വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുനരുത്ഥാനം പ്രാപിച്ച യേശു തന്നെ തൊട്ടുനോക്കാൻ തോമാസിനോടു പറയുന്നുണ്ടെങ്കിലും മുമ്പ് അങ്ങനെ ചെയ്യുന്നതിൽനിന്നു മഗ്‌ദലക്കാരത്തി മറിയയെ വിലക്കിയത് എന്തുകൊണ്ടായിരുന്നു?
ചില പഴയ ബൈബിൾ പരിഭാഷകൾ, യേശു മഗ്‌ദലക്കാരത്തി മറിയയോട് തന്നെ തൊടരുതെന്നു പറഞ്ഞതായുള്ള ധാരണയാണു നൽകുന്നത്. ഉദാഹരണത്തിന്, യേശുവിന്റെ വാക്കുകൾ സത്യവേദ പുസ്‌തകത്തിൽ ഇങ്ങനെ കാണപ്പെടുന്നു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല.” (യോഹന്നാൻ 20:17) എന്നിരുന്നാലും, “തൊടുക” എന്നു സാധാരണമായി പരിഭാഷപ്പെടുത്തുന്ന മൂല ഗ്രീക്ക് ക്രിയ “മുറുകെ പിടിക്കുക, പറ്റിപ്പിടിക്കുക, കടന്നുപിടിക്കുക, അള്ളിപ്പിടിക്കുക” എന്നും അർഥമാക്കുന്നു. അതുകൊണ്ട്, തന്നെ വെറുതെ ഒന്നു തൊടുന്നതിൽനിന്ന് അവൻ മറിയയെ വിലക്കുകയല്ലായിരുന്നെന്ന് യുക്തിസഹമായി ചിന്തിക്കാനാകും. കാരണം, ശവക്കല്ലറയിങ്കൽവെച്ച്, “അവന്റെ കാൽ പിടിച്ചു . . . നമസ്‌കരി”ക്കാൻ മറ്റു ചില സ്‌ത്രീകളെ അവൻ അനുവദിച്ചതായി വിവരണം പറയുന്നു.—മത്തായി 28:10.
എന്നാൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്), പി.ഒ.സി. ബൈബിൾ, ഓശാന ബൈബിൾ എന്നിങ്ങനെ ആധുനിക ഭാഷയിലുള്ള പല പരിഭാഷകളും യഥാർഥ ആശയം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യേശുവിന്റെ വാക്കുകൾ ഓശാന ബൈബിൾ ഇപ്രകാരം പരിഭാഷ ചെയ്‌തിരിക്കുന്നു: “നീ എന്നെ പിടിച്ചുനിർത്തരുത്.” തന്റെ അടുത്ത സുഹൃത്തായ മഗ്‌ദലക്കാരത്തി മറിയയോട് യേശു അങ്ങനെ പറഞ്ഞത് എന്തുകൊണ്ടായിരുന്നു?—ലൂക്കൊസ് 8:1-3.
യേശു അപ്പോൾത്തന്നെ അവിടം വിട്ട് സ്വർഗത്തിലേക്കു പോകാൻ തുടങ്ങുകയാണെന്നു മഗ്‌ദലക്കാരത്തി മറിയ വിചാരിച്ചിരിക്കാനാണു സാധ്യത. തന്റെ കർത്താവിനോടൊപ്പം ആയിരിക്കാനുള്ള അദമ്യമായ ആഗ്രഹംകൊണ്ട് അവനെ പോകാൻ അനുവദിക്കാതെ പിടിച്ചുനിറുത്താൻ അപ്പോൾ അവൾ ശ്രമിച്ചു. എന്നാൽ താൻ അപ്പോൾ സ്വർഗത്തിലേക്കു പോകുകയല്ലെന്ന് അവൾക്ക് ഉറപ്പുകൊടുക്കാനായിട്ടാണ്, തന്നെ പിടിച്ചുനിറുത്താതെ പോയി ശിഷ്യന്മാരോടു പുനരുത്ഥാന വാർത്ത അറിയിക്കാൻ അവൻ അവളോടു പറഞ്ഞത്.—യോഹന്നാൻ 20:17.
ഇനി, തോമാസും യേശുവും ഉൾപ്പെട്ട സന്ദർഭത്തിലേക്കു വരാം. അത് ഒരു വ്യത്യസ്‌ത സാഹചര്യമായിരുന്നു. യേശു ചില ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമാസ് അക്കൂട്ടത്തിൽ ഇല്ലായിരുന്നു. പിന്നീട് യേശുവിന്റെ പുനരുത്ഥാനത്തിൽ അവൻ സംശയം പ്രകടിപ്പിച്ചു. അവന്റെ ശരീരത്തിലെ ആണിപ്പഴുതുകൾ കാണുകയും വിലാപ്പുറത്തു കൈ ഇടുകയും ചെയ്യാതെ താൻ വിശ്വസിക്കുകയില്ലെന്ന് തോമാസ് പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞ്, യേശു വീണ്ടും ശിഷ്യന്മാർക്കു പ്രത്യക്ഷനായി. ഈ അവസരത്തിൽ തോമാസും സന്നിഹിതനായിരുന്നു. അപ്പോൾ, വന്നു തന്റെ മുറിവുകൾ തൊട്ടുനോക്കാൻ അവൻ തോമാസിനോടു പറഞ്ഞു.—യോഹന്നാൻ 20:24-27.
മഗ്‌ദലക്കാരത്തി മറിയയുടെ കാര്യത്തിൽ, തെറ്റിദ്ധാരണ നിമിത്തം അവൾ യേശുവിനെ പോകുന്നതിൽനിന്നു തടഞ്ഞുകൊണ്ട് പിടിച്ചുനിറുത്താൻ തുടങ്ങിയപ്പോൾ യേശു ഇടപെടുകയായിരുന്നു. എന്നാൽ തോമാസിന്റെ കാര്യത്തിൽ, സംശയമുള്ള ഒരു വ്യക്തിയെ അവ ദൂരീകരിക്കാൻ യേശു സഹായിക്കുകയായിരുന്നു. ഈ രണ്ടു സന്ദർഭങ്ങളിലും യേശു വ്യത്യസ്‌ത വിധങ്ങളിൽ പ്രവർത്തിച്ചതിനു തക്കതായ കാരണമുണ്ടായിരുന്നു.