വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ മൂല്യങ്ങൾ പിന്തുടർന്നു പ്രയോജനം നേടുക

ആത്മീയ മൂല്യങ്ങൾ പിന്തുടർന്നു പ്രയോജനം നേടുക

ആത്മീയ മൂല്യങ്ങൾ പിന്തുടർന്നു പ്രയോജനം നേടുക

“ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിവരുന്നില്ല.” ​—⁠സഭാപ്രസംഗി 5:⁠10.

അമിതജോലിക്ക്‌ സമ്മർദം വരുത്തിവെക്കാൻ കഴിയും. സമ്മർദം ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിതെളിച്ചേക്കാം, ചിലപ്പോൾ ജീവഹാനിക്കും. പല ദേശങ്ങളിലും വിവാഹമോചനം കുടുംബ ബന്ധങ്ങളുടെ വേരറുക്കുന്നു. ഭൗതിക വസ്‌തുക്കൾ വാരിക്കൂട്ടാനുള്ള മോഹമാണ്‌ ഒട്ടുമിക്കപ്പോഴും ഈ ദുരന്തങ്ങൾക്കു വിത്തുപാകുന്നത്‌. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാതെ വസ്‌തുവകകൾ വാരിക്കൂട്ടുന്നതിൽ ആമഗ്നനായിരിക്കുന്ന ഒരു വ്യക്തിക്ക്‌ പോരാ പോരാ എന്ന ചിന്തയാണ്‌ എപ്പോഴും. അതിനായി തന്റെ ക്ഷേമത്തെ ബലികഴിക്കേണ്ടിവരുന്നതൊന്നും അയാൾക്കു പ്രശ്‌നമല്ല. ‘അടുത്ത വീട്ടിൽ എന്തൊക്കെ സാധനങ്ങളുണ്ടോ അതൊക്കെ വാങ്ങിക്കൂട്ടുന്നത്‌ ഇന്ന്‌ ആളുകളുടെ ഒരു വിനോദമാണ്‌. എന്നാൽ ജോലിയേ ശരണം എന്ന മട്ടിൽ ജീവിക്കുന്ന ഈ അയൽക്കാരൻ അകാലത്തിലേ ഒരു ഹൃദ്രോഗിയായി മാറിയിരിക്കുന്നു എന്ന വസ്‌തുത അയാളെ അനുകരിക്കുന്നവർ സൗകര്യപൂർവം മറക്കുന്നു’ എന്ന്‌ ഒരു സ്വാശ്രയ പുസ്‌തകം അഭിപ്രായപ്പെടുന്നു.

എത്ര കിട്ടിയാലും മതിവരാത്ത മനോഭാവം, ഒരു വ്യക്തി ആസ്വദിക്കാനിടയുള്ള സകല സന്തോഷവും അയാളിൽനിന്നു കവർന്നു കളയുന്നു. എന്നാൽ ഇക്കാര്യത്തിൽ നമ്മുടെ മാനുഷിക ബലഹീനതയെ മിക്കപ്പോഴും ചൂഷണം ചെയ്യുന്ന അതിശക്തമായ ഒരു സ്വാധീനമുണ്ട്‌​—⁠പരസ്യങ്ങൾ! ടെലിവിഷൻ പരിപാടികളിൽ പരസ്യങ്ങൾ കുത്തിനിറച്ചിരിക്കുകയാണ്‌. നമുക്ക്‌ ആവശ്യമില്ലാത്തതോ നമ്മുടെ കൊക്കിലൊതുങ്ങാത്തതോ ആയ സാമഗ്രികൾ വാങ്ങാൻ അവ നമ്മുടെമേൽ നിർബന്ധം ചെലുത്തുന്നു. ഇവയ്‌ക്കെല്ലാം നമ്മുടെമേൽ സാരമായ ഹാനി വരുത്തിവെക്കാൻ കഴിയും.

സുഖലോലുപതയോടുള്ള അടങ്ങാത്ത വാഞ്‌ഛ നമ്മെ ശാരീരികവും ധാർമികവുമായി താറുമാറാക്കിയേക്കാം, അതു നാം അത്ര പെട്ടെന്നു തിരിച്ചറിഞ്ഞെന്നു വരില്ല. ഉദാഹരണത്തിന്‌, ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇപ്രകാരം എഴുതി: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ.” (സദൃശവാക്യങ്ങൾ 14:⁠30) നേരെമറിച്ച്‌, അമിതാധ്വാനം, ഉത്‌കണ്‌ഠ, സമ്പത്തു വാരിക്കൂട്ടാനുള്ള വ്യഗ്രത എന്നിവയ്‌ക്കെല്ലാം നമ്മുടെ ആരോഗ്യവും സന്തോഷവും കെടുത്തിക്കളയാൻ കഴിയും. ഭൗതികത്വ ലക്ഷ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ചുക്കാൻ പിടിക്കുമ്പോൾ ബന്ധങ്ങൾക്കും ഹാനി സംഭവിച്ചേക്കാം. ഒരു വ്യക്തിയുടെ കുടുംബ ബന്ധത്തിനും സാമൂഹിക ജീവിതത്തിനും വിള്ളൽ വീഴുമ്പോൾ അയാളുടെ മൊത്തത്തിലുള്ള ജീവിതത്തിന്റെ ഗുണനിലവാരംതന്നെ തകരാറിലാകുന്നു.

ആത്മീയ മൂല്യങ്ങളുടെ ശ്രേഷ്‌ഠത

“ഈ ലോകത്തിന്നു അനുരൂപമാകാ”തിരിക്കുക എന്ന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. (റോമർ 12:⁠2) ഈ ലോകത്തിന്‌ അതിന്റെ മൂല്യങ്ങളുമായി ഇണങ്ങിപ്പോകുന്നവരോട്‌ ഒരു മമതയുണ്ട്‌. (യോഹന്നാൻ 15:⁠19) നിങ്ങളുടെ കണ്ണ്‌, ചെവി, ത്വക്ക്‌, നാക്ക്‌, മൂക്ക്‌ എന്നീ ഇന്ദ്രിയങ്ങൾക്കെല്ലാം സുഖം പകർന്നുകൊണ്ടു നിങ്ങളെ കൈയിലെടുക്കാൻ ലോകം ശ്രമിക്കുന്നു. അതേ, “കണ്മോഹ”ത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ഭൗതികത്വം നിറഞ്ഞ ഒരു ജീവിതരീതി പിന്തുടരാൻ അതു നിങ്ങളെയും മറ്റുള്ളവരെയും മാടിവിളിക്കുന്നു.​—⁠1 യോഹന്നാൻ 2:⁠15-17.

എന്നാൽ പണത്തെയും സ്ഥാനമാനങ്ങളെയും ഭൗതിക സമൃദ്ധിയെയും നിഷ്‌പ്രഭമാക്കുന്ന ചില മൂല്യങ്ങൾ ഉണ്ട്‌. നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന ശലോമോൻ രാജാവിന്റെ കാര്യമെടുക്കുക. അന്നു ലോകത്തിനു വെച്ചുനീട്ടാൻ കഴിയുമായിരുന്ന സകല ഭൗതിക സമൃദ്ധിയും അവൻ സ്വന്തമാക്കിയിരുന്നു. അവൻ മണിമാളികകൾ പണിതു, പൂന്തോട്ടങ്ങളും ഫലവൃക്ഷത്തോപ്പുകളും നട്ടുണ്ടാക്കി, അവനു കന്നുകാലിക്കൂട്ടങ്ങളും വേലക്കാരും ഗായകന്മാരും ഗായികമാരും, ഇട്ടുമൂടാൻ മാത്രം പൊന്നും വെള്ളിയും ഒക്കെയുണ്ടായിരുന്നു. അവൻ മുമ്പു ജീവിച്ചിരുന്ന ഏതൊരാളെക്കാളും മഹാസമ്പന്നൻ ആയിത്തീർന്നു. അവന്റെ സമ്പത്തിന്റെ ബാഹുല്യം വർണനാതീതമാണ്‌. ആഗ്രഹിച്ച സകലവും അവൻ സ്വന്തമാക്കി. എന്നാൽ പിന്നീട്‌ തന്റെ നേട്ടങ്ങളിലേക്കു കണ്ണോടിച്ചിട്ട്‌ അവൻ ഇപ്രകാരം പറഞ്ഞു: “എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ.”​—⁠സഭാപ്രസംഗി 2:⁠1-11.

ദൈവത്തിൽനിന്നു തനിക്കു ലഭിച്ച അതിശ്രേഷ്‌ഠ ജ്ഞാനത്താൽ ശലോമോൻ ഒരു കാര്യം മനസ്സിലാക്കി, ആത്മീയ മൂല്യങ്ങൾ പിന്തുടരുന്നതിലൂടെയാണ്‌ യഥാർഥ സംതൃപ്‌തി ലഭിക്കുന്നതെന്ന്‌. അവൻ എഴുതി: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”​—⁠സഭാപ്രസംഗി 12:⁠13.

ദൈവവചനമായ ബൈബിളിന്റെ താളുകളിൽ വെള്ളിയെക്കാളും പൊന്നിനെക്കാളുമൊക്കെ ഏറെ മൂല്യവത്തായ നിധികൾ അടങ്ങിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 16:⁠16) രത്‌നങ്ങളെ പോലെ ഘനമേറിയ സത്യങ്ങൾ നിങ്ങൾ തിരഞ്ഞു കണ്ടെത്താനായി കാത്തുകിടക്കുന്നു. നിങ്ങൾ അവയ്‌ക്കായി തിരയുകയും കുഴിച്ചുനോക്കുകയും ചെയ്യുമോ? (സദൃശവാക്യങ്ങൾ 2:⁠1-6) യഥാർഥ മൂല്യങ്ങളുടെ ഉറവിടമായ നമ്മുടെ സ്രഷ്ടാവ്‌ അങ്ങനെ ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌, അവൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. എങ്ങനെ?

സത്യത്തിന്റെ അനർഘ രത്‌നങ്ങൾ യഹോവ നിങ്ങൾക്കു നൽകുന്നത്‌ തന്റെ വചനം, ആത്മാവ്‌, സംഘടന എന്നിവയിലൂടെയാണ്‌. (സങ്കീർത്തനം 1:⁠1-3; യെശയ്യാവു 48:⁠17, 18; മത്തായി 24:⁠45-47; 1 കൊരിന്ത്യർ 2:⁠10) അപൂർവമായി കാണപ്പെടുന്ന ഈ അമൂല്യ രത്‌നങ്ങൾ പരിശോധിക്കുന്നത്‌, അതിശ്രേഷ്‌ഠവും ഏറ്റവും പ്രതിഫലദായകവുമായ ഒരു ജീവിതരീതി ജ്ഞാനപൂർവം തിരഞ്ഞെടുക്കാൻ നിങ്ങൾക്ക്‌ അവസരം നൽകും. അത്തരമൊരു തിരഞ്ഞെടുപ്പ്‌ ബുദ്ധിമുട്ടുള്ളത്‌ ആയിരിക്കില്ല. കാരണം നമുക്കു യഥാർഥ സന്തോഷം നേടിത്തരുന്നത്‌ എന്താണെന്നു നമ്മുടെ സ്രഷ്ടാവായ യഹോവയ്‌ക്കു നന്നായി അറിയാം.

ബൈബിൾ ഉദാത്തമായ മൂല്യങ്ങളെ ഉന്നമിപ്പിക്കുന്നു

ബൈബിളിൽ കാണപ്പെടുന്ന ഈടുറ്റ ബുദ്ധിയുപദേശം പ്രായോഗികവും കിടയറ്റതുമാണ്‌. അത്‌ ഉയർത്തിപ്പിടിക്കുന്ന ധാർമിക നിലവാരങ്ങളെ കവച്ചുവെക്കുന്ന മറ്റൊന്നില്ല. അതിന്റെ ബുദ്ധിയുപദേശങ്ങൾ എല്ലായ്‌പോഴും പ്രയോജനകരമാണ്‌. കാലത്തിന്റെ പരിശോധനയെ അത്‌ അതിജീവിച്ചിരിക്കുന്നു. കഠിനാധ്വാനം ചെയ്യുക, സത്യസന്ധരായിരിക്കുക, പണം ജ്ഞാനപൂർവം ഉപയോഗിക്കുക, മടി ഒഴിവാക്കുക എന്നിവ ബൈബിളിന്റെ ചില കാതലായ ഉപദേശങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌.​—⁠സദൃശവാക്യങ്ങൾ 6:⁠6-8; 20:⁠23; 31:⁠16.

ഇതിനോടുള്ള ചേർച്ചയിൽ യേശു പറഞ്ഞു: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.”​—⁠മത്തായി 6:⁠19, 20.

2,000 വർഷം മുമ്പ്‌ യേശു പറഞ്ഞ ആ വാക്കുകൾ തികച്ചും കാലികമായിരുന്നു. ഇന്നും അതിന്റെ സത്യതയ്‌ക്കു തെല്ലും മങ്ങലേറ്റിട്ടില്ല. സമ്പത്തു വാരിക്കൂട്ടുന്നതിനുള്ള ത്വരയിൽ മുഴുകിപ്പോകുന്നതിനു പകരം ഉദാത്തമായ ഒരു ജീവിതരീതി പിന്തുടരുകവഴി ഇപ്പോൾ പോലും നമുക്കു പ്രയോജനം അനുഭവിക്കാൻ കഴിയും. യഥാർഥ സന്തുഷ്ടിയും സംതൃപ്‌തിയും മുഖമുദ്രയായുള്ള ഒരു ജീവിതത്തിലേക്കു നമ്മെ നയിക്കുന്ന ആത്മീയ നിക്ഷേപം സ്വരൂപിക്കുന്നതാണ്‌ അതിന്റെ താക്കോൽ. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ദൈവവചനമായ ബൈബിൾ വായിച്ചുകൊണ്ടും അതു പഠിപ്പിക്കുന്ന കാര്യങ്ങൾ പിൻപറ്റിക്കൊണ്ടും.

ആത്മീയ മൂല്യങ്ങൾ പ്രതിഫലദായകമാണ്‌

ആത്മീയ മൂല്യങ്ങൾ വേണ്ടവിധം പിൻപറ്റുന്നത്‌, നമ്മുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ക്ഷേമം ഉറപ്പുവരുത്തും. സൂര്യനിൽനിന്നുള്ള മാരക രശ്‌മികൾ ഭൗമോപരിതലത്തിൽ പതിക്കുന്നതു തടഞ്ഞുകൊണ്ട്‌ ഓസോൺ പാളി അതിന്‌ ഒരു കവചമായി വർത്തിച്ചു നമ്മെ സംരക്ഷിക്കുന്നതു പോലെ, ഭൗതികാസക്തിയുടെ പൊള്ളുന്ന പരിണതഫലങ്ങളെ തുറന്നുകാട്ടിക്കൊണ്ട്‌ ഈടുറ്റ ധാർമിക തത്ത്വങ്ങൾ നമ്മെ അപകടങ്ങളിൽനിന്നു സംരക്ഷിക്കുന്നു. ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”​—⁠1 തിമൊഥെയൊസ്‌ 6:⁠9, 10.

ധനമോഹം, സമ്പത്തു വാരിക്കൂട്ടാനും സ്ഥാനമാനങ്ങളും അധികാരങ്ങളും കരസ്ഥമാക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു. മിക്കപ്പോഴുംതന്നെ കുത്സിതവും അധമവുമായ മാർഗങ്ങളിലൂടെയാണ്‌ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നത്‌. ഭൗതികത്വത്തിന്‌, അതിന്റെ പിന്നാലെ പോകുന്ന ഒരു വ്യക്തിയുടെ സമയം, ആരോഗ്യം, പ്രാപ്‌തികൾ എന്നിവ കവർന്നെടുക്കാൻ കഴിയും. ചിലപ്പോൾ സുഖനിദ്രപോലും ഇക്കൂട്ടർക്ക്‌ അന്യമായിരിക്കാം. (സഭാപ്രസംഗി 5:⁠12) കൂടുതൽ സമ്പത്തിനായുള്ള ത്വര ആത്മീയ പുരോഗതിക്കു വിലങ്ങുതടിയാകും എന്നതിനു സംശയമില്ല. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായ യേശുക്രിസ്‌തു ഏറ്റവും മെച്ചമായ ജീവിതരീതിയെ കുറിച്ച്‌ ഇങ്ങനെ പറയുകയുണ്ടായി: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:⁠3, NW) നിലനിൽക്കുന്ന പ്രതിഫലം നൽകുന്നതും ക്ഷണികമായ ഭൗതിക നേട്ടങ്ങളെക്കാൾ പതിന്മടങ്ങു പ്രാധാന്യമുള്ളതും ആത്മീയ സമ്പത്താണെന്ന്‌ അവന്‌ അറിയാമായിരുന്നു.​—⁠ലൂക്കൊസ്‌ 12:⁠13-31.

അതു വാസ്‌തവത്തിൽ പ്രയോജനകരമാണോ?

“ആത്മീയ മൂല്യങ്ങൾ പിൻപറ്റുന്നതു പ്രായോഗികമല്ലെന്ന്‌ എന്നെ ബോധ്യപ്പെടുത്താൻ എന്റെ മാതാപിതാക്കൾ ആവുന്നത്ര ശ്രമിച്ചു,” ഗ്രെഗ്‌ ഓർക്കുന്നു. “എന്നാൽ, ആത്മീയ ലക്ഷ്യങ്ങൾ പിന്തുടർന്നതിനാൽ എനിക്ക്‌ എന്തെന്നില്ലാത്ത മനസ്സമാധാനം അനുഭവിക്കാൻ കഴിഞ്ഞിരിക്കുന്നു. കാരണം, പണത്തിനായി നെട്ടോട്ടമോടുന്നതിന്റെ സമ്മർദം എനിക്കില്ല.”

ആത്മീയ മൂല്യങ്ങൾ ഉത്‌കൃഷ്ടമായ വ്യക്തിബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. യഥാർഥ സുഹൃത്തുക്കൾ നിങ്ങളിലേക്ക്‌ ആകർഷിക്കപ്പെടുന്നതു നിങ്ങളുടെ സ്വത്തു കണ്ടിട്ടല്ല, മറിച്ച്‌ നിങ്ങളുടെ നല്ല വ്യക്തിത്വം കണ്ടിട്ടാണ്‌. ബൈബിൾ ഇപ്രകാരം പറയുന്നു: “വിവേകികളോടു സംസർഗ്ഗം ചെയ്യുന്നവൻ വിവേകിയായിത്തീരുന്നു.” (സദൃശവാക്യങ്ങൾ 13:⁠20, പി.ഒ.സി. ബൈബിൾ) കൂടാതെ, വിജയകരമായ ഒരു കുടുംബജീവിതം മെനഞ്ഞെടുക്കുന്നത്‌ ജ്ഞാനവും സ്‌നേഹവുംകൊണ്ടുള്ള അടിത്തറയിലാണ്‌. അല്ലാതെ ഭൗതിക സമ്പത്തിന്റെ പിൻബലത്താൽ കെട്ടിപ്പൊക്കുന്നതല്ല.​—⁠എഫെസ്യർ 5:⁠22-6:⁠4

മൂല്യങ്ങൾ ജന്മസിദ്ധമല്ല. മറിച്ച്‌ അതു നാം സഹമനുഷ്യരിൽനിന്നോ ഉയർന്ന ഒരു ഉറവിൽനിന്നോ സ്വായത്തമാക്കേണ്ട ഒന്നാണ്‌. അതുകൊണ്ടാണ്‌ ഉയർന്ന ഉറവായ ദൈവവചനത്തിൽ അധിഷ്‌ഠിതമായ വിദ്യാഭ്യാസത്തിന്‌ ഭൗതിക വസ്‌തുക്കൾ സംബന്ധിച്ച നമ്മുടെ മനോഭാവത്തിന്റെ മുഴുചിത്രത്തെയും മാറ്റിയെടുക്കാൻ കഴിയുന്നത്‌. “എന്റെ മൂല്യങ്ങൾ പുനഃപരിശോധിക്കാൻ എനിക്കു സഹായം ലഭിച്ചു. അവശ്യവസ്‌തുക്കൾകൊണ്ടു തൃപ്‌തനാകാൻ ഞാൻ പഠിച്ചു,” ഒരു ബാങ്ക്‌ നടത്തിപ്പുകാരനായിരുന്ന ഡോൺ പറയുന്നു.

നിലനിൽക്കുന്ന ആത്മീയ ധനം അന്വേഷിക്കുക

ആത്മീയ മൂല്യങ്ങൾ നിലനിൽക്കുന്ന പ്രയോജനങ്ങൾക്ക്‌ ഊന്നൽ നൽകുന്നു, അവ ക്ഷണികമായ സംതൃപ്‌തിയെ പ്രോത്സാഹിപ്പിക്കുന്നില്ല. പൗലൊസ്‌ എഴുതി: “കാണുന്നതു [ഭൗതിക വസ്‌തുക്കൾ] താല്‌ക്കാലികം, കാണാത്തതോ [ആത്മീയ കാര്യങ്ങൾ] നിത്യം.” (2 കൊരിന്ത്യർ 4:⁠18) ഭൗതികത്വ ജീവിതരീതിക്കു നൈമിഷിക ഉല്ലാസം പകരാൻ കഴിഞ്ഞേക്കാം എന്നതു ശരിതന്നെ, എന്നാൽ അത്‌ ഒരിക്കലും ഒരുവന്റെ നിത്യപ്രയോജനങ്ങളിൽ കലാശിക്കുകയില്ല. മറിച്ച്‌, ആത്മീയ മൂല്യങ്ങൾ എന്നേക്കും നിലനിൽക്കുന്നു.​—⁠സദൃശവാക്യങ്ങൾ 11:⁠4; 1 കൊരിന്ത്യർ 6:⁠9, 10.

നമ്മുടെ കാലത്തിന്റെ ഒരു മുഖമുദ്രയായിരിക്കുന്ന ഭൗതികത്വത്തെ ബൈബിൾ കുറ്റം വിധിക്കുന്നു. നമ്മുടെ കണ്ണു ലളിതമായി സൂക്ഷിച്ചുകൊണ്ട്‌ ഭൗതിക വസ്‌തുക്കളോടുള്ള സ്വാർഥപൂരിതമായ ആഗ്രഹത്തിനു കടിഞ്ഞാണിടേണ്ടവിധം അതു നമ്മെ പഠിപ്പിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള സംഗതികളിൽ അതായത്‌ ആത്മീയ ധനത്തിൽ ദൃഷ്ടി പതിപ്പിക്കാനും അതു നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (ഫിലിപ്പിയർ 1:⁠10, NW) അത്യാർത്തി യഥാർഥത്തിൽ എന്താണെന്നു ബൈബിൾ തുറന്നുകാട്ടുന്നു. അതേ, സ്വയം പൂജിക്കലാണ്‌ അത്‌. ദൈവവചനത്തിൽനിന്നു നമ്മൾ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നമ്മുടെ സന്തോഷം ഏറുന്നതായി നാം തിരിച്ചറിയും. അപ്പോൾ നമ്മുടെ ചിന്ത വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലേക്കു തിരിയും. സുഖലോലുപതയുടെ സ്ഥാനത്ത്‌ ആത്മീയ മൂല്യങ്ങളെ പ്രതിഷ്‌ഠിക്കാനുള്ള എത്ര ശക്തമായ പ്രചോദനം!

ഒരു പരിധിവരെ പണം ഒരു സംരക്ഷണമാണ്‌ എന്നതു ശരിതന്നെ. (സഭാപ്രസംഗി 7:⁠12) എന്നാൽ ബൈബിൾ ഒരു യാഥാർഥ്യം വെളിവാക്കുന്നു: “സമ്പത്തിൻമേൽ കണ്ണുവയ്‌ക്കുമ്പോഴേക്കും അത്‌ അപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവെച്ച്‌ ആകാശത്തിലേക്കു പെട്ടെന്ന്‌ അതു പറന്നുപോകുന്നു.” (സദൃശവാക്യങ്ങൾ 23:⁠5, പി.ഒ.സി.ബൈ.) ഭൗതികത്വത്തിന്റെ ബലിക്കല്ലിൽ ആളുകൾ തങ്ങളുടെ ആരോഗ്യം, കുടുംബ ബന്ധങ്ങൾ, എന്തിന്‌ ഒരു നല്ല മനസ്സാക്ഷി പോലും കുരുതികൊടുക്കുന്നു. എന്നിട്ട്‌ അവർ ഏറ്റുവാങ്ങുന്നതോ, ദാരുണമായ പ്രത്യാഘാതങ്ങളും. നേരെമറിച്ച്‌, നമുക്കുള്ളത്‌ ആത്മീയ ധനമാണെങ്കിലോ? അത്‌ നമ്മുടെ ഒഴിച്ചുകൂടാനാവാത്ത എല്ലാ ആവശ്യങ്ങളെയും​—⁠സ്‌നേഹിക്കപ്പെടുക, ഉദ്ദേശ്യപൂർണമായ ജീവിതം നയിക്കുക, സ്‌നേഹവാനായ യഹോവയാം ദൈവത്തെ ആരാധിക്കുക തുടങ്ങിയ ആവശ്യങ്ങളെ​—⁠തൃപ്‌തിപ്പെടുത്തും. കൂടാതെ, നമുക്കെല്ലാം വേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന പ്രത്യാശയിലേക്ക്‌, ഒരു പറുദീസാഭൂമിയിൽ പൂർണതയുള്ള മനുഷ്യരായി നിത്യജീവൻ ആസ്വദിക്കാനുള്ള പാതയിലേക്ക്‌, അതു നമ്മെ നയിക്കുന്നു.

സുഖസമൃദ്ധിക്കായുള്ള മനുഷ്യവർഗത്തിന്റെ അഭിലാഷം ദൈവത്തിന്റെ പുതിയലോകത്തിൽ പൂർണമായി നിറവേറും. (സങ്കീർത്തനം 145:⁠16) ആ സമയത്ത്‌ മുഴുഭൂമിയും “യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കും. (യെശയ്യാവു 11:⁠9) എവിടെയും ആത്മീയ മൂല്യങ്ങൾ തഴയ്‌ക്കും. ഭൗതികത്വവും അതു സൃഷ്ടിച്ച മുറിപ്പാടുകളും നിശ്ശേഷം നീങ്ങിപ്പോയിരിക്കും. (2 പത്രൊസ്‌ 3:⁠13) അപ്പോൾ ജീവിതത്തെ ഏറ്റവും അർഥനിർഭരവും സംതൃപ്‌തവും ആക്കുന്ന കാര്യങ്ങൾ​—⁠പൂർണ ആരോഗ്യം, സംതൃപ്‌തികരമായ ജോലി, ആരോഗ്യകരമായ വിനോദങ്ങൾ, ഊഷ്‌മളമായ കുടുംബ ബന്ധങ്ങൾ, ദൈവവുമായുള്ള നിലനിൽക്കുന്ന സുഹൃദ്‌ബന്ധം എന്നിവ​—⁠മനുഷ്യവർഗത്തിന്‌ യഥാർഥ സന്തുഷ്ടി സമ്മാനിക്കും. അത്‌ എന്നേക്കും നിലനിൽക്കുന്നതായിരിക്കും.

[6-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങളുടെ പണം ജ്ഞാനപൂർവം ഉപയോഗിക്കുക!

ആവശ്യങ്ങൾ തിരിച്ചറിയുക. യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ചതു ശ്രദ്ധിക്കുക: “അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്കു തരേണമേ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (ലൂക്കൊസ്‌ 11:⁠3, പി.ഒ.സി. ബൈ.) നിങ്ങളുടെ ഇന്നത്തെ ആഗ്രഹങ്ങൾ നാളത്തെ ആവശ്യങ്ങളായി മാറാൻ അനുവദിക്കരുത്‌. നിങ്ങളുടെ സമ്പത്തല്ല നിങ്ങളുടെ ജീവന്‌ ആധാരമായിരിക്കുന്നത്‌ എന്ന്‌ ഓർമയിൽ പിടിക്കുക.​—⁠ലൂക്കൊസ്‌ 12:⁠16-21.

ഒരു ബജറ്റ്‌ ഉണ്ടാക്കുക. ചിന്താശൂന്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്‌ ഒഴിവാക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്‌.” (സദൃശവാക്യങ്ങൾ 21:⁠5) പണം ചെലവഴിക്കേണ്ടതായി വരുന്ന ഏതു സംരംഭങ്ങളിൽ ഏർപ്പെടുന്നതിനു മുമ്പും അതിന്റെ ചെലവുകൾ മുന്നമേ കണക്കുകൂട്ടണമെന്ന്‌ യേശു തന്റെ ശ്രോതാക്കളെ ഉപദേശിക്കുകയുണ്ടായി.​—⁠ലൂക്കൊസ്‌ 14:⁠28-30.

അനാവശ്യ കടങ്ങൾ വരുത്തിവെക്കരുത്‌. സാധ്യമാകുമ്പോഴൊക്കെ, സാധനങ്ങൾ പണം കൊടുത്തുതന്നെ വാങ്ങുക, കടം വാങ്ങുന്നത്‌ ഒഴിവാക്കുക. ഒരു പഴമൊഴി ഇങ്ങനെ പറയുന്നു: “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.” (സദൃശവാക്യങ്ങൾ 22:⁠7) ആത്മനിയന്ത്രണം പാലിച്ച്‌, നിങ്ങളുടെ ബജറ്റിനുള്ളിൽ നിന്നുകൊണ്ടു സാധനങ്ങൾ വാങ്ങുന്നെങ്കിൽ, വിലപിടിപ്പുള്ള സാധനങ്ങൾ പോലും വാങ്ങാൻ നിങ്ങൾക്കു വിജയകരമായി ആസൂത്രണം ചെയ്യാനാകും.

പാഴാക്കുന്നത്‌ ഒഴിവാക്കുക. നിങ്ങൾക്ക്‌ ഇപ്പോഴുള്ളവയെ നന്നായി പരിപാലിക്കുന്നെങ്കിൽ അവ വളരെക്കാലം ഉപയോഗയോഗ്യമായിരിക്കും, പാഴാക്കൽ കുറയ്‌ക്കാൻ അതു സഹായിക്കും. യേശു ആളുകളെ അത്ഭുതകരമായി പോഷിപ്പിച്ചശേഷം മിച്ചമുള്ളതു ശേഖരിക്കാൻ പറഞ്ഞപ്പോൾ അവൻ ഇക്കാര്യത്തെ കാര്യഗൗരവത്തോടെ വീക്ഷിക്കുന്നുവെന്ന്‌ കാണിക്കുകയായിരുന്നു.—യോഹന്നാൻ 6:⁠10-13.

പ്രാധാന്യമുള്ള കാര്യങ്ങൾ ഒന്നാം സ്ഥാനത്തുതന്നെ വെക്കുക. ഏറെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ പിന്തുടരാൻ ജ്ഞാനിയായ ഒരു വ്യക്തി ‘സമയം വിലയ്‌ക്കുവാങ്ങും.’​—⁠എഫെസ്യർ 5:⁠15, 16, NW.

[7-ാം പേജിലെ ചതുരം/ചിത്രം]

അനുഭവപാഠത്തിലും ശ്രേഷ്‌ഠമായ ഒരു മാർഗം

സ്വന്തം അനുഭവങ്ങൾ, അവ നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, അവയ്‌ക്കു നമ്മെ വിലയേറിയ പാഠങ്ങൾ പഠിപ്പിക്കാൻ കഴിയും. എന്നാൽ ‘അനുഭവമാണ്‌ ഉത്തമ ഗുരു’ എന്ന ചൊല്ല്‌ ശരിയാണോ? അല്ല, മാർഗദർശനത്തിന്‌ അതിലും ശ്രേഷ്‌ഠമായ ഒരു ഉറവുണ്ട്‌. സങ്കീർത്തനക്കാരൻ തന്റെ പ്രാർഥനയിൽ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ആ ഉറവിനെ തിരിച്ചറിയിച്ചു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)​—⁠സങ്കീർത്തനം 119:⁠105.

എന്നാൽ, ദിവ്യ പ്രബോധനത്തിനു ചെവികൊടുക്കുന്നത്‌ സ്വന്തം അനുഭവത്തിലൂടെ പാഠം പഠിക്കുന്നതിനെക്കാൾ മെച്ചമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഒരു സംഗതി, അനുഭവത്തിലൂടെ​—⁠പരീക്ഷണനിരീക്ഷണങ്ങളിലൂടെ​—⁠മാത്രം കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ അതിനു നാം വലിയ വില ഒടുക്കേണ്ടിവന്നേക്കാം. അതു വേദനാകരവും ആയിരിക്കാനിടയുണ്ട്‌. വാസ്‌തവം പറഞ്ഞാൽ, അതിന്റെ ആവശ്യമില്ല. പുരാതന ഇസ്രായേല്യരോട്‌ ദൈവം പറഞ്ഞതു ശ്രദ്ധിക്കുക: “അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”​—⁠യെശയ്യാവു 48:⁠18.

ദൈവവചനത്തിൽനിന്നുള്ള പ്രബോധനങ്ങൾ മറ്റുള്ളവയെ കവച്ചുവെക്കുന്നത്‌ ആയിരിക്കുന്നതിന്റെ ഒരു കാരണം, അത്‌ ഒട്ടനവധി ജീവിതാനുഭവങ്ങളുടെ ഒരു ഭണ്ഡാരമാണ്‌ എന്നതാണ്‌. മനുഷ്യവർഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുരാതനവും കൃത്യതയുള്ളതുമാണ്‌ ആ അനുഭവങ്ങൾ. മറ്റുള്ളവരുടെ ജയാപജയങ്ങളിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ്‌, സ്വയം വേദന വരുത്തിവെച്ച്‌ അവരുടെ പിഴവുകൾ ആവർത്തിക്കുന്നതിലും അഭികാമ്യം എന്നതിനോടു നിങ്ങൾ യോജിച്ചേക്കാം. (1 കൊരിന്ത്യർ 10:⁠6-11) ഏറെ പ്രധാനമായി, ബൈബിളിൽ ദൈവം നമുക്ക്‌ ഏറ്റവും ശ്രേഷ്‌ഠമായ നിയമങ്ങളാണു നൽകിയിരിക്കുന്നത്‌, അതിന്റെ വിശ്വാസ്യതയോടു കിടപിടിക്കുന്ന മറ്റൊന്നുമില്ല. “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു. . . . യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ [“അനുഭവപരിചയം ഇല്ലാത്തവനെ,”NW] ജ്ഞാനിയാക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (സങ്കീർത്തനം 19:⁠7) അതേ, നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവിന്റെ ജ്ഞാനത്തിനു ചെവികൊടുക്കുന്നതാണ്‌ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും ശ്രേഷ്‌ഠമായ മാർഗം.

[4-ാം പേജിലെ ചിത്രങ്ങൾ]

ഭൗതികത്വം നിറഞ്ഞ ഒരു ജീവിതരീതി പിന്തുടരാൻ ലോകം നിങ്ങളെ മാടിവിളിക്കുന്നു

[5-ാം പേജിലെ ചിത്രം]

ബൈബിളിന്റെ താളുകളിൽ വെള്ളിയെക്കാളും പൊന്നിനെക്കാളുമൊക്കെ ഏറെ മൂല്യവത്തായ നിധികൾ അടങ്ങിയിരിക്കുന്നു