വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

വൈകാരികവും ആത്മീയവും ആയ ക്ഷീണം അനുഭവപ്പെടുമ്പോൾ ഒരു ക്രിസ്‌ത്യാനി എന്തു ചെയ്യേണ്ടതുണ്ടായിരിക്കാം?

ക്ഷീണത്തിന്റെ കാരണം നാം തിരിച്ചറിയേണ്ടതുണ്ട്‌. നമ്മുടെ ശീലങ്ങളും വസ്‌തുവകകളും പരിശോധിച്ചുകൊണ്ട്‌ അനാവശ്യമായ ഭാരങ്ങൾ വിട്ടുകളയുന്നത്‌ സഹായകമായിരുന്നേക്കാം. വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസൃതമായി കൈവരിക്കാനാകുന്ന ലക്ഷ്യങ്ങൾ വെക്കാൻ നമുക്കു കഴിയും. നമ്മുടെ ആത്മീയാരോഗ്യം പരിപാലിക്കുന്നതു പ്രധാനമാണ്‌. ക്രമമായ പ്രാർഥനയും ധ്യാനവും അതിന്റെ ഭാഗമായിരിക്കണം.​—⁠8/15, പേജ്‌ 23-6.

യഹോവയുടെ സാക്ഷികൾ 1,44,000 എന്ന സംഖ്യ അക്ഷാർഥത്തിൽത്തന്നെ കണക്കാക്കുന്നത്‌ എന്തുകൊണ്ട്‌?

1,44,000-ത്തെക്കുറിച്ചു കേട്ടതിനുശേഷം അപ്പൊസ്‌തലനായ യോഹന്നാൻ “ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെ കണ്ടു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (വെളിപ്പാടു 7:⁠4, 9) 1,44,000 എന്ന സംഖ്യ പ്രതീകാത്മകമാണെങ്കിൽ ഇവിടെ വരച്ചുകാട്ടിയിട്ടുള്ള വ്യത്യസ്‌തതയ്‌ക്ക്‌ യാതൊരു അർഥവും ഇല്ലാതാകും. യേശു, തന്നോടൊപ്പം ഭരിക്കാനിരുന്നവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു വിളിക്കുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (ലൂക്കൊസ്‌ 12:⁠32)​—⁠9/1, പേജ്‌ 30.

ഒരു ഇസ്രായേല്യന്‌ രക്തംവാർന്നുപോകാതെ ചത്ത മൃഗത്തെ ഒരു അന്യജാതിക്കാരനു വിൽക്കാമായിരുന്നത്‌ എന്തുകൊണ്ട്‌?

അന്യജാതിക്കാരനോ പരദേശിയോ മതപരിവർത്തിതൻ ആയിത്തീർന്നിട്ടില്ലെങ്കിൽ അയാൾ ന്യായപ്രമാണത്തിൻകീഴിൽ അല്ലായിരുന്നു. അതുകൊണ്ട്‌ അത്തരം മൃഗങ്ങളെ അയാൾക്കു കൊടുക്കുകയോ വിൽക്കുകയോ ചെയ്യാൻ ഇസ്രായേല്യർക്ക്‌ അനുവാദം ഉണ്ടായിരുന്നു. (ആവർത്തനപുസ്‌തകം 14:⁠21) എന്നാൽ മതപരിവർത്തിതനായ ഒരുവൻ ന്യായപ്രമാണം അനുസരിക്കാൻ ബാധ്യസ്ഥനായിരുന്നതിനാൽ അയാൾ അത്തരം മൃഗങ്ങളുടെ രക്തം വാർന്നുപോകാത്ത മാംസം ഭക്ഷിക്കില്ലായിരുന്നു. (ലേവ്യപുസ്‌തകം 17:⁠10)​—⁠9/15, പേജ്‌ 26.

ബയോമിമെറ്റിക്‌സ്‌ എന്നാലെന്ത്‌, ക്രിസ്‌ത്യാനികൾക്ക്‌ അതിൽ താത്‌പര്യമുണ്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

പ്രകൃതിയിൽ കാണപ്പെടുന്ന രൂപമാതൃകകൾ പകർത്തുന്ന ശാസ്‌ത്രശാഖയാണ്‌ ബയോമിമെറ്റിക്‌സ്‌. ദൃഷ്ടാന്തത്തിന്‌, പറക്കുന്ന വലിയ പക്ഷികളെ നിരീക്ഷിച്ച്‌ റൈറ്റ്‌ സഹോദരന്മാർ വിമാനം രൂപകൽപ്പന ചെയ്‌തു. അതുകൊണ്ട്‌ ബയോമിമെറ്റിക്‌സിന്‌ സ്രഷ്ടാവിനു മഹത്ത്വം കരേറ്റാൻ ഒരു ക്രിസ്‌ത്യാനിയെ പ്രേരിപ്പിക്കാൻ കഴിയും.​—⁠10/1, പേജ്‌ 9.

പറുദീസയോളം എടുക്കപ്പെട്ടതായി 2 കൊരിന്ത്യർ 12:​2-4-ൽ പരാമർശിച്ചിരിക്കുന്നത്‌ ആരെ?

പൗലൊസ്‌ തന്റെ അപ്പൊസ്‌തലികത്വത്തിനുവേണ്ടി പ്രതിവാദം നടത്തിയതിനു തൊട്ടു പിന്നാലെയുള്ള വാക്യങ്ങളാണ്‌ ഇവ. കൂടാതെ, മറ്റാർക്കെങ്കിലും അത്തരം അനുഭവം ഉണ്ടായതായി ബൈബിൾ പറയുന്നില്ല. അതിനെക്കുറിച്ചു നമ്മോടു പറയുന്നതു പൗലൊസ്‌ ആണുതാനും. ഇക്കാരണങ്ങളാൽ ഈ ദർശനം ലഭിച്ചത്‌ പൗലൊസിന്‌ ആയിരിക്കാനാണു സാധ്യത.​—⁠10/15, പേജ്‌ 8.

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട നേതാവെന്ന നിലയിൽ സേവിക്കാൻ യേശുവിനെ യോഗ്യനാക്കുന്ന ചില ഗുണങ്ങൾ എന്തെല്ലാം?

യേശു സമ്പൂർണ നിർമലത പാലിച്ചു, സത്യസന്ധവും സംശുദ്ധവും ആയിരുന്നു അവന്റെ ജീവിതം. അവൻ തന്നെത്തന്നെ സമ്പൂർണമായി ദൈവത്തിനു സമർപ്പിച്ചു. യേശുവിന്‌ ആളുകളുടെ ക്ഷേമത്തിൽ ആഴമായ താത്‌പര്യം ഉണ്ടായിരുന്നു, വേലചെയ്യാൻ സന്നദ്ധനുമായിരുന്നു.​—⁠11/1, പേജ്‌ 6-7.

ആയിര-വർഷ വാഴ്‌ചക്കാലത്ത്‌ ഭൂതങ്ങൾ എവിടെയായിരിക്കും?

ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ ഭൂതങ്ങൾ സാത്താനോടൊത്ത്‌ അഗാധത്തിൽ അടയ്‌ക്കപ്പെടും എന്നു നമുക്കു യുക്ത്യാനുസൃതം നിഗമനം ചെയ്യാവുന്നതാണ്‌. (വെളിപ്പാടു 20:⁠1-3) ഉല്‌പത്തി 3:⁠15, സർപ്പത്തിന്റെ തല തകർക്കുന്നതിനെക്കുറിച്ചു പ്രവചിച്ചു. അതിൽ ആയിര-വർഷ വാഴ്‌ചക്കാലത്ത്‌ അവനെ അഗാധത്തിലടയ്‌ക്കുന്നതും ഉൾപ്പെടുന്നു. അവന്റെ സന്തതിയിൽ ദുഷ്ടദൂതന്മാർ അഥവാ ഭൂതങ്ങൾ ഉൾപ്പെടുന്നു. അഗാധത്തെക്കുറിച്ച്‌ അവർ ഭയം പ്രകടിപ്പിച്ചിട്ടുണ്ട്‌ എന്നത്‌ വരാനിരിക്കുന്ന ഈ ബന്ധനത്തെക്കുറിച്ച്‌ അവർ ബോധവാന്മാരാണ്‌ എന്നു സൂചിപ്പിക്കുന്നു. (ലൂക്കൊസ്‌ 8:⁠31)​—⁠11/15, പേജ്‌ 30-31.

കുടിച്ചു മത്തനാകുന്നതിന്റെ ലക്ഷണം പ്രകടമാകുന്ന അളവോളം കുടിക്കുന്നില്ലെങ്കിലും ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ ഒരുവൻ ശ്രദ്ധാലുവായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ചില വ്യക്തികൾ ധാരാളം കുടിച്ചാൽപ്പോലും തലയ്‌ക്കു പിടിച്ചതിന്റെ ലക്ഷണം പ്രകടമായിരിക്കുകയില്ല. എന്നിരുന്നാലും ക്രമേണ, ഒരുവന്‌ കുടിക്കാതെ പറ്റില്ല എന്ന അവസ്ഥ സംജാതമായേക്കാം. അങ്ങനെ അയാൾ “വീഞ്ഞിന്നു അടിമ”പ്പെട്ടുപോയേക്കാം. (തീത്തൊസ്‌ 2:⁠3) ‘അതിഭക്ഷണത്താലും മദ്യപാനത്താലും ഭാരപ്പെടുന്ന’തിനെക്കുറിച്ച്‌ യേശു മുന്നറിയിപ്പു നൽകി. (ലൂക്കൊസ്‌ 21:⁠34, 35) മത്തനാകുന്ന അളവോളം കുടിച്ചില്ലെങ്കിൽപ്പോലും മദ്യപാനം ഒരു വ്യക്തിയെ ശാരീരികവും ആത്മീയവുമായി മാന്ദ്യവും അലസതയും ഉള്ളവനാക്കിത്തീർത്തേക്കാം.​—⁠12/1, പേജ്‌ 19-21.