വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും’​—⁠എങ്ങനെ?

‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും’​—⁠എങ്ങനെ?

‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും’​—⁠എങ്ങനെ?

“‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും’ എന്ന ഹൃദയോഷ്‌മളമായ വാക്കുകൾ ഒരുപക്ഷേ നിങ്ങൾക്കു പരിചിതമായിരിക്കും. എന്നാൽ ഭൂമിയിൽ ആളുകൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണക്കിലെടുത്താൽ സൗമ്യതയുള്ളവർക്ക്‌ ‘അവകാശപ്പെടുത്താനായി’ ഈ ഭൂമിയിൽ എന്തെങ്കിലും അവശേഷിക്കുമോ? നിങ്ങൾ എന്തു വിചാരിക്കുന്നു?”​—⁠മത്തായി 5:5; സങ്കീർത്തനം 37:​11, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം.

യഹോവയുടെ സാക്ഷികളിൽ ഒരാളായ മിരിയാം ഒരു ബൈബിൾ ചർച്ചയ്‌ക്കു തുടക്കമിടാനായി ഒരാളോട്‌ ആ ചോദ്യം ചോദിച്ചു. മറുപടി എന്തായിരുന്നെന്നോ? യേശുവാണ്‌ അങ്ങനെയൊരു വാഗ്‌ദാനം ചെയ്‌തതെങ്കിൽ തീർച്ചയായും, ഭൂമി ഒരു അവകാശം എന്നു വിളിക്കപ്പെടാൻ തക്ക യോഗ്യതയുള്ള ഒന്നായിത്തന്നെ അവശേഷിക്കും. അല്ലാതെ അത്‌ ഒരു ചവറ്റുകൂനയോ വാസയോഗ്യമല്ലാത്ത പാഴ്‌നിലമോ ആയിമാറുകയില്ല.

എത്ര ശുഭാപ്‌തിവിശ്വാസത്തോടെയുള്ള ഉത്തരം, അല്ലേ? എന്നാൽ അത്തരമൊരു ക്രിയാത്മക വീക്ഷണം ഉണ്ടായിരിക്കാൻ തക്ക കാരണം നമുക്കുണ്ടോ? തീർച്ചയായും. ആ വാഗ്‌ദാനം നിറവേറും എന്നുള്ളതിനു ശക്തമായ കാരണം ബൈബിൾ നമുക്കു നൽകുന്നു. വാസ്‌തവത്തിൽ, ആ വാഗ്‌ദാനത്തിന്റെ നിവൃത്തി മനുഷ്യവർഗത്തെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം അവൻ നിവർത്തിക്കും എന്നുള്ളതിന്‌ നമുക്ക്‌ ഉറപ്പു ലഭിച്ചിട്ടുമുണ്ട്‌. (യെശയ്യാവു 55:11) അങ്ങനെയെങ്കിൽ മനുഷ്യവർഗത്തെ കുറിച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം എന്തായിരുന്നു? അതു നിവൃത്തിയേറുന്നത്‌ എങ്ങനെയായിരിക്കും?

ഭൂമിയെ കുറിച്ചുള്ള ദൈവത്തിന്റെ നിത്യോദ്ദേശ്യം

യഹോവയാം ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ ഒരു പ്രത്യേക ഉദ്ദേശ്യത്തിലായിരുന്നു. “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു​—⁠അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ നിർമ്മിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:​—⁠ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശയ്യാവു 45:18) അതേ, ഭൂമി മനുഷ്യവാസത്തിനായി പ്രത്യേകാൽ രൂപകൽപ്പന ചെയ്‌തതായിരുന്നു. മാത്രമല്ല, ഭൂമി മനുഷ്യവർഗത്തിന്റെ നിത്യഭവനമായിരിക്കണം എന്നതും ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. “അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.”​—⁠സങ്കീർത്തനം 104:5; 119:90.

ആദ്യ മനുഷ്യജോടിക്ക്‌ ദൈവം കൊടുത്ത നിയോഗത്തിലും ഭൂമിയെ കുറിച്ചുള്ള അവന്റെ ഉദ്ദേശ്യം വ്യക്തമായി കാണാവുന്നതാണ്‌. ആദാമിനോടും ഹവ്വായോടും യഹോവ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്‌പത്തി 1:28) പരിപാലിക്കാൻ ദൈവം ആദാമിനെയും ഹവ്വായെയും ഏൽപ്പിച്ച ഭൂമി അവരുടെയും അവരുടെ സന്തതികളുടെയും ശാശ്വതഭവനം ആയിരിക്കുമായിരുന്നു. അനേകം നൂറ്റാണ്ടുകൾ കഴിഞ്ഞ്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.”​—⁠സങ്കീർത്തനം 115:16.

ആ ശോഭനഭാവി ആസ്വദിക്കുന്നതിന്‌ ആദാമും ഹവ്വായും, അവരുടെ സന്തതികൾ ഓരോരുത്തരും യഹോവയാം ദൈവത്തെ തങ്ങളുടെ സ്രഷ്ടാവും ജീവദാതാവും പരമാധികാരിയുമായി അംഗീകരിക്കുകയും അവനെ മനസ്സോടെ അനുസരിക്കുകയും ചെയ്യണമായിരുന്നു. ദൈവം ആദാമിന്‌ കൊടുത്ത പിൻവരുന്ന കൽപ്പനയിൽ അതു വ്യക്തമായി പ്രതിഫലിച്ചിരുന്നു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) ഏദെൻതോട്ടത്തിലെ ജീവിതം തുടർന്നും ആസ്വദിക്കുന്നതിന്‌ ആദാമും ഹവ്വായും ദൈവം നൽകിയ വ്യക്തവും സരളവുമായ ആ കൽപ്പന അനുസരിക്കണമായിരുന്നു. സ്വർഗീയ പിതാവ്‌ അവർക്കുവേണ്ടി ചെയ്‌ത എല്ലാറ്റിനോടുമുള്ള നന്ദി പ്രകടനമായിരിക്കുമായിരുന്നു അവരുടെ അനുസരണം.

തങ്ങൾക്കു മുന്നിൽ വെച്ചിരുന്ന കൽപ്പന ലംഘിച്ചുകൊണ്ട്‌ ആദാമും ഹവ്വായും ദൈവത്തോട്‌ മനഃപൂർവം അനുസരണക്കേടു കാണിച്ചു. വാസ്‌തവത്തിൽ അവർ, തങ്ങൾക്കു വേണ്ടിയിരുന്ന സകലതും പ്രദാനം ചെയ്‌തവനു നേരെ പുറം തിരിയുകയായിരുന്നു. (ഉല്‌പത്തി 3:6) ആ അനുസരണക്കേടിന്റെ ഫലമായി മനോഹരമായ ഏദെൻ പറുദീസ അവർക്കു നഷ്ടപ്പെട്ടു. അവർക്കു മാത്രമല്ല അവരുടെ സന്തതികൾക്കും. (റോമർ 5:12) ആദ്യ ദമ്പതികളുടെ അനുസരണക്കേട്‌ ഭൂമി സൃഷ്ടിച്ചപ്പോൾ യഹോവയ്‌ക്കുണ്ടായിരുന്ന ഉദ്ദേശ്യത്തെ തകിടംമറിച്ചോ?

മാറ്റമില്ലാത്ത ഒരു ദൈവം

തന്റെ പ്രവാചകനായ മലാഖി മുഖാന്തരം ദൈവം ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:6) ഈ വാക്യത്തെ കുറിച്ച്‌ ഫ്രഞ്ച്‌ ബൈബിൾ പണ്ഡിതനായ എൽ. ഫിയോൺ പറയുന്നത്‌ ഈ പ്രഖ്യാപനം ദിവ്യോദ്ദേശ്യങ്ങളുടെ നിവൃത്തിയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌. “യഹോവയ്‌ക്ക്‌ മത്സരികളായ മനുഷ്യരെ ഉന്മൂലനം ചെയ്യാൻ കഴിയുമായിരുന്നു” ഫയോൺ എഴുതി. “എന്നാൽ തന്റെ വാഗ്‌ദാനങ്ങളിൽനിന്നു വ്യതിചലിക്കാത്തവനാകയാൽ ഏത്‌ സാഹചര്യത്തിലും, കഴിഞ്ഞകാലത്തു താൻ ചെയ്‌ത വാഗ്‌ദാനങ്ങൾ അവൻ പാലിക്കുകതന്നെ ചെയ്യും.” ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ അത്‌ ഏതെങ്കിലും ഒരു വ്യക്തിയോടായാലും ഒരു രാഷ്‌ട്രത്തോടോ മുഴു മനുഷ്യവർഗത്തോടോ ആയാലും ഒരിക്കലും വിസ്‌മരിക്കപ്പെടുകയില്ല, തക്കസമയത്ത്‌ അവൻ അതു നിറവേറ്റിയിരിക്കും. അതേ, “അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്‌പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.”​—⁠ സങ്കീർത്തനം 105:⁠8.

എങ്കിലും, ഭൂമിയെ സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യത്തിന്‌ യഹോവ ഇന്നും മാറ്റം വരുത്തിയിട്ടില്ലെന്നു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? ഭൂമി അനുസരണമുള്ള മനുഷ്യവർഗത്തിനു കൊടുക്കുന്നതിനെ കുറിച്ചുള്ള ദിവ്യോദ്ദേശ്യം ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളിൽ ഉടനീളം നാം കാണുന്നു. (സങ്കീർത്തനം 25:13; 37:9, 22, 29, 34) മാത്രമല്ല, യഹോവയാൽ അനുഗ്രഹിക്കപ്പെട്ട ഓരോരുത്തരും സുരക്ഷിതമായി “താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല” എന്നു തിരുവെഴുത്തുകൾ വിവരിക്കുന്നു. (മീഖാ 4:4; യെഹെസ്‌കേൽ 34:28) യഹോവയാൽ തിരഞ്ഞെടുക്കപ്പെടുന്നവർ “വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.” വയലിലെ മൃഗങ്ങളുമായിപ്പോലും അവർ സമാധാനം ആസ്വദിക്കും.​—⁠യെശയ്യാവു 11:6-9; 65:21, 25.

ദൈവിക വാഗ്‌ദാനങ്ങളുടെ ഒരു പൂർവവീക്ഷണം ബൈബിൾ മറ്റൊരു തരത്തിൽ നമുക്കു നൽകുന്നു. ശലോമോൻ രാജാവിന്റെ ഭരണകാലത്ത്‌ ഇസ്രായേൽ ജനത സമാധാനവും സമൃദ്ധിയും ആസ്വദിച്ചു. അവന്റെ ഭരണത്തിൻ കീഴിൽ, “യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.” (1 രാജാക്കന്മാർ 4:25) യേശു “ശലോമോനിലും വലിയവൻ” ആണെന്നു ബൈബിൾ പറയുന്നു. യേശുവിന്റെ ഭരണത്തിൻ കീഴിലെ അവസ്ഥകളെ കുറിച്ച്‌ സങ്കീർത്തനക്കാരൻ പ്രാവചനികമായി ഇങ്ങനെ പ്രസ്‌താവിച്ചു: “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.” അന്ന്‌ “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”​—⁠ലൂക്കൊസ്‌ 11:31; സങ്കീർത്തനം 72:7, 16.

യഹോവയാം ദൈവം വാക്കു പാലിക്കുന്നവനാണ്‌. അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ആ അവകാശം കേവലം ലഭ്യമായിരിക്കും എന്നല്ല മറിച്ച്‌ അതിന്റെ സകല മനോഹാരിതയോടുംകൂടെ പുനഃസ്ഥാപിക്കപ്പെടും എന്ന്‌ അവൻ ഉറപ്പാക്കും. വാഗ്‌ദാനം ചെയ്യപ്പെട്ട പുതിയ ലോകത്തെ കുറിച്ചു ബൈബിൾ വെളിപ്പാടു 21:​4, 5-ൽ ഇപ്രകാരം പറയുന്നു: “അവൻ അവരുടെ [ആളുകളുടെ] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” അതേ, ദൈവത്തിന്റെ വാഗ്‌ദാനം നിശ്ചയമായും ഒരു പറുദീസാ ഭൂമിതന്നെ ആയിരിക്കും.​—⁠ലൂക്കൊസ്‌ 23:43.

വാഗ്‌ദാനം ചെയ്യപ്പെട്ട അവകാശത്തിൽ പങ്കാളിയാകാൻ കഴിയുന്ന വിധം

ഭൂമിയെ ഒരു പറുദീസയായി രൂപപ്പെടുത്തുന്ന പ്രക്രിയ സ്വർഗത്തിൽനിന്ന്‌ ആധിപത്യം നടത്തുന്ന ഒരു ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക. യേശുക്രിസ്‌തുവായിരിക്കും അതിന്റെ ഭരണാധിപൻ. (മത്തായി 6:9, 10) ആദ്യംതന്നെ, ആ രാജ്യം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും. (വെളിപ്പാടു 11:18; ദാനീയേൽ 2:44) തുടർന്ന്‌, “സമാധാനപ്രഭു” ആയ യേശുക്രിസ്‌തു പിൻവരുന്ന പ്രാവചനിക വാക്കുകൾ നിവർത്തിക്കും: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.” (യെശയ്യാവു 9:6, 7) ആ രാജ്യത്തിൻ കീഴിൽ, പുനരുത്ഥാനത്തിലൂടെ തിരികെ ജീവനിലേക്കു വരുത്തപ്പെടുന്നവർ ഉൾപ്പെടെ കോടിക്കണക്കിന്‌ ആളുകൾക്ക്‌ ഭൂമിയെ അവകാശമാക്കാനുള്ള അവസരമുണ്ടായിരിക്കും.​—⁠യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.

ആ വിസ്‌മയകരമായ അവകാശം ആസ്വദിക്കുന്നവർ ആരായിരിക്കും? യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) സൗമ്യതയുള്ളവർ അല്ലെങ്കിൽ വിനയമുള്ളവർ ആയിരിക്കുക എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? “സൗമ്യത”യ്‌ക്ക്‌ ശാന്തത, മിതത്വം, വിധേയത്വം, അക്ഷോഭ്യത തുടങ്ങിയ അർഥങ്ങളാണ്‌ നിഘണ്ടുക്കൾ പൊതുവേ നൽകുന്നത്‌. എന്നിരുന്നാലും, ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂല ഗ്രീക്കു പദത്തിന്‌ ഇതിലേറെ അർഥമുണ്ട്‌. ആ വാക്കിൽ “ഒരു പ്രശാന്തതയുണ്ട്‌” എന്ന്‌ വില്യം ബാർക്ലേയുടെ ഒരു പുതിയനിയമ പദഗ്രന്ഥം (ഇംഗ്ലീഷ്‌) പറയുന്നു. എന്നാൽ “ആ പ്രശാന്തതയ്‌ക്ക്‌ പിന്നിൽ ഉള്ളത്‌ ഉരുക്കിന്റെ ശക്തിയാണ്‌.” ഇത്‌ യാതൊരു നീരസവും വെച്ചുപുലർത്താതെ, പകരം വീട്ടണമെന്ന ചിന്തപോലും ഇല്ലാതെ, ദ്രോഹം സഹിക്കാനുള്ള ഒരു വ്യക്തിയുടെ മാനസികഭാവത്തെ കുറിക്കുന്നു. അയാൾക്ക്‌ ഇതു ചെയ്യാൻ കഴിയുന്നത്‌ ദൈവവുമായി ഒരു ഉറ്റ ബന്ധം ഉള്ളതുകൊണ്ടാണ്‌, ആ ബന്ധമാണ്‌ അയാളുടെ സഹനശക്തിയുടെ ഉറവിടം.​—⁠യെശയ്യാവു 12:2; ഫിലിപ്പിയർ 4:13.

സൗമ്യനായ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലും ദൈവിക നിലവാരങ്ങൾ താഴ്‌മയോടെ സ്വീകരിക്കും. തന്റെ സ്വന്തം കാഴ്‌ചപ്പാടുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പിന്തുടരണമെന്ന്‌ അയാൾ ശഠിക്കുകയില്ല. അങ്ങനെയുള്ള ഒരാളെ പഠിപ്പിക്കാൻ എളുപ്പമാണ്‌, അയാൾ യഹോവയാൽ പഠിപ്പിക്കപ്പെടാൻ മനസ്സൊരുക്കമുള്ളവനായിരിക്കും. സങ്കീർത്തനക്കാരനായ ദാവീദ്‌ എഴുതി: “സൌമ്യതയുള്ളവരെ അവൻ [യഹോവ] ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.”​—⁠സങ്കീർത്തനം 25:9; സദൃശവാക്യങ്ങൾ 3:5, 6.

അങ്ങനെയെങ്കിൽ, ഭൂമി അവകാശമാക്കാൻ പോകുന്ന “സൗമ്യരിൽ” ഒരാളായിരിക്കുമോ നിങ്ങൾ? യഹോവയെയും അവന്റെ ഇഷ്ടത്തെയും കുറിച്ച്‌ അടുത്തറിയാനായി ശുഷ്‌കാന്തിയോടെ അവന്റെ വചനം പഠിച്ചുകൊണ്ടും പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തിക്കൊണ്ടും നിങ്ങൾക്കും ആ പറുദീസാ ഭൂമിയിലെ അവകാശത്തിനും അവിടത്തെ നിത്യജീവനും വേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയും.​—⁠യോഹന്നാൻ 17:⁠3.

[5-ാം പേജിലെ ചിത്രം]

ആദ്യ മനുഷ്യജോടിക്ക്‌ ദൈവം കൊടുത്ത നിയോഗത്തിൽ ഭൂമിയെ കുറിച്ചുള്ള അവന്റെ ഉദ്ദേശ്യം വ്യക്തമായി കാണാവുന്നതാണ്‌

[6, 7 പേജുകളിലെ ചിത്രം]

ശലോമോന്റെ ഭരണകാലത്തെ സമാധാനവും സുരക്ഷിതത്വവും, വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അവകാശത്തെ കുറിച്ചുള്ള ഒരു പൂർവവീക്ഷണം നൽകി

[കടപ്പാട്‌]

ആടുകളും പശ്ചാത്തലത്തിലെ കുന്നിൻപുറങ്ങളും: Pictorial Archive (Near Eastern History) Est.; അറേബ്യൻ മാൻ: Hai-Bar, Yotvata, Israel; നിലമുഴുന്ന കർഷകൻ: Garo Nalbandian

[7-ാം പേജിലെ ചിത്രം]

നീതിനിറഞ്ഞ ഒരു പുതിയലോകം തൊട്ടുമുമ്പിലുണ്ട്‌​—⁠നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?