“മികച്ച” ഒരു പരിഭാഷ
“മികച്ച” ഒരു പരിഭാഷ
ഒരു കണക്കുപ്രകാരം, 1952-നും 1990-നും ഇടയ്‌ക്ക് ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ 55-ഓളം പുതിയ ഇംഗ്ലീഷ് പരിഭാഷകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിഭാഷകർക്ക് പദങ്ങളും പദപ്രയോഗങ്ങളുമൊക്കെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാൽ രണ്ട് പരിഭാഷകൾ ഒരിക്കലും ഒരേപോലെ ആയിരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. പരിഭാഷകളുടെ വിശ്വാസ്യത തിട്ടപ്പെടുത്തുന്നതിനായി യു.എസ്.എ.-യിലെ അരിസോണയിലുള്ള ഫ്‌ളാഗ്‌സ്റ്റാഫിലെ നോർതേൺ അരിസോണ യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ജയ്‌സൺ ബെഡൂൺ, എട്ടു പ്രമുഖ പരിഭാഷകൾ പരിശോധിക്കുകയും കൃത്യതയ്‌ക്കായി താരതമ്യപഠനം നടത്തുകയും ചെയ്‌തു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ബൈബിളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പരിശോധനയിൽനിന്ന് എന്തു വ്യക്തമായി?
പുതിയലോക ഭാഷാന്തരത്തിന്റെ പരിഭാഷയിൽ അദ്ദേഹത്തിനു യോജിക്കാൻ കഴിയാത്ത ചില കാര്യങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ബെഡൂൺ അതിനെ “മികച്ച” ഒരു പരിഭാഷ എന്നു വിശേഷിപ്പിക്കുകയുണ്ടായി. പരിശോധിച്ച മറ്റു ചില ഭാഷാന്തരങ്ങളോടുള്ള താരതമ്യത്തിൽ, ഇത് “വളരെ മെച്ചവും” “ആന്തരിക യോജിപ്പുള്ളതും” ആണെന്ന് അദ്ദേഹം പറഞ്ഞു. ആകമാനം നോക്കിയാൽ, പുതിയലോക ഭാഷാന്തരം “പുതിയ നിയമത്തിന്റെ ഇന്നു ലഭ്യമായിരിക്കുന്ന ഏറ്റവും കൃത്യതയുള്ള ഇംഗ്ലീഷ് പരിഭാഷകളിൽ ഒന്നാണ്” എന്ന് ബെഡൂൺ അഭിപ്രായപ്പെട്ടു. കൂടാതെ, “താരതമ്യപഠനത്തിനു തിരഞ്ഞെടുത്ത പരിഭാഷകളിൽ ഏറ്റവും കൃത്യതയുള്ളതും,” ബെഡൂൺ കൂട്ടിച്ചേർത്തു.—പരിഭാഷയിലെ പരമാർഥത: പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളിലെ കൃത്യതയും പരിഭാഷകരുടെ മുൻവിധിയും (ഇംഗ്ലീഷ്).
ഇനി, പല പരിഭാഷകരും “ബൈബിളിനു പറയാനുള്ളത് പരാവർത്തനം ചെയ്യുകയോ കൂടുതലായി വിശദീകരിക്കുകയോ ചെയ്‌തുകൊണ്ട്, ആധുനിക വായനക്കാരൻ എന്തു വായിക്കാൻ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവോ അതിനോടുള്ള ചേർച്ചയിൽ പരിഭാഷ നിർവഹിക്കാനുള്ള” സമ്മർദത്തിന് അടിപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. എന്നാൽ, പുതിയലോക ഭാഷാന്തരം വ്യത്യസ്‌തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “പുതിയ നിയമത്തിന്റെ എഴുത്തുകാർ ഉപയോഗിച്ച മൂലവാക്കുകളുടെ അക്ഷരീയവും അവധാനപൂർവവുമായ പരിഭാഷയെന്നനിലയിൽ അതു പുലർത്തുന്ന കൂടുതലായ കൃത്യതയാണ്” അതിനു കാരണമായി ബെഡൂൺ ചൂണ്ടിക്കാട്ടിയത്.
‘പുതിയലോക ഭാഷാന്തര പരിഭാഷ കമ്മറ്റി’ ഈ ഭാഷാന്തരത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾപോലെ, വിശുദ്ധതിരുവെഴുത്തുകൾ അതിന്റെ മൂല ഭാഷകളിൽനിന്ന് ആധുനിക ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യുക എന്നത് “അത്യന്തം ഉത്തരവാദിത്വപ്പെട്ട ഒരു കാര്യമാണ്.” കമ്മറ്റി തുടരുന്നു: “വിശുദ്ധതിരുവെഴുത്തുകളുടെ ദിവ്യഗ്രന്ഥകർത്താവിനെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഇതിന്റെ പരിഭാഷകർക്ക്, ആ ഗ്രന്ഥകർത്താവിന്റെ ചിന്തകളും പ്രഖ്യാപനങ്ങളും കഴിയുന്നത്ര കൃത്യതയോടെ കൈമാറ്റം ചെയ്യാൻ അവനോട് ഒരു പ്രത്യേക കടപ്പാടു തോന്നുന്നു.”
ഇതിന്റെ ആദ്യ പ്രസാധനം 1961-ൽ ആയിരുന്നു. ഇന്നോളം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം 32 ഭാഷകളിൽ ലഭ്യമായിട്ടുണ്ട്, രണ്ടെണ്ണം ബ്രെയിൽലിപിയിലും. പുതിയലോക ഭാഷാന്തരത്തിന്റെ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ അഥവാ “പുതിയ നിയമം” മാത്രം മറ്റു 18 ഭാഷകളിലും ഒരു ബ്രെയിൽലിപിയിലും ലഭ്യമാണ്. ദൈവവചനത്തിന്റെ ആധുനികവും ‘മികച്ചതുമായ’ ഈ പരിഭാഷ വായിക്കാൻ, ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.