യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
വർഷം പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 1473. മോവാബ് സമഭൂമിയിൽ പാളയമടിച്ചിരുന്ന ഇസ്രായേൽ ജനം പിൻവരുന്ന വാക്കുകൾ കേട്ടു കോരിത്തരിച്ചിട്ടുണ്ടാകണം: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ.” (യോശുവ 1:11) അങ്ങനെ 40 വർഷത്തെ അവരുടെ മരുപ്രയാണത്തിനു തിരശ്ശീല വീഴുകയായി.
രണ്ടു ദശകവും ഏതാനും വർഷങ്ങളുംകൂടെ കടന്നുപോയി. അപ്പോൾ അവരുടെ നായകനായ യോശുവ കനാൻദേശത്തിന്റെ ഹൃദയഭാഗത്തു നിന്നുകൊണ്ട് ഇസ്രായേലിലെ സകല മൂപ്പന്മാരോടും ഇപ്രകാരം പറഞ്ഞു: “ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; [“നീക്കിക്കളഞ്ഞുകൊണ്ടിരുന്നു,” NW] നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്‌ദാനം ചെയ്‌തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും [“ചെയ്‌തിരിക്കുന്നു,” NW].”—യോശുവ 23:4, 5.
ആ 22 വർഷത്തെ സംഭവവികാസങ്ങളുടെ ഉദ്വേഗജനകമായ ഒരു ചരിത്ര വിവരണമാണ് യോശുവ എന്ന ബൈബിൾ പുസ്‌തകത്തിൽ ഉള്ളത്. അത് എഴുതിയത് യോശുവതന്നെയാണ്, പൊ.യു.മു. 1450-ൽ. അന്നു വാഗ്‌ദത്ത ദേശം കൈവശമാക്കാൻ തയ്യാറായി നിന്നിരുന്ന ഇസ്രായേൽ മക്കളുടേതിനു സമാനമായ സാഹചര്യത്തിലാണ് ഇന്നു വാഗ്‌ദത്ത പുതിയ ലോകത്തിന്റെ കവാടത്തിങ്കൽ എത്തിനിൽക്കുന്ന നാം. അതിനാൽ അതീവ താത്‌പര്യത്തോടെ നമുക്ക് യോശുവ എന്ന ബൈബിൾ പുസ്‌തകത്തിന്റെ ഉള്ളടക്കത്തിലേക്കു കടക്കാം.—എബ്രായർ 4:12.
“യെരീഹോസമഭൂമി”യിലേക്ക്
എത്ര വലിയൊരു നിയമനമാണ് യോശുവയ്‌ക്കു ലഭിക്കുന്നത്! യഹോവ അവനോട് ഇങ്ങനെ പറയുന്നു: “എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ ഇസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.” (യോശുവ 1:2) ബഹുലക്ഷങ്ങൾ വരുന്ന ഒരു ജനതയെ വാഗ്‌ദത്ത ദേശത്തേക്കു നയിക്കുക എന്നതാണ് അവന്റെ നിയോഗം. അതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ അവൻ യെരീഹോയിലേക്കു രണ്ട് ഒറ്റുകാരെ അയയ്‌ക്കുന്നു, ആദ്യം പിടിച്ചടക്കേണ്ട നഗരമാണ് യെരീഹോ. ആ നഗരത്തിലാണ് രാഹാബ് എന്ന വേശ്യ താമസിക്കുന്നത്. യഹോവ തന്റെ ജനത്തിനുവേണ്ടി പ്രവർത്തിച്ച വീര്യപ്രവൃത്തികളെക്കുറിച്ചൊക്കെ അവൾ കേട്ടിട്ടുണ്ട്. അവൾ ആ രണ്ട് ഒറ്റുകാരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു. പകരം, നഗരം നശിപ്പിക്കുമ്പോൾ അവൾക്കു സംരക്ഷണം നൽകാമെന്ന് അവർ വാക്കുകൊടുക്കുന്നു.
ഒറ്റുകാർ തിരിച്ചെത്തി. യോശുവയും ജനങ്ങളും ഇപ്പോൾ യോർദ്ദാൻ കടക്കാനുള്ള തയ്യാറെടുപ്പിലാണ്. തീരം കവിഞ്ഞൊഴുകുന്ന യോർദ്ദാൻ നദി അവർക്കൊരു തടസ്സമാകുന്നില്ല. കാരണം യഹോവ അവർക്കുവേണ്ടി പ്രവർത്തിക്കുന്നു. മുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളം ചിറപോലെ നിൽക്കാനും താഴ്‌ഭാഗത്തുള്ള വെള്ളം ചാവുകടലിലേക്കു വാർന്നുപോകാനും അവൻ ഇടയാക്കുന്നു. യോർദ്ദാന് അക്കരെ കടന്ന ഇസ്രായേല്യർ യെരീഹോയ്‌ക്ക് അടുത്തുള്ള ഗിൽഗാലിൽ പാളയമടിക്കുന്നു. നാലു ദിവസം കഴിഞ്ഞ്, ആബീബ് മാസം 14-ാം തീയതി സന്ധ്യാസമയത്ത് അവർ യെരീഹോസമഭൂമിയിൽവെച്ചു പെസഹ ആചരിക്കുന്നു. (യോശുവ 5:10) പിറ്റേന്ന് അവർ ദേശത്തെ വിളവിൽ ചിലതു ഭക്ഷിക്കുന്നു, അതോടെ ദൈവം മന്നാ പ്രദാനം ചെയ്യുന്നതു നിറുത്തുന്നു. ഈ സമയത്ത്, മരുഭൂമിയിൽവെച്ചു ജനിച്ച പുരുഷപ്രജകളെയെല്ലാം യോശുവ പരിച്ഛേദന ചെയ്യിക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:4, 5—ഒറ്റുകാരെ അന്വേഷിച്ചുവന്ന രാജാവിന്റെ ആളുകൾക്ക് രാഹാബ് തെറ്റായ വിവരം നൽകിയത് എന്തുകൊണ്ടാണ്? രാഹാബ് സ്വന്തം ജീവൻ പണയംവെച്ച് ഒറ്റുകാരെ രക്ഷിക്കുന്നത് യഹോവയിലുള്ള വിശ്വാസം അവളുടെ ഹൃദയത്തിൽ വേരെടുത്തിരുന്നതിനാലാണ്. അതിനാൽ, ദൈവജനത്തെ ദ്രോഹിക്കാൻ ശ്രമിക്കുകയായിരുന്നവരോട് ഒറ്റുകാരെക്കുറിച്ചുള്ള വിവരങ്ങളൊന്നും വെളിപ്പെടുത്താനുള്ള കടപ്പാട് അവൾക്കില്ലായിരുന്നു. (മത്തായി 7:6; 21:23-27; യോഹന്നാൻ 7:3-10) രാഹാബ് ‘പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടു’ എന്നു ബൈബിൾ പറയുന്നു. അതിൽ രാജാവിന്റെ ദൂതന്മാരെ വഴിതിരിച്ചുവിട്ടതും ഉൾപ്പെടുന്നു.—യാക്കോബ് 2:24-26.
5:14, 15—“യഹോവയുടെ സൈന്യത്തിന്റെ അധിപതി” ആരാണ്? വാഗ്‌ദത്ത ദേശത്തിന്റെ ജയിച്ചടക്കൽ തുടങ്ങാനിരിക്കെ, യോശുവയ്‌ക്കു ധൈര്യംപകരാൻ എത്തിയ സേനാധിപതി, മനുഷ്യപൂർവ അസ്‌തിത്വത്തിലായിരുന്ന “വചനം” എന്ന യേശുക്രിസ്‌തുവല്ലാതെ മറ്റാരുമായിരിക്കാൻ സാധ്യതയില്ല. (യോഹന്നാൻ 1:1; ദാനീയേൽ 10:13) ഇന്നു ദൈവജനം ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്‌തു അവരോടൊപ്പം ഉണ്ടെന്നറിയുന്നത് അവർക്ക് എത്രമാത്രം ധൈര്യം പകരുന്നു!
നമുക്കുള്ള പാഠങ്ങൾ:
1:7-9. ബൈബിൾ ദിനംതോറും വായിക്കുന്നതും അതിലെ കാര്യങ്ങളെക്കുറിച്ചു പതിവായി ധ്യാനിക്കുന്നതും പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തുന്നതും ആത്മീയ ഉദ്യമങ്ങളിൽ വിജയം വരിക്കുന്നതിന് അനുപേക്ഷണീയമാണ്.
1:11. ഭക്ഷണസാധനങ്ങൾ ദൈവം നൽകിക്കൊള്ളുമെന്നു വിചാരിച്ച് മടിപിടിച്ച് ഇരിക്കാതെ ആവശ്യത്തിനുള്ള ഭക്ഷണം കരുതുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്‌തുകൊള്ളാൻ യോശുവ ജനത്തോടു പറഞ്ഞു. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠപ്പെടുന്നതു നിറുത്താൻ പറഞ്ഞതിനോടൊപ്പം യേശു ഒരു വാഗ്‌ദാനവും ചെയ്‌തു, “ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” എന്നാൽ ഇതിന്റെ അർഥം ഉപജീവനത്തിനായി നാം ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരുന്നാൽ മതി എന്നല്ല.—മത്തായി 6:25, 33.
2:4-13. യഹോവയുടെ വീര്യപ്രവൃത്തികളെക്കുറിച്ചു കേൾക്കുകയും അത് ഒരു നിർണായകഘട്ടമാണെന്നു തിരിച്ചറിയുകയും ചെയ്‌ത രാഹാബ്, അവന്റെ ആരാധകരുടെ പക്ഷം ചേരാൻ തീരുമാനമെടുക്കുന്നു. കുറച്ചുകാലമായി ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ നാം ജീവിക്കുന്നത് ‘അന്ത്യകാലത്താണ്’ എന്നു തിരിച്ചറിയവേ, ദൈവത്തെ സേവിക്കാനുള്ള തീരുമാനം നിങ്ങൾ കൈക്കൊള്ളേണ്ടതല്ലേ?—2 തിമൊഥെയൊസ് 3:1.
3:15. യെരീഹോയിലേക്ക് അയച്ച ഒറ്റുകാർ മടങ്ങിവന്ന് അനുകൂലമായ റിപ്പോർട്ടു നൽകിയപ്പോൾ യോശുവ സത്വരം നടപടിയെടുക്കുന്നു. യോർദ്ദാനിലെ വെള്ളം താഴാനായി അവൻ കാത്തിരിക്കുന്നില്ല. സമാനമായി, സത്യാരാധന ഉൾപ്പെടുന്ന സംഗതികളുടെ കാര്യത്തിൽ സാഹചര്യം കൂടുതൽ അനുകൂലമാകുന്നതുവരെ വെച്ചുതാമസിപ്പിക്കാതെ നാം ധൈര്യപൂർവം പ്രവർത്തിക്കേണ്ടതുണ്ട്.
4:4-8, 20-24. യോർദ്ദാൻ നദീതടത്തിൽനിന്ന് എടുത്ത 12 കല്ലുകൾ ഇസ്രായേല്യർക്ക് ഒരു സ്‌മാരകമായി വർത്തിക്കേണ്ടിയിരുന്നു. അതുപോലെ ആധുനികകാലത്തെ തന്റെ ദാസരെ ശത്രുക്കളിൽനിന്നു സംരക്ഷിച്ചുകൊണ്ടുള്ള യഹോവയുടെ രക്ഷാനടപടികൾ അവൻ അവരോടുകൂടെയുണ്ട് എന്നതിന് ഒരു സ്‌മാരകമായി നിലകൊള്ളുന്നു.
ജൈത്രയാത്ര തുടരുന്നു
യെരീഹോ നഗരം “അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.” (യോശുവ 6:1) നഗരം പിടിച്ചടക്കാൻ എങ്ങനെ കഴിയുമായിരുന്നു? യഹോവ യോശുവയ്‌ക്ക് യുദ്ധതന്ത്രം പറഞ്ഞുകൊടുക്കുന്നു. താമസിയാതെ നഗരമതിൽ ഇടിഞ്ഞുവീഴുകയും നഗരം നശിക്കുകയും ചെയ്യുന്നു. രാഹാബും അവളുടെ വീട്ടുകാരും മാത്രം സംരക്ഷിക്കപ്പെടുന്നു.
അടുത്ത ആക്രമണലക്ഷ്യം രാജനഗരമായ ഹായിയാണ്. ആ നഗരത്തിൽ നിവാസികൾ കുറവാണെന്നും പിടിച്ചടക്കാൻ അധികം യോദ്ധാക്കളുടെ ആവശ്യമില്ലെന്നും ഒറ്റുകാർ വന്നു റിപ്പോർട്ടു ചെയ്യുന്നു. എന്നിരുന്നാലും, അവിടേക്കു പോയ ഏതാണ്ട് 3,000 പടയാളികൾ ഹായിയിലെ പുരുഷന്മാരുടെ മുമ്പിൽ തോറ്റോടുന്നു. എന്താണ് കാരണം? യഹോവ ഇസ്രായേല്യരോടൊപ്പം ഇല്ല. യെരീഹോയെ ആക്രമിച്ചപ്പോൾ യഹൂദാ ഗോത്രത്തിൽപ്പെട്ട ആഖാൻ പാപം ചെയ്യുന്നു. ആ പ്രശ്‌നം കൈകാര്യം ചെയ്‌തശേഷം യോശുവ വീണ്ടും ഹായി നഗരത്തെ ആക്രമിക്കുന്നു. ഒരിക്കൽ തങ്ങളുടെ മുമ്പിൽനിന്നു ജീവനുംകൊണ്ടോടിയ ഇസ്രായേല്യരോടു വീണ്ടും പൊരുതാൻ ഹായി രാജാവിനു വലിയ
ഉത്സാഹമാണ്. എന്നാൽ യോശുവ ഹായി നിവാസികളുടെ അമിത ആത്മവിശ്വാസത്തെ മുതലെടുത്തുകൊണ്ട് യുദ്ധതന്ത്രം ആവിഷ്‌കരിക്കുന്നു. അങ്ങനെ നഗരം യോശുവ പിടിച്ചടക്കുന്നു.അടുത്തത് ഗിബെയോൻ ആണ്. അത് “വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും” ആയിരുന്നു. (യോശുവ 10:2) ഇസ്രായേല്യർ യെരീഹോയെയും ഹായിയെയും നിലംപരിചാക്കിയതിനെക്കുറിച്ചു കേൾക്കുമ്പോൾ ഗിബെയോനിലെ പുരുഷന്മാർ ഒരു ഉപായം പ്രയോഗിച്ച് യോശുവയുമായി സമാധാന സന്ധി ഉണ്ടാക്കുന്നു. എന്നാൽ ചുറ്റുമുള്ള രാജ്യങ്ങൾ ഈ കൂട്ടുകെട്ടിനെ തങ്ങൾക്കു ഭീഷണിയായി കാണുന്നു. അതുകൊണ്ട് അവരിൽ അഞ്ചു രാജാക്കന്മാർ സഖ്യംചേർന്ന് ഗിബെയോനെതിരെ പടവെട്ടുന്നു. ഇസ്രായേല്യർ ഗിബെയോന്റെ രക്ഷയ്‌ക്കെത്തി ആക്രമണകാരികളെ ഒന്നടങ്കം തൂത്തെറിയുന്നു. യോശുവയുടെ നേതൃത്വത്തിലുള്ള ഇസ്രായേലിന്റെ മറ്റു വിജയഗാഥകളിൽ തെക്കും പടിഞ്ഞാറുമുള്ള നഗരങ്ങൾ പിടിച്ചടക്കിയതും വടക്കുള്ള രാജാക്കന്മാരുടെ സഖ്യത്തെ തോൽപ്പിച്ചതും ഉൾപ്പെടുന്നു. യോർദ്ദാൻ നദിക്കു പടിഞ്ഞാറ് മൊത്തം 31 രാജാക്കന്മാർ അവർക്ക് അടിയറവുപറഞ്ഞു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
10:13—ഇത്തരമൊരു പ്രതിഭാസം സംഭവിക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ? സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ “യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” (ഉല്‌പത്തി 18:14) ഭൂമിയിൽനിന്നു നോക്കുന്ന ഒരു വ്യക്തിക്ക് സൂര്യനും ചന്ദ്രനും നിശ്ചലമായി നിൽക്കുന്നുവെന്നു തോന്നുന്ന വിധത്തിൽ ഭൂമിയുടെ ചലനം നിയന്ത്രിക്കാൻ വേണമെങ്കിൽ യഹോവയ്‌ക്കു കഴിയും. ഇനി അതല്ലെങ്കിൽ, ഭൂമിയും ചന്ദ്രനും ചലിക്കുമ്പോൾത്തന്നെ സൂര്യനിൽനിന്നും ചന്ദ്രനിൽനിന്നുമുള്ള വെളിച്ചം ഭൂമിയിൽ തുടർന്നും കിട്ടത്തക്കവണ്ണം പ്രകാശ രശ്‌മികൾക്ക് അപവർത്തനം സംഭവിപ്പിക്കാൻ അവനു കഴിയും. എന്തുതന്നെ ആയിരുന്നാലും, മാനവചരിത്രത്തിൽ “ആ ദിവസംപോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.”—യോശുവ 10:14.
10:13—എന്താണ് ശൂരന്മാരുടെ പുസ്‌തകം? ഈ പുസ്‌തകത്തെക്കുറിച്ച് 2 ശമൂവേൽ 1:18-ലും നാം കാണുന്നു. ഇസ്രായേലിലെ ശൗൽ രാജാവിന്റെയും മകൻ യോനാഥാന്റെയും മരണദുഃഖത്തിൽ എഴുതപ്പെട്ട “ധനുർഗ്ഗീതം” എന്ന ഒരു വിലാപകാവ്യത്തോടുള്ള ബന്ധത്തിലാണത്. സാധ്യതയനുസരിച്ച് ഈ പുസ്‌തകം ഇസ്രായേൽ ജനതയുടെ ചരിത്രത്തിലെ അവർക്കു സുപരിചിതമായിരുന്ന സവിശേഷ സംഭവങ്ങളെ ആധാരമാക്കിയുള്ള ഒരു കവിതാസമാഹാരമോ ഗാനശേഖരമോ ആയിരുന്നിരിക്കാം.
നമുക്കുള്ള പാഠങ്ങൾ:
6:26; 9:22, 23. യെരീഹോയെ നശിപ്പിച്ചശേഷം യോശുവ ഉച്ചരിച്ച ശാപവാക്കുകൾക്ക് ഏതാണ്ട് 500 വർഷത്തിനു ശേഷം നിവൃത്തിയുണ്ടായി. (1 രാജാക്കന്മാർ 16:34) തന്റെ കൊച്ചുമകനായ കനാന്റെമേൽ നോഹ ഉച്ചരിച്ച ശാപം ഗിബെയോന്യർ ഇസ്രായേല്യരുടെ ദാസരായപ്പോൾ നിവൃത്തിയേറി. (ഉല്‌പത്തി 9:25, 26) യഹോവയുടെ വചനം എല്ലായ്‌പോഴും സത്യമായി ഭവിക്കുന്നു.
7:20-25. ചിലർ ആഖാന്റെ തെറ്റിനെ നിസ്സാരമായി തള്ളിയേക്കാം, അതിൽ മറ്റുള്ളവർക്കു കുഴപ്പമൊന്നും വന്നില്ലല്ലോ എന്നു ന്യായവാദം ചെയ്‌തുകൊണ്ട്. ഇങ്ങനെയുള്ളവർ നിസ്സാര മോഷണത്തെയോ ബൈബിൾ നിയമങ്ങൾ അനുസരിക്കുന്നതിൽ വരുത്തുന്ന ചെറിയ വീഴ്‌ചകളെയോ ഇപ്രകാരംതന്നെ വീക്ഷിക്കാൻ ഇടയുണ്ട്. എന്നിരുന്നാലും, നമ്മൾ നിയമവിരുദ്ധവും അധാർമികവുമായ ഏതു പ്രവൃത്തിയെയും ചെറുക്കുന്നതിനോടുള്ള ബന്ധത്തിൽ യോശുവയെപ്പോലെ നിശ്ചയദാർഢ്യം ഉള്ളവരായിരിക്കണം.
9:15, 26, 27. നാം ചെയ്യുന്ന കരാറുകളെ അല്ലെങ്കിൽ ഉടമ്പടികളെ ഗൗരവമായി കണക്കാക്കുകയും വാക്കു പാലിക്കുകയും വേണം.
യോശുവ തന്റെ അവസാനത്തെ പ്രധാന നിയോഗം ഏറ്റെടുക്കുന്നു
യോശുവ വൃദ്ധനായി, അവൻ 90-ാം വയസ്സിലേക്കു കടക്കുകയാണ്. അവൻ ഇപ്പോൾ ദേശം ഭാഗിച്ചു കൊടുക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നു. ഒരു ബൃഹത്തായ വേലതന്നെ! രൂബേനും ഗാദിനും മനശ്ശെയുടെ പാതിഗോത്രത്തിനും ഇതിനോടകം യോർദ്ദാനു കിഴക്ക് അവകാശം ലഭിച്ചിരുന്നു. ബാക്കി ഗോത്രങ്ങൾക്കു യോർദ്ദാന്റെ പടിഞ്ഞാറു ഭാഗത്താണ് അവകാശം ലഭിക്കാൻ പോകുന്നത്, അതു നറുക്കിട്ടു തീരുമാനിക്കുന്നു.
യഹോവയുടെ സമാഗമനകൂടാരം എഫ്രയീമിന്റെ പ്രദേശമായ ശീലോവിൽ സ്ഥാപിക്കുന്നു. കാലേബിന് ഹെബ്രോൻ നഗരവും യോശുവയ്‌ക്ക് തിമ്‌നാത്ത്-സേരഹും അവകാശമായി ലഭിക്കുന്നു. ലേവ്യർക്ക് 6 സങ്കേതനഗരങ്ങൾ ഉൾപ്പെടെ 48 നഗരങ്ങൾ കൊടുക്കുന്നു. യോർദ്ദാനു കിഴക്കുള്ള തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകുംവഴി രൂബേൻ, ഗാദ്, മനശ്ശെയുടെ പാതിഗോത്രം എന്നിവർ ചേർന്ന് “കാഴ്‌ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.” (യോശുവ 22:10) എന്നാൽ യോർദ്ദാനു പടിഞ്ഞാറുള്ള ഗോത്രങ്ങൾ ഇതിനെ വിശ്വാസത്യാഗത്തിന്റെ ഒരു പ്രവൃത്തിയായി വീക്ഷിച്ചു. ഇതിന്റെ പേരിൽ ഗോത്രങ്ങൾ തമ്മിൽ പോരാട്ടം തുടങ്ങുമെന്നായി. എന്നാൽ നല്ല ആശയവിനിമയത്തിലൂടെ കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കിയതിനാൽ രക്തച്ചൊരിച്ചിൽ ഒഴിവായി.
യോശുവ തിമ്‌നാത്ത്-സേരഹിൽ കുറച്ചുകാലം പാർത്തശേഷം, ഇസ്രായേലിലെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചുകൂട്ടി. ധൈര്യമുള്ളവരായിരിക്കാനും യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നതിൽ തുടരാനും അവൻ അവരെ പ്രോത്സാഹിപ്പിച്ചു. പിന്നീട്, അവൻ സകല ഇസ്രായേൽ ഗോത്രങ്ങളെയും ശേഖേമിൽ വിളിച്ചുകൂട്ടി. അവിടെവെച്ച് അവൻ യഹോവ അബ്രാഹാമിന്റെ കാലംമുതൽ ചെയ്‌തതിനെക്കുറിച്ചെല്ലാം അവരെ ഓർമിപ്പിക്കുന്നു, എന്നിട്ട് “നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്‌തതയോടുംകൂടെ സേവിപ്പിൻ” എന്നു പറഞ്ഞ് വീണ്ടും അവരെ പ്രോത്സാഹിപ്പിക്കുന്നു. ഇതു കേട്ടപ്പോൾ ജനം ഇപ്രകാരം പറയാൻ പ്രേരിതരാകുന്നു: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും.” (യോശുവ 24:14, 15, 24) ഈ സംഭവങ്ങൾക്കു ശേഷം 110-ാമത്തെ വയസ്സിൽ യോശുവ മരിക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
13:1—ഇത് യോശുവ 11:23-ൽ പറഞ്ഞിരിക്കുന്നതിനു വിപരീതമല്ലേ? അല്ല, കാരണം വാഗ്‌ദത്ത ദേശത്തെ ജയിച്ചടക്കുന്നതിൽ രണ്ടു ഘടകങ്ങൾ ഉൾപ്പെട്ടിരുന്നു: ഒന്നാമത്തേതിൽ, ഇസ്രായേൽ ഗോത്രങ്ങൾ ഒത്തൊരുമിച്ചു യുദ്ധം ചെയ്‌ത് കനാൻദേശത്തെ 31 രാജാക്കന്മാരെ തോൽപ്പിച്ച് കനാന്യരുടെ ശക്തി ക്ഷയിപ്പിക്കുന്നതും രണ്ടാമത്തേതിൽ ഗോത്രങ്ങളോ വ്യക്തികളോ ഒറ്റയ്‌ക്കൊറ്റയ്‌ക്കു പോരാടി ദേശം മുഴുവനും താന്താങ്ങളുടെ അധീനതയിൽ വരുത്തുന്നതും. (യോശുവ 17:14-18; 18:3) കനാന്യരെ ദേശത്തുനിന്നു പൂർണമായി നീക്കിക്കളയുന്നതിൽ ഇസ്രായേൽമക്കൾ പരാജയപ്പെട്ടെങ്കിലും, അവരിൽ മിച്ചം വന്നവർ ഇസ്രായേല്യരുടെ സുരക്ഷയ്‌ക്ക് ഒരു ഭീഷണി ആയിരുന്നില്ല. (യോശുവ 16:10; 17:12) യോശുവ 21:44 ഇപ്രകാരം പറയുന്നു: “യഹോവ . . . ചുറ്റും അവർക്കു സ്വസ്ഥത നല്‌കി.”
24:2—അബ്രാഹാമിന്റെ പിതാവ് തേരഹ് ഒരു വിഗ്രഹാരാധകൻ ആയിരുന്നോ? തുടക്കത്തിൽ തേരഹ് യഹോവയാം ദൈവത്തിന്റെ ആരാധകൻ അല്ലായിരുന്നു. ഊരിലെ ജനങ്ങളുടെ പ്രിയപ്പെട്ട ആരാധനാ മൂർത്തി ചന്ദ്രദേവനായ സിൻ ആയിരുന്നു. സാധ്യതയനുസരിച്ച്, അവനും ഈ ദേവനെ ആരാധിച്ചുപോന്നിരിക്കാം. തേരഹ് വിഗ്രഹങ്ങൾ നിർമിക്കുന്നവൻപോലും ആയിരുന്നിരിക്കാമെന്നാണ് യഹൂദ പാരമ്പര്യ വിശ്വാസം. എന്നിരുന്നാലും, ദൈവത്തിന്റെ കൽപ്പനയാൽ അബ്രാഹാം ഊർ വിട്ടുപോരുമ്പോൾ തേരഹും അവനോടൊപ്പം ഹാരാനിലേക്കു പോകുന്നു.—ഉല്‌പത്തി 11:31.
നമുക്കുള്ള പാഠങ്ങൾ:
14:10-13. കാലേബിന് 85 വയസ്സുണ്ടായിരുന്നെങ്കിലും ഹെബ്രോനിലെ ആളുകളെ തുരത്താനുള്ള ദുഷ്‌കരമായ നിയോഗം അവൻ ചോദിച്ചുവാങ്ങുന്നു. ആ പ്രദേശത്തു വസിച്ചിരുന്നവർ അനാക്യർ ആയിരുന്നു, അസാധാരണ വലുപ്പമുള്ള മല്ലന്മാർ. എന്നാൽ യഹോവയുടെ സഹായത്തോടെ പരിചയസമ്പന്നനായ ഈ യോദ്ധാവ് വിജയംവരിക്കുന്നു. ഹെബ്രോൻ ഒരു സങ്കേതനഗരമായി മാറുന്നു. (യോശുവ 15:13-19; 21:11-13) ബുദ്ധിമുട്ടുള്ള ദിവ്യാധിപത്യ നിയമനങ്ങൾ ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറരുതെന്നു കാലേബിന്റെ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു.
22:9-12, 21-33. മറ്റുള്ളവരുടെ ആന്തരങ്ങളെ തെറ്റായി വിധിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം.
“ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല”
തന്റെ നല്ല വാർധക്യത്തിൽ യോശുവ ഇസ്രായേലിലെ ഉത്തരവാദിത്വപ്പെട്ട സകല പുരുഷന്മാരോടും ഇപ്രകാരം പറയുന്നു: “യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു . . . സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.” (യോശുവ 23:14) യോശുവ എന്ന ബൈബിൾ പുസ്‌തകത്തിലെ ചരിത്രവിവരണങ്ങൾ ഈ വസ്‌തുതയ്‌ക്ക് എത്ര സുവ്യക്തമായ സാക്ഷ്യം നൽകുന്നു!
“മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായി”ട്ടാണെന്ന് പൗലൊസ് അപ്പൊസ്‌തലൻ എഴുതി. “നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും [“സഹിഷ്‌ണുതയാലും,”NW] ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ.” (റോമർ 15:4) ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള നമ്മുടെ പ്രത്യാശ അസ്ഥാനത്തല്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ആ വാഗ്‌ദാനങ്ങളിൽ ഒന്നുപോലും നിറവേറാതിരിക്കില്ല; അവയെല്ലാം സത്യമായി ഭവിക്കും.
[10-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യോശുവയുടെ നേതൃത്വത്തിൽ ജയിച്ചടക്കിയ ദേശം
ബാശാൻ
ഗിലെയാദ്
അരാബ
തെക്കേദേശം (നെഗെബ്)
യോർദ്ദാൻ നദി
ഉപ്പുകടൽ
യബ്ബോക്ക നീർത്താഴ്‌വര
അർന്നോൻ നീർത്താഴ്‌വര
ഹാസോർ
മാദോൻ
ലാശാറോൻ
ശിമ്രോൻ
യൊക്‌നെയാം
ദോർ
മെഗിദ്ദോ
കേദേശ്
താനാക്
ഹേഫെർ
തിർസ്സ
അഫേക്ക്
തപ്പൂഹ
ബേഥേൽ
ഹായി
ഗിൽഗാൽ
യെരീഹോ
ഗേസെർ
യെരൂശലേം
മക്കേദ
യർമ്മൂത്ത്
അദുല്ലാം
ലിബ്‌ന
ലാഖീശ്
എഗ്ലോൻ
ഹെബ്രോൻ
ദെബീർ
ആരാദ്
[9-ാം പേജിലെ ചിത്രം]
രാഹാബ് എന്ന വേശ്യ നീതീകരിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നു നിങ്ങൾക്കറിയാമോ?
[10-ാം പേജിലെ ചിത്രം]
“യഹോവയെ ഭയപ്പെട്ടു അവനെ . . . സേവിപ്പിൻ” എന്ന് യോശുവ ഇസ്രായേലിനോട് ആഹ്വാനം ചെയ്‌തു
[12-ാം പേജിലെ ചിത്രം]
ആഖാന്റെ മോഷണം നിസ്സാരമായ ഒരു പാപം അല്ലായിരുന്നു, അത് ഗുരുതരമായ പരിണതഫലങ്ങളിലേക്കു നയിച്ചു
[12-ാം പേജിലെ ചിത്രം]
“വിശ്വാസത്താൽ . . . യെരീഹോമതിൽ ഇടിഞ്ഞുവീണു.”—എബ്രായർ 11:30