വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലഭിക്കുമെന്ന്‌ ഉറപ്പുള്ള ഒരു അവകാശം

ലഭിക്കുമെന്ന്‌ ഉറപ്പുള്ള ഒരു അവകാശം

ലഭിക്കുമെന്ന്‌ ഉറപ്പുള്ള ഒരു അവകാശം

“ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ലാത്ത ഒരു സ്വത്ത്‌ നിങ്ങളെ കാത്തിരിക്കുന്നു എന്നു പറഞ്ഞ്‌ ആരിൽനിന്നെങ്കിലും ഒരു അറിയിപ്പു ലഭിക്കുന്നെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ സമർഥനായ ഒരു തട്ടിപ്പുകാരന്റെ കെണിയിൽ പെടാനിടയുണ്ട്‌.”

ഐക്യനാടുകളുടെ പോസ്റ്റൽ ഇൻസ്‌പെക്‌ഷൻ സർവീസ്‌ അതിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഒരു മുന്നറിയിപ്പാണിത്‌. ഇങ്ങനെയൊരു മുന്നറിയിപ്പിനു കാരണം? ‘നിങ്ങളുടെ സ്വന്തത്തിലുള്ള ഒരാൾ മരിച്ചുപോയി, അദ്ദേഹം നിങ്ങൾക്കൊരു അവകാശം വെച്ചിട്ടുണ്ട്‌’ എന്നു പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം ആയിരക്കണക്കിന്‌ ആളുകൾക്കു ലഭിക്കാനിടയായി. ഈ വിവരം കിട്ടിയപ്പോൾ, അവകാശം എവിടെയാണ്‌, അത്‌ കിട്ടാൻ എന്തു ചെയ്യണം എന്നിവ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അനേകരും മുപ്പതോ അതിൽ കൂടുതലോ ഡോളർ അറിയിപ്പു നൽകിയ വ്യക്തിക്ക്‌ ഫീസായി അയച്ചുകൊടുക്കുകയും ചെയ്‌തു. അവർക്കെല്ലാം പിന്നീട്‌ നിരാശപ്പെടേണ്ടിവന്നു. കാരണം കത്തിനോടു പ്രതികരിച്ചവർക്കെല്ലാം ലഭിച്ചത്‌ ഒരേ റിപ്പോർട്ടാണ്‌, അവരിൽ ആർക്കും അങ്ങനെയൊരു സ്വത്ത്‌ അവകാശമായി ലഭിക്കുകയില്ലെന്നു തെളിഞ്ഞു.

ഇത്തരം ചതിപ്രയോഗങ്ങൾ, എന്തെങ്കിലും ഒരു അവകാശം ലഭിക്കാനുള്ള മനുഷ്യന്റെ സ്വാഭാവിക വാഞ്‌ഛയെ മുതലെടുത്തുകൊണ്ടുള്ളതാണ്‌. എന്നാൽ അവകാശം നൽകുന്നവരെ ബൈബിൾ അംഗീകരിച്ചു സംസാരിക്കുന്നുണ്ട്‌. അത്‌ ഇങ്ങനെ പറയുന്നു: “ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു.” (സദൃശവാക്യങ്ങൾ 13:22) യേശുക്രിസ്‌തുതന്നെ ഇതേ കുറിച്ച്‌ സംസാരിക്കുകയുണ്ടായി. അവന്റെ ഗിരിപ്രഭാഷണത്തിലെ പ്രസിദ്ധവും പ്രിയങ്കരവുമായ ഒരു പ്രസ്‌താവന ശ്രദ്ധിക്കുക: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.”​—⁠മത്തായി 5:⁠5.

യേശുവിന്റെ ഈ പ്രസ്‌താവന, നൂറ്റാണ്ടുകൾക്കുമുമ്പ്‌ പുരാതന ഇസ്രായേലിലെ ദാവീദു രാജാവ്‌ നിശ്വസ്‌തതയിൽ എഴുതിയ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. അവൻ എഴുതി: “എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”​—⁠സങ്കീർത്തനം 37:​11, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം.

“ഭൂമിയെ അവകാശമാക്കും”​—⁠എത്ര ഉജ്ജ്വലമായ പ്രത്യാശ! അല്ലേ? എന്നാൽ ഇത്‌ ആളുകളെ കബളിപ്പിക്കാൻ ആസൂത്രണം ചെയ്‌ത മറ്റൊരു പ്രസ്‌താവന അല്ലെന്ന്‌ നമുക്ക്‌ ഉറപ്പിക്കാൻ കഴിയുമോ? തീർച്ചയായും. കാരണം യഹോവയുടെ വിസ്‌മയകരമായ സൃഷ്ടിക്രിയകളുടെ ഭാഗമാണ്‌ ഈ ഭൂമി. അതിന്റെ നിർമാതാവും ഉടമസ്ഥനും എന്നനിലയ്‌ക്ക്‌ താൻ തിരഞ്ഞെടുക്കുന്ന ആർക്കും അത്‌ അവകാശമായി നൽകാൻ അവന്‌ നിയമപരമായ അധികാരമുണ്ട്‌. ദൈവം തന്റെ പ്രിയപുത്രനായ യേശുക്രിസ്‌തുവിന്‌ ദാവീദു രാജാവിലൂടെ നൽകിയ പിൻവരുന്ന പ്രാവചനിക വാഗ്‌ദാനം ശ്രദ്ധിക്കുക: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും.” (സങ്കീർത്തനം 2:8) ഈ കാരണത്താലാണ്‌ യേശുക്രിസ്‌തുവിനെ ‘[ദൈവം] സകലത്തിന്നും അവകാശിയാക്കി വെച്ചവൻ’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പരാമർശിച്ചത്‌. (എബ്രായർ 1:2) അതുകൊണ്ട്‌ സൗമ്യതയുള്ളവർ “ഭൂമിയെ അവകാശമാക്കും” എന്ന യേശുവിന്റെ പ്രസ്‌താവനയിൽ നമുക്ക്‌ പൂർണ ഉറപ്പുണ്ടായിരിക്കാനാകും, അവൻ അങ്ങനെ പറഞ്ഞത്‌ ശുദ്ധമായ ആന്തരത്തോടെയാണ്‌, മാത്രമല്ല അവനു തന്റെ വാഗ്‌ദാനം നിവർത്തിക്കാനുള്ള അധികാരവുമുണ്ട്‌.​—⁠മത്തായി 28:18.

എന്നാൽ, ഈ വാഗ്‌ദാനം എങ്ങനെ നിറവേറും എന്നുള്ളതാണ്‌ ചോദ്യം. നമുക്കു ചുറ്റുമൊന്നു കണ്ണോടിച്ചാൽ കൈയൂക്കുള്ളവർക്കും അഹങ്കാരികൾക്കുമാണ്‌ എവിടെയും ഉന്നതി. അവർ തങ്ങൾക്ക്‌ ആവശ്യമുള്ളതെല്ലാം കൈവശപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ സൗമ്യതയുള്ളവന്റെ ഗതിയോ? മാത്രമല്ല, മലിനീകരണം ഈ ഭൂഗ്രഹത്തെ രോഗാതുരയാക്കിയിരിക്കുന്നു. അത്യാഗ്രഹികളും ദീർഘവീക്ഷണമില്ലാത്തവരും ഭൂമിയുടെ സ്രോതസ്സുകളെ ഊറ്റി പിഴിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അപ്പോൾ, അവകാശമാക്കാൻ പറ്റിയ അവസ്ഥയിൽ ഈ ഭൂമി ഇവിടെ ഉണ്ടായിരിക്കുമോ? ഇതിനും മറ്റു ചില പ്രധാന ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായി അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[3-ാം പേജിലെ ചിത്രം]

യഥാർഥ അവകാശം ലഭിക്കുന്നവരുടെ നിരയിലാണോ നിങ്ങൾ?