ബിരുദദാന ദിനം—സന്തോഷത്തിന്റെ ഒരു ദിനം
ബിരുദദാന ദിനം—സന്തോഷത്തിന്റെ ഒരു ദിനം
“എത്ര സുന്ദരമായ ഒരു ദിവസം! പ്രഭാപൂരം ചൊരിയുന്ന സൂര്യൻ, നല്ല തെളിവാർന്ന നീലാകാശം, പച്ചപുതച്ച പരിസരം, കളകൂജനം പൊഴിക്കുന്ന പക്ഷികൾ—വിശിഷ്ടമായ ഒരു ദിവസത്തിനു മറ്റെന്താണു വേണ്ടത്? നാം നിരാശരാകുകയില്ല. യഹോവ നിരാശനാക്കുന്ന ദൈവമല്ല, അനുഗ്രഹങ്ങൾ വർഷിക്കുന്ന ദൈവമാണ്.”
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ സാമുവെൽ ഹെർഡ് സഹോദരൻ, ഈ വാക്കുകളോടെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 117-ാമത് ക്ലാസ്സിന്റെ ബിരുദദാന പരിപാടികൾക്കു നാന്ദികുറിച്ചു. 2004 സെപ്റ്റംബർ 11-ന് ആയിരുന്നു അത്. വിശിഷ്ടമായ ആ പരിപാടിയിൽ കെട്ടുപണിചെയ്യുന്ന തിരുവെഴുത്തു ബുദ്ധിയുപദേശവും വിദ്യാർഥികളുടെയും മിഷനറിമാരുടെയും അനുഭവങ്ങളും ഉൾപ്പെട്ടിരുന്നു. ന്യൂയോർക്കിലെ പാറ്റേഴ്സണിലും ദൃശ്യ-ശ്രാവ്യ സംവിധാനത്താൽ ബന്ധിപ്പിച്ചിരുന്ന ബ്രുക്ലിനിലും വാൾക്കിലിലും കൂടി ഹാജരായിരുന്ന 6,974 പേർക്കും അത് സന്തോഷത്തിന്റെ ഒരു ദിനം തന്നെയായിരുന്നു.
വിദ്യാർഥികൾക്കുള്ള പ്രോത്സാഹനത്തിൻ വാക്കുകൾ
ഐക്യനാടുകളിലെ ഒരു ബ്രാഞ്ച് കമ്മിറ്റിയംഗമായ ജോൺ കിക്കോട്ട് “ഒരു മിഷനറിയെന്ന നിലയിൽ സന്തോഷം നിലനിറുത്തുക” എന്ന വിഷയത്തെ ആസ്പദമാക്കി പ്രോത്സാഹനം നൽകി. ഈ ബിരുദദാന പരിപാടിയിൽ പ്രകടമായിരിക്കുന്നതുപോലെ ഗിലെയാദ് ബിരുദധാരികൾ തങ്ങളുടെ സന്തോഷത്തിനു പേരുകേട്ടവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനകാലത്ത് തിരുവെഴുത്തുകളിൽനിന്നു ലഭിച്ച ഉദ്ബോധനം അവർക്കു സന്തോഷം സമ്മാനിച്ചിരിക്കുന്നു, സമാനമായ സന്തോഷം അനുഭവിക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള സ്ഥാനത്താണ് അവരിപ്പോൾ. എങ്ങനെ? മിഷനറിമാരെന്ന നിലയിൽ തങ്ങളെത്തന്നെ ശുശ്രൂഷയ്ക്കായി അർപ്പിക്കുന്നതിനാൽ. യേശു പറഞ്ഞു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) സത്യം മറ്റുള്ളവർക്കു ലഭ്യനാക്കുന്ന, ഉദാരമതിയായ “സന്തുഷ്ട ദൈവം” ആയ യഹോവയെ അനുകരിക്കുമ്പോൾ പുതിയ മിഷനറിമാർക്ക് തങ്ങളുടെ സന്തോഷം നിലനിറുത്താൻ സാധിക്കും.—1 തിമൊഥെയൊസ് 1:11, NW.
പരിപാടിയിലെ അടുത്ത പ്രസംഗകൻ ഭരണസംഘത്തിലെ മറ്റൊരു അംഗമായ ഡേവിഡ് സ്പ്ലെയ്ൻ ആയിരുന്നു. “നിങ്ങൾ മറ്റുള്ളവരുമായി എങ്ങനെ ഒത്തുപോകും?” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ഒത്തൊരുമയോടെ വസിക്കുന്നത് നല്ലതും സന്തുഷ്ടിദായകവും ആണെന്നതിൽ സംശയമില്ല. എന്നാൽ അത് സാധ്യമാകുന്നതിന് നാം “എല്ലാവർക്കും എല്ലാമായി”ത്തീരേണ്ടതുണ്ട്. (1 കൊരിന്ത്യർ 9:22; സങ്കീർത്തനം 133:1) ബിരുദം നേടി പോകുന്നവർ മിഷനറി വേലയോടു ബന്ധപ്പെട്ട് പ്രദേശത്തുള്ള ആളുകൾ, സഹ മിഷനറിമാർ, പുതിയ സഭയിലെ സഹോദരീസഹോദരന്മാർ, ബ്രാഞ്ച് ഓഫീസിൽ പ്രസംഗ-പഠിപ്പിക്കൽ വേലയ്ക്കു മാർഗനിർദേശം നൽകുന്നവർ എന്നിങ്ങനെ ധാരാളം ആളുകളോട് ഇടപെടേണ്ടിവരുമെന്ന് സ്പ്ലെയ്ൻ സഹോദരൻ സൂചിപ്പിച്ചു. വ്യക്തിബന്ധങ്ങൾ പരമാവധി സുഖകരമാക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ അദ്ദേഹം നൽകി: പ്രാദേശിക ഭാഷ പഠിച്ചെടുക്കുക, പ്രാദേശിക രീതികളുമായി പൊരുത്തപ്പെടുക, സഹ മിഷനറിമാരുടെ സ്വകാര്യതയെ മാനിക്കുക, നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക.—എബ്രായർ 13:17.
അടുത്തതായി, ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെൻ “നിങ്ങളുടെ ചിന്ത ദൈവത്തിന്റേതോ അതോ മനുഷ്യന്റേതോ?” എന്ന ചോദ്യമുയർത്തി. ‘കാഴ്ചപ്രകാരം വിധിച്ച’ ആളുകൾ യോഹന്നാൻ 7:24) അപൂർണ മനുഷ്യരായ നാം ഏവരും ‘മാനുഷിക ചിന്ത’യ്ക്കു പകരം ‘ദൈവത്തിന്റെ ചിന്ത’ വെച്ചുപുലർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. (മത്തായി 16:22, 23, NW) ആത്മീയരായ ആളുകൾപോലും തങ്ങളുടെ ചിന്തയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ടിരിക്കണം. കടലിലെ കപ്പലിന്റെ കാര്യത്തിലെന്നപോലെ, ഇപ്പോൾ വരുത്തുന്ന പൊരുത്തപ്പെടുത്തലുകളായിരിക്കും നാം ലക്ഷ്യത്തിലെത്തിച്ചേരുമോ അതോ ആത്മീയ കപ്പൽച്ചേതം അനുഭവിക്കുമോ എന്നു തീരുമാനിക്കുന്നത്. സന്ദർഭം കണക്കിലെടുത്തുകൊണ്ടുള്ള തുടർച്ചയായ ബൈബിൾ പഠനത്തിന് ‘ദൈവത്തിന്റെ ചിന്ത’ വെച്ചുപുലർത്താൻ നമ്മെ സഹായിക്കാനാകും.
യേശുവിനെ മിശിഹായെന്ന നിലയിൽ സ്വീകരിച്ചില്ല എന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. (പരിപാടിയുടെ ആദ്യഭാഗം ഉപസംഹരിച്ചത് ഗിലെയാദ് സ്കൂളിലെ മറ്റൊരു അധ്യാപകനായ വാലസ് ലിവറൻസ് ആണ്. യെശയ്യാവു 55:1-നെ ആസ്പദമാക്കി “നിങ്ങൾ എന്തു വാങ്ങും?” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. നമ്മുടെ നാളിലേക്കുള്ള, ദൈവത്തിന്റെ പ്രാവചനിക സന്ദേശത്തിൽനിന്നു വരുന്ന നവോന്മേഷവും സന്തോഷവും പോഷണവും നേടാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. യെശയ്യാവ് ദൈവവചനത്തെ വെള്ളം, വീഞ്ഞ്, പാൽ എന്നിവയോട് ഉപമിച്ചു. അവ “ദ്രവ്യവും വിലയും കൂടാതെ” എങ്ങനെ വാങ്ങാൻ കഴിയും? ബൈബിൾ പ്രവചനത്തിനു ശ്രദ്ധ കൊടുക്കുന്നതിനാലും തിരുവെഴുത്തു വിരുദ്ധമായ ചിന്തകൾക്കും വഴികൾക്കും പകരം ദൈവത്തിന്റെ ചിന്തകളും വഴികളും പിൻപറ്റുന്നതിനാലും അതു സാധിക്കുമെന്ന് ലിവറൻസ് സഹോദരൻ വിശദീകരിച്ചു. (യെശയ്യാവു 55:2, 3, 6, 7) ഇങ്ങനെ ചെയ്യുന്നതിനാൽ പുതിയ മിഷനറിമാർക്ക് തങ്ങളുടെ വിദേശ നിയമനത്തിൽ നിലനിൽക്കാൻ കഴിയും. ലൗകിക സുഖങ്ങൾക്കുവേണ്ടി യത്നിക്കുന്നതിനെ ആശ്രയിച്ചാണ് സന്തോഷം നിലകൊള്ളുന്നതെന്നാണ് അപൂർണ മനുഷ്യർ മിക്കപ്പോഴും വിചാരിക്കുന്നത്. “അതു വിശ്വസിക്കരുത്,” പ്രസംഗകൻ ഉദ്ബോധിപ്പിച്ചു. അത്തരം ചിന്തയെ അനുകൂലിക്കരുത്. ദൈവത്തിന്റെ പ്രാവചനിക വചനം നന്നായി ഗ്രഹിക്കുന്നതിന് പഠിക്കാൻ സമയം മാറ്റിവെക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അതിന് നവോന്മേഷം പകരാനും നിങ്ങളെ ശക്തിപ്പെടുത്താനും മിഷനറി നിയമനത്തിൽ നിങ്ങൾക്കു സന്തോഷം കൈവരുത്താനും കഴിയും.”
വിദ്യാർഥികളുടെ സന്തോഷകരമായ അനുഭവങ്ങളും അഭിമുഖങ്ങളും
വിദ്യാർഥികൾ പ്രസംഗപ്രവർത്തനത്തിൽ ക്രമമായി പങ്കുപറ്റി. മറ്റൊരു ഗിലെയാദ് അധ്യാപകനായ മാർക്ക് നൂമാർ നയിച്ച ചർച്ചയിൽ ‘സുവിശേഷത്തെക്കുറിച്ചു ലജ്ജയില്ല’ എന്ന വിഷയം വിശേഷവത്കരിക്കുന്ന അനുഭവങ്ങൾ വിദ്യാർഥികൾ പുനരവതരിപ്പിക്കുകയുണ്ടായി. (റോമർ 1:16) പരിചയസമ്പന്നരായ ഈ ശുശ്രൂഷകർ വീടുതോറുമുള്ള വേലയിലും തെരുവിലും ഷോപ്പിങ് കേന്ദ്രങ്ങളിലും സാക്ഷീകരിച്ച വിധം സദസ്സ് നന്നായി ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്തു. മറ്റു ഭാഷകൾ അറിയാമായിരുന്ന വിദ്യാർഥികൾ, തങ്ങളുടെ സഭയുടെ പ്രദേശത്ത് ആ ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ പക്കൽ എത്തിച്ചേരാൻ പ്രത്യേക ശ്രമം ചെയ്തു. മറ്റുള്ളവർ മടക്കസന്ദർശനങ്ങൾ നടത്തുന്നതിനും ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ സാഹിത്യങ്ങൾ നന്നായി ഉപയോഗിച്ചു. അവർക്ക് സുവാർത്ത പ്രസംഗിക്കുന്നതിൽ ‘ലജ്ജയില്ലായിരുന്നു.’
സേവന വിഭാഗത്തിൽ സേവിക്കുന്ന വില്യം നോൺകിസ് സഹോദരൻ ബുർക്കിനാ ഫാസോ, ലാത്വിയ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ മിഷനറിമാരുമായി അഭിമുഖം നടത്തി. “യഹോവ വിശ്വസ്തർക്ക് സ്നേഹപൂർവം പ്രതിഫലം നൽകുന്നു” എന്ന വിഷയത്തെ അധികരിച്ച് അവർ പ്രായോഗിക ഉപദേശങ്ങൾ നൽകി. അഭിമുഖത്തിൽ പങ്കെടുത്ത ഒരു സഹോദരൻ ഗിദെയോന്റെ 300 പേരടങ്ങുന്ന സൈന്യത്തെ ഓർത്തുകൊള്ളാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഓരോ പടയാളിക്കും ഗിദെയോന്റെ പടനീക്കത്തിന്റെ വിജയത്തിനു സംഭാവനചെയ്ത ഒരു നിയമനം ഉണ്ടായിരുന്നു. (ന്യായാധിപന്മാർ 7:19-21) സമാനമായി നിയമനങ്ങളിൽ നിലനിൽക്കുന്ന മിഷനറിമാർക്കു പ്രതിഫലം ലഭിക്കുന്നു.
തുടർന്ന് പാറ്റേഴ്സണിലെ ഒരു അധ്യാപകനായ സാമുവൽ റോബോഴ്സൺ നടത്തിയ അഭിമുഖങ്ങളിൽ “എല്ലാവർക്കും എല്ലാമായിത്തീരുക” എന്ന വിഷയം വിശേഷവത്കരിച്ചു. അദ്ദേഹം സെനഗൽ, ഗ്വാം, ലൈബീരിയ, മഡഗാസ്കർ എന്നിവിടങ്ങളിലെ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുമായി അഭിമുഖം നടത്തി. ഈ രാജ്യങ്ങളിൽ എല്ലാംകൂടി ആകെ 170 മിഷനറിമാർ ഉണ്ട്. തങ്ങളുടെ നിയമനങ്ങളുമായി പൊരുത്തപ്പെടാൻ ബ്രാഞ്ച് കമ്മിറ്റികൾ പുതിയ മിഷനറിമാരെ സഹായിക്കുന്നതെങ്ങനെയെന്ന് അഭിമുഖങ്ങളിൽ പങ്കെടുത്തവരുടെ വാക്കുകളിൽനിന്ന് ബിരുദം നേടുന്നവർ മനസ്സിലാക്കി. പാശ്ചാത്യരുടെയിടയിൽ സാധാരണ കാണാത്ത ചില രീതികൾ പഠിക്കുന്നത് ഇത്തരം പൊരുത്തപ്പെടലിൽ മിക്കപ്പോഴും ഉൾപ്പെടുന്നു. ദൃഷ്ടാന്തത്തിന്, ചില രാജ്യങ്ങളിൽ പുരുഷന്മാർ, ക്രിസ്ത്യാനികൾ ഉൾപ്പെടെ, സുഹൃത്തുക്കളെപ്പോലെ കൈകോർത്തുപിടിച്ചു നടക്കുന്നതു സർവസാധാരണമാണ്. ഗ്വാം ബ്രാഞ്ചിനു കീഴിലുള്ള ചില പ്രദേശങ്ങളിൽ അസാധാരണ ഭക്ഷണങ്ങൾ വിളമ്പാറുണ്ട്. മറ്റുള്ളവർക്ക് അതുമായി പൊരുത്തപ്പെടാനായെങ്കിൽ പുതിയ മിഷനറിമാർക്കും അതിനു കഴിയും.
ഭരണസംഘാംഗമായ ഗൈ പിയേഴ്സ് “‘നമ്മുടെ കർത്താവിന്റെ രാജ്യ’ത്തോടു വിശ്വസ്തരായി നിലകൊള്ളുക” എന്ന വിഷയം വികസിപ്പിച്ചു. “യഹോവ ഒരു ഉദ്ദേശ്യത്തോടെയാണ് എല്ലാം സൃഷ്ടിച്ചത്. തന്റെ സൃഷ്ടികൾക്കായി അവൻ ചിലതു കരുതിയിട്ടുണ്ടായിരുന്നു. ഭൂമിയെക്കുറിച്ചുള്ള അവന്റെ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല. അതു തടയാനാകാത്തവണ്ണം നിവൃത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതു മാറ്റിമറിക്കാൻ ഒന്നിനും സാധ്യമല്ല,” അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. (ഉല്പത്തി 1:28) ആദ്യമനുഷ്യനായ ആദാമിന്റെ പാപം നിമിത്തം എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉയർന്നുവന്നേക്കാമെങ്കിലും ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്പെട്ടിരിക്കാൻ പിയേഴ്സ് സഹോദരൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. “നാം ന്യായവിധിസമയത്താണു ജീവിക്കുന്നത്. സത്യം മനസ്സിലാക്കാൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കാൻ നമുക്ക് അൽപ്പകാലമേ ശേഷിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ സുവാർത്തയുമായി മറ്റുള്ളവരെ സമീപിക്കാൻ സമയം ഫലകരമായി ഉപയോഗിക്കുക,” പിയേഴ്സ് സഹോദരൻ ഉദ്ബോധിപ്പിച്ചു. വിശ്വസ്തതയോടെ ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നവർക്ക് ദൈവത്തിന്റെ പിന്തുണയിൽ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—സങ്കീർത്തനം 18:25, NW.
സമാപനഭാഗത്ത് അധ്യക്ഷൻ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ ബ്രാഞ്ചുകളിൽനിന്നുള്ള ശുഭാശംസകൾ വായിച്ചു. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി. ലഭിച്ച പരിശീലനത്തോട് മുഴു ക്ലാസ്സിനുമുള്ള ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കുന്ന ഒരു കത്ത് ബിരുദധാരികളിലൊരാൾ വായിച്ചു. സദസ്സിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മനസ്സിൽ ദീർഘകാലം തങ്ങിനിൽക്കുന്ന മനോഹരമായ ഒരു ദിനത്തിന് തികച്ചും അനുയോജ്യമായ ഒരു ഉപസംഹാരമായിരുന്നു അത്.
[23-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധാനംചെയ്ത രാജ്യങ്ങളുടെ എണ്ണം: 11
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 22
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി വയസ്സ്: 34.8
സത്യത്തിലായിരുന്ന ശരാശരി വർഷം: 18.3
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.4
[24-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 117-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) തോംസൺ, ഇ.; നോർവെൽ, ജി.; പൗവൽ, റ്റി.; കോസ്സാ എം.; മാക്ൻറ്റൈർ, റ്റി. (2) റൈലി, എ.; ക്ലെയ്റ്റൻ, സി.; അലൻ, ജെ.; ബ്ലാങ്കോ, എ.; മൂന്യോസ്, എൽ.; റൂസ്റ്റാഡ്, എൻ. (3) ഗെരെറോ, ഇസ്ഡ്.; ഗാർസ്യ, കെ.; മെകെർലി, ഡി.; ഇഷികാവാ, റ്റി.; ബ്ലാങ്കോ, ജി. (4) മാക്ൻറ്റൈർ, എസ്.; ക്രൂസ്, ഇ.; ഗെരെറോ, ജെ.; റിച്ചി, ഒ.; ആബേയാനേദാ, എൽ.; ഗാർസ്യ, ആർ. (5) പൗവൽ, ജി.; ഫിസ്കാ, എച്ച്.; മൂന്യോസ്, വി.; ബൗമാൻ, ഡി.; ഷോ, എസ്.; ബ്രൗൺ, കെ.; ബ്രൗൺ, എൽ. (6) ഷോ, സി.; റൈലി, എ.; പെലോക്വിൻ, സി.; മൂൻച്, എൻ.; മെകെർലി, ഡി.; ഇഷികാവാ, കെ. (7) മൂൻച്, എം.; പെലോക്വിൻ, ജെ.; കോസ്സാ, റ്റി.; ആബേയാനേദാ, എം.; അലൻ, കെ.; റിച്ചി, ഇ.; നോർവെൽ, റ്റി. (8) ക്രൂസ്, ജെ.; ബൗമാൻ, എച്ച്.; ക്ലെയ്റ്റൻ, ഇസ്ഡ്.; ഫിസ്കാ, ഇ.; തോംസൺ, എം.; റൂസ്റ്റാഡ്, ജെ.