വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസ്‌തരും അചഞ്ചലരും അന്നും ഇന്നും

വിശ്വസ്‌തരും അചഞ്ചലരും അന്നും ഇന്നും

വിശ്വസ്‌തരും അചഞ്ചലരും അന്നും ഇന്നും

ദക്ഷിണ പോളണ്ടിൽ, സ്ലൊവാക്യയുടെയും ചെക്ക്‌ റിപ്പബ്ലിക്കിന്റെയും അതിർത്തിയോടു ചേർന്ന്‌ വിസ്വോ എന്ന്‌ അറിയപ്പെടുന്ന ഒരു പട്ടണമുണ്ട്‌. ഒരുപക്ഷേ വിസ്വോയെ കുറിച്ചു മുമ്പൊരിക്കലും നിങ്ങൾ കേട്ടിട്ടില്ലായിരിക്കാം, എന്നാൽ സത്യക്രിസ്‌ത്യാനികളെ ആകർഷിക്കാനിടയുള്ള ഒരു ചരിത്രം അതിനുണ്ട്‌. യഹോവയുടെ ആരാധനയോടുള്ള ദൃഢവിശ്വസ്‌തതയും തീക്ഷ്‌ണതയും പ്രതിഫലിക്കുന്ന ഒരു ചരിത്രം. അവിടെ സംഭവിച്ചത്‌ എന്താണെന്ന്‌ നമുക്ക്‌ നോക്കാം?

പ്രകൃതിരമണീയമായ ഒരു പർവതപ്രദേശത്താണു വിസ്വോ സ്ഥിതിചെയ്യുന്നത്‌. പച്ചപ്പട്ട്‌ ഉടുത്തു നിൽക്കുന്ന മനോഹര പർവതങ്ങൾ. അതിന്റെ അഴകിനു മാറ്റു കൂട്ടും വിധം വെള്ളിയരഞ്ഞാണം കണക്കെ അതിനെ ചുറ്റി ഒഴുകുന്ന വിസ്റ്റുല നദി. താളാത്മകവിലാസത്തോടെ അതിനെ പോഷിപ്പിച്ചുകൊണ്ടു പ്രവഹിക്കുന്ന കൊച്ചരുവികൾ. സൗഹൃദമനസ്‌കരായ തദ്ദേശവാസികളും തനതായ കാലാവസ്ഥയുമെല്ലാം വിസ്വോയെ വേനൽ അവധിക്കാലം ചെലവഴിക്കാനുള്ള ഒരു സ്ഥലവും ഒരു ശൈത്യകാല സുഖവാസകേന്ദ്രവും ആക്കുന്നു. അറിയപ്പെടുന്ന ആരോഗ്യപരിരക്ഷണ കേന്ദ്രം കൂടിയാണ്‌ ഈ പട്ടണം.

1590-കളിലാണ്‌ പ്രസ്‌തുത സ്ഥലം ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയതെന്നു തോന്നുന്നു. ഒരു തടിമില്ല്‌ നിലവിൽ വന്നതോടെ, മരങ്ങളില്ലാത്ത തുറസ്സായ സ്ഥലങ്ങളിലെല്ലാം ആളുകൾ വന്നു താമസമാക്കാൻ തുടങ്ങി. അവർ അവിടെ ആടുകളെയും കന്നുകാലികളെയും വളർത്തുകയും കൃഷിചെയ്യുകയും ചെയ്‌തു. എന്നാൽ താമസിയാതെ സാധാരണക്കാരായ ആ ആളുകൾ മതപരമായ മാറ്റത്തിന്റെ ഒരു വലിയ കൊടുങ്കാറ്റിൽപ്പെട്ടു. മാർട്ടിൻ ലൂഥർ തുടങ്ങിവെച്ച മതനവീകരണം അവിടത്തുകാരെ ആഴത്തിൽ സ്വാധീനിച്ചു. ഗവേഷകനായ ആൻജേ ഓട്‌ചെക്കിന്റെ അഭിപ്രായത്തിൽ “1545-ൽ ലൂഥറൻ സഭ” അവിടത്തെ രാഷ്‌ട്രമതം ആയിത്തീർന്നു. എന്നിരുന്നാലും 30 വർഷം നീണ്ടുനിന്ന യുദ്ധവും തുടർന്നു രൂപംകൊണ്ട എതിർ നവീകരണപ്രസ്ഥാനവുമെല്ലാം സാഹചര്യത്തെ നാടകീയമായി മാറ്റിമറിച്ചു. “1654-ൽ പ്രൊട്ടസ്റ്റന്റുകാരുടെ പള്ളികൾ മുഴുവൻ പിടിച്ചെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്‌തു. കൂടാതെ ബൈബിളും മറ്റു മതപരമായ പുസ്‌തകങ്ങളും കണ്ടുകെട്ടി,” ഓട്‌ചെക്ക്‌ തുടരുന്നു. എന്നിട്ടും ഭൂരിഭാഗം ആളുകളും ലൂഥറൻമതത്തിലായിരുന്നു.

ബൈബിൾ സത്യത്തിന്റെ ആദ്യവിത്തുകൾ

സന്തോഷകരമെന്നു പറയട്ടെ, കൂടുതലായ മതനവീകരണം നടക്കാനിരിക്കുകയായിരുന്നു. തീക്ഷ്‌ണരായ രണ്ടു ബൈബിൾ വിദ്യാർഥികൾ​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌—1928-ൽ ആദ്യമായി അവിടെ ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതച്ചു. തൊട്ടടുത്ത വർഷം യാൻ ഗോമോളാ വിസ്വോയിലെത്തുകയും റെക്കോർഡുചെയ്‌ത തിരുവെഴുത്തധിഷ്‌ഠിത പ്രസംഗങ്ങൾ ഗ്രാമഫോണുകളിലൂടെ ആളുകളെ കേൾപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ അടുത്തുള്ള താഴ്‌വരയിൽ ശ്രദ്ധാലുവായ ഒരു ശ്രോതാവിനെ കണ്ടെത്തിയപ്പോൾ അദ്ദേഹം അങ്ങോട്ടു നീങ്ങി. ഉയരം കുറഞ്ഞ, കരുത്തനായ ആൻജാ റാഷ്‌കാ ആയിരുന്നു സ്വീകാര്യക്ഷമമായ ഹൃദയനില ഉണ്ടായിരുന്ന ആ വ്യക്തി. അദ്ദേഹം പെട്ടെന്നുതന്നെ ഗ്രാമഫോണിലൂടെ കേൾക്കുന്ന കാര്യങ്ങൾ തന്റെ ബൈബിളിൽ പരിശോധിക്കാൻ തുടങ്ങി. അതിനുശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു: “എന്റെ സഹോദരാ, ഒടുവിൽ ഞാനിതാ സത്യം കണ്ടെത്തിയിരിക്കുന്നു! ഒന്നാം ലോകമഹായുദ്ധകാലത്തു കിടങ്ങിൽ കഴിഞ്ഞിരുന്ന ആ നാൾ മുതൽ ഞാൻ ഇതിനായി അന്വേഷിക്കുകയായിരുന്നു.”

അത്യധികമായ ഉത്സാഹത്തോടെ, റാഷ്‌കാ തന്റെ സുഹൃത്തുക്കളായ യെർഷേ, ആൻജാ പിൽഹ്‌ എന്നിവരുടെ അടുത്തേക്കു ഗോമോളായെ കൂട്ടിക്കൊണ്ടുപോയി. അവരും ആകാംക്ഷാപൂർവം രാജ്യദൂതിനോടു പ്രതികരിച്ചു. ഫ്രാൻസിൽവെച്ച്‌ ബൈബിൾ സത്യം പഠിച്ചിരുന്ന ആൻജാ റ്റിർനാ, ദൈവവചനത്തിലുള്ള അറിവു വർധിപ്പിക്കാൻ അവരെ സഹായിച്ചു. പെട്ടെന്നുതന്നെ, അവർ സ്‌നാപനമേറ്റു. 1930-കളുടെ മധ്യത്തിൽ ആ ബൈബിൾ വിദ്യാർഥികളുടെ ചെറിയ കൂട്ടത്തെ സഹായിക്കാനായി അടുത്ത പട്ടണങ്ങളിൽനിന്നു സഹോദരന്മാർ വിസ്വോ സന്ദർശിച്ചു. അതിന്റെ ഫലങ്ങൾ വിസ്‌മയാവഹമായിരുന്നു.

പുതിയ താത്‌പര്യക്കാരുടെ വലിയ ഒരു പ്രവാഹംതന്നെ ഉണ്ടായി. ആ പ്രദേശത്തെ ലൂഥറൻ സഭയിൽപ്പെട്ടവർ തങ്ങളുടെ ഭവനങ്ങളിൽ ബൈബിൾ വായിക്കുമായിരുന്നു. അതുകൊണ്ട്‌, ഒരിക്കൽ നരകാഗ്നി, ത്രിത്വം എന്നിവയെ കുറിച്ചു ബോധ്യം വരുത്തുന്ന തിരുവെഴുത്തധിഷ്‌ഠിത വാദഗതികൾ കണ്ടപ്പോൾ മിക്കവർക്കും വ്യാജത്തിൽനിന്നു സത്യത്തെ വേർതിരിച്ചറിയാൻ കഴിഞ്ഞു. അനേകം കുടുംബങ്ങളും വ്യാജമത പഠിപ്പിക്കലുകളിൽനിന്നു പുറത്തുവരാൻ തീരുമാനിച്ചു. അങ്ങനെ വിസ്വോയിലെ സഭ വളർന്നു. 1939 ആയപ്പോഴേക്കും സഭയിൽ ഏകദേശം 140 പേർ ഉണ്ടായിരുന്നു. എന്നാൽ, ആ സഭയിലെ മുതിർന്നവരിൽ മിക്കവരും സ്‌നാപനമേറ്റവർ അല്ലായിരുന്നു എന്നതാണ്‌ അതിശയകരമായ സംഗതി. “സ്‌നാപനമേറ്റിട്ടില്ലായിരുന്ന ഈ പ്രസാധകർ യഹോവയ്‌ക്കു വേണ്ടി നിലപാടു സ്വീകരിക്കാൻ കഴിയാത്തവരായിരുന്നു എന്ന്‌ അത്‌ അർഥമാക്കിയില്ല,” ആദ്യകാല സാക്ഷികളിൽ ഒരാളായ ഹെലെനാ പറയുന്നു. അവർ കൂട്ടിച്ചേർക്കുന്നു: “താമസിയാതെ നേരിടേണ്ടിവന്ന വിശ്വാസത്തിന്റെ പരിശോധനയിൽ അവർ തങ്ങളുടെ വിശ്വസ്‌തത തെളിയിച്ചു.”

കുട്ടികളെ സംബന്ധിച്ചോ? തങ്ങളുടെ മാതാപിതാക്കൾ സത്യം കണ്ടെത്തിയതായി അവർ മനസ്സിലാക്കി. ഫ്രാൻചിഷെക്ക്‌ ബ്രാൻസ്‌ വിവരിക്കുന്നു: “സത്യം കണ്ടെത്തിയെന്നു തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ ഡാഡി എന്നിലും എന്റെ ജ്യേഷ്‌ഠനിലും അത്‌ ഉൾനടാൻ തുടങ്ങി. എനിക്ക്‌ അന്ന്‌ എട്ടും ജ്യേഷ്‌ഠന്‌ പത്തും വയസ്സേ ഉണ്ടായിരുന്നുള്ളൂ. ‘ദൈവം ആരാണ്‌, അവന്റെ പേര്‌ എന്താണ്‌, യേശുവിനെ കുറിച്ചു നിങ്ങൾക്ക്‌ എന്തറിയാം’ തുടങ്ങിയ ചെറിയ ചോദ്യങ്ങൾ ഡാഡി ഞങ്ങളോടു ചോദിക്കുമായിരുന്നു. അവ തെളിയിക്കുന്ന ബൈബിൾ വാക്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ എഴുതണമായിരുന്നു.” മറ്റൊരു സാക്ഷി പറയുന്നു: “എന്റെ മാതാപിതാക്കൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുകയും 1940-ൽ ലൂഥറൻ സഭ വിട്ടുപോരുകയും ചെയ്‌തതുകൊണ്ട്‌ എനിക്കു സ്‌കൂളിൽ വളരെ പീഡനം സഹിക്കേണ്ടിവന്നു, എത്ര അടിയാണു കിട്ടിയിരുന്നതെന്നോ! ബൈബിൾ തത്ത്വങ്ങൾ എന്നിൽ ഉൾനട്ടതിൽ മാതാപിതാക്കളോട്‌ എനിക്കു നന്ദിയുണ്ട്‌. പ്രയാസകരമായ അത്തരം സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്‌ ആ തത്ത്വങ്ങളായിരുന്നു.”

വിശ്വാസം പരിശോധിക്കപ്പെടുന്നു

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ നാസികൾ ആ പ്രദേശം പിടിച്ചടക്കി. യഹോവയുടെ സാക്ഷികളെ തുടച്ചുനീക്കാൻ അവർ ദൃഢനിശ്ചയം ചെയ്‌തിരുന്നു. ആദ്യം, മുതിർന്നവരെ, പ്രത്യേകിച്ച്‌ പിതാക്കന്മാരെ, ചില ആനുകൂല്യങ്ങൾ ലഭിക്കാനായി ജർമൻ പൗരത്വം സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചു. നാസികളെ പിന്തുണയ്‌ക്കാൻ സാക്ഷികൾ വിസമ്മതിച്ചു. സൈനികസേവനത്തിൽ ചേരാൻതക്ക പ്രായമായ പല സഹോദരന്മാരുടെയും താത്‌പര്യക്കാരുടെയും മുന്നിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ്‌ ഇതായിരുന്നു: ഒന്നുകിൽ സൈന്യത്തിൽ ചേരുക, അല്ലെങ്കിൽ നിഷ്‌പക്ഷത പാലിച്ചുകൊണ്ട്‌ കനത്ത ശിക്ഷ ഏറ്റുവാങ്ങുക. “സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചാൽ നേരെ പോകുന്നതു തടങ്കൽ പാളയത്തിലേക്ക്‌ ആയിരിക്കും, മിക്കപ്പോഴും ഓഷ്‌വിറ്റ്‌സിലുള്ള പാളയത്തിലേക്ക്‌,” 1943-ൽ രഹസ്യ പോലീസ്‌ അറസ്റ്റുചെയ്‌ത ആൻജേ ഷാൽബോ വിവരിക്കുന്നു. “ഞാൻ സ്‌നാപനമേറ്റിരുന്നില്ല, എന്നിരുന്നാലും മത്തായി 10:⁠28, 29-ൽ യേശു നൽകിയ ഉറപ്പ്‌ എനിക്കറിയാമായിരുന്നു. അതുകൊണ്ട്‌, യഹോവയിലുള്ള വിശ്വാസത്തെപ്രതി മരിക്കേണ്ടിവന്നാലും എന്നെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള പ്രാപ്‌തി അവനുണ്ട്‌ എന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു.”

1942-ന്റെ തുടക്കത്തിൽ നാസികൾ 17 സഹോദരന്മാരെ വിസ്വോയിൽനിന്ന്‌ അറസ്റ്റുചെയ്‌തു. മൂന്നുമാസത്തിനുള്ളിൽ, അതിൽ 15 പേരും ഓഷ്‌വിറ്റ്‌സിൽവെച്ച്‌ മരിച്ചു. വിസ്വോയിൽ ശേഷിച്ചിരുന്ന സാക്ഷികളെ അത്‌ എങ്ങനെ ബാധിച്ചു? തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുന്നതിനു പകരം വിശ്വാസത്തിൽ വിട്ടുവീഴ്‌ച കാണിക്കാതെ യഹോവയോടു പറ്റിനിൽക്കാൻ അത്‌ അവരെ പ്രേരിപ്പിച്ചു! തുടർന്നുവന്ന ആറുമാസത്തിനുള്ളിൽ വിസ്വോയിലെ പ്രസാധകരുടെ എണ്ണം ഇരട്ടിയായി. പെട്ടെന്നുതന്നെ കൂടുതൽ അറസ്റ്റുകൾ നടന്നു. സഹോദരങ്ങൾ, താത്‌പര്യക്കാർ, കുട്ടികൾ എന്നിവർ ഉൾപ്പെടെ 83 പേർ ഹിറ്റ്‌ലറുടെ ക്രൂരതയ്‌ക്ക്‌ ഇരയായി. അവരിൽ 53 പേരെ തടങ്കൽ പാളയത്തിലേക്കോ (പ്രധാനമായും ഓഷ്‌വിറ്റ്‌സിലേക്ക്‌) പോളണ്ട്‌, ജർമനി, ബൊഹീമിയ എന്നിവിടങ്ങളിലെ ഖനികളിലും കൽമടകളിലും ഉള്ള തൊഴിൽ പാളയങ്ങളിലേക്കോ അയച്ചു.

വിശ്വസ്‌തരും അചഞ്ചലരും

ഓഷ്‌വിറ്റ്‌സിൽ, പെട്ടെന്നു സ്വതന്ത്രരാക്കാമെന്ന മോഹനവാഗ്‌ദാനം നൽകിക്കൊണ്ട്‌ നാസികൾ സാക്ഷികളെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. ഒരു എസ്‌എസ്‌ ഗാർഡ്‌ ഒരു സഹോദരനോടു പറഞ്ഞു: “ബൈബിൾ വിദ്യാർഥികളുമായുള്ള ബന്ധം ഉപേക്ഷിച്ചതായി എഴുതിയ ഒരു കടലാസിൽ ഒപ്പു വെച്ചാൽ മാത്രം മതി ഞങ്ങൾ നിങ്ങളെ സ്വതന്ത്രരാക്കാം, നിങ്ങൾക്കു വീട്ടിലേക്കു പോകാം.” ആ വാഗ്‌ദാനം പലതവണ ആവർത്തിച്ചു. എന്നിട്ടും യഹോവയോടുള്ള വിശ്വസ്‌തതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ ആ സഹോദരൻ തയ്യാറായില്ല. അതിന്റെ ഫലമായി ജർമനിയിലെ മിറ്റൽബൗഡോറായിലും ഓഷ്‌വിറ്റ്‌സിലും വെച്ച്‌ അദ്ദേഹത്തിനു മർദനം, പരിഹാസം, അടിമപ്പണി എന്നിവ സഹിക്കേണ്ടിവന്നു. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്‌ പാളയത്തിലുണ്ടായ സ്‌ഫോടനത്തിൽനിന്ന്‌ അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെട്ടു.

പാവെൽ ഷാൽബോ എന്ന സഹോദരൻ​—⁠അദ്ദേഹം അടുത്തയിടെ മരണമടഞ്ഞു​—⁠ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “ചോദ്യംചെയ്യലിനിടയിൽ, എന്തുകൊണ്ടാണു ജർമൻ സൈന്യത്തിൽ ചേരാനും ഹിറ്റ്‌ലറെ വാഴ്‌ത്താനും ഞാൻ വിസമ്മതിക്കുന്നതെന്നു രഹസ്യ പോലീസ്‌ പലതവണ എന്നോടു ചോദിച്ചു.” തന്റെ ക്രിസ്‌തീയ നിഷ്‌പക്ഷതയെ കുറിച്ചു തിരുവെഴുത്തിനെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം നൽകിയ വിശദീകരണം ശ്രദ്ധിച്ച ശേഷം, അവർ അദ്ദേഹത്തെ യുദ്ധായുധങ്ങൾ നിർമിക്കുന്ന ഫാക്ടറിയിൽ പണിയെടുക്കാൻ അയച്ചു. “തീർച്ചയായും, അത്തരം ജോലി മനഃസാക്ഷിപൂർവം ചെയ്യാൻ എനിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട്‌, അവർ എന്നെ ഖനിയിലേക്ക്‌ അയച്ചു.” എന്നിട്ടും അദ്ദേഹം വിശ്വസ്‌തനായി നിലകൊണ്ടു.

ജയിലിൽ അടയ്‌ക്കപ്പെടാതിരുന്ന സ്‌ത്രീകളും കുട്ടികളും ഓഷ്‌വിറ്റ്‌സിൽ തടവിലായിരുന്നവർക്കു ഭക്ഷണ പൊതികൾ അയച്ചുകൊടുത്തു. “വേനൽക്കാലത്ത്‌ ഞങ്ങൾ കാട്ടിൽനിന്നു ക്രാൻബെറികൾ ശേഖരിക്കുകയും അതു കൊടുത്തു പകരം ഗോതമ്പ്‌ വാങ്ങുകയും ചെയ്‌തു,” അന്ന്‌ യുവപ്രായത്തിലായിരുന്ന ഒരു സഹോദരൻ പറയുന്നു. “സഹോദരിമാർ റൊട്ടികൾ ഉണ്ടാക്കി അവയിൽ നെയ്‌ പുരട്ടിയെടുക്കും. എന്നിട്ട്‌ അവ കുറേശ്ശെയായി ജയിലിൽ കഴിയുന്ന സഹോദരങ്ങൾക്കു കൊടുത്തയയ്‌ക്കും.”

വിസ്വോയിൽനിന്ന്‌ പ്രായപൂർത്തിയായ 53 പേർ തടങ്കൽ പാളയങ്ങളിലേക്ക്‌ അയയ്‌ക്കപ്പെട്ടു. അവിടെ അവർക്കു നിർബന്ധിത തൊഴിൽ ചെയ്യേണ്ടിവന്നു. അവരിൽ മുപ്പത്തിയെട്ടുപേർ അവിടെവെച്ചു മരിച്ചു.

ഒരു പുതിയ തലമുറ വരുന്നു

യഹോവയുടെ സാക്ഷികളുടെ കുട്ടികളെയും നാസികളുടെ കൊടിയ പീഡനങ്ങൾ ബാധിച്ചു. ചിലരെ അവരുടെ അമ്മമാരോടു കൂടെ ബൊഹീമിയയിലുള്ള താത്‌കാലിക ക്യാമ്പുകളിലേക്ക്‌ അയച്ചു. മറ്റു ചിലരെ മാതാപിതാക്കളിൽനിന്ന്‌ അകറ്റി ലോഡ്‌സിലുള്ള കുപ്രസിദ്ധമായ കുട്ടികളുടെ ക്യാമ്പിലേക്ക്‌ അയച്ചു.

അവരിൽ മൂന്നുപേർ ഓർമിക്കുന്നു: “ലോഡ്‌സിലേക്കുള്ള ആദ്യയാത്രയിൽ ഞങ്ങളിൽ അഞ്ചിനും പത്തിനും ഇടയ്‌ക്കു പ്രായമുള്ള പത്തു കുട്ടികളെ ജർമൻകാർ കൊണ്ടുപോയി. പ്രാർഥിച്ചും ബൈബിൾ വിഷയങ്ങൾ സംസാരിച്ചും ഞങ്ങൾ പരസ്‌പരം പ്രോത്സാഹിപ്പിച്ചു. സഹിച്ചുനിൽക്കുന്നത്‌ എളുപ്പമായിരുന്നില്ല.” 1945-ൽ അവരെല്ലാവരും തിരിച്ചു വീടുകളിലെത്തി. മെലിഞ്ഞ്‌ എല്ലും തോലുമായാണ്‌ അവർ തിരിച്ചെത്തിയത്‌. മാത്രമല്ല, വൈകാരികമായി തളർന്നുപോകുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും, യാതൊന്നിനും അവരുടെ വിശ്വസ്‌തതയെ തകർക്കാനായില്ല.

പിന്നീട്‌ എന്തു സംഭവിച്ചു?

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്തും ആ സാക്ഷികൾ വിശ്വാസത്തിൽ ശക്തരായിരുന്നു. തീക്ഷ്‌ണതയോടും നിശ്ചയദാർഢ്യത്തോടും കൂടെ പ്രസംഗപ്രവർത്തനത്തിനായി വീണ്ടും ഇറങ്ങിത്തിരിക്കാൻ അവർ സജ്ജരായിരുന്നു. സഹോദരന്മാരുടെ കൂട്ടങ്ങൾ വിസ്വോയിൽനിന്നും 40 കിലോമീറ്റർ അകലെ താമസിക്കുന്ന ആളുകളുടെ അടുക്കൽപ്പോലും പോയി പ്രസംഗിക്കുകയും അവർക്കു ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു. “താമസിയാതെ ഞങ്ങളുടെ പട്ടണത്തിൽ സജീവമായ മൂന്നു സഭകൾ രൂപംകൊണ്ടു,” ജാൻ ഷോക്‌ പറയുന്നു. എന്നിരുന്നാലും മതപരമായ സ്വാതന്ത്ര്യം അധികനാൾ നീണ്ടുനിന്നില്ല.

നാസികൾക്കു പകരം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ്‌ 1950-ൽ പോളണ്ടിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിച്ചു. പ്രാദേശിക സഹോദരങ്ങൾ ശുശ്രൂഷയിൽ അതീവ ജാഗ്രത പുലർത്തണമായിരുന്നു. കന്നുകാലികളെയോ ധാന്യമോ ഒക്കെ വാങ്ങാൻ പോകുന്നതായി നടിച്ച്‌ ചില സമയങ്ങളിൽ അവർ ആളുകളെ അവരുടെ ഭവനങ്ങളിൽ സന്ദർശിക്കുമായിരുന്നു. സാധാരണമായി, ക്രിസ്‌തീയ യോഗങ്ങൾ ചെറിയ കൂട്ടങ്ങളായി രാത്രിയിലാണു നടത്തിയിരുന്നത്‌. എന്നിരുന്നാലും, വിദേശ ചാരന്മാരായി പ്രവർത്തിക്കുന്നു എന്ന അടിസ്ഥാനരഹിതമായ കുറ്റം ചുമത്തി യഹോവയുടെ ആരാധകരിൽ പലരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്‌തു. ചില ഉദ്യോഗസ്ഥർ പാവെൽ പിൽക്കിനെ പരിഹസിക്കുകയും ഇപ്രകാരം ഭീഷണിപ്പെടുത്തുകയും ചെയ്‌തു: “ഹിറ്റ്‌ലർക്കു നിങ്ങളുടെ വിശ്വാസത്തെ തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾക്കു കഴിയും.” അഞ്ചു വർഷം തടവിൽ കഴിയേണ്ടിവന്നിട്ടും അദ്ദേഹം യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു. ഒരു സോഷ്യലിസ്റ്റ്‌ രാഷ്‌ട്രീയരേഖയിൽ ഒപ്പു വെക്കാത്തതിന്റെ പേരിൽ യുവപ്രായക്കാരായ ചില സഹോദരന്മാരെ സ്‌കൂളിൽനിന്നു പുറത്താക്കി, മറ്റു ചിലരെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.

യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു

1989-ൽ രാഷ്‌ട്രീയ അവസ്ഥകളിൽ മാറ്റംവന്നു. യഹോവയുടെ സാക്ഷികൾ പോളണ്ടിൽ നിയമപരമായി അംഗീകരിക്കപ്പെട്ടു. വിസ്വോയിലെ, യഹോവയുടെ അചഞ്ചലരായ ആരാധകർ തങ്ങളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി, അവിടത്തെ പയനിയർമാരുടെ അഥവാ മുഴുസമയ ശുശ്രൂഷകരുടെ എണ്ണം അതു വ്യക്തമാക്കുന്നു. ആ പ്രദേശത്ത്‌ ഉണ്ടായിരുന്ന 100-ഓളം സഹോദരീസഹോദരന്മാർ പയനിയർ സേവനം ഏറ്റെടുത്തു. ആ പട്ടണം പിന്നീട്‌ പയനിയർ ഫാക്ടറി എന്നു വിളിക്കപ്പെട്ടതിൽ അതിശയിക്കാനില്ല.

പുരാതന നാളുകളിൽ തന്റെ ദാസന്മാരെ യഹോവ പിന്തുണച്ചതിനെ കുറിച്ചു ബൈബിൾ പറയുന്നു: “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, . . . അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.” (സങ്കീർത്തനം 124:​2, 3) നമ്മുടെ നാളുകളിൽ, ആളുകൾക്കിടയിൽ വ്യാപകമായിരിക്കുന്ന നിസ്സംഗതയ്‌ക്കും അധാർമിക മനോഭാവങ്ങൾക്കും ഇടയിലും വിസ്വോയിലെ യഹോവയുടെ ആരാധകർ അവരുടെ വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ നല്ല ശ്രമം ചെയ്യുന്നതിനാൽ അവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നു. പിൻതലമുറക്കാരായ അവിടത്തെ യഹോവയുടെ ആരാധകർ പൗലൊസിന്റെ ഈ പ്രസ്‌താവനയുടെ സത്യത അനുഭവിച്ചറിഞ്ഞു: “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”—റോമർ 8:⁠31.

[26-ാം പേജിലെ ചിത്രം]

എമില്യ ഷോക്‌ തന്റെ മക്കളായ ഹെലീന, എമില്യ, ജാൻ എന്നിവരോടൊപ്പം ബൊഹീമിയയിലുള്ള താത്‌കാലിക ക്യാമ്പിലേക്ക്‌ അയയ്‌ക്കപ്പെട്ടു

[26-ാം പേജിലെ ചിത്രം]

സൈനിക സേവനം നിരസിച്ചപ്പോൾ, പാവെൽ ഷാൽബോയെ ഖനിയിലെ ജോലിക്കായി അയച്ചു

[27-ാം പേജിലെ ചിത്രം]

സഹോദരന്മാരെ ഓഷ്‌വിറ്റ്‌സിലേക്ക്‌ അയയ്‌ക്കുകയും പലരും അവിടെവെച്ചു മരിക്കുകയും ചെയ്‌തെങ്കിലും, വിസ്വോയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതു നിലച്ചില്ല

[28-ാം പേജിലെ ചിത്രം]

പാവെൽ പിൽക്കിനെയും ജാൻ പോലെക്കിനെയും ലോഡ്‌സിലുള്ള കുട്ടികളുടെ ക്യാമ്പിലേക്ക്‌ അയച്ചു

[25-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ചെറുപഴങ്ങളും പൂക്കളും: © R.M. Kosinscy / www.kosinscy.pl