വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

“മരിക്കാൻ എനിക്കു പേടിയില്ല,” ജപ്പാനിലുള്ള പ്രായമായ ഒരു സ്‌ത്രീ പറഞ്ഞു. “പക്ഷേ ഈ പൂക്കളെ പിരിയേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം.” ആ സ്‌ത്രീയെ സന്ദർശിക്കുകയായിരുന്ന ക്രിസ്‌തീയ ശുശ്രൂഷകയ്‌ക്ക്‌ അവർക്ക്‌ അങ്ങനെ തോന്നിയതിന്റെ കാരണം മനസ്സിലാക്കാൻ കഴിഞ്ഞു, കാരണം വളരെ മനോഹരമായ ഒരു പൂന്തോട്ടമായിരുന്നു അവരുടേത്‌. മരിക്കാൻ തങ്ങൾക്കു ഭയമില്ല എന്നു പറയുന്ന പലരുംതന്നെ വാസ്‌തവത്തിൽ സൃഷ്ടിയിലെ അത്ഭുതങ്ങൾ ആസ്വദിക്കുന്നവരും എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്‌.

എന്നേക്കും ജീവിക്കുകയോ? പല ആളുകളും അത്തരമൊരു ചിന്ത തള്ളിക്കളയും. എന്നേക്കും ജീവിക്കുന്നതിൽ താത്‌പര്യമില്ല എന്നുപോലും ചിലർ പറഞ്ഞേക്കാം. എന്നാൽ അവർക്ക്‌ അങ്ങനെ തോന്നാനുള്ള കാരണം എന്തായിരിക്കും?

നിത്യജീവൻ വിരസമായിരിക്കുമോ?

എന്നേക്കുമുള്ള ജീവിതം വിരസമായിരിക്കുമെന്നു ചിലർ വിചാരിക്കുന്നു. ജോലിയിൽനിന്നു വിരമിച്ച്‌ ഏറെയൊന്നും ചെയ്യാനില്ലാതെ, ടെലിവിഷൻ കണ്ടു നേരംപോക്കുന്ന ആളുകളുടെ വിരസമായ ജീവിതം അവർ ചൂണ്ടിക്കാട്ടിയേക്കാം. നിങ്ങൾക്ക്‌ അങ്ങനെയാണു തോന്നുന്നതെങ്കിൽ, നിത്യമായ ജീവിതം ഒരു അനുഗ്രഹമോ ശാപമോ എന്ന ചോദ്യത്തിനുള്ള ജ്യോതിശ്ശാസ്‌ത്രജ്ഞനായ റോബർട്ട്‌ ജാസ്‌ട്രോയുടെ മറുപടി ശ്രദ്ധിക്കുക: “ജിജ്ഞാസാഭരിതമായ ഒരു മനസ്സും പഠിക്കാനുള്ള അടങ്ങാത്ത ദാഹവും ഉള്ളവർക്ക്‌ അത്‌ ഒരു അനുഗ്രഹം ആയിരിക്കും. വിജ്ഞാനം നേടിയെടുക്കുന്നതിന്‌ തങ്ങൾക്ക്‌ അനന്ത കാലം ഉണ്ടല്ലോ എന്ന ചിന്ത അവർക്ക്‌ ആശ്വാസം പകരും. എന്നാൽ തങ്ങൾക്ക്‌ ഇനി ഒന്നും പഠിക്കാനില്ല എന്നു വിചാരിക്കുകയും മനസ്സിന്റെ വാതായനങ്ങൾ അടച്ചിടുകയും ചെയ്യുന്നവർക്ക്‌ നിത്യജീവൻ ഒരു കടുത്തശാപം ആയിരിക്കും. അങ്ങനെയുള്ളവർ എങ്ങനെ സമയം പോക്കുമെന്നറിയാതെ നന്നേ വിഷമിക്കും.”

നിത്യജീവൻ വിരസമായ ഒന്നായിരിക്കുമോ അല്ലയോ എന്നത്‌ ഏറെയും നിങ്ങളുടെ മനോഭാവത്തെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. “ജിജ്ഞാസാഭരിതമായ ഒരു മനസ്സും പഠിക്കാനുള്ള അടങ്ങാത്ത ദാഹവും” ഉണ്ടെങ്കിൽ ചിത്രകല, സംഗീതം, ശിൽപ്പവിദ്യ, ചെടിവളർത്തൽ എന്നീ രംഗങ്ങളിലും താത്‌പര്യമുള്ള മൂല്യവത്തായ മറ്റു മേഖലകളിലും നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും എന്നു ചിന്തിക്കുക. വ്യത്യസ്‌ത മേഖലകളിലെ നിങ്ങളുടെ പ്രാപ്‌തികൾ വികസിപ്പിക്കുന്നതിനുള്ള അത്ഭുതകരമായ അവസരം ഭൂമിയിലെ നിത്യജീവൻ നിങ്ങൾക്കു തുറന്നു തരും.

സ്‌നേഹം പ്രകടിപ്പിക്കാനും അത്‌ ആസ്വദിക്കാനും എന്നേക്കും കഴിയും എന്നതു നിത്യജീവനെ തീർച്ചയായും സംതൃപ്‌തിദായകമാക്കും. നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌ സ്‌നേഹം പ്രകടിപ്പിക്കാനുള്ള പ്രാപ്‌തിയോടെയാണ്‌, സ്‌നേഹം ലഭിക്കുമ്പോൾ നാം പുഷ്ടി പ്രാപിക്കുന്നു. യഥാർഥ സ്‌നേഹം പങ്കുവെക്കുമ്പോൾ ലഭിക്കുന്ന ആഴമായ സംതൃപ്‌തി കാലത്തിനു മായ്‌ക്കാൻ കഴിയുന്ന ഒന്നല്ല. സഹമനുഷ്യരുമായി മാത്രമല്ല, ഏറെ പ്രധാനമായി ദൈവവുമായും ഉള്ള സ്‌നേഹത്തിൽ വളരാനുള്ള അനന്തമായ അവസരം എന്നേക്കുമുള്ള ജീവിതം പ്രദാനം ചെയ്യും. അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “ഒരുത്തൻ ദൈവത്തെ സ്‌നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.” (1 കൊരിന്ത്യർ 8:⁠3) നിങ്ങൾ അഖിലാണ്ഡത്തിന്റെ പരമാധികാരിയെ അറിയുന്നു, അവൻ നിങ്ങളെ അറിയുന്നു​—⁠എത്ര അത്ഭുതകരമായ പദവിയായിരിക്കും അത്‌! മാത്രമല്ല, നമ്മുടെ സ്‌നേഹനിധിയായ സ്രഷ്ടാവിനെക്കുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്ന ഒരു കാര്യമല്ല. അപ്പോൾപ്പിന്നെ നിത്യജീവൻ വിരസമോ സന്തോഷരഹിതമോ ആകുന്നത്‌ എങ്ങനെ?

ജീവിതത്തെ മൂല്യവത്താക്കുന്നത്‌ അതിന്റെ ക്ഷണികതയോ?

ജീവിതത്തിന്റെ ക്ഷണികതയാണ്‌ അതിനെ അത്യന്തം മൂല്യവത്താക്കിത്തീർക്കുന്നതെന്ന്‌ ചിലർക്കു തോന്നുന്നു. പരിമിതമായ അളവിൽമാത്രം പ്രകൃതിയിൽ കാണപ്പെടുന്ന സ്വർണത്തോടാണ്‌ അവർ ജീവനെ താരതമ്യപ്പെടുത്തുന്നത്‌. സ്വർണം പ്രകൃതിയിൽ പരക്കെ ലഭ്യമായാൽ അതിന്റെ മൂല്യം കുറഞ്ഞുപോകുമെന്ന്‌ അവർ വാദിക്കുന്നു. എന്നാൽ അപ്പോഴും സ്വർണം മനോഹരമായിരിക്കും, അല്ലേ? ജീവിതത്തെ സംബന്ധിച്ചും അതു സത്യമാണ്‌.

നിത്യജീവൻ ആസ്വദിക്കുന്നതിനെ ഇഷ്ടംപോലെ വായു ലഭ്യമായിരിക്കുന്ന അവസ്ഥയോടു നമുക്കു താരതമ്യപ്പെടുത്താൻ കഴിയും. സമുദ്രത്തിന്റെ അടിത്തട്ടിൽ അകപ്പെട്ടുപോയ ഒരു അന്തർവാഹിനിയിലെ നാവികരെ സംബന്ധിച്ചിടത്തോളം വായു തീർച്ചയായും അമൂല്യമായ ഒന്നാണ്‌. എന്നാൽ അവിടെനിന്നു രക്ഷപ്പെട്ടു കഴിഞ്ഞ്‌, വീണ്ടും ധാരാളമായി വായു ലഭിക്കുമ്പോൾ അവർ വിലമതിപ്പില്ലാതെ അതിനെക്കുറിച്ചു പരാതിപ്പെടുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഒരിക്കലുമില്ല.

ആ നാവികരെപ്പോലെ, നമുക്കും മരണത്തിൽനിന്നു രക്ഷപ്പെടാൻ കഴിയും, ഏതാനും വർഷത്തേക്കുകൂടെ മാത്രമല്ല നിത്യമായി ജീവിക്കാനുള്ള മഹത്തായ പ്രത്യാശയോടെ. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:⁠23) യേശുവിന്റെ മറുവിലയാഗത്തിലൂടെ, ദൈവം മനുഷ്യരുടെ അപൂർണതയും മരണവും നീക്കുകയും അനുസരണമുള്ള മനുഷ്യവർഗത്തിനു നിത്യജീവൻ സമ്മാനിക്കുകയും ചെയ്യും. സ്‌നേഹപൂർണമായ അത്തരമൊരു ക്രമീകരണത്തിനു നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം!

നിങ്ങളുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ചെന്ത്‌?

ചില വ്യക്തികൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ പ്രിയപ്പെട്ടവരെ സംബന്ധിച്ചെന്ത്‌? അവർ എന്നോടൊപ്പം ഇല്ലെങ്കിൽ നിത്യജീവൻ ലഭിക്കുന്നതിൽ വലിയ അർഥമൊന്നുമില്ല.’ ഒരുപക്ഷേ, നിങ്ങൾ ബൈബിൾ പരിജ്ഞാനം നേടുകയും ഭൗമിക പറുദീസയിലെ നിത്യജീവന്റെ സാധ്യതയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്‌തിരിക്കാം. (ലൂക്കൊസ്‌ 23:⁠43; യോഹന്നാൻ 3:⁠16; 17:⁠3) സ്വാഭാവികമായും നിങ്ങളുടെ കുടുംബാംഗങ്ങൾ, മറ്റു പ്രിയപ്പെട്ടവർ, ഉറ്റ സുഹൃത്തുക്കൾ എന്നിവരെല്ലാം പറുദീസയിൽ ഉണ്ടായിരിക്കാനും ദൈവത്തിന്റെ നീതി വസിക്കുന്ന പുതിയ ലോകത്തിൽ ആസ്വദിക്കാൻ കഴിയുമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്ന സന്തോഷം അവരും ആസ്വദിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു.​—⁠2 പത്രൊസ്‌ 3:⁠13.

എന്നാൽ നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിൽ താത്‌പര്യമൊന്നും കാണിക്കുന്നില്ലെങ്കിലോ? അതു നിങ്ങളെ നിരുത്സാഹപ്പെടുത്താൻ അനുവദിക്കരുത്‌. തിരുവെഴുത്തുകളുടെ സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിൽ തുടരുക. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “സ്‌ത്രീയേ, നീ ഭർത്താവിന്നു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?” (1 കൊരിന്ത്യർ 7:⁠16) ആളുകൾക്കു മാറ്റം വരാം. ഉദാഹരണത്തിന്‌, ക്രിസ്‌ത്യാനിത്വത്തെ എതിർത്തിരുന്ന ഒരു വ്യക്തിക്ക്‌ മാറ്റം വരികയും അദ്ദേഹം പിന്നീട്‌ ക്രിസ്‌തീയ സഭയിൽ ഒരു മൂപ്പൻ ആയിത്തീരുകയും ചെയ്‌തു. അദ്ദേഹം പറയുന്നു: “ഞാൻ എതിർത്തിരുന്ന കാലത്തെല്ലാം എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾ അവർ മനസ്സിലാക്കിയിരുന്ന ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്‌.”

നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവനിൽ ദൈവം വളരെയേറെ തത്‌പരനാണ്‌. വാസ്‌തവത്തിൽ ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [യഹോവ] ഇച്ഛിക്കുന്നു.’ (2 പത്രൊസ്‌ 3:⁠9) നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും എന്നേക്കും ജീവിച്ചിരിക്കണം എന്നാണ്‌ യഹോവയാം ദൈവം ആഗ്രഹിക്കുന്നത്‌. അവന്റെ സ്‌നേഹം അപൂർണ മനുഷ്യരുടേതിലും വലുതാണ്‌. (യെശയ്യാവു 49:⁠15) അങ്ങനെയെങ്കിൽ എന്തുകൊണ്ട്‌ ദൈവത്തോട്‌ അടുത്ത ഒരു ബന്ധം നട്ടുവളർത്തിക്കൂടാ? അപ്പോൾ, അതേവിധം ചെയ്യാൻ നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനും നിങ്ങൾക്കു കഴിഞ്ഞേക്കും. എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ അവർക്ക്‌ ഇപ്പോൾ ഇല്ലെങ്കിലും, ബൈബിളിന്റെ സൂക്ഷ്‌മ പരിജ്ഞാനത്തിനു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിക്കുന്നതു കാണുമ്പോൾ അവരുടെ മനോഭാവത്തിനു മാറ്റം വന്നേക്കാം.

മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ചെന്ത്‌? മരിച്ചുപോയിട്ടുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ബൈബിൾ പുനരുത്ഥാനത്തിന്റെ അത്ഭുതകരമായ പ്രത്യാശ വെച്ചുനീട്ടുന്നു, മരണത്തിൽനിന്ന്‌ ഉണർത്തപ്പെട്ട്‌ ഭൂമിയിലെ പറുദീസയിൽ ജീവിക്കാനുള്ള പ്രത്യാശതന്നെ. യേശുക്രിസ്‌തു ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “[സ്‌മാരക] കല്ലറകളിൽ ഉള്ളവർ എല്ലാവരും . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:⁠28, 29) ദൈവത്തെക്കുറിച്ച്‌ അറിയാതെ മരിച്ചുപോയ ആളുകൾപോലും ജീവനിലേക്കു മടങ്ങിവരും. എന്തുകൊണ്ടെന്നാൽ ബൈബിൾ പറയുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:⁠15) അവരെ തിരികെ ജീവനിലേക്കു സ്വാഗതം ചെയ്യുന്നത്‌ എത്ര ആനന്ദകരമായിരിക്കും!

നിത്യജീവൻ​—⁠ഒരു സന്തുഷ്ട പ്രത്യാശ

ഇന്നത്തെ പ്രശ്‌നകലുഷിതമായ ലോകത്തിൽ സന്തുഷ്ടിയും സംതൃപ്‌തിയും കണ്ടെത്താൻ നിങ്ങൾക്കു കഴിയുമെങ്കിൽ തീർച്ചയായും പറുദീസാ ഭൂമിയിലെ നിത്യജീവൻ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയും. നിത്യജീവൻ കൈവരുത്തുന്ന അനുഗ്രഹങ്ങൾ യഹോവയുടെ സാക്ഷികളിലൊരാൾ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “എനിക്ക്‌ എന്നേക്കും ജീവിക്കാൻ ആഗ്രഹമില്ല. എന്നെ സംബന്ധിച്ചിടത്തോളം 70-ഓ 80-ഓ വർഷത്തെ ഈ ജീവിതംതന്നെ ധാരാളം.” അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ക്രിസ്‌തീയ മൂപ്പൻ അവരോടു ചോദിച്ചു: “നിങ്ങൾ മരിച്ചുപോയാൽ നിങ്ങളുടെ മക്കളെ അത്‌ എങ്ങനെ ബാധിക്കും എന്ന്‌ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” തന്റെ മരണത്തിങ്കൽ മക്കൾക്കുണ്ടാകുന്ന ദുഃഖത്തെക്കുറിച്ച്‌ ഓർത്തപ്പോൾ അവളുടെ കവിളുകളിലൂടെ കണ്ണീർച്ചാലുകൾ ഒഴുകി. “ഞാൻ എത്രമാത്രം സ്വാർഥയായിരുന്നു എന്ന്‌ അപ്പോഴാണ്‌ ഞാൻ മനസ്സിലാക്കിയത്‌,” അവർ സമ്മതിക്കുന്നു. “നിത്യജീവൻ സ്വാർഥമായ ഒരു പ്രതീക്ഷയല്ലെന്നും മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു.”

തങ്ങൾ ജീവിച്ചാലും മരിച്ചാലും ആരെയും അതു ബാധിക്കുന്നില്ലെന്ന്‌ ചിലർ വിചാരിച്ചേക്കാം. എന്നിരുന്നാലും ഒരു കാര്യം ഓർക്കുക, നമ്മുടെ ജീവദാതാവ്‌ നിങ്ങളുടെ ജീവനിൽ വളരെ തത്‌പരനാണ്‌. അവൻ പറയുന്നു: ‘എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളത്‌.’ (യെഹെസ്‌കേൽ 33:⁠11) ദുഷ്ടന്മാരുടെ ജീവൻ സംബന്ധിച്ചുപോലും ദൈവത്തിന്‌ അത്രമാത്രം താത്‌പര്യമുള്ള സ്ഥിതിക്ക്‌ തന്നെ സ്‌നേഹിക്കുന്നവർക്കുവേണ്ടി അവൻ തീർച്ചയായും വളരെയധികം കരുതുന്നുണ്ട്‌.

പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദിന്‌ യഹോവയുടെ സ്‌നേഹപൂർവകമായ കരുതൽ സംബന്ധിച്ച്‌ ഉറപ്പുണ്ടായിരുന്നു. അവൻ ഒരിക്കൽ പറഞ്ഞു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:⁠10) മാതാപിതാക്കൾക്ക്‌ തന്നോടുള്ള സ്‌നേഹം സംബന്ധിച്ച്‌ ദാവീദിന്‌ ഉറപ്പുണ്ടായിരുന്നിരിക്കണം. എന്നാൽ മാതാപിതാക്കൾ ഉപേക്ഷിച്ചാൽപ്പോലും ദൈവം തന്നെ ഉപേക്ഷിക്കുകയില്ല എന്ന്‌ അവന്‌ അറിയാമായിരുന്നു. യഹോവ, തന്റെ സ്‌നേഹവും കരുതലും നിമിത്തം നമുക്കു നിത്യജീവനും അവനുമായുള്ള നിലയ്‌ക്കാത്ത സൗഹൃദവും വാഗ്‌ദാനം ചെയ്യുന്നു. (യാക്കോബ്‌ 2:⁠23) നാം ഈ അത്ഭുതകരമായ സമ്മാനങ്ങൾ നന്ദിപൂർവം സ്വീകരിക്കേണ്ടതല്ലേ?

[7-ാം പേജിലെ ചിത്രം]

ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം എന്നേക്കുമുള്ള ജീവിതം മൂല്യവത്താക്കിത്തീർക്കും