ആരാണ് “സത്യദൈവവും നിത്യജീവനും”?
ആരാണ് “സത്യദൈവവും നിത്യജീവനും”?
നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ യഹോവയാണ് സത്യദൈവം. അവനാണു സ്രഷ്ടാവ്, തന്നെ സ്‌നേഹിക്കുന്നവർക്ക് അവൻ നിത്യജീവൻ നൽകുന്നു. ബൈബിൾ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരിൽ അനേകരും മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യത്തിന് അങ്ങനെയായിരിക്കും ഉത്തരം പറയുക. വാസ്‌തവത്തിൽ, യേശുതന്നെ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—യോഹന്നാൻ 17:3.
എങ്കിലും, പള്ളിയിൽ പോകുന്നവരിൽ പലർക്കും വ്യത്യസ്‌തമായ ഒരു വീക്ഷണമാണ് ഉള്ളത്. തലക്കെട്ടിലെ വാക്കുകൾ എടുത്തിരിക്കുന്നത് 1 യോഹന്നാൻ 5:20-ൽ നിന്നാണ്. അത് ഭാഗികമായി ഇങ്ങനെ വായിക്കുന്നു: “നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്‌തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.”
ഈ വാചകത്തിൽ ഉപയോഗിച്ചിരിക്കുന്ന “അവൻ” (ഹൗറ്റൊസ്) എന്ന വിവേചകസർവനാമം, ഈ പദത്തിനു തൊട്ടുമുമ്പു പരാമർശിച്ചിരിക്കുന്ന യേശുവിനെയാണു കുറിക്കുന്നതെന്നു ത്രിത്വോപദേശത്തിൽ വിശ്വസിക്കുന്നവർ വാദിക്കുന്നു. യേശുവാണ് “സത്യദൈവവും നിത്യജീവനും” എന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ, ഈ വ്യാഖ്യാനം തുടർന്നുവരുന്ന തിരുവെഴുത്തുകളുമായി യോജിപ്പിലല്ല. പ്രാമാണികരായ പണ്ഡിതന്മാർ പലരും ഈ ത്രിത്വവിശ്വാസം അംഗീകരിക്കുന്നില്ല. കേംബ്രിഡ്‌ജ് സർവകലാശാലയിലെ പണ്ഡിതനായ ബി. എഫ്. വെസ്‌കോട്ട് എഴുതി: “[സർവനാമമായ ഹൗറ്റൊസ്] കുറിക്കുന്നത് അതിനു തൊട്ടടുത്തു പരാമർശിച്ചിരിക്കുന്ന കർത്താവിനെ (Subject) അല്ല, മറിച്ച് പ്രമുഖമായും അപ്പൊസ്‌തലന്റെ മനസ്സിലുണ്ടായിരുന്ന കർത്താവിനെയാണ് എന്നു പറയുന്നതായിരിക്കും ഏറ്റവും യുക്തിസഹം.” അതേ, ഈ വാക്യം എഴുതുമ്പോൾ അപ്പൊസ്‌തലനായ യോഹന്നാന്റെ മനസ്സിലുണ്ടായിരുന്ന കർത്താവ് (Subject) യേശുവിന്റെ പിതാവായിരുന്നു. ജർമൻ ദൈവശാസ്‌ത്രജ്ഞനായ എറിഹ് ഹോപ്‌റ്റ് എഴുതി: “പ്രസ്‌തുത വാചകത്തിൽ ഉപയോഗിച്ചിരിക്കുന്ന സർവനാമം [ഹൗറ്റൊസ] കുറിക്കുന്നത് തൊട്ടുമുമ്പ് പറഞ്ഞിരിക്കുന്ന കർത്താവിനെയാണോ (Subject) . . . അല്ലെങ്കിൽ അതിനുമുമ്പ് പരാമർശിച്ചിരിക്കുന്ന ദൈവത്തെയാണോ എന്നതു വിശകലനം ചെയ്‌തു നിർണയിക്കേണ്ടിയിരിക്കുന്നു . . . തുടർന്നുവരുന്ന, വിഗ്രഹങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി കൂടുതൽ ചേർന്നുപോകുന്നത് സത്യദൈവത്തെ കുറിച്ചുള്ള ഒരു സാക്ഷ്യമായി ഈ പ്രസ്‌താവനയെ മനസ്സിലാക്കുന്നതാണ്, അല്ലാതെ ക്രിസ്‌തു ദൈവമാണ് എന്നതിന്റെ തെളിവായി അതിനെ എടുക്കുന്നതല്ല.”
റോമിലെ പോണ്ടിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രീക്ക് പുതിയനിയമത്തിന്റെ ഒരു വ്യാകരണ വിശകലനം (ഇംഗ്ലീഷ്) എന്ന പുസ്‌തകവും ഇങ്ങനെ പറയുന്നു: “[ഹൗറ്റൊസ]: 18-20 വരെയുള്ള [വാക്യങ്ങളെ] പരിസമാപ്‌തിയിലേക്കു കൊണ്ടുവരുന്ന ഈ പരാമർശം കുറിക്കുന്നത് പുറജാതീയ വിശ്വാസങ്ങളുടെ (21-ാം വാക്യം) നേർവിപരീതമായി നിലകൊള്ളുന്ന ജീവനുള്ള സത്യദൈവത്തെത്തന്നെയാണ് എന്നു പറയാൻ കഴിയും.”
പ്രവൃത്തികൾ 4:10, 11-ൽ ലൂക്കൊസും ഈ സർവനാമം സമാനമായ വിധത്തിൽ ഉപയോഗിക്കുന്നു: “ദൈവം മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ [ഹൗറ്റൊസ] തന്നേ.” ഇവൻ [ഹൗറ്റൊസ] എന്ന സർവനാമത്തിനു മുമ്പ് പരാമർശിച്ചിരിക്കുന്നത് സൗഖ്യം പ്രാപിച്ച മനുഷ്യനെ ആണെങ്കിലും ഈ സർവനാമം ആ വ്യക്തിയെ അല്ല കുറിക്കുന്നത്. 11-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന “ഇവൻ” എന്ന പദം, ക്രിസ്‌തീയ സഭയുടെ “മൂലക്കല്ലായിത്തീർന്ന” നസറായനായ യേശുക്രിസ്‌തുവിനെയാണു സൂചിപ്പിക്കുന്നത്.—എഫെസ്യർ 2:20; 1 പത്രൊസ് 2:4-8.
ഇങ്ങനെയുള്ള വാക്യങ്ങൾ ഗ്രീക്ക് പണ്ഡിതനായ ഡാനിയൽ വാലസിന്റെ നിരീക്ഷണത്തെ സ്ഥിരീകരിക്കുന്നു. ഗ്രീക്ക് വിവേചകസർവനാമങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. “നൽകിയിരിക്കുന്ന വാചകത്തിൽ വിവേചകസർവനാമത്തിനു തൊട്ടുമുമ്പ് പരാമർശിച്ചിരിക്കുന്ന കർത്താവ് ആയിരിക്കണമെന്നില്ല എഴുത്തുകാരന്റെ മനസ്സിലുള്ളത്.”
‘സത്യദൈവം’
അപ്പൊസ്‌തലനായ യോഹന്നാൻ എഴുതിയതുപോലെ, ‘സത്യദൈവം’ യേശുക്രിസ്‌തുവിന്റെ പിതാവായ യഹോവയാണ്. സ്രഷ്ടാവായ ഏകസത്യദൈവം അവനാണ്. “പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിന്നും കാരണഭൂതനുമാണ്” എന്ന് അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞു. (1 കൊരിന്ത്യർ 8:6; യെശയ്യാവു 42:8) 1 യോഹന്നാൻ 5:20-ൽ യഹോവയെ സത്യദൈവം എന്നു പരാമർശിക്കാനുള്ള മറ്റൊരു കാരണം സത്യത്തിന്റെ ഉറവ് അവനാണ് എന്നതാണ്. സങ്കീർത്തനക്കാരൻ യഹോവയെ ‘വിശ്വസ്‌തദൈവം’ അഥവാ സത്യത്തിന്റെ ദൈവം എന്നു വിളിച്ചു. കാരണം, അവൻ എല്ലായ്‌പോഴും വിശ്വസ്‌തനും ഭോഷ്‌കു പറയാത്തവനുമാണ്. (സങ്കീർത്തനം 31:5; പുറപ്പാടു 34:6; തീത്തൊസ് 1:2) തന്റെ സ്വർഗീയ പിതാവിനെ കുറിച്ചു പരാമർശിക്കവേ പുത്രൻ പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” തന്റെ പഠിപ്പിക്കലുകളെ കുറിച്ച് യേശു ഇപ്രകാരം പ്രസ്‌താവിച്ചു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.”—യോഹന്നാൻ 7:16; 17:17.
യഹോവ “നിത്യജീവനും” ആണ്. ജീവന്റെ ഉറവ് അവനാണ്, തന്റെ പുത്രനായ യേശുവിലൂടെ അവൻ അത് അനർഹ ദാനമായി നൽകുന്നു. (സങ്കീർത്തനം 36:9; റോമർ 6:23) ശ്രദ്ധേയമായി, ദൈവം “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്ന് അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (എബ്രായർ 11:6) തന്റെ പുത്രനെ മരണത്തിൽനിന്ന് ഉയർപ്പിച്ചുകൊണ്ട് ദൈവം അവനു പ്രതിഫലം നൽകി. അതേ പിതാവുതന്നെ, മുഴുഹൃദയത്തോടെ തന്നെ സ്‌നേഹിക്കുന്നവർക്ക് നിത്യജീവനാകുന്ന പ്രതിഫലം നൽകും.—പ്രവൃത്തികൾ 26:23; 2 കൊരിന്ത്യർ 1:9.
അതുകൊണ്ട്, നാം ഇപ്പോൾ എന്തു നിഗമനത്തിൽ എത്തിച്ചേരും? “സത്യദൈവവും നിത്യജീവനും” യഹോവയല്ലാതെ മറ്റാരുമല്ല. തന്റെ സൃഷ്ടികളിൽനിന്ന് ആരാധന കൈക്കൊള്ളാൻ യോഗ്യനായവൻ അവൻ മാത്രമാണ്.—വെളിപ്പാടു 4:11.