വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ താഴ്‌മ നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു?

യഹോവയുടെ താഴ്‌മ നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു?

യഹോവയുടെ താഴ്‌മ നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു?

ദുരന്തങ്ങൾ പലതും അനുഭവിക്കേണ്ടിവന്ന ഒരു വ്യക്തി ആയിരുന്നു ദാവീദ്‌. ഭാര്യാപിതാവായ ശൗൽ രാജാവിന്റെ അസൂയ നിറഞ്ഞ ദുഷ്‌ചെയ്‌തികൾ അവന്റെ ജീവിതം ദുസ്സഹമാക്കി. ഒരു കുന്തത്തിന്റെ മുനയിൽ ദാവീദിന്റെ ജീവൻ ഒടുക്കാൻ ശൗൽ മൂന്നു വട്ടം ശ്രമിച്ചു. കൊലവിളിയുമായി അവൻ നിരന്തരം തന്നെ വേട്ടയാടിയതിനാൽ വർഷങ്ങളോളം ദാവീദിന്‌ ഒരു അഭയാർഥിയായി കഴിയേണ്ടിവന്നു. (1 ശമൂവേൽ 18:⁠11; 19:⁠10; 26:⁠20) എന്നാൽ, അപ്പോഴെല്ലാം യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു. അവനെ ശൗലിൽനിന്നു മാത്രമല്ല മറ്റെല്ലാ ശത്രുക്കളിൽനിന്നും യഹോവ കാത്തുരക്ഷിച്ചു. അതുകൊണ്ട്‌ ദാവീദ്‌ പിൻവരുന്ന പ്രകാരം പാടിയത്‌ എന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ: “യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത [“താഴ്‌മ,” NW] എന്നെ വലിയവനാക്കിയിരിക്കുന്നു.” (2 ശമൂവേൽ 22:⁠2, 36) പിൽക്കാലത്ത്‌ ദാവീദ്‌ ഇസ്രായേലിൽ വലിയവനായിത്തീർന്നു. എന്നാൽ, ഇക്കാര്യത്തിൽ യഹോവയുടെ താഴ്‌മ ഉൾപ്പെട്ടിരുന്നത്‌ എങ്ങനെയാണ്‌?

യഹോവ താഴ്‌മയുള്ളവനാണെന്നു തിരുവെഴുത്തുകൾ പറയുമ്പോൾ, അവന്‌ ഏതെങ്കിലും വിധത്തിലുള്ള പരിമിതി ഉണ്ടെന്നോ അവൻ മറ്റുള്ളവർക്കു കീഴ്‌പെട്ടിരിക്കുന്നു എന്നോ അത്‌ അർഥമാക്കുന്നില്ല. മറിച്ച്‌ ഈ അഭികാമ്യ ഗുണം, തന്റെ പ്രീതി സമ്പാദിക്കാൻ ആത്മാർഥമായി പരിശ്രമിക്കുന്ന മനുഷ്യരോട്‌ അവൻ ആഴമായ അനുകമ്പയും കരുണയും പ്രകടിപ്പിക്കുന്നു എന്നു സൂചിപ്പിക്കുന്നു. സങ്കീർത്തനം 113:⁠6, 7-ൽ നാം ഇപ്രകാരം വായിക്കുന്നു: “ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ [യഹോവ] കുനിഞ്ഞുനോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്‌പിക്കയും” ചെയ്യുന്നു. അങ്ങനെ, അപൂർണനെങ്കിലും ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ച താഴ്‌മയുള്ള മനുഷ്യനായ ദാവീദിനെ കടാക്ഷിക്കാൻ യഹോവ സ്വർഗത്തിൽനിന്നു ‘കുനിഞ്ഞുനോക്കി’ അഥവാ അവൻ സ്വയം താഴ്‌ത്തി. അതുകൊണ്ട്‌ ദാവീദ്‌ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “യഹോവ ഉന്നതനെങ്കിലും താഴ്‌മയുള്ളവനെ കടാക്ഷിക്കുന്നു.” (സങ്കീർത്തനം 138:⁠6) യഹോവ ദാവീദിനോടു പ്രകടമാക്കിയ കരുണയും ക്ഷമയും അനുകമ്പയും ദൈവേഷ്ടം ചെയ്യാൻ ശ്രമിക്കുന്ന സകലർക്കും പ്രോത്സാഹനമേകേണ്ടതാണ്‌.

അഖിലാണ്ഡ പരമാധികാരിയായ യഹോവ ഏറ്റവും ഉന്നതമായ ഒരു സ്ഥാനത്താണെങ്കിലും, നാം ഓരോരുത്തരോടും ഇടപെടാൻ അവൻ മനസ്സൊരുക്കം കാട്ടുന്നു. അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളെ നേരിടുമ്പോൾപോലും അവൻ നിശ്ചയമായും നമ്മെ സഹായിക്കും എന്ന്‌ ഇതു നമുക്ക്‌ ഉറപ്പു നൽകുന്നു. അവൻ നമ്മെ മറന്നുകളയുമോ എന്നു ഭയപ്പെടേണ്ട ആവശ്യമേ ഇല്ല. യഹോവയുടെ പുരാതന ജനമായ ഇസ്രായേലിനോട്‌ അവൻ ഇടപെട്ട വിധത്തോടുള്ള ബന്ധത്തിൽ ഇപ്രകാരം ഘോഷിച്ചിരിക്കുന്നതിൽ അത്ഭുതമില്ല: “നമ്മുടെ താഴ്‌ചയിൽ നമ്മെ ഓർത്തവന്നു— അവന്റെ ദയ എന്നേക്കുമുള്ളത്‌.”​—⁠സങ്കീർത്തനം 136:⁠23.

യഹോവയുടെ ഇന്നത്തെ ദാസന്മാരായ നമുക്കും ദാവീദിനെപ്പോലെ ദുരന്തങ്ങൾ നേരിട്ടേക്കാം. സത്യദൈവത്തെ അറിഞ്ഞിട്ടില്ലാത്തവർ നമ്മെ പരിഹസിച്ചേക്കാം. അല്ലെങ്കിൽ നാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ പ്രിയപ്പെട്ടവർ മരണമടഞ്ഞതിന്റെ ദുഃഖമോ അനുഭവിക്കുകയായിരിക്കാം. സാഹചര്യം എന്തുതന്നെ ആയിരുന്നാലും ശരി, നമുക്ക്‌ ഒരു പരമാർഥ ഹൃദയം ഉള്ളിടത്തോളം യഹോവയുടെ കരുണയ്‌ക്കായി യാചിച്ചുകൊണ്ട്‌ പ്രാർഥനയിൽ അവനെ സമീപിക്കാൻ കഴിയും. നമ്മെ കടാക്ഷിക്കാനും നമ്മുടെ പ്രാർഥന കേൾക്കാനുമായി യഹോവ ‘കുനിഞ്ഞുനോക്കും.’ സങ്കീർത്തനക്കാരൻ നിശ്വസ്‌തതയിൽ എഴുതി: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.” (സങ്കീർത്തനം 34:⁠15) യഹോവയുടെ ഈ പ്രിയങ്കര ഗുണമായ താഴ്‌മയെ കുറിച്ചു ചിന്തിക്കുന്നതു നിങ്ങളുടെ ഹൃദയത്തിനു കുളിർമ പകരുന്നില്ലേ?

[30-ാം പേജിലെ ചിത്രങ്ങൾ]

യഹോവ ദാവീദിന്റെ പ്രാർഥന കേട്ടു, ഇന്നു നമ്മുടെ പ്രാർഥനകൾ കേൾക്കാനും അവൻ മനസ്സുകാട്ടുന്നു