ഒരു ആജീവനാന്ത വിദ്യാഭ്യാസം
ജീവിത കഥ
ഒരു ആജീവനാന്ത വിദ്യാഭ്യാസം
ഹാരൾഡ് ഗ്ലൂയസ് പറഞ്ഞപ്രകാരം
കുട്ടിക്കാലത്ത് കാണാനിടയായ ഒരു ചിത്രം 70-ലധികം വർഷങ്ങൾക്കു ശേഷവും എന്റെ മനോമുകുരത്തിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു ദിവസം വെറുതെ അടുക്കളയിൽ ഇരിക്കവേ, “സിലോൺ തേയില” എന്ന് എഴുതിയിരുന്ന ഒരു ലേബലിൽ എന്റെ കണ്ണുകൾ ഉടക്കിനിന്നു. സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) പച്ചപുതച്ച തേയിലത്തോട്ടങ്ങളിൽ സ്‌ത്രീകൾ തേയില കൊളുന്തുകൾ നുള്ളിക്കൊണ്ടുനിൽക്കുന്ന ചിത്രവും അതിൽ ഉണ്ടായിരുന്നു. ദക്ഷിണ ഓസ്‌ട്രേലിയയിൽ ഞങ്ങളുടെ വീട് സ്ഥിതിചെയ്യുന്ന ഊഷരഭൂമിയിൽനിന്ന് ഒരുപാടു കാതങ്ങൾ അകലെയുള്ള ഈ മനോഹര ദേശത്തിന്റെ ചിത്രം എന്റെ ഭാവനയ്‌ക്കു ചിറകുകൾ നൽകി. എത്ര മനോഹരമായ ഒരു രാജ്യമായിരിക്കും അത്! ആ ലാവണ്യ ഭൂമിയിൽ എന്റെ ജീവിതത്തിന്റെ 45 സംവത്സരങ്ങൾ ഒരു മിഷനറിയായി ചെലവഴിക്കുമെന്ന് ഞാൻ സ്വപ്‌നത്തിൽപ്പോലും കരുതിയില്ല.
ഞാൻ ജനിച്ചത് 1922 ഏപ്രിൽ മാസത്തിലാണ്. അന്ന് ലോകം ഇന്നത്തേതിൽനിന്നും വളരെ വ്യത്യസ്‌തമായിരുന്നു. കിംബാ എന്ന ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പട്ടണത്തിനു സമീപം, ധാന്യം കൃഷിചെയ്യുന്ന ഒരു കൃഷിയിടത്തിലാണു ഞങ്ങളുടെ കുടുംബം ജോലിചെയ്‌തിരുന്നത്. വിശാലമായ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തും വിശാലമായ ഓസ്‌ട്രേലിയൻ മരുഭൂമിയുടെ തെക്കേ അറ്റത്തുമായിട്ടായിരുന്നു കിംബാ പട്ടണം സ്ഥിതിചെയ്‌തിരുന്നത്. അന്നൊക്കെ കഷ്ടപ്പാടിന്റെ നാളുകളായിരുന്നു. വരൾച്ച, ക്ഷുദ്രജീവികളുടെ ആക്രമണം, ചുട്ടുപൊള്ളുന്ന കാലാവസ്ഥ എന്നിവയോടെല്ലാം മല്ലിട്ടായിരുന്നു ജീവിതം. ടിൻ ഷീറ്റുകൊണ്ടു മേഞ്ഞ ഒരു കൊച്ചു കുടിലായിരുന്നു ഞങ്ങളുടെ വീട്. അച്ഛനെയും ഞങ്ങൾ ആറു കുട്ടികളെയും നോക്കാൻ അമ്മയ്‌ക്ക് എല്ലുമുറിയെ പണിയെടുക്കണമായിരുന്നു.
എന്നെ സംബന്ധിച്ച് ആ നാട്ടിൻപുറത്തെ ജീവിതം സ്വാതന്ത്ര്യത്തിന്റെയും ഉല്ലാസത്തിന്റെയും സമയമായിരുന്നു. കൃഷിയിടം ഒരുക്കുന്നതിനായി നിലമുഴുന്ന കാളക്കൂറ്റന്മാരെ ചെറുപ്പത്തിൽ ഞാൻ അത്ഭുതത്തോടെ നോക്കിനിൽക്കുന്നത് ഓർക്കുന്നു. നാട്ടിൻപുറത്തെയാകെ പൊടി പുതപ്പിക്കുന്ന, ചൂളം വിളിച്ചെത്തുന്ന കാറ്റ് എന്നിൽ വിസ്‌മയം ഉണർത്തിയിരുന്നു. അങ്ങനെ എനിക്ക്
പൊതുവിജ്ഞാനം പകരുന്ന വിദ്യാഭ്യാസം ഞാൻ സ്‌കൂളിൽ പോകുന്നതിനു മുമ്പേ തുടങ്ങി. ഒരു ടീച്ചർ മാത്രമുള്ള ഒരു സ്‌കൂളിലായിരുന്നു എന്റെ വിദ്യാരംഭം. വീട്ടിൽനിന്നും അഞ്ചുകിലോമീറ്റർ നടന്നുവേണമായിരുന്നു സ്‌കൂളിലെത്താൻ.എന്റെ മാതാപിതാക്കൾ മതഭക്തരായിരുന്നു. പക്ഷേ അവർ പള്ളിയിലൊന്നും പോയിരുന്നില്ല. കാരണം പള്ളി സ്ഥിതിചെയ്യുന്ന പട്ടണത്തിൽനിന്ന് വളരെ അകലെയായിരുന്നു ഞങ്ങളുടെ കൃഷിയിടം. എന്നിരുന്നാലും, 1930-കളുടെ തുടക്കത്തിൽ അമ്മ ജഡ്‌ജ് റഥർഫോർഡിന്റെ ബൈബിൾ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അവ അഡെലെയ്‌ഡ് റേഡിയോ സ്റ്റേഷനിൽനിന്നും ആഴ്‌ചതോറും പ്രക്ഷേപണം ചെയ്‌തിരുന്നു. അഡെലെയ്‌ഡിലെ ഏതെങ്കിലും പ്രസംഗകനായിരിക്കും ജഡ്‌ജ് റഥർഫോർഡ് എന്നു ഞാൻ കരുതി, എനിക്ക് അതിലൊന്നും വലിയ താത്‌പര്യമില്ലായിരുന്നു. എന്നാൽ ആഴ്‌ചതോറും റഥർഫോർഡിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ അമ്മ കാത്തിരിക്കുമായിരുന്നു. ബാറ്ററിയിട്ടു പ്രവർത്തിപ്പിക്കുന്ന ഞങ്ങളുടെ പഴയ റേഡിയോയിലൂടെ അത്ര വ്യക്തമല്ലാതെ എത്തുന്ന അദ്ദേഹത്തിന്റെ ശബ്ദം അമ്മ സാകൂതം ശ്രദ്ധിച്ചിരിക്കുമായിരുന്നു.
നല്ല ചൂടും പൊടിയും നിറഞ്ഞ ഒരു ഉച്ചകഴിഞ്ഞ നേരത്ത്, ഒരു പഴയ പിക്ക്-അപ് ട്രക്ക് ഞങ്ങളുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു. വൃത്തിയായി വസ്‌ത്രം ധരിച്ച രണ്ടു പുരുഷന്മാർ അതിൽനിന്ന് ഇറങ്ങി. അവർ യഹോവയുടെ സാക്ഷികൾ ആയിരുന്നു. അമ്മ അവരുടെ സന്ദേശം ശ്രദ്ധിച്ചു, അവർ കുറെയേറെ പുസ്‌തകങ്ങൾ നൽകി, അമ്മ അതിനു സംഭാവനയും കൊടുത്തു. ഉടൻതന്നെ അമ്മ പുസ്‌തകങ്ങൾ വായിക്കാൻ തുടങ്ങി. ഈ പുസ്‌തകങ്ങൾ അമ്മയുടെ മനസ്സിൽ ആഴമായ മതിപ്പുളവാക്കി. താൻ പഠിച്ചുകൊണ്ടിരിക്കുന്ന സംഗതികൾ ഉടൻതന്നെ അയൽക്കാരോടു പറയണമെന്നായി അമ്മയ്‌ക്ക്. അതിനു തന്നോടൊപ്പം വരണമെന്ന് അച്ഛനോടു പറയുകപോലും ചെയ്‌തു.
നല്ല സഹവാസത്തിന്റെ പ്രയോജനങ്ങൾ
ഒറ്റപ്പെട്ടുകിടക്കുന്ന ആ ഗ്രാമപ്രദേശത്തെ കഠിനമായ പരിസ്ഥിതികൾ നിമിത്തം അധികം താമസിയാതെതന്നെ ഞങ്ങൾ അവിടെനിന്ന് 500 കിലോമീറ്റർ അകലെയുള്ള അഡെലെയ്‌ഡ് നഗരത്തിലേക്കു താമസം മാറാൻ നിർബന്ധിതരായി. ഞങ്ങളുടെ കുടുംബം അവിടത്തെ, യഹോവയുടെ സാക്ഷികളുടെ സഭയോടൊപ്പം സഹവസിക്കാനും ആത്മീയ പുരോഗതി വരുത്താനും തുടങ്ങി. ഞങ്ങളുടെ താമസംമാറ്റം എന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിനും വിരാമമിട്ടു. ഏഴാം ഗ്രേഡ് പൂർത്തിയാക്കി 13-ാം വയസ്സിൽ ഞാൻ സ്‌കൂളിന്റെ പടിയിറങ്ങി. കാര്യങ്ങളെയെല്ലാം വളരെ ലാഘവത്തോടെ കാണുന്ന ഒരു പ്രകൃതമായിരുന്നു എന്റേത്. ആത്മീയ ലാക്കുകളിൽനിന്ന് വേഗത്തിൽ വഴുതിമാറാൻ ഇടയാക്കുന്നതായിരുന്നു എന്റെ ഈ സ്വഭാവം. എന്നാൽ അങ്ങനെ ഒഴുകിപ്പോകാതിരിക്കാൻ എന്നെ സഹായിച്ചത് പയനിയർമാർ അഥവാ മുഴുസമയ ശുശ്രൂഷകരായ നിരവധി സഹോദരങ്ങളായിരുന്നു. അവർ എന്നിൽ വ്യക്തിപരമായ താത്‌പര്യമെടുത്തു.
കാലം കടന്നുപോകവേ, തീക്ഷ്‌ണരായ ഈ സഹോദരങ്ങളുമായുള്ള സഹവാസം എന്നിൽ അന്തർലീനമായി കിടന്ന ആത്മീയത ഉജ്ജ്വലമാകാൻ ഇടയാക്കി. അവരോടൊപ്പം ആയിരിക്കാൻ എനിക്കു വളരെ ഇഷ്ടമായിരുന്നു. കഠിനാധ്വാനം ചെയ്യാനുള്ള അവരുടെ മനോഭാവത്തെ ഞാൻ വിലമതിച്ചിരുന്നു. അതുകൊണ്ട്, 1940-ൽ അഡെലെയ്‌ഡിൽ വെച്ചു നടത്തപ്പെട്ട ഒരു കൺവെൻഷനിൽ മുഴുസമയ ശുശ്രൂഷയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു അറിയിപ്പുണ്ടായപ്പോൾ ഞാൻ പേരു നൽകി. അതിൽ എനിക്കുതന്നെ അതിശയംതോന്നി. ഞാനാണെങ്കിൽ ആ സമയത്ത് സ്‌നാപനമേറ്റിട്ടുപോലും ഇല്ലായിരുന്നു, പ്രസംഗവേലയിൽ അനുഭവപരിചയവും കുറവായിരുന്നു. എന്നിരുന്നാലും, ഏതാനും ദിവസം കഴിഞ്ഞ്, വോർണംബൂൽ പട്ടണത്തിൽ പയനിയർമാരുടെ ഒരു ചെറിയ കൂട്ടത്തോടൊപ്പം ചേരാനുള്ള ക്ഷണം എനിക്കു ലഭിച്ചു. അഡെലെയ്‌ഡിൽനിന്ന് നൂറുകണക്കിനു കിലോമീറ്റർ അകലെ, അയൽസംസ്ഥാനമായ വിക്ടോറിയയിലായിരുന്നു ഈ പട്ടണം.
ചഞ്ചലമായ മനസ്സോടെയാണ് തുടക്കമിട്ടതെങ്കിലും പെട്ടെന്നുതന്നെ ഞാൻ വയൽശുശ്രൂഷയോടു സ്‌നേഹം വളർത്തിയെടുത്തു. വർഷങ്ങൾക്കു ശേഷം ഇന്നും ആ
സ്‌നേഹം ഒളിമങ്ങാതെ നിൽക്കുന്നു എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. അത് എന്നെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു, ഞാൻ യഥാർഥ ആത്മീയ പുരോഗതി വരുത്താൻ തുടങ്ങി. ആത്മീയ കാര്യങ്ങളെ അത്യന്തം പ്രിയപ്പെടുന്നവരോട് അടുപ്പം വളർത്തിയെടുക്കേണ്ടതിന്റെ മൂല്യം ഞാൻ മനസ്സിലാക്കി. നമ്മുടെ വിദ്യാഭ്യാസ പശ്ചാത്തലം ഏതു തരത്തിലുള്ളതാണെങ്കിലും, അവരുടെ ആ നല്ല സ്വാധീനത്തിന് നമ്മിലെ ഏറ്റവും മെച്ചമായതിനെ പുറത്തു കൊണ്ടുവരാൻ കഴിയുന്നത് എങ്ങനെയെന്നു ഞാൻ തിരിച്ചറിഞ്ഞു. അത്തരം സഹവാസത്തിൽനിന്നും ഉൾക്കൊള്ളുന്ന പാഠങ്ങൾ നമ്മുടെ ജീവിതകാലത്തെല്ലാം പ്രയോജനകരമായിരിക്കുന്നത് എങ്ങനെയെന്നും ഞാൻ കണ്ടെത്തി.പരിശോധനകളാൽ ശക്തീകരിക്കപ്പെടുന്നു
ഞാൻ പയനിയർസേവനം തുടങ്ങി കുറച്ചു നാളുകൾക്കുള്ളിൽ ഓസ്‌ട്രേലിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളുടെമേൽ ഒരു നിരോധനം ഏർപ്പെടുത്തപ്പെട്ടു. ഇനി എന്തു ചെയ്യണം എന്ന് എനിക്ക് അറിയാൻ പാടില്ലാതിരുന്നതിനാൽ ഞാൻ സഹോദരങ്ങളുടെ അഭിപ്രായം ആരാഞ്ഞു. ആളുകളോട് ബൈബിളിനെ കുറിച്ചു പറയുന്നതിൽ നിരോധനമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അവർ എന്നോടു പറഞ്ഞു. അതുകൊണ്ട് മറ്റു പയനിയർമാരോടൊപ്പം ഞാൻ വീടുതോറും പോയി ബൈബിളിൽനിന്ന് വളരെ ലളിതമായ സന്ദേശം പങ്കുവെക്കാൻ തുടങ്ങി. ഇത് പെട്ടെന്നുതന്നെ വരാനിരുന്ന പരിശോധനകളിൽ പിടിച്ചുനിൽക്കാൻ എനിക്കു ശക്തി നൽകി.
നാലുമാസംകൂടി കഴിഞ്ഞപ്പോൾ എനിക്കു 18 വയസ്സു തികഞ്ഞു. എന്നെ സൈനിക സേവനത്തിനു വിളിച്ചു. നിരവധി സൈനിക ഉദ്യോഗസ്ഥന്മാരുടെയും ഒരു മജിസ്‌ട്രേറ്റിന്റെയും മുമ്പിൽ വെച്ച് എന്റെ വിശ്വാസത്തെ കുറിച്ച് പ്രതിവാദം ചെയ്യാൻ എനിക്ക് ഇത് അവസരം നൽകി. ആ സമയത്ത് അഡെലെയ്‌ഡ് ജയിലിൽ തങ്ങളുടെ നിഷ്‌പക്ഷ നിലപാടുനിമിത്തം തടവിലായിരുന്ന 20 സഹോദരന്മാർ ഉണ്ടായിരുന്നു. താമസിയാതെ ഞാനും അവരോടൊപ്പം ചേർന്നു. ഞങ്ങൾക്ക് അവിടെ കഠിനമായ ജോലികളാണു നൽകിയത്. പാറപൊട്ടിക്കുക, റോഡ് നന്നാക്കുക തുടങ്ങിയവ. ഇത് സഹിഷ്‌ണുതയും നിശ്ചയദാർഢ്യവും പോലെയുള്ള ഗുണങ്ങൾ വളർത്തിയെടുക്കാൻ എന്നെ സഹായിച്ചു. ഞങ്ങളുടെ നല്ല പെരുമാറ്റവും ഉറച്ച നിലപാടും ജയിലിലെ ഒട്ടനവധി ഗാർഡുമാരുടെ ബഹുമാനം നേടിത്തന്നു.
കുറെ മാസങ്ങൾക്കു ശേഷം ഞാൻ മോചിതനായി. നല്ല ഭക്ഷണം ആസ്വദിക്കാൻ എനിക്കു കഴിഞ്ഞു, ഞാൻ വീണ്ടും പയനിയർ ശുശ്രൂഷ ഏറ്റെടുത്തു. എന്നിരുന്നാലും, പയനിയർമാർ വിരളമായിരുന്നു. അതുകൊണ്ട് ദക്ഷിണ ഓസ്‌ട്രേലിയയിൽ ഒരു വിദൂര കൃഷിയിടത്തിൽ തനിയെ പയനിയറിങ് ചെയ്യാമോ എന്ന് എന്നോടു ചോദിച്ചു. ഞാൻ സമ്മതിച്ചു. ഒരു സൈക്കിളും പ്രസംഗവേലയ്‌ക്കുള്ള സാമഗ്രികളും മാത്രം എടുത്ത് ഞാൻ യോർക്ക് ഉപദ്വീപിലേക്കു കപ്പൽകയറി. അവിടെ എത്തിയപ്പോൾ താത്‌പര്യക്കാരുടെ ഒരു കുടുംബം എനിക്ക് ഒരു കൊച്ചു ഗസ്റ്റ് ഹൗസ് കാണിച്ചുതന്നു. അവിടത്തെ വളരെ ദയാലുവായ ഒരു സ്‌ത്രീ എന്നെ മകനെപ്പോലെ പരിപാലിച്ചു. പകൽസമയത്ത് ഞാൻ പൊടിനിറഞ്ഞ റോഡുകളിലൂടെ സൈക്കിളിൽ യാത്ര ചെയ്‌ത് ആ ഉപദ്വീപിൽ അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചു പട്ടണങ്ങളിൽ പ്രസംഗവേല ചെയ്യും. ഒരുപാട് ദൂരെയുള്ള പ്രദേശങ്ങൾ പ്രവർത്തിച്ചു തീർക്കുന്നതിന് ഞാൻ ചിലപ്പോഴൊക്കെ ചെറിയ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും രാത്രി തങ്ങുമായിരുന്നു. ഇങ്ങനെ ഞാൻ സൈക്കിളിൽ നൂറുകണക്കിനു കിലോമീറ്ററുകൾ യാത്ര ചെയ്‌തു, രസകരമായ നിരവധി അനുഭവങ്ങൾ ആസ്വദിച്ചു. ശുശ്രൂഷയിൽ തനിയെയാണല്ലോ എന്നോർത്ത് ഞാൻ ഒരിക്കലും വ്യാകുലപ്പെട്ടിരുന്നില്ല, യഹോവയുടെ കരുതൽ ഞാൻ അനുഭവിച്ചറിഞ്ഞു, ഞാൻ അവനോട് അടുത്തു.
അപര്യാപ്‌തതാ ബോധത്തെ കൈകാര്യം ചെയ്യുന്നു
1946-ൽ, ഒരു സഞ്ചാര ദാസൻ (ഇന്ന് സർക്കിട്ട് മേൽവിചാരകൻ എന്ന് അറിയപ്പെടുന്നു) എന്നനിലയിൽ സഹോദരങ്ങളെ സേവിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് എനിക്കു കിട്ടി. ഈ വേലയിൽ, നിയമിച്ചു തന്നിരിക്കുന്ന സർക്കിട്ടിലെ നിരവധി സഭകൾ സന്ദർശിക്കുന്നത് ഉൾപ്പെട്ടിരുന്നു. ഈ നിയമനത്തിന്റെ ഉത്തരവാദിത്വം എനിക്ക് തികച്ചും ഒരു വെല്ലുവിളിയായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. ഒരിക്കൽ ഒരു സഹോദരൻ ഇങ്ങനെ പറയുന്നത് ഞാൻ കേൾക്കാനിടയായി: “ഹാരൾഡിന് വലിയ പ്രസംഗപ്രാപ്‌തിയൊന്നുമില്ല, പക്ഷേ വയൽശുശ്രൂഷയിൽ അദ്ദേഹം തിളങ്ങും.” ഈ അഭിപ്രായം എന്നെ കുറച്ചൊന്നുമല്ല പ്രോത്സാഹിതനാക്കിയത്. പ്രസംഗം, സംഘാടനം എന്നിവയിൽ എനിക്കുള്ള പരിമിതികളെ കുറിച്ച് എനിക്കു നല്ല ബോധമുണ്ടായിരുന്നു. എന്നാൽ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രസംഗപ്രവർത്തനമാണ് അതിപ്രധാനം എന്നു ഞാൻ വിശ്വസിച്ചു.
1947-ൽ യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിൻ ലോകാസ്ഥാനത്തുനിന്ന് നേഥൻ നോർ സഹോദരന്റെയും മിൽട്ടൺ ഹെൻഷൽ സഹോദരന്റെയും സന്ദർശനത്തോടുള്ള ബന്ധത്തിൽ വലിയ ഉത്സാഹത്തിലായിരുന്നു എല്ലാവരും. 1938-ൽ റഥർഫോർഡ് സഹോദരൻ ഇവിടെ വന്നിട്ടു പോയതിനു ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്. സന്ദർശനത്തോടൊപ്പം സിഡ്‌നിയിൽ ഒരു വലിയ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ടു. അന്നത്തെ മിക്ക യുവ പയനിയർമാരെയും പോലെ, യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള സൗത്ത് ലാൻസിങ്ങിൽ ആയിടെ പ്രവർത്തനം ആരംഭിച്ച വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിൽ മിഷനറി പരിശീലനം നേടാൻ ഞാനും ആഗ്രഹിച്ചു. സ്‌കൂളിൽ പങ്കെടുക്കാൻ ഉന്നതവിദ്യാഭ്യാസം ആവശ്യമായിരിക്കുമോ എന്ന് അവിടെ കൂടിയിരുന്ന ഞങ്ങളിൽ മിക്കവരും ചിന്തിച്ചു. എന്നാൽ, വീക്ഷാഗോപുരം ലേഖനങ്ങൾ വായിച്ച് മുഖ്യ പോയിന്റുകൾ ഓർത്തുവെക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ നിങ്ങൾ ഗിലെയാദ് ക്ലാസ്സിൽ ശോഭിക്കുമെന്ന് നോർ സഹോദരൻ പറഞ്ഞു.
എന്റെ പരിമിതമായ വിദ്യാഭ്യാസം നിമിത്തം ഗിലെയാദിൽ എനിക്കു പ്രവേശനം കിട്ടുകയില്ലെന്നു ഞാൻ വിചാരിച്ചു. എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ ഗിലെയാദ് പരിശീലനത്തിനായി അപേക്ഷ നൽകാൻ എനിക്കു ക്ഷണം വന്നു, ഞാൻ അതിശയിച്ചുപോയി. തുടർന്ന് എനിക്കു പ്രവേശനം കിട്ടി, 1950-ൽ നടത്തിയ 16-ാമത്തെ ക്ലാസ്സിൽ ഞാൻ പങ്കെടുത്തു. എന്നിലെ ആത്മവിശ്വാസം അരക്കിട്ടുറപ്പിച്ച വിസ്‌മയകരമായ ഒരു അനുഭവമായിരുന്നു ഈ പരിശീലനം. വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളല്ല മറിച്ച് ശുഷ്‌കാന്തിയും അനുസരണവും ആണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന് അത് എനിക്കു മനസ്സിലാക്കിത്തന്നു. കഴിവിന്റെ പരമാവധി ചെയ്യാൻ അധ്യാപകർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ആ നിർദേശത്തിനു ചെവികൊടുത്തപ്പോൾ ഞാൻ അടിക്കടി പുരോഗമിക്കുകയും നൽകപ്പെട്ട നിർദേശങ്ങൾ അപ്രകാരം പിന്തുടരുന്നതിൽ വലിയൊരളവുവരെ വിജയിക്കുകയും ചെയ്‌തു.
ഊഷരഭൂമിയിൽനിന്നു സുവർണദ്വീപിലേക്ക്
ബിരുദദാനത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽനിന്നുള്ള രണ്ടു സഹോദരന്മാരെയും എന്നെയും സിലോണിലേക്കു നിയമിച്ചു. അങ്ങനെ ഞങ്ങൾ 1951 സെപ്‌റ്റംബറിൽ തലസ്ഥാന നഗരിയായ കൊളംബോയിൽ കാലുകുത്തി. ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയായിരുന്നു അവിടെ. അപരിചിതമായ കാഴ്‌ചകളും ശബ്ദങ്ങളും സുഗന്ധങ്ങളും ഞങ്ങളുടെ ഇന്ദ്രിയങ്ങൾക്കു പുതുമയായി. ഞങ്ങൾ കപ്പലിൽനിന്നു വെളിയിൽ വന്നപ്പോൾ അവിടെ സേവിച്ചുകൊണ്ടിരുന്ന മിഷനറിമാരിൽ ഒരാൾ എന്നെ ഒരു ഹാൻഡ്‌ബിൽ തന്നു സ്വീകരിച്ചു. തൊട്ടടുത്ത ഞായറാഴ്‌ച നഗരചത്വരത്തിൽവെച്ച് നടത്താനിരിക്കുന്ന ഒരു പരസ്യപ്രസംഗത്തെ കുറിച്ചുള്ളതായിരുന്നു അത്. ഞാൻ അതിശയിച്ചുപോയി! പ്രസംഗകനായി എന്റെ പേരാണ് അതിലുണ്ടായിരുന്നത്. അതു കണ്ട എന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ. എന്നാൽ ലഭിക്കുന്ന ഏതു നിയമനവും സ്വീകരിക്കാൻ ഓസ്‌ട്രേലിയയിലെ അനേക വർഷത്തെ പയനിയർ സേവനം എന്നെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് യഹോവയുടെ സഹായത്താൽ ഞാൻ പരസ്യപ്രസംഗം വിജയകരമായി നടത്തി. കൊളംബോ മിഷനറി ഭവനത്തിൽ അപ്പോൾ ഉണ്ടായിരുന്ന അവിവാഹിതരായ നാലു സഹോദരന്മാരോടൊപ്പം ഞങ്ങളും ബുദ്ധിമുട്ടേറിയ സിംഹള ഭാഷയെ മെരുക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഒപ്പം വയൽ ശുശ്രൂഷയിൽ പങ്കെടുക്കാനും. അധികസമയവും ഞങ്ങൾ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് പ്രവർത്തിച്ചിരുന്നത്. അവിടത്തെ ആളുകൾ ആദരവും അതിഥിപ്രിയവും ഉള്ളവർ ആയിരുന്നതിൽ ഞങ്ങൾ സന്തോഷിച്ചു. അധികം താമസിയാതെതന്നെ സഭായോഗങ്ങൾക്കു കൂടിവരുന്നവരുടെ എണ്ണം വർധിക്കാൻ തുടങ്ങി.
കാലം കടന്നുപോകവേ, സിബിൽ എന്ന സുന്ദരിയായ ഒരു പയനിയർ സഹോദരിയെ കുറിച്ച് ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. ഗിലെയാദ് സ്‌കൂളിൽ പങ്കെടുക്കാനുള്ള എന്റെ കപ്പൽയാത്രയിലാണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവൾ ന്യൂയോർക്കിലെ അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പിന്നീട് 21-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കെടുത്ത അവൾക്ക് 1953-ൽ ഹോങ്കോംഗിലേക്കു നിയമനം കിട്ടി. അവൾക്കു കത്തെഴുതാൻ ഞാൻ ആഗ്രഹിച്ചു. 1955-ൽ സിബിൽ സിലോണിൽ എത്തുന്നതു വരെ ഞങ്ങൾ കത്തിടപാടുകൾ തുടർന്നു. സിലോണിൽവെച്ചുതന്നെ ഞങ്ങൾ വിവാഹിതരായി.
മിഷനറി ദമ്പതികൾ എന്ന നിലയിലുള്ള ഞങ്ങളുടെ ആദ്യ നിയമനം ജാഫ്‌നയിലേക്കായിരുന്നു. ശ്രീലങ്കയുടെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന നഗരമാണിത്. 1950-കളുടെ മധ്യത്തിൽ രാഷ്‌ട്രീയ ഭിന്നതകൾ സിംഹളരെയും തമിഴ് സമൂഹത്തെയും വിഭജിച്ചു നിറുത്താൻ തുടങ്ങി. ഇത് പിന്നീട് ദശകങ്ങളോളം നീണ്ട സായുധപോരാട്ടത്തിനു തിരികൊളുത്തി. എന്നാൽ ആ ദുഷ്‌കരമായ സാഹചര്യങ്ങളിൽ സിംഹള സഹോദരങ്ങളും തമിഴ് സഹോദരങ്ങളും മാസങ്ങളോളം പരസ്‌പരം സംരക്ഷിച്ചു. ആ കാഴ്‌ച എത്ര ഹൃദയഹാരിയായിരുന്നെന്നോ!
ഇങ്ങനെയുള്ള പരിശോധനകൾ സഹോദരങ്ങളുടെ വിശ്വാസത്തെ നിർമലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‌തു.ശ്രീലങ്കയിലെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം
ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന സമൂഹത്തോടു സഹകരിച്ചു പ്രവർത്തിക്കുന്നതിന് ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമായിരുന്നു. എങ്കിലും, ഞങ്ങൾ രണ്ടു സംസ്‌കാരങ്ങളെയും അവയുടെ ഗുണഗണങ്ങളെയും ഏറെ വിലമതിക്കാൻ തുടങ്ങി. സാധാരണഗതിയിൽ വിദേശികൾ പൊതുവാഹനങ്ങളിൽ സഞ്ചരിക്കാറില്ലാത്തതിനാൽ നാട്ടുകാർ ഞങ്ങളെ മിഴിച്ചുനോക്കുമായിരുന്നു. അവർക്കൊക്കെ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിക്കാൻ സിബിൽ മറന്നിരുന്നില്ല. അപ്പോൾ അവരുടെ ചുണ്ടുകളിലും പുഞ്ചിരി വിടരും!
ഒരിക്കൽ, ഞങ്ങൾ റോഡിൽ ഒരു മാർഗതടസ്സം ഉണ്ടായിരുന്നിടത്ത് പെട്ടുപോയി. ഞങ്ങൾ എവിടെനിന്നു വന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെ ഒരു ഗാർഡ് വന്ന് ചോദിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ചോദ്യം ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചായി.
“ഈ സ്‌ത്രീ ആരാണ്?”
“എന്റെ ഭാര്യയാണ്,” ഞാൻ പറഞ്ഞു.
“നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?”
“എട്ടു വർഷം.”
“കുട്ടികളുണ്ടോ?”
“ഇല്ല.”
“ഇല്ലേ! നിങ്ങൾ ഡോക്ടറെ കണ്ടോ?”
ആളുകളുടെ ഇത്തരം ആകാംക്ഷ കണ്ട്, ഇതെന്താണിങ്ങനെ എന്ന് ഞങ്ങൾ അതിശയിച്ചിരുന്നു. പക്ഷേ പിന്നെപ്പിന്നെ അതിനെ നാട്ടുകാർക്കു മറ്റുള്ളവരിലുള്ള ആത്മാർഥ താത്‌പര്യത്തിന്റെ പ്രതിഫലനമായി ഞങ്ങൾ കണ്ടു. ഇത് അവരുടെ പ്രിയങ്കരമായ ഗുണങ്ങളിൽ ഒന്നായിരുന്നു. പൊതുസ്ഥലങ്ങളിൽ അൽപ്പസമയം വെറുതെ ഒന്നു നിന്നാൽ മതി, എന്തെങ്കിലും സഹായം വേണോ എന്നു ദയാപുരസ്സരം ചോദിച്ചുകൊണ്ട് ആരെങ്കിലുമൊക്കെ നമ്മെ സമീപിക്കും.
മാറ്റങ്ങളും പോയകാലത്തേക്കൊരു എത്തിനോട്ടവും
പോയ വർഷങ്ങളിൽ, ശ്രീലങ്കയിൽ മിഷനറി വേല കൂടാതെ മറ്റു നിരവധി നിയമനങ്ങൾ ആസ്വദിക്കാനും ഞങ്ങൾക്കു കഴിഞ്ഞു. എനിക്ക് സർക്കിട്ട് വേലയിൽ നിയമനം ലഭിച്ചു. ബ്രാഞ്ച് കമ്മിറ്റിയിൽ ഒരു അംഗമായും ഞാൻ സേവിക്കുകയുണ്ടായി. 1996-ഓടെ ഞാൻ എന്റെ 70-കളുടെ മധ്യത്തിലേക്കു കടന്നു. ശ്രീലങ്കയിൽ മിഷനറിയായി സേവിച്ച 45 വർഷക്കാലത്തെ സ്‌മരണകൾ എനിക്കു കൂട്ടിനുണ്ടായിരുന്നു. കൊളംബോയിൽ ആദ്യമൊക്കെ സഭായോഗത്തിന് ഏകദേശം 20 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 3,500-ലധികമായി വർധിച്ചിരിക്കുന്നു! ഇവരിൽ അനേകരെയും സിബിലും ഞാനും ഞങ്ങളുടെ ആത്മീയ മക്കളും പേരക്കിടാങ്ങളും ആയി കരുതി. എന്നിരുന്നാലും, രാജ്യത്തുടനീളം ഒരുപാടു വേല ചെയ്‌തു തീർക്കാനുണ്ടായിരുന്നു. അതിന് ഞങ്ങളെക്കാൾ ആരോഗ്യവും കഴിവുകളും ഉള്ള ചെറുപ്പക്കാരെ ആവശ്യമായിരുന്നു. ആ ആവശ്യം മുന്നിൽക്കണ്ട് ഭരണസംഘം ഞങ്ങളെ ഓസ്‌ട്രേലിയയിലേക്കു തിരികെ വിളിച്ചപ്പോൾ ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. ഞങ്ങൾക്കു പകരം, ശ്രീലങ്കയിൽ മിഷനറിമാരായി സേവിക്കാൻ യോഗ്യതയുള്ള യുവദമ്പതികൾക്ക് അവസരം ലഭിച്ചു.
എനിക്ക് ഇപ്പോൾ 82 വയസ്സ് കഴിഞ്ഞിരിക്കുന്നു. സിബിലിനും എനിക്കും ഇപ്പോഴും ഞങ്ങളുടെ പ്രത്യേക പയനിയർ ശുശ്രൂഷയിൽ തുടരാനുള്ള ആരോഗ്യമുള്ളതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. ഞങ്ങൾ അഡെലെയ്‌ഡിലെ ഞങ്ങളുടെ പഴയ ഭവനത്തിലാണ്. ഞങ്ങളുടെ ശുശ്രൂഷ ഞങ്ങളെ മാനസികമായി ജാഗരൂകരാക്കി നിറുത്തുകയും ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഈ രാജ്യത്തെ തികച്ചും വ്യത്യസ്‌തമായ ജീവിതരീതികളുമായി ചേർന്നുപോകാനും അതു ഞങ്ങളെ സഹായിച്ചിരിക്കുന്നു.
ഞങ്ങളുടെ ഭൗതിക കാര്യങ്ങൾക്കായി യഹോവ എല്ലായ്‌പോഴും കരുതുന്നു. പ്രാദേശിക സഭയിലെ സഹോദരങ്ങൾ ഞങ്ങൾക്ക് സ്‌നേഹവും പിന്തുണയും നൽകുന്നു. ഞങ്ങളുടെ സഭയിലെ സെക്രട്ടറിയായി എനിക്ക് അടുത്തകാലത്ത് ഒരു പുതിയ നിയമനം ലഭിച്ചു. അങ്ങനെ യഹോവയെ വിശ്വസ്‌തതയോടെ സേവിക്കാൻ ശ്രമിക്കുന്തോറും എന്റെ പരിശീലനം തുടരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. പോയ വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കവേ, ഒരു കുഗ്രാമത്തിൽ യാതൊരു കാര്യഗൗരവവുമില്ലാതെ നടന്ന ഒരു കൊച്ചുപയ്യന് ഇത്ര വിസ്‌മയകരമായ വിദ്യാഭ്യാസം ലഭിച്ചത് ഓർക്കുമ്പോൾ എനിക്ക് എപ്പോഴും അതിശയമാണ്. അതേ, എന്റെ ജീവിതനാളുകളിലെന്നും ആ വിദ്യാഭ്യാസം ഒരു വഴികാട്ടിയായി സഹായത്തിനുണ്ട്.
[26-ാം പേജിലെ ചിത്രം]
ഞങ്ങളുടെ വിവാഹദിനത്തിൽ, 1955
[27-ാം പേജിലെ ചിത്രം]
പ്രാദേശിക സഭയിലെ രാജൻ കാദെർഗാമർ സഹോദരനോടൊപ്പം വയൽസേവനത്തിൽ, 1957
[28-ാം പേജിലെ ചിത്രം]
ഇന്ന് സിബിലിനോടൊത്ത്