വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം നിലനിറുത്തുക

മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം നിലനിറുത്തുക

മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം നിലനിറുത്തുക

“വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന [“വഴിപിഴച്ചു പോകുന്ന,” ഓശാന ബൈബിൾ] ആരും ജ്ഞാനിയാകയില്ല.”​—⁠സദൃശവാക്യങ്ങൾ 20:⁠1.

1. യഹോവയിൽനിന്നുള്ള ചില നല്ല ദാനങ്ങളെപ്രതി സങ്കീർത്തനക്കാരൻ തന്റെ വിലമതിപ്പു പ്രകടിപ്പിച്ചത്‌ എങ്ങനെ?

“എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു” എന്ന്‌ ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 1:⁠17) ദൈവത്തിന്റെ എണ്ണമറ്റ നല്ല ദാനങ്ങളോടുള്ള നന്ദി നിമിത്തം സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു; അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.” (സങ്കീർത്തനം 104:⁠14, 15) വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും സസ്യങ്ങൾ, ആഹാരം, എണ്ണ എന്നിവ പോലെതന്നെ ദൈവത്തിൽനിന്നുള്ള നല്ല ദാനങ്ങളാണ്‌. നാം അവ എങ്ങനെ ഉപയോഗിക്കണം?

2. മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

2 ഒരു ദാനം അഥവാ സമ്മാനം നല്ലതാണെങ്കിലും ഉചിതമായി ഉപയോഗിക്കുമ്പോൾ മാത്രമേ അത്‌ ആസ്വാദ്യമായിരിക്കുകയുള്ളൂ. ഉദാഹരണത്തിന്‌, തേൻ “നല്ല”താണ്‌. എന്നാൽ “തേൻ ഏറെ കുടിക്കുന്നതു നന്നല്ല.” (സദൃശവാക്യങ്ങൾ 24:⁠13; 25:⁠27) “അല്‌പം വീഞ്ഞു” കുടിക്കുന്നത്‌ ഉചിതമായിരുന്നേക്കാമെന്നിരിക്കെ, മദ്യത്തിന്റെ ദുരുപയോഗം ഗൗരവതരമായ ഒരു പ്രശ്‌നമാണ്‌. (1 തിമൊഥെയൊസ്‌ 5:⁠23) “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന [“വഴിപിഴച്ചു പോകുന്ന,” ഓശാന ബൈ.] ആരും ജ്ഞാനിയാകയില്ല” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 20:⁠1) മദ്യത്താൽ വഴിപിഴച്ചു പോകുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? * ഏത്‌ അളവുവരെ ആയാലാണ്‌ അമിതമാവുക? ഇതു സംബന്ധിച്ച സമനിലയുള്ള വീക്ഷണം എന്താണ്‌?

മദ്യത്താൽ ‘വഴിപിഴച്ചു പോകുക’​—⁠എങ്ങനെ?

3, 4. (എ) കുടിച്ചു മത്തനാകുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നെന്നു സൂചിപ്പിക്കുന്നത്‌ എന്ത്‌? (ബി) ലഹരിപിടിക്കുന്നതിന്റെ ചില ലക്ഷണങ്ങൾ എന്തെല്ലാം?

3 പുരാതന ഇസ്രായേലിൽ, അനുതാപമില്ലാത്ത “തിന്നിയും കുടിയനും” ആയ ഒരു മകനെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു. (ആവർത്തനപുസ്‌തകം 21:⁠18-21) അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്‌ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത്‌.” വ്യക്തമായും, മദ്യപന്മാരെ അഥവാ കുടിച്ചു മത്തരാകുന്നവരെ തിരുവെഴുത്തുകൾ കുറ്റം വിധിക്കുന്നു.​—⁠1 കൊരിന്ത്യർ 5:⁠11; 6:⁠9, 10.

4 മദ്യലഹരിയുടെ ലക്ഷണങ്ങൾ വിവരിച്ചുകൊണ്ട്‌ ബൈബിൾ പ്രസ്‌താവിക്കുന്നു: “വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു. ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്‌ത്രീകളെ നോക്കും [“നീ വിചിത്രകാഴ്‌ചകൾ കാണും,” പി.ഒ.സി. ബൈബിൾ]; നിന്റെ ഹൃദയം വക്രത പറയും.” (സദൃശവാക്യങ്ങൾ 23:⁠31-33) അമിത കുടി രോഗത്തിനും ചിന്താക്കുഴപ്പത്തിനും എന്തിന്‌ അബോധാവസ്ഥയ്‌ക്കുപോലും ഇടയാക്കിക്കൊണ്ട്‌ ഒരു വിഷപ്പാമ്പിനെപ്പോലെ കൊത്തുന്നു. കുടിച്ചു മത്തനാകുന്ന ഒരാൾ “വിചിത്രകാഴ്‌ചകൾ” അതായത്‌ യഥാർഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാണുകയും പലതും വിഭാവന ചെയ്യുകയും ചെയ്‌തേക്കാം. സാധാരണഗതിയിൽ അടിച്ചമർത്തുന്ന വക്രമായ അഥവാ വികടമായ ചിന്തകളും ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നതിൽ അയാൾക്കുള്ള സങ്കോചം നഷ്ടപ്പെടാനും ഇടയുണ്ട്‌.

5. അമിതമായി മദ്യം കഴിക്കുന്നത്‌ ദോഷകരമായിരിക്കുന്നത്‌ ഏതു വിധത്തിൽ?

5 എന്നാൽ മറ്റൊരു സാഹചര്യമെടുക്കുക. ഒരാൾ മദ്യം കഴിക്കുന്നു, എന്നാൽ താൻ കുടിച്ചു മത്തനായെന്നു മറ്റുള്ളവർ തിരിച്ചറിയുന്ന അളവോളം പോകാതിരിക്കാൻ ശ്രദ്ധിക്കുന്നു. അപ്പോഴോ? ചില വ്യക്തികൾ ധാരാളം കുടിച്ചാൽപ്പോലും തലയ്‌ക്കു പിടിച്ചതിന്റെ ലക്ഷണം പ്രകടമായിരിക്കുകയില്ല. എന്നിരുന്നാലും അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നതു ദോഷരഹിതമാണെന്നു ചിന്തിക്കുന്നത്‌ ഒരുതരം ആത്മവഞ്ചനയാണ്‌. (യിരെമ്യാവു 17:⁠9) ക്രമേണ, പടിപടിയായി ഒരുവനു കുടിക്കാതെ പറ്റുകയില്ലെന്ന അവസ്ഥ സംജാതമായേക്കാം. അങ്ങനെ അയാൾ “വീഞ്ഞിന്നു അടിമ”പ്പെട്ടു പോയേക്കാം. (തീത്തൊസ്‌ 2:⁠3) മദ്യാസക്തനായിത്തീരുന്ന പ്രക്രിയയെക്കുറിച്ച്‌ എഴുത്തുകാരിയായ കാരലൈൻ നാപ്പ്‌ പറയുന്നു: “സാവധാനം, പടിപടിയായി പുരോഗമിക്കുന്നതും ശ്രദ്ധിക്കപ്പെടാതെ പോകാൻ ഏറെ സാധ്യതയുള്ളതുമായ ഒരു പ്രക്രിയയാണ്‌ ഇത്‌.” മദ്യത്തിന്റെ അമിതമായ ഉപയോഗം എത്ര മാരകമായ കെണിയാണ്‌!

6. തീറ്റിയുടെയും മദ്യ ഉപയോഗത്തിന്റെയും കാര്യത്തിൽ അമിതത്വം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 യേശു നൽകിയ മുന്നറിയിപ്പും പരിചിന്തിക്കുക: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.” (ലൂക്കൊസ്‌ 21:⁠34, 35) മത്തനാകുന്ന അളവോളം കുടിച്ചില്ലെങ്കിൽപ്പോലും മദ്യപാനം ഒരു വ്യക്തിയെ ശാരീരികവും ആത്മീയവുമായി മാന്ദ്യവും അലസതയും ഉള്ളവനാക്കിത്തീർത്തേക്കാം. യഹോവയുടെ ദിവസം വരുന്നത്‌ അയാൾ അങ്ങനെയൊരു അവസ്ഥയിൽ ആയിരിക്കുമ്പോഴാണെങ്കിലോ?

മദ്യദുരുപയോഗം എന്തിലേക്കു നയിച്ചേക്കാം?

7. മദ്യദുരുപയോഗം 2 കൊരിന്ത്യർ 7:⁠1-ലെ തിരുവെഴുത്തു പ്രബോധനത്തിനു ചേർച്ചയിൽ അല്ലാത്തത്‌ എന്തുകൊണ്ട്‌?

7 മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരുവനെ ശാരീരികവും ആത്മീയവുമായ പല അപകടങ്ങളിലേക്കും നയിക്കുന്നു. മദ്യദുരുപയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന രോഗങ്ങളാണ്‌ കരൾവീക്കം, ആൽക്കഹോളിക്‌ ഹെപ്പറ്റൈറ്റിസ്‌, ഡെലീറിയം ട്രമെൻസ്‌ (പരിഭ്രമത്തിനും സംസാരവും പ്രവൃത്തിയും കുഴപ്പത്തിലാകുന്നതിനും ഇടയാക്കുന്ന ഒരു മാനസിക വിഭ്രമാവസ്ഥ) തുടങ്ങിയവ. തുടർച്ചയായ മദ്യദുരുപയോഗം കാൻസർ, പ്രമേഹം, വയറിനെയും ഹൃദയത്തെയും ബാധിക്കുന്ന ചില രോഗങ്ങൾ എന്നിവയ്‌ക്കും കാരണമായേക്കാം. മദ്യത്തിന്റെ ദുരുപയോഗം വ്യക്തമായും ബൈബിളിന്റെ പിൻവരുന്ന പ്രബോധനത്തിനു ചേർച്ചയിലല്ല: “നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”​—⁠2 കൊരിന്ത്യർ 7:⁠1.

8. സദൃശവാക്യങ്ങൾ 23:⁠20, 21 അനുസരിച്ച്‌ മദ്യദുരുപയോഗത്തിന്റെ ഫലമായി എന്തു സംഭവിക്കാം?

8 കൂടാതെ, മദ്യദുരുപയോഗം പണം പാഴാക്കിക്കളയുന്നതിലേക്കു നയിക്കുന്നു. ഒരുപക്ഷേ, തൊഴിൽ നഷ്ടപ്പെടുന്നതിനുപോലും അതു കാരണമായേക്കാം. ശലോമാൻ രാജാവ്‌ ഇപ്രകാരം മുന്നറിയിപ്പു നൽകി: “നീ വീഞ്ഞു കുടിക്കുന്നവരുടെ [“അമിതമായി വീഞ്ഞു കുടിക്കുന്നവരുടെ,” NW] കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്‌.” എന്തുകൊണ്ട്‌? അവൻ വിശദീകരിക്കുന്നു: “കുടിയനും അതിഭക്ഷകനും ദരിദ്രരായ്‌തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.”​—⁠സദൃശവാക്യങ്ങൾ 23:⁠20, 21.

9. വാഹനം ഓടിക്കേണ്ടതുണ്ടെങ്കിൽ ഒരു വ്യക്തി മദ്യം ഒട്ടും കഴിക്കാതിരിക്കുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 മറ്റൊരു അപകടത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ ദി എൻസൈക്ലോപീഡിയ ഓഫ്‌ ആൽക്കഹോളിസം പറയുന്നു: “സാഹചര്യങ്ങളോടു പ്രതികരിക്കാൻ എടുക്കുന്ന സമയം, ഏകോപനം, ശ്രദ്ധ, കാണുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള പ്രാപ്‌തി, വിവേചന എന്നിവ ഉൾപ്പെടെയുള്ള ഡ്രൈവിങ്‌ വൈദഗ്‌ധ്യം കുറഞ്ഞു പോകാൻ മദ്യത്തിന്റെ ഉപയോഗം ഇടയാക്കുന്നെന്നു പഠനങ്ങൾ കാണിക്കുന്നു.” കുടിച്ചിട്ട്‌ വാഹനം ഓടിക്കുന്നതിന്റെ പരിണതഫലങ്ങൾ വിപത്‌കരമാണ്‌. ഐക്യനാടുകളിൽ മാത്രം, മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അപകടങ്ങളിൽ ഓരോ വർഷവും പതിനായിരക്കണക്കിന്‌ ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന്‌ ആളുകൾക്കു പരിക്കേൽക്കുകയും ചെയ്യുന്നു. ഡ്രൈവിങ്ങിലും മദ്യത്തിന്റെ ഉപയോഗത്തിലും അനുഭവ പരിചയം കുറഞ്ഞ യുവജനങ്ങളാണ്‌ ഈ അപകടത്തിനു വിശേഷിച്ചും ഇരകളാകുന്നത്‌. ഏറെ കുടിച്ചിട്ട്‌ വാഹനമോടിക്കുന്ന ഒരാൾക്ക്‌ വാസ്‌തവത്തിൽ താൻ യഹോവയാം ദൈവത്തിന്റെ ദാനമെന്ന നിലയിൽ ജീവനെ ആദരിക്കുന്നെന്ന്‌ അവകാശപ്പെടാൻ കഴിയുമോ? (സങ്കീർത്തനം 36:⁠9) ജീവൻ പവിത്രമാണെന്നതു പരിഗണിക്കുമ്പോൾ, വാഹനം ഓടിക്കേണ്ടതുണ്ടെങ്കിൽ ഒരു വ്യക്തി മദ്യം ഒട്ടും കഴിക്കാതിരിക്കുന്നതാണു നല്ലത്‌.

10. മദ്യത്തിന്‌ ഏതു വിധത്തിൽ നമ്മുടെ മനസ്സിനെ ബാധിക്കാൻ കഴിയും, അത്‌ അപകടകരം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 അമിതമായ അളവിലുള്ള കുടി ശാരീരികമായി മാത്രമല്ല, ആത്മീയമായും ദോഷം ചെയ്യും. “വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (ഹോശേയ 4:⁠11) മദ്യം മനസ്സിനെ ബാധിക്കുന്നു. ‘മയക്കുമരുന്നു ദുരുപയോഗം സംബന്ധിച്ച ഐക്യനാടുകളിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്‌’ വിശദീകരിക്കുന്നു: “ഒരാൾ മദ്യം ഉപയോഗിക്കുമ്പോൾ അത്‌ ദഹന വ്യവസ്ഥയിൽനിന്നു രക്തത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുകയും പെട്ടെന്നു തലച്ചോറിൽ എത്തിച്ചേരുകയും ചെയ്യുന്നു. അത്‌ തലച്ചോറിൽ ചിന്തയെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗത്തിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. വ്യക്തിയുടെ ആത്മനിയന്ത്രണം കുറയുന്നു.” അത്തരം ഒരവസ്ഥയിൽ നാം ‘വഴിപിഴച്ചുപോകാൻ,’ മറ്റുള്ളവരോട്‌ അനുചിതമായി പെരുമാറാനും പ്രലോഭനങ്ങൾക്കു വശംവദരാകാനുമുള്ള സാധ്യത കൂടുതലാണ്‌.​—⁠സദൃശവാക്യങ്ങൾ 20:⁠1.

11, 12. മദ്യത്തിന്റെ അമിത ഉപയോഗം നിമിത്തം ആത്മീയമായി എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകാം?

11 മാത്രമല്ല, ബൈബിൾ ഇങ്ങനെ കൽപ്പിക്കുകയും ചെയ്യുന്നു: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.” (1 കൊരിന്ത്യർ 10:⁠31) ഒരുപാട്‌ കുടിക്കുന്നത്‌ എപ്പോഴെങ്കിലും ദൈവത്തിനു മഹത്ത്വം കൈവരുത്തുമോ? അമിതമായി മദ്യം കഴിക്കുന്നവൻ അഥവാ മദ്യപാനി എന്ന ചീത്തപ്പേര്‌ ഒഴിവാക്കാൻ ഒരു ക്രിസ്‌ത്യാനി തീർച്ചയായും ആഗ്രഹിക്കും. അത്തരമൊരു പേര്‌ യഹോവയുടെ നാമത്തിനു മഹത്ത്വമല്ല, നിന്ദയാണു കൈവരുത്തുക.

12 ഒരു ക്രിസ്‌ത്യാനിയുടെ അമിതകുടി സഹവിശ്വാസിക്ക്‌, ഒരുപക്ഷേ ഒരു പുതിയ ശിഷ്യന്‌ ഇടർച്ചയ്‌ക്കു കാരണമാകുന്നെങ്കിലോ? (റോമർ 14:⁠21) യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്‌ത്തിക്കളയുന്നതു അവന്നു നന്ന്‌.” (മത്തായി 18:⁠6) അമിതകുടി സഭയിലെ പദവികൾ നഷ്ടപ്പെടുന്നതിനും വഴിതെളിച്ചേക്കാം. (1 തിമൊഥെയൊസ്‌ 3:⁠1-3, 8) മദ്യദുരുപയോഗം കുടുംബത്തിൽ ഉളവാക്കുന്ന സംഘർഷങ്ങളും കുറവല്ല.

അപകടങ്ങൾ ഒഴിവാക്കുക​—⁠എങ്ങനെ?

13. മദ്യദുരുപയോഗം ഒഴിവാക്കുന്നതിൽ നിർണായകമായിരിക്കുന്നത്‌ എന്താണ്‌?

13 എവിടെ നിറുത്തണമെന്ന്‌ അറിയുന്നതാണ്‌ മദ്യദുരുപയോഗത്തിന്റെ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു താക്കോൽ. കുടിച്ചു മത്തരാകുന്നതു മാത്രമല്ല, മദ്യത്തിന്റെ അമിതമായ ഉപയോഗവും ഒഴിവാക്കാൻ ലക്ഷ്യം വെക്കേണ്ടതാണ്‌. നിങ്ങളുടെ കാര്യത്തിൽ എത്രത്തോളമായാലാണ്‌ അമിതമാകുകയെന്ന്‌ ആർക്കാണു നിശ്ചയിക്കാൻ കഴിയുക? നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഒരാളെ സംബന്ധിച്ചിടത്തോളം എത്രയായാലാണ്‌ അമിതമാവുക എന്നതു സംബന്ധിച്ച്‌ കർക്കശമായ നിയമം വെക്കാനാവില്ല. ഓരോരുത്തരും സ്വന്തം പരിധി തിരിച്ചറിഞ്ഞ്‌ അതിനെ മറികടക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളെ സംബന്ധിച്ചിടത്തോളം അമിതമാകുന്നത്‌ എപ്പോഴാണെന്നു തിരിച്ചറിയാൻ എന്തിനു സഹായിക്കാൻ കഴിയും? ഈ കാര്യത്തിൽ മാർഗദർശനം നൽകാൻ കഴിയുന്ന എന്തെങ്കിലും തത്ത്വമുണ്ടോ?

14. മിതമായ ഉപയോഗത്തെയും അമിത ഉപയോഗത്തെയും തമ്മിൽ വേർതിരിക്കാൻ ഏതു മാർഗനിർദേശക തത്ത്വം നിങ്ങളെ സഹായിക്കും?

14 ബൈബിൾ പ്രസ്‌താവിക്കുന്നു: “ജ്ഞാനവും വകതിരിവും [“ചിന്താപ്രാപ്‌തി,” NW] കാത്തുകൊൾക . . . അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.” (സദൃശവാക്യങ്ങൾ 3:⁠21, 22) അപ്പോൾ മാർഗനിർദേശക തത്ത്വം ഇതാണ്‌: നിങ്ങളുടെ വിവേചനാപ്രാപ്‌തിയെയും ചിന്താപ്രാപ്‌തിയെയും മന്ദീഭവിപ്പിക്കുന്ന അളവോളം കുടിക്കുന്നത്‌ വ്യക്തിപരമായി നിങ്ങൾക്ക്‌ അമിതമാണ്‌. എന്നാൽ നിങ്ങളുടെ പരിധി എത്രയാണെന്നു കണക്കാക്കുന്നതിൽ നിങ്ങൾ നിങ്ങളോടുതന്നെ സത്യസന്ധത പുലർത്തിയേ മതിയാകൂ!

15. അൽപ്പം മദ്യം കഴിക്കുന്നതുപോലും അമിതമായിരുന്നേക്കാവുന്നത്‌ എപ്പോൾ?

15 ചില സാഹചര്യങ്ങളിൽ അൽപ്പം മദ്യം കഴിക്കുന്നതുപോലും അമിതമായെന്നു വരാം. ഗർഭസ്ഥശിശുവിനു സംഭവിച്ചേക്കാവുന്ന അപകടത്തിന്റെ വീക്ഷണത്തിൽ ഒരു ഗർഭിണി മദ്യത്തിന്റെ ഉപയോഗം പൂർണമായും വർജിക്കാൻ തീരുമാനിച്ചേക്കാം. അതുപോലെ, മുമ്പ്‌ മദ്യാസക്തി സംബന്ധിച്ച പ്രശ്‌നം ഉണ്ടായിട്ടുള്ളവരോ മദ്യത്തിന്റെ ഉപയോഗത്തെ കുറ്റംവിധിക്കുന്ന മനഃസാക്ഷിയുള്ളവരോ ആയ ആളുകളുടെ സാന്നിധ്യത്തിൽ കുടിക്കാതിരിക്കുന്നത്‌ അവരോടുള്ള ദയ ആയിരിക്കുകയില്ലേ? സമാഗമന കൂടാരത്തിങ്കൽ പുരോഹിത വേല ചെയ്‌തുകൊണ്ടിരുന്നവരോട്‌ യഹോവ ഇപ്രകാരം കൽപ്പിച്ചു: “നീ . .  മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്‌.” (ലേവ്യപുസ്‌തകം 10:⁠8, 9) അതുകൊണ്ട്‌, ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകുകയോ വയൽശുശ്രൂഷയിൽ പങ്കെടുക്കുകയോ മറ്റ്‌ ആത്മീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയോ ചെയ്യുന്നതിനു മുമ്പായി ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. കൂടുതലായി, മദ്യനിരോധനം നിലവിലിരിക്കുകയോ അല്ലെങ്കിൽ മദ്യത്തിന്റെ ഉപയോഗത്തിനു പ്രത്യേക പ്രായപരിധി നിശ്ചയിക്കുകയോ ചെയ്‌തിട്ടുള്ള രാജ്യങ്ങളിൽ, രാജ്യത്തെ നിയമങ്ങൾ അനുസരിക്കേണ്ടതാണ്‌.​—⁠റോമർ 13:⁠1.

16. നിങ്ങൾക്കു മദ്യം വിളമ്പുമ്പോൾ എന്തു ചെയ്യണമെന്നതു സംബന്ധിച്ച്‌ നിങ്ങൾ എങ്ങനെ തീരുമാനമെടുക്കണം?

16 നിങ്ങൾക്കു മദ്യം കഴിക്കാനുള്ള ക്ഷണം ലഭിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുകയോ ചെയ്യുമ്പോൾ ആദ്യം ചോദിക്കേണ്ട ചോദ്യം ഇതാണ്‌: ‘ഞാൻ ഇതു കഴിക്കേണ്ടതുണ്ടോ?’ കഴിക്കാനാണ്‌ നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, നിങ്ങളുടെ പരിധി എത്രത്തോളമാണ്‌ എന്നതു മനസ്സിൽപ്പിടിക്കുക, ആ പരിധിവിട്ടു പോകാതിരിക്കുക. ഉദാരമതിയായ ഒരു ആതിഥേയന്റെ സമ്മർദത്തിനു വഴങ്ങി നിങ്ങളുടെ പരിധി ലംഘിക്കരുത്‌. ഇഷ്ടാനുസരണം കുടിക്കാൻ അവസരം കിട്ടുന്ന പാർട്ടികൾപോലെയുള്ള സാമൂഹിക കൂടിവരവുകൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക. പല സ്ഥലങ്ങളിലും കുട്ടികൾ മദ്യം കഴിക്കുന്നതിന്‌ എതിരെ നിയമമൊന്നുമില്ല. അതുകൊണ്ട്‌ മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ മക്കൾക്കു പ്രബോധനം നൽകാനും ഈ സംഗതിയിൽ അവർ എങ്ങനെ പ്രവർത്തിക്കുന്നെന്നു നിരീക്ഷിക്കാനും ഉള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്‌.​—⁠സദൃശവാക്യങ്ങൾ 22:⁠6.

പ്രശ്‌നം കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും

17. നിങ്ങൾക്ക്‌ മദ്യദുരുപയോഗം സംബന്ധിച്ച്‌ പ്രശ്‌നമുണ്ടോയെന്നു മനസ്സിലാക്കുന്നതിന്‌ എന്തിനു സഹായിക്കാൻ കഴിയും?

17 നിങ്ങൾ വീഞ്ഞിന്റെയോ ലഹരിപാനീയങ്ങളുടെയോ ദുരുപയോഗം സംബന്ധിച്ച പ്രശ്‌നത്തെ നേരിടുകയാണോ? മദ്യദുരുപയോഗം ഒരു രഹസ്യപാപമായി മാറുകയാണോ? ഒരു കാര്യം നിങ്ങൾക്ക്‌ ഉറപ്പാക്കാൻ കഴിയും, ഇന്നല്ലെങ്കിൽ നാളെ, അതു നിങ്ങളെ പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും. അതുകൊണ്ട്‌ സത്യസന്ധമായ ഒരു ആത്മപരിശോധന നടത്തുക. ആത്മവിചിന്തനത്തിന്‌ ഉതകുന്ന പിൻവരുന്നതു പോലെയുള്ള ചോദ്യങ്ങൾ ചോദിക്കുക: ‘ഞാൻ മുമ്പു കുടിച്ചിരുന്നതിനെക്കാൾ കൂടുതൽ ഇപ്പോൾ കുടിക്കുന്നുണ്ടോ? മുമ്പത്തേതിലും വീര്യംകൂടിയ മദ്യമാണോ ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത്‌? ഞാൻ പ്രശ്‌നങ്ങളിൽനിന്ന്‌ ഒളിച്ചോടാനായി കുടിക്കാറുണ്ടോ? ഒരു കുടുംബാംഗമോ സുഹൃത്തോ എന്റെ കുടിയെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടോ? ഞാൻ കുടിക്കുന്നതു കുടുംബത്തിൽ പ്രശ്‌നങ്ങൾക്കു കാരണമായിട്ടുണ്ടോ? ഒരാഴ്‌ചയോ ഒരു മാസമോ അല്ലെങ്കിൽ ഏതാനും മാസങ്ങളോ മദ്യം തൊടാതിരിക്കുന്നതു ബുദ്ധിമുട്ടാണെന്നു ഞാൻ കണ്ടെത്തിയിരിക്കുന്നുവോ? ഞാൻ കഴിക്കുന്ന വീഞ്ഞിന്റെയോ ലഹരിപാനീയങ്ങളുടെയോ കൃത്യമായ അളവ്‌ മറ്റുള്ളവരിൽനിന്നു മറച്ചുവെക്കുന്നുണ്ടോ?’ ഈ ചോദ്യങ്ങളിൽ ചിലതിനെങ്കിലുമുള്ള ഉത്തരം ഉവ്വ്‌ എന്നാണെങ്കിലോ? ‘തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ’ കണ്ടതിനുശേഷം ‘താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്ന’ ആളിനെപ്പോലെ ആകരുത്‌. (യാക്കോബ്‌ 1:22-24) പ്രശ്‌നം പരിഹരിക്കുന്നതിനു നടപടികൾ കൈക്കൊള്ളുക. നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

18, 19. മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങൾക്ക്‌ എങ്ങനെ നിറുത്താൻ കഴിയും?

18 അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ പ്രബോധിപ്പിച്ചു: ‘വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരാകുവിൻ.’ (എഫെസ്യർ 5:​18) നിങ്ങളെ സംബന്ധിച്ച്‌ അമിതമായ അളവ്‌ എത്രയെന്നു നിശ്ചയിക്കുകയും മദ്യത്തിന്റെ ഉപയോഗത്തിന്‌ ഉചിതമായ പരിധി വെക്കുകയും ചെയ്യുക. ഒരിക്കലും പരിധി ലംഘിക്കില്ലെന്ന ദൃഢനിശ്ചയം കൈക്കൊള്ളുക, ആത്മനിയന്ത്രണം (ഇന്ദ്രിയജയം) പാലിക്കുക. (ഗലാത്യർ 5:​22, 23) അമിതമായി കുടിക്കാൻ സമ്മർദം ചെലുത്തുന്ന സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടോ? ജാഗ്രത പാലിക്കുക. ബൈബിൾ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”​—⁠സദൃശവാക്യങ്ങൾ 13:⁠20.

19 ഏതെങ്കിലും പ്രശ്‌നത്തിൽനിന്ന്‌ ഒളിച്ചോടാനാണോ നിങ്ങൾ മദ്യം ഉപയോഗിക്കുന്നത്‌? എങ്കിൽ അതിനു പകരം പ്രശ്‌നത്തെ നേരിട്ട്‌ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. ദൈവവചനത്തിൽനിന്നുള്ള ബുദ്ധിയുപദേശം ബാധകമാക്കുന്നതിനാൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. (സങ്കീർത്തനം 119:⁠105) ആശ്രയയോഗ്യനായ ഒരു ക്രിസ്‌തീയ മൂപ്പന്റെ സഹായം തേടാൻ മടിക്കരുത്‌. നിങ്ങളുടെ ആത്മീയത കെട്ടുപണി ചെയ്യാനായി യഹോവ ചെയ്‌തിരിക്കുന്ന കരുതലുകൾ നന്നായി ഉപയോഗപ്പെടുത്തുക. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക. ക്രമമായി അവനോടു പ്രാർഥിക്കുക, പ്രത്യേകിച്ച്‌ നിങ്ങളുടെ ദൗർബല്യങ്ങളെക്കുറിച്ച്‌. നിങ്ങളുടെ ‘ഹൃദയത്തെയും അന്തരംഗത്തെയും’ ശോധന ചെയ്യാൻ ദൈവത്തോട്‌ അപേക്ഷിക്കുക. (സങ്കീർത്തനം 26:⁠2) മുൻ ലേഖനത്തിൽ പഠിച്ചതുപോലെ നിർമലതയുടെ പാതയിൽ നടക്കാൻ പരമാവധി ശ്രമിക്കുക.

20. മദ്യത്തിന്റെ അമിത ഉപയോഗം ഒരു പ്രശ്‌നമായി തുടരുന്നെങ്കിൽ നിങ്ങൾ എന്തു പടി സ്വീകരിക്കേണ്ടതായി വന്നേക്കാം?

20 നിങ്ങൾ വളരെ ശ്രമിച്ചിട്ടും മദ്യപാനം പരിധിവിട്ടു പോകുന്നെങ്കിലോ? അങ്ങനെയെങ്കിൽ നിങ്ങൾ യേശുവിന്റെ ഈ ബുദ്ധിയുപദേശം അനുസരിക്കണം: “നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക; ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ [“ഗീഹെന്ന,” NW] പോകുന്നതിനെക്കാൾ നിനക്കു നല്ല[ത്‌].” (മർക്കൊസ്‌ 9:⁠43, 44) അത്തരമൊരു സാഹചര്യത്തിൽ മദ്യത്തിന്റെ ഉപയോഗം പാടേ നിറുത്തുകയാണു വേണ്ടത്‌. ഒരു സ്‌ത്രീ​—⁠അവരെ നമുക്ക്‌ ഐറിൻ എന്നു വിളിക്കാം​—⁠അതാണു ചെയ്‌തത്‌: അവർ പറയുന്നു: “മദ്യത്തിന്റെ ഉപയോഗം ഞാൻ പൂർണമായി നിറുത്തിയിട്ട്‌ ഏകദേശം രണ്ടര വർഷമായി. ഇപ്പോൾ ചിലപ്പോഴൊക്കെ, കുറച്ച്‌ മദ്യം കഴിക്കുന്നതുകൊണ്ടു വലിയ കുഴപ്പമൊന്നും വരാനില്ല, ഞാൻ അതിനോട്‌ എങ്ങനെ പ്രതികരിക്കുന്നെന്നു കാണുകയും ചെയ്യാമല്ലോ എന്നിങ്ങനെയുള്ള ചിന്തകൾ മനസ്സിലേക്കു വരാറുണ്ട്‌. എന്നാൽ അങ്ങനെ തോന്നുന്ന നിമിഷംതന്നെ ഞാൻ യഹോവയോടു പ്രാർഥിക്കുന്നു. പുതിയ വ്യവസ്ഥിതി വരുന്നതുവരെ മദ്യം തൊടുകയില്ല എന്നുള്ള ദൃഢനിശ്ചയത്തിലാണു ഞാൻ, അപ്പോഴത്തെ കാര്യംതന്നെ കണ്ടറിയണം.” നീതി വസിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതത്തോടു താരതമ്യപ്പെടുത്തുമ്പോൾ മദ്യം പൂർണമായി വർജിക്കുന്നത്‌ അത്ര വലിയ ത്യാഗമൊന്നുമല്ല.—2 പത്രൊസ്‌ 3:⁠13.

“പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ”

21, 22. ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ ഫിനിഷിങ്‌ ലൈനിൽ എത്തുന്നതിൽനിന്നു നമ്മെ തടയാൻ എന്തിനു കഴിയും, അതിനെ നമുക്ക്‌ എങ്ങനെ മറികടക്കാം?

21 ക്രിസ്‌തീയ ജീവിതഗതിയെ ഒരു മത്സരയോട്ടത്തോട്‌ ഉപമിച്ചുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു [‘സമ്മാനാർഹനാകുന്നത്‌ ഒരുവൻ മാത്രമാണ്‌,’ പി.ഒ.സി. ബൈ.] എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു [“ആത്മനിയന്ത്രണം പാലിക്കുന്നു,” പി.ഒ.സി. ബൈ]. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ. ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നത്‌.”​—⁠1 കൊരിന്ത്യർ 9:⁠24-27.

22 ഓട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്കു മാത്രമേ സമ്മാനം കിട്ടുകയുള്ളൂ. ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ, ഫിനിഷിങ്‌ ലൈനിൽ എത്തുന്നതിൽനിന്നു നമ്മെ തടയാൻ മദ്യദുരുപയോഗത്തിനു കഴിയും. അതുകൊണ്ട്‌ നാം ആത്മനിയന്ത്രണം പാലിക്കണം. ദൃഢനിശ്ചയത്തോടെയുള്ള ഓട്ടം “അമിതമായ വീഞ്ഞുകുടി”യിൽ ഏർപ്പെടാതിരിക്കേണ്ടത്‌ ആവശ്യമാക്കിത്തീർക്കുന്നു. (1 പത്രൊസ്‌ 4:⁠3, NW) മറിച്ച്‌ എല്ലാ കാര്യങ്ങളിലും നാം ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്‌. മദ്യത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട്‌ നാം “ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ” ജീവിക്കുന്നതു ജ്ഞാനമായിരിക്കും.​—⁠തീത്തൊസ്‌ 2:⁠13.

[അടിക്കുറിപ്പുകൾ]

^ ഖ. 2 ബിയർ, വീഞ്ഞ്‌, വീര്യം കൂടിയ മറ്റു ലഹരിപാനീയങ്ങൾ എന്നിവയെ എല്ലാം ഉൾപ്പെടുത്തിയാണ്‌ ഈ ലേഖനത്തിൽ “മദ്യം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• മദ്യദുരുപയോഗം എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌?

• മദ്യദുരുപയോഗത്തിന്റെ ദോഷഫലങ്ങൾ എന്തെല്ലാം?

• നിങ്ങൾക്കു മദ്യദുരുപയോഗത്തിന്റെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാൻ കഴിയും?

• മദ്യദുരുപയോഗം സംബന്ധിച്ച പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാനാകും?

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ചിത്രം]

‘വീഞ്ഞ്‌ മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു’

[20-ാം പേജിലെ ചിത്രം]

നാം നമ്മുടെ വ്യക്തിപരമായ പരിധി അറിഞ്ഞ്‌ അതിനെ മറികടക്കാതിരിക്കാൻ ശ്രദ്ധിക്കണം

[21-ാം പേജിലെ ചിത്രം]

പരിധി എത്രയാണെന്നു മുന്നമേ നിശ്ചയിക്കുക

[22-ാം പേജിലെ ചിത്രം]

നിങ്ങളുടെ ദൗർബല്യങ്ങളെക്കുറിച്ചു സ്ഥിരമായി യഹോവയോടു പ്രാർഥിക്കുക

[23-ാം പേജിലെ ചിത്രം]

മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ മക്കൾക്കു പ്രബോധനം നൽകാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്‌