വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദേശത്തു സഞ്ചരിക്ക’

‘ദേശത്തു സഞ്ചരിക്ക’

‘ദേശത്തു സഞ്ചരിക്ക’

“ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക.”​—⁠ഉല്‌പത്തി 13:⁠17.

1. എന്തു താത്‌പര്യജനകമായ നിർദേശമാണു ദൈവം അബ്രാഹാമിനു നൽകിയത്‌?

നാട്ടിൻപുറത്തുകൂടെ യാത്ര ചെയ്യാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ, ഒരുപക്ഷേ ഒരു മോട്ടോർ വാഹനത്തിൽ? ചിലർക്കു താത്‌പര്യം സൈക്കിളിൽ യാത്ര ചെയ്യാനാണ്‌. അതാകുമ്പോൾ വ്യായാമം കിട്ടും, സൗകര്യപ്രദമായി കാഴ്‌ചകൾ കാണുകയും ചെയ്യാം. ഇനി മറ്റു ചിലരാകട്ടെ, പ്രദേശവുമായി കൂടുതൽ പരിചിതരാകാനും സാവധാനം കണ്ടും കേട്ടും പോകാനും കാൽനടയായി യാത്ര ചെയ്യാനാണ്‌ ഇഷ്ടപ്പെടുന്നത്‌. അത്തരം യാത്രകൾ മിക്കപ്പോഴും കുറച്ചു സമയത്തേക്കേ നീണ്ടുനിൽക്കുന്നുള്ളൂ. എന്നാൽ ദൈവം അബ്രാഹാമിനോടു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അവന്‌ എന്തു തോന്നിയിരിക്കണം എന്നു ഭാവനയിൽ കാണുക: “നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.”​—⁠ഉല്‌പത്തി 13:⁠17.

2. ഈജിപ്‌തു വിട്ടതിനു ശേഷം അബ്രാഹാം എവിടേക്കാണു പോയത്‌?

2 ഈ വാക്കുകളുടെ സന്ദർഭം പരിചിന്തിക്കുക. ഭാര്യയോടും മറ്റുള്ളവരോടുമൊപ്പം അബ്രാഹാം ഈജിപ്‌തിൽ പ്രവാസിയായി കഴിഞ്ഞിരുന്നു. അവർ ഈജിപ്‌തു വിട്ട്‌ തങ്ങളുടെ ആടുമാടുകളുമായി ‘തെക്കേദേശ’ത്തേക്ക്‌ അഥവാ നെഗെബിലേക്ക്‌ പോയി എന്ന്‌ ഉല്‌പത്തി 13-ാം അധ്യായം പറയുന്നു. പിന്നീട്‌ അബ്രാഹാം ‘നെഗെബിൽനിന്നു ബേഥേൽ വരെ യാത്രചെയ്‌തു.’ (പി.ഒ.സി. ബൈബിൾ) അവന്റെയും സഹോദരപുത്രനായ ലോത്തിന്റെയും ഇടയന്മാർ തമ്മിൽ ഒരു പ്രശ്‌നം ഉണ്ടായപ്പോൾ, വെവ്വേറെ മേച്ചിൽ പുറങ്ങൾ കണ്ടെത്തുന്നതാണു നല്ലതെന്നു വ്യക്തമായി. ഔദാര്യപൂർവം അബ്രാഹാം തിരഞ്ഞെടുക്കാനുള്ള അവകാശം ലോത്തിനു നൽകി. ലോത്ത്‌ “യോർദ്ദാന്നരികെയുള്ള പ്രദേശം” തിരഞ്ഞെടുത്തു. ഫലസമൃദ്ധമായ ആ താഴ്‌വര “യഹോവയുടെ തോട്ടം പോലെ” ആയിരുന്നു. പിന്നെ അവൻ സൊദോമിൽ താമസമാക്കി. ദൈവം അബാഹാമിനോടു പറഞ്ഞു: “തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.” ബേഥേലിനു സമീപത്തുള്ള ഒരു ഉയർന്ന പ്രദേശത്തുനിന്നായിരിക്കാം അവൻ നോക്കിയത്‌. അവിടെ നിന്നുകൊണ്ട്‌ അബ്രാഹാമിനു ദേശത്തിന്റെ മറ്റു ഭാഗങ്ങളും കാണാൻ കഴിയുമായിരുന്നു. എന്നാൽ ദേശം കാണുന്നതിലധികം ഉൾപ്പെട്ടിരുന്നു. ‘ദേശത്തു സഞ്ചരിക്കാനും’ അവിടത്തെ പ്രകൃതിയുമായും പ്രദേശങ്ങളുമായും പരിചിതനാകാനും ദൈവം അബ്രാഹാമിനെ ക്ഷണിച്ചു.

3. അബ്രാഹാമിന്റെ യാത്ര ഭാവനയിൽ കാണാൻ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

3 ഹെബ്രോനിൽ എത്തുന്നതിനു മുമ്പ്‌ അബ്രാഹാം എത്രമാത്രം സഞ്ചരിച്ചിരുന്നാലും ശരി ഒരു കാര്യം തീർച്ചയാണ്‌, വാഗ്‌ദത്ത ദേശവുമായി അവനു നമ്മെക്കാൾ പരിചയം ഉണ്ടായിരുന്നു. നെഗെബ്‌, ബേഥേൽ, യോർദ്ദാന്നരികെയുള്ള പ്രദേശം, സൊദോം, ഹെബ്രോൻ എന്നിങ്ങനെ ഈ വിവരണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെ കുറിച്ചു ചിന്തിക്കുക. ആ പ്രദേശങ്ങൾ എവിടെയാണു സ്ഥിതി ചെയ്‌തിരുന്നതെന്നു ഭാവനയിൽ കാണാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? പലർക്കും ഇതു ബുദ്ധിമുട്ടു തന്നെയാണ്‌, കാരണം ദൈവജനത്തിൽ വളരെ കുറച്ചു പേർ മാത്രമേ തങ്ങൾ ബൈബിളിൽ വായിച്ചിട്ടുള്ള ഈ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ളു, അവിടെ നെടുകെയും കുറുകെയും സഞ്ചരിച്ചിട്ടുള്ളൂ. എന്നിരുന്നാലും ബൈബിളിൽ പരാമർശിച്ചിട്ടുള്ള പ്രദേശങ്ങളെ കുറിച്ചു മെച്ചമായി അറിയാൻ താത്‌പര്യമെടുക്കുന്നതിനു നമുക്കു കാരണമുണ്ട്‌. എന്തുകൊണ്ട്‌?

4, 5. (എ) സദൃശവാക്യങ്ങൾ 18:⁠15 ബൈബിൾ നാടുകളെ കുറിച്ചുള്ള പരിജ്ഞാനവും ഗ്രാഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? (ബി) സെഫന്യാവു 2-ാം അധ്യായം എന്തു ചിത്രീകരിക്കുന്നു?

4 ദൈവവചനം പ്രസ്‌താവിക്കുന്നു: “ബുദ്ധിമാന്റെ ഹൃദയം (“ഗ്രാഹ്യമുള്ളവന്റെ ഹൃദയം,” NW) പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.” (സദൃശവാക്യങ്ങൾ 18:⁠15) ഒരുവനു പരിജ്ഞാനം നേടാവുന്ന ധാരാളം വിഷയങ്ങളുണ്ട്‌. എന്നാൽ അവയിൽ ഏറ്റവും പ്രധാനം യഹോവയാം ദൈവത്തെയും അവന്റെ ഇടപെടലുകളും സംബന്ധിച്ച സൂക്ഷ്‌മ പരിജ്ഞാനമാണ്‌. തീർച്ചയായും നാം ബൈബിളിൽനിന്നു വായിക്കുന്ന കാര്യങ്ങളാണ്‌ ആ പരിജ്ഞാനത്തിന്റെ കേന്ദ്രം. (2 തിമൊഥെയൊസ്‌ 3:⁠16, 17) എന്നാൽ അതിൽ ഗ്രാഹ്യം ഉൾപ്പെട്ടിരിക്കുന്നു എന്നതു കുറിക്കൊള്ളുക. ഒരു സംഗതിയെ അടുത്തു വീക്ഷിക്കാനും അതിന്റെ ഭാഗങ്ങൾ മുഴു സംഗതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനുമുള്ള പ്രാപ്‌തിയാണ്‌ ഗ്രാഹ്യം. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളോടുള്ള ബന്ധത്തിലും ഇതു സത്യമാണ്‌. ഉദാഹരണത്തിന്‌ ഈജിപ്‌ത്‌ എവിടെയാണെന്നു നമ്മിൽ മിക്കവർക്കും അറിയാം. എന്നാൽ അബ്രാഹാം ഈജിപ്‌തിൽനിന്നു ‘നെഗെബിലേക്കും’ അവിടെനിന്നു ബേഥേലിലേക്കും പിന്നീട്‌ ഹെബ്രോനിലേക്കും പോയി എന്ന പ്രസ്‌താവനയെ കുറിച്ചു നമുക്ക്‌ എത്രത്തോളം ഗ്രാഹ്യമുണ്ട്‌? ഈ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾക്ക്‌ അറിയാമോ?

5 സെഫന്യാവു 2-ാം അധ്യായം ഉൾപ്പെടുന്ന ഒരു ബൈബിൾ വായനാ പട്ടിക നിങ്ങൾ പിൻപറ്റിയിട്ടുണ്ടാകാം. അവിടെ പട്ടണങ്ങളുടെയും ആളുകളുടെയും ദേശങ്ങളുടെയും പേരുകളുണ്ട്‌. ഗസ്സ, അസ്‌കലോൻ, അസ്‌തോദ്‌, എക്രോൻ, സൊദോം, നീനെവേ, കനാൻ, മോവാബ്‌, അമ്മോൻ, അസീറിയ എന്നിവയെല്ലാം ആ ഒറ്റ അധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്‌. ദിവ്യ പ്രവചനങ്ങളിൽ ഭാഗഭാക്കുകളായ യഥാർഥ മനുഷ്യർ ജീവിച്ചിരുന്ന ആ പ്രദേശങ്ങൾ ഭാവനയിൽ കാണാൻ നിങ്ങൾക്കു കഴിഞ്ഞിരുന്നോ?

6. ബൈബിളിന്റെ ചില വായനക്കാർ ഭൂപടങ്ങളെ വിലമതിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ചതുരം കാണുക.)

6 പല ബൈബിൾ വിദ്യാർഥികളും ബൈബിൾ നാടുകളുടെ ഭൂപടങ്ങൾ പരിശോധിക്കുന്നതിൽനിന്നു വലിയ പ്രയോജനം നേടിയിട്ടുണ്ട്‌. അവർ ഇതു ചെയ്യുന്നത്‌ കേവലം ഭൂപടങ്ങളോടുള്ള അഭിനിവേശം കൊണ്ടല്ല, പിന്നെയോ അവ ഉപയോഗിച്ച്‌ തങ്ങൾക്കു ദൈവവചനത്തിലുള്ള പരിജ്ഞാനം വർധിപ്പിക്കാമെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്‌. തങ്ങൾക്ക്‌ അറിയാവുന്ന വസ്‌തുതകൾ മറ്റു വിവരങ്ങളോട്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാൻ സഹായിക്കുന്നതിലൂടെ അവരുടെ ഗ്രാഹ്യം വർധിപ്പിക്കാനും ഭൂപടങ്ങൾക്കു കഴിയും. ചില ഉദാഹരണങ്ങൾ നാം പരിചിന്തിക്കുമ്പോൾ, നിങ്ങൾക്കും യഹോവയോടുള്ള വിലമതിപ്പു വർധിപ്പിക്കാനും അവന്റെ വചനത്തിലെ വിവരണങ്ങൾ സംബന്ധിച്ച്‌ ആഴമായ ഉൾക്കാഴ്‌ച നേടാനും കഴിഞ്ഞേക്കും.​—⁠14-ാം പേജിലെ ചതുരം കാണുക.

ദൂരം സംബന്ധിച്ച അറിവ്‌ ഗ്രാഹ്യം വർധിപ്പിക്കുന്നു

7, 8. (എ) ഗസ്സയുമായി ബന്ധപ്പെട്ട്‌ വിസ്‌മയകരമായ എന്തു കൃത്യമാണ്‌ ശിംശോൻ ചെയ്‌തത്‌? (ബി) ഏതു വിവരങ്ങൾക്ക്‌ ശിംശോന്റെ വീരകൃത്യത്തിന്റെ തിളക്കം കൂട്ടാൻ കഴിയും? (സി) ഈ വിവരണം സംബന്ധിച്ച പരിജ്ഞാനവും ഗ്രാഹ്യവും നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

7 ന്യായാധിപനായ ശിംശോൻ ഗസ്സയിൽ ആയിരുന്നതായി ന്യായാധിപന്മാർ 16:⁠2 പറയുന്നു. ഗസ്സ എന്ന പേര്‌ ഇന്നത്തെ വാർത്തകളിൽ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ട്‌ ശിംശോൻ എവിടെ ആയിരുന്നു എന്നതു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നേക്കാം. അവൻ മെഡിറ്ററേനിയൻ തീരത്തിനടുത്ത്‌, ഫെലിസ്‌ത്യ ദേശത്ത്‌ ആയിരുന്നു. [11] ഇനി, ന്യായാധിപന്മാർ 16:⁠3 നോക്കുക: “ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേററു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.”

8 ഗസ്സ നല്ല കെട്ടുറപ്പുള്ള ഒരു പട്ടണം ആയിരുന്നതിനാൽ വാതിലും കട്ടളക്കാലുകളും നിശ്ചയമായും വലുപ്പവും ഭാരവും ഉള്ളവ ആയിരുന്നു. അവ വഹിച്ചുകൊണ്ടു പോകുന്നത്‌ ഒന്നു സങ്കൽപ്പിച്ചു നോക്കൂ! അതാണു ശിംശോൻ ചെയ്‌തത്‌. എന്നാൽ എവിടേക്കാണ്‌ അവൻ അവ കൊണ്ടുപോയത്‌, അവന്റെ യാത്ര എങ്ങനെയുള്ള ഒന്നായിരിക്കുമായിരുന്നു? ഗസ്സ, ഏതാണ്ട്‌ സമുദ്രനിരപ്പിലുള്ള ഒരു തീരപ്രദേശത്താണു സ്ഥിതിചെയ്യുന്നത്‌. [15] എന്നാൽ ഹെബ്രോൻ ഗസ്സയ്‌ക്കു കിഴക്ക്‌ 900 മീറ്റർ ഉയരത്തിലാണ്‌, കുത്തനെയുള്ള ഒരു കയറ്റംതന്നെ! “ഹെബ്രോന്നെതിരെയുള്ള മല”യുടെ കൃത്യ സ്ഥാനം നിർണയിക്കുക നമുക്കു സാധ്യമല്ല. എന്നാൽ ഹെബ്രോൻപട്ടണത്തിൽ എത്താൻ ഗസ്സയിൽനിന്ന്‌ ഏകദേശം 60 കിലോമീറ്റർ കയറ്റം കയറി പോകണം. ഉൾപ്പെട്ടിരിക്കുന്ന ദൂരത്തെ കുറിച്ച്‌ അറിയുന്നത്‌ ശിംശോന്റെ വീരകൃത്യത്തിന്റെ തിളക്കം വർധിപ്പിക്കുന്നു, ഇല്ലേ? ശിംശോന്‌ അത്തരം പ്രവൃത്തികൾ ചെയ്യാൻ എങ്ങനെ കഴിഞ്ഞു എന്നു ചിന്തിക്കുക. “യഹോവയുടെ ആത്മാവ്‌ അവന്റെമേൽ” വന്നതുകൊണ്ടാണ്‌ അവന്‌ അതിനു കഴിഞ്ഞത്‌. (ന്യായാധിപന്മാർ 14:⁠6, 19; 15:⁠14) ക്രിസ്‌ത്യാനികൾ എന്ന നിലയിൽ, ഇന്ന്‌ ദൈവാത്മാവു നമുക്ക്‌ അസാധാരണ ശാരീരിക ശക്തി നൽകാൻ നാം പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും അതേ ആത്മാവിന്‌ ആഴമായ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കാനും നമ്മുടെ ആന്തരിക വ്യക്തിക്കു കരുത്തു പകരാനും സാധിക്കും. (1 കൊരിന്ത്യർ 2:⁠10-16; 13:⁠8; എഫെസ്യർ 3:⁠16; കൊലൊസ്സ്യർ 1:⁠9, 10, NW) അതേ, ശിംശോനെ കുറിച്ചുള്ള വിവരണം ഗ്രഹിക്കുന്നത്‌ ദൈവാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും എന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു.

9, 10. (എ) മിദ്യാന്യരുടെമേലുള്ള ഗിദെയോന്റെ വിജയത്തിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌? (ബി) ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിയെ കുറിച്ചുള്ള പരിജ്ഞാനം ഈ വിവരണത്തെ കൂടുതൽ അർഥവത്താക്കുന്നത്‌ എങ്ങനെ?

9 മിദ്യാന്യരുടെമേൽ ഗിദെയോൻ നേടിയ വിജയമാണ്‌ ദൂരം സംബന്ധിച്ച വിവരത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന മറ്റൊരു വിവരണം. ന്യായാധിപൻ ആയിരുന്ന ഗിദെയോനും അവന്റെ 300 പുരുഷന്മാരും ചേർന്ന്‌, മോരേ കുന്നിന്റെ സമീപത്ത്‌ യിസ്രെയേൽ താഴ്‌വരയിൽ പാളയമടിച്ചിരുന്ന മിദ്യാന്യർ, അമാലേക്യർ തുടങ്ങിയ ആക്രമണകാരികളുടെ സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തിയെന്നു മിക്ക ബൈബിൾ വായനക്കാർക്കും അറിയാം. [18] ഗിദെയോന്റെ ആളുകൾ കാഹളം മുഴക്കുകയും പന്തങ്ങൾ വെച്ചിരുന്ന കുടങ്ങൾ ഉടയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ” എന്ന്‌ ആർപ്പിട്ടു. ഇതു ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കി, അവർ പരിഭ്രാന്തരായിത്തീർന്നു. അങ്ങനെ അവർ അന്യോന്യം വെട്ടിവീഴ്‌ത്താൻ തുടങ്ങി. (ന്യായാധിപന്മാർ 6:⁠33; 7:⁠1-22) രാത്രിയിലെ ദ്രുതഗതിയിലുള്ള ആ സംഭവത്തോടെ പോരാട്ടം അവസാനിച്ചോ? ന്യായാധിപന്മാർ 7, 8 അധ്യായങ്ങൾ തുടർന്നു വായിക്കുക. ഗിദെയോൻ ആക്രമണം തുടരുന്നതായി നിങ്ങൾ കാണും. പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ചിലത്‌ ഇന്ന്‌ എവിടെയാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ അവ ബൈബിൾ ഭൂപടങ്ങളിൽ പ്രത്യക്ഷപ്പെടാനിടയില്ല. എന്നാൽ ഗിദെയോന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണം മനസ്സിലാക്കാൻ മതിയാകുന്നത്ര സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

10 സംയുക്ത സൈന്യത്തിൽ ശേഷിച്ചിരുന്നവരെ ഗിദെയോൻ, ബേത്ത്‌-ശിത്താ വരെയും തെക്കോട്ട്‌ യോർദ്ദാന്‌ അരികെയുള്ള ആബേൽ-മെഹോല വരെയും പിന്തുടർന്നു. (ന്യായാധിപന്മാർ 7:⁠22-25) വിവരണം പറയുന്നു: “ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) നദി കടന്നുകഴിഞ്ഞ്‌ ഇസ്രായേല്യർ ശത്രുക്കളെ തെക്കോട്ട്‌ സുക്കോത്ത്‌, യബ്ബോക്കയ്‌ക്ക്‌ അടുത്തുള്ള പെനൂവേൽ എന്നീ സ്ഥലങ്ങൾ വരെയും മലമുകളിലേക്ക്‌ യൊഗ്‌ബെഹ വരെയും (ആധുനികകാലത്തെ, ജോർദാനിലുള്ള അമ്മാൻ) പിന്തുടർന്നു. ആ പിന്തുടരലും പോരാട്ടവും 80 കിലോമീറ്റർ ദൂരത്തോളം നീണ്ടു. ഗിദെയോൻ രണ്ടു മിദ്യാന്യ രാജാക്കന്മാരെ പിടികൂടി വധിച്ചു. പിന്നീട്‌ അവൻ, പോരാട്ടം ആരംഭിച്ച പ്രദേശത്തിന്‌ അടുത്തുള്ള തന്റെ പട്ടണമായ ഒഫ്രയിലേക്കു തിരികെ ചെന്നു. (ന്യായാധിപന്മാർ 8:⁠4-12, 21-27) വ്യക്തമായും ഗിദെയോന്റെ പ്രവൃത്തി ഏതാനും നിമിഷം കാഹളം മുഴക്കുകയും പന്തങ്ങൾ വീശുകയും ആർപ്പിടുകയും ചെയ്യുന്നതിനും അപ്പുറമായിരുന്നു. വിശ്വസ്‌ത പുരുഷന്മാരെ കുറിച്ചുള്ള വിവരണത്തിന്‌ അതു പ്രഭാവം വർധിപ്പിക്കുന്നത്‌ എങ്ങനെയെന്നു ചിന്തിക്കുക: “ഗിദ്യോൻ . . . മുതലായ പ്രവാചകന്മാരെയുംകുറിച്ചു വിവരിപ്പാൻ സമയം പോരാ . . . [അവർ] . . . ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്‌തീർന്നു.” (എബ്രായർ 11:⁠32-34) ക്രിസ്‌ത്യാനികളും ശാരീരികമായി ക്ഷീണിച്ചേക്കാം, എന്നാൽ നാം ദൈവേഷ്ടം ചെയ്യുന്നതിൽ തുടരുന്നതു പ്രധാനമല്ലേ?​—⁠2 കൊരിന്ത്യർ 4:⁠1, 16; ഗലാത്യർ 6:⁠9.

ആളുകൾ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത്‌ എങ്ങനെ?

11. ഇസ്രായേല്യർ കാദേശിൽ എത്തുന്നതിനു മുമ്പും പിമ്പും എന്തു യാത്രയാണ്‌ ഉൾപ്പെട്ടിരുന്നത്‌?

11 സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനായി ചിലർ ഭൂപടങ്ങളിലേക്കു തിരിഞ്ഞേക്കാം. എന്നാൽ ആളുകളുടെ ചിന്ത സംബന്ധിച്ച്‌ ഉൾക്കാഴ്‌ച നൽകാൻ ഭൂപടങ്ങൾക്കു കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഉദാഹരണത്തിന്‌ സീനായി പർവതത്തിൽനിന്നു വാഗ്‌ദത്ത ദേശത്തേക്കു നീങ്ങിയ ഇസ്രായേല്യരുടെ കാര്യമെടുക്കുക. ചില ഇടങ്ങളിൽ തങ്ങിയതിനു ശേഷം ഒടുവിൽ അവർ കാദേശിൽ (കാദേശ്‌-ബർന്നേയ) എത്തിച്ചേർന്നു. [9] ആവർത്തനപുസ്‌തകം 1:⁠2 അനുസരിച്ച്‌ ആ 270 കിലോമീറ്റർ ദൂരം അവർ 11 ദിവസംകൊണ്ടാണു പിന്നിട്ടത്‌. അവിടെവെച്ച്‌ മോശെ, വാഗ്‌ദത്ത ദേശം ഒറ്റു നോക്കാൻ 12 പേരെ അയയ്‌ക്കുന്നു. (സംഖ്യാപുസ്‌തകം 10:⁠12, 33; 11:⁠34, 35; 12:⁠16; 13:⁠1-3, 25, 26) ഒറ്റുകാർ നെഗെബിലൂടെ വടക്കോട്ടു പോയി ബേർ-ശേബ കടന്നിരിക്കണം, പിന്നീട്‌ ഹെബ്രോൻ വഴി വാഗ്‌ദത്ത ദേശത്തിന്റെ വടക്കേ അതിർത്തിയിൽ എത്തി. (സംഖ്യാപുസ്‌തകം 13:⁠21-24) പത്ത്‌ ഒറ്റുകാരുടെ നിഷേധാത്മക റിപ്പോർട്ടു സ്വീകരിച്ചതുകൊണ്ട്‌ ഇസ്രായേല്യർ 40 വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടിവന്നു. (സംഖ്യാപുസ്‌തകം 14:⁠1-34) അവരുടെ വിശ്വാസത്തെയും യഹോവയിൽ ആശ്രയിക്കാനുള്ള മനസ്സൊരുക്കത്തെയും കുറിച്ച്‌ ഇത്‌ എന്താണു വെളിപ്പെടുത്തുന്നത്‌?​—⁠ആവർത്തനപുസ്‌തകം 1:⁠19-33; സങ്കീർത്തനം 78:⁠22, 32-43; യൂദാ 5.

12. ഇസ്രായേല്യരുടെ വിശ്വാസത്തെ കുറിച്ചു നമുക്ക്‌ എന്തു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും, നാം അതേക്കുറിച്ചു വിചിന്തനം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

12 ഭൂമിശാസ്‌ത്രപരമായ ഒരു വീക്ഷണകോണിലൂടെ ഇതൊന്നു നോക്കിക്കാണുക. ഇസ്രായേല്യർ യഹോവയിൽ വിശ്വാസം പ്രകടമാക്കുകയും യോശുവയുടെയും കാലേബിന്റെയും ഉപദേശം പിൻപറ്റുകയും ചെയ്‌തിരുന്നെങ്കിൽ വാഗ്‌ദത്ത ദേശത്ത്‌ എത്താൻ അവർക്കു വളരെ ദൂരം സഞ്ചരിക്കേണ്ടിവരുമായിരുന്നോ? യിസ്‌ഹാക്കും റിബെക്കയും താമസിച്ചിരുന്ന ബേർ-ലഹയീ-രോയീയിൽനിന്ന്‌ ഏകദേശം 16 കിലോമീറ്റർ അകലെയായിരുന്നു കാദേശ്‌. [7] വാഗ്‌ദത്ത ദേശത്തിന്റെ തെക്കേ അറ്റമായി കൊടുത്തിരിക്കുന്ന ബേർ-ശേബയിലേക്കുള്ള ദൂരം 95 കിലോമീറ്ററിൽ കുറവ്‌ ആയിരുന്നു. (ഉല്‌പത്തി 24:⁠62; 25:⁠11; 2 ശമൂവേൽ 3:⁠10) ഈജിപ്‌തിൽനിന്നു സീനായി പർവതത്തിലേക്കും പിന്നീട്‌ 270 കിലോമീറ്റർ കാദേശിലേക്കും യാത്ര ചെയ്‌ത ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്തിന്റെ പടിവാതിൽക്കൽ എന്നപോലെ ആയിരുന്നു. നമ്മുടെ കാര്യത്തിൽ നാം വാഗ്‌ദത്ത ഭൗമിക പറുദീസയുടെ പടിവാതിൽക്കലാണ്‌. നമുക്കുള്ള പാഠം എന്താണ്‌? അപ്പൊസ്‌തലനായ പൗലൊസ്‌ ഇസ്രായേല്യരുടെ സാഹചര്യത്തെ നമ്മുടേതിനോടു ബന്ധിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.”​—⁠എബ്രായർ 3:⁠16-4:⁠11.

13, 14. (എ) ഏതു സാഹചര്യത്തിലാണ്‌ ഗിബെയോന്യർ ഒരു നിർണായക പടി സ്വീകരിച്ചത്‌? (ബി) ഏതു സംഗതിയാണ്‌ ഗിബെയോന്യരുടെ മനോഭാവം വെളിപ്പെടുത്തുന്നത്‌, ഇതിൽനിന്നു നാം എന്തു പാഠം പഠിക്കണം?

13 ഗിബെയോന്യർ ഉൾപ്പെടുന്ന ബൈബിൾ വൃത്താന്തത്തിൽ ഒരു വ്യത്യസ്‌ത മനോഭാവം, ദൈവത്തിന്റെ ഇഷ്ടം നിവർത്തിക്കാൻ അവനിൽ ആശ്രയിക്കുന്ന മനോഭാവം ആണു പ്രകടമാകുന്നത്‌. യോർദ്ദാനു കുറുകെ യോശുവ ഇസ്രായേല്യരെ അബ്രാഹാമിന്റെ കുടുംബത്തിനു വാഗ്‌ദാനം ചെയ്‌തിരുന്ന ദേശത്തേക്കു നയിച്ചതിനു ശേഷം, ഇപ്പോൾ കനാന്യരെ നിഷ്‌കാസനം ചെയ്യാനുള്ള കാലം വന്നെത്തി. (ആവർത്തനപുസ്‌തകം 7:⁠1-3) അവരിൽ ഗിബെയോന്യരും ഉൾപ്പെട്ടിരുന്നു. യെരീഹോയും ഹായിയും തകർത്തു തരിപ്പണമാക്കിയതിനു ശേഷം ഇസ്രായേല്യർ സമീപത്തുള്ള ഗിൽഗാലിൽ പാളയമിറങ്ങി. ശപിക്കപ്പെട്ട കനാന്യരെ പോലെ മരിക്കാൻ ഗിബെയോന്യർ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ അവർ തങ്ങളുടെ പ്രതിനിധികളെ ഗിൽഗാലിൽ യോശുവയുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നു. എബ്രായരുമായി സമാധാന ഉടമ്പടിയിൽ ഏർപ്പെടത്തക്കവണ്ണം, തങ്ങൾ കനാനിനു പുറത്തുള്ളവരാണ്‌ എന്ന്‌ അവർ ഭാവിക്കുന്നു.

14 ആ പ്രതിനിധികൾ പറഞ്ഞു: “അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏററവും ദൂരത്തുനിന്നു വന്നിരിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യോശുവ 9:⁠3-9) വിദൂരത്തുനിന്നു വരുന്നു എന്ന അവരുടെ അവകാശവാദത്തെ ശരിവെക്കുന്ന വിധത്തിലുള്ളത്‌ ആയിരുന്നു അവരുടെ വസ്‌ത്രങ്ങളും ഭക്ഷണസാധനങ്ങളും. എന്നാൽ യഥാർഥത്തിൽ ഗിബെയോനിൽനിന്നു ഗിൽഗാലിലേക്ക്‌ ഏകദേശം 30 കിലോമീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [19] അവർ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ യോശുവയും പ്രഭുക്കന്മാരും ഗിബെയോനുമായും അതിനോടു ബന്ധപ്പെട്ട സമീപസ്ഥ പട്ടണങ്ങളുമായും ഒരു സൗഹൃദ ഉടമ്പടി ഉണ്ടാക്കി. ഗിബെയോന്യർ കേവലം നാശം ഒഴിവാക്കാൻ ഒരു തന്ത്രം പ്രയോഗിക്കുകയായിരുന്നോ? വാസ്‌തവത്തിൽ അത്‌ ഇസ്രായേലിന്റെ ദൈവത്തിന്റെ പ്രീതി നേടുന്നതിനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിച്ചു. “സഭെക്കും യഹോവയുടെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകൊരുന്നവരുമായി” അവരെ നിയമിക്കാനുള്ള തീരുമാനം യഹോവ അംഗീകരിച്ചു. (യോശുവ 9:⁠11-27) ഗിബെയോന്യർ യഹോവയുടെ സേവനത്തിൽ താഴ്‌മയോടെ പ്രവർത്തിക്കാനുള്ള മനസ്സൊരുക്കം കാണിക്കുന്നതിൽ തുടർന്നു. ബാബിലോണിൽനിന്നു മടങ്ങിവന്ന്‌ പുനർനിർമിക്കപ്പെട്ട ആലയത്തിൽ സേവിച്ച നെഥിനിമുകളുടെ അഥവാ ദേവാലയദാസന്മാരുടെ കൂട്ടത്തിൽ അവരിൽ ചിലർ ഉണ്ടായിരുന്നിരിക്കാം. (എസ്രാ 2:⁠1, 2, 43-54; 8:⁠20) ദൈവവുമായി സമാധാനബന്ധം നിലനിറുത്താൻ യത്‌നിച്ചുകൊണ്ടും അവന്റെ സേവനത്തിൽ എളിയ നിയമനങ്ങൾ പോലും നിർവഹിക്കാൻ മനസ്സൊരുക്കം കാണിച്ചു കൊണ്ടും നമുക്ക്‌ അവരുടെ മനോഭാവം അനുകരിക്കാൻ പരിശ്രമിക്കാം.

ആത്മത്യാഗ മനോഭാവമുള്ളവർ ആയിരിക്കുക

15. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രത്തിൽ നാം താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ബൈബിൾ നാടുകളുടെ ഭൂമിശാസ്‌ത്രം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലും വിവരിക്കപ്പെടുന്നുണ്ട്‌. ഉദാഹരണത്തിന്‌ യേശുവിന്റെയും അപ്പൊസ്‌തലനായ പൗലൊസിന്റെയും യാത്രകളും ശുശ്രൂഷയും സംബന്ധിച്ച വിവരണങ്ങൾ. (മർക്കൊസ്‌ 1:⁠38; 7:⁠24, 31; 10:⁠1; ലൂക്കൊസ്‌ 8:⁠1; 13:⁠22; 2 കൊരിന്ത്യർ 11:⁠25, 26) പിൻവരുന്ന വിവരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന യാത്രകൾ ഭാവനയിൽ കാണാൻ ശ്രമിക്കുക.

16. ബെരോവയിലെ ക്രിസ്‌ത്യാനികൾ പൗലൊസിനോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചത്‌ എങ്ങനെ?

16 പൗലൊസിന്റെ രണ്ടാം മിഷനറി യാത്രയിൽ (ഭൂപടത്തിൽ നീലാരുണവർണംകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു) അവൻ, ഇന്ന്‌ ഗ്രീസിന്റെ ഭാഗമായ ഫിലിപ്പിയിൽ എത്തിച്ചേർന്നു. [33] അവിടെ സാക്ഷ്യം നൽകിയ പൗലൊസിനെ അറസ്റ്റുചെയ്‌തു തടവിലാക്കി. മോചിതനായപ്പോൾ അവൻ തെസ്സലൊനീക്കയിലേക്കു നീങ്ങി. (പ്രവൃത്തികൾ 16:⁠6-17:⁠1) യഹൂദന്മാർ കലാപം ഇളക്കിവിട്ടപ്പോൾ തെസ്സലൊനീക്കയിലെ സഹോദരന്മാർ 65 കിലോമീറ്റർ അകലെയുള്ള ബെരോവയിലേക്കു പോകാൻ പൗലൊസിനെ പ്രേരിപ്പിച്ചു. അവിടെ അവൻ വിജയകരമായ ശുശ്രൂഷ ആസ്വദിച്ചു. എന്നാൽ യഹൂദന്മാർ അവിടെയും ജനത്തെ ഇളക്കിവിട്ടു. അതുകൊണ്ട്‌ “ഉടനെ സഹോദരന്മാർ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു.” “പൌലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി.” പ്രവൃത്തികൾ 17:⁠5-15) വ്യക്തമായും, പുതുതായി മതപരിവർത്തനം ചെയ്‌ത ചിലർ ഈജിയൻ കടൽ വരെയുള്ള 40 കിലോമീറ്റർ ദൂരം നടക്കാനും പിന്നീട്‌ കപ്പൽക്കൂലി കൊടുത്ത്‌ 500 കിലോമീറ്റർ സമുദ്രയാത്ര ചെയ്‌ത്‌ അഥേന വരെ പോകാനും ഒരുക്കമായിരുന്നു. അത്തരമൊരു യാത്ര അപകടകരമായിരുന്നു. എന്നാൽ സഹോദരന്മാർ ആ അപകടസാധ്യത അറിഞ്ഞുകൊണ്ടുതന്നെ ദൈവത്തിന്റെ ആ സഞ്ചാര പ്രതിനിധിയോടു കൂടുതൽ സഹവസിക്കാനുള്ള സാഹചര്യം ഉപയോഗിച്ചു.

17. മിലേത്തൊസും എഫെസൊസും തമ്മിലുള്ള അകലം മനസ്സിലാക്കുമ്പോൾ നമുക്ക്‌ ഏതു സംഗതി കൂടുതൽ നന്നായി വിലമതിക്കാൻ കഴിയും?

17 തന്റെ മൂന്നാം യാത്രയിൽ (ഭൂപടത്തിൽ പച്ച നിറംകൊണ്ട്‌ സൂചിപ്പിച്ചിരിക്കുന്നു) പൗലൊസ്‌ മിലേത്തൊസ്‌ തുറമുഖത്ത്‌ എത്തിച്ചേർന്നു. ഏകദേശം 50 കിലോമീറ്റർ അകലെയുള്ള എഫെസൊസിലെ മൂപ്പന്മാരെ അവൻ ആളയച്ചു വിളിപ്പിച്ചു. ആ മൂപ്പന്മാർ മറ്റു പ്രവർത്തനങ്ങളെല്ലാം നിറുത്തിവെച്ച്‌ പൗലൊസിനെ കാണാൻ പോകുന്നതു സങ്കൽപ്പിക്കുക. കാൽനടയായി യാത്രചെയ്യവേ, നടക്കാനിരിക്കുന്ന യോഗത്തെ കുറിച്ച്‌ അവർ ആവേശപൂർവം ചർച്ച ചെയ്‌തിരിക്കണം. പൗലൊസിന്റെ ബുദ്ധിയുപദേശവും അവന്റെ പ്രാർഥനയും കഴിഞ്ഞപ്പോൾ “എല്ലാവരും വളരെ കരഞ്ഞു.” മാത്രമല്ല “അവർ . . . പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” പിന്നീട്‌ “കപ്പലോളം അവനോടുകൂടെ വന്നു അവനെ [യെരൂശലേമിലേക്കു] യാത്രയയച്ചു.” (പ്രവൃത്തികൾ 20:⁠14-38) തിരികെ എഫെസൊസിലേക്കു പോകുന്ന വഴിക്ക്‌ അവർ ധാരാളം കാര്യങ്ങൾ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌തിരിക്കണം. തങ്ങൾക്ക്‌ അറിവു പകരാനും തങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു സഞ്ചാര ശുശ്രൂഷകനോടുകൂടെ ആയിരിക്കുന്നതിനുവേണ്ടി അത്രയും ദൂരം കാൽനടയായി യാത്ര ചെയ്‌ത അവരുടെ വിലമതിപ്പ്‌ നിങ്ങളിൽ മതിപ്പുളവാക്കുന്നില്ലേ? നിങ്ങളുടെ ജീവിതത്തിലും ചിന്തയിലും ബാധകമാക്കാൻ കഴിയുന്ന എന്തെങ്കിലും ഈ വിവരണത്തിൽ നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ?

ആ ദേശത്തെ കുറിച്ചും നമുക്കു മുമ്പാകെ ഉള്ളതിനെ കുറിച്ചും മനസ്സിലാക്കൽ

18. ബൈബിളിലെ സ്ഥലനാമങ്ങൾ സംബന്ധിച്ച്‌ എന്തു ചെയ്യുന്നതിനു ദൃഢനിശ്ചയം ഉള്ളവരായിരിക്കാൻ നമുക്കു കഴിയും?

18 നാം പരിചിന്തിച്ചു കഴിഞ്ഞ ഉദാഹരണങ്ങൾ, ദൈവം ഇസ്രായേല്യർക്കു നൽകിയതും പല ബൈബിൾ വിവരണങ്ങളുടെയും കേന്ദ്രബിന്ദുവായി വർത്തിക്കുന്നതുമായ ആ ദേശവുമായി പരിചിതരാകുന്നതിന്റെ മൂല്യം കാണിക്കുന്നു. (ബൈബിളിൽ പരാമർശിച്ചിരിക്കുന്ന, വാഗ്‌ദത്ത ദേശത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കുറിച്ചു മനസ്സിലാക്കുന്നതിന്‌ നമുക്കു നമ്മുടെ മാനസിക ചക്രവാളം വികസിപ്പിക്കാൻ കഴിയും.) പ്രത്യേകിച്ച്‌ വാഗ്‌ദത്ത ദേശത്തെ കുറിച്ചുള്ള പരിജ്ഞാനവും ഗ്രാഹ്യവും നാം വർധിപ്പിക്കുമ്പോൾ, “പാലും തേനും” ഒഴുകുന്ന ദേശത്തു വസിക്കുന്നതിന്‌ ഇസ്രായേല്യരിൽനിന്ന്‌ ആവശ്യപ്പെട്ടിരുന്ന അടിസ്ഥാനപരമായ ഒരു കാര്യം നാം മനസ്സിൽ പിടിക്കണം, യഹോവയെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക എന്നത്‌.​—⁠ആവർത്തനപുസ്‌തകം 6:⁠1, 2; 27:⁠3.

19. ഏതു രണ്ടു പറുദീസകൾ നമ്മുടെ തുടർച്ചയായ ശ്രദ്ധ അർഹിക്കുന്നു?

19 സമാനമായി ഇന്ന്‌, യഹോവയെ ഭയപ്പെടുകയും അവനോടു പറ്റിനിൽക്കുകയും ചെയ്‌തുകൊണ്ട്‌ നാം നമ്മുടെ പങ്കു നിർവഹിക്കേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുന്നതിനാൽ, നമ്മൾ ലോകവ്യാപക ക്രിസ്‌തീയ സഭയിൽ ഇപ്പോൾ നിലനിൽക്കുന്ന ആത്മീയ പറുദീസയെ വികസിപ്പിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനും സംഭാവന ചെയ്യുകയായിരിക്കും. ആ പറുദീസയുടെ സവിശേഷതകളെയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള ജ്ഞാനത്തിൽ നാം വളരും. കൂടുതൽ അനുഗ്രഹങ്ങൾ വരാനിരിക്കുന്നു എന്നു നമുക്കറിയാം. യോശുവ ഇസ്രായേല്യരെ യോർദ്ദാന്‌ അക്കരെയുള്ള ഫലസമൃദ്ധവും സംതൃപ്‌തിദായകവുമായ ദേശത്തേക്കു നയിച്ചു. ഇപ്പോൾ നമുക്കു മുമ്പാകെയുള്ള നല്ല ദേശത്തേക്ക്‌, ഭൗമിക പറുദീസയിലേക്ക്‌ ഉറപ്പോടെ നോക്കുന്നതിനു നമുക്കു മൂല്യവത്തായ കാരണങ്ങളുണ്ട്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• ബൈബിൾ നാടുകളെ കുറിച്ചുള്ള പരിജ്ഞാനവും ഗ്രാഹ്യവും വർധിപ്പിക്കാൻ നാം ആഗ്രഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഈ ലേഖനത്തിൽ പരിചിന്തിച്ച, ഭൂമിശാസ്‌ത്രപരമായ ഏതു വിശദീകരണമാണ്‌ നിങ്ങൾക്കു വിശേഷാൽ സഹായകമായി തോന്നുന്നത്‌?

• ചില സംഭവങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമിശാസ്‌ത്രം സംബന്ധിച്ചു കൂടുതൽ മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക്‌ എന്തു പാഠമാണ്‌ ഉൾക്കൊള്ളാൻ കഴിഞ്ഞത്‌?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചതുരം/ചിത്രം]

കാണ്മിൻ! ആ ‘നല്ല ദേശം’

കഴിഞ്ഞ വർഷത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ യഹോവയുടെ സാക്ഷികൾ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക സന്തോഷപൂർവം സ്വീകരിച്ചു. 80-ഓളം ഭാഷകളിൽ ലഭ്യമായ ഈ പുതിയ പ്രസിദ്ധീകരണത്തിൽ, ബൈബിളിൽ പരാമർശിച്ചിരിക്കുന്ന നാടുകളെ, പ്രത്യേകിച്ച്‌ വാഗ്‌ദത്ത ദേശത്തെ വ്യത്യസ്‌ത കാലഘട്ടങ്ങളിൽ ചിത്രീകരിക്കുന്ന ധാരാളം ബഹുവർണ ഭൂപടങ്ങളും ചാർട്ടുകളും ഉണ്ട്‌.

ലേഖനത്തിൽ തടിച്ച അക്ഷരങ്ങളിലുള്ള പേജു നമ്പരുകളാൽ പ്രത്യേക ഭൂപടങ്ങളെ പരാമർശിക്കുന്നു, ഉദാഹരണത്തിന്‌ [15]. നിങ്ങളുടെ കൈവശം ഈ പുതിയ ലഘുപത്രിക ഉണ്ടെങ്കിൽ, ദൈവവചനം സംബന്ധിച്ച നിങ്ങളുടെ പരിജ്ഞാനവും ഗ്രാഹ്യവും വർധിപ്പിക്കാൻ സഹായകമായ ഇതിന്റെ വ്യതിരിക്ത സവിശേഷതകൾ മനസ്സിലാക്കാൻ അൽപ്പ സമയം ചെലവഴിക്കുക.

(1) പല ഭൂപടങ്ങൾക്കും ഒരു സൂചകവിവരം, അതായത്‌ ഭൂപടത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങൾ എന്തിനെ കുറിക്കുന്നു എന്നു വ്യക്തമാക്കുന്ന പട്ടിക ഉണ്ട്‌ [18]. (2) മിക്ക ഭൂപടങ്ങൾക്കും കിലോമീറ്ററും മൈലും സൂചിപ്പിക്കുന്ന ഒരു സ്‌കെയിൽ ഉണ്ട്‌. ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങളുടെ വലുപ്പമോ അവ തമ്മിലുള്ള ദൂരമോ മനസ്സിലാക്കാൻ അതു സഹായിക്കും [26]. (3) വടക്കു ദിക്ക്‌ സൂചിപ്പിക്കുന്ന അമ്പടയാളം ദിശ മനസ്സിലാക്കാൻ സഹായിക്കുന്നു [19]. (4) പൊതുവായ ഉയരം മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തിൽ മിക്ക ഭൂപടങ്ങൾക്കും നിറം കൊടുത്തിരിക്കുന്നു [12]. (5) ഒരു ഭൂപടത്തിന്റെ ചുറ്റും അരികുകളിൽ അക്ഷരങ്ങളോ അക്കങ്ങളോ കൊടുത്തിരിക്കുന്നതായി കണ്ടേക്കാം. ഒരു ഗ്രിഡ്‌ മനസ്സിൽ കാണാൻ നിങ്ങളെ സഹായിക്കുന്നതിനാണ്‌ അത്‌. അത്‌ ഉപയോഗിച്ച്‌ പട്ടണങ്ങളോ പേരുകളോ കണ്ടുപിടിക്കാൻ നിങ്ങൾക്കു കഴിയും [23]. (6) രണ്ടു പേജു വരുന്ന ഭൂപട സൂചികയിൽ [34-5], പേജു നമ്പർ തടിച്ച അക്കത്തിൽ കാണാം. മിക്കപ്പോഴും ഗ്രിഡ്‌ നമ്പറും ഒപ്പം കാണും, ഉദാഹരണത്തിന്‌ E2. ഈ സവിശേഷതകൾ ഏതാനും പ്രാവശ്യം പ്രയോജനപ്പെടുത്തി കഴിയുമ്പോൾ, നിങ്ങളുടെ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ബൈബിൾ സംബന്ധിച്ച ഗ്രാഹ്യം ആഴമുള്ളത്‌ ആക്കിത്തീർക്കുന്നതിനും ഇവ എത്രത്തോളം സഹായകമാണെന്നതിൽ നിങ്ങൾ വിസ്‌മയിക്കും.

[16, 17 പേജുകളിലെ ചാർട്ട്‌/ഭൂപടം]

പ്രകൃതിദത്ത സവിശേഷതകളുടെ ചാർട്ട്‌

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

എ. മഹാസമുദ്രതീരം

ബി. യോർദ്ദാനു പടിഞ്ഞാറുള്ള സമതലങ്ങൾ

1. ആശേർ സമതലം

2. ദോരിന്റെ നീണ്ട്‌ വീതികുറഞ്ഞ സമുദ്രതീരം ഭൂഭാഗം

3. ശാരോനിലെ മേച്ചിൽസ്ഥലങ്ങൾ

4. ഫെലിസ്‌ത്യ സമതലം

5. മധ്യ പൂർവ-പശ്ചിമ താഴ്‌വര

എ. മെഗിദ്ദോ സമഭൂമി

ബി. യിസ്രെയേൽ (Jezreel) താഴ്‌വര

സി. യോർദ്ദാനു പടിഞ്ഞാറുള്ള പർവതപ്രദേശങ്ങൾ

1. ഗലീലക്കുന്നുകൾ

2. കർമ്മേൽ കുന്നുകൾ

3. ശമര്യാമലകൾ

4. ഷെഫീല (ചെറുകുന്നുകൾ)

5. യെഹൂദാ മലനാട്‌

6. യെഹൂദാ മരുഭൂമി

7. തെക്കേദേശം (നെഗെബ്‌)

8. പാറാൻ മരുഭൂമി

ഡി. അരാബ (ഭ്രംശ താഴ്‌വര)

1. ഹുലാതടം

2. ഗലീലക്കടൽ പ്രദേശം

3. യോർദ്ദാൻ താഴ്‌വര

4. ഉപ്പുകടൽ (ചാവുകടൽ)

5. അരാബ (ഉപ്പുകടലിനു തെക്ക്‌)

ഇ. യോർദ്ദാനു കിഴക്കുള്ള പർവതങ്ങൾ/പീഠഭൂമികൾ

1. ബാശാൻ

2. ഗിലെയാദ്‌

3. അമ്മോനും മോവാബും

4. ഏദോം പർവതപീഠഭൂമി

എഫ്‌. ലെബാനോൻ പർവതങ്ങൾ

[ഭൂപടം]

ഹെർമ്മോൻ പർവതം

മോരേ

ആബേൽ-മെഹോല

സുക്കോത്ത്‌

യൊഗ്‌ബെഹ

ബേഥേൽ

ഗിൽഗാൽ

ഗിബെയോൻ

യെരൂശലേം

ഹെബ്രോൻ

ഗസ്സ

ബേർ-ശേബ

സൊദോം?

കാദേശ്‌

[15-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

കനാൻ

മെഗിദ്ദോ

ഗിലെയാദ

ദോഥാൻ

ശേഖേം

ബേഥേൽ (ലൂസ്‌)

ഹായി

യെരൂശലേം (ശാലേം)

ബേത്ത്‌ലേഹെം (എഫ്രാത്ത്‌)

മമ്രേ

ഹെബ്രോൻ (മക്‌പേലാ)

ഗെരാർ

ബേർ-ശേബ

സൊദോം?

തെക്കേദേശം (നെഗെബ്‌)

രെഹോബോത്ത്‌?

[Mountains]

മോരിയാ

[Bodies of water]

ഉപ്പുകടൽ

[Rivers]

യോർദ്ദാൻ

[ചിത്രം]

അബ്രാഹാം ദേശത്ത്‌ ഉടനീളം യാത്ര ചെയ്‌തു

[18-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ത്രോവാസ്‌

സമൊത്രാക്ക

നവപൊലി

ഫിലിപ്പി

അംഫിപൊലിസ്‌

തെസ്സലൊനീക്ക

ബെരോവ

അഥേന

കൊരിന്ത്‌

എഫെസൊസ്‌

മിലേത്തൊസ്‌

രൊദൊസ്‌