എന്തു വായിക്കണം? ശലോമോന്റെ ജ്ഞാനോപദേശം
എന്തു വായിക്കണം? ശലോമോന്റെ ജ്ഞാനോപദേശം
“പുസ്‌തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) ഏകദേശം 3,000 വർഷംമുമ്പ് ആ വാക്കുകൾ എഴുതുകവഴി ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവ് വായനയെ നിരുത്സാഹപ്പെടുത്തുക ആയിരുന്നില്ല, മറിച്ച് വായിക്കാനുള്ള വിവരങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയുകയായിരുന്നു. ഇന്ന് ഈ ഓർമിപ്പിക്കൽ വളരെ കാലോചിതമാണ്. കാരണം, പുസ്‌തകങ്ങളും മാസികകളും മറ്റുമായി ലോകമൊട്ടാകെയുള്ള അച്ചടിശാലകളിൽനിന്നു വർഷംതോറും പുറത്തിറങ്ങുന്നത് കോടിക്കണക്കിനു വായനാ സാമഗ്രികളാണല്ലോ!
ശലോമോൻ സൂചിപ്പിച്ച, എണ്ണമറ്റ ‘പുസ്‌തകങ്ങൾ’ കെട്ടുപണിചെയ്യുന്നതോ ഉന്മേഷം പകരുന്നതോ ആയിരുന്നില്ലെന്നു വ്യക്തമാണ്. അതുകൊണ്ട്, അവയുടെ വായനയിൽ മുഴുകുന്നത് ക്രിയാത്മകവും നിലനിൽക്കുന്നതുമായ പ്രയോജനങ്ങൾ നൽകുന്നതിനു പകരം ‘ശരീരത്തിന്നു ക്ഷീണം തന്നെ’യാണെന്ന് അവൻ ന്യായവാദം ചെയ്‌തു.
എന്നിരുന്നാലും വായനക്കാരനു പ്രയോജനം ചെയ്യുന്ന, ആശ്രയയോഗ്യവും ഈടുറ്റതുമായ മാർഗനിർദേശം പകരുന്ന, ഒരു പുസ്‌തകംപോലും ഇല്ലെന്ന് ശലോമോൻ പറയുകയായിരുന്നോ? അല്ല, കാരണം അവൻ ഇങ്ങനെയും എഴുതി: “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽ പോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്‌കപ്പെട്ടിരിക്കുന്നു.” (സഭാപ്രസംഗി 12:11) അതേ, ആളുകൾക്കു ശരിയായ പ്രചോദനം നൽകുന്ന വചനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവ, “മുടിങ്കോൽ പോലെ”യാണ്. മുടിങ്കോൽകൊണ്ട് ആടുമാടുകളെ ശരിയായ ദിശയിൽ നയിക്കാൻ കഴിയുന്നതുപോലെ, അത്തരം വാക്കുകൾ ഒരു വ്യക്തിയെ നേരായ മാർഗത്തിൽ ചരിക്കാൻ പ്രേരിപ്പിക്കുന്നു. മാത്രമല്ല, “തറെച്ചിരിക്കുന്ന ആണികൾപോലെ”യുള്ള ആ വചനങ്ങൾക്ക് തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതിനും സ്ഥിരതയുള്ളവൻ ആയിരിക്കുന്നതിനും ഒരുവനെ സഹായിക്കാൻ കഴിയും.
ജ്ഞാനപൂർവകമായ അത്തരം വചനങ്ങൾ നമുക്ക് എവിടെ കണ്ടെത്താനാകും? അവയിൽ ഏറ്റവും ശ്രേഷ്‌ഠമായവ ശലോമോൻ പറഞ്ഞതുപോലെ യഹോവയിൽനിന്ന്, ‘ഒരു ഇടയനിൽനിന്നു തന്നേ,’ ഉത്ഭവിക്കുന്നവയാണ്. (സങ്കീർത്തനം 23:1) അതുകൊണ്ട്, ജ്ഞാനം നിഴലിക്കുന്ന വാക്കുകൾക്കായി പരതുന്ന ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മെച്ചമായ സംഗതി ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളിലേക്കു തിരിയുക എന്നതാണ്. അങ്ങനെയുള്ള ദിവ്യനിശ്വസ്‌ത മൊഴികൾ പതിവായി വായിക്കുന്നത് ഒരു വ്യക്തിയെ “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ” ആക്കിത്തീർക്കും.—2 തിമൊഥെയൊസ് 3:16, 17.