വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“തികഞ്ഞ [അഥവാ പൂർണതയുള്ള] സ്‌നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു” എന്ന്‌ എഴുതിയപ്പോൾ “തികഞ്ഞ സ്‌നേഹം” എന്നതുകൊണ്ട്‌ അപ്പൊസ്‌തലനായ യോഹന്നാൻ എന്താണ്‌ അർഥമാക്കിയത്‌, എന്തു “ഭയ”മാണ്‌ പുറത്താക്കപ്പെടുന്നത്‌?

അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “സ്‌നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്‌നേഹം, ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്‌നേഹത്തിൽ തികഞ്ഞവനല്ല.”​—⁠1 യോഹന്നാൻ 4:⁠18.

യോഹന്നാൻ സംസാര സ്വാതന്ത്ര്യത്തെ കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു എന്നാണു സന്ദർഭം കാണിക്കുന്നത്‌, വിശേഷിച്ച്‌ ദൈവത്തോടുള്ള സ്‌നേഹവും അവനോടുള്ള സംസാര സ്വാതന്ത്ര്യവും സംബന്ധിച്ച്‌. 17-ാം വാക്യത്തിൽനിന്ന്‌ ഇതു വ്യക്തമാണ്‌: “ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം [“സംസാര സ്വാതന്ത്ര്യം,” NW] ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്‌നേഹം നമ്മോടു തികഞ്ഞിരിക്കുന്നു.” പ്രാർഥിക്കുമ്പോൾ ഒരു ക്രിസ്‌ത്യാനിക്ക്‌ തോന്നുന്ന സംസാര സ്വാതന്ത്ര്യം, ദൈവത്തോട്‌ അയാൾക്ക്‌ എത്രത്തോളം സ്‌നേഹമുണ്ട്‌ എന്നതിനെയും ദൈവത്തിൽനിന്നുള്ള സ്‌നേഹം അയാൾക്ക്‌ എത്രത്തോളം അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്‌ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

“തികഞ്ഞ സ്‌നേഹം” എന്ന പ്രയോഗം തികച്ചും അർഥവത്താണ്‌. ബൈബിളിൽ “തികഞ്ഞ” അഥവാ പൂർണമായ എന്ന പദം എല്ലായ്‌പോഴും പരമമായ, സമ്പൂർണമായ എന്ന അർഥത്തിൽ അല്ല ഉപയോഗിച്ചിട്ടുള്ളത്‌, മറിച്ച്‌ പലപ്പോഴും ആപേക്ഷികമായ അർഥത്തിലാണ്‌. ഉദാഹരണത്തിന്‌ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞു: “നിങ്ങളുടെ സ്വർഗീയ പിതാവ്‌ സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ.” തന്റെ അനുഗാമികൾ, തങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എങ്കിൽ അവരുടെ സ്‌നേഹം അപൂർണവും ന്യൂനതയുള്ളതും വികലവും ആയിരിക്കും എന്ന്‌ യേശു അവരോടു പറയുകയായിരുന്നു. അവരുടെ സ്‌നേഹം, ശത്രുക്കളെ പോലും ഉൾപ്പെടുത്തുംവിധം കുറവില്ലാത്തത്‌ അഥവാ തികവുള്ളത്‌ ആക്കിത്തീർക്കണമായിരുന്നു. സമാനമായി “തികഞ്ഞ സ്‌നേഹ”ത്തെ കുറിച്ച്‌ എഴുതിയപ്പോൾ, മുഴുഹൃദയത്തോടെ ഉള്ളതും പൂർണമായി വികാസം പ്രാപിച്ചതും ഒരുവന്റെ ജീവിതത്തിന്റെ സമസ്‌ത തലങ്ങളെയും സ്‌പർശിക്കുന്നതുമായ ദൈവസ്‌നേഹത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു യോഹന്നാൻ.​—⁠മത്തായി 5:⁠46-48; 19:⁠20, 21.

പ്രാർഥനയിൽ ദൈവത്തെ സമീപിക്കുമ്പോൾ ഒരു ക്രിസ്‌ത്യാനിക്ക്‌ താൻ പാപിയും അപൂർണനുമാണ്‌ എന്ന തികഞ്ഞ ബോധ്യമുണ്ട്‌. എന്നിരുന്നാലും, ദൈവത്തോടുള്ള തന്റെ സ്‌നേഹവും ദൈവത്തിന്‌ തന്നോടുള്ള സ്‌നേഹവും സംബന്ധിച്ച്‌ അയാൾക്കുള്ള ഗ്രാഹ്യം പൂർണമായി വികാസം പ്രാപിച്ചിട്ടുള്ളത്‌ ആണെങ്കിൽ, അപലപനമോ നിരസനമോ സംബന്ധിച്ച ഭയം അയാളെ തടസ്സപ്പെടുത്തുകയില്ല. മറിച്ച്‌ തന്റെ ഹൃദയത്തിലുള്ളതു വെളിപ്പെടുത്തുകയും യേശുക്രിസ്‌തുവിലൂടെ ദൈവം സ്‌നേഹപൂർവം പ്രദാനം ചെയ്‌ത മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മാപ്പിരക്കുകയും ചെയ്യുന്നതിലൂടെ അയാൾ സംസാര സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ദൈവം തന്റെ യാചനകൾ കേൾക്കും എന്ന്‌ അയാൾക്ക്‌ ഉറപ്പു തോന്നുന്നു.

‘സ്‌നേഹത്തിൽ തികഞ്ഞവൻ’ ആകാനും അങ്ങനെ “ഭയത്തെ പുറത്താക്കി”ക്കളയാനും ഒരു വ്യക്തിക്ക്‌ എങ്ങനെ കഴിയും? അപ്പൊസ്‌തലനായ യോഹന്നാൻ പറഞ്ഞു: “ആരെങ്കിലും അവന്റെ [അതായത്‌, ദൈവത്തിന്റെ] വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്‌നേഹം വാസ്‌തവമായി തികഞ്ഞിരിക്കുന്നു.” (1 യോഹന്നാൻ 2:⁠5) ഇതു പരിചിന്തിക്കുക: നാം പാപികൾ ആയിരിക്കുമ്പോൾത്തന്നെ ദൈവം നമ്മെ സ്‌നേഹിച്ചെങ്കിൽ, നാം യഥാർഥത്തിൽ അനുതപിക്കുകയും ഉത്സാഹപൂർവം “അവന്റെ വചനം പ്രമാണിക്കുകയും” ചെയ്യുന്നപക്ഷം അവൻ അതിലേറെ നമ്മെ സ്‌നേഹിക്കുകയില്ലേ? (റോമർ 5:⁠8; 1 യോഹന്നാൻ 4:⁠10) അതേ, നാം വിശ്വസ്‌തരായിരിക്കുന്നിടത്തോളം കാലം അപ്പൊസ്‌തലനായ പൗലൊസിന്‌ ഉണ്ടായിരുന്ന ഉറപ്പ്‌ നമുക്കും ഉണ്ടായിരിക്കാൻ കഴിയും. ദൈവത്തെ കുറിച്ച്‌ അവൻ ഇങ്ങനെ ചോദിക്കുന്നു: “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്‌പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്‌കാതിരിക്കുമോ?”​—⁠റോമർ 8:⁠32.