കേവലം കളിയല്ല
കേവലം കളിയല്ല
കളിക്കുന്നത് കുട്ടികൾക്കു വലിയ ഇഷ്ടമാണ്. എന്നാൽ “ഇത് യാതൊരു പ്രയോജനവുമില്ലാത്ത വെറുമൊരു നേരമ്പോക്കല്ല” എന്ന് വളരുന്ന കുട്ടി (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു. “ഇത് ഗ്രഹണപ്രാപ്‌തികളുടെ വികാസത്തിന് അടിത്തറയായി വർത്തിക്കുന്ന ഒരു പ്രവർത്തനം തന്നെയാണെന്നു കാണപ്പെടുന്നു.” കളിക്കുമ്പോൾ കുട്ടികൾ തങ്ങളുടെ ഇന്ദ്രിയപ്രാപ്‌തികൾ ഉപയോഗിക്കാൻ പഠിക്കുന്നു, പരിസ്ഥിതിയെ മനസ്സിലാക്കുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു.
നാലോ അഞ്ചോ വയസ്സാകുമ്പോൾ കുട്ടികൾ തങ്ങളുടെ കളികളിൽ മുതിർന്നവരെ അനുകരിക്കാൻ തുടങ്ങുന്നു. കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ കുറിച്ച് യേശു ഒരിക്കൽ പരാമർശിക്കുകയുണ്ടായി. അവരിൽ ചിലർക്ക് “കല്യാണം” കളിക്കാനായിരുന്നു ഇഷ്ടം. ചിലർക്കാകട്ടെ “ശവസംസ്‌കാരം.” കുട്ടികൾക്കിടയിൽ സാധാരണ ഉണ്ടാകാറുള്ളതുപോലെ, ചിലർ കളിയിൽ പങ്കെടുക്കാതെ വന്നപ്പോൾ അവർക്കിടയിൽ തർക്കം ഉണ്ടായി. (മത്തായി 11:16, 17) ഇത്തരം കളികളിൽ ഏർപ്പെടുമ്പോൾ, വളരുന്ന ഒരു കുട്ടിയുടെ മനസ്സിൽ അവൻ അഭിനയിക്കുന്ന ഭാഗങ്ങൾ ആഴത്തിൽ പതിയാൻ ഇടയായേക്കാം.
ഈ പേജിലെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന കുട്ടികൾ, ബൈബിൾ പഠിപ്പിക്കുന്നയാളിന്റെയും ഒരു വിദ്യാർഥിയുടെയും റോളാണ് അഭിനയിക്കുന്നത്. അവരുടേത് ഒരു യഥാർഥ ബൈബിളധ്യയനം അല്ല. എന്നാൽ ബൈബിൾ സന്ദേശം പങ്കുവെക്കണം എന്ന ആശയം അവരുടെ കുഞ്ഞുമനസ്സിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ കളിയിലൂടെ കിട്ടുന്ന പാഠം വളരെ പ്രധാനപ്പെട്ടതാണ്. കാരണം താൻ പഠിപ്പിച്ച കാര്യങ്ങൾ പ്രമാണിക്കാൻ തക്കവണ്ണം ആളുകളെ പഠിപ്പിച്ചു ശിഷ്യരാക്കാൻ യേശു തന്റെ എല്ലാ അനുഗാമികളോടും കൽപ്പിച്ചിരിക്കുന്നു.—മത്തായി 28:19, 20.
തങ്ങളുടെ കുട്ടികൾ ബൈബിളധ്യയനം നടത്തുന്നതായും പ്രസംഗം അവതരിപ്പിക്കുന്നതായും വീടുതോറും പ്രസംഗിക്കുന്നതായും ഒക്കെ അഭിനയിക്കുന്നതു കാണുന്ന മാതാപിതാക്കൾക്കു തീർച്ചയായും അഭിമാനിക്കാൻ വകയുണ്ട്. മുതിർന്നവർ ചെയ്‌തുകാണുന്ന കാര്യങ്ങളെയാണു സ്വാഭാവികമായും കുട്ടികൾ അനുകരിക്കുന്നത്. അവരെ വളർത്തിയത് “കർത്താവിന്റെ ശിക്‌ഷണത്തിലും ഉപദേശത്തിലും” ആണ് എന്നുള്ളതിന്റെ പ്രതിഫലനമാണ് അവരുടെ ബൈബിൾ കളികൾ.—എഫെസ്യർ 6:4, പി.ഒ.സി. ബൈബിൾ.
സത്യാരാധനയിൽ കുട്ടികൾക്കും ഒരു പങ്കുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ന്യായപ്രമാണം വായിച്ചു കേൾപ്പിക്കുമ്പോൾ “കുട്ടികളും” അവിടെ ഉണ്ടായിരിക്കണമെന്ന് യഹോവ മോശെയോടു പറഞ്ഞു. (ആവർത്തനപുസ്‌തകം 31:12) സത്യാരാധനയിൽ തങ്ങളും ഉൾപ്പെട്ടിരിക്കുന്നു എന്നുള്ള തോന്നൽ കുട്ടികൾക്ക് ഉണ്ടാകുമ്പോൾ അവരുടെ കളികളിൽ അതു പ്രതിഫലിക്കാനുള്ള സാധ്യത ഏറെയാണ്. കളികളിൽ ദൈവത്തിന്റെ ഒരു ശുശ്രൂഷകന്റെ റോൾ അഭിനയിക്കുന്ന ഒരു കുട്ടി അത്തരമൊരു വ്യക്തി ആയിത്തീരാനുള്ള പാതയിലെ ആദ്യ പടി ചവിട്ടുകയാണു ചെയ്യുന്നത്.