വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ലെന്ന്‌ ന്യായപ്രമാണം കൽപ്പിച്ചിട്ടുണ്ടായിരിക്കെ, അന്യജാതിയിൽപ്പെട്ട യുദ്ധത്തടവുകാരായ ചില സ്‌ത്രീകളെ വിവാഹം കഴിക്കാൻ ഇസ്രായേല്യ പുരുഷന്മാർക്ക്‌ അനുവാദമുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?​—⁠ആവർത്തനപുസ്‌തകം 7:​1-3⁠; 21:⁠10, 11.

ചില പ്രത്യേക സാഹചര്യങ്ങളോടു ബന്ധപ്പെട്ടാണ്‌ ഇത്‌ അനുവദിച്ചിരുന്നത്‌. കനാൻ ദേശത്തുള്ള ഏഴു ജാതികളുടെ പട്ടണങ്ങൾക്ക്‌ ഉന്മൂലനാശം വരുത്തി അതിലെ മുഴുവൻ നിവാസികളെയും സംഹരിക്കാൻ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്‌തകം 20:⁠15-18) മറ്റു ജാതികളുടെ കാര്യത്തിൽ അതിജീവിക്കുമായിരുന്ന മുതിർന്ന ആളുകളുടെ ഏക കൂട്ടം തടവുകാരായി പിടിക്കപ്പെടുന്ന കന്യകകൾ ആയിരുന്നു. (സംഖ്യാപുസ്‌തകം 31:⁠17, 18; ആവർത്തനപുസ്‌തകം 20:⁠14) അത്തരമൊരു സ്‌ത്രീ ചില നടപടികൾ സ്വീകരിക്കുന്നെങ്കിൽ ഒരു ഇസ്രായേല്യ പുരുഷന്‌ അവളെ വിവാഹം കഴിക്കാമായിരുന്നു.

അവൾ സ്വീകരിക്കേണ്ട പടികളെ കുറിച്ചു ബൈബിൾ വിശദീകരിക്കുന്നു: “അവൾ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്‌ത്രം മാറി നിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്‌തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.”​—⁠ആവർത്തനപുസ്‌തകം 21:⁠12, 13.

ഒരു ഇസ്രായേല്യൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന ബദ്ധയായ കന്യക തന്റെ തലമുടി വടിച്ചു കളയണമായിരുന്നു. മുടി മുറിച്ചുകളയുന്നത്‌ വിലാപത്തിന്റെ അഥവാ ദുഃഖത്തിന്റെ ഒരു പ്രകടനം ആയിരുന്നു. (യെശയ്യാവു 3:⁠24) ദൃഷ്ടാന്തത്തിന്‌, ഗോത്രപിതാവായിരുന്ന ഇയ്യോബിന്‌ മക്കളും സ്വത്തുക്കളും നഷ്ടപ്പെട്ടപ്പോൾ വ്യസനത്തിന്റെ അടയാളമായി അവൻ തല മുണ്ഡനം ചെയ്‌തു. (ഇയ്യോബ്‌ 1:⁠20) ഈ അന്യജാതിക്കാരി തന്റെ ‘നഖങ്ങൾ മുറിച്ചു കളയുകയും’ ചെയ്യണമായിരുന്നു. നഖങ്ങളിൽ ചായം പുരട്ടിയിട്ടുണ്ടെങ്കിൽ, അത്‌ ആകർഷകമായി തോന്നാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്യുന്നത്‌. (ആവർത്തനപുസ്‌തകം 21:⁠12) അവൾ മാറ്റേണ്ടിയിരുന്ന “ബദ്ധവസ്‌ത്രം” എന്താണ്‌? കനാന്യ പട്ടണങ്ങൾ കീഴടക്കപ്പെടുമെന്നു കാണുമ്പോൾ അവിടത്തെ സ്‌ത്രീകൾ ഏറ്റവും മോടിയായി വസ്‌ത്രം ധരിക്കുമായിരുന്നു. തങ്ങളെ പിടിച്ചടക്കുന്നവരുടെ പ്രീതി നേടുന്നതിനു വേണ്ടിയാണ്‌ അവർ ഇങ്ങനെ ചെയ്‌തിരുന്നത്‌. ബദ്ധയാക്കിയ, വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു കന്യക അത്തരം ഉടയാട ധരിക്കാൻ പാടില്ലായിരുന്നു.

ഒരു ഇസ്രായേല്യന്റെ ഭാര്യയാകാൻ പോകുന്ന ബദ്ധയായ കന്യക, ഒരു ചാന്ദ്രമാസക്കാലം അവളുടെ കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെ കുറിച്ചു വിലപിക്കണമായിരുന്നു. കനാന്യപട്ടണങ്ങളുടെ നാശം തികച്ചും സമഗ്രം ആയിരുന്നു. അതുകൊണ്ട്‌ അവളുടെ കുടുംബത്തിലോ അവൾ ജീവിച്ചിരുന്ന സമൂഹത്തിലോ യാതൊന്നും ശേഷിക്കുമായിരുന്നില്ല. ഇസ്രായേല്യ പടയാളികൾ അവൾ ആരാധിച്ചിരുന്ന ദൈവത്തിന്റെ വിഗ്രഹങ്ങൾ തകർത്തു കളയുമായിരുന്നതിനാൽ, അവളുടെ പൂജാബിംബങ്ങൾ മേലാൽ ഉണ്ടായിരിക്കുമായിരുന്നില്ല. ഒരു മാസം നീണ്ടുനിൽക്കുന്ന വിലാപ കാലം, അവൾ മുമ്പ്‌ ആചരിച്ചിരുന്ന മതത്തിന്റെ എല്ലാ ഘടകങ്ങളിൽ നിന്നുമുള്ള ശുദ്ധീകരണമായി ഉതകുമായിരുന്നു.

എന്നാൽ അന്യജാതിക്കാരായ സ്‌ത്രീകളെ വിവാഹം ചെയ്യുന്നതു സംബന്ധിച്ചുള്ള പൊതുനിയമം തികച്ചും വ്യത്യസ്‌തമായിരുന്നു. ഇതിനോടുള്ള ബന്ധത്തിൽ യഹോവ ഇങ്ങനെ കൽപ്പിച്ചു: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുത്‌.” (ആവർത്തനപുസ്‌തകം 7:⁠3) ഈ നിരോധനത്തിനു കാരണം? ആവർത്തനപുസ്‌തകം 7:⁠4 പറയുന്നു: “അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകററിക്കളയും.” ഈ നിരോധനം ഇസ്രായേല്യരെ മതപരമായ അശുദ്ധിയിൽനിന്നു സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ, ആവർത്തനപുസ്‌തകം 21:⁠10-13-ൽ വിവരിച്ചിരിക്കുന്ന സാഹചര്യത്തിലുള്ള ഒരു അന്യജാതിക്കാരിയുടെ കാര്യത്തിൽ ഈ അപകടം ഇല്ല. അവളുടെ ബന്ധുക്കളെല്ലാം മരിച്ചു, അവൾ ആരാധിച്ചിരുന്ന ദൈവങ്ങളുടെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്‌തു. വ്യാജമതം ആചരിക്കുന്നവരുമായി അവൾക്കു യാതൊരു ബന്ധവുമില്ല. ഈ സാഹചര്യങ്ങളിലുള്ള ഒരു അന്യജാതിക്കാരിയെ വിവാഹം ചെയ്യാൻ ഒരു ഇസ്രായേല്യന്‌ അനുവാദം ഉണ്ടായിരുന്നു.