ദൈവഭരണത്തിന് അനുകൂലമായി ഞങ്ങൾ ഉറച്ച തീരുമാനം കൈക്കൊണ്ടു
ജീവിത കഥ
ദൈവഭരണത്തിന് അനുകൂലമായി ഞങ്ങൾ ഉറച്ച തീരുമാനം കൈക്കൊണ്ടു
മിഹാൽ ഷോബ്രാക് പറഞ്ഞപ്രകാരം
ഒരു മാസം ഏകാന്ത തടവിൽ കഴിഞ്ഞ എന്നെ ചോദ്യം ചെയ്യാനായി വലിച്ചിഴച്ചു കൊണ്ടുവന്നു. ഏറെ താമസിയാതെ, ചോദ്യം ചെയ്‌തുകൊണ്ടിരുന്ന വ്യക്തി കോപത്താൽ ജ്വലിച്ചുകൊണ്ട് ഇപ്രകാരം അട്ടഹസിച്ചു: “ചാരന്മാരാണു നിങ്ങൾ! അമേരിക്കൻ ചാരന്മാർ!” അദ്ദേഹത്തെ അത്രയ്‌ക്കും കോപിഷ്ടനാക്കിയത് എന്താണ്? ഞാൻ ഏതു മതക്കാരനാണെന്ന് അദ്ദേഹം തൊട്ടുമുമ്പ് എന്നോടു ചോദിച്ചിരുന്നു. “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണ്” എന്നായിരുന്നു എന്റെ മറുപടി.
അമ്പതിലേറെ വർഷങ്ങൾക്കു മുമ്പാണ് അതു സംഭവിച്ചത്. അന്ന് ഞാൻ ജീവിച്ചിരുന്ന രാജ്യം കമ്മ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ ആയിരുന്നു. എന്നാൽ, പീഡനത്തിന്റെ ക്രൂരമുഖം ഞാൻ ആദ്യമായി കണ്ട സന്ദർഭം ആയിരുന്നില്ല അത്. അതിനും വളരെ മുമ്പ് ഞങ്ങളുടെ ക്രിസ്‌തീയ വിദ്യാഭ്യാസ പ്രവർത്തനം നിമിത്തം ഞങ്ങൾക്ക് ഉഗ്രമായ പീഡനം നേരിട്ടിരുന്നു.
യുദ്ധത്തിന്റെ യാതനകൾ ഞങ്ങളെ ഗ്രസിക്കുന്നു
1914-ൽ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എനിക്ക് എട്ടു വയസ്സായിരുന്നു. ഞാൻ താമസിച്ചിരുന്ന സാലുഷിറ്റ്‌സെ ഗ്രാമം അന്ന് ഓസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ രാജവാഴ്‌ചയുടെ കീഴിലായിരുന്നു. യുദ്ധം ലോകത്തെ കീഴ്‌മേൽ മറിക്കുകയും എന്റെ കുട്ടിക്കാലത്തെ പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്‌തു. പട്ടാളക്കാരനായിരുന്ന എന്റെ പിതാവ് ആക്രമണങ്ങളുടെ പ്രാരംഭ വർഷത്തിൽത്തന്നെ മരണമടഞ്ഞു. ഞാനും ഇളയ രണ്ടു സഹോദരിമാരും അമ്മയും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നു. കുടുംബത്തിലെ മൂത്ത കുട്ടിയും ഏക പുത്രനും എന്ന നിലയ്‌ക്ക് പെട്ടെന്നുതന്നെ എനിക്ക്, വീട്ടിലെയും ഞങ്ങളുടെ ചെറിയ കൃഷിയിടത്തിലെയും അനേകം ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടിവന്നു. ചെറുപ്പം മുതൽക്കേ ഞാൻ ഒരു മതഭക്തനായിരുന്നു. ഞങ്ങളുടെ കാൽവിനിസ്റ്റ് നവീകൃത സഭയുടെ ശുശ്രൂഷകൻ സ്ഥലത്തില്ലാത്തപ്പോൾ, അദ്ദേഹത്തിനു പകരം എന്റെ സഹപാഠികളെ പഠിപ്പിക്കാൻപോലും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു.
1918-ൽ ‘മഹായുദ്ധം’ അവസാനിച്ചപ്പോൾ ഞങ്ങൾക്ക് എത്ര ആശ്വാസം തോന്നിയെന്നോ! ഓസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യം മറിച്ചിടപ്പെടുകയും ഞങ്ങൾ റിപ്പബ്ലിക്ക് ഓഫ് ചെക്കോസ്ലോവാക്യയുടെ പൗരന്മാർ ആയിത്തീരുകയും ചെയ്‌തു. ഞങ്ങളുടെ പ്രദേശത്തുനിന്ന് ഐക്യനാടുകളിലേക്കു
കുടിയേറിപ്പാർത്തവരിൽ പലരും പെട്ടെന്നുതന്നെ സ്വദേശത്തു മടങ്ങിയെത്തി. അവരിൽ ഒരാളായിരുന്നു 1922-ൽ ഞങ്ങളുടെ ഗ്രാമത്തിൽ എത്തിച്ചേർന്ന മിഹാൽ പെട്രിക്. അദ്ദേഹം ഞങ്ങളുടെ അടുത്തുള്ള ഒരു കുടുംബത്തെ സന്ദർശിച്ചപ്പോൾ, ആ വീട്ടുകാർ എന്നോടും അമ്മയോടും അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.ദൈവികഭരണം ഒരു യാഥാർഥ്യം ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു
മിഹാൽ ഒരു ബൈബിൾ വിദ്യാർഥി ആയിരുന്നു, അന്ന് യഹോവയുടെ സാക്ഷികൾ അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്. അദ്ദേഹം ചർച്ച ചെയ്‌ത സുപ്രധാന ബൈബിൾ വിഷയങ്ങൾ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. യഹോവയുടെ രാജ്യം വരുന്നതു സംബന്ധിച്ചുള്ളതായിരുന്നു അവയിൽ ഏറ്റവും ശ്രദ്ധേയമായിരുന്നത്. (ദാനീയേൽ 2:44) പിറ്റേ ഞായറാഴ്‌ച സാഹോർ ഗ്രാമത്തിൽ ഒരു ക്രിസ്‌തീയ യോഗം നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചപ്പോൾ, അതിൽ സംബന്ധിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. വെളുപ്പിന് 4 മണിക്ക് ഞാൻ എഴുന്നേറ്റു. തുടർന്ന്, ഒരു ബന്ധുവിന്റെ സൈക്കിൾ ചോദിക്കാനായി ഏകദേശം എട്ടു കിലോമീറ്റർ നടന്നുചെന്നു. പഞ്ചറായി കിടന്ന സൈക്കിളിന്റെ ടയർ ശരിയാക്കിയ ശേഷം ഞാൻ, 24 കിലോമീറ്റർ ദൂരെയുള്ള സാഹോറിലേക്കു യാത്ര തിരിച്ചു. എന്നാൽ, യോഗം നടക്കുന്ന കൃത്യസ്ഥലം എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് അവിടത്തെ ഒരു തെരുവിലൂടെ ഞാൻ സാവകാശം മുന്നോട്ടു നീങ്ങി. അപ്പോൾ ഒരു വീട്ടിൽ രാജ്യഗീതം പാടുന്നത് ഞാൻ കേട്ടു. എന്റെ ഹൃദയം സന്തോഷത്താൽ തുടിച്ചു. ഞാൻ ആ വീട്ടിലേക്കു കയറിച്ചെല്ലുകയും വന്ന കാര്യം അറിയിക്കുകയും ചെയ്‌തു. അവർ, തങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിക്കുകയും തുടർന്ന് യോഗത്തിനു കൂട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. വീട്ടിൽ തിരിച്ചെത്താനായി സൈക്കിളിലും കാൽനടയായും 32 കിലോമീറ്റർ സഞ്ചരിക്കണമായിരുന്നു. പക്ഷേ എനിക്ക് ഒട്ടുംതന്നെ ക്ഷീണം തോന്നിയില്ല.—യെശയ്യാവു 40:31.
യഹോവയുടെ സാക്ഷികളുടെ വ്യക്തവും ബൈബിളധിഷ്‌ഠിതവുമായ വിശദീകരണങ്ങൾ എന്നെ ഹഠാദാകർഷിച്ചു. ദൈവിക ഭരണത്തിൻകീഴിലെ സംതൃപ്‌തവും ആസ്വാദ്യവും ആയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു. (സങ്കീർത്തനം 104:28) ഞങ്ങളുടെ സഭയ്‌ക്ക് രാജിക്കത്തു നൽകാൻ ഞാനും അമ്മയും തീരുമാനിച്ചു. ഇതു ഞങ്ങളുടെ ഗ്രാമത്തിൽ വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചു. ചിലർ കുറെക്കാലത്തേക്കു ഞങ്ങളോടു സംസാരിക്കുകപോലും ഇല്ലായിരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ പ്രദേശത്ത് ഉണ്ടായിരുന്ന അനേകം സാക്ഷികളുമായി ഞങ്ങൾ നല്ല സഹവാസം ആസ്വദിച്ചു. (മത്തായി 5:11, 12) അധികം താമസിയാതെ ഞാൻ ഊ നദിയിൽ സ്‌നാപനമേറ്റു.
ക്രിസ്‌തീയ ശുശ്രൂഷ ഞങ്ങളുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗം ആയിത്തീരുന്നു
യഹോവയുടെ രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാനുള്ള എല്ലാ അവസരങ്ങളും ഞങ്ങൾ പ്രയോജനപ്പെടുത്തി. (മത്തായി 24:14) വിശേഷിച്ചും ഞായറാഴ്‌ച നടത്തുന്ന സംഘടിതമായ പ്രസംഗ പ്രവർത്തനത്തിൽ ഞങ്ങൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. അന്നൊക്കെ ആളുകൾ എല്ലാവരുംതന്നെ നേരത്തേ ഉണരുന്ന ശീലമുള്ളവരായിരുന്നു. അതുകൊണ്ട് പ്രസംഗ പ്രവർത്തനം നേരത്തേ ആരംഭിക്കാൻ ഞങ്ങൾക്കു സാധിച്ചു. അതേ ദിവസംതന്നെ പിന്നീട് ഒരു പരസ്യയോഗവും നടത്തിയിരുന്നു. ബൈബിൾ പ്രബോധകർ മിക്കപ്പോഴും വാചാപ്രസംഗമാണു നൽകിയത്. അപ്രകാരം ചെയ്യവേ അവർ, താത്‌പര്യക്കാരുടെ എണ്ണവും അവരുടെ മതപശ്ചാത്തലവും അവർക്കു താത്‌പര്യമുള്ള വിഷയങ്ങളും കണക്കിലെടുത്തിരുന്നു.
ഞങ്ങൾ പ്രസംഗിച്ച ബൈബിൾ സത്യങ്ങൾ അനേകരുടെയും കണ്ണു തുറപ്പിച്ചു. സ്‌നാപനമേറ്റതിനു ശേഷം ഉടൻതന്നെ ഞാൻ, റ്റ്‌ർഹോവിഷ്‌റ്റെ ഗ്രാമത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അവിടെ സുസാനാ മോസ്‌കാൾ എന്ന ഒരു സ്‌ത്രീയെ ഞാൻ കണ്ടുമുട്ടി. അവർ വളരെ സൗഹാർദത്തോടും ദയയോടും കൂടി എന്നോടു പെരുമാറി. അവരും കുടുംബവും ഞാൻ മുമ്പു ഭാഗമായിരുന്ന കാൽവിനിസ്റ്റ് സഭയിലെ അംഗങ്ങളായിരുന്നു. ബൈബിളുമായി പരിചിത ആയിരുന്നെങ്കിലും, ഉത്തരം കിട്ടാത്ത അനേകം ബൈബിൾ ചോദ്യങ്ങൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ, ഞാൻ അവർക്കു ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്) എന്ന പുസ്‌തകം സമർപ്പിച്ചു. *
പെട്ടെന്നുതന്നെ മോസ്‌കാൾ കുടുംബം, നിത്യേനയുള്ള ബൈബിൾ വായനയുടെ സമയത്ത് കിന്നരം പുസ്‌തകവും വായിക്കാൻ തുടങ്ങി. ആ ഗ്രാമത്തിലുള്ള മറ്റുചില കുടുംബങ്ങളും താത്‌പര്യം പ്രകടിപ്പിക്കുകയും ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങുകയും ചെയ്‌തു. അവരുടെ കാൽവിനിസ്റ്റു ശുശ്രൂഷകൻ ഞങ്ങൾക്കും ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്കും എതിരായി ശക്തമായ മുന്നറിയിപ്പു മുഴക്കി. അപ്പോൾ താത്‌പര്യക്കാരായ ചിലർ, ഞങ്ങളുടെ യോഗസ്ഥലത്തു വന്ന് പരസ്യമായ ഒരു വാദപ്രതിവാദത്തിലൂടെ ഞങ്ങളുടെ പഠിപ്പിക്കലുകൾ തെറ്റാണെന്നു തെളിയിക്കാൻ പുരോഹിതനോടു നിർദേശിച്ചു.
അതനുസരിച്ച് ശുശ്രൂഷകൻ വന്നെങ്കിലും, സഭയുടെ ഉപദേശങ്ങളെ പിന്തുണയ്‌ക്കുന്ന ഒരൊറ്റ വാദഗതിപോലും ബൈബിളിൽനിന്നു കാണിച്ചുതരാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അപ്പോൾ തന്റെ മുഖം രക്ഷിക്കാൻ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബൈബിളിലുള്ള സകലതും നമുക്കു വിശ്വസിക്കാനാവില്ല. അത് എഴുതിയതു മനുഷ്യരാണ്. മതപരമായ ചോദ്യങ്ങൾക്കു വ്യത്യസ്‌ത വ്യാഖ്യാനങ്ങൾ ഉണ്ടായിരിക്കാൻ കഴിയും.” ഇത് അനേകർക്കും ഒരു വഴിത്തിരിവ് ആയിത്തീർന്നു. ബൈബിളിൽ വിശ്വാസം ഇല്ലാത്ത സ്ഥിതിക്ക്, ശുശ്രൂഷകന്റെ പ്രസംഗം കേൾക്കാൻ മേലാൽ തങ്ങൾ വരില്ലെന്നു ചിലർ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ അവർ, കാൽവിനിസ്റ്റ് സഭയുമായുള്ള ബന്ധം വിച്ഛേദിച്ചു. ആ ഗ്രാമത്തിലെ ഏകദേശം 30 പേർ ബൈബിൾ സത്യത്തിന് അനുകൂലമായി ഒരു ഉറച്ച നില സ്വീകരിച്ചു.
ദൈവരാജ്യത്തെ കുറിച്ചുള്ള പ്രസംഗം ഞങ്ങളുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗം ആയിത്തീർന്നു. അതുകൊണ്ടുതന്നെ, ആത്മീയമായി ശക്തമായ ഒരു കുടുംബത്തിൽനിന്ന് ഉള്ളവളായിരിക്കണം എന്റെ ഇണ എന്നു ഞാൻ ആഗ്രഹിച്ചു. ശുശ്രൂഷയിൽ എന്നോടൊപ്പം പ്രവർത്തിച്ചിരുന്നവരിൽ ഒരാളായിരുന്നു യാൻ പെട്രൂഷ്‌കാ. ഐക്യനാടുകളിൽവെച്ച് ആയിരുന്നു അദ്ദേഹം സത്യം പഠിച്ചത്. എല്ലാവരോടും സാക്ഷീകരിക്കുന്നതിൽ അദ്ദേഹത്തെപ്പോലെതന്നെ മകൾ മാറിയായും ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. അത് എന്നെ വല്ലാതെ ആകർഷിച്ചു. 1936-ൽ ഞങ്ങൾ വിവാഹിതരായി. 50 വർഷം എന്റെ വിശ്വസ്‌ത സഖിയായി ജീവിച്ച ശേഷം, 1986-ൽ അവൾ മരണമടഞ്ഞു. 1938-ലായിരുന്നു ഞങ്ങളുടെ ഏക മകൻ എഡ്വാർട്ട് ജനിച്ചത്. എന്നാൽ അന്ന് യൂറോപ്പ് മറ്റൊരു യുദ്ധത്തിന്റെ വക്കിൽ എത്തിയിരുന്നു. ഞങ്ങളുടെ വേലയെ അത് എപ്രകാരം ബാധിക്കുമായിരുന്നു?
ഞങ്ങളുടെ ക്രിസ്‌തീയ നിഷ്‌പക്ഷത പരിശോധിക്കപ്പെടുന്നു
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ, വേറിട്ട ഒരു രാജ്യമായിത്തീർന്നിരുന്ന സ്ലൊവാക്യ നാസി ഭരണത്തിന്റെ കീഴിലായിരുന്നു. എങ്കിലും യഹോവയുടെ സാക്ഷികളുടെ സംഘടനയ്‌ക്ക് എതിരായി ഗവൺമെന്റ് പ്രത്യേകിച്ച് ഒരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ ഞങ്ങൾ രഹസ്യമായി പ്രവർത്തിക്കേണ്ടിയിരുന്നു, അധികാരികൾ നമ്മുടെ സാഹിത്യങ്ങൾ കർശനമായി പരിശോധിച്ചിരുന്നു. ഞങ്ങൾ വളരെ ജാഗ്രതയോടെ വേല തുടർന്നു.—മത്തായി 10:16.
യുദ്ധം രൂക്ഷമായതോടെ, 35 വയസ്സു കഴിഞ്ഞിരുന്ന എന്നെയും മറ്റുള്ളവരോടൊപ്പം സൈനിക സേവനത്തിനായി തിരഞ്ഞെടുത്തു. ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം ഞാൻ, യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. (യെശയ്യാവു 2:2-4) സന്തോഷകരമെന്നു പറയട്ടെ, എന്നെ എന്തു ചെയ്യണം എന്ന് അധികാരികൾ തീരുമാനിക്കുന്നതിനു മുമ്പായി എന്റെ പ്രായപരിധിയിൽപ്പെട്ട എല്ലാവരെയും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു വന്നു.
നഗരങ്ങളിൽ പാർക്കുന്ന സഹോദരങ്ങൾ, ഗ്രാമപ്രദേശങ്ങളിൽ വസിച്ചിരുന്ന ഞങ്ങളെ അപേക്ഷിച്ച് വല്ലാത്ത ഞെരുക്കത്തിൽ ആയിരുന്നു എന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് ഉള്ളതിന്റെ ഒരു പങ്ക് അവർക്കും കൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. (2 കൊരിന്ത്യർ 8:14) തന്മൂലം, കൊണ്ടുപോകാവുന്നത്രയും ഭക്ഷ്യവസ്‌തുക്കളുമായി 500-ലധികം കിലോമീറ്റർ അകലെയുള്ള ബ്രാറ്റിസ്ലാവയിലേക്കു ഞങ്ങൾ യാത്ര ചെയ്യുമായിരുന്നു. ആ യുദ്ധകാലത്ത്, ക്രിസ്‌തീയ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ശക്തമായ ബന്ധങ്ങൾ ഞങ്ങൾ വാർത്തെടുത്തു. വരാനിരുന്ന ക്ലേശപൂർണമായ നാളുകളിൽ സഹിച്ചുനിൽക്കാൻ അതു ഞങ്ങളെ സഹായിച്ചു.
ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നു
രണ്ടാം ലോകയുദ്ധത്തിനു ശേഷം, സ്ലൊവാക്യ വീണ്ടും ചെക്കോസ്ലോവാക്യയുടെ ഭാഗം ആയിത്തീർന്നു. 1946 മുതൽ 1948 വരെയുള്ള ഓരോ വർഷത്തിലും ബർണോ, പ്രാഗ് എന്നീ നഗരങ്ങളിൽ ഏതെങ്കിലും ഒന്നിൽ യഹോവയുടെ സാക്ഷികളുടെ ഒരു ദേശീയ കൺവെൻഷൻ നടത്തിയിരുന്നു. കൺവെൻഷൻ പ്രതിനിധികൾക്കുള്ള പ്രത്യേക ട്രെയിനിലാണ് ഞങ്ങൾ കിഴക്കൻ സ്ലൊവാക്യയിൽനിന്നു സഞ്ചരിച്ചത്. ഞങ്ങളുടെ ട്രെയിനുകളെ പാടുന്ന ട്രെയിനുകൾ എന്നു വിളിക്കാൻ കഴിയുമായിരുന്നെന്നു തോന്നുന്നു. കാരണം, യാത്രയിലുടനീളം ഞങ്ങൾ രാജ്യഗീതം പാടിയിരുന്നു.—പ്രവൃത്തികൾ 16:25.
1947-ൽ ബർണോയിൽ നടന്ന കൺവെൻഷൻ ഞാൻ പ്രത്യേകം ഓർക്കുന്നു. സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്ന് നേഥൻ എച്ച്. നോർ സഹോദരൻ ഉൾപ്പെടെ മൂന്നു ക്രിസ്‌തീയ മേൽവിചാരകന്മാർ അവിടെ സന്നിഹിതരായിരുന്നു. പരസ്യപ്രസംഗം പ്രസിദ്ധപ്പെടുത്താനായി അതിന്റെ വിഷയം രേഖപ്പെടുത്തിയ പ്ലാക്കാർഡുകളുമായി ഞങ്ങളിൽ അനേകരും നഗരത്തിലൂടെ നടന്നു. അപ്പോൾ,
ഒമ്പതു വയസ്സു മാത്രമുണ്ടായിരുന്ന ഞങ്ങളുടെ മകൻ എഡ്വാർട്ടിനു സങ്കടമായി, കാരണം അവനു പ്ലാക്കാർഡ് ഉണ്ടായിരുന്നില്ല. ഉടൻതന്നെ സഹോദരന്മാർ, അവനും മറ്റു നിരവധി കുട്ടികൾക്കും വേണ്ടി ചെറിയ പ്ലാക്കാർഡുകൾ ഉണ്ടാക്കി. പ്രസംഗം പരസ്യപ്പെടുത്തുന്നതിൽ ആ കൊച്ചുകുട്ടികൾ വലിയ ഒരു പങ്കു വഹിച്ചു!1948 ഫെബ്രുവരിയിൽ കമ്മ്യൂണിസ്റ്റുകൾ ഭരണം കൈക്കലാക്കി. ഏതുസമയത്തും ഗവൺമെന്റ് ഞങ്ങളുടെ വേലയ്‌ക്കു നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്നു ഞങ്ങൾക്കു മനസ്സിലായി. 1948 സെപ്‌റ്റംബറിൽ പ്രാഗിൽ നടന്ന കൺവെൻഷൻ തികച്ചും വികാരനിർഭരമായിരുന്നു. സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിച്ച് വെറും മൂന്നു വർഷത്തിനുശേഷം ഇപ്പോൾ വീണ്ടും ഞങ്ങളുടെ കൂടിവരവുകളെ നിരോധിക്കാനുള്ള സാധ്യത ഞങ്ങൾ മുൻകൂട്ടി കണ്ടു. കൺവെൻഷന്റെ ഒടുവിൽ ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. അതിന്റെ ഭാഗമാണു തുടർന്നു വരുന്നത്: “ഇവിടെ കൂടിവന്നിരിക്കുന്ന യഹോവയുടെ സാക്ഷികളായ നമ്മൾ . . . ഈ സന്തുഷ്ട സേവനം പൂർവാധികം വർധിപ്പിക്കാനും കർത്താവിന്റെ അനർഹദയയാൽ അനുകൂലകാലത്തും പ്രതികൂലകാലത്തും അതു തുടർന്നു ചെയ്യാനും ദൈവരാജ്യത്തിന്റെ സുവിശേഷം അത്യന്തം തീക്ഷ്‌ണതയോടെ പ്രസിദ്ധപ്പെടുത്താനും ദൃഢനിശ്ചയമുള്ളവരാണ്.”
“രാജ്യദ്രോഹികൾ”
പ്രാഗിലെ ആ കൺവെൻഷനു ശേഷം വെറും രണ്ടു മാസത്തിനകം രഹസ്യ പോലീസ് പ്രാഗിനടുത്തുള്ള ബെഥേൽ ഭവനം റെയ്‌ഡു ചെയ്‌തു. അവർ ബ്രാഞ്ച് ഓഫീസും കണ്ണിൽപ്പെട്ട മുഴുവൻ സാഹിത്യങ്ങളും കണ്ടുകെട്ടുകയും എല്ലാ ബെഥേൽ അംഗങ്ങളെയും മറ്റു ചില സഹോദരങ്ങളെയും അറസ്റ്റു ചെയ്യുകയും ചെയ്‌തു. എന്നാൽ കാര്യങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല.
1952 ഫെബ്രുവരി 3/4-നു രാത്രിയിൽ സുരക്ഷാ ഭടന്മാർ രാജ്യത്തുടനീളം മിന്നൽ പരിശോധന നടത്തുകയും നൂറിലധികം സാക്ഷികളെ അറസ്റ്റു ചെയ്യുകയും ചെയ്‌തു. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പുലർച്ചെ ഏകദേശം മൂന്നു മണിയായിക്കാണും, പോലീസ് എന്റെ വീട്ടിൽ വന്ന് ഞങ്ങളെ എല്ലാവരെയും വിളിച്ചുണർത്തി. എന്നോട് അവരോടൊപ്പം ചെല്ലാൻ പറഞ്ഞു. എന്നാൽ കാരണമൊന്നും വിശദീകരിച്ചില്ല. എന്നെ വിലങ്ങു വെക്കുകയും കണ്ണു മൂടിക്കെട്ടുകയും ചെയ്‌ത ശേഷം മറ്റനേകരോടൊപ്പം ഒരു ട്രക്കിലേക്കു തള്ളി. ഏകാന്ത തടവിലേക്കുള്ള എന്റെ യാത്ര ആയിരുന്നു അത്.
ഒരു മാസം മുഴുവൻ ആരും എന്നോടു സംസാരിച്ചില്ല. വാതിലിലുള്ള ദ്വാരത്തിലൂടെ അൽപ്പമായ ഭക്ഷണം തള്ളിവെച്ചിട്ടു കടന്നു പോകുന്ന ഗാർഡിനെ മാത്രമാണ് ഞാൻ കണ്ടിരുന്നത്. തുടർന്ന്, ആരംഭത്തിൽ സൂചിപ്പിച്ച വിസ്‌താരത്തിനായി എന്നെ കൊണ്ടുപോയി. ഒരു ചാരനെന്ന് എന്നെ മുദ്ര കുത്തിയ ശേഷം ചോദ്യം ചെയ്‌തുകൊണ്ടിരുന്ന വ്യക്തി ഇങ്ങനെ പറഞ്ഞു: “മതവിശ്വാസം വിവരദോഷമാണ്. ദൈവം എന്നൊരാളേ ഇല്ല! തൊഴിലാളി വർഗത്തെ കബളിപ്പിക്കാൻ നിന്നെ ഞങ്ങൾ അനുവദിക്കില്ല. ഒന്നുകിൽ നിന്നെ തൂക്കിക്കൊല്ലും, അല്ലെങ്കിൽ നീ ജീവിതം അഴിയെണ്ണി തീർക്കേണ്ടിവരും. ഇനി, നിന്റെ ദൈവംതന്നെ ഇവിടെ വന്നാൽ അവനെയും ഞങ്ങൾ വെച്ചേക്കില്ല!”
ഞങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനങ്ങളെ നിരോധിക്കുന്ന വ്യക്തമായ യാതൊരു നിയമവും ഇല്ലെന്ന് അധികാരികൾക്ക് അറിയാമായിരുന്നു. അതുകൊണ്ട്, നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു ശിക്ഷ നടപ്പാക്കാൻ കഴിയേണ്ടതിന് “രാജ്യദ്രോഹികൾ” എന്നും വിദേശ ചാരന്മാർ എന്നും മുദ്ര കുത്തിക്കൊണ്ട് ഞങ്ങളുടെ വേലയ്‌ക്കു മറ്റൊരു പരിവേഷം നൽകാൻ അവർ ശ്രമിച്ചു. അതിനായി അവർ, ഞങ്ങളുടെ ആത്മവീര്യം കെടുത്തുകയും ഞങ്ങളെക്കൊണ്ടു വ്യാജമായ കുറ്റാരോപണങ്ങൾ ശരിയാണെന്നു സമ്മതിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. രാത്രിയിലെ ചോദ്യം ചെയ്യലിനു ശേഷം എന്നെ ഉറങ്ങാൻ അനുവദിച്ചില്ല. ഏതാനും മണിക്കൂറുകൾക്കു ശേഷം വീണ്ടും വിസ്‌താരം ആരംഭിച്ചു. ഇപ്രാവശ്യം, പിൻവരുന്ന പ്രസ്‌താവനയിൽ ഒപ്പുവെക്കാൻ എന്നോട് ആവശ്യപ്പെട്ടു: “ജനാധിപത്യ രാഷ്‌ട്രമായ ചെക്കോസ്ലോവാക്യയുടെ ശത്രുവായ ഞാൻ അമേരിക്കക്കാർ വന്നെത്തുമെന്നുള്ള പ്രതീക്ഷയിൽ [ഗവൺമെന്റിന്റെ കൂട്ടുകൃഷി പദ്ധതിയോടു] സഹകരിക്കാൻ വിസമ്മതിച്ചു.” ഈ വ്യാജപ്രസ്‌താവനയിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചപ്പോൾ അവർ എന്നെ ശിക്ഷിക്കാനായി ഒരു പ്രത്യേക സെല്ലിലേക്ക് അയച്ചു.
അവിടെ അവർ, ഉറങ്ങാനോ കിടക്കാനോ ഇരിക്കാൻ പോലുമോ എന്നെ അനുവദിച്ചില്ല. എപ്പോഴും ഞാൻ നിൽക്കുകയോ നടക്കുകയോ ചെയ്യണമായിരുന്നു. ഒടുവിൽ വയ്യാതായപ്പോൾ ഞാൻ കോൺക്രീറ്റ് തറയിൽ കിടന്നു. അപ്പോൾ ഗാർഡുകൾ വീണ്ടും എന്നെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിലേക്കു കൊണ്ടുപോയി. “ഇപ്പോൾ ഒപ്പിടാൻ സമ്മതമാണോ?,” ഉദ്യോഗസ്ഥൻ ചോദിച്ചു. ഞാൻ വീണ്ടും വിസമ്മതിച്ചപ്പോൾ അദ്ദേഹം
എന്റെ മുഖത്ത് ഇടിച്ചു. രക്തം വാർന്നൊഴുകി. അപ്പോൾ ഗാർഡുകളോടായി അദ്ദേഹം ഇപ്രകാരം മുരണ്ടു: “ഇയാൾക്കു ചാകാനാണ് ആഗ്രഹം. എപ്പോഴും ഇയാളുടെമേൽ ഒരു കണ്ണുവേണം, അല്ലെങ്കിൽ ആത്മഹത്യ ചെയ്‌തുകളഞ്ഞേക്കും!” എന്നെ ഏകാന്ത തടവിലേക്കു തിരിച്ചയച്ചു. ഇത്തരത്തിലുള്ള ചോദ്യം ചെയ്യൽ ആറു മാസത്തേക്ക് പലപ്രാവശ്യം ആവർത്തിച്ചു. രാജ്യത്തിന്റെ പ്രത്യയശാസ്‌ത്രം സംബന്ധിച്ച് ബോധവത്‌കരണം നടത്തി മനംമാറ്റാനോ രാജ്യദ്രോഹ കുറ്റം സമ്മതിപ്പിക്കാനോ ഉള്ള ശ്രമങ്ങളൊന്നും യഹോവയോടു ദൃഢവിശ്വസ്‌തത പാലിക്കാനുള്ള എന്റെ തീരുമാനത്തിനു മങ്ങലേൽപ്പിച്ചില്ല.എന്നെ വിചാരണയ്‌ക്കു കൊണ്ടുപോകേണ്ടിയിരുന്ന സമയത്തിന് ഒരു മാസം മുമ്പ്, പ്രാഗിൽനിന്നു വന്ന ഒരു പ്രോസിക്യൂട്ടർ 12 സഹോദരന്മാർ അടങ്ങിയ ഞങ്ങളുടെ സംഘത്തിലെ ഓരോരുത്തരെയും ചോദ്യം ചെയ്‌തു. അദ്ദേഹം എന്നോടു ചോദിച്ചു: “പടിഞ്ഞാറൻ സാമ്രാജ്യവാദികൾ നമ്മുടെ രാജ്യം ആക്രമിച്ചാൽ താങ്കൾ എന്തു ചെയ്യും?” എന്റെ മറുപടി ഇതായിരുന്നു: “ഈ രാജ്യം ഹിറ്റ്‌ലറിനോടൊപ്പം യുഎസ്‌എസ്‌ആറിനെ ആക്രമിച്ചപ്പോൾ ഞാൻ എന്തു ചെയ്‌തുവോ അതുതന്നെ ചെയ്യും. അന്നു ഞാൻ യുദ്ധത്തിൽ പങ്കെടുത്തില്ല, ഒരു ക്രിസ്‌ത്യാനി എന്ന നിലയിൽ ഇക്കാര്യത്തിൽ നിഷ്‌പക്ഷത പാലിക്കുന്നതിനാൽ ഇന്നും ഞാൻ യുദ്ധം ചെയ്യില്ല.” അപ്പോൾ അദ്ദേഹം പറഞ്ഞു: “യഹോവയുടെ സാക്ഷികളെ ഇങ്ങനെ വിടാൻ പറ്റില്ല. പടിഞ്ഞാറൻ സാമ്രാജ്യവാദികൾ ആക്രമിക്കുന്നപക്ഷം അതിനെ നേരിടാൻ ഞങ്ങൾക്കു സൈനികരെ വേണം, പാശ്ചാത്യ നാടുകളിലുള്ള നമ്മുടെ തൊഴിലാളി വർഗത്തെ മോചിപ്പിക്കാനും സൈനികരുടെ ആവശ്യമുണ്ട്.”
1953 ജൂലൈ 24-ന് ഞങ്ങളെ കോടതി മുറിയിൽ ഹാജരാക്കി. ഞങ്ങൾ 12 പേരെയും ഓരോരുത്തരെയായി ജഡ്‌ജികളുടെ മുമ്പാകെ വിളിപ്പിച്ചു. വിശ്വാസത്തെക്കുറിച്ചു സാക്ഷ്യം നൽകാൻ ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തി. ഞങ്ങൾക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്കു മറുപടി നൽകിക്കഴിഞ്ഞപ്പോൾ, ഒരു അഭിഭാഷകൻ എഴുന്നേറ്റുനിന്ന് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഞാൻ ഈ കോടതി മുറിയിൽ എത്രയോ തവണ സന്നിഹിതനായിട്ടുണ്ട്. കുറ്റസമ്മതങ്ങളും പശ്ചാത്താപപ്രകടനങ്ങളും കരിച്ചിലുമൊക്കെയാണ് സാധാരണ ഇവിടെ കാണാറുള്ളത്. പക്ഷേ ഈ മനുഷ്യർ വന്നപ്പോഴത്തെതിനെക്കാൾ ശക്തരായിട്ടായിരിക്കും മടങ്ങിപ്പോകുന്നത്.” തുടർന്ന്, രാജ്യദ്രോഹപരമായ ഗൂഢാലോചന നടത്തി എന്ന പേരിൽ ഞങ്ങൾ 12 പേരെയും കുറ്റക്കാരായി വിധിച്ചു. എന്നെ മൂന്നു വർഷത്തെ തടവിനു വിധിക്കുകയും എന്റെ സ്വത്തുക്കളെല്ലാം സർക്കാർ കണ്ടുകെട്ടുകയും ചെയ്‌തു.
വാർധക്യത്തിലും തളരാതെ
വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഞാൻ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിൻകീഴിൽ ആയിരുന്നു. എന്നാൽ അതൊന്നും ഗണ്യമാക്കാതെ ഞാൻ എന്റെ ദിവ്യാധിപത്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഞങ്ങളുടെ സഭയുടെ ആത്മീയ മേൽവിചാരണ ചുമതലയും എനിക്കു ലഭിച്ചു. സർക്കാർ കണ്ടുകെട്ടിയ വീട്ടിൽത്തന്നെ താമസിക്കാൻ ഞങ്ങളെ അനുവദിച്ചെങ്കിലും, ഏതാണ്ട് 40 വർഷത്തിനു ശേഷം കമ്മ്യൂണിസം നിലംപൊത്തിയപ്പോഴായിരുന്നു അതു ഞങ്ങൾക്കു നിയമപരമായി തിരികെ ലഭിച്ചത്.
എന്റെ കുടുംബത്തിൽ തടവിലാക്കപ്പെട്ട അവസാനത്തെ വ്യക്തി ആയിരുന്നില്ല ഞാൻ. വീട്ടിലെത്തി വെറും മൂന്നു വർഷം ആയപ്പോഴേക്കും അവർ എഡ്വാർട്ടിനെ സൈന്യത്തിലേക്കു വിളിപ്പിച്ചു. തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി നിമിത്തം അവൻ പോകാൻ വിസമ്മതിക്കുകയും അതിന്റെ ഫലമായി തടവിലാക്കപ്പെടുകയും ചെയ്‌തു. വർഷങ്ങൾക്കു ശേഷം എന്റെ കൊച്ചുമകനായ പീറ്ററിനും—അവന്റെ ആരോഗ്യനില മോശമായിരുന്നിട്ടും—ഇതേ അനുഭവംതന്നെ ഉണ്ടായി.
1989-ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലംപതിച്ചു. നാലു ദശാബ്ദക്കാലത്തെ നിരോധനത്തിനു ശേഷം സ്വതന്ത്രമായി വീടുതോറും പ്രസംഗിക്കാൻ കഴിഞ്ഞപ്പോൾ ഞാൻ എത്ര സന്തോഷിച്ചെന്നോ! (പ്രവൃത്തികൾ 20:20) ആരോഗ്യം അനുവദിച്ചിടത്തോളം കാലം ഞാൻ ഇത്തരം സേവനത്തിൽ ഏർപ്പെട്ടു. ഇപ്പോൾ 98 വയസ്സുള്ള എനിക്ക് പഴയതുപോലെ ആരോഗ്യമില്ല. എന്നാൽ, യഹോവയുടെ മഹത്തായ ഭാവി വാഗ്‌ദാനങ്ങളെക്കുറിച്ച് ഇന്നും ആളുകളോടു സാക്ഷീകരിക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
അഞ്ചു രാജ്യങ്ങളുടെ വ്യത്യസ്‌തരായ 12 തലവന്മാർ എന്റെ ജന്മനാട് ഭരിച്ചതായി എനിക്ക് ഓർക്കാൻ കഴിയും. അതിൽ സ്വേച്ഛാധിപതികളും പ്രസിഡന്റുമാരും രാജാക്കന്മാരും ഉൾപ്പെടുന്നു. എന്നാൽ അവരുടെ ഭരണത്തിൻകീഴിലുള്ള മനുഷ്യർ അനുഭവിച്ചിരുന്ന തിന്മകൾക്കു ശാശ്വതമായ പരിഹാരം കാണാൻ അവർക്കാർക്കും കഴിഞ്ഞില്ല. (സങ്കീർത്തനം 146:3, 4) ചെറുപ്പത്തിൽത്തന്നെ യഹോവയെ അറിയാനുള്ള അവസരം എനിക്കു തന്നതിൽ ഞാൻ അവനോടു നന്ദി ഉള്ളവനാണ്. എല്ലാ കുഴപ്പങ്ങൾക്കുമുള്ള യഥാർഥ പരിഹാരം അവന്റെ മിശിഹൈക രാജ്യമാണെന്നു മനസ്സിലാക്കാനും ദൈവത്തെ കൂടാതെയുള്ള ഒരു വ്യർഥ ജീവിതം നയിക്കുന്നത് ഒഴിവാക്കാനും അതുവഴി എനിക്കു സാധിച്ചു. ഏറ്റവും നല്ല വാർത്തയായ രാജ്യസന്ദേശം 75-ലധികം വർഷം ഞാൻ സജീവമായി പ്രസംഗിച്ചു. അത് ജീവിതത്തിന് ഒരു ഉദ്ദേശ്യവും ആഴമായ സംതൃപ്‌തിയും ഭൂമിയിലെ നിത്യജീവന്റെ ശോഭനമായ പ്രത്യാശയും എനിക്കു പ്രദാനംചെയ്‌തു. മറ്റെന്താണ് എനിക്കു വേണ്ടത്? *
[അടിക്കുറിപ്പുകൾ]
^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, എന്നാൽ ഇപ്പോൾ അച്ചടിക്കുന്നില്ല.
^ ഖ. 38 സങ്കടകരമെന്നു പറയട്ടെ, മിഹാൽ ഷോബ്രാക് സഹോദരന്റെ ആരോഗ്യം ക്ഷയിക്കുകയും ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത് അദ്ദേഹം മരണമടയുകയും ചെയ്‌തു. പുനരുത്ഥാന പ്രത്യാശയിലുള്ള ശക്തമായ വിശ്വാസത്തോടെ അദ്ദേഹം മരണംവരെ യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു.
[26-ാം പേജിലെ ചിത്രം]
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ
[26-ാം പേജിലെ ചിത്രം]
എഡ്വാർട്ടിനോടൊപ്പം 1940-കളുടെ പ്രാരംഭകാലത്ത്
[27-ാം പേജിലെ ചിത്രം]
1947-ൽ ബർണോയിലെ കൺവെൻഷൻ പരസ്യപ്പെടുത്തുന്നു