മനുഷ്യന്റെമാത്രം സവിശേഷത
മനുഷ്യന്റെമാത്രം സവിശേഷത
ജോഡി ഒരു ബിസിനസ്സുകാരനാണ്. മരണമടഞ്ഞ ആളുകളുടെ വസ്‌തുവകകൾ ഇനംതിരിച്ച് അവയുടെ മൂല്യം കണക്കാക്കാൻ അവകാശികളെ സഹായിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ തൊഴിൽ. ഒരിക്കൽ അദ്ദേഹം ഒരു സ്‌ത്രീയുടെ മരിച്ചുപോയ സഹോദരിയുടെ വീട്ടുസാധനങ്ങൾ ഇനംതിരിച്ച് വിൽക്കാൻ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിശോധനയ്‌ക്കിടയിൽ പഴയ ഒരു നെരിപ്പോടിന് അരികിലായി മീൻപിടിക്കുന്നതിനുള്ള സാമഗ്രികൾ നിറച്ച രണ്ടു പെട്ടികൾ കണ്ട ജോഡി അതിൽ ഒരെണ്ണം തുറന്നുനോക്കി. അദ്ദേഹത്തിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അലൂമിനിയം കടലാസ്സിൽ പൊതിഞ്ഞ 100 ഡോളറിന്റെ നോട്ടുകൾ—ആകെ 82,000 ഡോളർ! മുറിയിൽ ജോഡി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം എന്താണു ചെയ്യേണ്ടത്? ആരെയും അറിയിക്കാതെ പണം എടുക്കണമോ അതോ പണം കിട്ടിയ വിവരം ആ സ്‌ത്രീയോടു പറയണമോ?
ജോഡിയുടെ ധർമസങ്കടം, നമ്മെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന ഒരു സവിശേഷത എടുത്തുകാട്ടുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്‌താവിക്കുന്നു: “മനുഷ്യരാശിയുടെ സവിശേഷ ഗുണങ്ങളിലൊന്ന്, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവാണ്.” മേശപ്പുറത്ത് ഒരു ഇറച്ചിക്കഷണം കാണുന്ന നായ, ഒരിക്കലും അതു തിന്നണമോ വേണ്ടയോ എന്നു സംശയിച്ചുനിൽക്കുകയില്ല. എന്നാൽ ജോഡിക്ക് തന്റെ തീരുമാനത്തിനു പിന്നിലെ ധാർമികത തൂക്കിനോക്കാനുള്ള കഴിവുണ്ട്. അയാൾ ആ പണം എടുക്കുകയാണെങ്കിൽ അതു മോഷണമാണ്, എന്നാൽ പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്നുതന്നെ പറയാം. അത് അയാൾക്ക് അവകാശപ്പെട്ടതല്ല, എന്നാൽ ആ പണം അവകാശപ്പെട്ട സ്‌ത്രീക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല. മാത്രമല്ല, പണം ആ സ്‌ത്രീക്കു കൊടുത്താൽ ജോഡിയുടെ പ്രദേശത്തുള്ള മിക്ക ആളുകളും അയാൾ ഒരു വിഡ്‌ഢിയാണെന്നേ കരുതുകയുള്ളൂ.
ജോഡിയുടെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? അതിനുള്ള ഉത്തരം നിങ്ങൾ പിൻപറ്റാൻ തിരഞ്ഞെടുത്തിരിക്കുന്ന സദാചാരമൂല്യങ്ങളെ ആശ്രയിച്ചിരിക്കും.
തെറ്റും ശരിയും സംബന്ധിച്ച നിലവാരങ്ങൾ
കാലങ്ങളായി, ആളുകൾ പിൻപറ്റിയിരുന്ന സദാചാര നിലവാരങ്ങൾ പൊതുവേ നിശ്ചയിച്ചിരുന്നത് മതം ആയിരുന്നു. പല സമൂഹങ്ങളിലും ദൈവവചനമായ ബൈബിൾ സ്വാധീനം ചെലുത്തിയിരുന്നു. എന്നിരുന്നാലും ലോകവ്യാപകമായി അനേകർ വ്യത്യസ്‌ത മതങ്ങളുടെ നിലവാരങ്ങളെ അപ്രായോഗികമെന്നും ബൈബിളിന്റെ ധാർമിക തത്ത്വങ്ങളെ കാലഹരണപ്പെട്ടതെന്നും മുദ്രകുത്തി തള്ളിക്കളഞ്ഞിരിക്കുന്നു. പകരം എന്താണു രംഗപ്രവേശം ചെയ്‌തിട്ടുള്ളത്? വ്യാവസായിക ജീവിതത്തിൽ സദാചാരം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു: “മുമ്പ് മതത്തിനുണ്ടായിരുന്ന ആധികാരികത . . . ഇപ്പോൾ ലൗകിക യുക്തി കയ്യടക്കിയിരിക്കുന്നു.” സദാചാര നിലവാരങ്ങൾ സംബന്ധിച്ച മാർഗനിർദേശത്തിനായി മതപരമായ ഉറവുകളിലേക്കു തിരിയുന്നതിനു പകരം പലരും ലൗകിക സദാചാര വിദഗ്‌ധരിലേക്കു നോക്കുന്നു. ജൈവധർമശാസ്‌ത്ര വിദഗ്‌ധനായ പോൾ മക്‌നീൽ പറയുന്നു: “എന്റെ അഭിപ്രായത്തിൽ സദാചാര വിദഗ്‌ധർ ഇപ്പോൾ പുരോഹിതന്മാരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് . . . മുമ്പത്തെപ്പോലെ മതമല്ല, മറിച്ച് സദാചാരബോധമാണ് ഇന്ന് ആളുകളെ വഴിനയിക്കുന്നത്.”
ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ നിങ്ങൾ ശരിയും തെറ്റും എങ്ങനെ വിവേചിക്കും? നിങ്ങളുടെ സദാചാര നിലവാരങ്ങൾ നിശ്ചയിക്കുന്നതു ദൈവമാണോ അതോ നിങ്ങൾതന്നെയാണോ?