അനേകർ സംശയിക്കുന്നു ഏകീകരണം സാധ്യമോ?
അനേകർ സംശയിക്കുന്നു ഏകീകരണം സാധ്യമോ?
“കൂട്ടുകാരനെ [“അയൽക്കാരനെ,” NW] . . . സ്‌നേഹിക്കേണം.” (മത്തായി 22:39) അനേകം മതങ്ങളും ഈ അടിസ്ഥാന പെരുമാറ്റച്ചട്ടത്തെ വാനോളം പുകഴ്‌ത്തുന്നു. അയൽക്കാരനെ സ്‌നേഹിക്കാൻ തങ്ങളുടെ അനുയായികളെ ആ മതങ്ങൾ ഫലപ്രദമായി പഠിപ്പിച്ചിരുന്നെങ്കിൽ അവർ ഏകീഭവിച്ച് ഒന്നായി നിലകൊള്ളുമായിരുന്നു. എന്നാൽ അതാണോ നിങ്ങൾക്കു കാണാൻ കഴിഞ്ഞിട്ടുള്ളത്? മതങ്ങൾ ഐക്യം ഊട്ടിയുറപ്പിക്കുന്നുവോ? “മതങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കുന്നുവോ, അതോ മിക്കപ്പോഴും അവരെ ഭിന്നിപ്പിക്കുന്നുവോ?” അടുത്ത കാലത്തു ജർമനിയിൽ നടത്തിയ ഒരു സർവേയിൽ ഉന്നയിച്ച ചോദ്യമാണ് ഇത്. മതങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കുന്നെന്ന് പങ്കെടുത്തവരിൽ 22 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ, അവ ജനങ്ങളെ ഭിന്നിപ്പിക്കുന്നു അല്ലെങ്കിൽ ശിഥിലീകരിക്കുന്നു എന്ന് 52 ശതമാനം പറഞ്ഞു. ഒരുപക്ഷേ നിങ്ങളുടെ ദേശത്തുള്ളവരും സമാനമായ രീതിയിൽ ആയിരിക്കാം പ്രതികരിക്കുന്നത്.
മനുഷ്യവർഗത്തെ ഏകീകരിക്കാനുള്ള മതത്തിന്റെ കഴിവിൽ അനേകർക്കും കാര്യമായ വിശ്വാസം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഒരുപക്ഷേ, ചരിത്രത്തിൽനിന്ന് അവർ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം അതിനു കാരണം. മതം ആളുകളെ പരസ്‌പരം അടുപ്പിക്കുന്നതിനു പകരം മിക്കപ്പോഴും അവരെ തമ്മിൽ അടിപ്പിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ, മതത്തിന്റെ മറപിടിച്ച് ആളുകൾ അതിഭീകരമായ ഘോരകൃത്യങ്ങൾ ചെയ്‌തുകൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തെമാത്രം ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
മതത്തിന്റെ സ്വാധീനത്താൽ
രണ്ടാം ലോകയുദ്ധകാലത്ത്, ബാൾക്കൻസിലുള്ള റോമൻ കത്തോലിക്കരായ ക്രൊയേഷ്യക്കാരും ഓർത്തഡോക്‌സ്‌കാരായ സെർബിയക്കാരും കീരിയും പാമ്പും എന്നപോലെ പരസ്‌പരം പോരാടി. ഈ രണ്ടു വിഭാഗങ്ങളും, അയൽക്കാരനെ സ്‌നേഹിക്കാൻ തന്റെ അനുയായികളെ പഠിപ്പിച്ച യേശുവിനെ പിൻപറ്റുന്നുവെന്ന് അവകാശപ്പെടുന്നവരായിരുന്നു. എന്നിട്ടും അവരുടെ പോരാട്ടം, ഒരു ഗവേഷകൻ അഭിപ്രായപ്പെട്ടപ്രകാരം ‘ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പൗരജന കൂട്ടക്കൊലകളിൽ ഒന്നിനു’ വഴിവെച്ചു. 5 ലക്ഷത്തിലധികം സ്‌ത്രീപുരുഷന്മാരും കുട്ടികളും സംഹരിക്കപ്പെട്ടപ്പോൾ ലോകം ഭീതിയിലാണ്ടുപോയി.
1947-ൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ 40 കോടിയോളം—ലോകജനസംഖ്യയുടെ അഞ്ചിലൊന്നോളം—ജനങ്ങൾ ഉണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ആയിരുന്നു അതിൽ ഭൂരിപക്ഷവും. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ മുസ്ലീം രാഷ്‌ട്രമായ പാക്കിസ്ഥാൻ ജന്മമെടുത്തു. അന്നാളിൽ, മതത്തിന്റെ പേരിൽ നടന്ന തുടർച്ചയായ കൂട്ടക്കൊലകളിൽ രണ്ടു രാജ്യങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കിന് അഭയാർഥികളെ ചുട്ടെരിക്കുകയും തല്ലിച്ചതയ്‌ക്കുകയും പീഡിപ്പിക്കുകയും വെടിവെച്ചു കൊല്ലുകയും ചെയ്‌തു.
അതൊന്നും പോരാഞ്ഞിട്ടെന്നവണ്ണം, പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭീകരപ്രവർത്തനം ലോകശ്രദ്ധ പിടിച്ചെടുത്തു. അത് ഇന്നു മുഴു ലോകത്തിന്റെയും സ്വൈരം കെടുത്തിയിരിക്കുകയാണ്. അനേകം ഭീകരപ്രവർത്തക സംഘങ്ങളും തങ്ങൾക്ക് ഏതെങ്കിലും മതവുമായി
ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നു. തീർച്ചയായും, ഐക്യത്തെ ഉന്നമിപ്പിക്കുന്ന ഒരു ഘടകം ആയിട്ടല്ല ഇന്നു മതം വീക്ഷിക്കപ്പെടുന്നത്. മറിച്ച്, മിക്കപ്പോഴും അത് അക്രമത്തോടും അനൈക്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ജർമൻ വാർത്താമാസികയായ ഫോക്കുസ് ഇസ്ലാംമതം, കൺഫ്യൂഷ്യസ് മതം, ക്രൈസ്‌തവമതം, താവോമതം, ബുദ്ധമതം, യഹൂദമതം, ഹിന്ദുമതം, എന്നീ പ്രധാന ലോകമതങ്ങളെ വെടിമരുന്നിനോട് ഉപമിച്ചിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.ഉൾപ്പോരുകൾ
ചില മതങ്ങൾ പരസ്‌പരം പോരടിക്കുമ്പോൾ, മറ്റു ചിലത് ഉൾപ്പോരാട്ടങ്ങളാൽ ഉലയ്‌ക്കപ്പെടുന്നു. ഉദാഹരണത്തിന്, ഉപദേശസംബന്ധമായ കാര്യങ്ങളോടുള്ള ബന്ധത്തിൽ തുടർച്ചയായി നടക്കുന്ന വാദപ്രതിവാദങ്ങൾ നിമിത്തം സമീപവർഷങ്ങളിൽ ക്രൈസ്‌തവലോകത്തിലെ സഭകൾ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്നു. ജനനനിയന്ത്രണം അനുവദനീയമാണോ? ഭ്രൂണഹത്യ നടത്താമോ? സ്‌ത്രീകൾക്കു പൗരോഹിത്യസ്ഥാനം നൽകണമോ? സ്വവർഗരതിയെ സഭ എങ്ങനെ വീക്ഷിക്കണം? മതം യുദ്ധങ്ങളെ അനുകൂലിക്കുന്നതു ശരിയാണോ?—വൈദികരും അൽമായരും ഒന്നുപോലെ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ നിമിത്തം, ‘സ്വന്തം അംഗങ്ങളെപ്പോലും യോജിപ്പിൽ നിറുത്താൻ ഒരു മതത്തിനു കഴിയുന്നില്ലെങ്കിൽ മുഴു മനുഷ്യവർഗത്തെയും ഏകീകരിക്കാൻ അതിന് എങ്ങനെ കഴിയും’ എന്ന് അനേകരും ചോദിച്ചുപോകുന്നു.
വ്യക്തമായും ഐക്യത്തിന്റെ ഒരു പ്രേരകഘടകമായി വർത്തിക്കുന്നതിൽ മതങ്ങൾ പൊതുവേ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ എല്ലാ മതങ്ങളും വിഭജിതമാണോ? മനുഷ്യവർഗത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന വ്യത്യസ്‌തമായ ഒരു മതമുണ്ടോ?
[3-ാം പേജിലെ ചിത്രം]
1947-ൽ ഇന്ത്യയിലെ മതവിഭാഗങ്ങൾക്കിടയിൽ നടന്ന സംഘട്ടനങ്ങളിൽ പരുക്കുപറ്റിയ പോലീസുകാർ
[കടപ്പാട്]
Photo by Keystone/Getty Images