വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നീതിമാന്റെ കൂടാരം തഴയ്‌ക്കും’

‘നീതിമാന്റെ കൂടാരം തഴയ്‌ക്കും’

‘നീതിമാന്റെ കൂടാരം തഴയ്‌ക്കും’

അർമഗെദോന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുകയും സാത്താന്റെ വ്യവസ്ഥിതിക്ക്‌ അന്ത്യം വരുത്തുകയും ചെയ്യുമ്പോൾ, “ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും.” “നീതിമാന്റെ കൂടാര”മോ? ദൈവം ആനയിക്കുന്ന പുതിയ ലോകത്തിൽ അതു “തഴെക്കും.”​—⁠സദൃശവാക്യങ്ങൾ 14:⁠11.

എന്നാൽ ‘ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടുകയും ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകുകയും’ ചെയ്യുന്ന സമയംവരെ നിഷ്‌കളങ്കർ അവരോടൊത്തു വസിച്ചേ തീരൂ. (സദൃശവാക്യങ്ങൾ 2:⁠21, 22) ഈ സാഹചര്യത്തിൽ നീതിമാന്മാർക്കു തഴയ്‌ക്കാൻ കഴിയുമോ? നമ്മുടെ സംസാരത്തെയും പ്രവൃത്തികളെയും നയിക്കാൻ ജ്ഞാനത്തെ അനുവദിക്കുകവഴി നമുക്ക്‌ ഇപ്പോൾപ്പോലും ഒരളവോളം സമൃദ്ധിയും ഭദ്രതയും ആസ്വദിക്കാൻ കഴിയുമെന്ന്‌ ബൈബിൾ പുസ്‌തകമായ സദൃശവാക്യങ്ങളുടെ 14-ാം അധ്യായത്തിന്റെ 1-11 വാക്യങ്ങൾ കാണിച്ചുതരുന്നു.

ജ്ഞാനം വീടുപണിയുമ്പോൾ

കുടുംബത്തിന്റെ ക്ഷേമത്തിൽ ഭാര്യയുടെ സ്വാധീനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട്‌, പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ പറയുന്നു: “സ്‌ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.” (സദൃശവാക്യങ്ങൾ 14:⁠1) ജ്ഞാനമുള്ള ഒരു സ്‌ത്രീ എങ്ങനെയാണ്‌ തന്റെ വീടു പണിയുന്നത്‌? ജ്ഞാനിയായ സ്‌ത്രീ ശിരഃസ്ഥാനം സംബന്ധിച്ച ദൈവത്തിന്റെ ക്രമീകരണത്തെ ആദരിക്കുന്നു. (1 കൊരിന്ത്യർ 11:⁠3) അവൾ, സാത്താന്റെ ലോകത്തിൽ വ്യാപരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മാവിനാൽ സ്വാധീനിക്കപ്പെടുന്നില്ല. (എഫെസ്യർ 2:⁠2) മറിച്ച്‌ അവൾ ഭർത്താവിനു കീഴടങ്ങിയിരിക്കുകയും മറ്റുള്ളവർക്ക്‌ അയാളോട്‌ ആദരവു വർധിപ്പിക്കുംവിധം അയാളെക്കുറിച്ചു നല്ലതു പറയുകയും ചെയ്യുന്നു. ജ്ഞാനിയായ സ്‌ത്രീ, മക്കളുടെ ആത്മീയവും പ്രായോഗികവുമായ വിദ്യാഭ്യാസത്തിൽ സജീവ താത്‌പര്യമെടുക്കുന്നു. കുടുംബത്തിന്റെ നന്മയ്‌ക്കായി അവൾ കഠിനമായി അധ്വാനിക്കുകയും ഭവനം സന്തുഷ്ടവും സുഖപ്രദവുമായ ഒരു ഇടം ആക്കിത്തീർക്കുകയും ചെയ്യുന്നു. വിവേകത്തോടും മിതവ്യയശീലത്തോടും കൂടെയാണ്‌ അവൾ ഗൃഹകാര്യങ്ങൾ നോക്കിനടത്തുന്നത്‌. യഥാർഥ ജ്ഞാനമുള്ള ഒരു സ്‌ത്രീ, കുടുംബത്തിന്റെ സമൃദ്ധിക്കും ഭദ്രതയ്‌ക്കും സംഭാവന ചെയ്യുന്നു.

ഭോഷത്തമുള്ള സ്‌ത്രീക്ക്‌ ശിരഃസ്ഥാനം സംബന്ധിച്ച ദൈവത്തിന്റെ ക്രമീകരണത്തോട്‌ ആദരവില്ല. ഭർത്താവിനെക്കുറിച്ചു മോശമായി സംസാരിക്കാൻ അവൾക്കു യാതൊരു മടിയുമില്ല. മിതവ്യയം ചെയ്യുന്നതിനു പകരം കുടുംബത്തിന്റെ അധ്വാനഫലം അവൾ ധൂർത്തടിക്കുന്നു. അവൾ വെറുതെ സമയം പാഴാക്കുന്നു. തത്‌ഫലമായി വീട്ടിൽ വൃത്തിയും വെടിപ്പുമില്ലെന്നു മാത്രമല്ല, കുട്ടികളെ അത്‌ ആത്മീയവും ഭൗതികവുമായി പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതേ, ഭോഷത്തമുള്ളവൾ തന്റെ ഭവനം പൊളിച്ചുകളയുന്നു.

എന്നാൽ ഒരു വ്യക്തി ജ്ഞാനിയാണോ അതോ, ഭോഷനാണോ എന്ന്‌ എങ്ങനെ നിശ്ചയിക്കും? സദൃശവാക്യങ്ങൾ 14:⁠2 പറയുന്നു: “നേരായി നടക്കുന്നവൻ യഹോവാഭക്തൻ [“യഹോവയെ ഭയപ്പെടുന്നു,” NW]; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.” നേരുള്ളവൻ സത്യദൈവത്തെ ഭയപ്പെടുന്നു. അതുതന്നെയാണ്‌ ജ്ഞാനത്തിന്റെ ആരംഭവും. ബൈബിൾ പറയുന്നു: “യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” (സങ്കീർത്തനം 111:⁠10) “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചു”കൊണ്ടിരിക്കുക എന്നത്‌ തന്റെ കടപ്പാട്‌ ആണെന്ന്‌ യഥാർഥ ജ്ഞാനമുള്ള ഒരു വ്യക്തിക്ക്‌ അറിയാം. (സഭാപ്രസംഗി 12:⁠13) മറിച്ച്‌, ഭോഷത്തമുള്ള ഒരുവൻ ദൈവത്തിന്റെ നേരായ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള ഒരു ജീവിതഗതി പിൻപറ്റുന്നില്ല. അവന്റെ പാതകൾ വക്രതയുള്ളതാണ്‌. അത്തരമൊരു വ്യക്തി, “ദൈവം ഇല്ല” എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞുകൊണ്ട്‌ അവനെ നിന്ദിക്കുന്നു.​—⁠സങ്കീർത്തനം 14:⁠1.

ജ്ഞാനം അധരത്തെ കാക്കുമ്പോൾ

യഹോവയെ ഭയപ്പെടുന്ന വ്യക്തിയുടെയും യഹോവയെ നിന്ദിക്കുന്ന വ്യക്തിയുടെയും സംസാരം സംബന്ധിച്ചെന്ത്‌? രാജാവ്‌ പറയുന്നു: “ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:⁠3) ഭോഷന്‌ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഇല്ലാത്തതുകൊണ്ട്‌ അവൻ സമാധാനം ഉണ്ടാക്കുന്നവനോ ന്യായയുക്തത ഉള്ളവനോ അല്ല. അവന്റെ ചുവടുകളെ നയിക്കുന്ന ജ്ഞാനം ഭൗമികവും പ്രാകൃതവും പൈശാചികവുമാണ്‌. കലഹപ്രിയവും തലക്കനവുമാണ്‌ അവന്റെ വാക്കുകളിൽ പ്രകടമാകുന്നത്‌. അഹങ്കാരത്തോടെയുള്ള അവന്റെ സംസാരം അവനുതന്നെയും മറ്റുള്ളവർക്കും വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.​—⁠യാക്കോബ്‌ 3:⁠13-18.

ജ്ഞാനിയുടെ അധരങ്ങൾ അവന്റെ ക്ഷേമത്തിനു സംഭാവന ചെയ്‌തുകൊണ്ട്‌ അവനെ കാത്തുകൊള്ളുന്നു. എങ്ങനെ? തിരുവെഴുത്ത്‌ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” (സദൃശവാക്യങ്ങൾ 12:⁠18) ജ്ഞാനിയുടെ വാക്കുകൾ ചിന്താശൂന്യമോ മുറിപ്പെടുത്തുന്നതോ ആയിരിക്കുകയില്ല. അയാൾ ആലോചിക്കാതെ ഉത്തരം പറയുകയുമില്ല. (സദൃശവാക്യങ്ങൾ 15:⁠28) നന്നായി ചിന്തിച്ച്‌ പറയുന്ന അയാളുടെ വാക്കുകൾ സൗഖ്യദായകമാണ്‌, അത്‌ വിഷാദചിത്തരെ പ്രോത്സാഹിപ്പിക്കുകയും പീഡിതരെ നവോന്മിഷിതരാക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതിനു പകരം ജ്ഞാനിയുടെ സംസാരം സമാധാനവും ശാന്തതയും ഉന്നമിപ്പിക്കുന്നു.

ജ്ഞാനം മാനുഷിക സംരംഭങ്ങളെ വഴിനയിക്കുമ്പോൾ

ഒരു സംരംഭത്തിൽ ഏർപ്പെടുമ്പോൾ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണെന്നു തോന്നുന്നു താത്‌പര്യജനകമായ അടുത്ത സദൃശവാക്യത്തിൽ ശലോമോൻ പറയുന്നത്‌. അതിങ്ങനെ വായിക്കുന്നു: “കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്‌.”​—⁠സദൃശവാക്യങ്ങൾ 14:⁠4.

ഈ സദൃശവാക്യത്തിന്റെ അർഥത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞുകൊണ്ട്‌ ഒരു പരാമർശകൃതി പ്രസ്‌താവിക്കുന്നു: “ശൂന്യമായ ഒരു തൊഴുത്ത്‌ സൂചിപ്പിക്കുന്നത്‌ അവിടെ തീറ്റിപ്പോറ്റാൻ കാളകൾ [കന്നുകാലികൾ] ഇല്ലെന്നാണ്‌. അതുകൊണ്ട്‌ അവിടം വൃത്തിയാക്കുകയോ മൃഗങ്ങളെ പരിപാലിക്കുകയോ ചെയ്യേണ്ടതില്ല. ചെലവ്‌ കുറവും ആയിരിക്കും. എന്നാൽ ഈ ‘നേട്ടത്തെ’ വിഫലമാക്കിക്കളയുന്ന ഒരു മറുവശം ഇതിനുണ്ടെന്ന്‌ 4-ാം വാക്യത്തിന്റെ രണ്ടാം ഭാഗം കാണിക്കുന്നു. കാളകളെ ഉപയോഗിച്ചില്ലെങ്കിൽ വിളവ്‌ മികച്ചതായിരിക്കില്ല എന്ന്‌ അവിടെ സൂചിപ്പിച്ചിരിക്കുന്നു.” കൃഷിക്കാരൻ ജ്ഞാനപൂർവം ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്‌.

പുതിയൊരു തൊഴിൽ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോഴും താമസസ്ഥലം തിരഞ്ഞെടുക്കുമ്പോഴും ഒരു വാഹനം വാങ്ങുമ്പോഴും ഒരു മൃഗത്തെ ഓമനിച്ചു വളർത്താൻ തീരുമാനിക്കുമ്പോഴുമൊക്കെ ഈ സദൃശവാക്യത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വം ബാധകമാകുന്നില്ലേ? ജ്ഞാനിയായ ഒരു വ്യക്തി നേട്ടങ്ങളും കോട്ടങ്ങളും തൂക്കിനോക്കുകയും ആവശ്യമായി വരുന്ന ചെലവിനും ശ്രമത്തിനും തക്ക മൂല്യമുള്ളതാണോ താൻ ചെയ്യാൻ പോകുന്ന സംഗതി എന്നു വിലയിരുത്തുകയും ചെയ്യും.

സാക്ഷി ജ്ഞാനിയായിരിക്കുമ്പോൾ

ശലോമോൻ തുടരുന്നു: “വിശ്വസ്‌തസാക്ഷി ഭോഷ്‌കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്‌കു നിശ്വസിക്കുന്നു.” (സദൃശവാക്യങ്ങൾ 14:⁠5) ഒരു കള്ളസാക്ഷിയുടെ നുണകൾക്ക്‌ തീർച്ചയായും വളരെയധികം ദ്രോഹം ചെയ്യാൻ കഴിയും. യിസ്രെയേല്യനായ നാബോത്തിനെ കല്ലെറിഞ്ഞു കൊന്നത്‌ നീചന്മാരായ രണ്ടുപേർ അവനെതിരെ കള്ളസാക്ഷി പറഞ്ഞതുകൊണ്ടാണ്‌. (1 രാജാക്കന്മാർ 21:⁠7-13) അതുപോലെ യേശുവിന്റെ മരണത്തിന്റെ പിന്നിലും കള്ളസാക്ഷികൾ ഉണ്ടായിരുന്നല്ലോ. (മത്തായി 26:⁠59-61) യേശുവിന്റെ ശിഷ്യന്മാരിൽ വിശ്വാസം നിമിത്തം കൊല്ലപ്പെട്ട ആദ്യത്തെ ആളായ സ്‌തെഫാനൊസിന്‌ എതിരെയും കള്ളസാക്ഷികൾ വ്യാജം പറഞ്ഞു.​—⁠പ്രവൃത്തികൾ 6:⁠10, 11.

വ്യാജം പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക്‌ കുറച്ചു കാലത്തേക്ക്‌ തനിനിറം മറച്ചുവെക്കാൻ കഴിഞ്ഞേക്കും. എന്നാൽ അയാളുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുക. “ഭോഷ്‌കു പറയുന്ന കള്ളസാക്ഷി” യഹോവയ്‌ക്കു വെറുപ്പാകുന്നു എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (സദൃശവാക്യങ്ങൾ 6:⁠16-19) അത്തരക്കാരുടെ ഓഹരി കൊലപാതകികൾ, ദുർന്നടപ്പുകാർ, ബിംബാരാധികൾ എന്നിവർക്കു ലഭിക്കുന്ന തീയും ഗന്ധകവും കത്തുന്ന പൊയ്‌ക അഥവാ രണ്ടാം മരണം ആയിരിക്കും.​—⁠വെളിപ്പാടു 21:⁠8.

വിശ്വസ്‌ത സാക്ഷി ന്യായവിസ്‌താരത്തിങ്കൽ നുണ പറയുകയില്ല. അയാൾ സത്യസന്ധമായ സാക്ഷ്യം നൽകും. എന്നിരുന്നാലും, യഹോവയുടെ ജനത്തെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്‌ മുഴുവൻ വിവരങ്ങളും നൽകാനുള്ള കടപ്പാടിൻകീഴിലാണ്‌ അയാൾ എന്ന്‌ അതിനർഥമില്ല. ഗോത്രപിതാക്കന്മാരായിരുന്ന അബ്രാഹാമും യിസ്‌ഹാക്കും യഹോവയെ ആരാധിക്കാത്ത ചിലർക്ക്‌ ചില കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. (ഉല്‌പത്തി 12:⁠10-19; 20:⁠1-18; 26:⁠1-10) യെരീഹോയിലെ രാഹാബ്‌, രാജാവിന്റെ ആളുകൾക്കു തെറ്റായ വിവരം നൽകി. (യോശുവ 2:⁠1-7) മുഴുവൻ വിവരങ്ങളും കൊടുക്കുന്നത്‌ അനാവശ്യ കുഴപ്പങ്ങൾക്കു വഴിതെളിക്കുമായിരുന്ന സാഹചര്യത്തിൽ യേശുക്രിസ്‌തുതന്നെ അങ്ങനെ ചെയ്യുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിന്നു. (യോഹന്നാൻ 7:⁠1-10) അവൻ ഇങ്ങനെ പറഞ്ഞു: “വിശുദ്ധമായതു നായ്‌ക്കൾക്കു കൊടുക്കരുത്‌.” എന്തുകൊണ്ട്‌? ‘അവ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയാൻ’ ഇടവരാതിരിക്കേണ്ടതിന്‌.​—⁠മത്തായി 7:⁠6.

“പരിജ്ഞാനം എളുപ്പ”മായിരിക്കുമ്പോൾ

എല്ലാ ആളുകൾക്കും നേടാൻ കഴിയുന്ന ഒന്നാണോ ജ്ഞാനം? സദൃശവാക്യങ്ങൾ 14:⁠6 പ്രസ്‌താവിക്കുന്നു: “പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ [“ഗ്രാഹ്യമുള്ളവനോ,” NW] പരിജ്ഞാനം എളുപ്പം.” പരിഹാസി ജ്ഞാനം അന്വേഷിച്ചേക്കാം, എന്നാൽ യഥാർഥ ജ്ഞാനം അവനു ലഭിക്കുകയില്ല. പരിഹാസി ധാർഷ്‌ട്യത്തോടെ ദൈവിക കാര്യങ്ങളെ പരിഹസിക്കുന്നതിനാൽ ജ്ഞാനസമ്പാദനത്തിന്‌ ആവശ്യമായ അടിസ്ഥാന സംഗതി നേടുന്നതിൽ അവൻ പരാജയപ്പെടുന്നു​—⁠സത്യദൈവത്തെക്കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം. അയാളുടെ അഹങ്കാരവും തലക്കനവും ദൈവത്തെക്കുറിച്ചു പഠിക്കുകയും ജ്ഞാനം സമ്പാദിക്കുകയും ചെയ്യുന്നതിൽനിന്ന്‌ അയാളെ തടയുന്നു. (സദൃശവാക്യങ്ങൾ 11:⁠2) ജ്ഞാനം ആർജിക്കാൻ അയാൾ മിനക്കെടുന്നതുതന്നെ എന്തിനാണ്‌? അതിനുള്ള ഉത്തരം സദൃശവാക്യങ്ങൾ നൽകുന്നില്ല. ഒരുപക്ഷേ, മറ്റുള്ളവരുടെ ദൃഷ്ടിയിൽ ജ്ഞാനിയായി കാണപ്പെടുന്നതിന്‌ ആയിരിക്കണം.

ഗ്രാഹ്യമുള്ള ഒരു വ്യക്തിക്ക്‌ “പരിജ്ഞാനം എളുപ്പ”മുള്ള കാര്യമാണ്‌. ധാരണാശക്തി, കാര്യഗ്രഹണശേഷി, “വിവിധ വിശദാംശങ്ങൾക്ക്‌ മുഴുസംഗതിയുമായുള്ള ബന്ധം വിവേചിക്കാനുള്ള കഴിവ്‌” എന്നൊക്കെയാണ്‌ ഗ്രാഹ്യം നിർവചിക്കപ്പെടുന്നത്‌. വിശദാംശങ്ങളെ വെവ്വേറെ കാണാതെ അവ തമ്മിലുള്ള പരസ്‌പരബന്ധം മനസ്സിലാക്കിക്കൊണ്ട്‌ പരിചിന്തിക്കപ്പെടുന്ന വിഷയത്തിന്റെ ആകമാന ചിത്രം ഉൾക്കൊള്ളാനുള്ള പ്രാപ്‌തിയാണ്‌ അത്‌. ഈ കഴിവുള്ള ഒരാൾക്കു പരിജ്ഞാനം നേടുക എളുപ്പമാണെന്നാണ്‌ ഈ സദൃശവാക്യം പറയുന്നത്‌.

ഇതിനോടുള്ള ബന്ധത്തിൽ, തിരുവെഴുത്തു സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടിയതു സംബന്ധിച്ച നിങ്ങളുടെ സ്വന്തം അനുഭവം പരിചിന്തിക്കുക. ദൈവത്തെ സംബന്ധിച്ച അടിസ്ഥാന പഠിപ്പിക്കലുകൾ, അവന്റെ വാഗ്‌ദാനങ്ങൾ, അവന്റെ പുത്രനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയായിരിക്കും മിക്കവാറും ബൈബിൾ പഠനത്തിന്റെ പ്രാരംഭത്തിൽ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ള സംഗതികൾ. തുടക്കത്തിൽ അവ കേവലം വ്യത്യസ്‌ത വിശദാംശങ്ങൾ മാത്രമായിരുന്നു. എന്നാൽ പഠനം തുടരവേ, ആ വ്യതിരിക്ത വിശദാംശങ്ങൾ തമ്മിലുള്ള ബന്ധവും മനുഷ്യനെയും ഭൂമിയെയും കുറിച്ചു മൊത്തത്തിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യവുമായി അവയെല്ലാം ബന്ധപ്പെട്ടിരിക്കുന്ന വിധവും നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിഞ്ഞു. ബൈബിൾ സത്യം യുക്ത്യാനുസൃതവും പരസ്‌പരബന്ധിതവും ആയിത്തീർന്നു. പുതിയ വിശദാംശങ്ങൾ ആകമാന ചിത്രത്തിൽ എവിടെയാണ്‌ ഇണങ്ങുന്നത്‌ എന്നു തിരിച്ചറിയാൻ തുടങ്ങിയതോടെ അവ മനസ്സിലാക്കാനും ഓർത്തിരിക്കാനും എളുപ്പമായിത്തീർന്നു.

പരിജ്ഞാനത്തിനായി എങ്ങോട്ടു തിരിയരുത്‌ എന്നതു സംബന്ധിച്ച്‌ ജ്ഞാനിയായ രാജാവ്‌ മുന്നറിയിപ്പു നൽകുന്നു: “മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.” (സദൃശവാക്യങ്ങൾ 14:⁠7) മൂഢനായ ഒരു വ്യക്തിക്ക്‌ യഥാർഥ പരിജ്ഞാനം ഇല്ല. അവന്റെ അധരങ്ങൾ പരിജ്ഞാനം പൊഴിക്കുന്നില്ല. ആ വ്യക്തിയിൽനിന്ന്‌ മാറിപ്പോകുക എന്നതാണ്‌ നമുക്കുള്ള ബുദ്ധിയുപദേശം. അത്തരക്കാരിൽനിന്ന്‌ അകന്നു നിൽക്കുന്നതാണു ജ്ഞാനം. “ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”​—⁠സദൃശവാക്യങ്ങൾ 13:⁠20.

ശലോമോൻ തുടരുന്നു: “വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.” (സദൃശവാക്യങ്ങൾ 14:⁠8) ജ്ഞാനിയായ ഒരു വ്യക്തി ചിന്തിച്ചു പ്രവർത്തിക്കുന്നു. അയാൾ തന്റെ മുമ്പിലുള്ള വ്യത്യസ്‌ത മാർഗങ്ങൾ പരിചിന്തിക്കുകയും ഓരോന്നിന്റെയും പരിണതഫലം ശ്രദ്ധാപൂർവം വിലയിരുത്തുകയും ചെയ്യുന്നു. അയാൾ ജ്ഞാനപൂർവം തന്റെ ഗതി തിരഞ്ഞെടുക്കുന്നു. ഭോഷനായ ഒരു വ്യക്തിയെ സംബന്ധിച്ചോ? അയാൾ ബുദ്ധിഹീനമായ ഒരു മാർഗം തിരഞ്ഞെടുക്കുന്നു. താൻ ചെയ്യുന്ന കാര്യത്തെക്കുറിച്ച്‌ തനിക്ക്‌ നല്ല നിശ്ചയമുണ്ടെന്നും ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ്‌ താൻ നടത്തിയിരിക്കുന്നതെന്നുമാണ്‌ അയാൾ വിശ്വസിക്കുന്നത്‌. അയാളുടെ ഭോഷത്തം അയാളെ ചതിക്കുന്നു.

ജ്ഞാനം ബന്ധങ്ങളെ നയിക്കുമ്പോൾ

ജ്ഞാനത്താൽ നയിക്കപ്പെടുന്ന ഒരുവന്‌ മറ്റുള്ളവരുമായി സമാധാനപരമായ ബന്ധങ്ങളാണ്‌ ഉള്ളത്‌. രാജാവ്‌ പറയുന്നു: “ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. [“ഭോഷന്മാർ പാപപരിഹാരത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു,” “ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം”] നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ട്‌.” (സദൃശവാക്യങ്ങൾ 14:⁠9) ഒരു ഭോഷനെ സംബന്ധിച്ചിടത്തോളം കുറ്റബോധം അല്ലെങ്കിൽ പശ്ചാത്താപം എന്നത്‌ ചിരിച്ചു തള്ളാനുള്ള ഒരു കാര്യം മാത്രമാണ്‌. ‘അഹങ്കാരം നിമിത്തം പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാകാത്തതിനാലും’ സമാധാനം അന്വേഷിക്കാത്തതിനാലും കുടുംബത്തിലും പുറത്തുമുള്ള അയാളുടെ ബന്ധങ്ങൾ നല്ല നിലയിലല്ല. (പുതിയ ഇംഗ്ലീഷ്‌ ബൈബിൾ) നേരുള്ളവൻ മറ്റുള്ളവരുടെ കുറവുകൾ സഹിഷ്‌ണുതയോടെ വീക്ഷിക്കാൻ മനസ്സൊരുക്കം കാണിക്കുന്നു. താൻ മറ്റുള്ളവരോടു തെറ്റു ചെയ്യുമ്പോൾ കുറ്റം ഏറ്റുപറയാനും മാറ്റംവരുത്താനും അയാൾ തയ്യാറാണ്‌. സമാധാനത്തിന്റെ ഗതി പിൻപറ്റുന്നതിനാൽ അയാൾ മറ്റുള്ളവരുമായി നിലനിൽക്കുന്ന സന്തോഷപ്രദമായ ബന്ധങ്ങൾ ആസ്വദിക്കുന്നു.​—⁠എബ്രായർ 12:⁠14.

മാനുഷിക ബന്ധങ്ങളുടെ ഒരു കുറവിലേക്കാണ്‌ ശലോമോൻ അടുത്തതായി വിരൽ ചൂണ്ടുന്നത്‌. അവൻ പറയുന്നു: “ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.” (സദൃശവാക്യങ്ങൾ 14:⁠10) നമ്മുടെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ​—⁠സന്തോഷമായാലും സന്താപമായാലും​—⁠എല്ലായ്‌പോഴും മറ്റുള്ളവരോടു പ്രകടിപ്പിക്കാനും നമ്മുടെ അനുഭവങ്ങൾ കൃത്യമായി അവരുമായി പങ്കുവെക്കാനും സാധിക്കുമോ? മറ്റൊരു വ്യക്തിയുടെ വികാരങ്ങൾ എല്ലായ്‌പോഴും പൂർണമായി മനസ്സിലാക്കാൻ സാധിക്കുമോ? ഇല്ല എന്നാണ്‌ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരം.

ഉദാഹരണത്തിന്‌, ആത്മഹത്യ സംബന്ധിച്ച വികാരങ്ങളുടെ കാര്യമെടുക്കുക. അത്തരം വികാരങ്ങളുള്ള ഒരു വ്യക്തിക്ക്‌ കുടുംബത്തിലെ ഒരംഗത്തോടോ ഒരു സുഹൃത്തിനോടോ അതിനെക്കുറിച്ചു വ്യക്തമായി ആശയവിനിമയം നടത്താൻ മിക്കപ്പോഴും കഴിയുന്നില്ല. തങ്ങളോടു സഹവസിക്കുന്ന ആളുകൾക്ക്‌ അത്തരം വികാരങ്ങൾ ഉണ്ട്‌ എന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ മറ്റുള്ളവർക്കും എല്ലായ്‌പോഴും കഴിയുന്നില്ല. അത്തരം ലക്ഷണങ്ങൾ മനസ്സിലാക്കി അയാളെ സഹായിക്കാൻ വേണ്ട നടപടികൾ എടുക്കുന്നതിൽ പരാജയപ്പെടുമ്പോൾ നമുക്കു കുറ്റബോധം തോന്നേണ്ടതില്ല. വൈകാരിക പിന്തുണയ്‌ക്കായി സമാനുഭാവമുള്ള ഒരു സ്‌നേഹിതനിലേക്കു തിരിയുന്നത്‌ ആശ്വാസം പകരുമെങ്കിലും മനുഷ്യർക്കു നൽകാൻ കഴിയുന്ന സഹായം പരിമിതമാണ്‌ എന്ന സംഗതിയും ഈ സദൃശവാക്യം നമ്മെ പഠിപ്പിക്കുന്നു. ചില പ്രശ്‌നങ്ങളുടെ കാര്യത്തിൽ നമ്മെ സഹായിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയുകയുള്ളൂ.

“ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും”

ഇസ്രായേലിന്റെ രാജാവ്‌ തുടർന്നു പറയുന്നു: “ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.” (സദൃശവാക്യങ്ങൾ 14:⁠11) ഒരു ദുഷ്ട വ്യക്തിക്ക്‌ ഈ വ്യവസ്ഥിതിയിൽ സമൃദ്ധി ഉണ്ടായേക്കാം, അയാൾക്കു മനോഹരമായ ഒരു വസതി ഉണ്ടായിരുന്നേക്കാം. എന്നാൽ സ്വന്തം ജീവൻതന്നെ നഷ്ടപ്പെടുമ്പോൾ അതുകൊണ്ട്‌ അയാൾക്ക്‌ എന്തു പ്രയോജനമാണ്‌ ഉണ്ടായിരിക്കുക? (സങ്കീർത്തനം 37:⁠10) മറിച്ച്‌, നീതിമാന്റെ വാസസ്ഥലം എളിയ രീതിയിലുള്ളത്‌ ആയിരുന്നേക്കാം. എന്നാൽ “ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും” എന്ന്‌ സങ്കീർത്തനം 112:⁠3 പറയുന്നു. ഏതു വിധത്തിൽ?

നമ്മുടെ വാക്കുകളും പ്രവൃത്തികളും ജ്ഞാനത്താൽ നയിക്കപ്പെടുമ്പോൾ, ജ്ഞാനത്തോടൊപ്പം വരുന്ന “ഐശ്വര്യവും സമ്പത്തും” നമുക്കുണ്ടായിരിക്കും. (സദൃശവാക്യങ്ങൾ 8:⁠18) അതിൽ ദൈവത്തോടും സഹമനുഷ്യനോടുമുള്ള സമാധാനപരമായ ബന്ധവും ക്ഷേമകരമായ അവസ്ഥയും ഒരളവോളം ഭദ്രതയും ഉൾപ്പെടുന്നു. ഉവ്വ്‌, ‘നീതിമാന്റെ കൂടാരത്തിന്‌’ ഇപ്പോൾപ്പോലും തഴയ്‌ക്കാൻ കഴിയും.

[27-ാം പേജിലെ ചിത്രം]

സ്‌ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു

[28-ാം പേജിലെ ചിത്രം]

‘ജ്ഞാനികളുടെ നാവ്‌ സുഖപ്രദം’