വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക

ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക

ആഫ്രിക്കയിലെ ചുട്ടുപൊള്ളുന്ന ഒരു ദിവസം. ഇടുങ്ങിയ മുറ്റത്ത്‌ ഒരു ശവപ്പെട്ടി തുറന്നുവെച്ചിരിക്കുന്നു. അനുശോചനം അറിയിക്കാനായി ആളുകൾ പരേതന്റെ അരികിലൂടെ നിരയായി നീങ്ങവേ, ഒരു വൃദ്ധൻ ജഡത്തിനരികിൽ നിൽക്കുന്നു. അയാളുടെ കണ്ണുകളിൽ ദുഃഖം അലയടിക്കുന്നുണ്ട്‌. മരിച്ചയാളുടെ മുഖത്തേക്കു കുനിഞ്ഞു നോക്കി വൃദ്ധൻ ചോദിക്കുന്നു, “നീ പോകുകയാണെന്ന്‌ എന്തേ എന്നോടു പറയാതിരുന്നത്‌? എന്നാലും നീ എന്നെ ഇങ്ങനെ വിട്ടിട്ടു പോയല്ലോ. ഇപ്പോൾ നീ തിരിച്ചുവന്നസ്ഥിതിക്ക്‌, തുടർന്നും നീ എന്നെ സഹായിക്കുമല്ലോ അല്ലേ?”

ആഫ്രിക്കയുടെ മറ്റൊരു ഭാഗത്ത്‌ ഒരു ശിശു ജനിക്കുന്നു. അതിനെ കാണാൻ ആരെയും അനുവദിക്കുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞ്‌ നാമകരണം നടത്തുന്ന ചടങ്ങിനോടനുബന്ധിച്ചു മാത്രമേ കൂഞ്ഞിനെ കാണാൻ മറ്റുള്ളവരെ അനുവദിക്കുകയുള്ളൂ.

ചില ആളുകളെ സംബന്ധിച്ചിടത്തോളം, മരിച്ച ആളോടു സംസാരിക്കുന്നതോ നവജാതശിശുവിനെ മറ്റുള്ളവർ കാണാതെ സൂക്ഷിക്കുന്നതോ ഒക്കെ വിചിത്രമായി തോന്നിയേക്കാം. എന്നാൽ ചില സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും പെട്ടവർ മരണത്തെയും ജനനത്തെയും വീക്ഷിക്കുന്ന രീതി, മരിച്ചവർ ബോധമനസ്‌കരായി ജീവിച്ചിരിക്കുന്നെന്ന വളരെ ശക്തമായ വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്‌.

ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെയുംതന്നെ ബാധിക്കുന്ന ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും ഒരു നിർണായക ഭാഗമായിരിക്കത്തക്കവണ്ണം ഈ വിശ്വാസത്തിന്‌ ആഴത്തിൽ വേരുകളുണ്ട്‌. ദൃഷ്ടാന്തത്തിന്‌, ജനനം, താരുണ്യം, വിവാഹം, സന്താനോത്‌പാദനം, മരണം എന്നിങ്ങനെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങൾ പിതൃക്കൾ വസിക്കുന്ന ആത്മലോകത്തിലേക്കുള്ള യാത്രയിലെ നാഴികക്കല്ലുകളാണെന്നു ലക്ഷക്കണക്കിന്‌ ആളുകൾ വിശ്വസിക്കുന്നു. മരിച്ച്‌ ആത്മലോകത്തിലെത്തുന്ന വ്യക്തി തുടർന്നും, താൻ പിന്നിൽ വിട്ടുപോന്നവരുടെ ജീവിതത്തിൽ സജീവമായ പങ്കുവഹിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. പുനർജന്മത്തിലൂടെ അയാൾക്കു ജീവചക്രം തുടരുകയും ചെയ്യാം.

ജീവചക്രത്തിന്റെ എല്ലാ ഘട്ടങ്ങളിലേക്കുമുള്ള പരിവർത്തനം സുഗമമായി നടക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നതിന്‌ നിരവധി ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിർവഹിക്കപ്പെടുന്നു. മനുഷ്യന്റെ ഉള്ളിലുള്ള എന്തോ ഒന്ന്‌ മരണത്തെ അതിജീവിക്കുന്നുവെന്ന വിശ്വാസത്തിലധിഷ്‌ഠിതമാണ്‌ ഈ ചടങ്ങുകളെല്ലാം. ഈ വിശ്വാസത്തോടു ബന്ധപ്പെട്ട ഏത്‌ ആചാരവും സത്യക്രിസ്‌ത്യാനികൾ ഒഴിവാക്കുന്നു. എന്തുകൊണ്ട്‌?

മരിച്ചവരുടെ അവസ്ഥ എന്ത്‌?

ബൈബിൾ മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച്‌ സുവ്യക്തമായ വിശദീകരണം നൽകുന്നു. അതു വളരെ ലളിതമായി പ്രസ്‌താവിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല . . . അവരുടെ സ്‌നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി . . . നീ ചെല്ലുന്ന പാതാളത്തിൽ [മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴി] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:⁠5, 6, 10) ദൈവത്തിന്റെ സത്യാരാധകർ ബൈബിൾ പ്രതിപാദിക്കുന്ന ഈ അടിസ്ഥാന സത്യത്തെ വളരെ നാളുകളായി മൂല്യവത്തായി കരുതിപ്പോരുന്നു. മരണത്തിങ്കൽ നശിക്കാത്തതായി യാതൊന്നും മനുഷ്യനിൽ ഇല്ലെന്ന്‌ അവർ മനസ്സിലാക്കിയിരിക്കുന്നു. മരണത്തോടെ ചിന്തകൾപോലും നശിച്ചുപോകുന്നു. (സങ്കീർത്തനം 146:⁠4) പുരാതന കാലത്ത്‌, മരിച്ചവർ ബോധത്തോടെയിരിക്കുന്നെന്നും അവർക്കു ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കാൻ കഴിയുമെന്നും ഉള്ള വിശ്വാസത്തോടു ബന്ധപ്പെട്ട ഏതൊരു ആചാരത്തിൽനിന്നും ചടങ്ങിൽനിന്നും പൂർണമായി വേർപെട്ടിരിക്കാൻ യഹോവ തന്റെ ജനത്തോടു കർശനമായി കൽപ്പിച്ചിരുന്നു.​—⁠ആവർത്തനപുസ്‌തകം 14:⁠1; 18:⁠9-13; യെശയ്യാവു 8:⁠19, 20.

സമാനമായി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും വ്യാജമത പഠിപ്പിക്കലുകളോടു ബന്ധപ്പെട്ട പാരമ്പരാഗതമായ എല്ലാ ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കിയിരുന്നു. (2 കൊരിന്ത്യർ 6:⁠15, 16) ഇന്ന്‌ യഹോവയുടെ സാക്ഷികൾ, അവരുടെ വർഗമോ ഗോത്രമോ പശ്ചാത്തലമോ എന്തുതന്നെയായിരുന്നാലും മനുഷ്യനിലുള്ള എന്തോ ഒന്ന്‌ മരണത്തെ അതിജീവിക്കുന്നുവെന്ന വ്യാജോപദേശത്തോടു ബന്ധപ്പെട്ട പാരമ്പര്യങ്ങളും ആചാരങ്ങളും പൂർണമായി ഒഴിവാക്കുന്നു.

ഒരു ആചാരം അനുഷ്‌ഠിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കുമ്പോൾ നമ്മെ നയിക്കാൻ എന്തിനു കഴിയും? ആ ആചാരത്തിന്‌ മരിച്ചവരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കുന്നു എന്നതുപോലുള്ള തിരുവെഴുത്തുവിരുദ്ധ പഠിപ്പിക്കലുകളുമായി ഉണ്ടായിരിക്കാവുന്ന ഏതു ബന്ധത്തെക്കുറിച്ചും നാം ശ്രദ്ധാപൂർവം വിലയിരുത്തണം. കൂടുതലായി, നാം അത്തരമൊരു ആചാരത്തിൽ അല്ലെങ്കിൽ ചടങ്ങിൽ പങ്കെടുക്കുന്നത്‌ യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെയും പഠിപ്പിക്കലുകളെയും കുറിച്ച്‌ അറിയാവുന്ന ആളുകൾക്ക്‌ ഇടർച്ച വരുത്തുമോ എന്നതും നാം പരിചിന്തിക്കേണ്ടതാണ്‌. ഈ ആശയങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌ രണ്ടു മേഖലകൾ നമുക്കു പരിശോധിക്കാം​—⁠ജനനവും മരണവും.

ജനനവും നാമകരണ ചടങ്ങുകളും

ശിശുജനനത്തോടു ബന്ധപ്പെട്ട പല ആചാരങ്ങളും ഉചിതമാണ്‌. എന്നാൽ പിതൃക്കളുടെ ആത്മമണ്ഡലത്തിൽനിന്നു മനുഷ്യസമുദായത്തിലേക്കുള്ള അവസ്ഥാന്തരമായി ജനനം വീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ള സത്യക്രിസ്‌ത്യാനികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഒരു പ്രത്യേക കാലയളവിനുമുമ്പ്‌ നവജാതശിശുവിനെ വീടിനു പുറത്തിറക്കുകയോ അതിനു പേരിടുകയോ ഇല്ല. ഈ കാലയളവ്‌ പ്രാദേശികമായി വ്യത്യാസപ്പെട്ടിരുന്നേക്കാം. അതു തീരുമ്പോൾ ഒരു നാമകരണച്ചടങ്ങു നടത്തുന്നു. ഈ സമയത്ത്‌ ശിശുവിനെ വീടിനു വെളിയിൽ കൊണ്ടുവന്ന്‌ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഔപചാരികമായി കാണിച്ചുകൊടുക്കുന്നു. കുഞ്ഞിന്റെ പേര്‌ കൂടിവന്നിരിക്കുന്നവരെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്യുന്നു.

ഈ ആചാരത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട്‌ ഘാന​—⁠അവിടത്തെ ആളുകളെയും അവരുടെ സംസ്‌കാരത്തെയും മനസ്സിലാക്കൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ആദ്യത്തെ ഏഴുദിവസം നവജാതശിശുവിന്റെ ‘സന്ദർശന’കാലമായാണു പരിഗണിക്കുന്നത്‌. ആത്മലോകത്തുനിന്നു ഭൗമിക ജീവനിലേക്കുള്ള പരിവർത്തനകാലമായി ഈ കാലയളവ്‌ വീക്ഷിക്കപ്പെടുന്നു . . . കുട്ടിയെ സാധാരണമായി വീടിനു പുറത്തിറക്കുന്നില്ല, കുടുംബാംഗങ്ങളല്ലാത്തവർക്കു ശിശുവിനെ കാണാൻ അനുവാദമില്ല.”

കുട്ടിക്ക്‌ ആചാരപരമായി പേരിടുന്നതിനുമുമ്പ്‌ എന്തിനാണീ കാത്തിരിപ്പ്‌? ഘാന ഇൻ റെട്രൊസ്‌പെക്‌റ്റ്‌ എന്ന പുസ്‌തകം വിശദീകരിക്കുന്നു: “എട്ടാം ദിവസത്തിനുമുമ്പ്‌ ശിശുവിനെ മനുഷ്യനായി കരുതുന്നില്ല. അതുവരെയും കുഞ്ഞ്‌ എവിടെനിന്നു വന്നോ ആ ആത്മലോകവുമായി ഏറെക്കുറെ സമ്പർക്കത്തിലാണ്‌.” പുസ്‌തകം തുടരുന്നു: “ഒരു ശിശുവിന്‌ യഥാർഥത്തിൽ മനുഷ്യത്വം നൽകുന്നത്‌ പേരായതുകൊണ്ട്‌, കുഞ്ഞ്‌ മരിച്ചുപോയേക്കുമെന്നു മാതാപിതാക്കൾക്കു തോന്നുന്നെങ്കിൽ സാധാരണഗതിയിൽ അവർ നാമകരണപ്രക്രിയ വൈകിക്കുന്നു. കുഞ്ഞ്‌ ജീവിച്ചിരിക്കുമെന്ന്‌ ഉറപ്പാകുമ്പോൾ മാത്രമേ അതു നടത്തുകയുള്ളൂ . . . അതുകൊണ്ട്‌ അവസ്ഥയിൽവരുന്ന മാറ്റവുമായി ബന്ധപ്പെട്ട ഈ ചടങ്ങ്‌​—⁠കുഞ്ഞിനെ പുറത്തേക്കുകൊണ്ടുവരൽ എന്നും ഇതിനു പേരുണ്ട്‌​—⁠കുഞ്ഞിന്റെയും മാതാപിതാക്കളുടെയും മേൽ വർധിച്ച പരിണതഫലങ്ങൾ ഉളവാക്കുന്നതായി വിശ്വസിക്കപ്പെടുന്നു. മനുഷ്യരുടെ ലോകത്തിലേക്കു ശിശുവിനെ ആനയിക്കുന്ന ചടങ്ങാണ്‌ ഇത്‌.”

മിക്കപ്പോഴും മുതിർന്ന ഒരു ബന്ധുവാണ്‌ നാമകരണച്ചടങ്ങിനു കാർമികത്വം വഹിക്കുന്നത്‌. ചടങ്ങിന്റെ വിശദാംശങ്ങൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ പൊതുവേ, ഒരു നിവേദ്യം പകരൽ, കുഞ്ഞ്‌ സുരക്ഷിതമായി എത്തിച്ചേർന്നതിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട്‌ പൂർവികാത്മാക്കളോടുള്ള പ്രാർഥന തുടങ്ങിയ അനുഷ്‌ഠാനങ്ങളാണ്‌ ഉള്ളത്‌.

കുഞ്ഞിന്റെ പേര്‌ അറിയിക്കുന്നതാണ്‌ ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. മാതാപിതാക്കളാണ്‌ തങ്ങളുടെ കുഞ്ഞിന്റെ പേരു നിശ്ചയിക്കുന്നതെങ്കിലും മിക്കപ്പോഴും മറ്റു ബന്ധുക്കൾ ഈ കാര്യത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. ചില പേരുകൾ പ്രാദേശിക ഭാഷയിൽ “പോയി തിരിച്ചുവന്നു,” “അമ്മ രണ്ടാമതും വന്നിരിക്കുന്നു,” “അച്ഛൻ വീണ്ടും വന്നിരിക്കുന്നു” എന്നിങ്ങനെ പ്രതീകാത്മക അർഥമുള്ളത്‌ ആയിരുന്നേക്കാം. മറ്റു പേരുകൾ, ശിശുവിനെ മരിച്ചവരുടെ ലോകത്തിലേക്കു തിരിച്ചെടുക്കുന്നതിൽനിന്നു പൂർവികരെ നിരുത്സാഹപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയാണ്‌.

ഒരു കുഞ്ഞിന്റെ ജനനത്തിങ്കൽ ആഹ്ലാദിക്കുന്നതിൽ യാതൊരു തെറ്റുമില്ല. മറ്റാരുടെയെങ്കിലും പേരിന്റെ അടിസ്ഥാനത്തിൽ ശിശുവിന്‌ പേരിടുന്നതും ശിശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പേരിടുന്നതും സ്വീകാര്യമായ ആചാരങ്ങളാണ്‌. കുഞ്ഞിന്‌ എപ്പോൾ പേരിടണം എന്നതും വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്‌. * എന്നിരുന്നാലും ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ, പൂർവികർ വസിക്കുന്ന ആത്മലോകത്തുനിന്നു ജീവിച്ചിരിക്കുന്നവരുടെ ലോകത്തിലേക്കു വരുന്ന “സന്ദർശകൻ” ആണ്‌ നവജാതശിശുവെന്ന വീക്ഷണത്തോടു തങ്ങൾ യോജിപ്പിലാണെന്ന പ്രതീതിയുളവാക്കാനിടയുള്ള ഏതൊരു ആചാരവും ചടങ്ങും ഒഴിവാക്കാൻ ശ്രദ്ധയുള്ളവരാണ്‌.

കൂടാതെ, സമൂഹത്തിൽ പലരും നാമകരണത്തെ പ്രധാനപ്പെട്ട ഒരു അവസ്ഥാന്തര ചടങ്ങായി വീക്ഷിക്കുന്നുവെന്നിരിക്കെ, അതു സംബന്ധിച്ച തങ്ങളുടെ നിലപാട്‌ മറ്റുള്ളവരുടെ മനസ്സാക്ഷിയെ എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ചും അത്‌ അവിശ്വാസികൾക്കു നൽകിയേക്കാവുന്ന ധാരണയെക്കുറിച്ചും ക്രിസ്‌ത്യാനികൾ ചിന്തയുള്ളവരായിരിക്കണം. ദൃഷ്ടാന്തത്തിന്‌, ഒരു ക്രിസ്‌തീയ കുടുംബം തങ്ങളുടെ നവജാതശിശുവിനെ നാമകരണച്ചടങ്ങുവരെ ആരെയും കാണിക്കാതിരിക്കുകയാണെങ്കിൽ ചിലർ എന്തു നിഗമനത്തിൽ എത്തിച്ചേർന്നേക്കാം? ബൈബിൾ സത്യം പഠിപ്പിക്കുന്നവരാണ്‌ തങ്ങളെന്ന അവകാശവാദത്തിനു കടകവിരുദ്ധമായ പേരുകളാണു നൽകുന്നതെങ്കിൽ അതുളവാക്കുന്ന ധാരണയോ?

അതുകൊണ്ട്‌ തങ്ങളുടെ കുട്ടികൾക്ക്‌ എങ്ങനെ, എപ്പോൾ പേരിടണം എന്നു തീരുമാനിക്കുമ്പോൾ ക്രിസ്‌ത്യാനികൾ, “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്യാനും ഇടർച്ചയ്‌ക്കു കാരണമാകാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കുന്നു. (1 കൊരിന്ത്യർ 10:⁠31-33) അവർ മരിച്ചവരെ ആദരിക്കാൻ ഉദ്ദേശിച്ചുള്ള ‘സമ്പ്രദായങ്ങൾ പ്രമാണിപ്പാൻ വേണ്ടി ദൈവകൽപ്പന തള്ളിക്കളയുന്നില്ല.’ മറിച്ച്‌ അവർ ജീവനുള്ള ദൈവമായ യഹോവയ്‌ക്കു ബഹുമാനവും മഹത്ത്വവും നൽകുന്നു.​—⁠മർക്കൊസ്‌ 7:⁠9, 13.

മരണത്തിൽനിന്നു ജീവനിലേക്കുള്ള മാറ്റം

ജനനംപോലെതന്നെ മരണവും ഒരു അവസ്ഥാന്തരം ആണെന്നാണ്‌ അനേകർ കരുതുന്നത്‌. മരണമടയുന്ന വ്യക്തി ദൃശ്യലോകത്തിൽനിന്നു മരിച്ചവരുടെ ആത്മാക്കളുള്ള അദൃശ്യമണ്ഡലത്തിലേക്കു പോകുന്നതായി അവർ വിശ്വസിക്കുന്നു. ഒരാളുടെ മരണത്തിങ്കൽ ചില ശവസംസ്‌കാര ചടങ്ങുകളും ആചാരങ്ങളും അനുഷ്‌ഠിച്ചില്ലെങ്കിൽ, ജീവിച്ചിരിക്കുന്നവരെ അനുഗ്രഹിക്കാനും ശിക്ഷിക്കാനും ശക്തിയുള്ളതായി കരുതപ്പെടുന്ന പൂർവികാത്മാക്കൾ രോഷാകുലരാകുമെന്നു പലരും വിശ്വസിക്കുന്നു. ശവസംസ്‌കാരം ക്രമീകരിച്ചു നടത്തുന്ന രീതിയെ ഇതു വളരെയധികം ബാധിക്കുന്നു.

മരിച്ചവരെ പ്രസാദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ശവസംസ്‌കാരച്ചടങ്ങുകൾ പലപ്പോഴും നാനാതരത്തിലുള്ള വികാരങ്ങളുടെ ഒരു വേലിയേറ്റംതന്നെ സൃഷ്ടിക്കുന്നു​—⁠ജഡത്തിന്റെ സാന്നിധ്യത്തിലുള്ള ഭ്രാന്തമായ വിലാപവും മുറവിളിയുംമുതൽ ശവസംസ്‌കാരത്തിനുശേഷമുള്ള ആഹ്ലാദഭരിതമായ ആഘോഷംവരെ. അനിയന്ത്രിതമായ തീറ്റിയും കുടിയും, കാതടപ്പിക്കുന്ന സംഗീതത്തിനൊപ്പിച്ചുള്ള നൃത്തം എന്നിവയാണ്‌ ഇത്തരം ആഘോഷങ്ങളിലെ പതിവ്‌ ഇനങ്ങൾ. കഷ്ടപ്പാടും കടവും ഉണ്ടായാലും ശരി, തീർത്തും ദരിദ്രരായ ആളുകൾപോലും “കൊള്ളാവുന്ന ഒരു സംസ്‌കാരം” നടത്താനുള്ള പണം സ്വരൂപിക്കാൻ മിക്കപ്പോഴും കഠിനശ്രമം നടത്തുന്നു. അത്രമാത്രം പ്രാധാന്യമാണ്‌ ശവസംസ്‌കാരത്തിനു കൽപ്പിക്കപ്പെടുന്നത്‌.

വർഷങ്ങളിലുടനീളം യഹോവയുടെ സാക്ഷികൾ തിരുവെഴുത്തുവിരുദ്ധമായ ശവസംസ്‌കാരച്ചടങ്ങുകളെ പൂർണമായി തുറന്നുകാട്ടിയിട്ടുണ്ട്‌. * രാത്രിമുഴുവൻ പരേതന്റെ ശവശരീരത്തിന്‌ അടുത്തിരുന്നു വിലപിക്കുകയോ മന്ത്രോച്ചാരണം നടത്തുകയോ ചെയ്യുക, നിവേദ്യങ്ങൾ പകരുക, മരിച്ചവരോടു സംസാരിക്കുകയും അവരോടു സഹായാഭ്യർഥന നടത്തുകയും ചെയ്യുക, ചരമവാർഷികം ആചാരപരമായി കൊണ്ടാടുക തുടങ്ങി വ്യക്തിയിലുള്ള എന്തോ ഒന്ന്‌ മരണത്തെ അതിജീവിക്കുന്നുവെന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ ചടങ്ങുകളും അവയിൽ ഉൾപ്പെടുന്നു. ദൈവത്തെ അനാദരിക്കുന്ന അത്തരം ആചാരങ്ങൾ “അശുദ്ധ”വും “വെറും വഞ്ചന”യും ആണ്‌. അവ ദൈവത്തിന്റെ സത്യവചനത്തിലല്ല, പകരം “മനുഷ്യരുടെ സമ്പ്രദായ”ങ്ങളിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌.​—⁠യെശയ്യാവു 52:⁠11; കൊലൊസ്സ്യർ 2:⁠8.

അനുരൂപപ്പെടാനുള്ള സമ്മർദം

പരമ്പരാഗത ആചാരങ്ങൾ ഒഴിവാക്കുക എന്നത്‌ പലരെ സംബന്ധിച്ചും ഒരു വെല്ലുവിളിയാണ്‌, മരിച്ചവരെ ബഹുമാനിക്കുന്നത്‌ അങ്ങേയറ്റം പ്രധാനമായി കരുതുന്ന പ്രദേശങ്ങളിൽ വിശേഷിച്ച്‌. അത്തരം ആചാരങ്ങൾ അനുവർത്തിക്കാത്തതിനാൽ യഹോവയുടെ സാക്ഷികളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും സാമൂഹികവിരുദ്ധർ, മരണമടഞ്ഞവരോട്‌ ആദരവില്ലാത്തവർ എന്നിങ്ങനെ മുദ്രകുത്തുകയും ചെയ്‌തിരിക്കുന്നു. തിരുവെഴുത്തു സത്യം സംബന്ധിച്ച ശരിയായ ഗ്രാഹ്യമുണ്ടായിരുന്നിട്ടും ചില ക്രിസ്‌ത്യാനികൾ വിമർശനവും ശക്തമായ സമ്മർദവും നിമിത്തം വ്യത്യസ്‌തരായി നിലകൊള്ളുന്നതിൽ ഭയപ്പാടു കാണിച്ചിട്ടുണ്ട്‌. (1 പത്രൊസ്‌ 3:⁠14) ഈ ആചാരങ്ങൾ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായതിനാൽ പൂർണമായും അവ ഒഴിവാക്കാൻ സാധിക്കില്ലെന്ന്‌ മറ്റുചിലർക്കു തോന്നിയിരിക്കുന്നു. ഇനി വേറെ ചിലരാകട്ടെ, ആചാരങ്ങൾ അനുഷ്‌ഠിക്കാൻ വിസമ്മതിക്കുന്നത്‌ ദൈവജനത്തെ സമൂഹം മുൻവിധിയോടെ കാണാൻ ഇടയാക്കുമെന്നു ന്യായവാദം ചെയ്യുന്നു.

മറ്റുള്ളവരെ അനാവശ്യമായി വ്രണപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല. എങ്കിലും, സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കുന്നത്‌ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട ലോകത്തിന്റെ അപ്രീതിക്കു വഴിതെളിക്കുമെന്ന്‌ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (യോഹന്നാൻ 15:⁠18, 19; 2 തിമൊഥെയൊസ്‌ 3:⁠12; 1 യോഹന്നാൻ 5:⁠19) ആത്മീയ അന്ധകാരത്തിലായിരിക്കുന്ന ആളുകളിൽനിന്നു വ്യത്യസ്‌തരായിരിക്കണമെന്ന തിരിച്ചറിവോടെ നാം സ്വമനസ്സാലെ സത്യത്തിന്റെ പക്ഷത്ത്‌ ഉറച്ചുനിൽക്കുന്നു. (മലാഖി 3:⁠18; ഗലാത്യർ 6:⁠12) ദൈവത്തെ അപ്രീതിപ്പെടുത്തുംവിധം പ്രവർത്തിക്കാനുള്ള സാത്താന്റെ പ്രലോഭനങ്ങളെ യേശു ചെറുത്തതുപോലെ, നാമും ദൈവത്തിന്‌ അപ്രീതിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദത്തെ ചെറുക്കുന്നു. (മത്തായി 4:⁠3-7) മാനുഷഭയത്താൽ സ്വാധീനിക്കപ്പെടാതെ, യഹോവയെ പ്രീതിപ്പെടുത്താനും സത്യത്തിന്റെ ദൈവമെന്നനിലയിൽ അവനെ ബഹുമാനിക്കാനും ആണ്‌ സത്യക്രിസ്‌ത്യാനികൾ മുഖ്യമായും ശ്രദ്ധവെക്കുന്നത്‌. മറ്റുള്ളവരിൽനിന്നുള്ള സമ്മർദം നിമിത്തം നിർമലാരാധന സംബന്ധിച്ച തിരുവെഴുത്തു നിലവാരങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയ്‌ക്കു വഴങ്ങാതിരുന്നുകൊണ്ടാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌.​—⁠സദൃശവാക്യങ്ങൾ 29:⁠25; പ്രവൃത്തികൾ 5:⁠29.

മരിച്ചവരെ വീക്ഷിക്കുന്ന വിധത്താൽ യഹോവയെ ബഹുമാനിക്കൽ

നാം സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ ആഴമായ വൈകാരിക ക്ലേശവും ദുഃഖവും ഉണ്ടാകുന്നതു സ്വാഭാവികംമാത്രം. (യോഹന്നാൻ 11:⁠33, 35) പ്രിയപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ താലോലിക്കുന്നതും മാന്യമായ ശവസംസ്‌കാരം നടത്തുന്നതും ഉചിതവും അനുയോജ്യവുമായ സ്‌നേഹപ്രകടനങ്ങൾതന്നെ. എന്നാൽ യഹോവയുടെ സാക്ഷികൾ, ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ഏതെങ്കിലും പരമ്പരാഗത ആചാരങ്ങളിൽ ഏർപ്പെടാതെതന്നെ മരണം നിമിത്തമുള്ള കടുത്ത ദുഃഖം സഹിക്കുന്നു. മരിച്ചവരെക്കുറിച്ചുള്ള ഭയം ശക്തമായിട്ടുള്ള സംസ്‌കാരങ്ങളിൽനിന്നു വന്നിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം ഇത്‌ അത്ര എളുപ്പമല്ല. അടുപ്പമുള്ള ഒരാളുടെ മരണം നിമിത്തമുള്ള വൈകാരിക വേദനയനുഭവിക്കുമ്പോൾ സമനില പാലിക്കുക ദുഷ്‌കരമായിരുന്നേക്കാം. എന്നിരുന്നാലും വിശ്വസ്‌ത ക്രിസ്‌ത്യാനികൾ “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”മായ യഹോവയാൽ ശക്തീകരിക്കപ്പെടുകയും സഹവിശ്വാസികളുടെ സ്‌നേഹപൂർവകമായ പിന്തുണയിൽനിന്നു പ്രയോജനം നേടുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 1:⁠3, 4) ദൈവത്തിന്റെ സ്‌മരണയിലുള്ള, അബോധാവസ്ഥയിലായിരിക്കുന്ന മരിച്ചവർ ഒരുനാൾ വീണ്ടും ജീവിക്കുമെന്ന ശക്തമായ വിശ്വാസം, പുനരുത്ഥാനത്തിന്റെ സത്യതയെ നിഷേധിക്കുന്ന അക്രിസ്‌തീയമായ ശവസംസ്‌കാരച്ചടങ്ങുകളിൽനിന്നു പൂർണമായി വേറിട്ടുനിൽക്കാൻ സത്യക്രിസ്‌ത്യാനികൾക്കു സകല കാരണങ്ങളും നൽകുന്നു.

“അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു” യഹോവ നമ്മെ വിളിച്ചിരിക്കുന്നതിനാൽ നാം പുളകിതരല്ലേ? (1 പത്രൊസ്‌ 2:⁠9) ജനനത്തിന്റെ സന്തോഷം അനുഭവിക്കുകയും മരണത്തിന്റെ ദുഃഖം സഹിക്കുകയും ചെയ്യവേ, ശരിയായതു ചെയ്യാനുള്ള നമ്മുടെ ശക്തമായ ആഗ്രഹവും യഹോവയോടുള്ള നമ്മുടെ ആഴമായ സ്‌നേഹവും ‘വെളിച്ചത്തിലുള്ളവരായി നടക്കാൻ’ നമ്മെ എല്ലായ്‌പോഴും പ്രചോദിപ്പിക്കുമാറാകട്ടെ. ആത്മീയമായി നമ്മെ മലിനപ്പെടുത്താൻ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന, അക്രിസ്‌തീയ ആചാരങ്ങളെ ഒരിക്കലും നമുക്ക്‌ അനുവദിക്കാതിരിക്കാം.—എഫെസ്യർ 5:⁠8, 9.

[അടിക്കുറിപ്പുകൾ]

^ ഖ. 17 ചില പ്രദേശങ്ങളിൽ ജനനം ഇത്ര ദിവസത്തിനകം രജിസ്റ്റർ ചെയ്‌തിരിക്കണമെന്നു നിയമമുള്ളതുകൊണ്ട്‌ അതിനുമുമ്പ്‌ കുട്ടിക്കു പേരിടേണ്ടതായിവരും.

^ ഖ. 23 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുവോ?, നിത്യജീവനിലേക്കുള്ള പാത​—⁠നിങ്ങൾ അതു കണ്ടെത്തിയിരിക്കുന്നുവോ? എന്നീ ഇംഗ്ലീഷ്‌ ലഘുപത്രികകൾ കാണുക.