വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റും ശരിയും നിങ്ങൾ എങ്ങനെ തീരുമാനിക്കണം?

തെറ്റും ശരിയും നിങ്ങൾ എങ്ങനെ തീരുമാനിക്കണം?

തെറ്റും ശരിയും നിങ്ങൾ എങ്ങനെ തീരുമാനിക്കണം?

തെറ്റും ശരിയും സംബന്ധിച്ച നിലവാരങ്ങൾ വെക്കാനുള്ള അവകാശം ആർക്കാണുള്ളത്‌? മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ ഉയർന്നുവന്ന ഒരു ചോദ്യമാണ്‌ ഇത്‌. ഉല്‌പത്തി എന്ന ബൈബിൾപുസ്‌തകം പറയുന്നതനുസരിച്ച്‌ ഏദെൻ തോട്ടത്തിലെ ഒരു വൃക്ഷത്തെ ദൈവം ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ’മായി തിരിച്ചറിയിച്ചു. (ഉല്‌പത്തി 2:⁠9) ഈ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്ന്‌ ദൈവം ആദ്യ മനുഷ്യജോഡിയോടു നിർദേശിച്ചു. എന്നിരുന്നാലും അതു തിന്നാൽ “നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും” എന്ന്‌ ദൈവത്തിന്റെ ശത്രുവായ, പിശാചായ സാത്താൻ പറഞ്ഞു.​—⁠ഉല്‌പത്തി 2:⁠16, 17; 3:⁠1, 5; വെളിപ്പാടു 12:⁠9.

ആദാമും ഹവ്വായും ഒരു തീരുമാനത്തെ അഭിമുഖീകരിച്ചു​—⁠തെറ്റും ശരിയും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ സ്വീകരിക്കണമോ അതോ സ്വന്തം നിലവാരങ്ങൾ പിൻപറ്റണമോ? (ഉല്‌പത്തി 3:⁠6) ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചുകൊണ്ട്‌ വൃക്ഷഫലം ഭക്ഷിക്കാൻതന്നെ അവർ തീരുമാനിച്ചു. ഈ പ്രവൃത്തിയിലൂടെ അവർ എന്താണു പ്രകടമാക്കിയത്‌? ദൈവം തങ്ങളുടെമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാനിക്കാൻ വിസമ്മതിച്ചതിലൂടെ, തെറ്റും ശരിയും സംബന്ധിച്ച സ്വന്തം നിലവാരങ്ങൾ വെക്കുന്നതായിരിക്കും തങ്ങൾക്കും സന്തതികൾക്കും ഏറെ നല്ലതെന്ന്‌ അവകാശപ്പെടുകയായിരുന്നു അവർ. എന്നാൽ തെറ്റും ശരിയും സംബന്ധിച്ച നിലവാരങ്ങൾ വെച്ചുകൊണ്ട്‌ ദൈവത്തിന്റേതിനു സമാനമായ വിധത്തിൽ അധികാരം പ്രയോഗിക്കാനുള്ള മനുഷ്യവർഗത്തിന്റെ ശ്രമം എത്രത്തോളം വിജയിച്ചിട്ടുണ്ട്‌?

വ്യത്യസ്‌ത അഭിപ്രായങ്ങൾ

“നന്മ എന്താണ്‌, തെറ്റിന്റെയും ശരിയുടെയും നിലവാരങ്ങൾ എന്താണ്‌ എന്നീ കാര്യങ്ങൾ സംബന്ധിച്ച്‌ ആവർത്തിച്ചുള്ള സംവാദങ്ങൾ” ഗ്രീക്കു തത്ത്വചിന്തകനായ സോക്രട്ടീസിന്റെ കാലംമുതൽ 20-ാം നൂറ്റാണ്ടുവരെ നിലനിന്നിട്ടുണ്ടെന്ന്‌ നൂറ്റാണ്ടുകളിലുടനീളം ജീവിച്ചിരുന്നിട്ടുള്ള പ്രമുഖ ചിന്തകരുടെ പഠിപ്പിക്കലുകൾ വിശകലനം ചെയ്‌തശേഷം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.

ദൃഷ്ടാന്തത്തിന്‌, പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) അഞ്ചാം നൂറ്റാണ്ടിലെ പ്രമുഖ ഗ്രീക്ക്‌ അധ്യാപകരായിരുന്ന സോഫിസ്റ്റുകളുടെ കാര്യമെടുക്കുക. തെറ്റും ശരിയും സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്‌ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്നായിരുന്നു അവരുടെ പഠിപ്പിക്കൽ. അവരിലൊരാൾ ഇങ്ങനെ പറഞ്ഞു: “ഓരോ നഗരത്തിനും ന്യായമെന്നും സ്വീകാര്യമെന്നും തോന്നുന്നതാണ്‌ അവരുടെ ശരി, അവർക്ക്‌ അങ്ങനെ തോന്നുന്നിടത്തോളം കാലം അത്‌ അങ്ങനെതന്നെയായിരിക്കും.” ഈ നിലവാരമനുസരിച്ച്‌ മുൻ ലേഖനത്തിൽ പരാമർശിച്ച ജോഡി, ആ പണം എടുക്കണം. കാരണം അയാളുടെ സമൂഹത്തിലെ അഥവാ “നഗര”ത്തിലെ ഭൂരിഭാഗം ആളുകളും അങ്ങനെയേ ചെയ്യൂ.

18-ാം നൂറ്റാണ്ടിലെ ഒരു വിഖ്യാത തത്ത്വചിന്തകനായ ഇമ്മാനുവൽ കാന്റ്‌ ഒരു വ്യത്യസ്‌ത ചിന്താഗതിയാണു പ്രകടിപ്പിച്ചത്‌. ഇഷ്യൂസ്‌ ഇൻ എത്തിക്‌സ്‌ എന്ന പത്രിക പറയുന്നു: “ഇമ്മാനുവൽ കാന്റും സമാന ചിന്താഗതിക്കാരും . . . സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിയുടെ അവകാശങ്ങൾക്കാണു പ്രാധാന്യം നൽകിയത്‌.” കാന്റിന്റെ തത്ത്വചിന്തയനുസരിച്ച്‌ മറ്റുള്ളവരുടെ അവകാശങ്ങളുടെ ധ്വംസനം ഉൾപ്പെട്ടിട്ടില്ലാത്തിടത്തോളം എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള പൂർണ അവകാശം ജോഡിക്കുണ്ട്‌. തന്റെ നിലവാരങ്ങൾ നിശ്ചയിക്കാൻ അദ്ദേഹം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ അനുവദിച്ചുകൂടാ.

ജോഡി എങ്ങനെയാണു തന്റെ പ്രശ്‌നം പരിഹരിച്ചത്‌? അദ്ദേഹം മൂന്നാമതൊരു മാർഗമാണു തിരഞ്ഞെടുത്തത്‌, ഈ കാര്യത്തിൽ യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കൽ പിൻപറ്റാൻ അദ്ദേഹം തീരുമാനിച്ചു. ക്രൈസ്‌തവരും അക്രൈസ്‌തവരും ഒരുപോലെ പുകഴ്‌ത്തുന്ന ധാർമിക നിലവാരങ്ങളാണ്‌ യേശുവിന്റേത്‌. അവൻ പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:⁠12) അങ്ങനെ, ജോഡി ആ പണം അതിന്റെ യഥാർഥ അവകാശിക്കു കൈമാറി. 82,000 ഡോളർ കൈയിൽ കിട്ടിയപ്പോൾ ആ സ്‌ത്രീ ആകെ അമ്പരന്നുപോയി. എന്തുകൊണ്ട്‌ ആ പണം എടുത്തില്ലയെന്ന ചോദ്യത്തിന്‌ ജോഡി നൽകിയ മറുപടി താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌ എന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: “അത്‌ എനിക്ക്‌ അവകാശപ്പെട്ട പണം അല്ലായിരുന്നു.” മത്തായി 19:⁠18-ലെ “മോഷ്ടിക്കരുത്‌” എന്ന യേശുവിന്റെ വാക്കുകൾ ജോഡി ഗൗരവമായെടുത്തു.

പൊതുജനാഭിപ്രായം ആശ്രയയോഗ്യമായ ഒരു വഴികാട്ടിയോ?

അത്രമാത്രം സത്യസന്ധത കാട്ടിയത്‌ വെറും വിഡ്‌ഢിത്തമായിരുന്നെന്നു ചില ആളുകൾ പറഞ്ഞേക്കാം. എന്നാൽ പൊതുജനാഭിപ്രായം ആശ്രയയോഗ്യമായ ഒരു വഴികാട്ടിയല്ല. ദൃഷ്ടാന്തത്തിന്‌, മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ ശിശുബലി നിലവിലിരുന്നു. ശിശുബലി സ്വീകാര്യമാണെന്നു ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിലാണു നിങ്ങൾ ജീവിച്ചിരുന്നത്‌ എന്നതുകൊണ്ട്‌ അങ്ങനെ ചെയ്യുന്നത്‌ ശരിയായിത്തീരുമായിരുന്നോ? (2 രാജാക്കന്മാർ 16:⁠3) നരമാംസഭോജനം നല്ല കാര്യമായി വീക്ഷിച്ചിരുന്ന ഒരു സമൂഹത്തിലാണു നിങ്ങൾ ജനിച്ചിരുന്നതെങ്കിൽ അതുകൊണ്ടുമാത്രം മനുഷ്യമാംസം തിന്നുന്നതു തെറ്റല്ലെന്നു വരുമായിരുന്നോ? ഒരു പ്രവൃത്തിക്കു ജനസമ്മിതിയുണ്ട്‌ എന്നതുകൊണ്ടുമാത്രം അക്കാര്യം ശരിയാണെന്നു വരുന്നില്ല. വളരെ മുമ്പുതന്നെ ബൈബിൾ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ ഈ കെണിയെക്കുറിച്ചു മുന്നറിയിപ്പു നൽകി: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്‌.”​—⁠പുറപ്പാടു 23:⁠2.

തെറ്റും ശരിയും സംബന്ധിച്ച വഴികാട്ടിയായി പൊതുജനാഭിപ്രായത്തെ സ്വീകരിക്കുന്നതു സംബന്ധിച്ച്‌ ശ്രദ്ധയുള്ളവർ ആയിരിക്കേണ്ടതിനുള്ള മറ്റൊരു കാരണം യേശുക്രിസ്‌തു നൽകി. അവൻ സാത്താനെ ഈ “ലോകത്തിന്റെ പ്രഭു” അഥവാ ഭരണാധികാരി എന്ന നിലയിൽ തുറന്നുകാട്ടി. (യോഹന്നാൻ 14:⁠30; ലൂക്കൊസ്‌ 4:⁠6) “ഭൂതലത്തെ മുഴുവൻ” വഴിതെറ്റിക്കാൻ സാത്താൻ തന്റെ സ്ഥാനം ഉപയോഗിക്കുന്നു. (വെളിപ്പാടു 12:⁠9) അതുകൊണ്ട്‌, തെറ്റും ശരിയും സംബന്ധിച്ച നിങ്ങളുടെ നിലവാരങ്ങൾ കേവലം പൊതുജനാഭിപ്രായത്തിൽ അടിസ്ഥാനപ്പെടുത്തിയത്‌ ആണെങ്കിൽ, നിങ്ങൾ ധാർമികത സംബന്ധിച്ച്‌ സാത്താന്റെ വീക്ഷണമായിരിക്കാം സ്വീകരിക്കുന്നത്‌. വ്യക്തമായും അതു വിപത്‌കരമായിരിക്കും.

നിങ്ങൾക്കു സ്വന്തം വിവേചനാപ്രാപ്‌തിയിൽ ആശ്രയിക്കാൻ കഴിയുമോ?

അങ്ങനെയെങ്കിൽ, ഓരോ വ്യക്തിയും തെറ്റും ശരിയും സ്വയം തീരുമാനിക്കുന്നതായിരിക്കുമോ നല്ലത്‌? ബൈബിൾ പറയുന്നു: “സ്വന്ത വിവേകത്തിൽ ഊന്നരുത്‌.” (സദൃശവാക്യങ്ങൾ 3:⁠5) എന്തുകൊണ്ട്‌? വിവേചനാപ്രാപ്‌തിയെ വികലമാക്കിക്കളയുന്ന അടിസ്ഥാനപരമായ ഒരു ന്യൂനത, തലമുറകൾ കൈമാറി സകല മനുഷ്യർക്കും കിട്ടിയിട്ടുണ്ട്‌ എന്നതാണു കാരണം. ആദാമും ഹവ്വായും ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ അവർ, സ്വാർഥ വഞ്ചകനായ സാത്താന്റെ നിലവാരങ്ങൾ സ്വീകരിക്കുകയും തങ്ങളുടെ ആത്മീയ പിതാവായി അവനെ തിരഞ്ഞെടുക്കുകയും ചെയ്‌തു. പിന്നീട്‌ അവർ തങ്ങളുടെ സന്തതികളിലേക്ക്‌ ഒരു പാരമ്പര്യ സവിശേഷത കടത്തിവിട്ടു​—⁠ശരി തിരിച്ചറിയാൻ കഴിവുള്ള, എന്നാൽ തെറ്റായ ഗതി പിൻപറ്റാൻ ചായ്‌വുള്ള വഞ്ചകമായ ഒരു ഹൃദയം.​—⁠ഉല്‌പത്തി 6:⁠5; റോമർ 5:⁠12; 7:⁠21-24.

സദാചാരത്തെക്കുറിച്ചു ചർച്ചചെയ്യവേ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക നിരീക്ഷിക്കുന്നു: “തങ്ങൾ ധാർമികമായി എന്താണു ചെയ്യേണ്ടതെന്ന്‌ അറിയാമായിരുന്നിട്ടും ആളുകൾ സ്വന്ത താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. അത്തരം ആളുകളെക്കൊണ്ടു ശരിയായതു ചെയ്യിക്കുന്നതിന്‌ എന്തു കാരണങ്ങളാണു നൽകുക എന്നത്‌ പാശ്ചാത്യനാടുകളിൽ സദാചാരത്തോടു ബന്ധപ്പെട്ട്‌ അനുഭവപ്പെട്ടിട്ടുള്ള വലിയൊരു പ്രശ്‌നമാണ്‌.” ബൈബിൾ ശരിയായിത്തന്നെ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?” (യിരെമ്യാവു 17:⁠9) കാപട്യത്തിനു പേരുകേട്ട, ദുഷിച്ച സ്വഭാവമുള്ള ഒരാളെ നിങ്ങൾ ആശ്രയിക്കുമോ?

ദൈവവിശ്വാസം ഇല്ലാത്തവർക്കുപോലും ധാർമികമായി മെച്ചപ്പെട്ട നിലയിൽ പെരുമാറാനും പ്രായോഗികവും ആദരണീയവുമായ സദാചാരമൂല്യങ്ങൾ വളർത്തിയെടുക്കാനും കഴിയും എന്നതു ശരിതന്നെ. എന്നാൽ മിക്കപ്പോഴും ഉന്നതനിലവാരം പുലർത്തുന്ന അവരുടെ തത്ത്വങ്ങളിൽ പ്രതിഫലിക്കുന്നത്‌ ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ തന്നെയാണ്‌. ആ വ്യക്തികൾ ദൈവത്തിന്റെ അസ്‌തിത്വത്തെ നിഷേധിച്ചേക്കാമെങ്കിലും ദൈവത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിന്‌ അവർക്കുള്ള സഹജമായ പ്രാപ്‌തിയെ പ്രതിഫലിപ്പിക്കുന്നതാണ്‌ അവരുടെ ആശയങ്ങൾ. ഇത്‌ ബൈബിൾ വെളിപ്പെടുത്തുന്നതുപോലെ മനുഷ്യവർഗം യഥാർഥത്തിൽ “ദൈവത്തിന്റെ സ്വരൂപത്തിൽ” ആണ്‌ സൃഷ്ടിക്കപ്പെട്ടത്‌ എന്നതിനു തെളിവു നൽകുന്നു. (ഉല്‌പത്തി 1:⁠27; പ്രവൃത്തികൾ 17:⁠26-28) അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു: “അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”​—⁠റോമർ 2:⁠15.

ശരി എന്തെന്ന്‌ അറിയുന്നത്‌ ഒരു കാര്യം. എന്നാൽ അതു ചെയ്യുന്നതിനുള്ള ധാർമിക ബലം ഉണ്ടായിരിക്കുക എന്നതു മറ്റൊരു കാര്യമാണ്‌. ആവശ്യമായ ധാർമിക ബലം ഒരുവന്‌ എങ്ങനെ ആർജിക്കാൻ കഴിയും? പ്രവൃത്തികൾ ഹൃദയപ്രേരിതമാകയാൽ, ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവത്തോടു സ്‌നേഹം നട്ടുവളർത്തുന്നത്‌ ധാർമിക ബലം വികസിപ്പിച്ചെടുക്കാൻ സഹായകമായിരിക്കും.​—⁠സങ്കീർത്തനം 25:⁠4, 5.

ശരിയായതു ചെയ്യുന്നതിനുള്ള ശക്തി ആർജിക്കൽ

ദൈവത്തെ സ്‌നേഹിക്കാൻ പഠിക്കുന്നതിലെ ആദ്യ പടി അവന്റെ കൽപ്പനകൾ എത്രമാത്രം ന്യായയുക്തവും പ്രായോഗികവും ആണെന്നു മനസ്സിലാക്കുകയാണ്‌. അപ്പൊസ്‌തലനായ യോഹന്നാൻ പറയുന്നു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:⁠3) ദൃഷ്ടാന്തത്തിന്‌ ലഹരിപാനീയങ്ങളുടെയും മയക്കുമരുന്നുകളുടെയും ഉപയോഗം, വിവാഹപൂർവ ലൈംഗികത തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്‌ തെറ്റും ശരിയും നിർണയിക്കുന്നതിനു ചെറുപ്പക്കാർക്കു സഹായകമായ ധാരാളം പ്രായോഗിക നിർദേശങ്ങൾ ബൈബിളിലുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു വിവാഹിത ഇണകളെയും മക്കളെ വളർത്തുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടു മാതാപിതാക്കളെയും സഹായിക്കാൻ ബൈബിളിനു കഴിയും. * ഒരുവന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക പശ്ചാത്തലങ്ങൾ എന്തുതന്നെ ആയിരുന്നാലും ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ ബാധകമാക്കുന്നെങ്കിൽ ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ അതു പ്രയോജനപ്രദം ആയിരിക്കും.

പോഷകഗുണമുള്ള ആഹാരം, ജോലി ചെയ്യുന്നതിന്‌ ആവശ്യമായ ശക്തി നൽകുന്നതുപോലെ ദൈവവചനം വായിക്കുന്നത്‌ ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കുന്നതിനുള്ള ശക്തി പകരുന്നു. യേശു ദൈവത്തിന്റെ വചനങ്ങളെ ഉപമിച്ചത്‌ ജീവൻ നിലനിറുത്തുന്ന ആഹാരത്തോടാണ്‌. (മത്തായി 4:⁠4) അവൻ ഇങ്ങനെയും പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:⁠34) ദൈവവചനത്തിൽനിന്ന്‌ ആത്മീയാഹാരം ഉൾക്കൊണ്ടത്‌ പ്രലോഭനങ്ങളെ ചെറുത്തു നിൽക്കുന്നതിനും ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കുന്നതിനും യേശുവിനെ സജ്ജനാക്കി.​—⁠ലൂക്കൊസ്‌ 4:⁠1-13.

ദൈവവചനത്തിൽനിന്ന്‌ ആത്മീയാഹാരം ഉൾക്കൊള്ളുന്നതും ദൈവിക നിലവാരങ്ങൾ സ്വീകരിക്കുന്നതും തുടക്കത്തിൽ നിങ്ങൾക്കു ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാൽ, ഒന്നു ചിന്തിച്ചുനോക്കൂ, ചെറുപ്പത്തിൽ പോഷകപ്രദമായ ആഹാരത്തിന്റെ സ്വാദ്‌ നിങ്ങൾക്കു വളരെ ഇഷ്ടമായിരുന്നോ? സാധ്യതയില്ല. ബലിഷ്‌ഠനായി വളരുന്നതിന്‌ ആരോഗ്യാവഹമായ ഭക്ഷണം ആസ്വദിക്കാൻ നിങ്ങൾ പഠിക്കേണ്ടിയിരുന്നു. അതേവിധത്തിൽ, ദൈവത്തിന്റെ നിലവാരങ്ങളോടുള്ള ഇഷ്ടം വളർത്തിയെടുക്കാൻ നിങ്ങൾക്കു കുറച്ചു സമയം ആവശ്യമായി വന്നേക്കാം. സ്ഥിരോത്സാഹം കാണിക്കുന്നെങ്കിൽ, നിങ്ങൾ അവയോടുള്ള പ്രിയത്തിൽ വളരുകയും ആത്മീയബലം പ്രാപിക്കുകയും ചെയ്യും. (സങ്കീർത്തനം 34:⁠8; 2 തിമൊഥെയൊസ്‌ 3:⁠15-17) യഹോവയിൽ ആശ്രയിക്കാൻ നിങ്ങൾ പഠിക്കും, “നന്മ” അഥവാ ശരി ചെയ്യുന്നതിനു പ്രചോദനം നേടുകയും ചെയ്യും.​—⁠സങ്കീർത്തനം 37:⁠3

ജോഡിക്ക്‌ ഉണ്ടായതുപോലുള്ള ഒരു അവസ്ഥ നിങ്ങൾ ഒരിക്കലും അഭിമുഖീകരിച്ചെന്നു വരില്ല. എന്നാൽ ദൈനംദിനം നിങ്ങൾ പ്രാധാന്യം കൂടിയതും കുറഞ്ഞതുമായ സദാചാര സംബന്ധിയായ തീരുമാനങ്ങൾ കൈക്കൊള്ളുന്നു. അതുകൊണ്ട്‌ ബൈബിൾ നിങ്ങളെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:⁠5, 6) യഹോവയിൽ ആശ്രയിക്കാൻ പഠിക്കുന്നത്‌ ഇപ്പോൾ പ്രയോജനം ചെയ്യുമെന്നു മാത്രമല്ല എന്നേക്കും ജീവിക്കുന്നതിനുള്ള വഴി നിങ്ങൾക്കു തുറന്നുതരുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ യഹോവയോടുള്ള അനുസരണത്തിന്റെ പാത ജീവനിലേക്കു നയിക്കുന്നു.​—⁠മത്തായി 7:⁠13, 14.

[അടിക്കുറിപ്പ്‌]

^ ഖ. 18 ഈ വിഷയങ്ങളും മറ്റു വിഷയങ്ങളും സംബന്ധിച്ച ബൈബിളിന്റെ പ്രായോഗിക നിർദേശങ്ങൾ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നീ പുസ്‌തകങ്ങളിൽ കാണാവുന്നതാണ്‌.

[6-ാം പേജിലെ ആകർഷകവാക്യം]

പൊതുജനാഭിപ്രായം അദൃശ്യ ശക്തികളാൽ സ്വാധീനിക്കപ്പെട്ടേക്കാം

[5-ാം പേജിലെ ചിത്രങ്ങൾ]

ചരിത്രത്തിലുടനീളം ചിന്തകർ തെറ്റും ശരിയും സംബന്ധിച്ച സംവാദത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌

സോക്രട്ടീസ്‌

കാന്റ്‌

കൺഫ്യൂഷ്യസ്‌

[കടപ്പാട്‌]

കാന്റ്‌: From the book The Historian’s History of the World; സോക്രട്ടീസ്‌: From the book A General History for Colleges and High Schools; കൺഫൂഷ്യസ്‌: Sung Kyun Kwan University, Seoul, Korea

[7-ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ, തെറ്റും ശരിയും വിവേചി ക്കാൻ സഹായിക്കുക മാത്രമല്ല, ശരിയായതു ചെയ്യാനുള്ള പ്രേരണ നൽകുകയും ചെയ്യുന്നു