വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുക്കലിൽനിന്ന്‌ ഉളവാകുന്ന സന്തോഷം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?

കൊടുക്കലിൽനിന്ന്‌ ഉളവാകുന്ന സന്തോഷം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?

കൊടുക്കലിൽനിന്ന്‌ ഉളവാകുന്ന സന്തോഷം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ?

വിശ്വസ്‌തയായ ആ സഹോദരി ക്രിസ്‌തീയ സേവനത്തിൽ സജീവമായ 50 വർഷങ്ങൾ പിന്നിട്ടിരുന്നു. വാർധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും പുതുതായി നിർമിച്ച രാജ്യഹാൾ കാണാൻ പോകണമെന്നു സഹോദരിക്കു നിർബന്ധമായിരുന്നു. സഹായമനസ്‌കനായ ഒരു ക്രിസ്‌തീയ സഹോദരന്റെ കൈയിൽ പിടിച്ചുകൊണ്ട്‌ രാജ്യഹാളിൽ പ്രവേശിച്ച സഹോദരി, നേരെ താൻ ഉദ്ദേശിച്ച സ്ഥലത്തേക്കു സാവധാനം നടന്നു, സംഭാവനപ്പെട്ടിയുടെ അടുത്തേക്ക്‌. താൻ ഈ ഉദ്ദേശ്യത്തിൽ സ്വരുക്കൂട്ടിയ എളിയ തുക സഹോദരി സംഭാവനപ്പെട്ടിയിൽ നിക്ഷേപിച്ചു. രാജ്യഹാൾ നിർമാണത്തിനുവേണ്ടി ശാരീരികമായി അധ്വാനിക്കാൻ കഴിഞ്ഞില്ലെങ്കിലും സഹായിക്കാൻ അവർ ആഗ്രഹിച്ചു.

ഈ ക്രിസ്‌തീയ സഹോദരി, മറ്റൊരു വിശ്വസ്‌ത സ്‌ത്രീയെ നിങ്ങളുടെ ഓർമയിലേക്കു കൊണ്ടുവന്നേക്കാം, ആലയത്തിലെ ഭണ്ഡാരത്തിൽ മൂല്യംകുറഞ്ഞ രണ്ടു നാണയങ്ങൾ ഇട്ടതായി യേശു നിരീക്ഷിച്ച “ദരിദ്രയായ വിധവ”യെ. അവരുടെ പശ്ചാത്തലത്തെക്കുറിച്ചു നമുക്ക്‌ ഒന്നും അറിയില്ല. എന്നാൽ ഭർത്താവിന്റെ പിന്തുണയില്ലാത്ത അവസ്ഥ അക്കാലത്ത്‌ ഒരു സ്‌ത്രീയെ കഠിനമായ സാമ്പത്തിക ബുദ്ധിമുട്ട്‌ നിറഞ്ഞ ഒരു സാഹചര്യത്തിൽ കൊണ്ടെത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. യേശുവിന്‌ അവരുടെ ദുരവസ്ഥ തികച്ചും മനസ്സിലായതിനാൽ അവരോടു സമാനുഭാവം തോന്നി എന്നതിൽ സംശയമില്ല. ആ സ്‌ത്രീയെ തന്റെ ശിഷ്യന്മാർക്ക്‌ ഒരു മാതൃകയായി ചിത്രീകരിച്ചുകൊണ്ട്‌ യേശു പറഞ്ഞു: ‘ഇവൾ തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു.’​—⁠മർക്കൊസ്‌ 12:⁠41-44.

ഈ ദരിദ്രയായ വിധവയെപ്പോലെ, പണത്തിനു ധാരാളം ആവശ്യമുള്ള ഒരു സ്‌ത്രീ അത്തരമൊരു ത്യാഗം ചെയ്‌തത്‌ എന്തുകൊണ്ടായിരിക്കും? വ്യക്തമായും യഹോവയോടുള്ള ആഴമായ ഭക്തി നിമിത്തമാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. അന്ന്‌ സത്യാരാധനയുടെ കേന്ദ്രം യെരൂശലേമിലെ ആലയം ആയിരുന്നു. തനിക്കു വളരെക്കുറച്ചു മാത്രമേ ചെയ്യാനാകുമായിരുന്നുള്ളൂ എങ്കിലും വിശുദ്ധ സേവനം ഉന്നമിപ്പിക്കാൻ അവർ ആഗ്രഹിച്ചു. തന്റെ പ്രാപ്‌തിയനുസരിച്ചു സംഭാവന ചെയ്യുന്നതിൽ അവർ തീർച്ചയായും യഥാർഥ സന്തോഷം അനുഭവിച്ചിരിക്കണം.

യഹോവയുടെ വേലയെ പിന്തുണയ്‌ക്കുന്നതിനുള്ള കൊടുക്കൽ

ഭൗതികവും പണപരവുമായി സംഭാവന ചെയ്യുന്നത്‌ എക്കാലത്തും നിർമലാരാധനയുടെ അവശ്യ ഭാഗവും വർധിച്ച സന്തോഷത്തിന്റെ ഉറവും ആയിരുന്നിട്ടുണ്ട്‌. (1 ദിനവൃത്താന്തം 29:⁠9) പുരാതന ഇസ്രായേലിൽ ആലയം മോടിപിടിപ്പിക്കുന്നതിനുവേണ്ടി മാത്രമല്ല യഹോവയുടെ ആരാധനയോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ദൈനംദിന നിർവഹണത്തിനുവേണ്ടിയും സംഭാവനകൾ ഉപയോഗിച്ചിരുന്നു. ആലയസേവനം നിർവഹിച്ചിരുന്ന ലേവ്യരെ പിന്തുണയ്‌ക്കുന്നതിന്‌ ഇസ്രായേൽ മക്കൾ തങ്ങളുടെ വിളവിന്റെ പത്തിലൊന്ന്‌ നൽകണമെന്നു ന്യായപ്രമാണം വ്യവസ്ഥ ചെയ്‌തിരുന്നു. എന്നാൽ ലേവ്യരും തങ്ങൾക്കു ലഭിക്കുന്നതിന്റെ പത്തിലൊന്ന്‌ യഹോവയ്‌ക്കു സംഭാവന ചെയ്യണമായിരുന്നു.​—⁠സംഖ്യാപുസ്‌തകം 18:⁠21-29.

ക്രിസ്‌ത്യാനികൾ ന്യായപ്രമാണ ഉടമ്പടിയുടെ വ്യവസ്ഥകളിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടെങ്കിലും സത്യാരാധനയെ പിന്തുണയ്‌ക്കാൻ ദൈവദാസന്മാർ ഭൗതികമായി സംഭാവന ചെയ്യണമെന്ന തത്ത്വത്തിനു മാറ്റം വന്നില്ല. (ഗലാത്യർ 5:⁠1) കൂടുതലായി, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ തങ്ങളുടെ സഹോദരങ്ങളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കാൻ സംഭാവന ചെയ്യുന്നത്‌ ഒരു സന്തോഷമായി കരുതി. (പ്രവൃത്തികൾ 2:⁠45, 46) ദൈവം ഔദാര്യപൂർവം അവർക്കു നല്ല ദാനങ്ങൾ നൽകിയതുപോലെ മറ്റുള്ളവരോട്‌ ഔദാര്യം കാണിക്കാൻ അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഓർമിപ്പിച്ചു. അവൻ എഴുതി: “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും നന്മ ചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.” (1 തിമൊഥെയൊസ്‌ 6:⁠17-19; 2 കൊരിന്ത്യർ 9:⁠11) വാസ്‌തവമായും വ്യക്തിപരമായ അനുഭവത്തിൽനിന്ന്‌ പൗലൊസിന്‌ യേശുവിന്റെ വാക്കുകൾ സ്ഥിരീകരിക്കാൻ കഴിയുമായിരുന്നു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.”​—⁠പ്രവൃത്തികൾ 20:⁠35, NW.

ക്രിസ്‌തീയ കൊടുക്കൽ​—⁠ഇന്ന്‌

ഇന്ന്‌ യഹോവയുടെ ദാസന്മാർ, പരസ്‌പരം സഹായിക്കുന്നതിനും ദൈവത്തിന്റെ വേലയെ പിന്തുണയ്‌ക്കുന്നതിനും തങ്ങളുടെ ഭൗതിക ആസ്‌തികൾ ഉപയോഗിക്കുന്നതിൽ തുടരുന്നു. സാമ്പത്തികമായി അധികമൊന്നും ഇല്ലാത്തവർപോലും തങ്ങളാൽ കഴിയുന്നതു സംഭാവന ചെയ്യുന്നു. ഈ സംഭാവനകളെല്ലാം സാധ്യമായ ഏറ്റവും മെച്ചപ്പെട്ട വിധത്തിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യ്‌ക്ക്‌ യഹോവയുടെ മുമ്പാകെ ഉത്തരവാദിത്വബോധമുണ്ട്‌. (മത്തായി 24:⁠45, NW) ബ്രാഞ്ച്‌ ഓഫീസുകളുടെ പ്രവർത്തനം, ബൈബിളും ബൈബിൾ സാഹിത്യങ്ങളും പരിഭാഷപ്പെടുത്തുകയും അച്ചടിക്കുകയും ചെയ്യൽ, വലിയ ക്രിസ്‌തീയ കൂടിവരവുകൾ ക്രമീകരിക്കൽ, സഞ്ചാര മേൽവിചാരകന്മാരെയും മിഷനറിമാരെയും പരിശീലിപ്പിക്കലും അയയ്‌ക്കലും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റനേകം അവശ്യ കാര്യങ്ങൾ എന്നിവയ്‌ക്കാണു സംഭാവനകൾ ഉപയോഗിക്കുന്നത്‌. നമുക്ക്‌ അത്തരത്തിലുള്ള ഒരു ഉദ്ദേശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം​—⁠ആരാധന സ്ഥലങ്ങൾ നിർമിക്കാൻ സഹായിക്കൽ.

ആത്മീയ വിദ്യാഭ്യാസത്തിൽനിന്നും ആരോഗ്യാവഹമായ സഹവാസത്തിൽനിന്നും പ്രയോജനം നേടാനായി യഹോവയുടെ സാക്ഷികൾ വാരത്തിൽ പല പ്രാവശ്യം രാജ്യഹാളുകളിൽ കൂടിവരുന്നു. എന്നാൽ പല രാജ്യങ്ങളിലും പ്രാദേശിക സാക്ഷികൾക്ക്‌ തുടക്കത്തിൽ കുറച്ചു സഹായം ലഭിക്കാതെ രാജ്യഹാൾ നിർമാണം ആരംഭിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അതുകൊണ്ട്‌ 1999-ൽ യഹോവയുടെ സാക്ഷികൾ, സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള ഫണ്ട്‌ ഉപയോഗിച്ചുകൊണ്ട്‌ ദരിദ്ര രാജ്യങ്ങളിൽ രാജ്യഹാളുകൾ നിർമിക്കുന്നതിനുള്ള ഒരു പരിപാടി ആരംഭിച്ചു. കൂടാതെ, ആയിരക്കണക്കിനു സ്വമേധയാ സേവകർ, പലപ്പോഴും ഈ രാജ്യങ്ങളുടെ വിദൂര പ്രദേശങ്ങളിൽ വേല ചെയ്‌തുകൊണ്ട്‌ തങ്ങളുടെ സമയവും വൈദഗ്‌ധ്യങ്ങളും സംഭാവന ചെയ്‌തിരിക്കുന്നു. അവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട്‌ പ്രാദേശിക സാക്ഷികൾ നിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള വൈദഗ്‌ധ്യങ്ങൾ ആർജിക്കുന്നു, രാജ്യഹാൾ ഫണ്ട്‌ ആവശ്യമായ ഉപകരണങ്ങളും നിർമാണ വസ്‌തുക്കളും വാങ്ങുക സാധ്യമാക്കിത്തീർക്കുന്നു. ഇപ്പോൾ ഈ രാജ്യഹാളുകൾ ഉപയോഗിക്കുന്ന സാക്ഷികൾ, സമയവും പണവും സംഭാവന ചെയ്‌ത സഹവിശ്വാസികളോട്‌ ആഴമായ നന്ദിയുള്ളവരാണ്‌. അവരും പുതിയ ഹാളിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നിർമാണത്തിനു വേണ്ടിവന്ന ചെലവുകൾ നികത്തുന്നതിനും മാസംതോറും സംഭാവന ചെയ്‌തുകൊണ്ട്‌ കൂടുതൽ രാജ്യഹാളുകളുടെ നിർമാണത്തിനു സഹായം നൽകുന്നു.

രാജ്യഹാളുകളുടെ നിർമാണത്തിനു പ്രാദേശിക നിർമാണരീതികളും വസ്‌തുക്കളുമാണ്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. ഈ ഹാളുകൾ ആർഭാടങ്ങളൊന്നും ഇല്ലാത്തതെങ്കിലും ആകർഷകവും പ്രായോഗികവും സൗകര്യപ്രദവുമാണ്‌. 1999-ൽ ഈ നിർമാണ പരിപാടി ആരംഭിച്ചപ്പോൾ പരിമിത വിഭവങ്ങളുള്ള ഏകദേശം 40 രാജ്യങ്ങളെയാണു പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്‌. ഇപ്പോൾ ഈ നിർമാണ പരിപാടി 116 രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്‌, അതായത്‌ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ പകുതിയിലധികം ഈ പരിപാടിയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഈ ക്രമീകരണത്തിൻകീഴിൽ 9,000-ത്തിലധികം രാജ്യഹാളുകൾ പണിതിട്ടുണ്ട്‌. ഒരു ദിവസം ശരാശരി 5-ലധികം പുതിയ ഹാളുകൾ! എന്നിരുന്നാലും ഇപ്പോഴും ഈ 116 രാജ്യങ്ങളിൽ 14,500 പുതിയ രാജ്യഹാളുകളുടെ ആവശ്യമുണ്ട്‌. യഹോവയുടെ അനുഗ്രഹവും ലോകമെമ്പാടുമുള്ള സാക്ഷികളുടെ മനസ്സൊരുക്കവും ഔദാര്യവും നിമിത്തം ഈ ആവശ്യം തൃപ്‌തിപ്പെടുത്താൻ മതിയായ ഫണ്ട്‌ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌.​—⁠സങ്കീർത്തനം 127:⁠1.

രാജ്യഹാളുകൾ വളർച്ച ഉന്നമിപ്പിക്കുന്നു

പ്രാദേശിക സാക്ഷികളുടെയും രാജ്യ പ്രസംഗവേലയുടെയും മേൽ ബൃഹത്തായ ഈ സംരംഭം എന്തു പ്രഭാവമാണു ചെലുത്തിയിരിക്കുന്നത്‌? പല പ്രദേശങ്ങളിലും പുതിയ രാജ്യഹാൾ നിർമിച്ചതിനു ശേഷം യോഗഹാജരിൽ ശ്രദ്ധേയമായ വർധനയുണ്ട്‌. അതിന്‌ ഉത്തമ ഉദാഹരണമാണ്‌ ബുറുണ്ടിയിൽനിന്നുള്ള ഈ റിപ്പോർട്ട്‌: “രാജ്യഹാൾ നിർമാണം പൂർത്തിയാകുന്ന ഉടനെതന്നെ അതു നിറയുന്നു. ദൃഷ്ടാന്തത്തിന്‌, ശരാശരി 100 പേർ യോഗങ്ങൾക്കു ഹാജരാകുന്ന ഒരു സഭയ്‌ക്കുവേണ്ടി ഒരു ഹാൾ പണിതു. അവരുടെ പുതിയ രാജ്യഹാളിൽ 150 പേർക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്‌. എന്നാൽ ഹാളിന്റെ പണി തീർന്നപ്പോഴേക്കും യോഗത്തിനു ഹാജരാകുന്നവരുടെ എണ്ണം 250 ആയി വർധിച്ചു.”

അത്തരം വർധനയ്‌ക്കുള്ള കാരണം എന്താണ്‌? ഔപചാരികമായ യോഗസ്ഥലങ്ങൾ ഇല്ലാത്ത രാജ്യപ്രസാധകരുടെ കൂട്ടങ്ങൾ വൃക്ഷച്ചുവട്ടിലോ വയലിലോ ഒക്കെ യോഗങ്ങൾക്കായി കൂടിവരുന്നത്‌ ആളുകൾ ചിലപ്പോൾ സംശയദൃഷ്ടിയോടെയാണു വീക്ഷിക്കുന്നത്‌. ഒരു ദേശത്ത്‌ ഇത്തരം ചെറിയ മത കൂട്ടങ്ങളാണ്‌ അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങൾക്ക്‌ ഉത്തരവാദികളായി കണക്കാക്കപ്പെടുന്നത്‌. അതുകൊണ്ട്‌ നിയമപ്രകാരം, മതപരമായ എല്ലാ കൂടിവരവുകളും ആരാധന സ്ഥലത്തിനുള്ളിൽ ആയിരിക്കേണ്ടതുണ്ട്‌.

രാജ്യഹാളുകൾ ഉണ്ടെങ്കിൽ, തങ്ങൾ ഏതെങ്കിലും പാസ്റ്ററുടെ ശിഷ്യന്മാർ അല്ലെന്നു സമൂഹത്തിനു കാണിച്ചു കൊടുക്കാനും യഹോവയുടെ സാക്ഷികൾക്കു കഴിയുന്നു. യഹോവയുടെ സാക്ഷികളുടെ സിംബാബ്‌വേ ബ്രാഞ്ച്‌ ഓഫീസ്‌ എഴുതുന്നു: “കഴിഞ്ഞ കാലത്ത്‌, ഈ പ്രദേശത്തെ സഹോദരങ്ങൾ സ്വകാര്യ ഭവനങ്ങളിലാണു കൂടിവന്നിരുന്നത്‌. അതുകൊണ്ട്‌ ഇവിടത്തെ ആളുകൾ, സാക്ഷികൾ കൂടിവന്നിരുന്ന വീട്ടുടമയുടെ പേരിലാണ്‌ സഭയെ തിരിച്ചറിഞ്ഞിരുന്നത്‌. ‘ഇന്ന വ്യക്തിയുടെ’ സഭയിലെ ആളുകൾ എന്നാണ്‌ സഹോദരങ്ങളെ അവർ പരാമർശിച്ചിരുന്നത്‌. ഇപ്പോൾ ‘യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ’ എന്നു തിരിച്ചറിയിക്കുന്ന വ്യക്തമായ ബോർഡുകൾ കണ്ടുതുടങ്ങിയതോടെ ഇതിനെല്ലാം മാറ്റം വന്നുകൊണ്ടിരിക്കുന്നു.”

സന്തുഷ്ട ദാതാക്കൾ

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു,” അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (2 കൊരിന്ത്യർ 9:⁠7) വലിയ സംഭാവനകൾ തീർച്ചയായും സഹായകമാണ്‌. എന്നാൽ യഹോവയുടെ സാക്ഷികളുടെ വേലയ്‌ക്കു സംഭാവന ചെയ്യപ്പെടുന്ന ഫണ്ടിന്റെ ഏറിയ പങ്കും രാജ്യഹാളിലെ സംഭാവനപ്പെട്ടികളിൽനിന്നാണു ലഭിക്കുന്നത്‌. സംഭാവനകൾ, ചെറുതായാലും വലുതായാലും എല്ലാം പ്രാധാന്യമുള്ളതാണ്‌, ഒന്നും അവഗണിക്കപ്പെടുന്നില്ല. ദരിദ്രയായ വിധവ മൂല്യംകുറഞ്ഞ രണ്ടു നാണയങ്ങൾ ഇടുന്നത്‌ യേശു ശ്രദ്ധിച്ചു എന്നത്‌ ഓർക്കുക. ദൂതന്മാരും യഹോവയും അവളെ കണ്ടു. നമുക്ക്‌ ആ സ്‌ത്രീയുടെ പേരുപോലും അറിയില്ല. എന്നാൽ അവരുടെ നിസ്സ്വാർഥ പ്രവൃത്തി എക്കാലത്തേക്കുമായി ബൈബിളിൽ രേഖപ്പെടുത്തുന്നുവെന്ന്‌ യഹോവ ഉറപ്പാക്കി.

രാജ്യഹാൾ നിർമാണത്തിനു പുറമേ, നമ്മുടെ സംഭാവനകൾ മർമപ്രധാനമായ രാജ്യവേലയുടെ മറ്റെല്ലാ വശങ്ങളെയും പിന്തുണയ്‌ക്കുന്നു. ഈ വിധത്തിൽ സഹകരിക്കുന്നത്‌ സന്തോഷിക്കാനും “ദൈവത്തിന്നു അനവധി സ്‌തോത്രം” നൽകാനും നമുക്കു കാരണം തരുന്നു. (2 കൊരിന്ത്യർ 9:⁠12) ബെനിനിലെ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾ റിപ്പോർട്ടു ചെയ്യുന്നു: “അന്താരാഷ്‌ട്ര സഹോദരവർഗത്തിൽനിന്നു ലഭിച്ച സാമ്പത്തിക പിന്തുണയ്‌ക്കായി നന്ദി പ്രകാശിപ്പിക്കുന്ന അനവധി പ്രാർഥനകൾ ഓരോ ദിവസവും യഹോവയുടെ പക്കലേക്ക്‌ ഉയരുന്നു.” അതേസമയം, സാമ്പത്തികമായി രാജ്യവേലയെ പിന്തുണയ്‌ക്കുന്നതിൽ ഒരു പങ്കുള്ള നാമെല്ലാവരും ക്രിസ്‌തീയ കൊടുക്കലിൽനിന്നു ലഭിക്കുന്ന സന്തുഷ്ടി അനുഭവിക്കുന്നു!

[22, 23 പേജുകളിലെ ചതുരം/ചിത്രം]

ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ​—⁠മത്തായി 24:⁠14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധയാ സംഭാവനകൾ ഈ ഓഫീസുകളിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. ബ്രാഞ്ച്‌ ഓഫീസുകളുടെ മേൽവിലാസം ഈ മാസികയുടെ 2-ാം പേജിലുണ്ട്‌. ചെക്കുകൾ “Watch Tower”-ന്‌ മാറിയെടുക്കാവുന്നത്‌ ആയിരിക്കണം. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.

സോപാധിക ദാന ട്രസ്റ്റ്‌ ക്രമീകരണം

വാച്ച്‌ ടവറിന്‌ പ്രയോജനപ്പെടുന്ന വിധത്തിൽ പണം ട്രസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ ദാതാവ്‌ ആവശ്യപ്പെടുന്നപക്ഷം പണം തിരികെ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിനു പ്രയോജനം ചെയ്യുന്ന വേറെയും കൊടുക്കൽ രീതികളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ ടവർ സൊസൈറ്റിയുടെ പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച്‌ ടവർ സൊസൈറ്റിയിൽ ട്രസ്റ്റ്‌ ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത്‌ ആയി ഏൽപ്പിക്കാവുന്നതാണ്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ ടവർ സൊസൈറ്റിക്കു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌.

സ്ഥാവര വസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവര വസ്‌തു ആധാരം ചെയ്യുന്നതിനു മുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ ടവർ കോർപ്പറേഷന്‌ നൽകുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷംതോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ വരുമാന നികുതിയിൽ ഇളവ്‌ ലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ വാച്ച്‌ ടവർ സൊസൈറ്റിക്ക്‌ അവകാശമായി നൽകാവുന്നതാണ്‌. അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ ടവർ സൊസൈറ്റിയുടെ പേര്‌ വെക്കാവുന്നതാണ്‌. ചില രാജ്യങ്ങളിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില നികുതിയിളവുകൾ ലഭിച്ചേക്കാം. എന്നാൽ ഇന്ത്യയിലെ കാര്യം അങ്ങനെയല്ല.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവേ ദാതാവിന്റെ ഭാഗത്തു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലുമായി തയ്യാറാക്കിയിട്ടുണ്ട്‌. ഇപ്പോഴോ, മരണത്തിങ്കൽ ഒരു ഒസ്യത്ത്‌ മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ച നടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ വേലയെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌, താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ഓഫീസുമായോ കത്തുമുഖേന അല്ലെങ്കിൽ ടെലിഫോണിലൂടെ ബന്ധപ്പെടുക.

Jehovah’s Witnesses,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[20, 21 പേജുകളിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികളുടെ പഴയതും പുതിയതുമായ യോഗസ്ഥലങ്ങൾ

സാംബിയ

മധ്യാഫ്രിക്കൻ റിപ്പബ്ലിക്‌