വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ” എന്ന് യേശു തന്റെ അനുഗാമികളോടു നിർദേശിച്ചപ്പോൾ, മുതലുപോലും അവർ തിരികെ ചോദിക്കരുതെന്ന് അവൻ അർഥമാക്കിയോ?
ലൂക്കൊസ് 6:35-ലെ യേശുവിന്റെ ഈ വാക്കുകൾ നമുക്കു മോശൈക ന്യായപ്രമാണത്തിന്റെ വെളിച്ചത്തിൽ നന്നായി മനസ്സിലാക്കാൻ കഴിയും. തീർത്തും ദരിദ്രരായിത്തീർന്നവരും സഹായം ആവശ്യമുള്ളവരുമായ സഹ ഇസ്രായേല്യർക്കു പലിശയില്ലാതെ പണം കടം കൊടുക്കണമെന്നു ദൈവം ന്യായപ്രമാണത്തിൽ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (പുറപ്പാടു 22:25; ലേവ്യപുസ്‌തകം 25:35-37; മത്തായി 5:42) ഈ വായ്‌പകൾ, സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ഒരു മാർഗമോ ഇടപാടോ അല്ലായിരുന്നു. മറിച്ച്, പലിശയില്ലാത്ത ഇത്തരം വായ്‌പകൾ ദാരിദ്ര്യത്തിലും കഷ്ടതയിലും ആയിരിക്കുന്നവർക്ക് ഒരു കൈത്താങ്ങായിരുന്നു. സാമ്പത്തിക തിരിച്ചടി നേരിട്ട ഒരു അയൽക്കാരന്റെ ദുരവസ്ഥ മുതലെടുത്തു ലാഭം ഉണ്ടാക്കുന്നതു ഹൃദയശൂന്യമായ ഒരു പ്രവൃത്തി ആയിരിക്കുമായിരുന്നു. എങ്കിലും വായ്‌പ കൊടുക്കുന്നവനു തന്റെ ‘മുതൽ’ തിരികെ കിട്ടാൻ അർഹതയുണ്ടായിരുന്നു. അതുകൊണ്ട്, പണം കടം കൊടുക്കുമ്പോൾ ചിലപ്പോഴൊക്കെ ഒരു ‘ഈട്’ അഥവാ പണയവസ്‌തു വാങ്ങിവെച്ചിരുന്നു.—ആവർത്തനപുസ്‌തകം 15:7, 8, NW.
ന്യായപ്രമാണത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ, യേശുക്രിസ്‌തു ഇവിടെ വളരെ വിശാലമായ ഒരു ബാധകമാക്കൽ നടത്തി. അതായത് സഹായം വെച്ചുനീട്ടുന്നവൻ ഒന്നും ‘പകരം ഇച്ഛിക്കരുത്,’ അതു തിരിച്ചുകിട്ടണം എന്നു പ്രതീക്ഷിക്കരുത്, എന്ന് അവൻ പറയുകയായിരുന്നു. ഇസ്രായേല്യരെ പോലെ, ചിലപ്പോൾ ക്രിസ്‌ത്യാനികൾക്കും സാമ്പത്തിക തിരിച്ചടികൾ നേരിട്ടേക്കാം. അല്ലെങ്കിൽ, തങ്ങളെ ഇല്ലായ്‌മയിലേക്കോ കൊടുംദാരിദ്ര്യത്തിലേക്കു പോലുമോ തള്ളിവിടുന്ന സാഹചര്യങ്ങൾ അവരുടെ ജീവിതത്തിൽ സംജാതമായേക്കാം. നിൽക്കക്കള്ളിയില്ലാത്ത അത്തരമൊരു അവസ്ഥയിൽ ഒരു സഹോദരൻ സാമ്പത്തിക സഹായം അഭ്യർഥിക്കുന്നെങ്കിൽ ആ സഹോദരനു സഹായം നൽകുന്നതു നമ്മുടെ ഭാഗത്തു ദയയായിരിക്കില്ലേ? അതേ, ഒരു സഹോദരൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ആയിത്തീരുന്നെങ്കിൽ ആ വ്യക്തിയെ സഹായിക്കാൻ യഥാർഥ സ്‌നേഹം സഹക്രിസ്‌ത്യാനിയെ പ്രചോദിപ്പിക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 3:27) ഇത്തരം സന്ദർഭത്തിൽ ആ സഹോദരന് ഒരു തുക ദാനമായി കൊടുക്കാൻ കഴിയും, അതു വായ്‌പയായി കൊടുത്തേക്കാവുന്നതിലും കുറവാണെങ്കിൽ പോലും.—സങ്കീർത്തനം 37:21.
പൊതുയുഗം (പൊ.യു.) ഒന്നാം നൂറ്റാണ്ടിൽ യഹൂദയിലെ ക്ഷാമബാധിതരായ ക്രിസ്‌തീയ സഹോദരങ്ങൾക്കു നൽകുന്നതിനായി ഏഷ്യാമൈനറിലെ ക്രിസ്‌ത്യാനികൾ സ്വരൂപിച്ച സംഭാവനകൾ എത്തിച്ചുകൊടുക്കാൻ പൗലൊസിനെയും ബർന്നബാസിനെയും നിയോഗിക്കുകയുണ്ടായി. (പ്രവൃത്തികൾ 11:28-30) സമാനമായി ഇന്നും, ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ ക്രിസ്‌ത്യാനികൾ സഹായം ആവശ്യമുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് മിക്കപ്പോഴും പണമോ വസ്‌തുക്കളോ ദാനമായി അയച്ചുകൊടുക്കാറുണ്ട്. അതുവഴി, അവർ മറ്റുള്ളവർക്ക് ഒരു നല്ല സാക്ഷ്യം നൽകുകകൂടെയാണു ചെയ്യുന്നത്. (മത്തായി 5:16) അതേസമയം, സഹായം അഭ്യർഥിക്കുന്ന വ്യക്തിയുടെ മനോഭാവവും സാഹചര്യവും കണക്കിലെടുക്കേണ്ടതും പ്രധാനമാണ്. ആ വ്യക്തിക്കു സഹായം ആവശ്യമുള്ളത് എന്തുകൊണ്ടാണ്? പൗലൊസിന്റെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്: “വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത്.”—2 തെസ്സലൊനീക്യർ 3:10.
എന്നാൽ, തീരെ വഴിമുട്ടിയ അവസ്ഥയിലല്ലാത്ത ഒരു സഹോദരൻ തന്റെ സാമ്പത്തിക പരാജയങ്ങളിൻമധ്യേ ഒന്നു കാലൂന്നിനിൽക്കാൻ ഒരു സഹായം എന്നനിലയിൽ കുറച്ചു പണം വായ്‌പ ചോദിക്കുന്നെങ്കിലോ? അപ്പോൾ അദ്ദേഹത്തിനു പലിശയില്ലാതെ ഒരു തുക വായ്‌പ കൊടുക്കുന്നത് ഉചിതമായിരുന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ, ‘മുതൽ’ മുഴുവനും തിരിച്ചുകിട്ടണം എന്ന പ്രതീക്ഷയോടെയാണ് ഒരുവൻ കടംകൊടുക്കുന്നതെങ്കിലും അത് ലൂക്കൊസ് 6:35-ലെ യേശുവിന്റെ വാക്കുകൾക്കു വിരുദ്ധമാകുകയില്ല. എന്നാൽ അപ്പോൾ ഒരു സമ്മതപത്രം അഥവാ വ്യവസ്ഥ എഴുതി ഉണ്ടാക്കേണ്ടതുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കു ചേർച്ചയിൽ കടംവാങ്ങിയ ആൾ അതു തിരിച്ചടയ്‌ക്കാനുള്ള സകല ശ്രമവും ചെയ്യേണ്ടതാണ്. അതേ, കടംതരാൻ ആ വ്യക്തിയെ പ്രേരിപ്പിച്ചതു ക്രിസ്‌തീയ സ്‌നേഹമാണ്. അതുപോലെ അതു തിരിച്ചുകൊടുക്കാൻ കടംവാങ്ങിയ ആളെ പ്രേരിപ്പിക്കേണ്ടതും ആ സ്‌നേഹമാണ്.
ഇതോടൊപ്പം, ഒരു വായ്‌പ (അല്ലെങ്കിൽ ദാനം) കൊടുക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്ന വ്യക്തി തന്റെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു വ്യക്തി വായ്‌പ കൊടുക്കുമ്പോൾ തന്റെ കുടുംബത്തിനുവേണ്ടി കരുതുകയെന്ന തിരുവെഴുത്തുപരമായ ഉത്തരവാദിത്വം അവഗണിക്കുന്നുണ്ടോ? (2 കൊരിന്ത്യർ 8:12; 1 തിമൊഥെയൊസ് 5:8) എന്നിരുന്നാലും, ക്രിസ്‌ത്യാനികൾ പരസ്‌പരം സ്‌നേഹം പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾക്കായി അന്വേഷിക്കുന്നു. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രായോഗികമായ വിധങ്ങളിലായിരിക്കും അവർ അതു പ്രകടമാക്കുന്നത്.—യാക്കോബ് 1:27; 1 യോഹന്നാൻ 3:18; 4:7-11.