വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്റെ വിശ്വാസം അവൾ സഹപാഠികളുമായി പങ്കുവെച്ചു

തന്റെ വിശ്വാസം അവൾ സഹപാഠികളുമായി പങ്കുവെച്ചു

തന്റെ വിശ്വാസം അവൾ സഹപാഠികളുമായി പങ്കുവെച്ചു

നിങ്ങളുടെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങളെ കുറിച്ച്‌ കൂടുതൽ മെച്ചമായി മനസ്സിലാക്കുന്നതിൽ സഹപാഠികളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പോളണ്ടിൽനിന്നുള്ള ഹൈസ്‌കൂൾ വിദ്യാർഥിനി, 18 വയസ്സുള്ള മഗ്‌ദലീന യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. അവൾ മിക്കപ്പോഴും തന്റെ വിശ്വാസങ്ങളെ കുറിച്ച്‌ സഹപാഠികളോടു സംസാരിക്കാറുണ്ട്‌. തത്‌ഫലമായി, ‘യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുക എന്നതിന്റെ അർഥമെന്താണ്‌?’ ‘നീ യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്നില്ലേ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവർ മിക്കപ്പോഴും അവളോടു ചോദിക്കാറുണ്ട്‌. തന്റെ സഹപാഠികളെ അവൾക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു? ഇക്കാര്യത്തിൽ മാർഗദർശനത്തിനായി മഗ്‌ദലീന യഹോവയോടു പ്രാർഥിച്ചു, എന്നിട്ട്‌ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്‌തു.​—⁠യാക്കോബ്‌ 1:⁠5.

മഗ്‌ദലീന ഒരു ദിവസം, തന്റെ മതവിശ്വാസങ്ങളെ ആദരിക്കുന്ന ഒരു അധ്യാപികയോട്‌, യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന * (ഇംഗ്ലീഷ്‌) എന്ന വീഡിയോ ക്ലാസ്സിനെ കാണിക്കാനുള്ള അനുവാദം ചോദിച്ചു. അധ്യാപിക സമ്മതിച്ചു. അപ്പോൾ മഗ്‌ദലീന തന്റെ സഹപാഠികളോടു പറഞ്ഞു: “ക്ലാസ്സിനുവേണ്ടി 90 മിനിട്ടുള്ള ഒരു പരിപാടി അവതരിപ്പിക്കാൻ ഞാൻ ഒരു സുഹൃത്തിനെ ഏർപ്പാടു ചെയ്യുന്നുണ്ട്‌. അതിൽ യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള ഒരു വീഡിയോയും ഒരു ചർച്ചയും ഉണ്ട്‌. അതിൽ സംബന്ധിക്കാൻ നിങ്ങൾക്കിഷ്ടമാണോ?” അതേ എന്ന്‌ എല്ലാവരും പറഞ്ഞു. തുടർന്ന്‌ മഗ്‌ദലീനയും വോയ്‌റ്റ്‌സിയെക്ക്‌ എന്ന അനുഭവസമ്പന്നനായ ഒരു മുഴുസമയ സുവിശേഷകനും കൂടി ആ പരിപാടിക്കു തയ്യാറാകാൻ തുടങ്ങി.

യഹോവയുടെ സാക്ഷികൾ​—⁠അവർ ആരാണ്‌? അവർ എന്തു വിശ്വസിക്കുന്നു?* എന്ന ലഘുപത്രികയിൽനിന്ന്‌ 20 മിനിട്ടു നേരത്തെ ഒരു അവതരണത്തോടെ പരിപാടി തുടങ്ങാൻ അവർ തീരുമാനിച്ചു. അതിനുശേഷം ഒരു ചോദ്യോത്തര ചർച്ച. എന്നിട്ട്‌ സ്‌കൂൾ ലൈബ്രറിയിൽവെച്ചു വീഡിയോ കാണിക്കും. ക്ലാസ്സിലെ ഓരോ കുട്ടിക്കും ഓരോ സമ്മാന പായ്‌ക്കറ്റ്‌ നൽകും, അതിൽ ഏതാനും ലഘുപത്രികകൾ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും* എന്ന പുസ്‌തകം, ഏതാനും ലഘുലേഖകൾ, മാസികകൾ എന്നിവ ഉണ്ടായിരിക്കും.

അങ്ങനെ പരിപാടി അവതരിപ്പിക്കുന്ന ദിവസം വന്നു. സദസ്സിൽ അവളുടെ 14 സഹപാഠികൾ, അധ്യാപിക, ലൈബ്രറിയിൽ ഉണ്ടായിരുന്ന മറ്റ്‌ നാലു വിദ്യാർഥികൾ എന്നിവരുണ്ടായിരുന്നു. ആദ്യംതന്നെ, പോളണ്ടിലെ നിരവധി കവികളും എഴുത്തുകാരും തങ്ങളുടെ കൃതികളിൽ യഹോവ എന്ന ദിവ്യനാമം ഉപയോഗിച്ചിരുന്നു എന്ന്‌ വോയ്‌റ്റ്‌സിയെക്ക്‌ വിശദമാക്കി. കത്തോലിക്കരുടെ ചില പഴയ വേദപാഠങ്ങളിൽ ദിവ്യനാമം ഉണ്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഹോവയുടെ സാക്ഷികളുടെ ആധുനികകാല പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കവേ, അദ്ദേഹം പല ബ്രാഞ്ച്‌ ഓഫീസുകളുടെ ലഘുപത്രികകളും നിരവധി സമ്മേളനഹാളുകളുടെ ചിത്രങ്ങളും സദസ്സിനെ കാണിച്ചു.

തുടർന്ന്‌ സജീവമായ ചർച്ച ആരംഭിച്ചു. മഗ്‌ദലീനയും വോയ്‌റ്റ്‌സിയെക്കും ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ ബൈബിൾ ഉപയോഗിച്ചു. ഇത്‌ സദസ്യരിൽ മതിപ്പുളവാക്കി. യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വന്തം ആശയങ്ങളല്ല പ്രസംഗിക്കുന്നതെന്ന്‌ അവർക്കു ബോധ്യപ്പെട്ടു. അവരുടെ ചില ചോദ്യങ്ങൾ ഏതൊക്കെ ആയിരുന്നു? അതിനുള്ള ഉത്തരം എന്തായിരുന്നു?

ചോദ്യം: ബൈബിളിന്റേത്‌ അവ്യക്തവും ആലങ്കാരികവുമായ ഭാഷയാണ്‌, അതിനാൽ പല രീതിയിൽ അതു വ്യാഖ്യാനിക്കാം. അപ്പോൾ ബൈബിൾ പറയുന്നതുപോലെ ജീവിക്കാൻ എങ്ങനെ കഴിയും?

ഉത്തരം: ഇഷ്ടമുള്ള ഏതു ട്യൂണും വായിക്കാൻ കഴിയുന്ന ഒരു വയലിൻപോലെയാണ്‌ ബൈബിൾ എന്നു ചിലർ പറയുന്നു. എന്നാൽ ഒന്നു ചിന്തിക്കുക: ഒരു എഴുത്തുകാരന്റെ പ്രസ്‌താവന നിങ്ങൾക്കു പിടികിട്ടുന്നില്ലെങ്കിൽ അത്‌ അദ്ദേഹത്തോടുതന്നെ ചോദിച്ചു മനസ്സിലാക്കുന്നതായിരിക്കില്ലേ ഉത്തമം? മൺമറഞ്ഞു പോയ മാനുഷ ഗ്രന്ഥകാരന്മാരെപ്പോലെയല്ല ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം. അവൻ എന്നും ജീവിക്കുന്നു. (റോമർ 1:20; 1 കൊരിന്ത്യർ 8:5, 6) ഒരു തിരുവെഴുത്തിന്റെ സന്ദർഭം ആ തിരുവെഴുത്തിനെ ശരിയായി വ്യാഖ്യാനിക്കാൻ സഹായിക്കും. കൂടാതെ, ബൈബിൾ ഒരേ സംഗതിയെ കുറിച്ച്‌ പല സ്ഥലങ്ങളിൽ പറയുന്നുണ്ട്‌, ആ തിരുവെഴുത്തുകൾ ഒത്തുനോക്കുന്നതിലൂടെ നമുക്ക്‌ ശരിയായ നിഗമനത്തിൽ എത്താൻ കഴിയും. അങ്ങനെ നമ്മുടെ ചിന്തകളെ നയിക്കാൻ നമുക്ക്‌ ദൈവത്തെ അനുവദിക്കാൻ കഴിയും. അപ്പോൾ അവൻ തന്നെ തിരുവെഴുത്തുകൾ നമുക്കു വിശദീകരിച്ചു തരുന്നതുപോലെ ആയിരിക്കും. അതുവഴി, അവന്റെ ഇഷ്ടം എന്താണെന്ന്‌ അറിയാനും ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ആ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാനും കഴിയും. അല്ലേ?

ചോദ്യം: ക്രിസ്‌ത്യാനികളും യഹോവയുടെ സാക്ഷികളും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

ഉത്തരം: ഞങ്ങൾ ക്രിസ്‌ത്യാനികൾ തന്നെയാണ്‌! എന്നാൽ വെറുതെ ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുക മാത്രം ചെയ്യാതെ യഹോവയുടെ സാക്ഷികൾ തങ്ങൾ വിശ്വസിക്കുകയും ദൈവം തങ്ങളുടെ പ്രയോജനത്തിനായി പഠിപ്പിക്കുകയും ചെയ്യുന്ന സംഗതികൾക്കു ചേർച്ചയിൽ ജീവിക്കാൻ കഠിനശ്രമം ചെയ്യുന്നു. (യെശയ്യാവു 48:17, 18) അവരുടെ മുഴു പഠിപ്പിക്കലുകളും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്‌ ആയതിനാൽ അവരുടെ പക്കൽ സത്യം ഉണ്ടെന്ന്‌ അവർക്ക്‌ അറിയാം.​—⁠മത്തായി 7:13, 14, 21-23.

ചോദ്യം: നിങ്ങൾ തികച്ചും അപരിചിതരെ സമീപിച്ച്‌ അവരോട്‌ സംസാരിക്കാൻ നിർബന്ധം പിടിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അത്‌ നിങ്ങളുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയല്ലേ?

ഉത്തരം: വഴിയിൽവെച്ച്‌ ആരെങ്കിലും നിങ്ങളെ സമീപിച്ച്‌ എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ചുള്ള അഭിപ്രായം മര്യാദപൂർവം ആരായുന്നെങ്കിൽ അത്‌ തെറ്റാണെന്നാണോ നിങ്ങൾ കരുതുന്നത്‌? (യിരെമ്യാവു 5:1; സെഫന്യാവു 2:2, 3) (വോയ്‌റ്റ്‌സിയെക്കും മഗ്‌ദലീനയും, അടുത്തകാലത്ത്‌ പോളണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്കുവേണ്ടി ദൈവം കരുതുന്നുവോ എന്ന്‌ വഴിയാത്രക്കാരോട്‌ തങ്ങൾ ചോദിച്ച വിധം പ്രകടിപ്പിച്ചു കാണിച്ചു.) വ്യക്തിയുടെ അഭിപ്രായം കേട്ടശേഷം ഞങ്ങൾ ബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കും. ഇനി, സംസാരിക്കാൻ താത്‌പര്യമില്ലാത്ത ആരെയെങ്കിലുമാണു കണ്ടുമുട്ടുന്നതെങ്കിൽ ഞങ്ങൾ അയാളെ ബുദ്ധിമുട്ടിക്കാതെ മറ്റൊരു വ്യക്തിയെ സമീപിക്കും. (മത്തായി 10:11-14) ഞങ്ങൾ ഇത്രയേ ചെയ്യുന്നുള്ളൂ. ഇത്‌ സംസാരിക്കാൻ ആരെയെങ്കിലും നിർബന്ധിക്കലാണോ? ആളുകൾ ഒന്നിനെക്കുറിച്ചും സംസാരിക്കരുതെന്നാണോ പറഞ്ഞുവരുന്നത്‌?

ചോദ്യം: നിങ്ങൾ വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

ഉത്തരം: ആചരിക്കാൻ ബൈബിൾ നമ്മോടു പറയുന്ന ഒരേയൊരു സംഭവമേയുള്ളൂ. അതു മാത്രമേ ഞങ്ങൾ ആചരിക്കുകയുള്ളൂ. യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകമാണ്‌ അത്‌. (1 കൊരിന്ത്യർ 11:23-26) എന്നാൽ വിശേഷ ദിവസങ്ങളെ സംബന്ധിച്ചാണെങ്കിൽ, അവയെല്ലാം എങ്ങനെ ഉത്ഭവിച്ചെന്ന്‌ നിങ്ങൾക്ക്‌ വിശ്വവിജ്ഞാനകോശങ്ങളോ ആശ്രയയോഗ്യമായ മറ്റ്‌ ഉറവുകളോ പരിശോധിച്ചു കണ്ടെത്താൻ കഴിയും. നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ ഞങ്ങൾ അത്തരം കാര്യങ്ങൾ ആചരിക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ നിങ്ങൾക്ക്‌ പെട്ടെന്നു മനസ്സിലാകും.​—⁠2 കൊരിന്ത്യർ 6:14-18.

ഇനിയും ഉണ്ടായിരുന്നു ഒട്ടനവധി ചോദ്യങ്ങൾ. അവയ്‌ക്കെല്ലാം ഉത്തരങ്ങൾ നൽകുകയും ചെയ്‌തു. ചർച്ച വളരെയധികം നീണ്ടുപോയതിനാൽ വീഡിയോ പ്രദർശനം പിന്നീടൊരു ദിവസത്തേക്കു മാറ്റിവെക്കേണ്ടിവന്നു.

വിദ്യാർഥികളുടെ പ്രതികരണം എന്തായിരുന്നു? മഗ്‌ദലീന പറയട്ടെ: “ക്ലാസ്സിൽ ബുദ്ധിശൂന്യമായി പ്രവർത്തിക്കുകയും മറ്റുള്ളവരെ കളിയാക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്ന ചില കുട്ടികൾ വളരെ ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചതുകേട്ട്‌ ഞാൻ അതിശയിച്ചുപോയി. ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നൊക്കെ അവകാശപ്പെട്ടെങ്കിലും ചർച്ചയുടെ സമയത്ത്‌ ദൈവത്തിൽ തങ്ങൾക്കു വിശ്വാസമുണ്ടെന്ന്‌ അവർ പ്രകടമാക്കി!” സദസ്സിൽ ഉണ്ടായിരുന്ന എല്ലാവരും സമ്മാന പായ്‌ക്കറ്റുകൾ വാങ്ങി. അങ്ങനെ, ആകെ 35 പുസ്‌തകങ്ങൾ, 63 ലഘുപത്രികകൾ, 34 മാസികകൾ എന്നിവ സമർപ്പിച്ചു.

സ്‌കൂളിലെ ഈ അവതരണത്തിന്‌ എത്ര വിസ്‌മയകരമായ ഫലമാണ്‌ ഉണ്ടായത്‌! യഹോവയുടെ സാക്ഷികളെ അടുത്തറിയാൻ മഗ്‌ദലീനയുടെ സഹപാഠികൾക്ക്‌ ഒരു അവസരം നൽകിയതുകൂടാതെ, തങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച്‌ ചിന്തിക്കാൻ അനേകം യുവജനങ്ങളെ അത്‌ പ്രേരിപ്പിച്ചു. നിങ്ങൾ വിശ്വസിക്കുന്ന സംഗതികൾ എന്തൊക്കെ ആണെന്ന്‌ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ നിങ്ങൾക്കും സഹപാഠികളെ സഹായിക്കാൻ ശ്രമിക്കരുതോ?

[അടിക്കുറിപ്പ്‌]

^ ഖ. 3 യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയത്‌.

[31-ാം പേജിലെ ചിത്രം]

മഗ്‌ദലീനയും വോയ്‌റ്റ്‌സിയെക്കും ചർച്ചയ്‌ക്കുവേണ്ടി തയ്യാറാകുന്നു