വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അലെഹാൻഡ്രായുടെ കത്ത്‌

അലെഹാൻഡ്രായുടെ കത്ത്‌

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

അലെഹാൻഡ്രായുടെ കത്ത്‌

സാക്ഷ്യം നൽകുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ്‌ കത്തെഴുത്ത്‌ എന്ന്‌ ദീർഘ നാളുകളായി വ്യക്തമായിരിക്കുന്നതാണ്‌. ചിലപ്പോൾ ഫലം എന്തായിരിക്കുമെന്ന്‌ തീർച്ചപ്പെടുത്താൻ കഴിയാതെ വന്നേക്കാമെങ്കിലും മടുത്തുപോകാതെ ഈ രീതി ഉപയോഗിക്കുന്നതിൽ തുടരുന്നവർക്ക്‌ അത്‌ വർധിച്ച അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു. അവർ ബൈബിളിന്റെ പിൻവരുന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം ഓർക്കുന്നു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.”​—⁠സഭാപ്രസംഗി 11:6.

യഹോവയുടെ സാക്ഷികളുടെ മെക്‌സിക്കോ ബ്രാഞ്ച്‌ ഓഫീസിൽ ഏകദേശം പത്തു വർഷമായി സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു അലെഹാൻഡ്രാ എന്ന യുവ സാക്ഷി. കാൻസറിനുള്ള കീമൊതെറാപ്പിക്കു വിധേയയായിരുന്ന അവളുടെ ആരോഗ്യസ്ഥിതി വളരെ വഷളായി, തന്റെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ അവൾക്കു ബുദ്ധിമുട്ടായി. എന്നാൽ തന്റെ പ്രസംഗപ്രവർത്തനം അവഗണിക്കാൻ അവൾ ആഗ്രഹിച്ചില്ല. അതിനാൽ കത്തുകളെഴുതാൻ അവൾ തീരുമാനിച്ചു. അതിൽ അവൾ സൗജന്യ ബൈബിളധ്യയന ക്രമീകരണത്തെ കുറിച്ച്‌ പ്രതിപാദിച്ചിരുന്നു. ബന്ധപ്പെടാനായി തന്റെ അമ്മയുടെ ഫോൺനമ്പരും അതിൽ ഉൾപ്പെടുത്തി. എന്നിട്ട്‌ കത്തുകളെല്ലാം അമ്മയുടെ കൈയിൽ കൊടുത്തു. അമ്മ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ആളില്ലാഭവനങ്ങളിൽ ഇട്ടിട്ടുപോരാനായിരുന്നു ഇത്‌.

അതിനിടെ, ഡ്യോഹാനി എന്നു പേരുള്ള ഒരു ഗ്വാട്ടിമാലക്കാരി പെൺകുട്ടി മെക്‌സിക്കോയിലെ കാൻകുനിലുള്ള ഒരു വീട്ടിൽ ജോലിക്കു പോയി. അവിടെവെച്ച്‌ അവൾ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരികയും ബൈബിൾ ചർച്ചകൾ ആസ്വദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട്‌, ആ വീട്ടുകാർ മെക്‌സിക്കോ നഗരത്തിലേക്കു താമസം മാറാൻ തീരുമാനിച്ചു, അവളെയും കൂടെ കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചു. എന്നാൽ യഹോവയുടെ സാക്ഷികളുമായുള്ള ബന്ധം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ ഡ്യോഹാനി പോകാൻ മടിച്ചു.

“വിഷമിക്കേണ്ട,” ആ വീട്ടുകാർ അവളെ ആശ്വസിപ്പിച്ചു, “സാക്ഷികൾ എല്ലായിടത്തുമുണ്ട്‌, നമുക്ക്‌ അവിടെ ചെന്നുകഴിഞ്ഞ്‌ ഉടൻതന്നെ അവരെ അന്വേഷിച്ചു കണ്ടുപിടിക്കാം.” ആ ഉറപ്പിൽ ഡ്യോഹാനി അവരോടൊപ്പം നഗരത്തിലേക്കു ചേക്കേറി. മെക്‌സിക്കോ നഗരത്തിൽ വന്നു കഴിഞ്ഞ്‌ ആ വീട്ടുകാർ സാക്ഷികളെ അന്വേഷിച്ചു. പക്ഷേ എന്തോ കാരണത്താൽ അവർക്ക്‌ സാക്ഷികളെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല, ആ നഗരത്തിൽ 41,000-ത്തിൽ അധികം സാക്ഷികളും 730 സഭകളും ഉണ്ടായിരുന്നെങ്കിലും.

സാക്ഷികളെ കണ്ടെത്തി തന്റെ ബൈബിൾ ചർച്ചകൾ തുടരാൻ കഴിയാതെ വന്നപ്പോൾ ഡ്യോഹാനി ആകെ നിരാശയിലായി. ഒരു ദിവസം, അവൾ ജോലി ചെയ്‌തിരുന്ന വീട്ടിലെ സ്‌ത്രീ അവളോടു പറഞ്ഞു: “അതിശയംതന്നെ! നിന്റെ ദൈവം നിന്റെ പ്രാർഥന കേട്ടു.” എന്നിട്ട്‌ അവർ ഒരു കത്ത്‌ അവൾക്കു കൊടുത്തു. “സാക്ഷികൾ നിനക്കു വേണ്ടി ഇവിടെ ഇട്ടിട്ടുപോയതാണ്‌.” ആ കത്ത്‌ അലെഹാൻഡ്രായുടേത്‌ ആയിരുന്നു.

അലെഹാൻഡ്രായുടെ അമ്മയും അനുജത്തി ബ്ലാൻകായും ഡ്യോഹാനിയെ സന്ദർശിച്ചു. അവൾ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. ഏതാനും ആഴ്‌ചകൾക്കു ശേഷം അവൾ അലെഹാൻഡ്രായെ ചെന്നുകണ്ടു, രണ്ടുപേർക്കും വളരെ സന്തോഷം തോന്നി. കാര്യഗൗരവത്തോടെ ബൈബിളധ്യയനം തുടരാനും അങ്ങനെ ആത്മീയ പുരോഗതി വരുത്താനും അലെഹാൻഡ്രാ അവളെ പ്രോത്സാഹിപ്പിച്ചു.

ഏതാനും മാസങ്ങൾ കഴിഞ്ഞ്‌, 2003 ജൂലൈയിൽ, അലെഹാൻഡ്രാ മരിച്ചു. സഹവിശ്വാസികൾക്ക്‌ അവൾ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഒരു ഉത്തമമാതൃക വെച്ചു. അവളുടെ ശവസംസ്‌കാര ചടങ്ങിൽ ഡ്യോഹാനിയെ കണ്ടുമുട്ടിയ അനേകർക്കും അത്‌ ഹൃദയസ്‌പർശിയായ ഒരു അനുഭവമായിരുന്നു. അവിടെവെച്ച്‌ ഡ്യോഹാനി ഇപ്രകാരം പറഞ്ഞു: “അലെഹാൻഡ്രായും അവളുടെ കുടുംബവും എനിക്ക്‌ ഉത്തമ ദൃഷ്ടാന്തമായിരുന്നു, യഹോവയെ സേവിക്കാനും പെട്ടെന്നുതന്നെ സ്‌നാപനമേൽക്കാനും ഞാൻ തീരുമാനിച്ചിരിക്കുകയാണ്‌. വരാനിരിക്കുന്ന പറുദീസയിൽ അലെഹാൻഡ്രായെ സ്വാഗതം ചെയ്യാൻ ഞാൻ എത്ര കൊതിക്കുന്നുവെന്നോ!”

അതേ, ഒരു കത്ത്‌ വളരെ നിസ്സാരമായ ഒന്നായിരിക്കാം. എന്നാൽ അതിന്‌ എത്ര വലിയ അനുഗ്രഹത്തിലേക്കും നിലനിൽക്കുന്ന പ്രയോജനത്തിലേക്കും നയിക്കാൻ കഴിയും എന്നോർക്കുക!