യുവജനങ്ങളേ, ഹൃദയത്തെ കാത്തുകൊള്ളുന്നതിൽ നിങ്ങളെ സഹായിക്കാൻ മാതാപിതാക്കളെ അനുവദിക്കുക!
യുവജനങ്ങളേ, ഹൃദയത്തെ കാത്തുകൊള്ളുന്നതിൽ നിങ്ങളെ സഹായിക്കാൻ മാതാപിതാക്കളെ അനുവദിക്കുക!
ഒരു കപ്പിത്താനു നേരിടേണ്ടിവരുന്ന ഏറ്റവും പ്രയാസകരമായ സാഹചര്യം ഏതാണെന്നാണു നിങ്ങൾ കരുതുന്നത്? ഒരു കടൽ സുരക്ഷിതമായി കടക്കുന്നതാണോ? സാധാരണഗതിയിൽ അല്ല. ഒട്ടുമിക്ക കപ്പൽച്ചേതങ്ങളും സംഭവിക്കുന്നത് ആഴക്കടലിലല്ല, മറിച്ച് കരയോട് അടുത്തുതന്നെയാണ്. വാസ്‌തവത്തിൽ, ഒരു വിമാനം താഴെ ഇറക്കുന്നതിനെക്കാൾ അപകടം നിറഞ്ഞ ഒന്നാണ് ഒരു കപ്പൽ തുറമുഖത്ത് എത്തിക്കുന്നത്. എന്തുകൊണ്ട്?
കപ്പൽ സുരക്ഷിതമായി നങ്കൂരമിടുന്നതിന് ഒരു കപ്പിത്താൻ തുറമുഖത്തിനു സമീപത്ത് ഉണ്ടായേക്കാവുന്ന എല്ലാവിധ അപകടങ്ങളും ഒഴിവാക്കേണ്ടതുണ്ട്. മറ്റു കപ്പലുകളുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അടിയൊഴുക്കിനെ കുറിച്ച് അദ്ദേഹം അറിഞ്ഞിരിക്കണം. കൂടാതെ മണൽത്തിട്ടകൾ, പാറക്കൂട്ടങ്ങൾ, തകർന്ന ഏതെങ്കിലും കപ്പലിന്റെ അവശിഷ്ടങ്ങൾ എന്നിങ്ങനെ വെള്ളത്തിൽ മറഞ്ഞിരിക്കുന്ന, കപ്പലിനു കേടുവരുത്തുന്ന യാതൊന്നിലും തട്ടാതെ അദ്ദേഹം മുന്നോട്ടു പോകുകയും ചെയ്യേണ്ടതുണ്ട്. ആ തുറമുഖത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദർശനമാണ് അതെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രയാസകരമായിരുന്നേക്കാം.
ഇത്തരം പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിന്, ജ്ഞാനിയായ ഒരു കപ്പിത്താൻ ആ പ്രത്യേക തുറമുഖത്തെ കുറിച്ചു നന്നായി അറിയാവുന്ന ഒരു തുറമുഖ ഉദ്യോഗസ്ഥന്റെ സഹായം തേടിയേക്കാം. ആ ഉദ്യോഗസ്ഥൻ കപ്പിത്താന്റെ അടുത്തു നിന്നുകൊണ്ട് വിദഗ്‌ധമായ മാർഗനിർദേശം നൽകുന്നു. അവർ രണ്ടുപേരും ചേർന്ന് അപകടങ്ങൾ പരിചിന്തിക്കുകയും എത്ര ഇടുങ്ങിയ പാതയിലൂടെ പോലും കപ്പലിനെ തുറമുഖത്ത് എത്തിക്കുകയും ചെയ്യുന്നു.
തഴക്കംവന്ന ഒരു തുറമുഖ ഉദ്യോഗസ്ഥനിൽനിന്നു കപ്പിത്താനു ലഭിക്കുന്ന വിലപ്പെട്ട ഉപദേശം പോലെയാണ് ജീവിതത്തിലെ ദുഷ്‌കരമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ക്രിസ്‌തീയ യുവജനങ്ങൾക്കു ലഭിക്കുന്ന വിലയേറിയ സഹായം. എന്തു സഹായമാണത്? കൗമാരപ്രായക്കാർക്ക് അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്?
നമുക്കു കപ്പലിന്റെ ദൃഷ്ടാന്തം തുടർന്നും പരിചിന്തിക്കാം. നിങ്ങൾ കൗമാരപ്രായത്തിലുള്ള ഒരാളാണെങ്കിൽ, ഏറെക്കുറെ ഒരു കപ്പിത്താനെപ്പോലെതന്നെയാണ്. കാരണം, അധികം താമസിയാതെതന്നെ നിങ്ങൾ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏൽക്കേണ്ടിവരും. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ നിങ്ങൾ കടന്നുപോകവേ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് നിങ്ങളുടെ മാതാപിതാക്കൾ ഒരു തുറമുഖ ഉദ്യോഗസ്ഥന്റേതിനു സമാനമായ പങ്കു നിർവഹിക്കുന്നു. എന്നാൽ, കൗമാരപ്രായത്തിൽ, മാതാപിതാക്കൾ നൽകുന്ന മാർഗനിർദേശം സ്വീകരിക്കുന്നതു ബുദ്ധിമുട്ടായി നിങ്ങൾക്കു തോന്നിയേക്കാം. എന്തുകൊണ്ട്?
മിക്കപ്പോഴും ഈ പ്രശ്‌നത്തിന്റെ കാരണം ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിലക്കപ്പെട്ട സംഗതികൾ കാംക്ഷിക്കാൻ അല്ലെങ്കിൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതായി തോന്നുന്ന കാര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ആലങ്കാരിക ഹൃദയം നിങ്ങളെ പ്രേരിപ്പിച്ചേക്കാം. “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 8:21) നിങ്ങൾക്കു മുമ്പിൽ ഒരു വലിയ വെല്ലുവിളി ഉണ്ടെന്ന് യഹോവ വ്യക്തമാക്കുന്നു. “ഹൃദയം എല്ലാററിനെക്കാളും കാപട്യമുള്ളതാണ്, ശോചനീയമാംവിധം ദുഷിച്ചതുമാണ്” എന്ന് അവൻ മുന്നറിയിപ്പു നൽകുന്നു. (യിരെമ്യാവു 17:9, പി.ഒ.സി. ബൈബിൾ) തെറ്റായ ആഗ്രഹങ്ങളെ രഹസ്യമായി താലോലിക്കുന്നതിനു പുറമേ, മാതാപിതാക്കൾക്ക് ഏറെ അനുഭവപരിചയം ഉണ്ടെങ്കിലും അവരെക്കാൾ മെച്ചമായി തനിക്കു കാര്യങ്ങൾ അറിയാം എന്നു ചിന്തിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ട് ഹൃദയത്തിന് അയാളെ വഞ്ചിക്കാൻ കഴിയും. എന്നാൽ ദുഷ്‌കരമായ കൗമാരനാളുകൾ താണ്ടുന്നതിനായി മാതാപിതാക്കളുടെ സഹായം തേടാൻ നല്ല കാരണങ്ങളുണ്ട്.
മാതാപിതാക്കളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
ഏറ്റവും പ്രധാന കാരണം, മാതാപിതാക്കളുടെ നിർദേശങ്ങൾക്കു ചെവികൊടുക്കണമെന്നു നിങ്ങളോടു പറയുന്നത് കുടുംബ ക്രമീകരണം ഏർപ്പെടുത്തിയ യഹോവതന്നെയാണ് എന്നതാണ്. (എഫെസ്യർ 3:14, 15) നിങ്ങളുടെ പരിപാലനം യഹോവ അവരെയാണു ഭരമേൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അവൻ നിങ്ങൾക്ക് ഈ ബുദ്ധിയുപദേശം നൽകുന്നത്: “മക്കളേ, കർത്താവിൽ മാതാപിതാക്കളെ അനുസരിക്കുക. അതാണ് ശരിയായ ധർമം.” (എഫെസ്യർ 6:1-3, ഓശാന ബൈബിൾ; സങ്കീർത്തനം 78:5) നിങ്ങൾ കൗമാരപ്രായത്തിലുള്ള ഒരു വ്യക്തി ആയിരിക്കാമെങ്കിലും, ഇപ്പോഴും നിങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. അതുകൊണ്ടുതന്നെ, അവർ പറയുന്ന കാര്യങ്ങൾക്കു ചെവികൊടുക്കേണ്ട കടമ നിങ്ങൾക്കുണ്ട്. മക്കൾ മാതാപിതാക്കളെ അനുസരിക്കണമെന്ന് എഴുതിയപ്പോൾ അപ്പൊസ്‌തലനായ പൗലൊസ് ഉപയോഗിച്ച ഗ്രീക്കുപദം, ഏതൊരു പ്രായത്തിലുള്ള മക്കളെയും കുറിക്കുന്ന ഒന്നാണ്. ദൃഷ്ടാന്തത്തിന്, മത്തായി 23:37-ൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, യെരൂശലേം നിവാസികളെ, അവരിൽ മിക്കവരും മുതിർന്നവരായിരുന്നിട്ടും യേശു അവളുടെ “മക്കൾ” എന്നു പരാമർശിച്ചു.
പുരാതന കാലത്തെ വിശ്വസ്‌ത പുരുഷന്മാരിൽ അനേകരും, മുതിർന്നശേഷവും അവരുടെ മാതാപിതാക്കളെ അനുസരിക്കുന്നതിൽ തുടർന്നിരുന്നു. അതിനൊരു ഉദാഹരണമാണ് യാക്കോബ്. പ്രായപൂർത്തിയായ വ്യക്തി ആയിരുന്നെങ്കിലും, യഹോവയെ ആരാധിക്കാത്ത ഒരു സ്‌ത്രീയെ വിവാഹം കഴിക്കരുതെന്ന പിതാവിന്റെ കൽപ്പന അനുസരിക്കേണ്ടതാണെന്ന് അവൻ മനസ്സിലാക്കി. (ഉല്‌പത്തി 28:1, 2) വിജാതീയ കനാന്യസ്‌ത്രീകളെ വിവാഹം ചെയ്യാനുള്ള തന്റെ സഹോദരന്റെ തീരുമാനം മാതാപിതാക്കൾക്കു വലിയ ഹൃദയവേദന വരുത്തിവെച്ചത് അവൻ നിരീക്ഷിച്ചു എന്നതിനും സംശയമില്ല.—ഉല്‌പത്തി 27:46.
നിങ്ങളെ വഴിനടത്തുക എന്ന ദൈവദത്ത ഉത്തരവാദിത്വത്തിനു പുറമേ നിങ്ങളുടെ ഉപദേശകരായി വർത്തിക്കാൻ ഏറ്റവും യോഗ്യതയുള്ളവർ നിങ്ങളുടെ ക്രിസ്‌തീയ മാതാപിതാക്കൾ തന്നെയാണ്. അതിന്റെ പ്രധാന കാരണം, അവർക്കു നിങ്ങളെ നന്നായി അറിയാം എന്നതാണ്. മാത്രമല്ല, വർഷങ്ങളായി അവർ നിങ്ങളോടു നിസ്സ്വാർഥ സ്‌നേഹം കാണിച്ചിട്ടുമുണ്ട്. തുറമുഖ ഉദ്യോഗസ്ഥനെ പോലെ, അവർ അനുഭവപരിചയത്തിൽനിന്നാണു സംസാരിക്കുന്നത്. യൗവനം പിന്നിട്ടവരെന്ന നിലയിൽ ‘യൌവനമോഹങ്ങൾ’ എന്താണെന്ന് അവർതന്നെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ, സത്യക്രിസ്‌ത്യാനികൾ ആയിരിക്കുന്നതിനാൽ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെ മൂല്യവും അവർ വ്യക്തിപരമായി കണ്ടിട്ടുണ്ട്.—2 തിമൊഥെയൊസ് 2:22.
അത്തരം അനുഭവപരിചയത്തിൽ അധിഷ്‌ഠിതമായ സഹായം നിങ്ങളുടെ അടുക്കൽത്തന്നെ ഉള്ളപ്പോൾ, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെ പോലും വിജയകരമായി കൈകാര്യം ചെയ്യാൻ നിങ്ങൾ പഠിപ്പിക്കപ്പെടും. ദൃഷ്ടാന്തത്തിന്, വിപരീത ലിംഗവർഗത്തിൽ പെട്ടവരുമായി ഏതു തരത്തിലുള്ള ഒരു ബന്ധമാണ് ഉണ്ടായിരിക്കേണ്ടത് എന്നതിനെ കുറിച്ചു ചിന്തിക്കുക. ഉചിതമായി കൈകാര്യം ചെയ്യപ്പെടേണ്ട ഇത്തരം വിഷയങ്ങളിൽ ക്രിസ്‌തീയ മാതാപിതാക്കൾക്കു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
വിപരീത ലിംഗവർഗത്തിൽ പെട്ടവരോടുള്ള ആകർഷണം
വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുന്ന മണൽത്തിട്ടകൾ കാഠിന്യമുള്ളവ അല്ലെങ്കിലും അപകടകാരികളാണ്. കാരണം അവയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. കപ്പൽ അവയിൽ തട്ടാതിരിക്കത്തക്കവിധം അതുമായി വേണ്ടത്ര അകലം പാലിക്കാൻ തുറമുഖ ഉദ്യോഗസ്ഥൻ കപ്പിത്താനു നിർദേശം നൽകാറുണ്ട്. മണൽത്തിട്ടകൾ കാഠിന്യമുള്ളവ അല്ലെങ്കിലും നിരന്തരം സ്ഥാനം മാറുന്നതിനാൽ അവ അപകടകാരികളാണ്. അതുപോലെതന്നെ, നിങ്ങളെ വൈകാരികമായി ബാധിക്കാൻ സാധ്യതയുള്ള കെണികളിൽനിന്നും അകന്നുനിൽക്കാൻ മാതാപിതാക്കൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഉദാഹരണത്തിന്, വിപരീത ലിംഗവർഗത്തിൽ പെട്ടവരോടു തോന്നുന്ന വികാരങ്ങൾ എത്ര ആഴത്തിലുള്ളതും നിർവചിക്കാൻ പ്രയാസമേറിയതും ആണെന്ന് അവർക്കറിയാം. എന്നാൽ, ഒരിക്കൽ അത്തരമൊരു പ്രശ്‌നം ഉണ്ടായാൽ അതിനു നിങ്ങളെ തകർത്തുകളയാൻ കഴിയും.
അപകടമേഖലയുടെ അടുത്തു ചെല്ലുന്നതു പോലും ദുരന്തത്തിന് ഇടയാക്കിയേക്കാം എന്ന് ദീനായുടെ ദൃഷ്ടാന്തം കാണിക്കുന്നു. ഒരുപക്ഷേ ജിജ്ഞാസയും ആസ്വാദ്യമായ കാര്യങ്ങൾ ചെയ്‌തുകൊണ്ടു സമയം ചെലവഴിക്കാനുള്ള ആഗ്രഹവും ആയിരിക്കാം ധാർമികമായി അയഞ്ഞ മനോഭാവം പുലർത്തിയിരുന്ന കനാന്യ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതിലേക്കു ദീനായെ നയിച്ചത്. തുടക്കത്തിൽ എല്ലാം നിർദോഷകരമായി കാണപ്പെട്ടെങ്കിലും പെട്ടെന്നുതന്നെ അതു വലിയ ഒരു ദുരന്തത്തിൽ കലാശിച്ചു—പട്ടണത്തിലെ “എല്ലാവരിലും ശ്രേഷ്‌ഠനായി” കണക്കാക്കപ്പെട്ടിരുന്ന ഒരു വ്യക്തിയാൽ അവൾ ബലാത്സംഗം ചെയ്യപ്പെട്ടു.—ഉല്‌പത്തി 34:1, 2, 19.
ഹോശേയ 5:4) വിപരീത ലിംഗവർഗത്തിൽ പെട്ടവരുമൊത്തു രസിച്ച് സമയം ചെലവഴിക്കുന്നതാണ് ഏറ്റവും വലിയ സംഗതിയെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അനേകം യുവജനങ്ങളും പ്രവർത്തിച്ചേക്കാം. കാണാൻ നല്ല ഭംഗിയുണ്ടെന്നു തോന്നുന്ന ഒരു വ്യക്തിയോടൊപ്പം തനിച്ചായിരിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതുതന്നെ നിങ്ങളെ പുളകംകൊള്ളിച്ചേക്കാം. എന്നാൽ, ദൈവിക നിലവാരങ്ങളെ ആദരിക്കാത്ത യുവജനങ്ങളുമായുള്ള സഹവാസത്തിൽനിന്നും നിങ്ങളെ സംരക്ഷിക്കാൻ സ്‌നേഹസമ്പന്നരായ മാതാപിതാക്കൾ ശ്രമിക്കും.
ലൈംഗികതയ്‌ക്ക് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്, അത് അപകടത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. (കൗമാരപ്രായക്കാരെ, അപകടത്തിൽ ചെന്നുചാടത്തക്കവിധം അന്ധരാക്കാൻ ജിജ്ഞാസയ്‌ക്കു കഴിയുമെന്ന് ലോറ സമ്മതിക്കുന്നു. “രാത്രി വളരെ വൈകുന്നതുവരെ സുന്ദരന്മാരായ കുറെ ആൺകുട്ടികളുടെ കൂടെ ഡാൻസ് ചെയ്‌തതിനെ കുറിച്ചൊക്കെ ക്ലാസ്സിലെ പെൺകുട്ടികൾ പറയാറുണ്ട്. അതു മറക്കാനാവാത്ത അനുഭവമാണെന്ന മട്ടിലാണ് അവരുടെ സംസാരം. മിക്ക കാര്യങ്ങളും അവർ പെരുപ്പിച്ചു പറയുന്നതാണെന്ന് അറിയാമെങ്കിലും അതൊക്കെ ഒന്നു നേരിട്ട് അറിയാൻ എനിക്കു ജിജ്ഞാസയാണ്. ഇങ്ങനെയുള്ള രസങ്ങളൊക്കെ നഷ്ടമാകുകയാണെന്ന തോന്നൽ എനിക്ക് ഉണ്ടാകാറുണ്ട്. അത്തരം സ്ഥലങ്ങളിൽ പോകാൻ മമ്മിയും ഡാഡിയും എന്നെ അനുവദിക്കാതിരുന്നതു ശരിയാണെന്ന് അറിയാം. എന്നിരുന്നാലും, എനിക്ക് ഇപ്പോഴും പ്രലോഭനം തോന്നുന്നു.”
കപ്പലിനു ബ്രേക്കുകളില്ല. അതുകൊണ്ടുതന്നെ അതു നിറുത്തുന്നതിനു സമയം എടുക്കും. ശക്തമായ വികാരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നു മാതാപിതാക്കൾക്ക് അറിയാം. അനിയന്ത്രിതമായ വികാരങ്ങളാൽ നയിക്കപ്പെടുന്ന ഒരു വ്യക്തിയെ അറവുശാലയിലേക്കു കൊണ്ടുപോകുന്ന കാളയോടു സദൃശവാക്യങ്ങൾ താരതമ്യപ്പെടുത്തുന്നു. (സദൃശവാക്യങ്ങൾ 7:21-23) വൈകാരികവും ആത്മീയവുമായ തകർച്ചയ്‌ക്ക് ഇടയാക്കുന്ന അത്തരം കാര്യങ്ങൾ നിങ്ങൾക്കു സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. നിങ്ങളുടെ ഹൃദയം ആ വിധത്തിൽ വ്യതിചലിച്ചു തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ മാതാപിതാക്കൾ അതു തിരിച്ചറിയുകയും ആവശ്യമായ ബുദ്ധിയുപദേശം നൽകുകയും ചെയ്‌തേക്കാം. അവർക്കു ചെവികൊടുത്തുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാനുള്ള ജ്ഞാനം നിങ്ങൾ പ്രകടമാക്കുമോ?—സദൃശവാക്യങ്ങൾ 1:8; 27:12.
സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തെ കൈകാര്യം ചെയ്യേണ്ടിവരുമ്പോഴും മാതാപിതാക്കളുടെ സഹായം നിങ്ങൾക്ക് ആവശ്യമാണ്. അവർക്ക് എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?
സമപ്രായക്കാരുടെ സ്വാധീനത്തിന്റെ ശക്തി
ശക്തമായ വേലിയേറ്റത്തിനും അടിയൊഴുക്കിനുമെല്ലാം കപ്പലിന്റെ ഗതി മാറ്റിമറിക്കാൻ കഴിയും. അവയുടെ ശക്തിയെ ചെറുക്കാനായി കപ്പലിന്റെ ഗതി മറ്റൊരു ദിശയിൽ തിരിച്ചുവിടേണ്ടതുണ്ട്. സമാനമായി, വേണ്ടത്ര കരുതലില്ലെങ്കിൽ മറ്റു യുവജനങ്ങളുടെ ശക്തമായ സ്വാധീനത്തിന് ആത്മീയമായി നിങ്ങളെ ഗതിമാറ്റാൻ കഴിയും.
ദീനായുടെ അനുഭവം കാണിക്കുന്നതു പോലെ, ‘ഭോഷന്മാർക്കു കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.’ (സദൃശവാക്യങ്ങൾ 13:20) യഹോവയെ അറിയുകയോ അവന്റെ നിലവാരങ്ങളെ ആദരിക്കുകയോ ചെയ്യാത്ത ആളുകളെയാണ് ബൈബിൾ “ഭോഷന്മാർ” എന്നു വിളിക്കുന്നത് എന്ന് ഓർക്കുക.
സഹപാഠികളുടെ വീക്ഷണങ്ങളെയും സ്വഭാവരീതികളെയും തള്ളിക്കളയുന്നത് എളുപ്പമല്ലായിരുന്നേക്കാം. മാരിയാ ഹോസെ വിവരിക്കുന്നു: “മറ്റു യുവജനങ്ങൾ എന്നെ അംഗീകരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അവരിൽനിന്നൊക്കെ വ്യത്യസ്‌തയാണെന്ന ധാരണ നൽകാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് കഴിയുന്നത്ര അവരെ അനുകരിക്കാൻ ഞാൻ ശ്രമിച്ചു.” നിങ്ങൾ അറിയാതെതന്നെ, നിങ്ങൾ തിരഞ്ഞെടുക്കുന്ന സംഗീതം, നിങ്ങളുടെ വസ്‌ത്രധാരണം, സംസാരം തുടങ്ങിയവയെ സമപ്രായക്കാർ സ്വാധീനിച്ചേക്കാം. ഒരുപക്ഷേ സമപ്രായക്കാരുടെ കൂടെ ആയിരിക്കുന്നതായിരിക്കാം നിങ്ങൾക്കു സന്തോഷം നൽകുന്നത്. അത് സ്വാഭാവികം മാത്രമാണ്. എന്നാൽ, അപകടകരമായ വിധത്തിൽ അവർക്കു നിങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യത്തിലാണ് അപ്പോൾ നിങ്ങൾ.—സദൃശവാക്യങ്ങൾ 1:10-16.
ഏതാനും വർഷം മുമ്പ് തനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ബുദ്ധിമുട്ടിനെ കുറിച്ചു കരോളിൻ ഓർക്കുന്നു: “പതിമൂന്നാമത്തെ വയസ്സ് മുതൽ എന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികൾക്കെല്ലാംതന്നെ ബോയ്‌ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. വർഷങ്ങളോളം, അവരെ അനുകരിക്കാനുള്ള സമ്മർദത്തിൻ കീഴിലായിരുന്നു ഞാൻ. എന്നിരുന്നാലും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിൽ ഉടനീളം എന്റെ അമ്മ എന്നെ സഹായിച്ചു. അമ്മ മണിക്കൂറുകളോളം എനിക്കു പറയാനുള്ളതു കേട്ടുകൊണ്ടിരിക്കുമായിരുന്നു. അമ്മ എന്നോടു ന്യായവാദം ചെയ്യുകയും കുറേക്കൂടി പക്വത പ്രാപിക്കുന്നതു വരെ അത്തരം കാര്യങ്ങൾ മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്‌തു.”
സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ കുറിച്ചു മുന്നറിയിപ്പു നൽകാൻ തങ്ങൾ കടപ്പെട്ടവരാണെന്ന് കരോളിന്റെ അമ്മയെ പോലെ നിങ്ങളുടെ മാതാപിതാക്കൾക്കും തോന്നിയേക്കാം. അവർ ചില പ്രവർത്തനങ്ങളോ കൂട്ടുകെട്ടുകളോ വിലക്കിയെന്നുപോലും വരാം. അത്തരം വിഷയത്തെച്ചൊല്ലി മാതാപിതാക്കളുമായി പലതവണ വാക്കുതർക്കങ്ങൾ നടത്തിയിട്ടുള്ളതായി നേഥൻ ഓർക്കുന്നു. “എന്റെ സുഹൃത്തുക്കൾ അവരോടൊത്തു പുറത്തുപോകാനായി എന്നെ കൂടെക്കൂടെ ക്ഷണിക്കുമായിരുന്നു,” അവൻ വിവരിക്കുന്നു. “എന്നാൽ അങ്ങനെ കുറെ പേരോടൊപ്പം കൂട്ടുകൂടി നടക്കാനോ മേൽനോട്ടമില്ലാത്ത വലിയ പാർട്ടികൾക്കു പോകാനോ ഡാഡിയും മമ്മിയും എന്നെ അനുവദിച്ചില്ല. ആ സമയത്ത്, മറ്റു മാതാപിതാക്കൾ മക്കൾക്കു കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായില്ല.”
എന്നാൽ അത് എന്തുകൊണ്ടായിരുന്നു എന്ന് പിന്നീട് നേഥന് മനസ്സിലാക്കാൻ കഴിഞ്ഞു. “‘ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്നു’ എന്നു പറയുന്നത് എന്റെ കാര്യത്തിൽ ശരിയായിരുന്നുവെന്ന് എനിക്കറിയാം,” അവൻ സമ്മതിക്കുന്നു. “ആൺകുട്ടികൾ കൂട്ടം ചേരുമ്പോൾ അത്തരം ഭോഷത്തങ്ങൾ എളുപ്പം തലപൊക്കും. ഒരാൾ തെറ്റായ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ, അടുത്തയാൾ ഒരു പടികൂടി കടക്കും. മൂന്നാമത്തെ ആൾ അതിലും അൽപ്പം കൂടി മുന്നോട്ടു പോകാൻ നോക്കും. താമസിയാതെ, അതിൽ ചേരുന്നതിനായി കൂട്ടത്തിലുള്ള എല്ലാവരുടെയുംമേൽ സമ്മർദമുണ്ടാകും. യഹോവയെ സേവിക്കുന്നതായി പറയപ്പെടുന്ന യുവജനങ്ങൾ പോലും ഈ കെണിയിൽ വീണുപോയേക്കാം.”—സദൃശവാക്യങ്ങൾ 22:15.
സമപ്രായക്കാർ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾ അനുവദിക്കാതിരുന്ന സമയത്ത് നേഥനും മാരിയായ്‌ക്കും തങ്ങളുടെ ഹൃദയത്തോടു പോരാടേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, അവർ മാതാപിതാക്കളെ അനുസരിച്ചു. അവർ ചെയ്‌തതിനെ പ്രതി പിന്നീട് അവർക്കു സന്തോഷിക്കാൻ കഴിഞ്ഞു. സദൃശവാക്യങ്ങൾ പറയുന്നു: “ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.”—സദൃശവാക്യങ്ങൾ 22:17.
ആദരവ് അർഹിക്കുന്നു
ഒരു വശത്തേക്കു ചെരിഞ്ഞിരിക്കുന്ന കപ്പലിനെ മുമ്പോട്ടു കൊണ്ടുപോകുന്നതു വളരെ ബുദ്ധിമുട്ടായിരിക്കും. വല്ലാതെ ചെരിയുന്നെങ്കിൽ കപ്പൽ പെട്ടെന്നു മറിയാനും
സാധ്യതയുണ്ട്. അപൂർണരെന്ന നിലയിൽ സ്വാർഥ താത്‌പര്യങ്ങളോടും അനുവദനീയമല്ലാത്ത കാര്യങ്ങളോടും നമുക്ക് ഒരു ചായ്‌വുണ്ട്. ഈ ചായ്‌വുകൾ ഉണ്ടായിരിക്കാമെങ്കിലും മുമ്പു പറഞ്ഞതുപോലെ, മാതാപിതാക്കളുടെ നിർദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കുന്നെങ്കിൽ യുവജനങ്ങൾക്കു ലക്ഷ്യത്തിലെത്താൻ കഴിയും.ഉദാഹരണത്തിന്, നിത്യജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയ്‌ക്കും നാശത്തിലേക്കു നയിക്കുന്ന വിശാലമായ പാതയ്‌ക്കും ഇടയിൽ മറ്റൊരു പാത ഉണ്ടെന്ന ആശയത്തെ തള്ളിക്കളയാൻ മാതാപിതാക്കൾക്കു നിങ്ങളെ സഹായിക്കാൻ കഴിയും. (മത്തായി 7:13, 14) പൂർണമായി ഒരു തെറ്റിൽ ഉൾപ്പെടാതെതന്നെ ആ തെറ്റിന്റെ രസം അൽപ്പം ‘നുണയാമെന്നു’ കരുതുന്നതു തികച്ചും അബദ്ധമാണ്. അത്തരം രീതികൾ വെച്ചുപുലർത്തുന്ന ആളുകൾ ‘രണ്ടുതോണിയിൽ കാൽ വെക്കുന്നവരാണ്.’ അവർ ഒരു പരിധിവരെ യഹോവയെ സേവിക്കുന്നെങ്കിലും അതോടൊപ്പം ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കുന്നു. അതിന് ആത്മീയമായി നമ്മെ മറിച്ചുകളയാൻ കഴിയും. (1 രാജാക്കന്മാർ 18:21; 1 യോഹന്നാൻ 2:15) എന്തുകൊണ്ട്? നമ്മുടെ പാപപൂർണമായ പ്രവണതകളാണ് അതിനു കാരണം.
അപൂർണമായ ആഗ്രഹങ്ങൾക്കു നാം കീഴ്‌പെടുന്നെങ്കിൽ അവ കൂടുതൽ ശക്തമാകും. നമ്മുടെ “കപട ഹൃദയം” പാപത്തിന്റെ ചെറിയൊരു ഭാഗം ആസ്വദിക്കുന്നതുകൊണ്ടു തൃപ്‌തിയടയുകയില്ല. കൂടുതൽ ചെയ്യാനായി അതു നമ്മെ പ്രേരിപ്പിക്കും. (യിരെമ്യാവു 17:9) ഒരിക്കൽ നാം ആത്മീയമായി വ്യതിചലിച്ചു തുടങ്ങിയാൽ ലോകം നമ്മെ കൂടുതലായി സ്വാധീനിക്കാൻ തുടങ്ങും. (എബ്രായർ 2:1) ആത്മീയമായി ഇളക്കംതട്ടിത്തുടങ്ങുന്നത് ഒരുപക്ഷേ നിങ്ങൾ മനസ്സിലാക്കിയെന്നു വരില്ല. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്ക് അതിനു കഴിയും. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പഠിച്ചെടുക്കുന്നതിൽ നിങ്ങൾക്കുള്ളത്ര പ്രാപ്‌തി അവർക്ക് ഇല്ലായിരിക്കാം. എങ്കിലും, ഹൃദയത്തിന്റെ വഞ്ചനയെ കുറിച്ചു നിങ്ങളെക്കാൾ ഏറെ നന്നായി അവർക്ക് അറിയാം. അതുകൊണ്ടുതന്നെ, ‘നിങ്ങളുടെ ഹൃദയത്തെ നേർവഴിയിൽ നടത്താൻ,’ അതായത് ജീവന്റെ പാതയിൽ നടത്താൻ നിങ്ങളെ സഹായിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു.—സദൃശവാക്യങ്ങൾ 23:19.
സംഗീതം, വിനോദം, വസ്‌ത്രധാരണം തുടങ്ങിയ കാര്യങ്ങളിൽ മാർഗനിർദേശം നൽകുന്നതു മാതാപിതാക്കളെ സംബന്ധിച്ചത്തോളം അൽപ്പം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. നിങ്ങളുടെ മാതാപിതാക്കൾ എല്ലായ്‌പോഴും ശരിയായ വിലയിരുത്തൽ നടത്തിക്കൊള്ളണമെന്നില്ല. ഒരുപക്ഷേ അവർക്കു ശലോമോന് ഉണ്ടായിരുന്നത്ര ജ്ഞാനമോ ഇയ്യോബിന് ഉണ്ടായിരുന്നത്ര ക്ഷമയോ ഉണ്ടായെന്നുവരില്ല. ഒരു തുറമുഖ ഉദ്യോഗസ്ഥനെ പോലെ, അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കുന്നതിനോടുള്ള ബന്ധത്തിൽ ചിലപ്പോൾ അവർ ആവശ്യത്തിലേറെ ജാഗ്രത കാണിച്ചേക്കാം. ‘അപ്പന്റെ പ്രബോധനം കേൾക്കുകയും അമ്മയുടെ ഉപദേശം ഉപേക്ഷിക്കാതിരിക്കുകയും’ ചെയ്യുന്നെങ്കിൽ അവരുടെ മാർഗനിർദേശം വിലയേറിയതാണെന്നു തെളിയും.—സദൃശവാക്യങ്ങൾ 1:8, 9.
ചില യുവജനങ്ങൾ, തങ്ങളുടെ മാതാപിതാക്കളെ കുറിച്ചു വിലകുറച്ചു സംസാരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ തിരുവെഴുത്തുകൾക്കു ചേർച്ചയിൽ നടക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ, ഏതൊരു സമയത്തും കാലാവസ്ഥയിലും പ്രതിസന്ധിയിലും അവർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. വിദഗ്‌ധനായ ഒരു തുറമുഖ ഉദ്യോഗസ്ഥനാൽ വഴിനയിക്കപ്പെടുന്ന കപ്പിത്താനെ പോലെ നിങ്ങൾക്കും മാതാപിതാക്കളുടെ മാർഗനിർദേശം ആവശ്യമാണ്. അതു നിങ്ങളെ ജ്ഞാനത്തിന്റെ മാർഗത്തിലേക്കു നയിക്കും. അതിന്റെ പ്രതിഫലം വിലയേറിയതായിരിക്കും.
‘ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളഞ്ഞിരിക്കുന്നു. നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.’—സദൃശവാക്യങ്ങൾ 2:10-13, 21.
[22-ാം പേജിലെ ചിത്രം]
മറ്റു യുവജനങ്ങളുടെ ശക്തമായ സ്വാധീനത്തിന് ആത്മീയമായി നിങ്ങളെ ഗതിമാറ്റാൻ കഴിയും
[23-ാം പേജിലെ ചിത്രം]
ദീനായുടെ അനുഭവം ഓർക്കുക
[24-ാം പേജിലെ ചിത്രം]
ഒരു കപ്പിത്താൻ വിദഗ്‌ധനായ ഒരു തുറമുഖ ഉദ്യോഗസ്ഥന്റെ നിർദേശം തേടുന്നതു പോലെ യുവജനങ്ങൾ മാതാപിതാക്കളുടെ മാർഗനിർദേശം തേടേണ്ടതാണ്
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഫോട്ടോ: www.comstock.com