‘യോഗ്യരായവരെ അന്വേഷിപ്പിൻ’
‘യോഗ്യരായവരെ അന്വേഷിപ്പിൻ’
പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ സമ്പദ്‌സമൃദ്ധമായ ഒരു നഗരമായിരുന്നു ദമസ്‌കൊസ്. ഫലവൃക്ഷത്തോപ്പുകളാൽ ചുറ്റപ്പെട്ട ആ നഗരം കിഴക്കുള്ള ദേശങ്ങളിൽനിന്നു വരുന്ന മരുയാത്രാസംഘങ്ങൾക്ക് ഒരു മരുപ്പച്ച പോലെയായിരുന്നു. യേശുക്രിസ്‌തുവിന്റെ മരണശേഷം അധികം താമസിയാതെ അവിടെ ഒരു ക്രിസ്‌തീയ സഭ രൂപംകൊണ്ടു. അതിലെ അംഗങ്ങളുടെ കൂട്ടത്തിൽ, പൊ.യു. 33-ൽ യെരൂശലേമിൽവെച്ചു നടന്ന പെന്തെക്കൊസ്‌തു പെരുന്നാളിൽ യേശുവിന്റെ അനുഗാമികൾ ആയിത്തീർന്ന യഹൂദരും ഉണ്ടായിരുന്നിരിക്കാം. (പ്രവൃത്തികൾ 2:5, 41) സ്‌തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നതിനെ തുടർന്ന് ഉണ്ടായ പീഡനസമയത്ത് യെഹൂദ്യയിൽ നിന്നുള്ള ചില ശിഷ്യന്മാർ ദമസ്‌കൊസിലേക്കു മാറിപ്പാർത്തിരിക്കാനിടയുണ്ട്.—പ്രവൃത്തികൾ 8:1.
സാധ്യതയനുസരിച്ച് പൊ.യു. 34-ൽ, ദമസ്‌കൊസിലെ ഒരു ക്രിസ്‌ത്യാനിയായിരുന്ന അനന്യാസിന് അസാധാരണമായ ഒരു നിയമനം ലഭിക്കുകയുണ്ടായി. കർത്താവ് അവനോട് ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേററു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു.”—പ്രവൃത്തികൾ 9:11.
ഏകദേശം 1.5 കിലോമീറ്റർ നീളമുണ്ടായിരുന്ന നേർവ്വീഥി എന്ന തെരുവ് ദമസ്‌കൊസിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോയിരുന്നത്. പുരാതന നാളിൽ ആ വീഥി എങ്ങനെ കാണപ്പെട്ടിരിക്കുമെന്നു വിഭാവന ചെയ്യാൻ, ഇവിടെ കൊടുത്തിരിക്കുന്ന 19-ാം നൂറ്റാണ്ടിലെ കൊത്തുപണി നമ്മെ സഹായിക്കും. അതിന്റെ നിർമാണരീതി കാണിക്കുന്നതനുസരിച്ച്, അനന്യാസിന് യൂദയുടെ വീട് കണ്ടെത്തുന്നതിനു കുറെനേരത്തെ ശ്രമം ആവശ്യമായിവന്നിരിക്കാം. എന്നിരുന്നാലും, അനന്യാസ് അതു കണ്ടെത്തി. മാത്രമല്ല, ആ സന്ദർശനം, ശൗൽ ഒരു തീക്ഷ്‌ണ സുവാർത്താഘോഷകനായ അപ്പൊസ്‌തലനായ പൗലൊസ് ആയിത്തീരുന്നതിലേക്കു നയിക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 9:12-19.
സുവാർത്തയ്‌ക്കു ‘യോഗ്യരായവരെ അന്വേഷിക്കാൻ’ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു, അതിനായി അവരെ അയയ്‌ക്കുകയും ചെയ്‌തു. (മത്തായി 10:11) അനന്യാസ് ശൗലിനെ അക്ഷരാർഥത്തിൽത്തന്നെ അന്വേഷിച്ചതായി നാം കാണുന്നു. അനന്യാസിനെ പോലെ, യഹോവയുടെ സാക്ഷികളും യോഗ്യരായവരെ അതായത് അർഹരായവരെ കണ്ടെത്താനായി സന്തോഷത്തോടെ അന്വേഷണം നടത്തുകയും ആളുകൾ രാജ്യസുവാർത്ത സ്വീകരിക്കുമ്പോൾ അത്യധികം ആനന്ദിക്കുകയും ചെയ്യുന്നു. അർഹരായവരെ കണ്ടത്തുമ്പോൾ എല്ലാ ശ്രമത്തിനും തക്ക ഫലമുണ്ടാകുന്നു.—1 കൊരിന്ത്യർ 15:58.
[32-ാം പേജിലെ ചിത്രം]
“നേർവ്വീഥി” ആധുനിക നാളിൽ
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the book La Tierra Santa, Volume II, 1830