വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പറുദീസ​—⁠അതു നിങ്ങൾക്കുള്ളതോ?

പറുദീസ​—⁠അതു നിങ്ങൾക്കുള്ളതോ?

പറുദീസ​—⁠അതു നിങ്ങൾക്കുള്ളതോ?

‘ക്രിസ്‌തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു, ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു.’​—⁠2 കൊരിന്ത്യർ 12:⁠2-4.

1. ബൈബിളിലെ ഏതു പ്രവചനങ്ങൾ പല ആളുകൾക്കും ആകർഷകമായി തോന്നുന്നു?

ഭൗമിക പറുദീസ സംബന്ധിച്ച ദൈവത്തിന്റെ വാഗ്‌ദാനത്തെ കുറിച്ച്‌ ആദ്യമായി കേട്ടപ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നിയതെന്ന്‌ ഓർക്കുന്നുണ്ടോ? ‘കുരുടന്മാരുടെ കണ്ണു തുറന്നുവരും, ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയില്ല, മരുഭൂമിയിൽ വെള്ളം പൊട്ടിപ്പുറപ്പെടുകയും’ അവിടം ഫലസമൃദ്ധമായിത്തീരുകയും ചെയ്യും എന്നിങ്ങനെ പഠിച്ചത്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. ചെന്നായ്‌ കുഞ്ഞാടിനോടുകൂടെ പാർക്കും, പുള്ളിപ്പുലിയെ ചെറിയ കുട്ടി നടത്തും എന്നീ പ്രവചനങ്ങൾ സംബന്ധിച്ചെന്ത്‌? പറുദീസയിൽ ജീവിച്ചിരിക്കുക എന്ന പ്രത്യാശയോടെ, മരിച്ചുപോയ പ്രിയപ്പെട്ടവർ ജീവനിലേക്കു തിരികെ വരുന്നതിനെ കുറിച്ചു വായിച്ചതു നിങ്ങളെ പുളകംകൊള്ളിച്ചില്ലേ?​—⁠യെശയ്യാവു 11⁠:6; 35:⁠5, 6; യോഹന്നാൻ 5:⁠28, 29.

2, 3. (എ) നിങ്ങളുടെ ബൈബിളധിഷ്‌ഠിത പ്രത്യാശ അടിസ്ഥാനരഹിതമല്ല എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) പ്രത്യാശയ്‌ക്കുള്ള ഏതു കൂടുതലായ കാരണം നമുക്കുണ്ട്‌?

2 നിങ്ങളുടെ പ്രത്യാശ അടിസ്ഥാനരഹിതമായ ഒന്നല്ല. പറുദീസയെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനത്തിൽ വിശ്വസിക്കുന്നതിനു നിങ്ങൾക്കു കാരണങ്ങളുണ്ട്‌. ഉദാഹരണത്തിന്‌, സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ട ദുഷ്‌പ്രവൃത്തിക്കാരനോടുള്ള യേശുവിന്റെ വാക്കുകളിൽ നിങ്ങൾക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കൊസ്‌ 23:⁠43, NW) “നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” എന്ന വാക്കുകൾ സാക്ഷാത്‌കരിക്കപ്പെടുമെന്നും നിങ്ങൾക്കു ബോധ്യമുണ്ട്‌. ദൈവം നമ്മുടെ കണ്ണുനീർ തുടച്ചുകളയും, മേലാൽ മരണം ഉണ്ടാകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും അവസാനിക്കും എന്ന വാഗ്‌ദാനത്തിലും നിങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ഒരു ഭൗമിക പറുദീസ വീണ്ടും അസ്‌തിത്വത്തിൽ വരും എന്നാണ്‌ അതിന്റെ അർഥം!​—⁠2 പത്രൊസ്‌ 3:⁠13; വെളിപ്പാടു 21:⁠4, 5.

3 പറുദീസാ പ്രത്യാശയ്‌ക്കു മറ്റൊരു കാരണം കൂടെ ഉണ്ട്‌. അതെന്താണ്‌? ദൈവം ഒരു ആത്മീയ പറുദീസ ഉളവാക്കി, തന്റെ ജനത്തെ അതിൽ ആക്കിവെച്ചിരിക്കുന്നു എന്നതാണത്‌. ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികൾ ഇപ്പോൾത്തന്നെ അതിന്റെ ഭാഗമാണ്‌. “ആത്മീയ പറുദീസ” എന്ന പ്രയോഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള, സൈദ്ധാന്തികമായ ഒരു ആശയമാണെന്നു തോന്നിയേക്കാം. എന്നാൽ അത്തരമൊരു പറുദീസയെ കുറിച്ചു മുൻകൂട്ടി പറയപ്പെട്ടിരുന്നു, അത്‌ യഥാർഥത്തിൽ നിലനിൽക്കുന്നു.

പറുദീസയെ കുറിച്ചുള്ള ഒരു ദർശനം

4. 2 കൊരിന്ത്യർ 12:⁠2-4-ൽ ഏതു ദർശനത്തെ കുറിച്ചാണു സൂചിപ്പിക്കുന്നത്‌, സാധ്യതയനുസരിച്ച്‌ ആർക്കാണ്‌ ആ ദർശനം ലഭിച്ചത്‌?

4 ആത്മീയ പറുദീസയെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എന്താണ്‌ എഴുതിയതെന്നു ശ്രദ്ധിക്കുക: “ക്രിസ്‌തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ . . . മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; . . . ദൈവം അറിയുന്നു. ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല. മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (2 കൊരിന്ത്യർ 12:⁠2-4) സാധ്യതയനുസരിച്ച്‌ ആ ദർശനം ലഭിച്ചത്‌ പൗലൊസിന്‌ ആയിരിക്കണം. കാരണം അവൻ തന്റെ അപ്പൊസ്‌തലികത്വത്തിനു വേണ്ടി പ്രതിവാദം നടത്തിയതിനു തൊട്ടു പിന്നാലെയുള്ള വാക്യങ്ങളാണ്‌ ഇവ. കൂടാതെ, മറ്റാർക്കെങ്കിലും അത്തരം അനുഭവം ഉണ്ടായതായി ബൈബിൾ പറയുന്നുമില്ല. അതിനെ കുറിച്ചു നമ്മോടു പറയുന്നതാകട്ടെ, പൗലൊസാണു താനും. ആ അലൗകികമായ അനുഭവത്തിൽ ഏതു ‘പറുദീസ’യിലാണ്‌ അവൻ പ്രവേശിച്ചത്‌?​—⁠2 കൊരിന്ത്യർ 11:⁠5, 23-31.

5. പൗലൊസ്‌ കണ്ടത്‌ എന്തല്ല, അതുകൊണ്ട്‌ അവൻ കണ്ട പറുദീസ ഏതു തരത്തിലുള്ള ഒന്നായിരിക്കണം?

5 ‘മൂന്നാം സ്വർഗം’ എന്നത്‌ നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള വായുമണ്ഡലമോ ബഹിരാകാശമോ ആണെന്നു സന്ദർഭം സൂചിപ്പിക്കുന്നില്ല. അതു ജ്യോതിർഭൗതിക ശാസ്‌ത്രജ്ഞർ പറയുന്നപ്രകാരമുള്ള വേറെ ഏതെങ്കിലും പ്രപഞ്ചവും അല്ല. ബൈബിൾ മിക്കപ്പോഴും മൂന്ന്‌ എന്ന അക്കം ഊന്നൽ, തീവ്രത, ശക്തി എന്നിവയെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്‌. (സഭാപ്രസംഗി 4:⁠12; യെശയ്യാവു 6:⁠3; മത്തായി 26:⁠34, 75; വെളിപ്പാടു 4:⁠8) അപ്പോൾ, പൗലൊസ്‌ ദർശനത്തിൽ കണ്ടത്‌ ഉന്നതമാക്കപ്പെട്ട അഥവാ ഉത്‌കൃഷ്ടമായ എന്തെങ്കിലുമായിരിക്കണം. അത്‌ ആത്മീയമായ ഒന്നായിരുന്നു.

6. ഏതു ചരിത്രപരമായ സംഭവവികാസം പൗലൊസിന്റെ ദർശനത്തെ കുറിച്ച്‌ ഉൾക്കാഴ്‌ച നൽകുന്നു?

6 മുൻകാല പ്രവചനങ്ങൾ ഇതു സംബന്ധിച്ച്‌ ഉൾക്കാഴ്‌ച നൽകുന്നു. തന്റെ പുരാതന ജനം അവിശ്വസ്‌തർ ആയിത്തീർന്നപ്പോൾ, യഹൂദയ്‌ക്കും യെരൂശലേമിനും എതിരെ ബാബിലോണിയരെ വരുത്താൻ ദൈവം തീരുമാനിച്ചു. ബൈബിൾ കാലഗണന അനുസരിച്ച്‌, പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 607-ലെ നാശത്തിൽ അതു കലാശിച്ചു. ദേശം 70 വർഷം ശൂന്യമായി കിടക്കുമെന്നും അതിനുശേഷം അനുതാപമുള്ള യഹൂദന്മാരുടെ ഒരു ശേഷിപ്പ്‌ തിരികെ വരാനും സത്യാരാധന പുനഃസ്ഥാപിക്കാനും ദൈവം അനുവദിക്കുമെന്നും പ്രവചനം പറഞ്ഞു. പൊ.യു.മു. 537 മുതൽ ഇതു നിവൃത്തിയേറിത്തുടങ്ങി. (ആവർത്തനപുസ്‌തകം 28:⁠15, 62-68; 2 രാജാക്കന്മാർ 21:⁠10-15; 24:⁠12-16; 25:⁠1-4; യിരെമ്യാവു 29:⁠10-14) ദേശത്തിന്‌ എന്താണു സംഭവിച്ചത്‌? 70 വർഷംകൊണ്ട്‌ അതു കാട്ടുചെടികൾ നിറഞ്ഞ്‌, വരണ്ടുണങ്ങി, കുറുക്കന്മാരുടെ ആവാസകേന്ദ്രം ആയിത്തീർന്നു. (യിരെമ്യാവു 4:⁠26; 10:⁠22) എങ്കിലും അവർക്ക്‌ ഇങ്ങനെയൊരു വാഗ്‌ദാനം നൽകപ്പെട്ടിരുന്നു: “യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും [അല്ലെങ്കിൽ പറുദീസപോലെയും, സെപ്‌റ്റുവജിന്റ്‌] ആക്കുന്നു.”​—⁠യെശയ്യാവു 51:⁠3.

7. 70 വർഷത്തെ ശൂന്യതയ്‌ക്കു ശേഷം എന്തു സംഭവിക്കുമായിരുന്നു?

7 ശൂന്യമാക്കലിനെ തുടർന്ന്‌ 70 വർഷം കഴിഞ്ഞാണ്‌ അതു സംഭവിച്ചത്‌. ദൈവത്തിന്റെ അനുഗ്രഹത്താൽ അവസ്ഥ മെച്ചപ്പെട്ടു. ഇതു മനസ്സിൽ കാണുക: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്‌പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും . . . അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടിപ്പുറപ്പെടും. മരീചിക ഒരു പൊയ്‌കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.”​—⁠യെശയ്യാവു 35:⁠1-7.

പുനഃസ്ഥിതീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്‌ത ഒരു ജനം

8. യെശയ്യാവു 35-ാം അധ്യായം ആളുകൾക്കാണ്‌ ഊന്നൽ നൽകുന്നതെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

8 എന്തൊരു മാറ്റം! ശൂന്യാവസ്ഥയിൽനിന്നു പറുദീസയിലേക്ക്‌. ശൂന്യമായിരുന്ന ദേശം ഫലഭൂയിഷ്‌ഠം ആയിത്തീരുന്നതിനു സമാനമായ ഒരു മാറ്റം ആളുകളിലും പ്രകടമാകുമെന്ന്‌ ഇതും ആശ്രയയോഗ്യമായ മറ്റനേകം പ്രവചനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അതെങ്ങനെ പറയാൻ കഴിയും? ‘യഹോവയാൽ വീണ്ടെടുക്കപ്പെട്ട്‌’ “ആനന്ദവും സന്തോഷവും” പ്രാപിച്ചവരായി “ഉല്ലാസഘോഷത്തോടെ” മടങ്ങിവരുന്നവർക്കാണ്‌ യെശയ്യാവ്‌ ഊന്നൽ നൽകുന്നത്‌. (യെശയ്യാവു 35:⁠10) അത്‌ അക്ഷരാർഥത്തിലുള്ള മണ്ണിനല്ല, മനുഷ്യർക്കാണു ബാധകമാകുന്നത്‌. കൂടുതലായി, സീയോനിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്ന ജനത്തെ കുറിച്ച്‌ യെശയ്യാവ്‌ മറ്റൊരിടത്ത്‌ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെ . . . യഹോവയായ കർത്താവു സകല ജാതികളും കാൺകെ നീതിയെയും സ്‌തുതിയെയും മുളപ്പിക്കും.” ദൈവജനത്തെ കുറിച്ച്‌ അവൻ ഇങ്ങനെയും പ്രവചിച്ചു: ‘യഹോവ നിന്നെ എല്ലായ്‌പോഴും നടത്തുകയും നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെ ആകും.’ (യെശയ്യാവു 58:⁠11; 61:⁠3, 11; യിരെമ്യാവു 31:⁠10-12) അതുകൊണ്ട്‌ ആ ഭൂപ്രദേശത്തെ പരിസ്ഥിതി മെച്ചപ്പെടുമായിരുന്നതുപോലെതന്നെ പുനഃസ്ഥിതീകരിക്കപ്പെട്ട യഹൂദ ജനതയിലും മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു.

9. പൗലൊസ്‌ എന്തു ‘പറുദീസ’യാണ്‌ കണ്ടത്‌, അതു നിവൃത്തിയേറിയത്‌ എപ്പോൾ?

9 പൗലൊസ്‌ ദർശനത്തിൽ കണ്ടതു മനസ്സിലാക്കാൻ ഈ ചരിത്ര മാതൃക നമ്മെ സഹായിക്കുന്നു. “ദൈവത്തിന്റെ കൃഷി” എന്ന്‌ അവൻ വിശേഷിപ്പിച്ച, ഫലസമൃദ്ധം ആയിത്തീരേണ്ടിയിരുന്ന ക്രിസ്‌തീയ സഭ ഉൾപ്പെടുന്ന ഒന്നായിരിക്കുമായിരുന്നു അത്‌. (1 കൊരിന്ത്യർ 3:⁠9) ആ ദർശനം നിവൃത്തിയാകേണ്ടിയിരുന്നത്‌ എപ്പോഴാണ്‌? പൗലൊസ്‌, താൻ കണ്ട കാര്യങ്ങളെ ഒരു ‘വെളിപ്പാട്‌’ അഥവാ ഭാവിയിൽ സംഭവിക്കാനിരിക്കുന്നത്‌ എന്നാണു പരാമർശിച്ചത്‌. തന്റെ മരണശേഷം വ്യാപകമായ തോതിൽ വിശ്വാസത്യാഗം വികാസം പ്രാപിക്കുമെന്ന്‌ അവന്‌ അറിയാമായിരുന്നു. (2 കൊരിന്ത്യർ 12:⁠1; പ്രവൃത്തികൾ 20:⁠29, 30; 2 തെസ്സലൊനീക്യർ 2:⁠3, 7) വിശ്വാസത്യാഗം വളർന്ന്‌ സത്യക്രിസ്‌ത്യാനിത്വത്തെ മൂടിക്കളഞ്ഞതു പോലെ കാണപ്പെട്ട ഒരവസ്ഥയിൽ, ക്രിസ്‌തീയ സഭയെ തഴച്ചു വളരുന്ന ഒരു തോട്ടത്തോട്‌ ഉപമിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും സത്യാരാധന ഉന്നതമാക്കപ്പെടുന്ന ഒരു സമയം വരികതന്നെ ചെയ്യുമായിരുന്നു. ‘നീതിമാന്മാർക്ക്‌ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കാൻ’ കഴിയേണ്ടതിന്‌ ദൈവജനം പുനഃസ്ഥിതീകരിക്കപ്പെടുമായിരുന്നു. (മത്തായി 13:⁠24-30, 36-43) ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായി ഏതാനും വർഷം കഴിഞ്ഞപ്പോൾ അതു സംഭവിച്ചു. ദശാബ്ദങ്ങൾ കടന്നുപോകവേ ദൈവജനം, പൗലൊസ്‌ ദർശനത്തിൽ മുൻകൂട്ടി കണ്ട ആത്മീയ പറുദീസ ആസ്വദിക്കുകയാണ്‌ എന്നതു വ്യക്തമായിത്തീർന്നു.

10, 11. അപൂർണരാണെങ്കിലും നാം ഒരു ആത്മീയ പറുദീസയിലാണ്‌ എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

10 എന്നിരുന്നാലും വ്യക്തിപരമായി നാമെല്ലാം അപൂർണരാണ്‌. അതുകൊണ്ട്‌ ഇടയ്‌ക്കിടെ പ്രശ്‌നങ്ങൾ ഉയർന്നുവരുന്നതു തികച്ചും സ്വാഭാവികം മാത്രം. പൗലൊസിന്റെ നാളിലെ ക്രിസ്‌ത്യാനികളും അവ അഭിമുഖീകരിച്ചിരുന്നു. (1 കൊരിന്ത്യർ 1:⁠10-13; ഫിലിപ്പിയർ 4:⁠2, 3; 2 തെസ്സലൊനീക്യർ 3:⁠6-14) എങ്കിലും നാം ഇന്ന്‌ ആസ്വദിക്കുന്ന ആത്മീയ പറുദീസയെ കുറിച്ചു ചിന്തിക്കുക. ഒരിക്കൽ ആയിരുന്ന ആത്മീയ രോഗാവസ്ഥയോടുള്ള താരതമ്യത്തിൽ ഇന്നു നാം സുഖം പ്രാപിച്ചിരിക്കുന്നു. ആത്മീയ ക്ഷാമത്തിന്റെ ഭൂതകാലത്തിൽനിന്നു വ്യത്യസ്‌തമായി സമൃദ്ധിയുടെ വർത്തമാനകാലത്തിലാണു നാമിന്ന്‌. ആത്മീയമായി വരണ്ടുണങ്ങിയ ഒരു ദേശത്തു ദുരിതമനുഭവിച്ചു കഴിയുന്നതിനു പകരം ദൈവത്തിന്റെ അംഗീകാരവും അവൻ ഇടതടവില്ലാതെ വർഷിക്കുന്ന അനുഗ്രഹങ്ങളും ആസ്വദിച്ചാണ്‌ ദൈവജനം ജീവിക്കുന്നത്‌. (യെശയ്യാവു 35:⁠1, 7) ആത്മീയ അന്ധകാരത്തിൽ തപ്പിത്തടയുന്നതിനു പകരം നാം സ്വാതന്ത്ര്യത്തിന്റെയും ദൈവാംഗീകാരത്തിന്റെയും പ്രകാശം കാണുന്നു. ബൈബിൾ പ്രവചനങ്ങൾ സംബന്ധിച്ചു ബധിരരായിരുന്ന ആളുകൾ തിരുവെഴുത്തുകൾ പറയുന്നതു ഗ്രാഹ്യത്തോടെ കേട്ടിരിക്കുന്നു. (യെശയ്യാവു 35:⁠5) ഉദാഹരണത്തിന്‌ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ യഹോവയുടെ സാക്ഷികൾ ദാനീയേൽ പ്രവചനം വാക്യാനുവാക്യം പഠിച്ചിരിക്കുന്നു. തുടർന്ന്‌ അവർ യെശയ്യാവ്‌ എന്ന ബൈബിൾ പുസ്‌തകത്തിന്റെ ഓരോ അധ്യായവും ആഴത്തിൽ പഠിച്ചു. നവോന്മേഷദായകമായ ആ ആത്മീയ ഭക്ഷണം നമ്മുടെ ആത്മീയ പറുദീസയ്‌ക്കു തെളിവു നൽകുന്നില്ലേ?

11 ദൈവവചനം പഠിക്കുകയും ബാധകമാക്കുകയും ചെയ്യവേ എല്ലാ പശ്ചാത്തലങ്ങളിൽനിന്നുമുള്ള ആത്മാർഥ ഹൃദയരായ ആളുകളുടെ വ്യക്തിത്വ സവിശേഷതകളിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചും ചിന്തിക്കുക. അടിസ്ഥാനപരമായി, അവരെല്ലാം തങ്ങളുടെ വ്യക്തിത്വത്തെ അടക്കിഭരിച്ചിരുന്ന മൃഗീയ വാസനകളെ ജയിച്ചടക്കാൻ ശ്രമംചെയ്‌തു. ആ ശ്രമത്തിൽ നിങ്ങൾ ഒരുപക്ഷേ ശ്രദ്ധേയമായ ഫലം കൈവരിച്ചിരിക്കണം. നിങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർക്കും അതിനു കഴിഞ്ഞിട്ടുണ്ട്‌. (കൊലൊസ്സ്യർ 3:⁠8-14) തന്നിമിത്തം നിങ്ങൾ യഹോവയുടെ സാക്ഷികളുടെ ഒരു സഭയോടൊത്ത്‌ ആയിരിക്കുമ്പോൾ, കൂടുതൽ സമാധാനപ്രിയരും സന്തുഷ്ടരും ആയിത്തീർന്നിരിക്കുന്ന ആളുകളോടു സഹവസിക്കുകയാണ്‌. അവർ ഇപ്പോഴും പൂർണരല്ലെന്നുള്ളതു ശരിയാണ്‌. എന്നാൽ മേലാൽ അവരെ, കടിച്ചുകീറുന്ന ഒരു സിംഹത്തിന്റെയോ ദുഷ്ടമൃഗത്തിന്റെയോ സ്വഭാവവിശേഷത ഉള്ളവർ എന്നു വിളിക്കാനാവില്ല. (യെശയ്യാവു 35:⁠9) ശാന്തവും സമാധാനപൂർണവുമായ ഈ ആത്മീയ കൂട്ടായ്‌മ എന്താണ്‌ അർഥമാക്കുന്നത്‌? ആത്മീയ പറുദീസ എന്നു നാം ഉചിതമായി വിളിക്കുന്ന ആത്മീയ അവസ്ഥ നാം ആസ്വദിക്കുകയാണ്‌ എന്നുതന്നെ. ഈ ആത്മീയ പറുദീസയാകട്ടെ, ദൈവത്തോടു വിശ്വസ്‌തരായി തുടരുന്നെങ്കിൽ നാം ആസ്വദിക്കാനിരിക്കുന്ന ഒരു ഭൗമിക പറുദീസയുടെ മുൻനിഴലാണ്‌.

12, 13. നമ്മുടെ ആത്മീയ പറുദീസയിൽ നിലനിൽക്കാൻ നാം എന്തു ചെയ്യണം?

12 എങ്കിലും നാം അവഗണിക്കരുതാത്ത ഒരു കാര്യമുണ്ട്‌. ദൈവം ഇസ്രായേല്യരോടു പറഞ്ഞു: “ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും . . . ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കൽപ്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ.” (ആവർത്തനപുസ്‌തകം 11:⁠8, 9) ലേവ്യപുസ്‌തകം 20:⁠22, 24-ൽ അതേ ദേശത്തെ കുറിച്ചു പറയുന്നു: “ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം. നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്‌പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും.” അതേ, വാഗ്‌ദത്ത നാട്‌ അവകാശമാക്കുന്നത്‌ യഹോവയുമായുള്ള ഒരു നല്ല ബന്ധത്തെ ആശ്രയിച്ചിരുന്നു. ഇസ്രായേല്യർ അവനെ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ്‌ ദേശത്തുനിന്ന്‌ അവരെ കൊണ്ടുപോകാൻ ബാബിലോണ്യരെ യഹോവ അനുവദിച്ചത്‌.

13 നമ്മുടെ ആത്മീയ പറുദീസ സംബന്ധിച്ച പല കാര്യങ്ങളും നമ്മെ സന്തുഷ്ടരാക്കിയേക്കാം. അതിന്റെ അന്തരീക്ഷം നയനാനന്ദകരമാണ്‌, ഹൃദയോഷ്‌മളവുമാണ്‌. മൃഗീയ സ്വഭാവവിശേഷങ്ങളിൽനിന്നു മോചിതരാകാൻ ശ്രമംചെയ്‌ത ക്രിസ്‌ത്യാനികളുമായി നമുക്കു സമാധാനപരമായ ബന്ധമാണുള്ളത്‌. അവർ ദയ കാണിക്കാനും സഹായിക്കാനും യത്‌നിക്കുന്നു. എന്നാൽ നമ്മുടെ ആത്മീയ പറുദീസയിൽ നിലനിൽക്കുന്നതിന്‌ ഇവരുമായുള്ള ഒരു നല്ല ബന്ധത്തിലധികം ആവശ്യമാണ്‌. നമുക്ക്‌ യഹോവയുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുകയും നാം അവന്റെ ഇഷ്ടം ചെയ്യുകയും വേണം. (മീഖാ 6:⁠8) ഈ ആത്മീയ പറുദീസയിലേക്കു സ്വമേധയാ എത്തിയവരാണു നാം. എന്നാൽ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമംചെയ്യുന്നില്ലെങ്കിൽ നാം ഈ പറുദീസയിൽനിന്ന്‌ അകന്നുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്‌തേക്കാം.

14. ആത്മീയ പറുദീസയിൽ കഴിയുന്നതിനുള്ള ഒരു സഹായം എന്ത്‌?

14 ദൈവവചനത്താൽ തുടർന്നും ശക്തീകരിക്കപ്പെടുക എന്നതാണു സഹായകമായ ഒരു പ്രധാനപ്പെട്ട ഘടകം. സങ്കീർത്തനം 1:⁠1-3-ൽ ആലങ്കാരികമായി പറഞ്ഞിരിക്കുന്ന ഒരു സംഗതി ശ്രദ്ധിക്കുക: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെ . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” കൂടുതലായി, വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിന്റെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ ആത്മീയ പറുദീസയിൽ ആത്മീയ ഭക്ഷണം പ്രദാനം ചെയ്യുന്നു.​—⁠മത്തായി 24:⁠45-47, NW.

പറുദീസയെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം ബലിഷ്‌ഠമാക്കൽ

15. ഇസ്രായേല്യരെ വാഗ്‌ദത്ത ദേശത്തേക്കു നയിക്കാൻ മോശെക്കു കഴിയാതെ പോയത്‌ എന്തുകൊണ്ട്‌, എന്നാൽ അവൻ എന്തു കണ്ടു?

15 പറുദീസയുടെ മറ്റൊരു പൂർവവീക്ഷണം പരിചിന്തിക്കുക. മരുഭൂമിയിൽ 40 വർഷം അലഞ്ഞുതിരിഞ്ഞ ഇസ്രായേല്യരെ മോശെ, യോർദ്ദാൻ നദിക്കു കിഴക്കുള്ള മോവാബ്യ സമതലത്തിലേക്കു നയിച്ചു. മുമ്പൊരിക്കൽ മോശെ ചെയ്‌ത ഒരു തെറ്റിന്റെ ഫലമായി അവൻ ഇസ്രായേൽ ജനത്തെ യോർദ്ദാന്റെ മറുകരയിലേക്കു നയിക്കുകയില്ലെന്ന്‌ യഹോവ നിശ്ചയിച്ചിരുന്നു. (സംഖ്യാപുസ്‌തകം 20:⁠7-12; 27:⁠12, 13) മോശെ ദൈവത്തോട്‌ അഭ്യർഥിച്ചു: ‘ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശം ഒന്നു കണ്ടുകൊള്ളട്ടെ.’ അവൻ അതിൽ പ്രവേശിക്കുമായിരുന്നില്ലെങ്കിലും പിസ്‌ഗ പർവതത്തിനു മുകളിൽ കയറി ആ നാടിന്റെ വിവിധ ഭാഗങ്ങൾ കണ്ടപ്പോൾ അത്‌ ‘നല്ല ദേശം’ തന്നെ എന്ന്‌ അവൻ മനസ്സിലാക്കിയിരിക്കണം. ആ ദേശം എങ്ങനെയുള്ള ഒന്നായിരുന്നു എന്നാണു നിങ്ങൾ വിചാരിക്കുന്നത്‌?​—⁠ആവർത്തനപുസ്‌തകം 3:⁠25-27.

16, 17. (എ) പുരാതന നാളിലെ വാഗ്‌ദത്ത ദേശം ആധുനിക നാളിലേതിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ? (ബി) വാഗ്‌ദത്ത ദേശം ഒരിക്കൽ പറുദീസപോലെ ആയിരുന്നു എന്ന്‌ നമുക്കു വിശ്വസിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 ആ പ്രദേശത്തിലേറെയും ഇപ്പോൾ ഏത്‌ അവസ്ഥയിലാണ്‌ എന്നതിനെ ആസ്‌പദമാക്കിയുള്ളതാണു നിങ്ങളുടെ വീക്ഷണമെങ്കിൽ ചുട്ടുപൊള്ളുന്ന മണൽപ്രദേശങ്ങളും പാറകൾ നിറഞ്ഞ മരുഭൂമികളും ഉള്ള ഒരു വരണ്ട ദേശം ആയിരിക്കും നിങ്ങൾ ഭാവനയിൽ കാണുക. എന്നാൽ ബൈബിൾ കാലങ്ങളിൽ, ആ പ്രദേശം തികച്ചും വ്യത്യസ്‌തമായിരുന്നു എന്നു വിശ്വസിക്കാൻ കാരണമുണ്ട്‌. “ആ പ്രദേശത്തെ ഭൂമി ഒരു സഹസ്രാബ്ദകാലത്തെ ദുരുപയോഗത്താൽ താറുമാറായ അവസ്ഥയിലാണ്‌” എന്ന്‌ സയന്റിഫിക്‌ അമേരിക്കൻ എന്ന പത്രികയിൽ കൃഷിശാസ്‌ത്രജ്ഞനായ ഡോക്ടർ വാൾട്ടർ സി. ലൗഡർമിൽക്ക്‌ വിശദീകരിക്കുന്നു. അദ്ദേഹം തുടരുന്നു: “ഒരിക്കൽ ഫലപുഷ്ടമായിരുന്ന പ്രദേശം ‘മരുഭൂമി’യായിപ്പോയത്‌ മനുഷ്യൻ നിമിത്തമാണ്‌, പ്രകൃതിയല്ല അതിനു കാരണം.” യഥാർഥത്തിൽ “ഈ പ്രദേശം ഒരു മേച്ചിൽ പറുദീസ ആയിരുന്നു” എന്ന്‌ അദ്ദേഹത്തിന്റെ പഠനം സൂചിപ്പിച്ചു. മനുഷ്യന്റെ മോശമായ ഉപയോഗമാണ്‌ മുമ്പത്തെ മേച്ചിൽ പറുദീസ താറുമാറാക്കിയിരിക്കുന്നത്‌ എന്നതു വ്യക്തമാകുന്നു. *

17 ആ നിഗമനം എത്ര യുക്തിസഹമാണെന്ന്‌ നിങ്ങൾ ബൈബിളിൽനിന്നു വായിച്ചിട്ടുള്ളതു സംബന്ധിച്ചു ധ്യാനിക്കുമ്പോൾ നിങ്ങൾക്കു കാണാൻ കഴിയും. യഹോവ മോശെയിലൂടെ ജനത്തിനു നൽകിയ ഉറപ്പ്‌ ഓർക്കുക: “നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്‌വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു.”​—⁠ആവർത്തനപുസ്‌തകം 11:⁠8-12.

18. യെശയ്യാവു 35:⁠2, പ്രവാസത്തിലായിരുന്ന ഇസ്രായേല്യർക്ക്‌ വാഗ്‌ദത്ത ദേശം എങ്ങനെയുള്ള ഒന്നായിരിക്കും എന്നതു സംബന്ധിച്ച ഒരു ചിത്രം പ്രദാനം ചെയ്‌തിരിക്കാവുന്നത്‌ എങ്ങനെ?

18 വാഗ്‌ദത്ത നാട്ടിലെ ചില പ്രദേശങ്ങളുടെ പേരു കേൾക്കുമ്പോൾത്തന്നെ പറുദീസാ അവസ്ഥകൾ മനസ്സിലേക്കു വരുമാറ്‌ ആ നാട്‌ അത്ര ഹരിതമനോഹരവും ഫലസമൃദ്ധവും ആയിരുന്നു. ഇസ്രായേല്യർ ബാബിലോണിൽനിന്നു തിരികെ വന്നപ്പോൾ ആദ്യ നിവൃത്തിയുണ്ടായ യെശയ്യാവു 35-ാം അധ്യായത്തിലെ പ്രവചനം അതു വ്യക്തമാക്കുന്നു. യെശയ്യാവ്‌ അവിടെ ഇപ്രകാരം മുൻകൂട്ടി പറഞ്ഞു: “അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.” (യെശയ്യാവു 35:⁠2) ലെബാനോൻ, കർമ്മേൽ, ശാരോൻ തുടങ്ങിയ പ്രദേശങ്ങളെ കുറിച്ചുള്ള പരാമർശം ഇസ്രായേല്യരുടെ മനസ്സിൽ സംതൃപ്‌തിയുടെയും മനോഹാരിതയുടെയും ചിത്രങ്ങൾ ഉളവാക്കിയിരിക്കണം.

19, 20. (എ) പുരാതന ശാരോൻ പ്രദേശത്തെ വർണിക്കുക. (ബി) പറുദീസ സംബന്ധിച്ച നമ്മുടെ പ്രത്യാശ ശക്തിപ്പെടുത്താനുള്ള ഒരു മാർഗം എന്ത്‌?

19 ശാരോനെ കുറിച്ചു ചിന്തിക്കുക. ശമര്യ കുന്നുകളുടെയും മഹാസമുദ്രം അഥവാ മധ്യധരണ്യാഴിയുടെയും ഇടയിലാണ്‌ ഈ സമുദ്രതീര സമതലം സ്ഥിതിചെയ്യുന്നത്‌. (10-ാം പേജിലെ ചിത്രം കാണുക.) അതു പ്രകൃതിരമണീയതയ്‌ക്കും ഫലപുഷ്ടിക്കും പ്രസിദ്ധമായിരുന്നു. നല്ല നീരൊഴുക്കുള്ള സ്ഥലമായിരുന്നതുകൊണ്ട്‌ ആടുമാടുകളെ മേയ്‌ക്കാൻ അവിടം വളരെ അനുയോജ്യമായിരുന്നു. വടക്കു ഭാഗത്തായി ഓക്കുമരക്കാടുകളും ഉണ്ടായിരുന്നു. (1 ദിനവൃത്താന്തം 27:⁠29; ഉത്തമഗീതം 2:⁠1; യെശയ്യാവു 65:⁠10) അപ്പോൾ യെശയ്യാവു 35:⁠2, പുനഃസ്ഥിതീകരണത്തെ കുറിച്ചും ദേശം മനോഹാരിതയിൽ ഉല്ലസിക്കുന്നതിനെയും പറുദീസപോലെ ആയിത്തീരുന്നതിനെയും കുറിച്ചുമൊക്കെയാണ്‌ മുൻകൂട്ടി പറയുന്നത്‌. അത്‌ പൗലൊസ്‌ ദർശനത്തിൽ കണ്ടതിനു ചേർച്ചയിൽ, ആനന്ദകരമായ ഒരു ആത്മീയ പറുദീസയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്‌. ഒടുവിൽ ഈ പ്രവചനം മറ്റു പ്രവചനങ്ങളോടൊപ്പം മനുഷ്യവർഗത്തിനായുള്ള ഒരു ഭൗമിക പറുദീസയിലുള്ള നമ്മുടെ പ്രത്യാശ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

20 ആത്മീയ പറുദീസയിൽ വസിക്കവേ, നമുക്ക്‌ അതിനോടുള്ള വിലമതിപ്പും ഭൗമിക പറുദീസയിലുള്ള പ്രത്യാശയും ശക്തിപ്പെടുത്താം. എങ്ങനെ? ബൈബിളിലുള്ള കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുന്നതിനാൽ. ബൈബിളിലെ വിവരണങ്ങളും പ്രവചനങ്ങളും മിക്കപ്പോഴും പ്രത്യേക പ്രദേശങ്ങളെ പരാമർശിക്കാറുണ്ട്‌. ആ പ്രദേശങ്ങൾ എവിടെയാണെന്നും മറ്റു പ്രദേശങ്ങളുമായി അവയ്‌ക്കുള്ള ബന്ധം എന്താണെന്നും സംബന്ധിച്ച്‌ മെച്ചപ്പെട്ട ഒരു ഗ്രാഹ്യം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? പ്രയോജനകരമായ ഒരു വിധത്തിൽ അതു നേടാൻ എങ്ങനെ സാധിക്കും എന്നാണ്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 16 ജ്യോഗ്രഫി ഓഫ്‌ ദ ബൈബിൾ എന്ന പുസ്‌തകത്തിൽ ഡെനസ്‌ ബാലീ പറയുന്നു: “ബൈബിൾകാലത്തിനു ശേഷം സസ്യജാല മാതൃകയുടെ സ്വഭാവം വളരെയധികം മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ടായിരിക്കണം.” എന്താണതിനു കാരണം? “വിറകിനും നിർമാണ ആവശ്യങ്ങൾക്കും മനുഷ്യനു തടി ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട്‌ അവൻ മരങ്ങൾ മുറിക്കാൻ തുടങ്ങി. അങ്ങനെ ദേശം കാലാവസ്ഥയുടെ രൂക്ഷമായ ആക്രമണത്തിനു മറയില്ലാതെ തുറന്നുകിട്ടി. പരിസ്ഥിതിയിലുള്ള ഈ ഇടപെടലിന്റെ ഫലമായി കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടായി. അതു നാശത്തിനുള്ള മുഖ്യ കാരണമായി മാറി.”

നിങ്ങൾ ഓർമിക്കുന്നുവോ?

• അപ്പൊസ്‌തലനായ പൗലൊസ്‌ ദർശനത്തിൽ എന്തു ‘പറുദീസ’യാണു കണ്ടത്‌?

യെശയ്യാവു 35-ാം അധ്യായത്തിന്റെ പ്രാരംഭ നിവൃത്തി എന്തായിരുന്നു, പൗലൊസ്‌ ദർശനത്തിൽ കണ്ടതുമായി അതു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

• ആത്മീയ പറുദീസയോടുള്ള വിലമതിപ്പും ഭൗമിക പറുദീസ സംബന്ധിച്ച പ്രത്യാശയും ബലിഷ്‌ഠമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

ശാരോൻ സമതലം, വാഗ്‌ദത്ത നാട്ടിലെ ഫലസമൃദ്ധമായ ഒരു പ്രദേശം

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[12-ാം പേജിലെ ചിത്രം]

അത്‌ ഒരു ‘നല്ല ദേശം’ ആണെന്ന്‌ മോശെ മനസ്സിലാക്കി