വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തമ്മിൽ ആർദപ്രിയം ഉള്ളവരായിരിക്കുവിൻ’

‘തമ്മിൽ ആർദപ്രിയം ഉള്ളവരായിരിക്കുവിൻ’

‘തമ്മിൽ ആർദപ്രിയം ഉള്ളവരായിരിക്കുവിൻ’

‘സഹോദരസ്‌നേഹത്തിൽ തമ്മിൽ ആർദ്രപ്രിയം ഉള്ളവരായിരിക്കുവിൻ.’​—⁠റോമർ 12:⁠10, NW.

1, 2. ഒരു ആധുനികകാല മിഷനറിയും അപ്പൊസ്‌തലനായ പൗലൊസും തങ്ങളുടെ സഹോദരങ്ങളുമായി ഏതു തരത്തിലുള്ള ബന്ധമാണ്‌ ആസ്വദിച്ചിരുന്നത്‌?

വിദൂര പൗരസ്‌ത്യദേശത്ത്‌ 43 വർഷം ഒരു മിഷനറിയായി സേവിച്ച വ്യക്തി ആയിരുന്നു ഡോൺ. തന്റെ സേവനകാലത്തുടനീളം തികഞ്ഞ ഊഷ്‌മളതയോടെയാണ്‌ അദ്ദേഹം ആളുകളോട്‌ ഇടപെട്ടിരുന്നത്‌. ഇപ്പോൾ, മരണവുമായി മല്ലിടുന്ന ഡോണിനെ കാണാൻ, ബൈബിൾ പഠിക്കാൻ അദ്ദേഹം സഹായിച്ചിട്ടുള്ള കുറെ പേർ എത്തിയിരിക്കുകയാണ്‌. ആയിരക്കണക്കിനു കിലോമീറ്റർ ദൂരം സഞ്ചരിച്ച്‌ അവർ വന്നിരിക്കുന്നത്‌ എന്തിനാണെന്നോ? അദ്ദേഹത്തോട്‌ കാംസാഹാനീദാ, കാംസാഹാനീദാ!​—⁠കൊറിയൻ ഭാഷയിൽ “നന്ദി, നന്ദി”​—⁠എന്നു പറയാൻ. ഡോണിന്റെ ആർദ്രപ്രിയം അവരുടെ ഹൃദയത്തെ സ്‌പർശിച്ചിരുന്നു.

2 ഡോൺ മാത്രമല്ല ആർദ്രപ്രിയം കാണിച്ചിട്ടുള്ളത്‌. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലനായ പൗലൊസ്‌ താൻ സേവിച്ചിരുന്ന ആളുകളോട്‌ ആഴമായ ആർദ്രപ്രിയം പ്രകടമാക്കിയിരുന്നു. അവൻ മറ്റുള്ളവർക്കായി തന്നെത്തന്നെ വിട്ടുകൊടുത്തു. നിശ്ചയദാർഢ്യമുള്ളവൻ ആയിരുന്നെങ്കിലും പൗലൊസ്‌, ആർദ്രതയും കരുതലും പ്രകടിപ്പിച്ചിരുന്നു, “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ.” തെസ്സലൊനീക്യയിലെ സഭയ്‌ക്ക്‌ അവൻ എഴുതി: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സലൊനീക്യർ 2:⁠7, 8) പിന്നീട്‌, എഫെസോസിലെ സഹോദരന്മാരോട്‌ അവർക്ക്‌ ഇനി തന്നെ കാണാൻ കഴിയില്ല എന്ന്‌ പൗലൊസ്‌ പറഞ്ഞപ്പോൾ അവർ “ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (പ്രവൃത്തികൾ 20:25, 38) വ്യക്തമായും പൗലൊസും അവന്റെ സഹോദരന്മാരും തമ്മിലുള്ള ബന്ധം സഹവിശ്വാസികൾ എന്നതിന്‌ അപ്പുറം വളർന്നിരുന്നു. അവർക്കു തമ്മിൽ ആർദ്രപ്രിയം ഉണ്ടായിരുന്നു.

ആർദ്രപ്രിയവും സ്‌നേഹവും

3. ബൈബിളിൽ ആർദ്രപ്രിയം, സ്‌നേഹം എന്നീ പദങ്ങൾ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

3 ആർദ്രപ്രിയം, സഹോദരപ്രീതി, അനുകമ്പ എന്നിവയ്‌ക്ക്‌ ക്രിസ്‌തീയ ഗുണങ്ങളിൽവെച്ച്‌ ഏറ്റവും ഉത്‌കൃഷ്ടമായ സ്‌നേഹം എന്ന ഗുണത്തോട്‌ വളരെ അടുത്ത ബന്ധം ഉള്ളതായി തിരുവെഴുത്തുകൾ കാണിച്ചുതരുന്നു. (1 തെസ്സലൊനീക്യർ 2:⁠8; 2 പത്രൊസ്‌ 1:⁠7) മനോഹരമായ ഒരു വജ്രത്തിന്റെ വ്യത്യസ്‌ത വശങ്ങൾ പോലെയാണ്‌ ഈ ദൈവിക ഗുണങ്ങൾ. അവ പരസ്‌പര പൂരകങ്ങളായി വർത്തിക്കുന്നു. അവ ക്രിസ്‌ത്യാനികളെ തമ്മിൽ അടുപ്പിക്കുന്നു എന്നു മാത്രമല്ല, തങ്ങളുടെ സ്വർഗീയ പിതാവിനോട്‌ അടുത്തു ചെല്ലാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ. . . . സഹോദരസ്‌നേഹത്തിൽ തമ്മിൽ ആർദ്രപ്രിയം ഉള്ളവരായിരിക്കുവിൻ.”​—⁠റോമർ 12:⁠9, 10, NW.

4. “ആർദ്രപ്രിയം” എന്നതിന്റെ അർഥം എന്ത്‌?

4 “ആർദ്രപ്രിയം” എന്നതിനു പൗലൊസ്‌ ഉപയോഗിക്കുന്ന ഗ്രീക്കു പദത്തിന്‌ രണ്ടു ഭാഗങ്ങൾ ഉണ്ട്‌, ഒന്ന്‌ സൗഹൃദത്തെയും മറ്റേത്‌ സ്വാഭാവിക പ്രിയത്തെയും കുറിക്കുന്നു. “ക്രിസ്‌ത്യാനികൾ, സ്‌നേഹപൂർണവും ഇഴയടുപ്പം ഉള്ളതും പരസ്‌പരം പിന്തുണയ്‌ക്കുന്നതും ആയ ഒരു കുടുംബത്തിന്റെ സവിശേഷതയായ അർപ്പണ മനോഭാവത്താൽ തിരിച്ചറിയിക്കപ്പെടണം എന്നാണ്‌ ഇതിന്റെ അർഥം” എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ വിശദീകരിക്കുന്നു. നിങ്ങളുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരെ കുറിച്ച്‌ നിങ്ങൾക്ക്‌ അങ്ങനെയാണോ തോന്നുന്നത്‌? ക്രിസ്‌തീയ സഭയിൽ ഊഷ്‌മളമായ ഒരു അന്തരീക്ഷം നിറഞ്ഞുനിൽക്കണം, സഭയിലെ എല്ലാവർക്കും തങ്ങൾ ‘ഒരേ കുടുംബത്തിലെ അംഗങ്ങൾ’ ആണെന്ന തോന്നൽ ഉണ്ടായിരിക്കണം. (ഗലാത്യർ 6:⁠10, പി.ഒ.സി. ബൈബിൾ) ജെ. ബി. ഫിലിപ്‌സിന്റെ ആധുനിക ഇംഗ്ലീഷിലെ പുതിയ നിയമം, റോമർ 12:⁠10 പരിഭാഷപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “സഹോദരന്മാരുടെ ഇടയിലെന്നപോലെ നമ്മുടെ ഇടയിലും യഥാർഥമായ ഊഷ്‌മളപ്രിയം ഉണ്ടായിരിക്കട്ടെ.” പി.ഒ.സി. ബൈബിളിൽ അത്‌ ഇങ്ങനെയാണ്‌: “നിങ്ങൾ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിൻ.” അതേ, ക്രിസ്‌ത്യാനികളുടെ ഇടയിലെ സ്‌നേഹം കേവലം യുക്തിയുടെയോ കടപ്പാടിന്റെയോ പേരിലുള്ളതല്ല. ‘നിർവ്യാജമായ സഹോദരപ്രീതിയോടെ’ നാം ‘ഹൃദയപൂർവ്വം അന്യോന്യം ഉററു സ്‌നേഹിക്കണം.’​—⁠1 പത്രൊസ്‌ 1:⁠22.

‘അന്യോന്യം സ്‌നേഹിപ്പാൻ ദൈവത്താൽ ഉപദേശം പ്രാപിച്ചിരിക്കുന്നു’

5, 6. (എ) ആർദ്രപ്രിയത്തെ കുറിച്ചു പഠിപ്പിക്കാൻ യഹോവ അന്താരാഷ്‌ട്ര കൺവെൻഷനുകളെ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) പരസ്‌പരം ഇടപഴകുമ്പോൾ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിത്തീരുന്നത്‌ എങ്ങനെ?

5 ഈ ലോകത്തിൽ “അനേകരുടെ സ്‌നേഹം” തണുത്തുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ “അന്യോന്യം സ്‌നേഹി”ക്കാനാണു യഹോവ തന്റെ ജനത്തെ പഠിപ്പിക്കുന്നത്‌. (മത്തായി 24:⁠12; 1 തെസ്സലൊനീക്യർ 4:⁠9) ഈ പരിശീലനത്തിനുള്ള വിശിഷ്ടമായ അവസരങ്ങൾ യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ പ്രദാനം ചെയ്യുന്നു. ഈ കൺവെൻഷനുകളിൽ, പ്രാദേശിക സാക്ഷികൾ വിദൂര ദേശങ്ങളിൽനിന്നുള്ള സഹോദരങ്ങളെ കണ്ടുമുട്ടുന്നു, പലരും തങ്ങളുടെ ഭവനത്തിന്റെ വാതിലുകൾ ഇവർക്കായി തുറന്നുകൊടുത്തിട്ടുണ്ട്‌. അടുത്ത കാലത്തു നടന്ന ഒരു കൺവെൻഷനിൽ, പൊതുവേ ആളുകൾ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന പ്രകൃതമില്ലാത്ത രാജ്യങ്ങളിൽനിന്ന്‌ ചിലർ എത്തിയിരുന്നു. “വന്നയുടനെ, മറ്റുള്ളവരുമായി ഇടപഴകാൻ നാണവും പേടിയും ആയിരുന്നു അവർക്ക്‌,” താമസസൗകര്യ കാര്യങ്ങളിൽ സഹായിച്ചിരുന്ന ഒരു ക്രിസ്‌ത്യാനി പറയുന്നു. “എന്നാൽ കേവലം ആറു ദിവസത്തിനു ശേഷം യാത്രപറഞ്ഞു പിരിയുമ്പോൾ അവരും അവരുടെ ആതിഥേയരും പരസ്‌പരം ആലിംഗനം ചെയ്യുകയും കണ്ണീരൊഴുക്കുകയുമായിരുന്നു. ആ ദിവസങ്ങളിലത്രയും അവർ ക്രിസ്‌തീയ സ്‌നേഹത്തിന്റെ ഊഷ്‌മളത ആസ്വദിച്ചു. ഒരിക്കലും ഈ അനുഭവം അവരുടെ സ്‌മരണയിൽനിന്നു മാഞ്ഞുപോകില്ല.” നമ്മുടെ സഹോദരങ്ങൾക്ക്‌ അവരുടെ പശ്ചാത്തലം ഗണ്യമാക്കാതെ ആതിഥ്യമരുളുന്നത്‌ അവരിലും നമ്മിലുമുള്ള നന്മ വെളിപ്പെടുത്തും.—⁠റോമർ 12:⁠13.

6 കൺവെൻഷനോടു ബന്ധപ്പെട്ട ഇത്തരം അനുഭവങ്ങൾ വളരെയധികം ആവേശം പകരുന്നവയാണ്‌. എന്നാൽ ക്രിസ്‌ത്യാനികൾ കുറെ കാലം ഒരുമിച്ച്‌ യഹോവയെ സേവിക്കുമ്പോൾ അതിലുമേറെ അടുപ്പമുള്ള ബന്ധങ്ങൾ വികാസം പ്രാപിക്കുന്നു. നമ്മുടെ സഹോദരങ്ങളെ അടുത്തറിയുമ്പോൾ അവരുടെ സത്യസന്ധത, വിശ്വാസയോഗ്യത, വിശ്വസ്‌തത, ദയ, ഉദാരമനോഭാവം, പരിഗണന, അനുകമ്പ, നിസ്സ്വാർഥത തുടങ്ങിയ ഗുണങ്ങൾ കൂടുതൽ വിലമതിക്കാൻ നമുക്കു കഴിയും. (സങ്കീർത്തനം 15:⁠3-5; സദൃശവാക്യങ്ങൾ 19:⁠22) പൂർവാഫ്രിക്കയിൽ ഒരു മിഷനറിയായി സേവിച്ചിട്ടുള്ള മാർക്ക്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ സഹോദരങ്ങളോടു തോളോടു തോൾ ചേർന്നു പ്രവർത്തിക്കുമ്പോൾ അഭേദ്യമായ ഒരു ബന്ധം ഉടലെടുക്കുന്നു.”

7. ക്രിസ്‌തീയ സഭയിൽ ആർദ്രപ്രിയം ആസ്വദിക്കാൻ നമ്മുടെ പക്ഷത്ത്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

7 അത്തരം ബന്ധം വളർത്തിയെടുക്കാനും അതു കാത്തുസൂക്ഷിക്കാനും കഴിയണമെങ്കിൽ, സഭയിലെ അംഗങ്ങൾ തമ്മിൽ അടുക്കണം. ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരായിക്കൊണ്ട്‌ നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള അടുപ്പം നാം ശക്തിപ്പെടുത്തുന്നു. യോഗങ്ങളിൽ സന്നിഹിതരായിരുന്നുകൊണ്ടും അതിൽ പങ്കെടുത്തുകൊണ്ടും യോഗത്തിനു മുമ്പും പിമ്പും സഹവാസം ആസ്വദിച്ചുകൊണ്ടും നാം “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും” തമ്മിൽ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. (എബ്രായർ 10:⁠24, 25) ഐക്യനാടുകളിലെ ഒരു മൂപ്പൻ പറയുന്നു: “ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സൗഹൃദപൂർണവും അർഥവത്തുമായ സംഭാഷണം കഴിയുന്നത്ര ആസ്വദിച്ചിട്ട്‌ ഏറ്റവും ഒടുവിൽ രാജ്യഹാളിൽനിന്നു മടങ്ങുന്ന കുടുംബം ഞങ്ങളുടേതായിരുന്നു എന്നത്‌ പ്രിയങ്കരമായ ഒരു സ്‌മരണയാണ്‌.”

നിങ്ങൾ ‘വിശാലതയുള്ളവർ’ ആകേണ്ടതുണ്ടോ?

8. (എ) “വിശാലതയുള്ളവരാകുവിൻ” എന്ന്‌ കൊരിന്ത്യരെ ഉദ്‌ബോധിപ്പിച്ചപ്പോൾ പൗലൊസ്‌ എന്താണ്‌ അർഥമാക്കിയത്‌? (ബി) സഭയ്‌ക്കുള്ളിൽ ആർദ്രപ്രിയം വളർത്തിയെടുക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

8 അത്തരം പ്രിയം തികഞ്ഞ അളവിൽ പ്രകടിപ്പിക്കാൻ നാം ഹൃദയത്തെ “വിശാല”മാക്കേണ്ടതുണ്ടായിരിക്കാം. അപ്പൊസ്‌തലനായ പൗലൊസ്‌ കൊരിന്ത്യ സഭയ്‌ക്ക്‌ ഇങ്ങനെ എഴുതി: “ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക്‌ ഇടുക്കമില്ല.” അവരും “വിശാലതയുള്ളവർ” ആയിരിക്കാൻ അവൻ ഉദ്‌ബോധിപ്പിച്ചു. (2 കൊരിന്ത്യർ 6:⁠11-13) മറ്റുള്ളവരോടു പ്രിയം കാണിക്കുന്നതിൽ “വിശാലതയുള്ള”വരാകാൻ നിങ്ങൾക്കും കഴിയുമോ? മറ്റുള്ളവർ മുൻകൈയെടുക്കാൻ നിങ്ങൾ കാത്തിരിക്കേണ്ടതില്ല. റോമർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ എഴുതി: “തമ്മിൽ ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:⁠10) മറ്റുള്ളവരെ ബഹുമാനിക്കുന്നതിന്‌, യോഗങ്ങളിൽവെച്ച്‌ അവരെ അഭിവാദനം ചെയ്യാൻ മുൻകൈയെടുക്കുക. നിങ്ങളോടൊപ്പം വയൽശുശ്രൂഷയിൽ പങ്കെടുക്കാനോ യോഗത്തിനു തയ്യാറാകാനോ അവരെ ക്ഷണിക്കാവുന്നതാണ്‌. അപ്രകാരം ചെയ്യുന്നത്‌ ആർദ്രപ്രിയം വളരുന്നതിനു വഴിയൊരുക്കും.

9. സഹക്രിസ്‌ത്യാനികളുമായി അടുത്ത സൗഹൃദം വളർത്തിയെടുക്കാൻ ചിലർ എന്തു പടികൾ സ്വീകരിച്ചിരിക്കുന്നു? (പ്രാദേശികമായ അനുഭവങ്ങൾ ഉണ്ടെങ്കിൽ അവ ഉൾപ്പെടുത്തുക.)

9 പരസ്‌പരം സന്ദർശിക്കുകയും ഒരുപക്ഷേ, ഒരുമിച്ച്‌ ഒരു ഭക്ഷണം കഴിക്കുകയും ആരോഗ്യാവഹമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌തുകൊണ്ട്‌ സഭയിലുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കും പരസ്‌പരം “വിശാലതയുള്ളവർ” ആയിത്തീരാൻ കഴിയും. (ലൂക്കൊസ്‌ 10:⁠42; 14:⁠12-14) ഹാകോപ്പ്‌ ഇടയ്‌ക്കിടെ ചെറിയ കൂട്ടങ്ങളായി പിക്‌നിക്കുകൾ സംഘടിപ്പിക്കാറുണ്ട്‌. “ഒറ്റക്കാരായ മാതാപിതാക്കൾ ഉൾപ്പെടെ എല്ലാ പ്രായക്കാരും വരാറുണ്ട്‌,” അദ്ദേഹം വിശദീകരിക്കുന്നു. “മധുര സ്‌മരണകളുമായാണ്‌ എല്ലാവരും മടങ്ങിപ്പോകുന്നത്‌, കൂടുതലായ ഒരടുപ്പം അവർക്ക്‌ അനുഭവപ്പെടുന്നു.” ക്രിസ്‌ത്യാനികൾ എന്ന നിലയിൽ സഹവിശ്വാസികൾ മാത്രമല്ല, യഥാർഥ സുഹൃത്തുക്കളും ആയിരിക്കാനാണു നാം പരിശ്രമിക്കേണ്ടത്‌.​—⁠3 യോഹന്നാൻ 14.

10. ബന്ധങ്ങൾക്ക്‌ ഉലച്ചിൽ തട്ടുമ്പോൾ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

10 എന്നാൽ, ചിലപ്പോഴൊക്കെ സൗഹൃദവും ആർദ്രപ്രിയവും നട്ടുവളർത്താനുള്ള ശ്രമങ്ങൾക്ക്‌ അപൂർണത ഒരു വിലങ്ങുതടി ആയിത്തീരാറുണ്ട്‌. നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? ഒന്നാമത്‌ നമ്മുടെ സഹോദരങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കുന്നതിനുവേണ്ടി നമുക്കു പ്രാർഥിക്കാൻ സാധിക്കും. തന്റെ ദാസന്മാർ സ്‌നേഹത്തിൽ ഒത്തുപോകണം എന്നത്‌ ദൈവത്തിന്റെ ഇഷ്ടമാണ്‌, അതിനു വേണ്ടിയുള്ള ആത്മാർഥമായ പ്രാർഥനകൾക്ക്‌ അവൻ ഉത്തരം നൽകും. (1 യോഹന്നാൻ 4:⁠20, 21; 5:⁠14, 15) പ്രാർഥനയ്‌ക്കു ചേർച്ചയിൽ നാം പ്രവർത്തിക്കുകയും വേണം. പൂർവാഫ്രിക്കയിൽ ഒരു സഞ്ചാര ശുശ്രൂഷകനായ റിക്‌, തനിക്ക്‌ ഒത്തുപോകാൻ പ്രയാസം തോന്നിയ പരുക്കൻ സ്വഭാവമുള്ള ഒരു സഹോദരനെ അനുസ്‌മരിക്കുന്നു. “ആ സഹോദരനെ ഒഴിവാക്കുന്നതിനു പകരം അദ്ദേഹത്തെ കുറിച്ചു കൂടുതൽ അറിയാൻ ഞാൻ നിശ്ചയിച്ചു,” റിക്‌ വിശദീകരിക്കുന്നു. “സഹോദരന്റെ പിതാവ്‌ വളരെ കർക്കശസ്വഭാവമുള്ള വ്യക്തിയായിരുന്നു. അതിനു തന്റെ മേലുള്ള ഫലത്തെ അതിജീവിക്കാൻ അദ്ദേഹം എത്രത്തോളം ബുദ്ധിമുട്ടിയിരുന്നുവെന്നും അതിൽ എത്രത്തോളം പുരോഗതി വരുത്തിയിരിക്കുന്നു എന്നും തിരിച്ചറിഞ്ഞപ്പോൾ, എനിക്ക്‌ അദ്ദേഹത്തോടു മതിപ്പു തോന്നി. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിത്തീർന്നു.”​—⁠1 പത്രൊസ്‌ 4:⁠8.

നിങ്ങളുടെ ഹൃദയം തുറക്കുക!

11. (എ) സഭയിൽ പരസ്‌പരം ആർദ്രപ്രിയം വളരാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? (ബി) വൈകാരികമായി മറ്റുള്ളവരിൽനിന്ന്‌ അകന്നു നിൽക്കുന്നത്‌ ആത്മീയമായി ഹാനികരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 ഇന്ന്‌ പല ആളുകളും മറ്റുള്ളവരുമായി അടുത്ത സൗഹൃദം വളർത്തിയെടുക്കാൻ ഒട്ടുംതന്നെ ശ്രമിക്കുന്നില്ല. എത്ര സങ്കടകരം! ക്രിസ്‌തീയ സഭയിലെ അവസ്ഥ അങ്ങനെ ആയിരിക്കേണ്ടതില്ല, ആയിരിക്കാൻ പാടില്ല. കേവലം മര്യാദയോടെ സംസാരിക്കുന്നതോ ആചാരമര്യാദകൾ കാണിക്കുന്നതോ അമിതമായ വൈകാരിക പ്രകടനങ്ങൾ നടത്തുന്നതോ അല്ല യഥാർഥ സഹോദര സ്‌നേഹം. മറിച്ച്‌ കൊരിന്ത്യരോടു പൗലൊസ്‌ ചെയ്‌തതു പോലെ, നമ്മുടെ ഹൃദയം തുറക്കാൻ നാം തയ്യാറാകണം. സഹവിശ്വാസികളുടെ ക്ഷേമത്തിൽ നാം യഥാർഥ താത്‌പര്യം ഉള്ളവരാണെന്ന്‌ അവർക്കു കാണിച്ചുകൊടുക്കുക. എല്ലാവരും പ്രകൃത്യാ സഹവാസത്തോട്‌ ആഭിമുഖ്യമുള്ളവരും സംസാരപ്രിയരും അല്ലെങ്കിലും ഒരു പരിധിവിട്ട്‌ ഉൾവലിയുന്നതു ദോഷകരമാണ്‌. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 18:⁠1.

12. സഭയിൽ അടുത്ത ബന്ധങ്ങൾ ഉണ്ടാകാൻ നല്ല ആശയവിനിമയം അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 യഥാർഥ സൗഹൃദത്തിന്‌ അടിസ്ഥാനപരമായി ആവശ്യമായ ഒന്നാണ്‌ സത്യസന്ധമായ ആശയവിനിമയം. (യോഹന്നാൻ 15:⁠15) നമ്മുടെ ഹൃദയത്തിലെ ചിന്തകളും വികാരങ്ങളും തുറന്നു പറയാൻ, ആശ്രയയോഗ്യരായ സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്‌. മാത്രമല്ല, നാം ഒരാളെ എത്രത്തോളം അടുത്തറിയുന്നുവോ അത്രത്തോളം അയാളുടെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്താൻ നമുക്കു സാധിക്കും. ഈ വിധത്തിൽ മറ്റുള്ളവരുടെ താത്‌പര്യങ്ങൾക്കു പരിഗണന നൽകുമ്പോൾ നാം സഭയിൽ ആർദ്രപ്രിയം വളരാൻ സഹായിക്കുകയായിരിക്കും, മാത്രമല്ല യേശുവിന്റെ വാക്കുകളുടെ സത്യത നാം അനുഭവിക്കുകയും ചെയ്യും: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം [“സന്തോഷം,” NW].”​—⁠പ്രവൃത്തികൾ 20:⁠35; ഫിലിപ്പിയർ 2:⁠1-4.

13. നമ്മുടെ സഹോദരങ്ങളോട്‌ ആർദ്രപ്രിയം ഉണ്ടെന്നു പ്രകടമാക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

13 നമ്മുടെ ആർദ്രപ്രിയം ഏറ്റവും പ്രയോജനകരം ആയിത്തീരുന്നതിന്‌ നാം അതു പ്രകടിപ്പിക്കേണ്ടതുണ്ട്‌. (സദൃശവാക്യങ്ങൾ 27:⁠5) അതു യഥാർഥമായിരിക്കുമ്പോൾ നമ്മുടെ മുഖത്തു പ്രതിഫലിക്കുകയും പ്രതികരിക്കാൻ മറ്റുള്ളവരുടെ ഹൃദയത്തെ പ്രേരിപ്പിക്കുകയും ചെയ്യും. “കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു,” ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 15:⁠30) ചിന്താപൂർവകമായ പ്രവൃത്തികളും ആർദ്രപ്രിയത്തെ ഉന്നമിപ്പിക്കുന്നു. ആർദ്രപ്രിയം വിലയ്‌ക്കു വാങ്ങാൻ കഴിയില്ലെങ്കിലും ഹൃദയപൂർവം വാങ്ങിക്കൊടുക്കുന്ന ഒരു സമ്മാനം വളരെ അർഥവത്തായിരിക്കും. ഒരു ആശംസാകാർഡ്‌, ഒരു കത്ത്‌, ‘തക്കസമയത്തു പറയുന്ന ഒരു വാക്ക്‌’ എന്നിവയ്‌ക്കെല്ലാം ആഴമായ ആർദ്രപ്രിയം പ്രകടിപ്പിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 25:⁠11; 27:⁠9) ഒരിക്കൽ മറ്റുള്ളവരുടെ സൗഹൃദം നേടിക്കഴിഞ്ഞാൽ നിസ്സ്വാർഥമായ ആർദ്രപ്രിയം കാണിച്ചുകൊണ്ട്‌ നാം അതു നിലനിറുത്തണം. വിശേഷിച്ച്‌ അവശ്യ സമയങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്തിന്‌ എത്താൻ നാം ആഗ്രഹിക്കണം. ബൈബിൾ ഇങ്ങനെ പറയുന്നു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.”​—⁠സദൃശവാക്യങ്ങൾ 17:⁠17.

14. നമ്മൾ കാണിക്കുന്ന ആർദ്രപ്രിയത്തോടു ചിലർ പ്രതികരിക്കുന്നില്ലെങ്കിൽ എന്തു ചെയ്യണം?

14 എന്നിരുന്നാലും നാം ഓർത്തിരിക്കേണ്ട ഒരു വസ്‌തുതയുണ്ട്‌. സഭയിലെ എല്ലാവർക്കും എല്ലാവരുമായും ഒരുപോലെ അടുക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരു വ്യക്തിക്ക്‌ ചിലരോട്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതൽ അടുപ്പം ഉണ്ടായിരുന്നേക്കാം, അതു സ്വാഭാവികമാണ്‌. അതുകൊണ്ട്‌, ഒരാൾ നിങ്ങളോട്‌ പ്രതീക്ഷിക്കുന്നത്ര അളവിൽ അടുക്കുന്നില്ല എന്നതിനാൽ നിങ്ങൾക്കോ അയാൾക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ട്‌ എന്ന്‌ പെട്ടെന്നൊരു നിഗമനത്തിൽ എത്തിച്ചേരരുത്‌. മാത്രമല്ല കൂടുതൽ അടുക്കുന്നതിന്‌ അയാളെ നിർബന്ധിക്കുകയും അരുത്‌. ആ വ്യക്തി അനുവദിക്കുന്നിടത്തോളം മാത്രം സൗഹൃദം പ്രകടിപ്പിക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഭാവിയിൽ കൂടുതൽ അടുപ്പമുള്ള ഒരു ബന്ധത്തിനു വാതിൽ തുറന്നിടുകയായിരിക്കും.

“നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”

15. അഭിനന്ദിക്കുന്നതും അഭിനന്ദിക്കാതിരിക്കുന്നതും മറ്റുള്ളവരിൽ എന്തു ഫലം ഉളവാക്കുന്നു?

15 സ്‌നാപനമേൽക്കുന്ന അവസരത്തിൽ യേശു, “നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന്‌ സ്വർഗത്തിൽനിന്ന്‌ ഒരു ശബ്ദം കേട്ടു. അപ്പോൾ അവന്‌ എത്ര ആനന്ദം തോന്നിയിരിക്കണം! (മർക്കൊസ്‌ 1:⁠11) അംഗീകാരത്തിന്റെ ആ വാക്കുകൾ, തന്റെ പിതാവിന്‌ തന്നോട്‌ ആർദ്രപ്രിയം ഉണ്ടെന്നുള്ള യേശുവിന്റെ ബോധ്യത്തെ ഊട്ടിയുറപ്പിച്ചിരിക്കണം. (യോഹന്നാൻ 5:⁠20) സങ്കടകരമെന്നു പറയട്ടെ, ചിലർക്ക്‌ തങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരിൽനിന്ന്‌ അഭിനന്ദനത്തിന്റെ വാക്കുകൾ കേൾക്കാൻ ഒരിക്കലും കഴിയുന്നില്ല. “എന്നെപ്പോലെയുള്ള പല ചെറുപ്പക്കാർക്കും ക്രിസ്‌തീയ വിശ്വാസം പങ്കുവെക്കുന്ന കുടുംബാംഗങ്ങൾ ഇല്ല,” ആൻ പറയുന്നു. “വീട്ടിൽ വിമർശനം മാത്രമേ കേൾക്കാനുള്ളൂ. ഇത്‌ ഞങ്ങളെ വളരെ ദുഃഖിപ്പിക്കുന്നു.” എന്നാൽ സഭയുടെ ഭാഗമായിത്തീരുമ്പോൾ അവർ, വിശ്വാസത്തിലുള്ള പിതാക്കന്മാരും മാതാക്കളും സഹോദരീസഹോദരന്മാരും അടങ്ങുന്ന, പിന്തുണയും കരുതലും പ്രകടമാക്കുന്ന ആത്മീയ കുടുംബത്തിന്റെ ഊഷ്‌മളത അനുഭവിക്കുന്നു.​—⁠മർക്കൊസ്‌ 10:⁠29, 30; ഗലാത്യർ 6:⁠10.

16. മറ്റുള്ളവരോടുള്ള ബന്ധത്തിൽ വിമർശനാത്മക മനോഭാവം പ്രകടിപ്പിക്കുന്നതു സഹായകമല്ലാത്തത്‌ എന്തുകൊണ്ട്‌?

16 ചില സംസ്‌കാരങ്ങളിൽ മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും, കുട്ടികളെ വിരളമായി മാത്രമേ അഭിനന്ദിക്കാറുള്ളൂ. അവർ പ്രയത്‌ന ശീലം കൈവെടിയുകയോ അഹങ്കാരികളായി തീരുകയോ ചെയ്യും എന്ന ചിന്തയാണ്‌ അതിനു പിന്നിൽ. അത്തരം ചിന്ത ക്രിസ്‌തീയ കുടുംബങ്ങളെയും സഭയെയും പോലും പിടികൂടിയേക്കാം. ഒരു യുവവ്യക്തി ഒരു പ്രസംഗമോ മറ്റോ നടത്തിക്കഴിയുമ്പോൾ മുതിർന്നവർ ഇങ്ങനെ പറഞ്ഞേക്കാം: “വലിയ കുഴപ്പമില്ലായിരുന്നു. എന്നാലും അത്‌ കുറച്ചു കൂടെ മെച്ചമായി ചെയ്യാൻ കഴിയുമായിരുന്നു!” അതുമല്ലെങ്കിൽ മറ്റ്‌ ഏതെങ്കിലും വിധത്തിൽ അവർ ആ വ്യക്തിയോടുള്ള അതൃപ്‌തി പ്രകടിപ്പിച്ചെന്നുപോലും വരാം. അങ്ങനെ ചെയ്യുന്നതിലൂടെ, കഴിവിന്റെ പരമാവധി ചെയ്യാൻ യുവപ്രായക്കാരെ പ്രചോദിപ്പിക്കുകയാണു തങ്ങൾ എന്ന്‌ അനേകർ വിചാരിക്കുന്നു. പക്ഷേ, പലപ്പോഴും ഈ സമീപനത്തിനു വിപരീത ഫലമാണ്‌ ഉണ്ടാകാറുള്ളത്‌. മിക്കപ്പോഴും യുവപ്രായക്കാർ, തങ്ങൾക്ക്‌ ഇതു സാധിക്കുകയില്ല എന്നു വിചാരിച്ച്‌ ശ്രമം ഉപേക്ഷിക്കുന്നു.

17. മറ്റുള്ളവരെ അഭിനന്ദിക്കാൻ നാം അവസരങ്ങൾ തേടേണ്ടത്‌ എന്തുകൊണ്ട്‌?

17 എന്നാൽ അഭിനന്ദനം, ബുദ്ധിയുപദേശം കൊടുക്കുന്നതിന്‌ ആമുഖമായി മാത്രം ഉപയോഗിക്കരുത്‌. ആത്മാർഥമായ അഭിനന്ദനം കുടുംബത്തിലും സഭയിലും ആർദ്രപ്രിയം ഉന്നമിപ്പിക്കുന്നതുകൊണ്ട്‌, പരിചയസമ്പന്നരായ സഹോദരീസഹോദരന്മാരിൽനിന്ന്‌ ഉപദേശം തേടാൻ അത്‌ യുവവ്യക്തികളെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ട്‌ മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ സാമൂഹിക സംസ്‌കാരത്തെ അനുവദിക്കുന്നതിനു പകരം, “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” യഹോവ അഭിനന്ദിക്കുന്നതു പോലെ അഭിനന്ദിക്കുക.​—⁠എഫെസ്യർ 4:⁠24.

18. (എ) മുതിർന്നവർ നൽകുന്ന ബുദ്ധിയുപദേശത്തെ യുവപ്രായക്കാർ എങ്ങനെ വീക്ഷിക്കണം? (ബി) ബുദ്ധിയുപദേശം നൽകുന്ന വിധം സംബന്ധിച്ച്‌ മുതിർന്നവർ ശ്രദ്ധയുള്ളവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 അതേസമയം, മുതിർന്നവർ തിരുത്തലും ഉപദേശവും നൽകുന്നത്‌ അവർക്കു തങ്ങളോട്‌ അപ്രീതി ഉള്ളതുകൊണ്ടാണ്‌ എന്നു യുവപ്രായക്കാർ നിഗമനം ചെയ്യരുത്‌. (സഭാപ്രസംഗി 7:⁠9) നേർ വിപരീതമാണു വസ്‌തുത! നിങ്ങളോട്‌ അവർക്ക്‌ ആത്മാർഥമായ താത്‌പര്യവും ആഴമായ ആർദ്രപ്രിയവും ഉള്ളതുകൊണ്ടാണ്‌ സാധ്യതയനുസരിച്ച്‌ അവർ നിങ്ങൾക്ക്‌ ഉപദേശം നൽകുന്നത്‌. അല്ലെങ്കിൽ നിങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചു സംസാരിക്കാൻ അവർ എന്തിനു ശ്രമം ചെയ്യണം? വാക്കുകൾക്കു മറ്റുള്ളവരുടെമേൽ ചെലുത്താൻ കഴിയുന്ന പ്രഭാവം അറിയാവുന്നതുകൊണ്ട്‌ മുതിർന്നവർ, പ്രത്യേകിച്ച്‌ സഭാമൂപ്പന്മാർ, മിക്കപ്പോഴും ബുദ്ധിയുപദേശം കൊടുക്കുന്നതിനു മുമ്പ്‌ ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്‌തുകൊണ്ട്‌ ധാരാളം സമയം ചെലവഴിക്കുന്നു, തങ്ങളുടെ വാക്കുകൾ നന്മ മാത്രം ഉളവാക്കാൻ അവർ ആഗ്രഹിക്കുന്നതിനാലാണ്‌ ഇത്‌.​—⁠1 പത്രൊസ്‌ 5:⁠5.

‘യഹോവ പ്രീതിയിൽ വളരെ ആർദ്രത ഉള്ളവൻ’

19. നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർക്ക്‌ പിന്തുണയ്‌ക്കായി യഹോവയിലേക്കു നോക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

19 മുമ്പ്‌ ഉണ്ടായിട്ടുള്ള അസുഖകരമായ അനുഭവങ്ങൾ, ആർദ്രപ്രിയം പ്രകടിപ്പിക്കുന്നതു കൂടുതൽ നിരാശയിലേക്കു മാത്രമേ നയിക്കൂ എന്ന തോന്നൽ ചിലരിൽ ഉളവാക്കിയിരിക്കാം. ഒരിക്കൽക്കൂടി മറ്റുള്ളവരുടെ മുമ്പാകെ ഹൃദയം തുറക്കാൻ അത്തരക്കാർക്കു ധൈര്യവും ശക്തമായ വിശ്വാസവും ആവശ്യമാണ്‌. എന്നാൽ യഹോവ “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നത്‌ അവർ മറന്നുകളയരുത്‌. അവനോട്‌ അടുത്തു ചെല്ലാൻ അവൻ നമ്മെ ക്ഷണിക്കുന്നു. (പ്രവൃത്തികൾ 17:⁠27; യാക്കോബ്‌ 4:⁠8) മുറിപ്പെടുന്നതു സംബന്ധിച്ച നമ്മുടെ ഭയം അവനറിയാം, നമ്മോടൊപ്പം നിൽക്കുമെന്നും നമ്മെ സഹായിക്കുമെന്നും അവൻ വാഗ്‌ദാനം ചെയ്യുന്നു. സങ്കീർത്തനക്കാരനായ ദാവീദ്‌ നമ്മെ ധൈര്യപ്പെടുത്തുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”​—⁠സങ്കീർത്തനം 34:⁠18.

20, 21. (എ) യഹോവയുമായി അടുത്ത ബന്ധം സാധ്യമാണ്‌ എന്നു നമുക്ക്‌ എങ്ങനെ അറിയാം? (ബി) യഹോവയുമായി ഉറ്റ ബന്ധം ആസ്വദിക്കുന്നതിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

20 യഹോവയുമായുള്ള അടുത്ത സൗഹൃദമാണ്‌ നമുക്കു നട്ടുവളർത്താൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ബന്ധം. എന്നാൽ അത്തരമൊരു ബന്ധം യഥാർഥത്തിൽ സാധ്യമാണോ? അതേ, സാധ്യമാണ്‌. നീതിനിഷ്‌ഠരായ സ്‌ത്രീപുരുഷന്മാർക്ക്‌ യഹോവയോട്‌ എത്രമാത്രം അടുപ്പം തോന്നി എന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. അവരുടെ ഊഷ്‌മളമായ വാക്കുകൾ, നമുക്കും യഹോവയോട്‌ അടുത്തു ചെല്ലാൻ കഴിയും എന്ന ഉറപ്പു നൽകുന്നതിനായി രേഖപ്പെടുത്തിയിരിക്കുന്നു.​—⁠സങ്കീർത്തനം 23, 34, 139; യോഹന്നാൻ 16:⁠27; റോമർ 15:⁠4.

21 യഹോവയുമായി ഉറ്റ ബന്ധം പുലർത്തുന്നതിനുള്ള വ്യവസ്ഥകൾ ഏവരുടെയും എത്തുപാടിലാണ്‌. “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും,” ദാവീദ്‌ ചോദിക്കുന്നു. “നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.” (സങ്കീർത്തനം 15:⁠1, 2; 25:⁠14) ദൈവത്തെ സേവിക്കുന്നത്‌ നല്ല ഫലം ഉളവാക്കുകയും അവന്റെ മാർഗനിർദേശവും സംരക്ഷണവും നേടിത്തരികയും ചെയ്യുന്നതു കാണുമ്പോൾ “യഹോവ പ്രീതിയിൽ വളരെ ആർദ്രതയു”ള്ളവനാണ്‌ എന്നു നാം തിരിച്ചറിയും.​—⁠യാക്കോബ്‌ 5:⁠11, NW.

22. തന്റെ ജനം ഏതു തരത്തിലുള്ള ബന്ധം ആസ്വദിക്കാനാണു യഹോവ ആഗ്രഹിക്കുന്നത്‌?

22 അപൂർണ മനുഷ്യരുമായി അത്തമൊരു വ്യക്തിപരമായ ബന്ധം യഹോവ ആഗ്രഹിക്കുന്നതിനാൽ നാം എത്ര അനുഗൃഹീതരാണ്‌! അപ്പോൾ നാം പരസ്‌പരം ആർദ്രപ്രിയം പ്രകടമാക്കേണ്ടതല്ലേ? യഹോവയുടെ സഹായത്താൽ നമുക്ക്‌ ഓരോരുത്തർക്കും, നമ്മുടെ ക്രിസ്‌തീയ സഹോദരവർഗത്തിന്റെ സവിശേഷതയായ ആർദ്രപ്രിയം ആസ്വദിക്കാനും അതിനു സംഭാവന ചെയ്യാനും കഴിയും. ദൈവരാജ്യത്തിൻകീഴിൽ ഭൂമിയിലുള്ള എല്ലാവർക്കും ഈ ഗുണം എന്നേക്കും അനുഭവവേദ്യമായിരിക്കും.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ക്രിസ്‌തീയ സഭയിൽ ഏതു തരത്തിലുള്ള അന്തരീക്ഷമാണ്‌ ഉണ്ടായിരിക്കേണ്ടത്‌?

• സഭയിൽ ആർദ്രപ്രിയം ഉണ്ടായിരിക്കുന്നതിന്‌ നമുക്ക്‌ ഓരോരുത്തർക്കും സംഭാവന ചെയ്യാൻ കഴിയുന്നത്‌ എങ്ങനെ?

• ആത്മാർഥമായ അഭിനന്ദനം ക്രിസ്‌തീയ പ്രിയത്തെ ഉന്നമിപ്പിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ ആർദ്രപ്രിയം നമ്മെ പിന്തുണയ്‌ക്കുകയും താങ്ങുകയും ചെയ്യുന്നത്‌ ഏതു വിധത്തിൽ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികളുടെ ഇടയിലെ സ്‌നേഹം, കേവലം കടപ്പാടിന്റെ പേരിലുള്ളത്‌ അല്ല

[16, 17 പേജുകളിലെ ചിത്രങ്ങൾ]

പ്രിയം കാണിക്കുന്നതിൽ നിങ്ങൾക്ക്‌ “വിശാലതയുള്ള”വരാകാൻ കഴിയുമോ?

[18-ാം പേജിലെ ചിത്രം]

നിങ്ങൾ വിമർശിക്കുന്നവരാണോ, അതോ പ്രോത്സാഹിപ്പിക്കുന്നവരാണോ?