത്തുകയും ചെയ്യുന്നു.” ശക്തിയുടെയും പരസ്‌പര പിന്തുണയുടെയും അത്തരം പ്രകടനങ്ങളെ നേരിടേണ്ടിവരുന്നതുകൊണ്ട്‌ സിംഹങ്ങൾ പലപ്പോഴും ആനക്കുട്ടികളെ പോലും ആക്രമിക്കാറില്ല.

16 സാത്താനിൽനിന്നും അവന്റെ ഭൂതങ്ങളിൽനിന്നും ഉള്ള ആക്രമണ ഭീഷണിയെ നേരിടുമ്പോൾ നാമും, വിശ്വാസത്തിൽ ബലിഷ്‌ഠരായ നമ്മുടെ സഹോദരീസഹോദരന്മാരോടു തോളോടുതോൾ ചേർന്നു നിൽക്കണം. താൻ റോമിൽ തടവിലായിരുന്ന കാലത്ത്‌ ചില സഹക്രിസ്‌ത്യാനികൾ തനിക്ക്‌ ‘ബലപ്പെടുത്തുന്ന സഹായം’ (NW) ആയിത്തീർന്നു എന്ന്‌ പൗലൊസ്‌ അനുസ്‌മരിക്കുന്നു. (കൊലൊസ്സ്യർ 4:⁠10, 11) ‘ബലപ്പെടുത്തുന്ന സഹായം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഒരിക്കൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. വൈനിന്റെ എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ്‌ ഓൾഡ്‌ ആൻഡ്‌ ന്യൂ ടെസ്റ്റമെന്റ്‌ വേർഡ്‌സ്‌ അനുസരിച്ച്‌, പ്രസ്‌തുത “പദത്തിന്റെ ക്രിയാരൂപം അസ്വസ്ഥത ശമിപ്പിക്കുന്ന ഔഷധങ്ങളെ സൂചിപ്പിക്കുന്നു.” യഹോവയുടെ പക്വതയുള്ള ആരാധകരുടെ പിന്തുണ, സുഖദായകമായ ഒരു ലേപനം എന്നപോലെ വൈകാരികമോ ശാരീരികമോ ആയ കഷ്ടപ്പാടുമൂലം ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ പര്യാപ്‌തമാണ്‌.

17. ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ എന്തിനു നമ്മെ സഹായിക്കാൻ കഴിയും?

17 സഹവിശ്വാസികളുടെ പ്രോത്സാഹനത്തിന്‌, ദൈവത്തെ വിശ്വസ്‌തമായി സേവിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലപ്പെടുത്താൻ കഴിയും. ആത്മീയ സഹായം പ്രദാനം ചെയ്യാൻ ക്രിസ്‌തീയ മൂപ്പന്മാർ വിശേഷിച്ച്‌ ആകാംക്ഷയുള്ളവരാണ്‌. (യാക്കോബ്‌ 5:⁠13-15) ക്രമമായി ബൈബിൾ വായിക്കുന്നതും ക്രിസ്‌തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിൽ സംബന്ധിക്കുന്നതും വിശ്വസ്‌തത കാക്കാൻ നമ്മെ സഹായിക്കും. ദൈവവുമായുള്ള നമ്മുടെ അടുത്ത ബന്ധം അവനോടുള്ള വിശ്വസ്‌തതയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുന്നു. തിന്നാലും കുടിച്ചാലും എന്തുതന്നെ ചെയ്‌താലും, അതെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യാൻ നാം ആഗ്രഹിക്കണം. (1 കൊരിന്ത്യർ 10:⁠31) സ്വാഭാവികമായും, യഹോവയ്‌ക്കു പ്രസാദകരമായ ഒരു ഗതിയിൽ തുടരുന്നതിന്‌ അവനിലുള്ള പ്രാർഥനാനിർഭരമായ ആശ്രയം അനിവാര്യമാണ്‌.​—⁠സങ്കീർത്തനം 37:⁠5.

18. ദുഷ്‌കരമായ സാഹചര്യങ്ങൾ നമ്മുടെ ശക്തി ചോർത്തിക്കളഞ്ഞാലും നാം തോറ്റു പിന്മാറരുതാത്തത്‌ എന്തുകൊണ്ട്‌?

18 ചിലപ്പോൾ ആത്മീയമായി നാം ബലിഷ്‌ഠരല്ലാത്ത സമയത്തായിരിക്കാം സാത്താൻ ആക്രമിക്കുന്നത്‌. ഒരു മൃഗം ദുർബലാവസ്ഥയിൽ ആയിരിക്കുമ്പോഴാണ്‌ സിംഹം അതിന്റെമേൽ ചാടിവീഴുന്നത്‌. കുടുംബ പ്രശ്‌നങ്ങൾ, സാമ്പത്തിക വിഷമതകൾ, രോഗം എന്നിവയ്‌ക്കെല്ലാം നമ്മുടെ ആത്മീയബലം ചോർത്തിക്കളയാൻ കഴിയും. എന്നാൽ അപ്പോഴൊന്നും ദൈവത്തിനു പ്രസാദകരമായതു ചെയ്യുന്നതു നാം നിറുത്തിക്കളയാൻ ഇടവരരുത്‌. എന്തുകൊണ്ടെന്നാൽ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:⁠10; ഗലാത്യർ 6:⁠9; 2 തെസ്സലൊനീക്യർ 3:⁠13) അവൻ എന്താണ്‌ അർഥമാക്കിയത്‌? ശക്തിക്കായി യഹോവയിലേക്കു തിരിയുന്നപക്ഷം നാം ദുർബലരായിത്തീരുമ്പോൾ ദൈവത്തിന്റെ ശക്തി നമ്മെ ബലപ്പെടുത്തും എന്നാണ്‌ അവൻ അർഥമാക്കിയത്‌. ഗൊല്യാത്തിന്റെ മേലുള്ള ദാവീദിന്റെ വിജയം, ദൈവം തന്റെ ജനത്തെ ശക്തിപ്പെടുത്താൻ കഴിവുള്ളവനാണെന്നും അവൻ അങ്ങനെ ചെയ്യുന്നുവെന്നും തെളിയിക്കുന്നു. അങ്ങേയറ്റം ദുഷ്‌കരമായ പ്രതിസന്ധിയുടെ നാളുകളിൽ ദൈവത്തിന്റെ ബലപ്പെടുത്തുന്ന കരം തങ്ങളെ താങ്ങിയിട്ടുണ്ട്‌ എന്ന വസ്‌തുതയ്‌ക്ക്‌ യഹോവയുടെ ആധുനികകാല സാക്ഷികൾക്ക്‌ തെളിവു നൽകാനാകും.​—⁠ദാനീയേൽ 10:⁠19.

19. യഹോവയ്‌ക്ക്‌ തന്റെ ദാസരെ ശക്തിപ്പെടുത്താൻ കഴിയുന്നത്‌ എങ്ങനെ എന്നതിന്‌ ഒരു ദൃഷ്ടാന്തം നൽകുക.

19 ഒരു വിവാഹിത ദമ്പതികൾ, ദൈവം അവർക്കു നൽകിയ പിന്തുണയെപ്പറ്റി ഇങ്ങനെ എഴുതി: “ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ വർഷങ്ങളായി ഞങ്ങൾ യഹോവയെ സേവിച്ചിരിക്കുന്നു. ധാരാളം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്‌, നിരവധി നല്ല ആളുകളെ പരിചയപ്പെടാനും. കഷ്ടപ്പാടുകളെ വിജയകരമായി തരണം ചെയ്യാൻ യഹോവ ഞങ്ങളെ പരിശീലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. കാര്യങ്ങൾ എന്തുകൊണ്ട്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന്‌ ഇയ്യോബിനെ പോലെ ഞങ്ങൾക്കും എല്ലായ്‌പോഴുമൊന്നും മനസ്സിലായില്ല. എന്നാൽ ഞങ്ങളെ സഹായിക്കാൻ എല്ലായ്‌പോഴും യഹോവയുണ്ടെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു.”

20. യഹോവ എല്ലായ്‌പോഴും തന്റെ ജനത്തെ പിന്തുണയ്‌ക്കുന്നു എന്നതിന്‌ തിരുവെഴുത്തുപരമായ എന്തു തെളിവുണ്ട്‌?

20 തന്റെ വിശ്വസ്‌ത ജനത്തെ പിന്തുണയ്‌ക്കാനും ശക്തിപ്പെടുത്താനും കഴിയാതവണ്ണം യഹോവയുടെ കൈ കുറുകിപ്പോയിട്ടില്ല. (യെശയ്യാവു 59:⁠1) സങ്കീർത്തനക്കാരനായ ദാവീദ്‌ പാടി: “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.” (സങ്കീർത്തനം 145:⁠14) വാസ്‌തവമായും നമ്മുടെ സ്വർഗീയ പിതാവ്‌, “നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കു”കയും നമുക്ക്‌ ആവശ്യമുള്ളതു നൽകുകയും ചെയ്‌തിരിക്കുന്നു.​—⁠സങ്കീർത്തനം 68:⁠19.

“ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” നമുക്ക്‌ ആവശ്യം

21. ആത്മീയ ആയുധവർഗത്തിന്റെ ആവശ്യകത പൗലൊസ്‌ ഊന്നിപ്പറഞ്ഞത്‌ എങ്ങനെ?

21 സാത്താന്റെ ചില പ്രവർത്തന വിധങ്ങളും അവന്റെ ആക്രമണത്തിന്മധ്യേ എതിർത്തു നിൽക്കേണ്ടതിന്റെ ആവശ്യകതയും നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ, നമ്മുടെ വിശ്വാസത്തെ വിജയകരമായി സംരക്ഷിക്കാൻ ഉതകുന്ന മർമപ്രധാനമായ മറ്റൊരു സഹായത്തെ കുറിച്ചു നാം പരിചിന്തിക്കേണ്ടതുണ്ട്‌. എഫെസ്യർക്കുള്ള തന്റെ ലേഖനത്തിൽ, സാത്താന്റെ ഉപായങ്ങളെ എതിർത്തു നിൽക്കുന്നതിനും ദുഷ്ടാത്മശക്തികളുമായുള്ള മൽപ്പിടുത്തത്തിൽ വിജയിക്കുന്നതിനും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകത്തെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ രണ്ടു പ്രാവശ്യം പരാമർശിച്ചു. അവൻ എഴുതി: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. . . . ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്‌പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.”—എഫെസ്യർ 6:⁠11, 13.

22, 23. (എ) നമ്മുടെ ആത്മീയ ആയുധവർഗത്തിൽ എന്തെല്ലാം ഉൾപ്പെടുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

22 അതേ, നാം “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ധരിക്കേണ്ടതുണ്ട്‌. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) പൗലൊസ്‌ എഫെസ്യർക്ക്‌ ലേഖനം എഴുതുമ്പോൾ ഒരു റോമൻ പടയാളി അവനു കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഈ പടയാളി ചില സന്ദർഭങ്ങളിൽ സർവായുധവർഗം ധരിച്ചിട്ടുണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും യഹോവയുടെ ഓരോ സാക്ഷിക്കും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ആത്മീയ ആയുധവർഗത്തെ കുറിച്ച്‌ എഴുതാൻ അപ്പൊസ്‌തലനെ നിശ്വസ്‌തനാക്കിയത്‌ ദൈവംതന്നെ ആയിരുന്നു.

23 ഈ ദൈവദത്ത ആയുധവർഗത്തിൽ, ഒരു ക്രിസ്‌ത്യാനിക്ക്‌ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളും യഹോവ പ്രദാനം ചെയ്‌തിരിക്കുന്ന ആത്മീയ കരുതലുകളും ഉൾപ്പെടുന്നു. അടുത്ത ലേഖനത്തിൽ ആത്മീയ ആയുധവർഗത്തിന്റെ ഓരോ ഭാഗവും നാം പരിശോധിക്കും. ഇത്‌ ആത്മീയ യുദ്ധത്തിന്‌ നാം എത്രത്തോളം സജ്ജരാണ്‌ എന്നു വിലയിരുത്താൻ നമ്മെ സഹായിക്കും. ഒപ്പം, സാത്താനെ പ്രതിരോധിക്കുന്നതിൽ വിജയിക്കുന്നതിന്‌ യേശുക്രിസ്‌തുവിന്റെ ഉത്‌കൃഷ്ടമായ മാതൃക നമ്മെ സഹായിക്കുന്നത്‌ എങ്ങനെ എന്നും നാം കാണുന്നതായിരിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• എല്ലാ ക്രിസ്‌ത്യാനികളും ഏതു പോരാട്ടം നടത്തേണ്ടതുണ്ട്‌?

• സാത്താന്റെ ചില തന്ത്രങ്ങൾ വിവരിക്കുക.

• സഹവിശ്വാസികളുടെ പിന്തുണയ്‌ക്ക്‌ നമ്മെ ബലപ്പെടുത്താൻ കഴിയുന്നത്‌ എങ്ങനെ?

• ആരുടെ ശക്തിയിലാണു നാം ആശ്രയിക്കേ ണ്ടത്‌, എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾക്ക്‌ ‘ദുഷ്ടാത്മസേനയോട്‌ ഒരു പോരാട്ടമുണ്ട്‌’

[12-ാം പേജിലെ ചിത്രം]

ഈ വ്യവസ്ഥിതി ഉളവാക്കുന്ന ഉത്‌കണ്‌ഠകൾക്ക്‌ രാജ്യത്തിന്റെ വചനത്തെ ഞെരുക്കിക്കളയാൻ കഴിയും

[13-ാം പേജിലെ ചിത്രം]

സഹക്രിസ്‌ത്യാനികൾക്ക്‌ ‘ബലപ്പെടുത്തുന്ന സഹായം’ ആയിരിക്കാൻ കഴിയും

[14-ാം പേജിലെ ചിത്രം]

ശക്തിക്കായി നിങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നുണ്ടോ?